Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 11

3121

1441 സഫര്‍ 11

ആഘോഷവും സംസ്‌കാരവും

കെ.ടി ഹുസൈന്‍

ബഹുസ്വര സമൂഹത്തിലെ ജീവിതം വളരെയധികം പക്വത എല്ലാ വിഭാഗം മതവിശ്വാസികളില്‍നിന്നും ആവശ്യപ്പെടുന്നുണ്ട്. വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ആഘോഷങ്ങളുമെല്ലാം ഒരു ബഹുമത സമൂഹത്തിന്റെ പ്രത്യേകതയാണ്. അവയുമായി  സഹിഷ്ണുതയില്‍ വര്‍ത്തിക്കുക എന്നതിലുപരി,  വ്യത്യസ്തമായ ഈ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ആഘോഷങ്ങളെയുമെല്ലാം പരസ്പരം മനസ്സിലാക്കുകയും ആദരിക്കുകയും ചെയ്യുക എന്നതാണ് പക്വമായ ബഹുസ്വര ജീവിതത്തിന്റെ അടയാളം. ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന്റെ ആഘോഷങ്ങളും ആചാരങ്ങളും മറ്റുള്ള മതവിഭാഗങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതോ ഇതരരുടെ  ആഘോഷങ്ങളോട് പൂര്‍ണമായും പുറംതിരിഞ്ഞു നില്‍ക്കുന്നതോ പക്വമായ ബഹുസ്വര ജീവിതത്തിന്റെ ലക്ഷണമല്ല. എന്നു മാത്രമല്ല, അത്  സമൂഹത്തില്‍  ശൈഥില്യം ഉണ്ടാകുന്നതിനുള്ള  കാരണം കൂടിയാണ്. കേരളത്തിലെ ജനങ്ങള്‍ മതഭേദമന്യേ, ഇത്രയൊന്നും വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത കാലത്തു പോലും വളരെയധികം പക്വമായ ബഹുസ്വര ജീവിതം നയിച്ചിരുന്നവരാണ്. ഓണമോ പെരുന്നാളുകളോ ക്രിസ്മസോ അന്നൊന്നും നമ്മുടെ നാട്ടില്‍ ഇന്നത്തെ പോലെ ശൈഥില്യം ഉണ്ടാകുന്ന  തരത്തില്‍ യാതൊരു വിധത്തിലും ചര്‍ച്ചയുമായിരുന്നില്ല. ഓരോ ആഘോഷം വരുമ്പോഴും ബന്ധപ്പെട്ട മതവിഭാഗം ആചാരപ്രകാരം അതാഘോഷിക്കും. അവരുടെ ക്ഷണപ്രകാരം അവരുടെ അയല്‍വാസികളോ സുഹൃത്തുക്കളോ ആയ മറ്റു മതവിഭാഗക്കാര്‍ ആഘോഷദിവസം അവരുണ്ടാക്കുന്ന  ഭക്ഷണത്തില്‍ പങ്കുചേരുകയോ പ്രത്യേക ഭക്ഷണം വീടുകളിലേക്ക് കൊടുത്തയക്കുകയോ ചെയ്യും. മുമ്പും ഇതെല്ലാം കേരളത്തില്‍ നടന്നിരുന്നു, ഇപ്പോഴും നടന്നുവരുന്നുണ്ട്. ഇതുതന്നെയാണ് തുടക്കത്തില്‍ സൂചിപ്പിച്ച കേരള ജനതയുടെ പക്വമായ ബഹുസ്വര ജീവിതത്തിന്റെ ഒരടയാളം.
