Prabodhanm Weekly

Pages

Search

2019 സെപ്റ്റംബര്‍ 27

3119

1441 മുഹര്‍റം 27

ജീവിതം മധുരതരം

കെ.പി ഇസ്മാഈല്‍

മനുഷ്യരൂപം പോലെ അഴകുള്ള സൃഷ്ടി ലോകത്ത് മറ്റൊന്നുണ്ടോ? അത്ഭുതങ്ങള്‍ നിറഞ്ഞ മനുഷ്യശില്‍പത്തെ വര്‍ണിച്ചുതീര്‍ക്കാനാകുമോ? സ്രഷ്ടാവ് പറഞ്ഞു: ''തന്റെ സൃഷ്ടികളെയെല്ലാം സുന്ദരമാക്കിയവന്‍. മനുഷ്യസൃഷ്ടി കളിമണ്ണില്‍നിന്നു തുടങ്ങി'' (ഖുര്‍ആന്‍ 32:7).
ജീവിതം അതിമനോഹരമാക്കാന്‍ സ്രഷ്ടാവ് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പെരുമാറ്റത്തിന്റെ വര്‍ണരാജികള്‍ തന്നിട്ടുണ്ട്. ജീവിതചിട്ടകളുടെ സമഗ്രമായ ചട്ടക്കൂട് നല്‍കിയിട്ടുണ്ട്.
മനുഷ്യനു വേണ്ടിയാണ് പ്രപഞ്ചത്തിലെ സര്‍വവും സൃഷ്ടിച്ചിട്ടുള്ളത്. അവന് എത്തിപ്പിടിക്കാന്‍ അകലത്തിലാണ് അവന് വേണ്ടതെല്ലാം സംവിധാനിച്ചിട്ടുള്ളത്. അവന് ചിന്തിച്ചാല്‍ കണ്ടെത്താവുന്ന അത്ഭുതങ്ങളാണ് പ്രകൃതിയില്‍ ഒരുക്കിവെച്ചിട്ടുള്ളത്.
പ്രപഞ്ചത്തിന്റെ സൃഷ്ടിവൈഭവത്തെ വര്‍ണിക്കാന്‍ വാക്കുകളില്ല. അതിന്റെ വിസ്മയങ്ങള്‍ കണ്ടുതീര്‍ക്കാന്‍ കണ്ണുകള്‍ മേല്‍പോട്ടുയര്‍ത്തിയാലോ, അവ പരാജയപ്പെട്ട് തിരിച്ചുവരും. അതാണ് പ്രപഞ്ചനാഥന്‍ പറഞ്ഞത്: ''നിങ്ങള്‍ പ്രപഞ്ചത്തിന്റെ ശില്‍പചാതുരി കാണാന്‍ കണ്ണുകള്‍ മേലോട്ടുയര്‍ത്തി നോക്കൂ. പിന്നെയും പിന്നെയും നോക്കൂ. നിങ്ങളുടെ കണ്ണുകള്‍ തളര്‍ന്ന് തിരിച്ചുവരും'' (67:4).
ജീവിതത്തിന്റെ മധുരം മരണത്തോടെ അവസാനിക്കുന്നില്ല. മരണാനന്തരം മറ്റൊരു ജീവിതമുണ്ടെന്ന് ഖുര്‍ആന്‍ സ്ഥാപിക്കുന്നു. അത് അതീവ മധുരതരമാണെന്നും വര്‍ണിക്കുന്നു. പരലോകനിഷേധമാണല്ലോ സര്‍വനാശത്തിന്റെയും പ്രധാന കാരണം. സൂറ അര്‍റൂം മുഖവുര ഇങ്ങനെ: ''ഖുര്‍ആന്‍ പരലോകം സ്ഥാപിക്കുന്നത് അനിഷേധ്യമായ ദൃഷ്ടാന്തങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊാണ്. നിഷേധിക്കുന്നവര്‍ക്കാകട്ടെ ഒരു തെളിവുമില്ല. തങ്ങളുടെ ഇന്ദ്രിയങ്ങള്‍ക്ക് വിധേയമാകുന്നില്ല എന്നതു മാത്രമാണ് അവരുടെ ന്യായം. ഉയിര്‍ത്തെഴുന്നേല്‍പ് അല്ലാഹുവിന്റെ കാരുണ്യത്തിന്റെ താല്‍പര്യമാണെന്നും അതിന്റെ യഥാര്‍ഥ ലക്ഷ്യം സത്യധര്‍മങ്ങള്‍ അനുസരിച്ച് ഭൗതിക ജീവിതം നയിച്ചവര്‍ക്ക് അര്‍ഹിക്കുന്ന കര്‍മഫലം നല്‍കുകയാണെന്നും ഖുര്‍ആന്‍ പലമട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്'' (പ്രബോധനം, 2019 ഫെബ്രുവരി 8).
'കടലുകള്‍ മഷിപ്പാത്രങ്ങളായാലും വൃക്ഷങ്ങള്‍ പേനകളായാലും അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ എഴുതിത്തീരില്ല' എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
