Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 04

3120

1441 സഫര്‍ 04

എല്ലാ ഋതുവിലും വിളയുന്ന മറ്റെന്തു ധാന്യമാണ് ഇവിടെയുള്ളത്!

മെഹദ് മഖ്ബൂല്‍

രണ്ടാം ലോക യുദ്ധകാലത്ത് ഹിറ്റ്‌ലര്‍ തന്റെ ഉന്മൂലന സിദ്ധാന്തത്തിന് നല്‍കിയ പേരായിരുന്നു Final Solution  (അന്തിമ പരിഹാരം). ആ പേര് കേട്ടാല്‍ എന്തോ നല്ല കാര്യമാണെന്നു തോന്നും. എത്ര ഭീകരമായ കാര്യവും ലളിതമായ പദങ്ങളിലൂടെ മൂടിക്കെട്ടുകയെന്നത് കാലങ്ങളായി കണ്ടുവരുന്ന കുരുട്ടു ബുദ്ധിയാണ്. ഭൂമിയിലെ സ്വര്‍ഗം എന്ന് കശ്മീരിനെ കുറിച്ച് കേള്‍ക്കുമ്പോഴും ഹിറ്റ്‌ലറിന്റെ ഫൈനല്‍ സൊല്യൂഷനാണ് ഓര്‍മവരിക. ഒരു നാടിനെ മൊത്തം നരകമാക്കിയിട്ടാണ് സ്വര്‍ഗമേ എന്ന വിളിയെന്നോര്‍ക്കണം. ഒരു ലക്ഷത്തി നാല്‍പ്പതിനായിരം പേരെ കൊന്നൊടുക്കിയ അണുബോംബിനെ 'ലിറ്റില്‍ ബോയ്' എന്ന് ഓമനിച്ച് വിളിച്ചതു പോലെയൊരു അസംബന്ധം തന്നെയല്ലേയത്? 

പട്ടാളക്കാര്‍ മാത്രം സഞ്ചരിക്കുന്ന നിരത്തുകളും ചുറ്റും വേലികളുമുള്ള കൂട്ടിലിടപ്പെട്ട ഒരുകൂട്ടം മനുഷ്യരുടെ കഥകളാണ് കശ്മീരിയായ ഫെറോസ് റാത്തര്‍ തന്റെ The Night of Broken Glass എന്ന പുസ്തകത്തില്‍ പറയുന്നത്. എന്നും സംഘര്‍ഷമായതുകൊണ്ട് തടവുകാരനെപ്പോലെ സ്വന്തം വീട്ടില്‍ കൂനിയിരിക്കേണ്ടിവരുന്നവരുടെ  ഗതികേടും കര്‍ഫ്യൂ കാരണം എല്ലാ ദിവസവും വിജനമായ തെരുവുകള്‍ മാത്രം കണി കണ്ടുണരുന്നവരുടെ അങ്കലാപ്പുകളുമെല്ലാം ഫെറോസ് എഴുതുന്നുണ്ട്.
'ചില്ലുകള്‍ തകര്‍ത്ത രാത്രി' (The Night of Broken Glass) എന്ന പുസ്തകത്തിന്റെ തലവാചകം ചരിത്രത്തില്‍നിന്നെടുത്തതാണ്. ജര്‍മന്‍ നയതന്ത്രജ്ഞനെ പാരീസില്‍ വെച്ച് ജൂതനായ ഒരു കൗമാരക്കാരന്‍ കൊല്ലുകയും 1938 നവംബര്‍ 8-ാം തീയതി രാത്രി ജൂതര്‍ക്കെതിരെ ജര്‍മനിയില്‍ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും ചെയ്തതാണ് സംഭവം. അന്ന് ജൂത ഉടമസ്ഥതയിലുള്ള കടകളുടെയും വീടുകളുടെയും ആരാധനാലയങ്ങളുടെയും ജനല്‍ചില്ലുകള്‍ തെരുവു നീളെ ചിതറിക്കിടന്നിരുന്നത്രെ. തകര്‍ന്ന തങ്ങളുടെ ജീവിതത്തെ വരച്ചുകാണിക്കാന്‍ ഫെറോസ് റാത്തര്‍ അതേ പേരു തന്നെ തന്റെ പുസ്തകത്തിന് നല്‍കുകയായിരുന്നു. 
അസ്വസ്ഥതകള്‍ മാത്രം അലഞ്ഞു നടക്കുന്ന നാടിന്റെ കഥയാണ്  ഫെറോസ് തന്റെ കഥകളിലൂടെ പങ്കുവെക്കുന്നത്. നിരന്തരം കര്‍ഫ്യൂ മാത്രം ആഘോഷം പോലെ പ്രഖ്യാപിക്കപ്പെടുന്ന മഴവില്ലില്ലാത്ത നാടിനെ വായിക്കുമ്പോള്‍ അത്ര പെട്ടെന്നൊന്നും അത് നെഞ്ചില്‍നിന്ന് മായില്ല.

