Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 04

3120

1441 സഫര്‍ 04

ദഅ്‌വത്ത് ചില 'പ്രബോധനം' ഓര്‍മകള്‍

വി.കെ ജലീല്‍

'ദഅ്‌വത്തി'ന്റെ വിടവാങ്ങലിനെ കുറിച്ചുള്ള എ.ആറിന്റെ വിജ്ഞേയവും സരസവുമായ അനുഭവക്കുറിപ്പ് (ലക്കം 15) വായിച്ചപ്പോള്‍ ഉണര്‍ന്ന സ്മരണകള്‍ നിരവധിയാണ്. ഉപ്പ(ഇസ്സുദ്ദീന്‍ മൗലവി)യുടെ മേല്‍വിലാസത്തില്‍ മൂന്നു നാലു ലക്കങ്ങള്‍ ഒന്നിച്ച് തപാലില്‍ വന്നുകൊണ്ടിരുന്നതിനാല്‍ വളരെ ചെറുപ്പം മുതലേ 'ദഅ്വത്ത്' എന്ന പത്രനാമം  പരിചിതമായി. 
1974 ല്‍ 'പ്രബോധന'ത്തില്‍ നിയമിക്കപ്പെട്ടതു മുതല്‍, അന്ന് ഏറ്റവും അപരിഷ്‌കൃത രീതിയില്‍  അച്ചടിക്കപ്പെട്ടിരുന്ന ആ പത്രത്തിന്റെ അതിസാഹസിക വായന അനിവാര്യമായിത്തീര്‍ന്നു. കാരണം, കേന്ദ്ര ജമാഅത്തിന്റെ അറിയിപ്പുകളും ശൂറാ പ്രമേയങ്ങളും അടക്കം പ്രസ്ഥാന പ്രവര്‍ത്തകരും പൊതുസമൂഹവും  അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളും, പതിവായി വൈകിയെത്തുന്നതില്‍ അങ്ങേയറ്റം 'കൃത്യത' പാലിച്ചിരുന്ന ദഅ്‌വത്തില്‍നിന്ന് പരിഭാഷപ്പെടുത്തി പ്രബോധനത്തില്‍ കൊടുക്കേണ്ടതുണ്ടായിരുന്നു. ദേശീയതലത്തിലുള്ള മുസ്‌ലിം ന്യൂനപക്ഷ വാര്‍ത്തകള്‍ സത്യസന്ധമായി അറിയാന്‍ 'ദഅ്‌വത്തും' 'റേഡിയന്‍സും' നല്ല  ആശ്രയമായിരുന്നു.
അടിയന്തരാവസ്ഥയിലെ പ്രാസ്ഥാനികാനുഭവങ്ങളെക്കുറിച്ച് ഇന്‍തിസാര്‍ നഈമിന്റേതായി 'ദഅ്‌വത്തി'ല്‍ വന്ന ലേഖനപരമ്പര ഇന്നും ആ ഗണത്തില്‍ ഒറ്റപ്പെട്ടതാണ്. പ്രാസ്ഥാനികമായ കൃത്യാന്തര ബാഹുല്യത്താല്‍ ആ പരമ്പര അപൂര്‍ണമായി അവസാനിച്ചു എന്നാണ് ഓര്‍മ. ഇടക്കാലത്ത് ദ്വിവര്‍ണങ്ങളില്‍, താരതമ്യേന മികച്ച അച്ചടിയില്‍ പുറത്തിറങ്ങിയ 'ദഅ്‌വത്ത്' വാരിക നിലവാരം പുലര്‍ത്തിയിരുന്നു. 'കുച്ച് യാദേന്‍ കുച്ച് ബാത്തേന്‍' എന്ന ശീര്‍ഷകത്തില്‍ മുഹമ്മദ് മുസ്‌ലിം സാഹിബ് അതില്‍ നല്ല വായനക്ഷമതയുള്ള പ്രതിവാരക്കുറിപ്പുകള്‍ എഴുതി. അവയില്‍ ചിലതിന്റെ സമാഹാരമാണ് 'സ്മരണകള്‍ സംഭവങ്ങള്‍' എന്ന ഐ.പിഎച്ച് കൃതി.
