Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 04

3120

1441 സഫര്‍ 04

ആ സ്ഥാപനങ്ങള്‍ പിറവിയെടുത്തത് ഇങ്ങനെ

എം.വി മുഹമ്മദ് സലീം

ജീവിതം-9 

ഖത്തറില്‍ കപ്പലിറങ്ങിയ നാള്‍ മുതല്‍ വാച്ച് മേക്കര്‍ അബ്ദുല്‍ മജീദ് സാഹിബുമായി അടുത്ത ബന്ധമായിരുന്നു. അദ്ദേഹത്തിന്റെ വൈജ്ഞാനിക നിലവാരവും ഇസ്‌ലാമിക കാഴ്ചപ്പാടും എന്നെ ഹഠാദാകര്‍ഷിച്ചു. ഞങ്ങള്‍ക്ക് ഉച്ചവരെ മാത്രമേ ക്ലാസ്സുള്ളൂ. അസ്വ്ര്‍ നമസ്‌കാര ശേഷം ഏതാണ്ട് അര മണിക്കൂര്‍ നടന്നാല്‍ മജീദ് സാഹിബിന്റെ സ്വിസ്് വാച്ച് ഹൗസില്‍ എത്തും. സ്വിറ്റ്‌സര്‍ലാന്റിന്റെ അറബിപ്പേര് അവിടെ നിന്നാണ് ആദ്യം മനസ്സിലാക്കിയത്. ഒരു കാലത്ത് റിസ്റ്റ് വാച്ചുകള്‍ ആ നാടിന്റെ കുത്തകയായിരുന്നു. 'സൂയസ്‌റാ' എന്നാണ് അറബിയില്‍. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെല്ലാം അറബിപ്പേര് വേറെയുണ്ട്. ഇംഗ്ലീഷ് പേരുമായി അവയില്‍ അധികപേരിനും ബന്ധമില്ല. ആസ്ട്രിയ (നിംസാ), ഹങ്കറി (മജര്‍), ജര്‍മനി (അല്‍മാനിയ), സ്‌പെയിന്‍ (അന്തുലുസ്). ഇങ്ങനെ ധാരാളം ഉദാഹരണങ്ങള്‍. അന്നത്തെ ഏറ്റവും വിലകൂടിയ വാച്ച് റോളക്‌സ് കമ്പനിയുടേതായിരുന്നു. അവ തുറന്ന് സര്‍വീസ് നടത്താന്‍ പ്രത്യേകം ഉപകരണങ്ങള്‍ വേണം. വിലപിടിച്ച അത്തരം ഉപകരണങ്ങളെല്ലാം  മജീദ് സാഹിബിന്റെ ശേഖരത്തില്‍ ഉണ്ടായിരുന്നു. വിശ്വസ്തതക്കും നൈപുണിക്കും പേരുകേട്ട റിപ്പയര്‍ ഹൗസ് ആയിരുന്നു സ്വിസ് വാച്ച് ഹൗസ്. സത്യസന്ധനും വിശ്വസ്തനുമായ കച്ചവടക്കാരന്‍ പ്രവാചകന്മാര്‍, പുണ്യവാന്മാര്‍, രക്തസാക്ഷികള്‍ എന്നിവരോടൊപ്പമാണ് എന്ന പ്രവാചക വചനം ഓര്‍ത്തുകൊണ്ടാണ് അദ്ദേഹം കച്ചവടം നടത്തിയിരുന്നത്.
സ്വിസ്് വാച്ച് ഹൗസില്‍ ധാരാളം വിജ്ഞരായ അറബികള്‍ വരും. അവരുമായി പരിചയപ്പെടാന്‍ മജീദ് സാഹിബ് കളമൊരുക്കും. പിന്നെ ആകാശത്തിനു കീഴിലുള്ള എന്ത് വിഷയവും ചര്‍ച്ച ചെയ്യും. ശുദ്ധ അറബിയില്‍ അനറബികള്‍ സംസാരിക്കുന്നത് ഭാഷാസ്‌നേഹികള്‍ക്ക് വലിയ കൗതുകമാണ്. വിശുദ്ധ ഖുര്‍ആനിന്റെ ഭാഷ പഠിച്ചതാണ് എന്നാണവരുടെ പ്രതികരണം. 
