Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 11

3121

1441 സഫര്‍ 11

ചേര്‍ത്തു നിര്‍ത്തുമ്പോള്‍ തിരിച്ചു പിടിക്കുന്നത്

അറബിയില്‍ 'അല്‍ ഹറകാത്തുല്‍ ഇസ്‌ലാമിയ്യ' (ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍) എന്നു പ്രയോഗിക്കുമ്പോള്‍ അത് ഒരു പ്രത്യേക ചിന്താധാരയിലുള്ള ചില സംഘടനകളെ മാത്രം കുറിക്കാനുള്ള ഒരു സംജ്ഞയല്ല. ഇസ്‌ലാമിനു വേണ്ടി ഏതെങ്കിലും അര്‍ഥത്തില്‍ സേവനം ചെയ്യുന്ന എല്ലാ ഗ്രൂപ്പുകളെയും അത് ഉള്‍ക്കൊള്ളുന്നുണ്ട്. അപ്പോള്‍ ഇഖ്‌വാനീധാരയില്‍ മാത്രമല്ല സലഫി, സ്വൂഫി ധാരകളിലും ഇസ്‌ലാമിക പ്രസ്ഥാനങ്ങളുണ്ട്. യമനിലെ 'അത്തജമ്മുഉല്‍ യമനി ലില്‍ ഇസ്വ്‌ലാഹ്' എന്ന ഇസ്‌ലാമിക പ്രസ്ഥാനം സലഫിധാരകളെക്കൂടി ഉള്‍ക്കൊള്ളുന്നതാണ്. തുര്‍ക്കിയിലെ എല്ലാ ഇസ്‌ലാമിക പ്രസ്ഥാനങ്ങളും നഖ്ശബന്ദി ത്വരീഖത്തിന്റെ ഫ്രെയ്മിനകത്തു തന്നെയാണ് വരുന്നത്. നിര്‍ഭാഗ്യവശാല്‍, ഇംഗ്ലീഷില്‍ ഇസ്‌ലാമിക് മൂവ്‌മെന്റ് എന്ന് പറയുമ്പോഴോ മലയാളത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനം എന്നു പറയുമ്പോഴോ ഈയൊരു വിശാല പരിപ്രേക്ഷ്യം പൊതുവില്‍ കാണാറില്ല. പല തലങ്ങളില്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും സേവനം ചെയ്യുന്ന കൂട്ടായ്മകളെ ചേര്‍ത്തു നിര്‍ത്താന്‍ ഇതൊരു തടസ്സമായിത്തീരുകയും ചെയ്യുന്നു. ഈയൊരു വിശാല കാഴ്ചപ്പാട് തൊള്ളായിരത്തി എഴുപതുകള്‍ മുതല്‍ തന്നെ ശക്തമായി ഊന്നിപ്പറയുകയും ഇത്തരം വിവിധ കൂട്ടായ്മകള്‍ക്കിടയില്‍ ഐക്യവും രഞ്ജിപ്പുമുണ്ടാക്കാന്‍ ലോകമെമ്പാടും ഓടി നടക്കുകയും ചെയ്ത ഇസ്‌ലാമിക പ്രബോധകനും ക്രാന്തദര്‍ശിയായ പണ്ഡിതനുമായിരുന്നു കഴിഞ്ഞ സെപ്റ്റംബര്‍ 25-ന് ഇസ്തംബൂളില്‍ വെച്ച് ഇഹലോകവാസം വെടിഞ്ഞ മുസ്ത്വഫ മുഹമ്മദ് ത്വഹ്ഹാന്‍.
തൊള്ളായിരത്തി എണ്‍പതുകളുടെ തുടക്കത്തില്‍ 'പ്രസ്ഥാന ചിന്ത മൗലികതക്കും വ്യതിചലനത്തിനുമിടയില്‍' എന്നൊരു പുസ്തകം അദ്ദേഹം എഴുതിയിരുന്നു. ചേര്‍ത്തു പിടിക്കലിന്റെ രാഷ്ട്രീയമാണ് അതില്‍ അദ്ദേഹം മുന്നോട്ടു വെച്ചിരുന്നത്. പിന്നീട് നജ്മുദ്ദീന്‍ അര്‍ബകാന്റെ നേതൃത്വത്തില്‍ തുര്‍ക്കിയിലും മറ്റും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ വന്‍ മുന്നേറ്റങ്ങള്‍ നടത്താന്‍ തുടങ്ങിയതോടെ 'ഇസ്‌ലാമിക പ്രസ്ഥാനം നേരിടുന്ന രാഷ്ട്രീയ വെല്ലുവിളികള്‍' എന്ന പേരില്‍ ആദ്യപുസ്തകത്തിന്റെ തുടര്‍ച്ചയായി ആ വിഷയത്തില്‍ രണ്ടാമത്തെ പുസ്തകവും അദ്ദേഹമെഴുതി. ഇസ്‌ലാമിക പ്രസ്ഥാനം എന്ത് എന്ന് നിര്‍വചിച്ചുകൊണ്ടാണ് രണ്ടാമത്തെ പുസ്തകം തുടങ്ങുന്നത്. രു തരത്തിലുണ്ട് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍. ആഗോളതലത്തില്‍ സാന്നിധ്യമറിയിക്കുന്ന വലിയ സംഘടനകളാണ് ഒരിനം. ദേശീയമായോ പ്രാദേശികമായോ സാന്നിധ്യമറിയിക്കുന്നവയാണ് രണ്ടാമത്തെ ഇനം. സമഗ്രതയോ സമ്പൂര്‍ണതയോ ചിലപ്പോള്‍ ഇത്തരം ദേശീയ/പ്രാദേശിക കൂട്ടായ്മകളില്‍ കണ്ടെന്നു വരില്ല. നിര്‍ണിതമായ ചില പരിഷ്‌കരണ ലക്ഷ്യങ്ങള്‍ക്ക്- ഉദാഹരണം വിദ്യാഭ്യാസ പ്രവര്‍ത്തനം- വേണ്ടിയാവാം ചിലപ്പോഴവ രൂപവത്കരിക്കപ്പെടുന്നത്. ചിലപ്പോഴവ ലോകമെങ്ങുമുള്ള അഗതികള്‍ക്കും അശരണര്‍ക്കും സഹായമെത്തിക്കുന്ന ചാരിറ്റി സംഘടനകളാവാം. ബിദ്അത്തുകള്‍ക്കെതിരെ പൊരുതുന്ന ഇസ്വ്‌ലാഹി പ്രസ്ഥാനങ്ങളാവാം. ഇസ്‌ലാമിക സമൂഹത്തിനു വേണ്ടി രാഷ്ട്രീയ ഇടപെടല്‍ നടത്തുന്ന സംഘങ്ങളാവാം. വിവിധ മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കുന്ന ഈ കൂട്ടായ്മകളെയെല്ലാം നമുക്ക് ഒരു പൊതു ബിന്ദുവിലേക്ക് ചേര്‍ത്തുവെക്കാന്‍ പറ്റുമെന്നാണ് മുസ്ത്വഫ ത്വഹ്ഹാന്‍ ഈ ഗ്രന്ഥത്തില്‍ സമര്‍ഥിക്കുന്നത്. ഗ്രന്ഥത്തിന് അവതാരികയെഴുതിയ മുഹമ്മദ് ഇമാറ ഒരു ഉപമയിലൂടെ ഈ ആശയം കൃത്യപ്പെടുത്തുന്നുണ്ട്. ഒരു സൈന്യത്തെ ഒരുക്കുമ്പോള്‍ അവക്ക് വ്യത്യസ്ത വിംഗുകള്‍ ഉണ്ടാകുമല്ലോ. ഓരോന്നിനും പലതരം ഡ്യൂട്ടികളാണ് നിര്‍വഹിക്കാനുണ്ടാവുക. ഓരോ വിംഗിനും അതതിന്റെ ഡ്യൂട്ടി നിര്‍വഹിക്കാനാവുമ്പോഴേ സൈന്യം വിജയവഴിയിലെത്തുകയുള്ളൂ. മുസ്‌ലിം സമൂഹത്തിലെ വിവിധ കൂട്ടായ്മകളെ ഇങ്ങനെ കണ്ടുകൂടേ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പുതിയ പ്രവര്‍ത്തന പരിപാടിയില്‍ വളരെയധികം ഊന്നല്‍ നല്‍കപ്പെട്ട വിഷയമാണ് ഈ ചേര്‍ത്തു നിര്‍ത്തല്‍. ഈ ലക്കത്തില്‍ ചേര്‍ത്തിരിക്കുന്ന ജമാഅത്തെ ഇസ്‌ലാമി കേരള അധ്യക്ഷനുമായുള്ള അഭിമുഖത്തില്‍ ഇക്കാര്യം വിശദീകരിക്കപ്പെടുന്നുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (27-29)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഒറ്റക്കായിപ്പോവുമ്പോള്‍ സൂക്ഷിക്കേണ്ടത്
സഫ കെ. വാണിയമ്പലം, അല്‍ജാമിഅ ശാന്തപുരം