Prabodhanm Weekly

Pages

Search

2019 സെപ്റ്റംബര്‍ 27

3119

1441 മുഹര്‍റം 27

കെ.എ റസാഖ് മാസ്റ്റര്‍ കിനാലൂര്‍

സിദ്ദീഖ് കിനാലൂര്‍

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഏരിയയിലും കിനാലൂര്‍ പ്രദേശത്തും പ്രസ്ഥാന വളര്‍ച്ചയില്‍ നേതൃപരമായ പങ്കുവഹിച്ച വ്യക്തിയായിരുന്നു കിനാലൂര്‍ റസാഖ് സാഹിബ്. അരനൂറ്റാണ്ട് നീണ്ടുനിന്ന അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനങ്ങള്‍ പ്രസ്ഥാനത്തിന് വലിയ മുതല്‍ക്കൂട്ടായിരുന്നു.
പതിനേഴാം വയസ്സില്‍ കിനാലൂര്‍ പോലുള്ള വലിയ ഒരു സുന്നി മഹല്ലിന്റെ സെക്രട്ടറിയായിക്കൊണ്ടായിരുന്നു ദീനീ പ്രവര്‍ത്തനത്തിന്റെ തുടക്കം. സജീവ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന അദ്ദേഹം അതിന്റെ സംസ്ഥാന സമിതി വരെ എത്തിയിരുന്നു. അദ്ദേഹത്തിന്റെ ഒപ്പമുായിരുന്ന പല സഹപ്രവര്‍ത്തകരും എം.എല്‍.എയും മന്ത്രിയുമൊക്കെ ആയിട്ടുണ്ട്. തനിക്കു ലഭിക്കാന്‍ പോകുന്ന വലിയ സ്ഥാനമാനങ്ങള്‍ വലിച്ചെറിഞ്ഞാണ് അദ്ദേഹം ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വിളിക്ക് ഉത്തരം നല്‍കിയത്.
ദഅ്‌വത്ത് നഗര്‍ സമ്മേളനത്തിനു മുമ്പ് തന്നെ പ്രസ്ഥാനത്തെ അറിഞ്ഞു തുടങ്ങിയ അദ്ദേഹം സമ്മേളനം പകര്‍ന്ന ഊര്‍ജവുമായി കരുത്തുറ്റ പ്രവര്‍ത്തകനായി മാറുകയായിരുന്നു. 'സമസ്ത', ലീഗ് പ്രവര്‍ത്തകരുടെ കോട്ടയായ കിനാലൂരില്‍ അദ്ദേഹത്തെപ്പോലെയുള്ള ഒരാളുടെ വരവ് പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശമാണുണ്ടാക്കിയത്. ഇസ്‌ലാമിക് സ്റ്റഡി സര്‍ക്കിള്‍ സ്ഥാപിച്ച് വ്യവസ്ഥാപിതമായ പ്രവര്‍ത്തനം തുടങ്ങിയത് ഇതിനു ശേഷമാണ്. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും ഊഷ്മളമായ പെരുമാറ്റവുമാണ് പലരെയും പ്രസ്ഥാനത്തിലേക്കാകര്‍ഷിച്ചത്.
ഏറെ താമസിയാതെ അദ്ദേഹം കിനാലൂര്‍ പ്രാദേശിക ജമാഅത്തിന്റെ അമീറായി. ഇന്ന് കിനാലുര്‍ ഏഴുകണ്ടി അങ്ങാടിയുടെ ഹൃദയഭാഗത്ത് ഉയര്‍ന്നുനില്‍ക്കുന്ന മസ്ജിദുല്‍ ഹുദാ, അനുഗ്രഹ ഓഡിറ്റോറിയം, ഐഡിയല്‍ സര്‍വീസ് ട്രസ്റ്റ് തുടങ്ങിയവയുടെ പിന്നിലെ ചാലകശക്തി അദ്ദേഹമായിരുന്നു. മസ്ജിദുല്‍ ഹുദായുടെ പണി തുടങ്ങിയപ്പോള്‍ ഒരു വിഭാഗം അതിനെതിരെ കേസ് കൊടുത്ത സമയത്ത് ഊണും ഉറക്കവുമില്ലാതെ കേസ് നടത്താന്‍ അദ്ദേഹം ഓടിനടന്നു. ഹൈക്കോടതിയില്‍നിന്നും അനുകൂല വിധി സമ്പാദിക്കുന്നതു വരെ അദ്ദേഹത്തിന് വിശ്രമമില്ലായിരുന്നു. പള്ളിപ്പണി നടന്നുകൊണ്ടിരിക്കെ ഉണ്ടായ ഒരു സംഭവം എടുത്തുപറയേണ്ടതാണ്. സമുദായത്തിലെ ഒരുപറ്റം അവിവേകികള്‍ പള്ളിനിര്‍മാണം തടയാന്‍ സംഘ്പരിവാര്‍ സംഘടനകളെ സമീപിച്ചു. 'ആ പള്ളിപ്പണി ഞങ്ങള്‍ തടയില്ല' എന്നായിരുന്നു അവരുടെ മറുപടി. നാട്ടിലെ ഇതര സംഘടനകളും സമുദായങ്ങളുമായി റസാഖ് സാഹിബിനുള്ള ആത്മബന്ധമാണ് ഈ മറുപടിക്ക് കാരണം. മറ്റൊരിക്കല്‍ ചില തീവ്രഗ്രൂപ്പുകളും സംഘ്പരിവാറുമായുള്ള പ്രശ്‌നങ്ങള്‍ ഒരു കലാപത്തിലേക്ക് നീങ്ങുന്നത് തടഞ്ഞത് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രസ്ഥാന പ്രവര്‍ത്തകരുടെ സമയോചിത ഇടപെടല്‍ കൊായിരുന്നു 
