Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 11

3121

1441 സഫര്‍ 11

ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ കേരളീയ മുന്‍ഗണനകള്‍

എം.ഐ അബ്ദുല്‍ അസീസ് / കെ. നജാത്തുല്ല

(ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ  പുതിയ ചതുര്‍വര്‍ഷ പ്രവര്‍ത്തന കാലയളവില്‍ കേരളത്തില്‍ നടത്താനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയാണ് കേരള അധ്യക്ഷന്‍ എം.ഐ അബ്ദുല്‍ അസീസ്)

***********************

ജമാഅത്തെ ഇസ്ലാമി പുതിയൊരു പ്രവര്‍ത്തന കാലയളവിലേക്ക് പ്രവേശിച്ചിരിക്കുകയാണല്ലോ. സ്വയം ഒരു പ്രബോധക സംഘമെന്ന് വിശേഷിപ്പിക്കാറുള്ള സംഘടന പുതിയ സാഹചര്യത്തില്‍ ഈ രംഗത്ത് എന്തെല്ലാം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്?

വളരെ സങ്കീര്‍ണമായ സാഹചര്യമാണ് ലോകതലത്തില്‍ തന്നെ നിലനില്‍ക്കുന്നത്. ലോകം മുഴുവന്‍ കൈപ്പിടിയിലൊതുക്കാനുള്ള ആഗോള മുതലാളിത്തത്തിന്റെ ശ്രമം ഇപ്പോഴും തുടരുകയാണ്. സ്വതന്ത്ര പരമാധികാര രാജ്യങ്ങളെ ചൊല്‍പ്പടിക്കു നിര്‍ത്താവുന്ന വിധത്തിലുള്ള സൈനിക വിന്യാസങ്ങളും കടന്നാക്രമണങ്ങളും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. മറുവശത്ത്, രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ വരെ ഇടപെടാവുന്ന വിധത്തിലുള്ള സാമ്പത്തിക, രാഷ്ട്രീയ നീക്കങ്ങളും സജീവമാണ്. സാംസ്‌കാരികമായി ലോകജനതയെ അടിമകളാക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. സാമ്രാജ്യത്വം തങ്ങളുടെ താല്‍പര്യങ്ങള്‍ നടപ്പിലാക്കുന്നതിനു വേണ്ടി വളം നല്‍കിക്കൊണ്ടിരിക്കുന്ന വംശീയത ശക്തിപ്പെട്ടുവരുന്നു.  വംശീയതയാകട്ടെ, നമ്മുടെ രാജ്യത്തും പടരുകയാണ്. ദലിത്-മുസ്‌ലിം വിഭാഗങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നു. യഥാര്‍ഥത്തില്‍ രാജ്യത്തിനും രാജ്യനിവാസികള്‍ക്കും സമാധാനവും ആഹ്ലാദവും പ്രദാനം ചെയ്യുന്ന ദര്‍ശനമാണ് ഇസ്ലാം. ഇസ്ലാമിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് വ്യക്തി, സാമൂഹിക, രാഷ്ട്രീയ ജീവിതത്തെ കെട്ടിപ്പടുക്കാന്‍ സന്നദ്ധമായാല്‍ നാം അനുഭവിക്കുന്ന എല്ലാ സങ്കീര്‍ണതകള്‍ക്കും അത് പരിഹാരമാണ്. മരണാനന്തരം ശാശ്വതവും ആനന്ദകരവുമായ ജീവിതം അത് സമ്മാനിക്കുകയും ചെയ്യും. പക്ഷേ അത്തരമൊരു ഇസ്ലാമിനെ കുറിച്ച് രാഷ്ട്രനേതാക്കളും സമൂഹവും അജ്ഞരാണ്. വളരെ തെറ്റായ ധാരണകളാണ് അവര്‍ക്കുള്ളത്. അതുകൊണ്ടുതന്നെ ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന പ്രബോധന പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമിക പ്രസ്ഥാനം പൂര്‍വാധികം ശക്തിപ്പെടുത്തും. 

എന്തെല്ലാം പ്രവര്‍ത്തനപദ്ധതികളാണ് ഇതിന് സംഘടന ആവിഷ്‌കരിക്കുന്നത്?