അളവറ്റ അനുഗ്രഹങ്ങള്‍ അല്ലാഹു നല്‍കിയിട്ടുണ്ട്. ഉറക്കം വലിയ അനുഗ്രഹമാണ്. പകല്‍ പണിയെടുത്ത് ക്ഷീണിക്കുന്നവര്‍ക്ക് രാത്രിയുറക്കം നല്‍കുന്ന ആശ്വാസവും വിശ്രമവും വലുതാണ്. ഉറക്കം ദൈവികാനുഗ്രഹമാണെന്ന് ഖുര്‍ആന്‍ പറയുന്നു.
ലൈംഗികാനന്ദം മറ്റൊരു മഹാനുഗ്രഹമാണ്. പുരുഷന് സ്ത്രീയും സ്ത്രീക്ക് പുരുഷനും വേണം. വിവാഹബന്ധത്തിലൂടെ ലൈംഗികാനന്ദം അനുഭവിക്കാനുള്ള അനുമതി ദൈവം നല്‍കിയിരിക്കുന്നു.
സൃഷ്ടിപ്പില്‍ നല്‍കിയ അനുഗ്രഹങ്ങളെപ്പറ്റി, ക്രമീകരണങ്ങളെപ്പറ്റി ഖുര്‍ആന്‍ പറയുന്നു: ''താന്‍ സൃഷ്ടിച്ച ഏതും ഏറെ നന്നാക്കി ക്രമീകരിച്ചവനാണവന്‍'' (32:7,9).
കുഞ്ഞുങ്ങളുടെ അഴകിനെ, ഓമനത്വത്തെ ഏതു വാക്കുകളില്‍ വിവരിക്കാനാകും! അവരുടെ കളിയും ചിരിയും കുസൃതികളും നല്‍കുന്ന മധുരം എങ്ങനെ വാക്കുകളില്‍ വിവരിച്ചു തീര്‍ക്കാനാകും!
പക്ഷികളുടെ കളകൂജനം, നദികളുടെ കളകളാരവം, കടലിലെ അനന്തമായ തിരമാലകള്‍- സൗന്ദര്യങ്ങളുടെ നിര ഒടുങ്ങുന്നില്ല. പ്രഭാതോദയത്തിന്റെ മനോഹാരിത ആസ്വദിക്കാനല്ലാതെ മറ്റെന്തു കഴിയും? സന്ധ്യാംബരത്തിന്റെ വര്‍ണമനോഹാരിത വാക്കുകളില്‍ വര്‍ണിക്കാനാകുമോ?
ഗര്‍ഭപാത്രത്തിന്റെ സൃഷ്ടി എത്ര മഹത്തരവും വിദഗ്ധവുമാണെന്ന് ഓര്‍ക്കുക. അതിലൊന്നും മനുഷ്യന്റെ കഴിവുകള്‍ തൊട്ടിട്ടില്ല. നവജാത ശിശുവിന്റെ സവിശേഷമായ ആഹാരം അമ്മയുടെ മാറില്‍ ദൈവം ഒരുക്കിവെച്ചിരിക്കുന്നു. മുലപ്പാലിനു തുല്യമായ ശിശു ആഹാരം കണ്ടുപിടിക്കാന്‍ മനുഷ്യന് കഴിഞ്ഞിട്ടില്ല.
ഏതു ഭാഷയിലെയും ഏറ്റവും മനോഹരമായ പദം അമ്മ എന്നര്‍ഥം വരുന്ന പദമാണ്. മാതാവിന്റെ മഹത്വം ഖുര്‍ആന്‍ വിവരിച്ചിട്ടുണ്ട്. മാതാവിനെ ഏറ്റവുമേറെ ആദരിക്കണമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്.
രോഗവും വൈകല്യങ്ങളും സന്തോഷകരമായ ജീവിതത്തിന് തടസ്സമല്ല എന്നാണ് ഒട്ടേറെ മഹത്തുക്കളുടെ ജീവിതകഥകള്‍ നല്‍കുന്ന പാഠം. സ്റ്റീഫന്‍ ഹോക്കിംഗിന്റെ ജീവിതം വിസ്മയകരമാണ്. രോഗിയായി കിടന്നും മഹല്‍ സേവനങ്ങള്‍ ചെയ്യുന്നവരുണ്ട്. രോഗം ദുഃഖത്തിനോ നിരാശക്കോ കാരണമല്ല എന്നതാണ് വസ്തുത.