സ്വന്തം അധ്വാനത്തിലൂടെ അറബി ഭാഷയും ഇംഗ്ലീഷും ഉര്‍ദുവും മജീദ് സാഹിബ് നന്നായി വശത്താക്കിയിരുന്നു. സിലോണിലും മദിരാശിയിലും വാച്ച് റിപ്പയര്‍ ജോലി ചെയ്തിരുന്നതിനാല്‍ തമിഴും നന്നായറിയാം. ഈ ബഹുഭാഷാ പാണ്ഡിത്യവും സംസാര വൈഭവവും അദ്ദേഹത്തെ വ്യതിരിക്തനാക്കി. ഇസ്‌ലാമിക പ്രസ്ഥാനവുമായി നേരത്തേ ബന്ധപ്പെടുകയും പല നേതാക്കളുമായും അടുത്തിടപെടുകയും ചെയ്ത വ്യക്തിത്വമായിരുന്നു അദ്ദേഹം.
വരുമാനമാര്‍ഗം വാച്ച് റിപ്പയറിംഗ് ആയതിനാല്‍ ഷോപ്പില്‍ അധിക സമയവും കഴിച്ചുകൂട്ടാന്‍ അദ്ദേഹം നിര്‍ബന്ധിതനായിരുന്നു. അതിനാല്‍ അദ്ദേഹത്തെ കാണാന്‍ ഷോപ്പില്‍ ചെല്ലുകയാണ് പതിവ്. ജോലി ചെയ്യുമ്പോള്‍ തന്നെ പല പ്രധാന വിഷയങ്ങളും അദ്ദേഹം ചര്‍ച്ച ചെയ്യും. ഖത്തറില്‍ മലയാളികള്‍ക്ക് മദ്‌റസ ഉണ്ടായിരുന്നില്ല. മജീദ് സാഹിബ് മുന്‍കൈയെടുത്ത് അദ്ദേഹത്തിന്റെ മകന്‍ ഫൈസല്‍ അടക്കം പത്തു പന്ത്രണ്ട് മലയാളി കുട്ടികള്‍ക്ക് ഒരു മദ്‌റസ ഏര്‍പ്പാട് ചെയ്തു. ഒരു വര്‍ഷം ഞാന്‍ അത് നടത്തി. ഖുര്‍ആന്‍ പാരായണം പഠിപ്പിക്കാനാണ് അന്ന് ശ്രദ്ധിച്ചത്.
പല പ്രശ്‌നങ്ങളിലും ഞങ്ങള്‍ പരസ്പരം കൂടിയാലോചിക്കും. എന്റെ വൈദ്യശാസ്ത്രജ്ഞാനം ചര്‍ച്ചയായപ്പോള്‍ ഹോമിയോപ്പതിയുടെ ഈറ്റില്ലമായ ജര്‍മനിയില്‍നിന്ന് ഹോമിയോ മരുന്ന് വരുത്താന്‍ ഏര്‍പ്പാട് ചെയ്തു. ഹാജി അലിയെന്ന പേരില്‍ ഒരു പാക് പൗരന്‍ മജീദ് സാഹിബിന്റെ അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹം ഹോമിയോ മരുന്നുപയോഗിച്ച് പലരെയും ചികിത്സിച്ചു. ഞങ്ങളുമായുള്ള സഹവാസത്തിലൂടെ അവസാനം മജീദ് സാഹിബും ഹോമിയോ ചികിത്സ പഠിച്ച് അതില്‍ നൈപുണി നേടി. ആധുനിക ശാസ്ത്ര സത്യങ്ങള്‍ ഇസ്‌ലാമിക പ്രബോധനത്തിന് പ്രയോജനപ്പെടുത്താനായി അന്ന് ലഭ്യമായ ഏറ്റവും നല്ല വീഡിയോ റെക്കോര്‍ഡറും വര്‍ഷങ്ങളായി ശേഖരിച്ചുവെച്ച ടി.വി ഫിലിമുകളും അദ്ദേഹം എന്നെ കാണിച്ചു. എന്നാല്‍ ഐ.ടി രംഗത്തുണ്ടായ  വിപ്ലവത്തിന്റെ വേഗതയില്‍ അവയൊന്നും ഉദ്ദേശിച്ചപോലെ പ്രയോജനപ്പെടുത്താന്‍ അദ്ദേഹത്തിനു സാധിച്ചില്ല.
പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍  മൗനമായി പണിയെടുക്കുന്ന വ്യക്തിയായിരുന്നു മജീദ് സാഹിബ്. അദ്ദേഹത്തിന്റെ പരിചയത്തില്‍ ഉന്നതരായ പല അറബികളും ഉണ്ടായിരുന്നു. അവരിലെ ഇസ് ലാമിക പ്രവര്‍ത്തകരുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇത്തരം ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തകരുടെ പല സങ്കീര്‍ണ പ്രശ്‌നങ്ങളിലും ഞങ്ങള്‍ ഒന്നിച്ചു നീങ്ങി പരിഹാരം കണ്ടെത്തിയിട്ടുണ്ട്.
മധ്യകേരളത്തില്‍ ഒരു ഉന്നത ഇസ്‌ലാമിക കലാലയം മജീദ് സാഹിബിന്റെ സ്വപ്‌നമായിരുന്നു. അലീഗഢിന് തുല്യമായ ഒരു സ്ഥാപനം. ഞങ്ങള്‍ ഈ ആശയം പലപ്പോഴും വിശദമായി ചര്‍ച്ച ചെയ്തു. സ്വപ്‌ന സ്ഥാപനത്തില്‍ ഒരു പ്രധാന റോള്‍ ഏറ്റെടുക്കാന്‍ എന്നെ ഇടക്കിടെ പ്രേരിപ്പിക്കും. ഞാന്‍ വിരോധമൊന്നും പറയില്ല. ഖത്തറിനു പുറമെ ദുൈബയിലും അറബികളുമായി നല്ല ബന്ധമായിരുന്നു അദ്ദേഹത്തിന്. ബിസിനസ്സ് ആവശ്യാര്‍ഥം ദുബൈയില്‍ പോകുമ്പോഴെല്ലാം ചില ഉദാര വ്യക്തിത്വങ്ങളെ അദ്ദേഹം സന്ദര്‍ശിക്കും. ഈ ബന്ധങ്ങളെല്ലാം തന്റെ സ്വപ്‌ന പദ്ധതിക്ക് മുതല്‍ക്കൂട്ടായി അദ്ദേഹം കരുതിവെച്ചു. 
ഒരു തവണ നാട്ടില്‍ പോയി വന്നപ്പോള്‍ ചില പ്രധാന കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നു പറഞ്ഞ് എന്നെ വിളിച്ചു. തന്റെ പദ്ധതിക്ക് നാലേക്കറോളം സ്ഥലം വഖ്ഫ് ചെയ്ത് ഒരു ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അത്തവണ നാട്ടില്‍നിന്ന് തിരിച്ചുവന്നത്. ട്രസ്റ്റിന്റെ ഭാരവാഹികളില്‍ ജമാഅത്തിന്റെ പ്രധാന നേതാക്കളെല്ലാം ഉണ്ട്. എന്റെ പേരും ചേര്‍ത്തിരിക്കുന്നു. മര്‍ഹൂം അബുല്‍ ജലാല്‍ മൗലവിയാണ് ട്രസ്റ്റ് ചെയര്‍മാന്‍. തന്റെ മക്കളില്‍ സാമര്‍ഥ്യം കുറഞ്ഞ അന്‍സാരിയുടെ പേരിലാണ് ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തത് (അന്‍സാരി ചാരിറ്റബ്ള്‍ ട്രസ്റ്റ്). വന്ദ്യഗുരു ശൈഖ് അബ്ദുല്‍ മുഇസ്സ് പേരില്‍ ഒരു തിരുത്ത് നിര്‍ദേശിച്ചു, അന്‍സാര്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് എന്നാക്കി. അങ്ങനെ  സ്ഥാപനം റെക്കോര്‍ഡുകളില്‍ അന്‍സാരിയും പ്രയോഗത്തില്‍ അന്‍സാറുമായി. 