പക്ഷേ കഴിഞ്ഞ കുറച്ചു കാലമായി  കേരളത്തില്‍ ആഘോഷങ്ങള്‍, പ്രത്യേകിച്ചും ഓണം ഒരു വലിയ ചര്‍ച്ചയാക്കുകയാണ് ചിലയാളുകള്‍. ആഘോഷങ്ങള്‍ പൊതുവാണ്, അതെല്ലാ മതവിഭാഗങ്ങളും ആഘോഷിക്കണം. ഇതാണ് ഈ ചര്‍ച്ചയില്‍ ഉയര്‍ത്തിക്കൊുവരുന്ന ഒരു വാദം. പക്ഷേ ഈ പൊതു എന്ന പരിഗണന എല്ലാ മതവിഭാഗങ്ങളുടെയും ആഘോഷങ്ങള്‍ക്കില്ല; പെരുന്നാള്‍ മുസ്‌ലിംകളുടെ മാത്രം ആഘോഷവും ക്രിസ്മസ് ക്രിസ്ത്യാനികളുടെ മാത്രം ആഘോഷവുമാണ്. അവയൊന്നും പൊതുവല്ല. എന്തിനേറെ, കേരളത്തില്‍ പോലും പെരുന്നാളിന് ഒരു ദിവസം കൂടി അവധി അനുവദിച്ചുകിട്ടാന്‍ മുസ്‌ലിംകള്‍ക്ക് മതേതര ഭരണകൂടത്തോട് വര്‍ഷാവര്‍ഷം നിരന്തരം കെഞ്ചേണ്ട അവസ്ഥയാണ് ഇന്നും. ഓണത്തിന് മാത്രമാണ് പൊതു എന്ന പരിഗണന. ഇതിനു കാരണം ഓണം കേരളത്തിലെ  ഭൂരിപക്ഷ മതവിഭാഗത്തിന്റെ ആഘോഷമാണെന്നതാണ്.  ഐക്യകേരളത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്ന  പട്ടം താണുപിള്ള ഓണത്തെ കേരളത്തിന്റെ 'ദേശീയോത്സവ'മായി പ്രഖ്യാപിച്ചതും ഇതിനൊരു കാരണമായിട്ടുണ്ട്. ഒരു പൊതുബോധമായിത്തീരുമാറ് സംഘ് പരിവാറിന്റെ പൊതു സംസ്‌കാരവാദം കൈവരിച്ച സ്വാധീനം ഈ ചര്‍ച്ചയുടെയെല്ലാം അന്തര്‍ധാരയായി വര്‍ത്തിക്കുന്നുവെന്നതാണ് സത്യം. അവരെ സംബന്ധിച്ചേടത്തോളം ഓണം മാത്രമല്ല, സവര്‍ണ ഹൈന്ദവതയുടെ  എല്ലാ ആഘോഷങ്ങളും പുണ്യപുരുഷന്മാരും കീര്‍ത്തനങ്ങളും ആചാരങ്ങളുമെല്ലാം പൊതുവാണ്. ഹൈന്ദവേതര മതവിശ്വാസികള്‍ അത് സ്വീകരിക്കാതിരിക്കുന്നത് അവര്‍ക്ക് രാജ്യദ്രോഹ പ്രവൃത്തിയാണ്. അതുകൊണ്ടാണ് ജയ്ശ്രീറാം വിളിക്കാത്ത മുസ്‌ലിമിനെ അവര്‍ തല്ലിക്കൊല്ലുന്നതും വന്ദേമാതരം ചൊല്ലാന്‍  തയാറല്ലാത്തവരോട്  പാകിസ്താനിലേക്ക് പോകാന്‍ അട്ടഹസിക്കുന്നതും. മുസ്‌ലിംകള്‍ നിലവിളക്ക് കത്തിക്കാത്തതിനെയും സ്വന്തം നിലക്ക് ഓണം ആഘോഷിക്കാത്തതിനെയും മഹാ പാതകമായി ചിത്രീകരിക്കുന്ന ലിബറലുകളും അറിഞ്ഞോ  അറിയാതെയോ സംഘ് പരിവാറിന്റെ പൊതു സംസ്‌കാരവാദത്താല്‍ സ്വാധീനിക്കപ്പെട്ടവരാണ്.