പ്രാഥമികമായി എല്ലാ വിഭാഗം ജനവിഭാഗങ്ങളുമായി തികഞ്ഞ മാനുഷികബന്ധം  സ്ഥാപിക്കുകയാണ് ഇസ്ലാമിനെക്കുറിച്ച തെറ്റിദ്ധാരണകളകറ്റാനുള്ള വഴി. ഊഷ്മളമായ ഇഴയടുപ്പങ്ങള്‍ വംശീയ, വര്‍ഗീയ ചേരിതിരിവുകള്‍ക്കെതിരെയുള്ള ശക്തമായ പ്രതിരോധവുമാണ്. തീവ്രവാദം, ഭീകരവാദം തുടങ്ങിയവുമായി ഇസ്ലാമിനെ ബന്ധപ്പെടുത്തിയുള്ള തെറ്റായ പ്രചാരണങ്ങള്‍ക്ക് ആധിപത്യം ലഭിച്ച കാലമാണിത്. ഇത്തരം വിഷയങ്ങളിലും സ്ത്രീകളുടെ പദവി തുടങ്ങിയ കാര്യങ്ങളിലും ശക്തമായ ബോധവല്‍ക്കരണം നടത്തും. ഇസ്ലാമിന്റെയും മുസ്ലിംകളുടെയും ആരാധനാകേന്ദ്രങ്ങളിലും ആഘോഷാവസരങ്ങളിലും ഇതരമതസ്ഥരും മതേതരരുമായ വ്യക്തികളെ സന്നിഹിതരാക്കുകയും അവയുമായുള്ള അവരുടെ ബന്ധം ശക്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യും. ഖുര്‍ആനെ കുറിച്ച് പഠിക്കാനുള്ള അവസരം ബോധപൂര്‍വം സൃഷ്ടിക്കും. സാമൂഹിക മാധ്യമങ്ങളിലെ ഇസ്ലാമിന്റെ സാന്നിധ്യം വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ എക്‌സിബിഷനുകള്‍, ചര്‍ച്ചാ സംഗമങ്ങള്‍, ടേബ്ള്‍ടോക്ക് എന്നിവയും പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ധാരാളം നടക്കും.

മുസ്ലിം സമുദായത്തിനകത്ത് എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നത്?

ഇസ്ലാമിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ജീവിതത്തെ കെട്ടിപ്പടുക്കണമെന്ന ധാരണ മുസ്‌ലിം സമുദായത്തിലെ ഭൂരിഭാഗത്തിനും വേണ്ടത്രയില്ല. ജീവിത സാഹചര്യമാണ് വലിയ അളവില്‍ ഇതിനു കാരണം. അതിനാല്‍ ഖുര്‍ആനിനും സുന്നത്തിനുമനുസരിച്ച് ജീവിതം കെട്ടിപ്പടുക്കാനാവാശ്യമായ നിര്‍ദേശങ്ങളും അതിന്റെ പ്രാധാന്യവും അവരെ  ബോധ്യപ്പെടുത്തുന്നതിന് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. വ്യക്തി, കുടുംബ ജീവിതം ഇസ്ലാമിനനുസൃതമാകുന്നതോടെ മികച്ച പ്രബോധകരായി മാറാന്‍ അവര്‍ക്ക് സാധിക്കും. ഇതിനായി തങ്ങളുടെ മസ്ജിദുകള്‍, മദ്‌റസകള്‍ എന്നിവ നവീകരിക്കുന്നതിനായി പ്രോത്സാഹനം നല്‍കുകയും അതിനനുസൃതമായ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ സമുദായത്തിനകത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുമായി സഹകരിച്ച് മുന്നോട്ടു പോകും. പക്ഷപാതിത്വങ്ങള്‍ക്കതീതമായി പരസ്പരം സഹോദരര്‍ എന്ന വികാരം വളര്‍ത്തുകയും ഐക്യത്തിന് പ്രാമുഖ്യം നല്‍കുകയും ചെയ്യും. സാധാരണക്കാര്‍ക്ക് ഖുര്‍ആനും സുന്നത്തും പഠിക്കാനുള്ള ജനകീയ സംവിധാനങ്ങള്‍ ഒരുക്കും. സന്തുലിതവും ലളിതവുമായ ജീവിത സംസ്‌കാരവും, ധൂര്‍ത്തിനും ദുര്‍വ്യയത്തിനുമെതിരായ പാഠങ്ങളും സമുദായത്തിന് പകര്‍ന്നുനല്‍കും. വിവിധ സ്വഭാവത്തിലുള്ള ബന്ധങ്ങളിലും കരാറുകളിലും ഇസ്‌ലാമിക മര്യാദകള്‍ പാലിക്കുന്നതിനെ കുറിച്ച ബോധവല്‍ക്കരണം, കുടുംബങ്ങളിലും സമൂഹത്തിലുമുണ്ടാകുന്ന പ്രശ്‌നങ്ങളുടെ പരിഹാരാര്‍ഥം കൗണ്‍സലിംഗ് സെന്ററുകള്‍, അനുരഞ്ജന സമിതികള്‍ തുടങ്ങിയവയും പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ടതാണ്. 

