Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 11

3121

1441 സഫര്‍ 11

എപ്പോഴും സത്യത്തോടൊപ്പം

ഇസ്വ്മത് അത്‌രീസ്

കഴിഞ്ഞ 55 വര്‍ഷമായി എനിക്ക് മുസ്ത്വഫാ ത്വഹ്ഹാനെ അറിയാം; 1965-ല്‍ കുവൈത്തിലെ പെട്രോളിയം മന്ത്രാലയത്തില്‍ ഞങ്ങള്‍ ഒരുമിച്ച് ജോലി ചെയ്യാന്‍ തുടങ്ങിയത് മുതല്‍. മൂന്നര പതിറ്റാണ്ടിലധികമായി അദ്ദേഹത്തിന്റെ സന്തത സഹചാരിയുമായിരുന്നു ഞാന്‍ (1965 മുതല്‍ 1986 വരെയും പിന്നെ 2001 മുതല്‍ 2016 വരെയും). തന്റെ ചില സുഹൃത്തുക്കളുമായി ചേര്‍ന്ന് 1969-ല്‍ അദ്ദേഹം 'ഇഫ്‌സോ'ക്ക് രൂപം നല്‍കിയ കാലം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇസ്‌ലാമിക വിദ്യാര്‍ഥി സംഘടനകളുടെ ഒരു ഐക്യവേദിയായിരുന്നു അത്. ഇതിന്റെ സംഘാടനത്തില്‍ കഴിയുന്ന സഹായങ്ങളൊക്കെ ഞാന്‍ ചെയ്തുകൊണ്ടിരുന്നു. ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം പെട്രോളിയം മന്ത്രാലയത്തിലെ ജോലി രാജിവെച്ച് മുഴുസമയ ഇസ്‌ലാമിക പ്രവര്‍ത്തകനായി. 'താങ്കളുടെ സേവനം മുഴുസമയം എനിക്കാവശ്യമാണെങ്കില്‍ താങ്കള്‍ രാജിവെക്കുമോ' എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. രാജിവെക്കാമെന്ന് ഞാന്‍ പറഞ്ഞു. പിന്നെ വളരെ സന്തോഷത്തോടെ അദ്ദേഹത്തോടൊപ്പം ചേര്‍ന്നു.
ഒരു ചെറിയ ഓഫീസില്‍നിന്നായിരുന്നു തുടക്കം. ഇഫ്‌സോയുടെ നിര്‍വാഹക സമിതി ചില പുസ്തകങ്ങള്‍ രചിക്കാന്‍ തീരുമാനമെടുക്കുന്നു. വേറെ ചില പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനായി തെരഞ്ഞെടുക്കുന്നു. പിന്നെ ഈ പുസ്തകങ്ങള്‍ പ്രിന്റ് ചെയ്ത് ലോകം മുഴുവന്‍ എത്തിക്കുന്നു. പിന്നെ അവ പരിഭാഷപ്പെടുത്താനായി ആളുകളെ തെരഞ്ഞെടുക്കുന്നു. ഇങ്ങനെ ഞങ്ങള്‍ എഴുപത് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. അവ നൂറ് ഭാഷകളിലേക്കെങ്കിലും പരിഭാഷപ്പെടുത്തി. ഇതിനൊക്കെ സാമ്പത്തികവും മറ്റുമായ സഹായങ്ങള്‍ നല്‍കിയിരുന്നത് കുവൈത്തിലെ ഉദാരമതിയായ അബൂബദ്ര്‍ (അബ്ദുല്ല അല്‍ മുത്വവ്വ) ആയിരുന്നു. പണികളെല്ലാം വളരെ പെട്ടെന്ന് പൂര്‍ത്തീകരിക്കപ്പെട്ടുകൊണ്ടിരുന്നു. വൈകാതെ സ്വന്തം കാലില്‍തന്നെ നില്‍ക്കാമെന്നായി. പിന്നെയാണ് 1989-ല്‍ വിദ്യാര്‍ഥി സംഘടനകളുടെ ഫെഡറേഷനായ SOU-വിന് രൂപം നല്‍കുന്നത്. ജീവിതാവസാനം വരെ അതിന്റെ സെക്രട്ടറി ജനറലായി തുടരുകയും ചെയ്തു.