ഈ ചര്‍ച്ചയില്‍ ഉയര്‍ന്നുവരുന്ന മറ്റൊരു അതിവാദം, ഓണമാകട്ടെ ക്രിസ്മസാകട്ടെ സഹോദര സമുദായങ്ങളുടെ ആഘോഷങ്ങളോട് യാതൊരു വിധ സഹകരണവും  പാടില്ല എന്ന രീതിയിലുള്ള മുസ്‌ലിംകളില്‍ ചിലരുടെ നിലപാടാണ്. അവരെ സംബന്ധിച്ചേടത്തോളം ഓണസദ്യ കഴിക്കുന്നതും ആശംസകള്‍ കൈമാറുന്നതും സൗഹൃദ പരിപാടികള്‍ സംഘടിപ്പിക്കുന്നതും ഗുരുതരമായ തെറ്റും വിശ്വാസത്തില്‍  കളങ്കമുണ്ടാക്കുന്നതുമാണ്. ഓണത്തെ മുന്‍നിര്‍ത്തിയുള്ള പൊതു സംസ്‌കാരവാദത്തോടുള്ള  തീവ്ര പ്രതികരണമായും വേണമെങ്കില്‍ ഈ നിലപാടിനെ വായിച്ചെടുക്കാവുന്നതാണ്. അതെന്തോ ആകട്ടെ, മതവുമായി ബന്ധമുള്ളതും അല്ലാത്തതുമായ ഏതു ആഘോഷങ്ങളുടെയും  കാര്യത്തില്‍ വല്ലാത്ത ഒരു ഉദാരത അടുത്ത കാലത്തായി മുസ്‌ലിംകളില്‍  ചിലരില്‍ വളര്‍ന്നുവരുന്നതിനോടുള്ള പ്രതികരണമാണ് ഈ അതിവാദം  എന്ന കാര്യത്തില്‍ സംശയമില്ല. 'ആഘോഷങ്ങളിലെ സഹകരണം വിലക്കപ്പെടേണ്ടതാണോ?' എന്ന ബഹുമാന്യപണ്ഡിതന്‍ വി.പി അഹ്മദ് കുട്ടിയുടെ ലേഖനവും (പ്രബോധനം ലക്കം 3119) സ്വാഭാവികമായും ഈ ചര്‍ച്ചയുടെ പശ്ചാത്തലത്തിലേ വായിക്കാനാവൂ. അമുസ്‌ലിംകളുടെ  ആഘോഷങ്ങളില്‍ സഹകരിക്കുന്നതിന് മതപരമായി വിലക്കില്ല എന്നു പറയാനാണ് അഹ്മദ് കുട്ടി സാഹിബ് ലേഖനത്തില്‍ ശ്രമിച്ചിരിക്കുന്നത്; സഹകരണം കൊണ്ട് ലേഖകന്‍  ഉദ്ദേശിച്ചിരിക്കുക ആഘോഷത്തിന്  ആശംസകള്‍ കൈമാറുന്നതും സദ്യകളിലും മറ്റും പങ്കെടുക്കുന്നതുമായിരിക്കും. ആ നിലക്ക് അതില്‍ വിമര്‍ശിക്കപ്പെടാന്‍ വല്ലാതൊന്നുമില്ല. പക്ഷേ ഏതു മതവിഭാഗത്തിന്റെ ആഘോഷങ്ങളും മുസ്‌ലിംകള്‍ സ്വയം ആഘോഷിക്കുന്നതിന് യാതൊരു തെറ്റുമില്ല എന്നു വായിച്ചെടുക്കാവുന്ന തരത്തിലുള്ള സൂക്ഷ്മതക്കുറവ് തീര്‍ച്ചയായും അദ്ദേഹത്തിന്റെ ലേഖനത്തില്‍ വന്നുപോയിട്ടുണ്ട്. ആഘോഷങ്ങളില്‍ സഹകരിക്കുന്നതും സ്വയം ആഘോഷിക്കുന്നതും രണ്ടു കാര്യമാണ്. അഹ്മദ് കുട്ടി സാഹിബ്  എഴുതുന്നത് കാണുക: ''ഓണത്തിന്റെ ആഘോഷങ്ങളും ആചാരങ്ങളും നിരാകരിക്കേണ്ടതാണോ? തൗഹീദിന്റെ ആത്മാവിനോട് ചേരുന്നതാണെങ്കില്‍ മാത്രമാണോ നമുക്കവയില്‍ പങ്കു കൊള്ളാനാവുക? ഓണം അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് പറയുമ്പോള്‍ തന്നെ ക്രിസ്ത്യാനികളും മതമില്ലാത്തവരും ഇത് ആഘോഷിക്കുന്നത് അങ്ങനെയല്ലല്ലോ. അവര്‍ ഇത് ദേശീയ ആഘോഷമായോ സാംസ്‌കാരികാചാരമായോ മാത്രമാണ് കാണുന്നത്. അതുകൊണ്ട് മുസ്‌ലിംകള്‍ ഇത് ആഘോഷിക്കാന്‍ പാടില്ലെന്ന് പറയാന്‍ ന്യായമില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഈ നാട്ടിലെ ഒരാചാരമെന്ന നിലയില്‍ മറ്റു പല സന്ദര്‍ഭങ്ങളിലും ആഘോഷിക്കുന്നതുപോലെ ഇതും ആഘോഷിക്കാം. ഇവിടെ നമ്മള്‍ എല്ലാവരും ധാരാളം ദേശീയ ഓര്‍മദിനങ്ങളും വാര്‍ഷികങ്ങളും ആഘോഷിക്കുന്നുണ്ട്. മതാചാരപരമായ കാര്യങ്ങള്‍  ഒഴിവാക്കി ഓണം ആഘോഷിക്കുന്നത് ഇതുപോലെ മാത്രമാണ്.'' 
ഇതില്‍ രണ്ടു പ്രശ്‌നമുണ്ട്. ഒന്ന്, സഹകരണത്തിലുപരി സ്വയം ആഘോഷിക്കുന്നതിനെ കുറിച്ചാണ് ലേഖനകര്‍ത്താവ് ഇവിടെ വാചാലമാകുന്നത്. അതിനേക്കാള്‍ ഗുരുതരം നാടിന്റെ സാംസ്‌കാരികാചാരങ്ങള്‍ക്ക്  വിശ്വാസവുമായോ മതവുമായോ ബന്ധമില്ലെന്നും അതിനെ  കേവലം ജന്മദിനം പോലെയോ വാര്‍ഷികം  പോലെയോ കാര്‍ഷികോത്സവം പോ ലെയോ കണ്ടാല്‍ മതി എന്ന ന്യൂനീകരണമാണ്. അതിനെ ഉര്‍ഫ് അഥവാ നാട്ടാചാരം പോലെയുള്ള കര്‍മശാസ്ത്ര വിധികള്‍ക്കാധാരമാക്കുന്ന തത്ത്വങ്ങളോടാണ് അദ്ദേഹം ഖിയാസാക്കുന്നത്. വിശ്വാസപരമായ ഒരു പ്രശ്‌നത്തെ ഉര്‍ഫുമായി എങ്ങനെയാണ് ഖിയാസ് ചെയ്യുക? അതായത്  ബര്‍ത്ത്‌ഡേ, വിവാഹ വാര്‍ഷികം, സ്ഥാപന വാര്‍ഷികം തുടങ്ങി ഒരുവേള നബി(സ)യിലോ  സ്വഹാബികളിലോ മാതൃക കണ്ടെത്താന്‍ പ്രയാസമായ കാര്യങ്ങളെ ഉര്‍ഫായി പരിഗണിച്ച് അനുവദിക്കുന്നതുപോലെയാണോ ബഹുദൈവത്വ വിശ്വാസം ഉള്ളടങ്ങിയ സാംസ്‌കാരിക ആഘോഷങ്ങള്‍  അനുവദനീയമാക്കുന്നത്? അങ്ങനെയെങ്കില്‍ മുസ്‌ലിംകളുടെ തനതു സംസ്‌കാരം എന്നു പറയുന്നത് എന്തിനെയാണ്? ആരാധനകള്‍ മാത്രമാണോ ഇസ്‌ലാമിക സംസ്‌കാരം? വേഷമോ വസ്ത്രമോ ഭക്ഷണമോ ഒന്നുമല്ല മുസ്‌ലിംകളുടെ  തനതു സംസ്‌കാരം എന്ന് നമുക്കറിയാം. അത് അവര്‍ ഏതു