സമുദായത്തിന്റെ ആദര്‍ശവല്‍ക്കരണം വളരെ പ്രസക്തമാണെങ്കിലും മുമ്പത്തേക്കാളധികം സമുദായം ഇന്ന് കൂടുതല്‍ അരക്ഷിതമാണ് എന്നതാണ് വസ്തുത. ഇതിനെ ജമാഅത്ത് എങ്ങനെ അഭിമുഖീകരിക്കുന്നു?

ഒന്നാമതായി സമുദായം സുരക്ഷിതത്വത്തിന്റെ വഴി അേന്വഷിക്കേണ്ടത് ഖുര്‍ആനിലും സുന്നത്തിലുമാണ്. ഏത് പ്രതികൂല സാഹചര്യത്തിലും ഇസ്ലാമില്‍ ഉറച്ചുനില്‍ക്കാനുള്ള കരുത്ത് അവ നല്‍കുന്നുണ്ട്. രണ്ടാമതായി, സമുദായ സംരക്ഷണത്തിന് കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. പതിതമായ മനസ്സോ മാപ്പുസാക്ഷിത്വമോ പേറേണ്ടവരല്ല മുസ്ലിംകള്‍. അവര്‍ രണ്ടാംതരം പൗരന്മാരായി സ്വയം പ്രഖ്യാപിക്കേണ്ട സാഹചര്യവും നിലവിലില്ല. രാജ്യത്തിന്, അതിന്റെ സാമൂഹിക രൂപവല്‍ക്കരണത്തിന് വലിയ സംഭാവനകള്‍ അര്‍പ്പിച്ചവരാണ് മുസ്‌ലിംകള്‍.
അതേസമയം അവര്‍ക്കെതിരെ ഉയര്‍ന്നുവരുന്ന അതിക്രമങ്ങളെയും മനുഷ്യാവകാശ-പൗരാവകാശ നിഷേധങ്ങളെയും സംഘടിതമായി ചെറുക്കേണ്ടതുണ്ട്.  നിയമപരവും ഇസ്ലാം അനുവദിക്കുന്നതുമായ വഴിയുടെ അങ്ങേയറ്റം വരെ പോകാനാവശ്യമായ നേതൃപരമായ പങ്ക് ഇസ്ലാമിക പ്രസ്ഥാനം നിര്‍വഹിക്കും. വിവിധ പ്രഫഷനല്‍ വിഭാഗങ്ങളുടെ കൂട്ടായ്മ രൂപപ്പെടുത്തുകയും സമുദായത്തിന്റെ ഭൗതിക നിലവാരമുയര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. സമുദായം നേരിടുന്ന അതിക്രമങ്ങള്‍ക്കും നീതിനിഷേധങ്ങള്‍ക്കുമെതിരെ രാജ്യത്തുള്ള നന്മേഛുക്കളായ മുഴുവന്‍ ജനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും സാമൂഹികനീതി ഉറപ്പുവരുത്തുകയും  ചെയ്യും. അതോടൊപ്പം  ഇത്തരം അക്രമങ്ങള്‍ക്കും നീതിനിഷേധങ്ങള്‍ക്കുമെതിരെ ദ്രുതവേഗം നടപടി സ്വീകരിക്കാവുന്ന മെക്കാനിസം സമുദായത്തിനകത്തും സംഘടനാതലത്തിലും രൂപപ്പെടുത്തും.