പിന്നെ അദ്ദേഹം ലോകസഞ്ചാരം ആരംഭിച്ചു. പുസ്തകങ്ങളുടെ രചനയും പ്രസാധനവും വിതരണവും തന്നെ പ്രധാനം. തെക്കുകിഴക്കനേഷ്യയിലെയും ആഫ്രിക്കയിലെയും യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും മുസ്‌ലിംകളെ ഒരേ പുസ്തകങ്ങള്‍ വായിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. ദൈവിക മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശയപ്പൊരുത്തമായിരുന്നു അതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത്.
ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച വര്‍ഷങ്ങളെക്കുറിച്ച് പറയുകയാണെങ്കില്‍, ഒരു ശാസന പോയിട്ട് അഹിതകരമായ ഒരു വാക്കും എനിക്ക് കേള്‍ക്കേണ്ടിവന്നിട്ടില്ല. എന്തുകൊണ്ട് ഇങ്ങനെ ചെയ്തു/ ചെയ്തില്ല എന്നു പോലും ചോദിച്ചിട്ടില്ല. ആര് ചോദിച്ചു വന്നാലും തനിക്ക് ചെയ്യാന്‍ കഴിയുന്ന ഒരു സഹായവും അദ്ദേഹം ചെയ്യാതിരുന്നിട്ടില്ല. തനിക്ക് ചെയ്യാന്‍ കഴിയില്ലെങ്കില്‍ മറ്റുള്ളവരോട് ഇദ്ദേഹത്തെ സഹായിക്കണമെന്ന് ശിപാര്‍ശ ചെയ്യും.
ഒരുപാട് പേരുമായി അദ്ദേഹത്തിന് വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, മുന്‍ തുര്‍ക്കി പ്രധാനമന്ത്രി നജ്മുദ്ദീന്‍ അര്‍ബകാന്‍, മുന്‍ പാക് പ്രസിഡന്റ് സിയാഉല്‍ ഹഖ്, പുറത്താക്കപ്പെട്ട ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഡോ. മുഹമ്മദ് മുര്‍സി, മുന്‍ ബോസ്‌നിയന്‍ പ്രസിഡന്റ് അലീജാ ഇസ്സത്ത് ബെഗോവിച്ച്, ഫലസ്ത്വീന്‍ നേതാവ് യാസിര്‍ അറഫാത്ത്, മുന്‍ സുഡാന്‍ പ്രസിഡന്റ് സിവാറുദ്ദഹബ്, ഗസ്സ പ്രധാനമന്ത്രിയായിരുന്ന ഇസ്മാഈല്‍ ഹനിയ്യ തുടങ്ങി വളരെപ്പേര്‍ അദ്ദേഹത്തിന്റെ അടുപ്പക്കാരില്‍ ഉണ്ടായിരുന്നു. ഇസ്‌ലാമിക പ്രസ്ഥാന നായകരില്‍ ഉമര്‍ തിലിംസാനി, മുസ്ത്വഫ മശ്ഹൂര്‍, മുഹമ്മദ് മഹ്ദി ആകിഫ്, മുഹമ്മദ് ബദീഅ് (ഈജിപ്ത്), ഖാദി ഹുസൈന്‍ (പാകിസ്താന്‍), മഹ്ഫൂള് നഹ്‌നാഹ്, മുഹമ്മദ് ബൂസുലൈമാന്‍ (അള്‍ജീരിയ), അബ്ദുല്ല അലി അല്‍ മുത്വവ്വ (കുവൈത്ത്), അബ്ദുര്‍റഹ്മാന്‍ ഖലീഫ (ജോര്‍ദാന്‍) തുടങ്ങിയവരും.
മുസ്ത്വഫ ത്വഹ്ഹാന്‍ ചിന്തകനായിരുന്നു, നേതാവായിരുന്നു, ഹൃദയങ്ങളെ ഇണക്കുന്നവനായിരുന്നു, ഐക്യത്തിന്റെ സന്ദേശവാഹകനായിരുന്നു. ഒരു നിലക്കുള്ള ഛിദ്രതയും ശൈഥില്യവും അദ്ദേഹത്തിന് സഹിക്കാനാവുമായിരുന്നില്ല. പ്രവര്‍ത്തനങ്ങള്‍ വളരെ വ്യവസ്ഥാപിതവും ശാസ്ത്രീയവുമാക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. പുതിയ പുതിയ ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിലായിരുന്നു അദ്ദേഹത്തിന് താല്‍പര്യം.