മുസ്‌ലിം മാനേജ്‌മെന്റിനു കീഴില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വളരെ വിരളമായിരുന്നു. ഈ വിടവ് നികത്തിക്കൊണ്ട് നമ്മുടെ വൈജ്ഞാനിക സംരംഭം തുടങ്ങാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. വഖ്ഫ് ചെയ്ത സ്ഥലം മെയിന്‍ റോഡില്‍നിന്ന് കുറേ ഉള്ളിലാണ്. അതിനാല്‍ ഒരു തവണ നാട്ടില്‍ പോയി വന്നപ്പോള്‍ ദേശീയപാതയില്‍ സ്‌കൂളിന് ആവശ്യമായ സ്ഥലം വാങ്ങിയ ശേഷമാണ് അദ്ദേഹം തിരിച്ചുവന്നത്. എന്നാല്‍  ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്  പ്രതീക്ഷിച്ചതിലേറെ സ്ഥലവും അധ്വാനവും പണവും വേണ്ടിവന്നു. വിദ്യാര്‍ഥികളുടെ തള്ളു കാരണം  ഓരോ ക്ലാസിനും രണ്ടും മൂന്നും ഡിവിഷനുകള്‍ ഉണ്ടായി. ഓരോ വര്‍ഷവും അടുത്ത വര്‍ഷത്തേക്കുള്ള ക്ലാസ് റൂമുകള്‍ തയാറാക്കാന്‍ തന്നെ നന്നേ പാടുപെട്ടു. ഉന്നത കലാലയ സ്വപ്‌നം ഉന്നത നിലവാരമുള്ള ഒരു സെക്കന്ററി സ്‌കൂളില്‍ തടഞ്ഞുനിന്നു. 
ദേശീയ പാതയുടെ തൊട്ടു വക്കിലുള്ള ഭാഗം അന്ന് കിട്ടിയില്ല. ശേഖരിച്ച ഫണ്ട് തീര്‍ന്നുപോയിരുന്നു. പ്രദേശത്തെ പ്രമുഖരും നിസ്വാര്‍ഥരുമായ ചില വ്യക്തികള്‍ ഉണ്ടായിരുന്നു ട്രസ്റ്റില്‍. അവരുടെയെല്ലാം പരിശ്രമഫലമായി റോഡ് വക്കിലുള്ള സ്ഥലം കൂടി കച്ചവടം ചെയ്തു. ഉടമ ഗള്‍ഫില്‍നിന്ന് ലീവില്‍ വന്നതായിരുന്നതിനാല്‍ ഒരു മാസത്തിനുള്ളില്‍ വില ഒടുക്കാനായിരുന്നു തീരുമാനം. ഞങ്ങള്‍ രണ്ടു പേരും അല്ലാഹുവില്‍ ഭരമേല്‍പിച്ച് ശൈഖ് അബ്ദുല്‍ മുഇസ്സിനെ ചെന്നു കണ്ടു വിവരമറിയിച്ചു.  ലക്ഷങ്ങള്‍ കടമായി തരുന്ന ഒരാളെ കണ്ടെത്തണം. അദ്ദേഹം  താല്‍പര്യപൂര്‍വം പരിശ്രമിച്ചു. ഒരു ഉദാര വ്യക്തിത്വം പണം കടമായി തന്നു. ആറു മാസം അവധി തന്നു. അവധി എത്താറായപ്പോള്‍ അദ്ദേഹം ശൈഖിനെ വിളിച്ചു  കടം ദാനമായി കണക്കാക്കാന്‍ പറഞ്ഞു (അല്ലാഹു അദ്ദേഹത്തെ ധാരാളം പ്രതിഫലം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ). ഇങ്ങനെ പലരില്‍നിന്നായി ശേഖരിച്ച മൂലധനം കൊണ്ട്  ഏതാണ്ട് പതിനാല് ഏക്കര്‍ സ്ഥലം സ്ഥാപനത്തിനായി സ്വന്തമാക്കി. 
ഖത്തറിലെ അന്നത്തെ ആഭ്യന്തരമന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഹമദ് ഉദാരമായി സഹായിക്കുന്ന വ്യക്തിത്വമായിരുന്നു. അന്‍സാറില്‍  അനാഥാലയം പ്രത്യേക രൂപത്തില്‍ നിര്‍മിക്കാനുള്ള ഞങ്ങളുടെ പദ്ധതി അദ്ദേഹത്തിന് വിശദമായി എഴുതിക്കൊടുത്തു. അനാഥകളെ സമൂഹത്തില്‍നിന്ന് ഒറ്റപ്പെടുത്തുന്ന രീതി മാറ്റി, മറ്റു വിദ്യാര്‍ഥികളുമായി ഇടകലര്‍ന്ന് അഭിമാനത്തോടെ ജീവിക്കാന്‍ സഹായിക്കുക എന്നതായിരുന്നു ഒരു നവീകരണം. ഉന്നത വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ അനാഥകളെ സഹായിക്കുക എന്നത് മറ്റൊരു നവീകരണം. പ്രസ്തുത പദ്ധതി പൂര്‍ണമായി ശൈഖ് ഏറ്റെടുത്തു.  
