Prabodhanm Weekly

Pages

Search

2019 സെപ്റ്റംബര്‍ 27

3119

1441 മുഹര്‍റം 27

വസ്ത്രം ധരിക്കുമ്പോള്‍

മുഹമ്മദ് യൂസുഫ് ഇസ്‌ലാഹി

നാണം മറയ്ക്കുന്ന, കുലീനത നിലനിര്‍ത്തുന്ന, നഗ്നത വെളിപ്പെടുത്താത്ത, ശാരീരിക സംരക്ഷണം പൂര്‍ത്തീകരിക്കുന്ന വസ്ത്രമാണ് ധരിക്കേണ്ടത്. സംസ്‌കാരം പ്രതിഫലിപ്പിക്കുകയും ഭംഗി നല്‍കുകയും ചെയ്യുന്നതാവണം ഈ വസ്ത്രം. വസ്ത്രമെന്ന ദിവ്യാനുഗ്രഹത്തെ അനുസ്മരിച്ചുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''ആദം സന്തതികളേ, നിങ്ങളുടെ നഗ്നത മറയ്ക്കാനുതകുന്നതും നിങ്ങള്‍ക്ക് ഭംഗിയും സംരക്ഷണവും നല്‍കുന്നതുമായ വസ്ത്രം നാം നിങ്ങള്‍ക്കു ഇറക്കിത്തന്നിരിക്കുന്നു'' (അല്‍ അഅ്‌റാഫ്: 26).
യഥാര്‍ഥത്തില്‍ പക്ഷിത്തൂവലിനാണ് രീശ് (മേല്‍ ഖുര്‍ആനിക സൂക്തത്തില്‍ ഭംഗി എന്ന അര്‍ഥത്തില്‍ ഉപയോഗിച്ച പദം) എന്നു പറയുന്നത്. അതാണല്ലോ അവക്ക് ഭംഗിയും സുരക്ഷയും നല്‍കുന്നതും. പൊതുപ്രയോഗങ്ങളില്‍ രീശ് എന്ന പദം ഭംഗിയെയും മികച്ച വസ്ത്രത്തെയുമാണ് കുറിക്കുന്നത്.
അലങ്കാരം വര്‍ധിപ്പിക്കുക, കാലാവസ്ഥാ വ്യതിയാനങ്ങളില്‍നിന്ന് ശരീരത്തിന് സംരക്ഷണം നല്‍കുക എന്നിവയൊക്കെ വസ്ത്രം ഉപയോഗിക്കുന്നതിന്റെ ലക്ഷ്യമാണെങ്കിലും നഗ്നത മറയ്ക്കുക എന്നതാണ് അതിന്റെ അടിസ്ഥാന ലക്ഷ്യം. ലജ്ജയും നാണവും പ്രകൃതിയില്‍ അല്ലാഹു സൃഷ്ടിച്ച ഗുണങ്ങളാണ്. അക്കാരണത്താലാണ് ആദമും ഹവ്വയും സ്വര്‍ഗത്തിലെ മേത്തരം പുടവ നഷ്ടപ്പെട്ടപ്പോള്‍ ഇലകള്‍ കൊണ്ട് നാണം മറയ്ക്കാന്‍ ശ്രമിച്ചത്. അതിനാല്‍ നാണം മറയ്ക്കുക, അതിനുതകുന്ന വസ്ത്രം തെരഞ്ഞെടുക്കുക എന്നിവയാണ് വസ്ത്രധാരണത്തില്‍ നാം പ്രധാനമായും ശ്രദ്ധിക്കേണ്ടത്. അതുകൊണ്ടു മാത്രമേ നഗ്നത മറയ്ക്കപ്പെടുകയുള്ളൂ. ഒപ്പം കാലാവസ്ഥാ മാറ്റത്തിനനുസരിച്ച് ശരീരത്തിന് സംരക്ഷണം നല്‍കുന്നതുമാകണം വസ്ത്രം. തുറന്നിട്ട ആകര്‍ഷണ വസ്തുവാകാനും ജനങ്ങള്‍ക്ക് ചിരിക്കാനും വകനല്‍കുന്ന ഒന്നാവരുത് നമ്മുടെ വസ്ത്രധാരണം.