ഇസ്‌ലാമിക പ്രസ്ഥാന നായകരുടെ കഴിവുകളെയും സേവനങ്ങളെയും വിലയിരുത്തുന്ന അദ്ദേഹത്തിന്റെ ഒരു പുസ്തകമുണ്ട്. 'ലിഖാആതുന്‍ വമവാഖിഫ് മഅ ശഖ്‌സ്വിയ്യാത്ത് ഇസ്‌ലാമിയ്യ ആയശ്തുഹാ' (ഞാന്‍ ഇടപഴകിയ ഇസ്‌ലാമിക വ്യക്തിത്വങ്ങള്‍: അവരുമായുള്ള അഭിമുഖങ്ങള്‍, നിലപാടുകള്‍) എന്ന പേരില്‍. അതില്‍ മുസ്ത്വഫ മശ്ഹൂറിനെക്കുറിച്ച് ഇങ്ങനെയൊരു പരാമര്‍ശമുണ്ട്: ''ഈജിപ്തില്‍ ഇഖ്‌വാന്റെ ചുമതല മുസ്ത്വഫാ മശ്ഹൂര്‍ ഏറ്റെടുത്തപ്പോള്‍, സംഘടനക്ക് വ്യക്തമായ ലക്ഷ്യം അദ്ദേഹം നിര്‍ണയിക്കുകയുണ്ടായി. അത് സാക്ഷാത്കരിക്കുന്നതിന് നിരന്തരം യത്‌നിക്കുകയും ചെയ്തു. വിവിധ കക്ഷികളുമായി അദ്ദേഹം രാഷ്ട്രീയ സഖ്യങ്ങളുണ്ടാക്കി. പാര്‍ലമെന്റിലേക്കും മറ്റു പ്രാതിനിധ്യ ബോഡികളിലേക്കും മത്സരിച്ചു. വലിയ വിജയവും നേടി. അദ്ദേഹം നേതാവായിരിക്കുമ്പോഴാണ് ഇഖ്‌വാന്‍ ഈജിപ്ഷ്യന്‍ പാര്‍ലമെന്റില്‍ മുഖ്യ പ്രതിപക്ഷമായത്. സംഘടനയെ ഒതുക്കാനും നിഷ്പ്രഭമാക്കാനുമുള്ള എതിരാളികളുടെ എല്ലാ ശ്രമങ്ങളെയും അദ്ദേഹം ചെറുത്തുതോല്‍പിക്കുകയും ചെയ്തു.... സ്റ്റേറ്റുമായി ഏറ്റുമുട്ടാതിരിക്കാന്‍ അദ്ദേഹം പരമാവധി ജാഗ്രത പാലിച്ചിരുന്നു. സുരക്ഷാ ഏജന്‍സികളുടെ സകല പ്രകോപനങ്ങളെയും അതിരുകവിച്ചിലുകളെയും സമചിത്തതയോടെ നേരിട്ടു. രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്, ഇതായിരുന്നു ഇഖ്‌വാന്റെ മികച്ച സമയം എന്നാണ്. ഈ കാലയളവില്‍ ഇഖ്‌വാനെ ഒരിക്കലും രാഷ്ട്രീയമായി അരികിലേക്ക് തള്ളിമാറ്റാന്‍ കഴിഞ്ഞിരുന്നില്ല.''
'യമനിലെ ഇസ്‌ലാമിക പ്രസ്ഥാനം' എന്ന തന്റെ മറ്റൊരു കൃതിയില്‍ അദ്ദേഹം ഇങ്ങനെ കുറിക്കുന്നു: ''യമന്‍ സംഭവങ്ങളില്‍നിന്ന് നാം പഠിക്കേണ്ട രണ്ടാമത്തെ പാഠം, അട്ടിമറികള്‍ തിന്മ മാത്രമാണ് എന്നതാണ്. പരിവര്‍ത്തനത്തിനുള്ള യഥാര്‍ഥവും അനുയോജ്യവുമായ മാര്‍ഗമല്ല അത്. അട്ടിമറി അമേരിക്ക തങ്ങളുടെ താല്‍പര്യസംരക്ഷണത്തിനു വേണ്ടി സംഘടിപ്പിക്കുന്നതാണ്. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പങ്കാളികളായ എല്ലാ അട്ടിമറികളും, 1952-ല്‍ ഈജിപ്തില്‍ നടന്നതായാലും 1948-ല്‍ യമനില്‍ നടന്നതായാലും, അവ പരാജയപ്പെട്ട ശ്രമങ്ങളായിരുന്നു. ആ അട്ടിമറികള്‍ അവയുടെ ആളുകളെ തിരിഞ്ഞു കൊത്തുകയാണുണ്ടായത്. ഈ രണ്ട് അട്ടിമറികളിലും പങ്കാളികളായതിന് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് വലിയ വില കൊടുക്കേണ്ടിവന്നിട്ടുണ്ട്.''

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (27-29)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഒറ്റക്കായിപ്പോവുമ്പോള്‍ സൂക്ഷിക്കേണ്ടത്
സഫ കെ. വാണിയമ്പലം, അല്‍ജാമിഅ ശാന്തപുരം