കാമ്പസില്‍ ഒരു വലിയ ജുമാ മസ്ജിദ് അനിവാര്യമായിരുന്നു. ഞങ്ങള്‍ ഖത്തറിലെ ശൈഖ് ഖാലിദ് ബ്ന്‍ ഹസന്‍ ആല്‍ഥാനിയെ സമീപിച്ചു. പള്ളിക്ക് ഞങ്ങള്‍ കണക്കാക്കിയ മുഴുവന്‍ സംഖ്യയും അദ്ദേഹം നല്‍കി. ശൈഖ് അബ്ദുല്ലാ അന്‍സാരി മുഖേനയാണ് ഞങ്ങള്‍ സംഖ്യ സ്വീകരിച്ചത്. 
മര്‍ഹൂം അരിസോണ അയമ്മു സാഹിബ് സ്ഥാപനത്തിനടുത്ത് അദ്ദേഹം താമസിച്ചിരുന്ന സ്ഥലത്തു നിന്ന് ഒരേക്കര്‍ മജീദ് സാഹിബിനും മറ്റൊരേക്കര്‍ അബുല്‍ ജലാല്‍ മൗലവിക്കും നല്‍കി. ദീര്‍ഘ അവധിക്കായിരുന്നു വില്‍പന. അവര്‍ രണ്ടു പേരും പെരുമ്പിലാവില്‍ വീടും വെച്ച് താമസിച്ചു. മൗലവി സ്ഥാപനത്തിന്റെ സമീപത്തുണ്ടായത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകമായി. 
ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഒരു അനാഥശാല, വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യാനും ഹൃദിസ്ഥമാക്കാനും ഒരു സ്ഥാപനം, വിദൂര വിദ്യാഭ്യാസത്തിലൂടെ പോസ്റ്റ് ഗ്രാജുവേഷന്‍ വരെ നേടാനുള്ള സൗകര്യം, കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ അംഗീകാരമുള്ള പ്രധാന ഡിഗ്രി കോഴ്‌സുകള്‍, കമ്പ്യൂട്ടര്‍ വിജ്ഞാനത്തില്‍ വൈദഗ്ധ്യം നേടാനുള്ള  കലാലയം, അധ്യാപന പരിശീലന കലാലയം എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു വലിയ വിദ്യാഭ്യാസ സമുച്ചയമായി ഇന്ന് അന്‍സാര്‍ തലയുയര്‍ത്തിനില്‍ക്കുന്നു. ആധുനിക സൗകര്യങ്ങളുള്ള ഹോസ്റ്റല്‍ സംവിധാനം പഠിതാക്കളെ ഇസ്‌ലാമിക സംസ്‌കാരത്തില്‍ വളര്‍ത്തിയെടുക്കാന്‍ സഹായകമാണ്. വന്ദ്യഗുരു മര്‍ഹും അബുല്‍ ജലാല്‍ മൗലവിയുടെ  ദീര്‍ഘദൃഷ്ടിയുടെ ഫലമായി  ആതുരസേവനത്തിനുള്ള ഒരു നല്ല ആശുപത്രിയും മനോരോഗ ചികിത്സാ കേന്ദ്രവും ബുദ്ധിപരമായ വളര്‍ച്ച കുറഞ്ഞ കുട്ടികള്‍ക്കുള്ള സ്‌പെഷ്യല്‍ സ്‌കൂളും ഇപ്പോള്‍ അന്‍സാറിന്റെ കീഴില്‍ നടക്കുന്നു. ആശുപത്രിയുടെ വളര്‍ച്ചയില്‍ സൈക്കോ മുഹമ്മദ് സാഹിബിന്റെ കലവറയില്ലാത്ത സേവനസന്നദ്ധത നിസ്തുലമായ പങ്കു വഹിച്ചിട്ടുണ്ട് (അന്‍സാറിന്റെ മഹാന്മാരായ സ്ഥാപകര്‍ നമ്മെ വിട്ട്  അല്ലാഹുവിലേക്ക് യാത്രയായി. കരുണാനിധിയായ അല്ലാഹു അവരുടെ സുകൃതങ്ങള്‍ സ്വീകരിച്ച് ധാരാളമായി പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ. സ്വര്‍ഗത്തില്‍ അവരോടൊപ്പം നമ്മെയും ഒരുമിച്ചു കൂട്ടുമാറാകട്ടെ).