കൂട്ടിലിരുന്ന് കുരക്കുന്ന പട്ടികളുടെ സ്വാതന്ത്ര്യമാണ് നമ്മുടെ സ്വാതന്ത്ര്യമെന്ന് The Pheran  എന്ന കഥയില്‍ മര്‍യം പറയുന്നുണ്ട്. നാടിന്റെ ദുരിതങ്ങളെഴുതി മതിയായപ്പോഴാണ് അവള്‍ ജേണലിസം ഉപേക്ഷിക്കുന്നത്. ഇനി സ്വസ്ഥമായിരുന്ന് കുറച്ച് എംബ്രോയ്ഡറി ജോലികള്‍ ചെയ്യണമെന്നാണ് അവളുടെ ആഗ്രഹം. മര്‍യമിനെ വീട്ടില്‍ കൊണ്ടു വന്നാക്കി മടങ്ങിയ ഇശ്ഫാഖ് അവിചാരിതമായാണ് കൊല്ലപ്പെടുന്നത്. വഴിയില്‍ എന്തോ കാരണത്താല്‍ കാറ് ഓഫാവുകയും പിന്നീട് സ്റ്റാര്‍ട്ടാവാതിരിക്കുകയും ചെയ്തപ്പോള്‍ ചെക്കിംഗിന് നിന്ന പട്ടാളക്കാരന്‍ വെടിവെക്കുകയായിരുന്നു. ഏതു നേരവും എന്തും സംഭവിക്കാവുന്ന നാടിന്റെ വേവുകള്‍ തീക്ഷ്ണതയോടെ ഫെറോസ് അവതരിപ്പിക്കുന്നു. 

The Souvenir  എന്ന കഥയില്‍ തന്റെ ഏറ്റവും മികച്ച അധ്യാപകന്‍  ഉപ്പയാണെന്ന് പറയുന്നുണ്ട് താരീഖ്. പള്ളിയിലേക്ക് പോകുന്ന വഴിയില്‍ നിറയെ യുദ്ധം അവശേഷിപ്പിച്ച ബുള്ളറ്റുകളും ഷെല്ലുകളുമായിരുന്നു. ആരും കാണാതെ അതെല്ലാം താരീഖിന്റെ ഉപ്പ ഒളിപ്പിച്ചുവെക്കുമായിരുന്നു. ഇതു കണ്ട ഉമ്മ എന്തിനാണിങ്ങനെ ചെയ്യുന്നതെന്ന് ചോദിക്കുമ്പോള്‍ തന്റെ മകന്‍ താരീഖ് കാണാതിരിക്കാനാണെന്ന് പറയുന്നുണ്ട്. അസ്വസ്ഥതകളുടെ ഈ കാഴ്ചകള്‍ അവന്‍ കാണാതിരിക്കട്ടെ എന്നാണ് ആ ഉപ്പയുടെ പ്രാര്‍ഥന. അവന്റെ സ്വപ്‌നങ്ങളിലെങ്കിലും തീയും ബോംബും ഇല്ലാതിരിക്കട്ടെ എന്ന് ആ പിതാവ് ആഗ്രഹിച്ചു. പക്ഷേ ഉപ്പ കാണാതെ താരീഖ് വരച്ച ചിത്രം നെല്‍ക്കതിരുകള്‍ക്ക് പകരം ബുള്ളറ്റുകള്‍ വിളഞ്ഞുനില്‍ക്കുന്നതായിരുന്നു. ബുള്ളറ്റല്ലാതെ കശ്മീരില്‍ മറ്റേതു ധാന്യമാണ് ഏതു ഋതുവിലും വിളഞ്ഞു നില്‍ക്കുന്നത്!
തൊട്ടപ്പുറത്തുള്ള പള്ളിയുടെ അടുത്തേക്ക് പ്രാവിന് തീറ്റ കൊടുക്കാന്‍ പോകുന്ന താരീഖിനോട് പട്ടാളക്കാരന്‍ വീട്ടില്‍ അടങ്ങിയിരുന്നൂടേ, കര്‍ഫ്യൂ അല്ലേ എന്ന് ചോദിക്കുന്നുണ്ട്. മുറ്റത്തേക്ക് കളിക്കാന്‍ ഇറങ്ങുമ്പോഴും ഐ.ഡി കാര്‍ഡ് കരുതേണ്ട ഒരു ബാല്യം നമ്മുടെ ഭാവനകള്‍ക്കെല്ലാം എത്രയോ പുറത്താണ്. ഓരോ ദിവസവും അവര്‍ക്ക് അതിജീവനമാണ്.
വീട്ടില്‍നിന്ന് ഓരോ ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങിയവരെയും കാത്ത് ഭീതിയോടെ കാത്തിരിക്കുന്ന കഥാപാത്രങ്ങളാണ് പുസ്തകം നിറയെ. 
പോളിഷ് കവയിത്രിയും നോബല്‍ ജേതാവുമായ വിസ്ലോവ സിംബോര്‍സ്‌ക തന്റെ ഒരു കവിതയില്‍ ചരിത്രം ആഹ്ലാദത്തോടെ വരവേല്‍ക്കാത്ത മനുഷ്യരാണ് തങ്ങളെന്ന്  പറയുന്നുണ്ട്. ഫ്‌ളോറിഡ സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയില്‍ ഡോക്ടറല്‍ വിദ്യാര്‍ഥിയായ ഫെറോസ് റാത്തറും ചോദിക്കുന്നത് സ്വാഗതം എന്ന് ആരെങ്കിലും എന്നെങ്കിലും ആഹ്ലാദത്തോടെ തങ്ങളോട് പറയുന്ന കാലം വരുമോ എന്നാണ്.  
പ്രസാധനം- ഹാര്‍പര്‍ കൊളിന്‍സ്, വില- 399 രൂപ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (25-26)
ടി.കെ ഉബൈദ്‌