സാധാരണയില്‍നിന്ന് വ്യത്യസ്തമായി 'ഇന്ത്യന്‍ സമൂഹം' എന്ന ഒരു തലക്കെട്ട് ജമാഅത്തെ ഇസ്ലാമിയുടെ പോളിസിയില്‍ ഇടംപിടിക്കാനുള്ള കാരണമെന്താണ്?

ഇന്ത്യന്‍ സാമൂഹികാവസ്ഥയെ വസ്തുനിഷ്ഠമായി വിശകലനം ചെയ്തുകൊണ്ടുതന്നെയാണ് മുമ്പും ജമാഅത്ത് അതിന്റെ പ്രവര്‍ത്തന പദ്ധതികള്‍ തയാറാക്കിയിരുന്നത്. എന്നാല്‍, പുതിയ സാഹചര്യത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ചില സവിശേഷതകളെ പ്രത്യേകമായി തന്നെ അഭിമുഖീകരിക്കേണ്ടതുണ്ട്. ഇന്ത്യന്‍ സമൂഹം അടിസ്ഥാനപരമായി മതവിശ്വാസത്തിലധിഷ്ഠിതമാണ്. അതിന്റെ നന്മകള്‍ തുടര്‍ന്നും നിലനില്‍ക്കേണ്ടതുണ്ട്. സാമൂഹിക തിന്മകള്‍ക്കെതിരെ ഇന്ത്യയിലെ വിവിധ മതസമൂഹങ്ങള്‍ക്കും അവയുടെ നേതൃത്വങ്ങള്‍ക്കും ഐക്യപ്പെടാനാവും. കൂടാതെ വിവിധ മതസമൂഹങ്ങള്‍ക്കിടയില്‍  നിലനില്‍ക്കുന്ന അകല്‍ച്ചയും ധ്രുവീകരണവും സംഘര്‍ഷത്തിന്റെ അന്തരീക്ഷവുമൊക്കെ ഇതുവഴി ഇല്ലായ്മ ചെയ്യാനും സാധിക്കും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. മതവിഭാഗങ്ങള്‍ക്കിടയില്‍  സംവാദാത്മകത ശക്തിപ്പെടുത്തുക, ഫാഷിസത്തിനെതിരെ മതപക്ഷത്തുനിന്നുള്ള കൂട്ടായ്മ രൂപപ്പെടുത്തുക, ആശയപ്രചാരണം ശക്തിപ്പെടുത്തുക എന്നിവ ഇന്നത്തെ കാലത്ത് പ്രസക്തമായ ആശയങ്ങളാണ്.
കേരളീയ സമൂഹത്തിലും വര്‍ഗീയ ധ്രുവീകരണവും കടുത്ത സാമുദായികതയും ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അവയെ പ്രതിരോധിക്കുക അനിവാര്യ ദൗത്യമാണ്. വിവിധ മതസമുദായങ്ങള്‍ക്കിടയില്‍ ശക്തമായ ബന്ധം സ്ഥാപിക്കാവുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. സ്ഥിര സ്വഭാവത്തിലുള്ള പ്രാദേശിക സൗഹൃദ കൂട്ടായ്മകള്‍ ധാരാളമായി രൂപീകരിച്ച് മതാതീതമായ  സാഹോദര്യവും സൗഹാര്‍ദവും ഉറപ്പുവരുത്തുകയും വര്‍ഗീയതയുടെ ആദ്യനാമ്പുകളെ തന്നെ അണയ്ക്കാനുള്ള ജാഗ്രത നാടൊട്ടുക്കും ഉണ്ടാക്കിയെടുക്കുകയും ചെയ്യും

കേരള ജമാഅത്ത് മുദ്ര പതിപ്പിച്ച മേഖലയാണല്ലോ ജനസേവനം. ഈ രംഗത്ത് പുതിയ എന്തെങ്കിലും ചുവടുവെപ്പുകള്‍?