മര്‍ഹൂം കെ.എന്‍ അബ്ദുല്ല മൗലവി ഖത്തര്‍ സന്ദര്‍ശിക്കുന്ന സന്ദര്‍ഭം. വടകരയിലെ നമ്മുടെ പ്രവര്‍ത്തകര്‍ ശാന്തിനികേതന്‍ ട്രസ്റ്റിന്റെ പേരില്‍ ഒരു അറബിക് കോളേജും ജുമുഅത്ത് പള്ളിയും നിര്‍മിക്കാനായി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ആല്‍ഥാനിയുടെ സഹായം തേടി ചെന്നു. അബ്ദുല്ല മൗലവി നാട്ടില്‍നിന്ന് വന്ന പണ്ഡിതനാണെന്ന് പരിചയപ്പെടുത്തി. ഖത്തറില്‍ അവര്‍ക്ക് പരിചയമുള്ള ഒരാളുടെ പേര് ചോദിച്ചപ്പോള്‍  അവര്‍ക്ക് പെട്ടെന്ന് തോന്നിയത് എന്റെ പേരാണ്. എന്നെ കൂട്ടി ചെല്ലാന്‍ ശൈഖ് ആവശ്യപ്പെട്ടു. ഞാന്‍ പഠിക്കുന്ന കാലം മുതല്‍ അദ്ദേഹത്തിന് എന്നെ അറിയാം.  സുഊദി എംബസിയിലെ ഉദ്യോഗം ഏറ്റെടുത്ത  ശേഷം പ്രത്യേകിച്ചും.
വടകര താഴെ അങ്ങാടിയിലെ പള്ളിയും ശാന്തിനികേതന്‍ സ്‌കൂളും കോളേജും പണിയാന്‍ വേണ്ട സഹായം ശൈഖ് നല്‍കി. സംഖ്യ ബന്ധപ്പെട്ടവരെ ഏല്‍പിക്കുക, നിര്‍മാണ പ്രവര്‍ത്തനം നിരീക്ഷിക്കുക, പടമെടുത്ത് ദാതാവിനെ ബോധ്യപ്പെടുത്തുക എന്നതെല്ലാം എന്റെ ബാധ്യതയായിരുന്നു. സ്ഥാപനത്തിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാനും പഠിതാക്കള്‍ക്ക് പ്രചോദനം നല്‍കാനും എനിക്കവസരമുണ്ടായി. പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്ത് കൃത്യസമയത്ത് നിര്‍മാണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കിയതിനാല്‍ ശൈഖ് വളരെ സന്തുഷ്ടനായി. 
ഖത്തറില്‍ കപ്പല്‍ ഇറങ്ങിയപ്പോള്‍ ഞങ്ങളെ സ്വീകരിക്കാന്‍ ഉണ്ടായിരുന്ന മറ്റൊരു വ്യക്തിത്വമായിരുന്നു ദോഹ ഹോട്ടലിന്റെ ഉടമയായ കേളോത്ത് അബ്ദുല്ല ഹാജി. അന്ന് നമ്മുടെ പ്രവര്‍ത്തകരില്‍ സ്വന്തമായി വാഹനമുള്ള  വ്യക്തിയായിരുന്നു അദ്ദേഹം. അതിനാല്‍ ഞങ്ങള്‍ക്ക് ദൂരസ്ഥലങ്ങളില്‍ പോകാന്‍ അദ്ദേഹത്തിന്റെ സഹായം ലഭിച്ചുകൊണ്ടിരുന്നു. പത്തേമാരിയില്‍ ഖത്തറില്‍ വന്ന വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് ഖത്തറിന്റെ എല്ലാ മുക്കും മൂലയും അറിയാമായിരുന്നു. അറബി സംസാരഭാഷ കൈകാര്യം ചെയ്യാന്‍ അദ്ദേഹം കഴിവാര്‍ജിച്ചിരുന്നു. ഇസ്‌ലാമിക പ്രസ്ഥാനത്തിനു വേണ്ടി എത്ര സമയം ചെലവഴിക്കാനും അദ്ദേഹം ഒരുക്കമായിരുന്നു. ഖത്തറില്‍ പഠിക്കുന്ന കാലം മുതല്‍ അദ്ദേഹത്തിന്റെ സേവനം ഞങ്ങളില്‍ പലര്‍ക്കും ലഭിച്ചിട്ടുണ്ട്. നാട്ടില്‍നിന്ന് വിശിഷ്ടാതിഥികള്‍ വരുമ്പോള്‍ അവരുടെ കൂടെ പണ്ഡിതന്മാരെയും പണക്കാരെയും  സന്ദര്‍ശിക്കാന്‍ അബ്ദുല്ല ഹാജി വേണ്ട സഹായങ്ങള്‍ ചെയ്തു. എനിക്ക് വാഹനവും ലൈസന്‍സും ഉണ്ടായിരുന്നെങ്കിലും ദൂരദേശങ്ങളില്‍ വഴികാട്ടി ആവശ്യമായിരുന്നു.
