Prabodhanm Weekly

Pages

Search

2019 സെപ്റ്റംബര്‍ 27

3119

1441 മുഹര്‍റം 27

ഓരോ പ്രഭാതത്തിലും അക്രമമല്ലാതെ പ്രതീക്ഷിക്കാനില്ലാത്തവര്‍

മെഹദ് മഖ്ബൂല്‍

സിറിയന്‍ കവി മുഹമ്മദ് മാഗൂത്തിന്റെ ഒരു കവിത ഇങ്ങനെയാണ്:
അവര്‍ ഞങ്ങള്‍ക്ക് ഘടികാരം തന്നു, 
പക്ഷേ സമയം അപഹരിച്ചു
പാദുകം തന്നു, പാതകളെടുത്തു.
പാര്‍ലമെന്റ് തന്നു, സ്വാതന്ത്ര്യം എടുത്തു
കളിക്കളം തന്നു, ആഘോഷങ്ങളെടുത്തു
പാല് തന്നു, കുട്ടിക്കാലമെടുത്തു
വളം തന്നു, വസന്തമെടുത്തു.
രക്ഷാധികാരികളെ തന്നു, സുരക്ഷയെടുത്തു
വിമതരെ തന്നു, വിപ്ലവമെടുത്തു.
എന്തു കാര്യത്തിനാണ് തങ്ങളുടെ മണ്ണില്‍ യുദ്ധമിങ്ങനെ തിടംവെച്ചുകൊണ്ടേയിരിക്കുന്നത് എന്നു പോലും സിറിയക്കാര്‍ക്ക്  മനസ്സിലായിട്ടുണ്ടാകില്ല. ബശ്ശാറിനെതിരെ തുടങ്ങിയ പോരാട്ടം പിന്നെ അമേരിക്കയും റഷ്യയും ഇറാനും ഇറാഖും ഐ.എസും മറ്റനേകം വിമത ഗ്രൂപ്പുകളും ചേര്‍ന്ന് ആര് ആര്‍ക്കെതിരെ എന്ന് കൃത്യപ്പെടുത്താന്‍ പോലും സാധിക്കുന്നില്ല. എന്തിനെന്ന് തീര്‍ച്ചപ്പെടാത്ത യുദ്ധത്തില്‍ ലക്ഷക്കണക്കിന് പേരാണ് കഴിഞ്ഞ എട്ടൊമ്പത് വര്‍ഷങ്ങളിലായി മരിച്ചുവീണത്, അഭയാര്‍ഥികളായത്. 
സിറിയയിലെ റഖ സ്വദേശിയായ മര്‍വാന്‍ ഹിശാമിന്റെ 'ബ്രദേഴ്‌സ് ഓഫ് ദ ഗണ്‍' വായിക്കുമ്പോള്‍ യുദ്ധം ജീവിതം കെടുത്തിയ അനേകായിരങ്ങള്‍ നമുക്ക് മുന്നില്‍ വരിനില്‍ക്കും, അവരുടെ നോവുകളും ആവലാതികളും ബോധിപ്പിക്കും, ഓരോ ദിവസവും ഓരോ രൂപത്തില്‍ വികൃതമാകുന്ന സിറിയ കണ്ട് നാം നടുങ്ങും. 
തന്റെ സ്‌കൂള്‍ കാലവും കോളേജ് കാലവുമെല്ലാം മര്‍വാന്‍ പുസ്തകത്തില്‍ വിശദമാക്കുന്നുണ്ട്.
സ്‌കൂളില്‍ ദിവസവും അധ്യാപകന്‍ ചൊല്ലിക്കൊടുക്കുകയും കുട്ടികള്‍ ഏറ്റുചൊല്ലുകയും ചെയ്യുന്ന പ്രതിജ്ഞാ സൂക്തത്തിന്റെ അവസാനം ഇങ്ങനെയാണ്:
‘ഛൗൃ ഘലമറലൃ ളീൃല്‌ലൃ, ഇീാൃമറല ഒമളല്വ മഹ അമൈറ.' 
ഈ കാര്യം അറിഞ്ഞപ്പോള്‍ മര്‍വാന്റെ ഉപ്പ അവനോട് പറയുന്നുണ്ട,് ഹാഫിസുല്‍ അസദ് എന്ന് പറയുന്നതിനു പകരം പതുക്കെ മുഹമ്മദ്, ദ മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന് പറഞ്ഞാല്‍ മതിയെന്ന്. കുറച്ച് കഴിഞ്ഞപ്പോഴാണ് മര്‍വാന് മനസ്സിലായത്; അധികം വിദ്യാര്‍ഥികളും അധ്യാപകരുമൊക്കെ അങ്ങനെത്തന്നെയാണ് ചെയ്യുന്നത് എന്ന്. 
എല്ലായിടത്തും ഹാഫിസുല്‍ അസദിന്റെ ആധിപത്യമായിരുന്നു. ജനങ്ങള്‍ക്കെല്ലാം ഈ സ്വേഛാധിപത്യത്തോട് അടങ്ങാത്ത അമര്‍ഷമുണ്ടായിരുന്നു. 