നാട്ടില്‍ ജീവിക്കുന്നുവോ അതിനനുസരിച്ച്  വ്യത്യാസപ്പെട്ടിരിക്കും. കന്തൂറയോ പൈജാമയോ തുണിയോ പാന്റോ തൊപ്പിയോ ഒന്നും മുസ്‌ലിംകളുടെ  തനതു സംസ്‌കാരമല്ല. അതുപോലെ ബിരിയാണിയും സദ്യയും മുസ്‌ലിംകളുടെ തനതു സംസ്‌കാരമല്ല. അതൊന്നും  അവരെ തിരിച്ചറിയാനുള്ള  അടയാളവുമല്ല. അതിനാല്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന പാന്റും സ്യൂട്ടും  പേര്‍ഷ്യക്കാരുടെ പൈജാമയും  ധരിച്ചതുകൊണ്ടോ ഹിന്ദുക്കളുടെ സദ്യ കഴിച്ചതുകൊണ്ടോ ഒരു മുസ്‌ലിമിന്റെ സംസ്‌കാരം നഷ്ടപ്പെടുകയില്ല. പ്രവാചകന്‍ വിലക്കിയ സാദ്യശ്യമാകല്‍ ഇതിന് ബാധകവുമല്ല. എന്നാല്‍ മുസ്‌ലിംകളുടെ തനതു സംസ്‌കാരമെന്നു പറയുന്നത് മൂന്നു കാര്യങ്ങള്‍ക്കാണ്: ഒന്ന്, ഏകദൈവത്വവും  ദൈവസ്മരണയും. രണ്ട്, മനുഷ്യസമത്വം. മൂന്ന്, മൂല്യബോധം. ഈ മൂന്ന് കാര്യങ്ങള്‍ അവരുടെ അനുഷ്ഠാനങ്ങളിലും  സാമൂഹിക നിലപാടുകളിലും മാത്രമല്ല, അവരുടെ ആഘോഷങ്ങളിലും പ്രകടമാകും. അതിനു വിരുദ്ധമായ അനുഷ്ഠാനങ്ങളും നിലപാടുകളും മാത്രമല്ല ആഘോഷങ്ങളും അവര്‍ക്ക്  പാടില്ല.
ഏതു മതത്തിലും ആഘോഷം രൂപപ്പെടുന്നത് അവരുടെ ദൈവസങ്കല്‍പം അനുസരിച്ചാണ്. അതിനാല്‍ പ്രസ്തുത ദൈവസങ്കല്‍പ്പത്തിന്റെ ഏറ്റവും വലിയ പ്രകാശനവേദിയായിരിക്കും അവരുടെ ആഘോഷങ്ങള്‍. ഓണമടക്കമുള്ള ഏത് ഹൈന്ദവ ആഘോഷത്തിന്റെയും അടിസ്ഥാനം അവരുടെ ബഹുദൈവത്വസങ്കല്‍പ്പമാണെന്നതില്‍ ആര്‍ക്കാണ് സംശയം? ക്രിസ്ത്യാനികളുടെ ആഘോഷത്തില്‍ ത്രിയേകത്വവിശ്വാസവും ഉള്ളടങ്ങിയിരിക്കുന്നു. ഇസ്‌ലാമിന്റെ യഥാര്‍ഥ അനുയായികള്‍ക്ക് അവയോട് ഒരു നിലക്കും രാജിയാകാനാവില്ല. അതിനാല്‍ തൗഹീദ് അടിസ്ഥാനമായ ഇസ്‌ലാംമത വിശ്വാസികള്‍ അത്തരം ആഘോഷങ്ങള്‍ സ്വന്തം നിലക്ക് ആഘോഷിക്കുന്നത് മുസ്‌ലിംകള്‍ അവരുടെ തനതു സംസ്‌കാരത്തെ കൈയൊഴിയലും ബഹുദൈവത്വത്തിന്റെ സാംസ്‌കാരിക അധിനിവേശത്തിന് കീഴടങ്ങലുമാണ്. ക്രിസ്ത്യാനികളും മതമില്ലാത്തവരും ഓണം ആഘോഷിക്കുന്നുവെന്നത് മുസ്‌ലിംകള്‍ക്കും അതാഘോഷിക്കാനുള്ള ന്യായമല്ല. അത്തരം