മജീദ് സാഹിബ് വാഹനം ഓടിക്കുമായിരുന്നില്ല. അതിനാല്‍ അബ്ദുല്ല ഹാജിയുടെ സഹായം അദ്ദേഹത്തിനും അനിവാര്യമായിരുന്നു. നാട്ടില്‍ മജീദ് സാഹിബ് നിര്‍വഹിച്ച മഹദ് കൃത്യങ്ങളില്‍ അബ്ദുല്ല ഹാജിയുടെ ഗള്‍ഫില്‍നിന്നുള്ള സേവനത്തിന് അനിഷേധ്യമായ പങ്കുണ്ടായിരുന്നു. വൈജ്ഞാനിക മൂലധനം കുറവാണെങ്കിലും പ്രാസ്ഥാനിക ആവേശത്തില്‍ അദ്ദേഹം ഞങ്ങളെയെല്ലാം പിന്നിലാക്കി. 1973-ലെ അറബ്-ഇസ്രയേല്‍ യുദ്ധകാലത്ത് അതിന്റെ  ദൃശ്യങ്ങള്‍ അപ്പപ്പോള്‍ കാണാന്‍ വേണ്ടി ഞാനൊരു ബ്ലാക്ക് ആന്റ് വൈറ്റ്  ടെലിവിഷന്‍ വാങ്ങി. ഞാനും അബ്ദുല്ല ഹാജിയും ഒന്നിച്ചിരുന്നാണ് വാര്‍ത്ത കേള്‍ക്കുകയും കാണുകയും ചെയ്യുക. ആദ്യം യുദ്ധം ജയിച്ച ഈജിപ്ത് പിന്നീട് അമ്പേ പരാജയപ്പെടുകയാണുണ്ടായത്. അതിനാല്‍ ഞങ്ങള്‍ക്ക്  ടി.വി കാണാനുള്ള  ആവേശം കെട്ടടങ്ങി. കേരളത്തില്‍ ഞാനും മജീദ് സാഹിബും ചേര്‍ന്ന് നിര്‍വഹിക്കുന്ന എല്ലാ നല്ല കാര്യങ്ങളിലും  അബ്ദുല്ല ഹാജിയുടെ  സഹായം ഉണ്ടായിരുന്നു. വളരെ അടുത്തറിഞ്ഞ് പരസ്പരം സ്‌നേഹിച്ച് കഴിഞ്ഞുകൂടിയ ഞങ്ങളുടെ  സൗഹൃദം അബ്ദുല്ല ഹാജിയുടെ വിയോഗം വരെ നിലനിന്നു.
എറണാകുളത്തെ മദീന മസ്ജിദ് നിര്‍മാണം ജനാബ് ഹാശിം ഹാജി ഒരഭിമാനപ്രശ്‌നമായി ഏറ്റെടുത്തു. നാട്ടില്‍നിന്നുള്ള ധനശേഖരണം പള്ളിക്കു വേണ്ട വിലപ്പെട്ട ഭൂമി വാങ്ങാന്‍ മതിയാകാതെ വന്നു. അങ്ങനെയാണ് അദ്ദേഹം ധനശേഖരണാര്‍ഥം ഖത്തറില്‍ വന്നത്. ഭൂമി വാങ്ങുന്നത് സാധാരണ പള്ളി നിര്‍മാണത്തിന്റെ ഭാഗമായി പലരും മനസ്സിലാക്കാറില്ല. അതിനാല്‍ അടുത്ത പരിചയമുള്ള ചില സുഹൃത്തുക്കളെ മാത്രമേ അതിനു വേണ്ടി സമീപിക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഞങ്ങള്‍ രണ്ടു പേരും ശൈഖ്  ജബര്‍ ബിന്‍ മുഹമ്മദ് ആല്‍ഥാനിയെ ചെന്നു കണ്ടു. പള്ളിക്കു വേണ്ട ഭൂമിയുടെ വില അദ്ദേഹം തരാമെന്നേറ്റു. പല തവണയായി തരാനായിരുന്നു തീരുമാനം. മാസം തോറും ഞാന്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ പോയി സംഖ്യ വാങ്ങി നാട്ടിലേക്കയച്ചു. അവസാനത്തെ ഒന്നോ രണ്ടോ ഗഡു ലഭിച്ചില്ല. ഗുമസ്തന്‍ അഹ്മദ് കാമില്‍ തുടര്‍ന്നു തരാന്‍ പ്രയാസമുണ്ടെന്ന് അറിയിക്കുകയായിരുന്നു. മറ്റു പല ഉദാര വ്യക്തികളുടെയും സഹായത്തോടെ ഹാശിം ഹാജി പള്ളിനിര്‍മാണം ഭംഗിയായി പൂര്‍ത്തീകരിച്ചു.