ബാലുശ്ശേരി ഏരിയ ഏറെ സജീവമായത് അദ്ദേഹം  ഓര്‍ഗനൈസര്‍ ആയ കാലത്താണ്. ജനകീയ വികസന മുന്നണിയുണ്ടാക്കി പ്രസ്ഥാനം ആദ്യമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങിയപ്പോള്‍ രാഷ്ട്രീയ ഗുരുവിന്റെ റോളാണ് അദ്ദേഹമെടുത്തത്.
മാധ്യമം ദിനപത്രം അദ്ദേഹത്തിന്റെ ജീവന്റെ ജീവനായിരുന്നു. അതിന്റെ ഏജന്റും റിപ്പോര്‍ട്ടറും പ്രചാരകനും വിതരണക്കാരനുമായിരുന്നു. ബൈപാസ് ശസ്ത്രക്രിയ നടന്ന് നിര്‍ബന്ധ വിശ്രമസമയത്ത് പത്രം കിട്ടിയില്ലെന്ന് ആരോ വിളിച്ചു പറഞ്ഞപ്പോള്‍ സ്വന്തം സ്‌കൂട്ടറെടുത്ത് പത്രവിതരണം നടത്തിയത് കണ്ണീരോടെയല്ലാതെ കുറിക്കാന്‍ കഴിയില്ല. രോഗം കൊണ്ട് വല്ലാതെ ക്ഷീണിച്ച സമയത്തു പോലും സ്വുബ്ഹ് ജമാഅത്തിന് പളളിയില്‍ ഒന്നാമതായിത്തന്നെ അദ്ദേഹമെത്തിയിരുന്നു. കിനാലൂര്‍ സമരം, മാലിന്യ പ്ലാന്റിന് എതിരായ സമരം തുടങ്ങിയവയുടെ വിജയത്തില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. ജനകീയാസൂത്രണം, സാക്ഷരതാ പ്രവര്‍ത്തനം, ജനകീയ സ്റ്റോര്‍, പലിശരഹിത നിധി തുടങ്ങി ഒരു പ്രസ്ഥാന പ്രവര്‍ത്തകന്‍ എവിടെയൊക്കെ ആവശ്യമാണോ അവിടെയെല്ലാം തന്റെ സാന്നിധ്യം അറിയിച്ചാണ് അദ്ദേഹം വിടവാങ്ങിയത്. ഔപചാരിക വിദ്യാഭ്യാസം നിര്‍ത്തി ഒരു ടാപ്പിങ് തൊഴിലാളിയായി ജീവിതം ആരംഭിച്ച അദ്ദേഹം സ്വന്തം പ്രയത്നത്താല്‍ ബിരുദം നേടുകയും തിക്കോടി സി.കെ.ജി ഹൈസ്‌കൂളില്‍ അധ്യാപകനാവുകയും ചെയ്തു. മാത്രമല്ല സ്വന്തം നാട്ടിലെ പൂവമ്പായി സ്‌കൂള്‍  ഹൈസ്‌കൂളാക്കി ഉയര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. നല്ലൊരു വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹം. തന്റെ 68-ാം വയസ്സുവരെ നിഷ്പക്ഷമായ പൊതുപ്രവര്‍ത്തനം തുടര്‍ന്നു.
ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ലാ സമിതി അംഗം, ബാലുശ്ശേരി ഏരിയാ ഓര്‍ഗനൈസര്‍, പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ കോഡിനേറ്റര്‍, തര്‍ബിയത്ത് ഗ്രൂപ്പ് കണ്‍വീനര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
ജീവിതത്തിലെന്നപോലെ മരണാസന്നസമയത്തും അദ്ദേഹം മാതൃകയായി; ഭാര്യയെ വിളിച്ച് തന്നെയൊന്ന് കുളിപ്പിക്കാന്‍ പറഞ്ഞു, ഇതുപോലെ എന്റെ മയ്യിത്തും നീ കുളിപ്പിക്കണമെന്ന് വസ്വിയ്യത്ത് ചെയ്തു. മരണസമയത്ത് ഞങ്ങള്‍ പ്രസ്ഥാന പ്രവര്‍ത്തകരെല്ലാം അടുത്തുണ്ടായിരുന്നു.
ഭാര്യ: സുബൈദ. മക്കള്‍: ഹാഫിസ് മുഹമ്മദ്, ഷബ്‌ന, സജ്‌ന.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (22-24)
ടി.കെ ഉബൈദ്‌