വസ്ത്രം ധരിക്കുമ്പോള്‍ അത് അല്ലാഹുവിന്റെ അനുഗ്രഹമാണെന്ന് ബോധമുണ്ടാകണം. മനുഷ്യര്‍ക്കു മാത്രം നല്‍കപ്പെട്ട ഔദാര്യമാണ് വസ്ത്രം. മറ്റു ജീവജാലങ്ങള്‍ക്ക് അതില്ല. അതിനാല്‍ ഈ സവിശേഷ അനുഗ്രഹത്തിന് നന്ദിയുള്ളവരാവുക. അക്കാര്യം വിസ്മരിച്ച് ദൈവധിക്കാരത്തിലൂടെ നന്ദികേടിന് പാത്രമായിക്കൂടാ. പ്രകടമായ ദൈവിക അടയാളമാണ് വസ്ത്രമെന്നതിനാല്‍ അത് ധരിക്കുമ്പോള്‍ നബി(സ) പഠിപ്പിച്ച പ്രാര്‍ഥന ഉരുവിടേണ്ടതുമാണ്.
ഏറ്റവും ഉത്തമമായത് തഖ്‌വ(ദൈവഭക്തി)യുടെ വസ്ത്രമാണ്. ആന്തരിക വിശുദ്ധിയുണ്ടാകുക എന്നതാണ് 'തഖ്‌വ വസ്ത്രം' കൊണ്ട് അര്‍ഥമാക്കുന്നത്. വസ്ത്രധാരണത്തിലെ ബാഹ്യമായ സൂക്ഷ്മതയും തഖ്‌വയുടെ ഭാഗമാണ്. അഥവാ ശരീഅത്ത്, മുത്തഖികളുടെ വസ്ത്രമായി നിശ്ചയിച്ചതെന്തോ അതാണ് നാം ധരിക്കേണ്ടത്; ഗമയും അഹങ്കാരവും ആ വസ്ത്രധാരണത്തിലൂടെ ഉണ്ടാവാന്‍ പാടില്ല. പുരുഷന്മാര്‍ സ്ത്രീകളുടേതിന് സദൃശമായ വസ്ത്രമോ സ്ത്രീകള്‍ മറിച്ചോ ഉള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കരുത്. പ്രഥമ നോട്ടത്തില്‍തന്നെ ദൈവ ഭക്തിയും മാന്യതയുമുള്ള വ്യക്തിത്വമാണ് അയാള്‍/അവള്‍ എന്ന് ആളുകള്‍ക്ക് ബോധ്യപ്പെടുന്ന തരത്തിലുള്ള വസ്ത്രമാണ് ഉപയോഗിക്കേണ്ടത്. സ്ത്രീകളും പുരുഷന്മാരും അവരവര്‍ക്ക് ഇസ്‌ലാമിക ശരീഅത്ത് നിശ്ചയിച്ച നിബന്ധനകള്‍ പാലിക്കുംവിധമുള്ള വസ്ത്രധാരണാരീതിയാവണം സ്വീകരിക്കേണ്ടത്.
പുതിയ വസ്ത്രം ധരിക്കുമ്പോള്‍ അതിന്റെ പേരെടുത്തു പറഞ്ഞ് അല്ലാഹുവിന് പ്രത്യേകം നന്ദി പ്രകാശിപ്പിക്കുക. പ്രസ്തുത സന്തോഷവേളയില്‍ നബി(സ) പഠിപ്പിച്ച താഴെ പറയുന്ന പ്രാര്‍ഥനയും ഉരുവിടുക:
അല്ലാഹുമ്മ ലകല്‍ഹംദു അന്‍ത കസൗതനീഹി, അസ്അലുക ഖൈറഹു വഖൈറ മാ സ്വുനിഅലഹു, വഅഊദുബിക മിന്‍ ശര്‍രിഹി വശര്‍രി മാ സ്വുനിഅ ലഹു (അബൂദാവൂദ്).