വണ്ടൂര്‍ വനിതാ ഇസ്‌ലാമിയാ കോളേജിന്റെ വികസനാര്‍ഥം മര്‍ഹൂം പി.കെ ഇബ്‌റാഹീം മൗലവി ഖത്തറില്‍ എത്തി. കോളേജ് ബില്‍ഡിംഗിന് ഒരു പുതിയ വിംഗ് പണി തീര്‍ക്കാന്‍ ആവശ്യമായ പണം ശേഖരിക്കാന്‍ അദ്ദേഹത്തെ സഹായിച്ചു. പരേതനായ ശൈഖ് അബ് ദുല്ല ബിന്‍ സൈദ് ആല്‍മഹ്മൂദ്  വനിതാ കോളേജിന്റെ വിഷയത്തില്‍ പ്രത്യേകം താല്‍പര്യം കാണിച്ചു.
ഹരിപ്പാട് അല്‍ ഹുദാ ആശുപത്രിയുടെ വിപുലീകരണാര്‍ഥം ഡോക്ടര്‍ ബശീര്‍ ഖത്തര്‍ സന്ദര്‍ശിച്ചു. തെക്കന്‍ കേരളത്തിലേക്ക് സഹായധനം ലഭിച്ച ഒരു പ്രധാന പ്രോജക്ട് ആയിരുന്നു അല്‍ഹുദാ ഹോസ്പിറ്റല്‍. തുടര്‍ച്ചയായി സന്ദര്‍ശനം നടത്തി പദ്ധതി നല്ലനിലയില്‍ പൂര്‍ത്തിയാക്കാന്‍ ഡോക്ടര്‍ ബശീറിന് സാധിച്ചു. 
ചാവക്കാട്ടുകാരന്‍ ഈസക്കുട്ടി ഹാജി ഒരു നല്ല അഭ്യാസിയായിരുന്നു. ഇസ്‌ലാമിക പ്രവര്‍ത്തകര്‍ യോഗാസനം നന്നായി പരിശീലിക്കണം എന്ന് അദ്ദേഹം പറയുമായിരുന്നു. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി. അദ്ദേഹത്തിന്റെ കൂടെ വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍  ജോലിചെയ്യുന്ന ബോംബെ സ്വദേശിയായ ശംസുദ്ദീന്‍ സാഹിബ് ഒരു ഇടപാടില്‍ കുടുങ്ങി നില്‍ക്കുകയായിരുന്നു. ഒരു വലിയ സംഖ്യ കടമായി വാങ്ങിയ സുഹൃത്ത് അത് തിരിച്ചുകൊടുക്കാതെ കഷ്ടപ്പെടുത്തി. സംഭവം വിശദമായി അറബിയില്‍ എഴുതി ശരീഅത്ത് കോടതിയില്‍ കൊടുക്കാനായി ശംസുദ്ദീന്‍ സാഹിബിനെ ഏല്‍പ്പിച്ചു. ഒരാഴ്ച കൊണ്ട് അദ്ദേഹത്തിന്റെ പണം തിരിച്ചുകൊടുക്കാന്‍ വിധിയായി. ശരീഅത്ത്  കോടതിയുടെ വേഗതയും നിഷ്ഠയും അദ്ദേഹത്തെ ഹഠാദാകര്‍ഷിച്ചു. അറബി ഭാഷ വശമില്ലാത്ത അനേകം സുഹൃത്തുക്കള്‍ പ്രശ്‌നപരിഹാരത്തിന് ഖത്തറില്‍ ഞങ്ങളുടെ സാന്നിധ്യം പ്രയോജനപ്പെടുത്തുക പതിവായിരുന്നു. 
 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (25-26)
ടി.കെ ഉബൈദ്‌