ദുരിതമനുഭവിക്കുന്നവരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് ജനസേവനത്തിന്റെ കാതല്‍. ഇത് ബഹുമുഖവും വിശാലവുമാണ്. പട്ടിണി കിടക്കുന്നവന് ഭക്ഷണം നല്‍കുന്നതും അഭ്യസ്തവിദ്യന് തൊഴില്‍ മാര്‍ഗദര്‍ശനം നല്‍കുന്നതും ജനസേവനമാണ്. അതിസമ്പന്നനോ ആരോഗ്യവാനോ ആയ ഒരാള്‍ക്ക് പോലും പ്രകൃതിദുരന്തങ്ങളുാകുമ്പോള്‍  സമയത്ത് പരസഹായം ആവശ്യമായി വരും. അതല്ലെങ്കില്‍ ആരോഗ്യകരമായ കുടുംബജീവിതം നയിക്കുന്നതിന് അയാള്‍ പ്രയാസപ്പെടുന്നുണ്ടാവും. ലഹരി ഉപയോഗത്തില്‍നിന്ന് മോചിപ്പിക്കുന്നതും സംരംഭകനായി വളര്‍ത്തിയെടുക്കുന്നതും ജനസേവനമാണ്. ഇവയെല്ലാം ഉള്‍ക്കൊള്ളുന്ന സമഗ്രമായ കാഴ്ചപ്പാടാണ് ജമാഅത്ത് മുന്നോട്ടു വെക്കുന്നത്. ബഹുതലങ്ങളുള്ള ഈ മേഖലക്കാവശ്യമായ സേവനസന്നദ്ധരായ 1000 വളന്റിയര്‍മാരെ പ്രത്യേക പരിശീലനം നല്‍കി വളര്‍ത്തിയെടുക്കും, നിലവിലെ സേവനവിഭാഗങ്ങളെ കൂടുതല്‍ മികവുറ്റതാക്കും, വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് ജനസേവന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും തുടങ്ങി ധാരാളം പദ്ധതികള്‍ ഈ രംഗത്ത് നടപ്പിലാക്കാനുദ്ദേശിക്കുന്നുണ്ട്.

പോളിസി പ്രോഗ്രാമില്‍ പറയുന്ന ഇസ്ലാമിക ചിന്തകളുടെ വികാസം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?

ജമാഅത്തെ ഇസ്ലാമി ഒരു നവോത്ഥാന പ്രസ്ഥാനമാണ്. ഇസ്ലാമിക നവോത്ഥാന-വൈജ്ഞാനിക മേഖലകളില്‍ വലിയ സംഭാവനകള്‍ അര്‍പ്പിക്കാനും ജമാഅത്തിനായിട്ടുണ്ട്.  കഴിഞ്ഞ എഴുപതു വര്‍ഷത്തെ ചരിത്രത്തില്‍ നവോത്ഥാനത്തിന്റെ ഈ പൈതൃകത്തുടര്‍ച്ച ഉറപ്പുവരുത്താനും ജമാഅത്തിനായിട്ടുണ്ട്.  ലോകത്തും രാജ്യത്തും നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്കനുസൃതമായി നവീകരണ സംരംഭങ്ങള്‍ ഉണ്ടാകുമ്പോഴാണ് ഇസ്ലാമിന് അതിജീവനം സാധ്യമാവുക. പുതുതായി രൂപപ്പെട്ടുവരുന്ന സിദ്ധാന്തങ്ങളെയും പരികല്‍പനകളെയും ഇസ്ലാമികമായി നിരൂപണം ചെയ്യാനുള്ള ധൈര്യവും കരുത്തും ആര്‍ജിച്ചെടുക്കുക, പുതുതായി രൂപപ്പെടുന്ന ഇസ്ലാം വിരുദ്ധ ആശയങ്ങളെ നിരൂപണം ചെയ്യുക എന്നിവയാണ് ഇസ്ലാമിക ചിന്തകളുടെ വികാസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ലോകത്ത് കഴിഞ്ഞ നൂറ്റാണ്ടില്‍ രൂപപ്പെട്ട ഇസ്ലാമിക പ്രസ്ഥാനങ്ങളില്‍ പലതും ആശയപരമായും സംഘടനാപരമായും പ്രവര്‍ത്തനപരമായും വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. പരമ്പരാഗത വഴക്കങ്ങള്‍ക്കുപരിയായി പ്രസ്ഥാനത്തെ നവീകരിക്കാനുള്ള സാധ്യത ആരായുക, സമുദായത്തിന് പുതിയ വെളിച്ചം നല്‍കുന്ന ഗവേഷണം സാധ്യമാവുക, പ്രവര്‍ത്തനപരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന വികാസങ്ങളെ ആശയപരമായും ദീനീപരമായും അടയാളപ്പെടുത്തുക എന്നിവയും ഇതില്‍പെടുന്നു.