(അല്ലാഹുവേ, ഈ വസ്ത്രം എന്നെ ധരിപ്പിച്ച നിനക്ക് സ്തുതി. അത് നിര്‍മിക്കപ്പെട്ടതിന്റെ എല്ലാ നന്മയും ഞാന്‍ നിന്നോടു തേടുന്നു. അത് നിര്‍മിക്കപ്പെട്ടതിന്റെയും അതിന്റെ നിര്‍മാണോദ്ദേശ്യത്തിന്റെയും തെറ്റായ അംശങ്ങളില്‍നിന്ന് ഞാന്‍ നിന്നില്‍ അഭയം തേടുകയും ചെയ്യുന്നു).
ഉമര്‍(റ), നബി(സ)യില്‍നിന്ന് ഉദ്ധരിക്കുന്നു: ''പുതിയ വസ്ത്രം ധരിക്കുന്നയാള്‍ തന്റെ പഴയ വസ്ത്രം ഏതെങ്കിലും ദരിദ്രന് നല്‍കട്ടെ.'' പുതിയ വസ്ത്രം ധരിക്കുമ്പോള്‍: അല്‍ഹംദു ലില്ലാഹില്ലദീ കസാനീ മാ ഉവാരീ ബിഹി ഔറതീ വഅതജമ്മലു ബിഹി ഫീ ഹയാതീ (എന്റെ നഗ്നത മറയ്ക്കാനുതകുംവിധം എന്നെ ഈ വസ്ത്രം ധരിപ്പിക്കുകയും അതു മുഖേന ജീവിതത്തിന് ഭംഗിയേകുകയും ചെയ്ത അല്ലാഹുവിന് സര്‍വ സ്തുതിയും) എന്ന് പ്രാര്‍ഥിക്കുകയും വേണം. പുതുവസ്ത്രം ധരിക്കുമ്പോള്‍ ഈ പ്രാര്‍ഥന ചൊല്ലുന്നവര്‍ക്ക് ഭൗതികജീവിതത്തിലും മരണാനന്തര ജീവിതത്തിലും അല്ലാഹു സംരക്ഷണവും പരിരക്ഷയും നല്‍കുന്നതാണ് (തിര്‍മിദി).
വസ്ത്രം ധരിക്കുമ്പോള്‍ വലതുവശം മുന്തിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. കുപ്പായം, കുര്‍ത്ത, ഷര്‍വാനി, കോട്ട് തുടങ്ങി ഏത് വസ്ത്രമിടുമ്പോഴും വലത്തെ കൈയിലും വലത്തെ കാലിലുമാണ് ആദ്യം ധരിച്ചുതുടങ്ങേണ്ടത്. കുപ്പായമിടുമ്പോള്‍ നബി(സ) വലത്തെ കൈ ഭാഗത്തെയാണ് മുന്തിച്ചത്. രണ്ടാമതാണ് ഇടത്തെ ഭാഗം ധരിക്കുക. ചെരുപ്പ് ധരിക്കുമ്പോഴും അവിടുന്ന് ഈ ക്രമം പാലിച്ചിരുന്നു. ചെരുപ്പ് ഊരുമ്പോള്‍ ആദ്യം ഇടത്തേതും പിന്നീട് വലത്തേതും അഴിക്കുന്നതായിരുന്നു രീതി.
വസ്ത്രം ധരിക്കുന്നതിനു മുമ്പ് അത് ഒരാവൃത്തി നിര്‍ബന്ധമായും കുടയണം. കാരണം ചിലപ്പോള്‍ അതിന്മേല്‍ വല്ല  ഉപദ്രവകാരികളായ ക്ഷുദ്രജീവികളും കയറിക്കൂടിയിട്ടുണ്ടാവാം. നബി(സ) ഒരിക്കല്‍ തോല്‍ചെരിപ്പ് ധരിച്ചാണ് കാട്ടില്‍ പോയിരുന്നത്. അതില്‍നിന്നൊരു പാമ്പ് നിലത്തേക്ക് വീണു. അതുകണ്ട് അല്ലാഹുവെ സ്തുതിച്ചുകൊണ്ട് അവിടുന്ന് അരുളി: ''വസ്ത്രം ധരിക്കുന്നതിനു മുമ്പ് അത് കുടയല്‍ എല്ലാ വിശ്വാസികള്‍ക്കും നിര്‍ബന്ധമാകുന്നു'' (ത്വബറാനി).