സാംസ്‌കാരികാധിനിവേശത്തെ, അത് പാശ്ചാത്യരുടേതാകട്ടെ ബഹുദൈവത്വത്തിന്റേതാകട്ടെ ചെറുത്ത പാരമ്പര്യമാണ് ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനങ്ങളുടേത്. രണ്ടാം സഹസ്രാബ്ദത്തിലെ പരിഷ്‌കര്‍ത്താവ് -മുജദ്ദിദ് അല്‍ഫെസാനി- എന്നറിയപ്പെട്ട ശൈഖ് അഹ്മദ് സര്‍ഹിന്ദി നവോത്ഥാന നായകനായത് ഇന്ത്യയിലെ സവര്‍ണ  ആഘോഷങ്ങളും ഉത്സവങ്ങളും കീര്‍ത്തനങ്ങളും മുസ്‌ലിംകളുടെ മേല്‍ അടിച്ചേല്‍പിക്കാന്‍ മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ നടത്തിയ ശ്രമങ്ങള ചെറുത്തുതോല്‍പിച്ചുകൊണ്ടാണ്. സംഘ് പരിവാറും ലിബറലുകളും ഇന്നുയര്‍ത്താന്‍ ശ്രമിക്കുന്ന മതം വേറെ സംസ്‌കാരം വേറെ എന്ന വാദം തന്നെയാണ് അക്ബറിനു വേണ്ടി അദ്ദേഹത്തിന്റെ കൊട്ടാര സ്വൂഫികളായിരുന്ന അബുല്‍ ഫസ്‌ലും ഫൈസിയും ഉയര്‍ത്തിയിരുന്നത്. അഹ്മദ് സര്‍ഹിന്ദി ബഹുദൈവത്വത്തിന്റെ  ഈ സാംസ്‌കാരികാധിനിവേശത്തെ ചെറുത്തുതോല്‍പ്പിച്ചില്ലായിരുന്നുവെങ്കില്‍ ആയിരമാണ്ട്  അവസാനിക്കുന്നതോടുകൂടി ഇന്ത്യയില്‍ ഇസ്‌ലാം  മുഖ്യധാരാ സവര്‍ണ സംസ്‌കാരത്തില്‍ ലയിച്ചുപോകുമായിരുന്നു.
അതേസമയം, ഏതു മതത്തിെന്റ ആഘോഷങ്ങള്‍ക്കും, അവ  അവരുടെ ദൈവസങ്കല്‍പത്തെ പ്രകാശിപ്പിക്കുന്നതോടൊപ്പം, ആശംസകള്‍  കൈമാറിയും ഒന്നിച്ചുകൂടിയും ആഹ്ലാദം പങ്കിടുന്ന കേവല ആഘോഷത്തിന്റേതായ ഒരു തലം കൂടിയുള്ളത് മറക്കാന്‍ പാടില്ല. അത്തരം ആഘോഷസന്ദര്‍ഭങ്ങളോടനുബന്ധിച്ച് മത, ജാതി വ്യത്യാസമില്ലാതെ  എല്ലാവരും ഒന്നിച്ചിരുന്ന്  പരസ്പരം സ്‌നേഹവും ബഹുമാനവും  പങ്കുവെക്കുന്നതും ആശയവിനിമയം നടത്തുന്നതും ബഹുസ്വര സമൂഹത്തില്‍ വളരെ നല്ല കാര്യമാണ്. വെറുപ്പിനെ അധികാരം പിടിക്കാനും നിലനിര്‍ത്താനും രാഷ്ട്രീയായുധമാക്കുന്നവര്‍ക്ക് നല്ലൊരു മറുപടി കൂടിയായിരിക്കും അത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (27-29)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഒറ്റക്കായിപ്പോവുമ്പോള്‍ സൂക്ഷിക്കേണ്ടത്
സഫ കെ. വാണിയമ്പലം, അല്‍ജാമിഅ ശാന്തപുരം