Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 11

3121

1441 സഫര്‍ 11

കത്തുന്ന ഭൂമിയിലെ നാളെയുടെ റാന്തല്‍നാളം

യാസീന്‍ വാണിയക്കാട്

ഗ്രെറ്റ തുന്‍ബര്‍ഗ് ഇന്നൊരു പേര് മാത്രമല്ല; ഒരു സമരകാഹളം കൂടിയാണ്. തലമുറകളിലേക്ക്, അതിജീവനം സ്വപ്‌നം കാണുന്ന ഭാവിജീവിതങ്ങളിലേക്ക് പറിച്ചുനടേണ്ട നിതാന്ത ജാഗ്രതയാണത്. ആഗോള താപനത്തെയും കാലാവസ്ഥാ വ്യതിയാനങ്ങളെയും അതിസൂക്ഷ്മമായി നോക്കിക്കാണുകയും പരിഹാരങ്ങള്‍ക്കു വേണ്ടി യാതൊരു ഒത്തുതീര്‍പ്പിനുമടിപ്പെടാതെ കലഹിക്കുകയും ചെയ്യുന്ന വിപ്ലവത്തുടിപ്പാണത്. 
പഠിപ്പുമുടക്ക് നാം കണ്ടുശീലിച്ച സമരമുറയാണ്. എന്നാല്‍, പഠിപ്പുമുടക്ക് ലോകത്തിന് മഹത്തായ പാഠമായി മാറുന്നതെങ്ങനെയെന്ന് ഈ കൊച്ചു മിടുക്കിയുടെ കലഹം ബോധ്യപ്പെടുത്തുന്നു. പ്രകൃതിയെ നോവിച്ച് മുന്നോട്ടു പായുന്ന മനുഷ്യന്റെ ജീവിതപാഠങ്ങള്‍ക്ക് പുതിയൊരു പാഠഭേദം അനിവാര്യമാണെന്ന് അടിവരയിടുന്നുണ്ട് ആ സമരം. പ്രകൃതിയെ പ്രണയിക്കാതെ, യഥാവിധി പരിചരിക്കാതെയുള്ള മനുഷ്യവര്‍ഗത്തിന്റെ പ്രയാണം ശോഭനമായ ജീവിതപാതയിലേക്കല്ല; നാശഗര്‍ത്തങ്ങളിലേക്കാണ് ആപതിക്കുക. അതില്‍നിന്ന് പിന്നീട് കരകയറുക ദുഷ്‌കരവുമാണ്.
എല്ലാ വെള്ളിയാഴ്ചകളിലും പഠിപ്പുമുടക്കി സ്വീഡിഷ് പാര്‍ലമെന്റിനു മുന്നില്‍ സമരത്തിന് നാന്ദി കുറിക്കുമ്പോള്‍ തുന്‍ബെര്‍ഗിന്റെ പ്രായം പതിനഞ്ച്. പഠനം കൊണ്ട് അറിവിന്റെ മഹാസാഗരങ്ങളിലേക്ക് ഊളിയിടേണ്ട പ്രായം. പ്രകൃതിയുടെ നിലവിളിയും രോദനവും ആ കുഞ്ഞുമനസ്സിനെ അത്രമേല്‍ പൊള്ളിച്ചിട്ടുണ്ടാകണം. കാലാവസ്ഥാ സന്തുലിതാവസ്ഥക്കു വേണ്ടി ദാഹിക്കുന്ന സമരത്തോട് ഐക്യപ്പെടാതിരിക്കാന്‍ ഒരാള്‍ക്കും കഴിയില്ല. അതുകൊണ്ടാണല്ലോ 137 രാജ്യങ്ങളിലേക്ക് പഠിപ്പുമുടക്ക് സമരത്തിന്റെ വേരോട്ടമുായത്. ഇങ്ങ് കേരളത്തിലും അതിന്റെ അനുരണനങ്ങള്‍ കാണാനാവുന്നുണ്ട്. ആഗോള കാലാവസ്ഥാ സമരത്തിന്റെ ഭാഗമായി മണ്ണുത്തിയിലെ കാര്‍ഷിക സര്‍വകലാശാലയിലെ കാലാവസ്ഥാ പഠന-ഗവേഷണ അങ്കണത്തില്‍ നടന്ന സമരത്തില്‍ നൂറുകണക്കിന് വിദ്യാര്‍ഥികളാണ് മനുഷ്യച്ചങ്ങല തീര്‍ത്തത്.