വെള്ള വസ്ത്രം ധരിക്കുക. പുരുഷന്മാര്‍ക്ക് അതാണ് പ്രിയങ്കരമായത്. നബി(സ) അരുളി: ''വെള്ളവസ്ത്രം ധരിക്കുക. അതാണ് ഏറ്റവും നല്ല വസ്ത്രം. ജീവിതകാലത്ത് വെള്ള ധരിക്കുക. വെള്ളവസ്ത്രത്തോടുകൂടിയാണ് പുരുഷന്മാരെ അടക്കം ചെയ്യേണ്ടതും'' (തിര്‍മിദി). മറ്റൊരിക്കല്‍ അവിടുന്ന് അരുള്‍ ചെയ്തു: ''വെള്ളവസ്ത്രം ധരിക്കുക. കാരണം വെള്ളവസ്ത്രമാണ് കൂടുതല്‍ വൃത്തിയും തെളിച്ചവുമുള്ളത്. പുരുഷന്മാരെ അതില്‍ അടക്കം ചെയ്യുകയും വേണം.'' അഴുക്ക് കുറച്ചേയുള്ളൂവെങ്കില്‍ പോലും വെള്ളവസ്ത്രത്തില്‍ അത് തെളിഞ്ഞുകാണുമെന്നതാണ് ആ നിറത്തിന്റെ സവിശേഷത. അതിനാല്‍ പെട്ടെന്ന് അത് വൃത്തിയാക്കാനുള്ള വ്യഗ്രത എല്ലാവര്‍ക്കുമുണ്ടാവും. എന്നാല്‍ മറ്റു വര്‍ണങ്ങളുള്ള വസ്ത്രമിട്ടാല്‍ അഴുക്കായാലും അത് പെട്ടെന്ന് ശ്രദ്ധയില്‍ പെടാത്തതിനാല്‍ കഴുകി വൃത്തിയാക്കാനും വേണ്ടത്ര വ്യഗ്രത കാണില്ല.
പ്രവാചകന്‍(സ) വെള്ളവസ്ത്രമാണ് ഉപയോഗിച്ചിരുന്നതെന്ന് ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്. അഥവാ അവിടുന്ന് സ്വയം ധരിച്ചിരുന്ന വസ്ത്രം തന്നെയാണ് തന്റെ സമൂഹത്തിലെ പുരുഷന്മാരെ ധരിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നതും.
പാന്റ്‌സ്, തുണി എന്നിവ ഞെരിയാണിക്കു മീതെയാണ് ധരിക്കേണ്ടത്. അവ ഞെരിയാണിക്കു താഴെയായി ധരിക്കുന്നവര്‍ നബി(സ)യുടെ അധ്യാപനപ്രകാരം അശ്രദ്ധരും കടുത്ത ശിക്ഷക്ക് പാത്രീഭൂതരുമാണ്. പ്രവാചകന്‍ (സ) പറഞ്ഞു: ''മൂന്ന് വിഭാഗം ആളുകളോട് അന്ത്യദിനത്തില്‍ അല്ലാഹു സംസാരിക്കുകയോ അവരിലേക്ക് അവന്‍ നോക്കുകയോ പരിശുദ്ധരെന്ന നിലയില്‍ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയോ ചെയ്യുന്നതല്ല. വേദനയേറിയ ശിക്ഷയാണ് അവരെ കാത്തിരിക്കുന്നത്. അബൂദര്‍റുല്‍ ഗിഫാരി(റ) ചോദിച്ചു: 'ഏതാണ് അലസരായ ആ മൂന്ന് വിഭാഗം?' അവിടുന്ന് പ്രതിവചിച്ചു: ഒന്ന്, അഹങ്കാരത്തോടും അഹന്തയോടും വസ്ത്രം ഞെരിയാണിക്കു താഴെ ഉടുക്കുന്നവന്‍. രണ്ട്, ജനങ്ങള്‍ എപ്പോഴും തനിക്ക് നന്മമാത്രം ചെയ്യണമെന്ന് ആഗ്രഹിക്കുന്നയാള്‍. മൂന്ന്, കള്ളസത്യത്തിലൂടെ തന്റെ കച്ചവടം പൊലിപ്പിക്കാന്‍ ആഗ്രഹിക്കുന്നവന്‍'' (മുസ്‌ലിം).