വിദ്യാഭ്യാസരംഗത്തെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്?

വിദ്യാഭ്യാസ രംഗത്ത് വിപുലമായ പ്രവര്‍ത്തനങ്ങളാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാറിന്റെ വിദ്യാഭ്യാസ നയങ്ങളിലും പ്രവര്‍ത്തനങ്ങളിലും രചനാത്മകമായ ഇടപെടലാണ് ഏറ്റവും പ്രധാനപ്പെട്ടത്. സാര്‍വത്രിക വിദ്യാഭ്യാസം സാധ്യമാക്കുക, ആര്‍ക്കും വിദ്യാഭ്യാസം നേടാവുന്ന വിധത്തില്‍ വിദ്യാഭ്യാസ ചെലവ് കുറക്കുന്നതിന് സര്‍ക്കാറിനെയും ഏജന്‍സികളെയും പ്രേരിപ്പിക്കുക, നിലവിലുള്ള വിദ്യാഭ്യാസ സംവിധാനത്തിന്റെ പരിമിതികളെ കുറിച്ച് വിദ്യാഭ്യാസ സമൂഹത്തെ ബോധവല്‍ക്കരിക്കുക, അവയില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കുക എന്നിവ ഇതില്‍പെടുന്നു.
മുസ്ലിം സമുദായം നടത്തുന്ന സ്ഥാപനങ്ങളുടെ മികവും നിലവാരവും ഉയര്‍ത്തുക, കേരളത്തില്‍ നിലവിലുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമാക്കുക, തെരഞ്ഞെടുത്ത സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആശ്രയിക്കാവുന്ന ഏജന്‍സിയായി വികസിപ്പിക്കുക എന്നിവയാണ് പ്രധാന പദ്ധതികള്‍.

തര്‍ബിയത്തിനും തസ്‌കിയത്തിനും വലിയ പരിഗണന നല്‍കിയ പ്രസ്ഥാനമാണല്ലോ ജമാഅത്തെ ഇസ്‌ലാമി. ഈ പ്രവര്‍ത്തന കാലയളവില്‍ ഈ രംഗത്തെ ശ്രദ്ധേയ നിലപാടുകള്‍ എന്തൊക്കെയാണ്?

ഏതു കാലത്തും പ്രസ്ഥാനത്തോടോപ്പം സഞ്ചരിക്കുന്ന വ്യക്തികളെ സൃഷ്ടിച്ചെടുക്കുകയും വളര്‍ത്തുകയും ചെയ്യുക എന്നതാണ് തര്‍ബിയത്തിന്റെ കാതല്‍. അല്ലാഹുവിനെയും പരലോകത്തെയും കുറിച്ച ബോധവും പ്രവാചകനോടുള്ള സ്നേഹ-അനുസരണ വികാരങ്ങളും സജീവമായി നിലനില്‍ക്കുക എന്നതാണ് ഇതില്‍ പ്രധാനം. തങ്ങളുടെ ആത്യന്തിക ലക്ഷ്യത്തെ സംബന്ധിച്ചും ജീവിതത്തില്‍ നേടേണ്ട ലക്ഷ്യത്തെ സംബന്ധിച്ചും സദാ ശ്രദ്ധാലുവാകുക, പൈശാചിക പ്രേരണക്കെതിരെ ജാഗരൂകനാവുക എന്നിവ പ്രവര്‍ത്തകന്റെ സ്വഭാവമായി വളര്‍ത്തപ്പെടുന്ന പ്രവര്‍ത്തന പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ആരാധനാകര്‍മങ്ങളുടെ നിഷ്ഠ, ഖുര്‍ആന്‍ പഠനം, ഹദീസ് പഠനം, ചരിത്ര വായന, ഫിഖ്ഹ് പഠനം, പുതിയ സങ്കേതങ്ങളെ മനസ്സിലാക്കാനുള്ള പൊതുവായന എന്നിവയെല്ലാം ഇതിലുള്‍പ്പെടുന്നു. പ്രവര്‍ത്തകരുടെയും കുടുംബത്തിന്റെയും പ്രാദേശിക പ്രവര്‍ത്തനങ്ങളുടെയും  ആവശ്യങ്ങളും പ്രയാസങ്ങളും മനസ്സിലാക്കാനും പരിഹരിക്കാനുമുള്ള വ്യക്തിഗത സംഭാഷണങ്ങള്‍ക്കും ഈ പ്രവര്‍ത്തന കാലയളവ് പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. സമകാലിക സാഹചര്യത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് അനുയോജ്യരായ വ്യക്തികളെ രൂപപ്പെടുത്തിയെടുക്കുന്നതിനും ഈ പ്രവര്‍ത്തന കാലയളവ് ഊന്നല്‍ നല്‍കും.