സ്വീഡനില്‍നിന്നാണ് ഈ സമരത്തിന്റെ പിറവി. ഗ്രെറ്റ തുന്‍ബര്‍ഗിന്റെ പച്ചപുതച്ചുനില്‍ക്കുന്ന ചിന്തകളില്‍നിന്നാണ് ഇതിന്റെ വ്യാപനം. വിഷലിപ്തവും അസന്തുലിതവുമായ സമകാലിക കാലാവസ്ഥാ സാഹചര്യത്തില്‍ ഇത്തരം സമരകാഹളങ്ങള്‍ ഉയര്‍ന്നുവരേണ്ടത് കാലത്തിന്റെ ഒരു അനിവാര്യതയാണ്. സ്വീഡനിലെ ക്ലാസ് മുറിയും ഗ്രെറ്റ തുന്‍ബര്‍ഗ് എന്ന വിദ്യാര്‍ഥിനിയും അതിന് നിമിത്തമായി എന്നു മാത്രം. പരിഹാസങ്ങള്‍ക്കും പുഛത്തിനും അടിപ്പെടാതെ ഈ കലഹം കൊണ്ട് ലോകത്തെ കണ്ണ് തുറപ്പിക്കാന്‍ സാധിക്കുമെന്ന നിശ്ചയദാര്‍ഢ്യമായിരുന്നു സ്‌കൂള്‍ ക്ലൈമറ്റ് സ്‌ട്രൈക്ക് പ്രസ്ഥാനത്തിന്റെ (School Climate Strike Movement) കൈമുതല്‍. പുര കത്തുമ്പോള്‍ അടങ്ങിയിരിക്കാനാവില്ലെന്ന് അവര്‍ ഓര്‍മപ്പെടുത്തുന്നത് നമുക്കു വേണ്ടിയാണ്, ഭാവിതലമുറക്കു വേണ്ടിയാണ്. ഇനിയും മൗനം പാലിച്ചാല്‍ കത്തുന്ന പുരയോടൊപ്പം നമ്മുടെ നിലവിളിയും സ്വപ്‌നങ്ങളും വെന്തു ചാരമാകും.
ലോകപ്രശസ്തിയിലേക്കുള്ള ഗ്രെറ്റയുടെ വളര്‍ച്ച അവളുടെ വളര്‍ച്ചയായി മാത്രം പരിമിതപ്പെടുത്താന്‍ കഴിയില്ല; അവള്‍ ലോകത്തോട് പങ്കുവെച്ച ലക്ഷ്യത്തിന്റെ മാഹാത്മ്യം കൂടിയാണത്. ഈ വര്‍ഷം മെയ് മാസത്തില്‍ ടൈം മാഗസിന്റെ പുറംചട്ടയില്‍ 'ഭാവിതലമുറയുടെ നേതാവ്' എന്ന ടൈറ്റിലില്‍ അവള്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. Make the World Great Again എന്ന പേരില്‍ മുപ്പത് മിനിറ്റ് നീണ്ടു നില്‍ക്കുന്ന ഡോക്യുമെന്ററിയില്‍ തുന്‍ബെര്‍ഗും സ്‌കൂള്‍ ക്ലൈമറ്റ് സ്‌ട്രൈക്ക് പ്രസ്ഥാനവും പ്രത്യക്ഷപ്പെട്ടിരുന്നു. ആഗോള താപനത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും യു.എന്‍, യൂറോപ്യന്‍ യൂനിയന്‍, ലോക സാമ്പത്തിക ഫോറം എന്നീ വേദികളില്‍ അവതരിപ്പിച്ചതും എഴുതിത്തയാറാക്കിയതുമായ പതിനൊന്നു പ്രഭാഷണങ്ങളുടെ ശേഖരമായ ‘No One Is Too Small To Make a Difference' എന്ന പുസ്തകവും ഈ വര്‍ഷം പ്രകാശിതമാവുകയുണ്ടായി.  
പുതുതലമുറക്കു വേണ്ടി യുവതലമുറക്ക് പലതും ചെയ്യാനുണ്ട്. പ്രളയവും വരള്‍ച്ചയും ഭൂമിയിലെ ഓരോ തുടിപ്പിനെയും വിഴുങ്ങാന്‍ വാപിളര്‍ത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും. താപനത്താല്‍ കത്തിക്കൊണ്ടിരിക്കുന്ന പുരയില്‍ നാളെയുടെ റാന്തല്‍ വെളിച്ചമാകാന്‍ യുവതക്ക് സാധിക്കും. അതിനുവേണ്ടി നാം സമരകാഹളം മുഴക്കിയേ മതിയാകൂ. അതിന് പ്രചോദനമാണ് തുന്‍ബര്‍ഗ്.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (27-29)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഒറ്റക്കായിപ്പോവുമ്പോള്‍ സൂക്ഷിക്കേണ്ടത്
സഫ കെ. വാണിയമ്പലം, അല്‍ജാമിഅ ശാന്തപുരം