ഉബൈദുബ്‌നു ഖാലിദ്(റ) പറയുന്നു: ഒരിക്കല്‍ ഞാന്‍ മദീനയിലേക്ക് പോയിക്കൊണ്ടിരിക്കെ പിന്നില്‍നിന്നൊരാള്‍ 'വസ്ത്രം മുകളിലോട്ട് കയറ്റി ഉടുത്ത് ബാഹ്യവും ആന്തരികവുമായ മാലിന്യങ്ങളില്‍നിന്ന് മുക്തിനേടൂ' എന്ന് വിളിച്ചു പറയുന്നത് കേട്ടു. തിരിഞ്ഞു നോക്കിയപ്പോള്‍ പ്രവാചകന്‍(സ) ആയിരുന്നു ആ ശബ്ദത്തിന്റെ ഉടമ. ഞാന്‍ പറഞ്ഞു: 'പ്രവാചകരേ, ഇതൊരു സാദാ വസ്ത്രമല്ലേ. അതിലെവിടെയാണ് അഹങ്കാരവും അഹന്തയും?' പ്രവാചകന്‍ പ്രതിവചിച്ചു: 'താങ്കള്‍ക്ക് എന്റെ ജീവിതചര്യയല്ലേ അനിവാര്യം.' ആ വാക്ക് കേട്ടപാടേ ഞാന്‍ പ്രവാചകന്റെ വസ്ത്രത്തിലേക്ക് നോക്കിയപ്പോള്‍ അത് ഞെരിയാണിയുടെ പകുതി ഭാഗത്തിനും മുകളിലാണുണ്ടായിരുന്നത്.
ഞെരിയാണിക്കുമീതെ പാന്റ്‌സും തുണിയും ധരിക്കുന്നവര്‍ ബാഹ്യ-ആന്തരിക മാലിന്യങ്ങളില്‍നിന്ന് മുക്തരായവരാകുന്നു. വസ്ത്രം താഴ്ത്തിയുടുക്കുമ്പോള്‍ വഴിയിലെ മാലിന്യങ്ങളെല്ലാം അതില്‍ പുരളുകയും പറ്റിപ്പിടിക്കുകയും ചെയ്ത് വസ്ത്രം വൃത്തികേടാവും. അത്തരം വസ്ത്രധാരണ സ്വഭാവം അഹങ്കാരത്തിന്റെ ലക്ഷണമാകുന്നതോടെ ആന്തരിക മാലിന്യവും അയാളെ പിടികൂടുകയായി. ഇനി ഈ നന്മകളും ഇല്ലെങ്കില്‍ പ്രവാചകന്റെ ജീവിതത്തില്‍ നിങ്ങള്‍ക്ക് ഉത്തമ മാതൃകയുണ്ട് (അഹ്‌സാബ് 21) എന്ന ഖുര്‍ആനിക സൂക്തം മാത്രം മതി വിശ്വാസികള്‍ക്ക് ആ കല്‍പന പിന്‍പറ്റാന്‍.
ഇമാം അബൂദാവൂദ് ഉദ്ധരിച്ച മറ്റൊരു ഹദീസ്: ''വിശ്വാസിയുടെ വസ്ത്രം ഞെരിയാണിയുടെ പകുതി വരെയോ ഞെരിയാണി മൂടിയ നിലയിലോ ആവാം. എന്നാല്‍ ഞെരിയാണിക്കും താഴെ വസ്ത്രം വന്നാല്‍ ആ ഭാഗം നരകത്തീയില്‍ എരിയുന്നതായിരിക്കും. അഹങ്കാരപൂര്‍വം ഞെരിയാണിക്കു താഴെ വസ്ത്രം ധരിക്കുന്നവനെ അന്ത്യദിനത്തില്‍ അല്ലാഹു നോക്കുകയില്ല.'' 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (22-24)
ടി.കെ ഉബൈദ്‌