ഇസ്രയേല്‍ പ്രതിരോധമന്ത്രി മോഷെ ദയാന്‍, ജനതാ ഭരണകാലത്ത് പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ  ഓഫീസ് സന്ദര്‍ശിച്ചതിനെ കുറിച്ച് 'ദഅ്‌വത്തി'ല്‍ വന്ന ലേഖനം ഇന്നും  ഓര്‍മയില്‍ മായാതെ നില്‍ക്കുന്നു. ഇന്ത്യയില്‍ ആദ്യമായി കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ നിലവില്‍വന്ന സന്ദര്‍ഭം. ഇന്ത്യയുടെ  അസന്ദിഗ്ധമായ ഫലസ്വ്തീന്‍ അനുകൂല നിലപാട്  മാറ്റിയെടുക്കാന്‍ ഇസ്രയേല്‍ ഏറെ പണിപ്പെട്ടുകൊണ്ടിരുന്ന കാലം. ദയാന്‍ ദല്‍ഹിയിലെത്തി പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുമായി  സംഭാഷണം നടത്തി. സന്ദര്‍ശനം അതീവ രഹസ്യമായിരുന്നതിനാല്‍ കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല. പിന്നീട് മാധ്യമവൃത്തങ്ങളില്‍നിന്ന് ചോര്‍ന്നുകിട്ടിയ സന്ദര്‍ശന വാര്‍ത്ത,  ഇന്ദിരാഗാന്ധി  ജനതാ സര്‍ക്കാരിനും മൊറാര്‍ജി ദേശായിക്കുമെതിരെ വമ്പിച്ച പ്രചാരണായുധമാക്കി. ഇന്ത്യ അതിന്റെ പ്രഖ്യാപിത പശ്ചിമേഷ്യാ നിലപാടില്‍നിന്ന്  മാറാന്‍ ശ്രമിക്കുന്നു എന്നായിരുന്നു മുഖ്യ ആരോപണം. പ്രധാനമന്ത്രി മൊറാര്‍ജി ദേശായി മൗനം പാലിച്ചു. 
മാസങ്ങള്‍ക്കു ശേഷം 'ദഅ്വത്ത്' വാരിക  ഇതുസംബന്ധമായ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ലേഖനം പ്രസിദ്ധീകരിച്ചു. അപ്പോഴേക്കും  പ്രസിദ്ധീകൃതമായ മോഷെ ദയാന്റെ 'മൈ സ്റ്റോറി' എന്ന ആത്മകഥയെ ഉപജീവിച്ചായിരുന്നു പ്രസ്തുത ലേഖനം. ദയാന്‍ തന്റെ ദല്‍ഹി സന്ദര്‍ശനാനുഭവങ്ങള്‍ ആത്മകഥയില്‍ വ്യക്തമായി പരാമര്‍ശിച്ചിരുന്നു. ലണ്ടനിലെ ചില ഇന്ത്യന്‍ വ്യവസായികളുടെ  സഹായത്താലാണ് താന്‍ ദല്‍ഹിയിലെത്തിയതെന്ന് ദയാന്‍ എഴുതി. പ്രധാനമന്ത്രി ആദ്യം കൂടിക്കാഴ്ച അനുവദിച്ചതേയില്ല. അവഗണിക്കാനാവാത്ത ചില സമ്മര്‍ദങ്ങളാലാണ് ദയാന് മൊറാര്‍ജിയുടെ ഓഫീസിലെത്താന്‍ അനുമതി ലഭിച്ചത്. പ്രധാനമന്ത്രിയുടെ പെരുമാറ്റവും അദ്ദേഹത്തിന്റെ അതീവലളിതമായ ഓഫീസും ദയാനെ അത്ഭുതപ്പെടുത്തി. സംഭാഷണത്തിനു നില്‍ക്കാതെ 'താങ്കളുടെ ഈ സന്ദര്‍ശനം പുറത്തറിയുന്നതു തന്നെ  തന്റെ ഗവണ്‍മെന്റിന് ഭീഷണിയാണെന്നും, ഇസ്രയേല്‍ അന്യായമായി കൈയടക്കിയ പ്രദേശങ്ങളില്‍നിന്ന്  പൂര്‍ണമായി പിന്മാറണമെന്നാണ് ഇന്ത്യയുടെ ഉറച്ച നിലപാടെന്നും പറഞ്ഞ്' അദ്ദേഹം സംസാരം അവസാനിപ്പിച്ചു.
ദഅ്‌വത്തില്‍ അല്ലാതെ മറ്റൊരു പത്രത്തിലും  ഈ വാര്‍ത്ത വായിച്ചതായി ഓര്‍ക്കുന്നില്ല. അവര്‍ക്കൊക്കെ  മൊറാര്‍ജിയുടെ 'മൂത്രചികിത്സ'യെ കുറിച്ചാണ് ഏറെ പറയാനുണ്ടായിരുന്നത്. ഇന്നത്തെ അവസ്ഥയില്‍  ഈ സംഭവം തികച്ചും കൗതുകകരമല്ലേ?

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (25-26)
ടി.കെ ഉബൈദ്‌