സ്ത്രീകളുടെ ശാക്തീകണത്തെക്കുറിച്ച്?

സമൂഹത്തിന്റെ നിര്‍മാണത്തില്‍ സ്ത്രീശക്തിയെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്ന പ്രസ്ഥാനമാണ് ജമാഅത്ത്. ആ സ്വഭാവത്തില്‍ മേല്‍പറഞ്ഞ മേഖലകളിലെല്ലാം തന്നെ വനിതാ സാന്നിധ്യം ഉറപ്പാക്കിക്കൊണ്ടാണ് ജമാഅത്ത് അത് സംഘടിപ്പിക്കുക. കൂടാതെ, ആനുകാലിക പ്രശ്‌നങ്ങളെ സ്വന്തമായി തന്നെ അഭിമുഖീകരിക്കാനും സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളെ നേരിടാനും പ്രാപ്തി കൈവരിക്കുക എന്നത് ഇക്കാലത്ത് ഏറെ പ്രാധാന്യമുള്ളതാണ്. പൊതു ഇടങ്ങള്‍ സ്ത്രീസൗഹൃദമാക്കുക എന്നത് ജമാഅത്തിന്റെ അജണ്ടയാണ്. ഇസ്‌ലാമും സ്ത്രീകളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നതും സൃഷ്ടിക്കപ്പെടുന്നതുമായ തെറ്റിദ്ധാരണകള്‍ ദൂരീകരിക്കാന്‍ സ്ത്രീകള്‍ തന്നെ രംഗത്തെത്തുന്ന സാഹചര്യവുമുണ്ടാവും.

സമൂഹത്തിലെ നവതലമുറയെ എങ്ങനെ വീക്ഷിക്കുന്നു?

വലിയ യോഗ്യതകളും കാര്യശേഷിയുമുള്ളവരാണ് പുതിയ തലമുറ. അതിവേഗത്തിലുള്ള വിവരക്കൈമാറ്റത്തിന്റെയും സാങ്കേതിക വികാസത്തിന്റെയും പ്രാഥമിക ഗുണഭോക്താക്കാള്‍ അവരാണ്. സര്‍ഗാത്മകമായ പുതിയ ആശയങ്ങളുടെ ഉല്‍പാദകര്‍ കൂടിയാണ് നവതലമുറ. അതിനാല്‍തന്നെ അഖിലേന്ത്യാ നയത്തില്‍ തന്നെ യുവാക്കളെയും കുട്ടികളെയും സവിശേഷമായി അഭിമുഖീകരിക്കാനുള്ള നിര്‍ദേശമുണ്ട്. കേരളത്തില്‍ യുവജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍ പോഷക സംഘടനകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇവയുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ വിപുലമാക്കുകയും മികവ് ഉറപ്പുവരുത്തുകയും ചെയ്യും. കൂടാതെ ഇസ്‌ലാമിക പ്രസ്ഥാനത്തെ പരമാവധി യുവജനവല്‍ക്കരിക്കാന്‍ പ്രത്യേകം ശ്രദ്ധ നല്‍കുന്ന കാലം കൂടിയാണിത്.
ഇസ്‌ലാമിക മൂല്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന തലമുറയുടെ നൈരന്തര്യം ഉറപ്പുവരുത്താന്‍ കുട്ടികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വേദികള്‍ കൂടുതല്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്ന പ്രവര്‍ത്തനരീതി രൂപപ്പെടുത്തിയെടുക്കും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (27-29)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഒറ്റക്കായിപ്പോവുമ്പോള്‍ സൂക്ഷിക്കേണ്ടത്
സഫ കെ. വാണിയമ്പലം, അല്‍ജാമിഅ ശാന്തപുരം