പിന്നീടാണ് ബശ്ശാര്‍ അധികാരത്തിലെത്തുന്നത്. പുസ്തകത്തില്‍ പട്ടാളക്കാരന്‍ ഒരു സാധു മനുഷ്യനെ മര്‍ദിക്കുന്ന സംഭവം പറയുന്നുണ്ട്. ദുര്‍ബലനായ ആ മനുഷ്യനെ തല്ലിച്ചതച്ച് നിന്റെ ദൈവം ആരാണ് എന്ന് ചോദിക്കുകയാണ് ആ പട്ടാളക്കാരന്‍, അയാളെക്കൊണ്ട് ബശ്ശാര്‍ എന്ന് ഉത്തരം പറയിക്കുകയാണ്. 
ബശ്ശാറിന്റെ ഭരണം കൂടുതല്‍ ദുരിതം തീര്‍ക്കുകയും പല രാജ്യങ്ങളിലും വിപ്ലവവസന്തം ഉറവയെടുക്കുകയും ചെയ്തപ്പോള്‍ ബശ്ശാറിനെതിരെയും വിപ്ലവം രൂപപ്പെട്ടു. ആ പോരാട്ടത്തില്‍ മര്‍വാനും കൂട്ടുകാരന്‍ നാഇലുമെല്ലാം പങ്കെടുക്കുന്നുണ്ട്. നാഇലിനെ പട്ടാളം അറസ്റ്റു ചെയ്യുകയും  കുറച്ച് ദിവസങ്ങള്‍ക്കു ശേഷം വിട്ടയക്കുകയും ചെയ്യുന്നു. മതത്തോടൊന്നും വലിയ ആഭിമുഖ്യമില്ലാതിരുന്ന നാഇലിനെ പട്ടാളക്കാര്‍ ദൈവത്തെ നിന്ദിച്ച് സംസാരിക്കാന്‍ ബലം പ്രയോഗിക്കുന്നുണ്ട്. നാഇല്‍  പിന്നീടൊരു സമരപോരാട്ടത്തില്‍ വെച്ച്  കൊല്ലപ്പെടുകയാണ്.
പ്രക്ഷോഭങ്ങള്‍ ആകെ വഴിമാറുന്നതാണ് പിന്നെ കാണുന്നത്. അമേരിക്ക വിമതരെ സഹായിക്കുകയും റഷ്യയും ഇറാനും ഇറാഖും ബശ്ശാറിനെ സഹായിക്കുകയും റഖ ഐ.എസിന് കീഴടങ്ങുകയും ഓരോ സ്ഥലത്തും ഓരോ നിയമങ്ങള്‍ വരികയും ജനങ്ങള്‍ക്ക് എല്ലായിടത്തുനിന്നുമുള്ള ആക്രമണങ്ങള്‍ ഏല്‍ക്കേണ്ടിവരികയുമായിരുന്നു. 
മീതെ യുദ്ധവിമാനങ്ങള്‍ തീ തുപ്പുമ്പോള്‍ അക്ഷരം പഠിക്കുന്ന കുട്ടികള്‍ വായനക്കാരനെ നൊമ്പരപ്പെടുത്തും.
 മക്കക്കാരെ മദീനക്കാര്‍ സ്വീകരിച്ച പോലെയാണ് തങ്ങളെ ഉര്‍ദുഗാനും തുര്‍ക്കിയും സ്വീകരിച്ചതെന്നും മര്‍വാന്‍ പുസ്തകത്തിന്റെ അവസാന ഭാഗത്ത് പറയുന്നുണ്ട്. സ്വന്തം നാട്ടില്‍ തന്നെ എങ്ങനെ ജീവിക്കണം എന്ന് ഞങ്ങള്‍ക്ക് യാതൊരു പിടിയുമില്ലെന്നും നാട്ടില്‍ താമസിച്ചാല്‍  ലിബറല്‍, രാജ്യദ്രോഹി, ഐ.എസ് എന്നിങ്ങനെ മുദ്രകുത്തപ്പെടുമെന്നും നാടു വിട്ടാല്‍ ഭീരുവെന്ന് പരിഹസിക്കുമെന്നും വേദന കലര്‍ന്ന അക്ഷരത്തിലാണ് മര്‍വാന്‍ പങ്കുവെക്കുന്നത്. രാഷ്ട്രീയ സാക്ഷരതയുടെ കുറവാണ് ഞങ്ങള്‍ പരാജയപ്പെടാനുള്ള കാരണമെന്ന് മര്‍വാന്‍ പറയുന്നുണ്ട്. ഒരു പ്രഭാതത്തിലും അക്രമമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനില്ലാത്ത ഞങ്ങള്‍ മനുഷ്യരായല്ല, വെടിവെച്ചിടാനുള്ള അവയവങ്ങളായാണ് പരിഗണിക്കപ്പെടുന്നതെന്നും മര്‍വാന്‍ സങ്കടപ്പെടുന്നു. 
ചിത്രകാരിയായ മോളി ക്രബാപ്പഌമായി ചേര്‍ന്നാണ് മര്‍വാന്‍ ഈ ഓര്‍മപ്പുസ്തകം എഴുതിയിരിക്കുന്നത്. 
പ്രസാധനം- വണ്‍വേള്‍ഡ്, വില- 699

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (22-24)
ടി.കെ ഉബൈദ്‌