ആസിഡ് ആക്രമണത്തിനിരയായ രേഷ്മ ഖുറൈശിയുടെ വാര്‍ത്ത മാധ്യമങ്ങളില്‍ വരികയുണ്ടായി. മൂത്ത സഹോദരിയുടെ ഭര്‍ത്താവ് മുഖത്ത് ആസിഡ് എറിയുകയായിരുന്നു. ഇടത്തെ കണ്ണും മുഖത്തിന്റെ ഭാഗങ്ങളും കരിഞ്ഞ് വികൃതമായി. പക്ഷേ, ഇന്ന് രേഷ്മ ഖുറൈശി ശ്രദ്ധേയയായ ഒരു സാമൂഹിക പ്രവര്‍ത്തകയാണ്. ജീവിതത്തോടുള്ള സ്‌നേഹമാണ് അവളെ ഉത്സാഹിയാക്കി മാറ്റിയത്. ആസിഡ് ആക്രമണത്തിനു ശേഷം ആശുപത്രിയിലെത്തിയ രേഷ്മ ഖുറൈശി തന്റെ പിന്നീടുണ്ടായ അനുഭവങ്ങള്‍ വിവരിക്കുന്നു: ''കിട്ടാവുന്നതില്‍ ഏറ്റവും മോശം ചികിത്സയും ഏറ്റവും മോശം പെരുമാറ്റവുമാണ് ആ ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍നിന്ന് എനിക്ക് കിട്ടിയത്. മുംബൈയിലെ 'മെയ്ക് ലവ്, നോട്ട് സ്‌കാര്‍സ്' എന്ന സംഘടനയുടെ റിയ ശര്‍മയാണ് എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നത്. ആസിഡ് ആക്രമണത്തിന് ഇരകളാക്കപ്പെട്ട പലരുടെയും പടങ്ങള്‍ റിയ എനിക്ക് കാണിച്ചുതന്നു. മുഖം നഷ്ടപ്പെട്ട കുറേ പെണ്‍കുട്ടികള്‍ ഈ ലോകത്തുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എനിക്ക് ജീവിക്കണമെന്ന് തോന്നി.''
ഇന്ന് ആക്രമിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ ജീവിതദുഃഖത്തില്‍ അവര്‍ക്ക് പ്രതീക്ഷ നല്‍കുകയാണ് രേഷ്മ ഖുറൈശി. രേഷ്മ പറയുന്നു: ''എന്റെ അവകാശങ്ങള്‍ക്കു വേണ്ടി പൊരുതണമെന്ന് എന്നും ഓര്‍മിപ്പിച്ചിരുന്നത് എന്റെ സഹോദരനാണ്. അവന്‍ തന്ന ഊര്‍ജം ചെറുതല്ല. പുറത്തിറങ്ങിയപ്പോള്‍ ചിരിച്ച മുഖത്തോടെ സ്വീകരിച്ച കുറേ പേരുണ്ട്. അല്ലെങ്കില്‍ ഞാന്‍ അകത്തെ ഇരുട്ടിലേക്കുതന്നെ പിന്തിരിഞ്ഞോടിയേനെ. ഒരു ദിവസം മുംബൈയില്‍നിന്ന് ദില്ലിയിലേക്ക് പോവുകയായിരുന്നു. ഫ്‌ളൈറ്റിലുണ്ടായിരുന്ന മൂന്നു പേര്‍ എന്നെ നോക്കി ചിരിച്ചു. പിന്നെ അവരെനിക്ക് മെസേജയച്ചു: 'നീ സുന്ദരിയാണ്.' വീണ്ടും വീണ്ടും ഞാനത് വായിച്ചു. എനിക്ക് എന്തെന്നില്ലാത്ത ആനന്ദം തോന്നി. ഇപ്പോള്‍ ഞാന്‍ ഹാപ്പിയാണ്. വായിക്കാനൊക്കെ കുറച്ച് ബുദ്ധിമുട്ടുണ്ട്. പക്ഷേ അതൊക്കെ മറികടക്കാവുന്നതേയുള്ളൂ. ചിലപ്പോള്‍ ഞാനിനിയും പഠിച്ചേക്കും. ടീച്ചറാവുക എന്ന സ്വപ്‌നത്തിലേക്ക് മടങ്ങിയേക്കും.''
അതേ, പ്രതീക്ഷയുടെ ചിറകുകളുമായി രേഷ്മ ഖുറൈശി മുന്നോട്ടുപോവുകയാണ്; ജീവിതത്തിന്റെ മാധുര്യങ്ങള്‍ സഹജീവികള്‍ക്ക് പകര്‍ന്നുകൊണ്ട്.
ജീവിതം മധുരതരമാണ്. ദൈവത്തിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തിയാലോ, ജീവിതം അതിമധുരമായി.
ജീവിതമാധുര്യങ്ങള്‍ക്കിടയില്‍ അനുഭവപ്പെടുന്ന പ്രയാസങ്ങള്‍ ജീവിതത്തിന്റെ പുറംതൊലിയില്‍ പറ്റിപ്പിടിച്ച അടരുകള്‍ മാത്രം. അവ വൃത്തിയാക്കാം. ദുഃഖാനുഭവങ്ങള്‍ മനസ്സിനേറ്റ പോറലുകള്‍ മാത്രം. അവ ചികിത്സിച്ചു ഭേദമാക്കാം. അപക്വ ചിന്താഗതികള്‍ മനസ്സിനേറ്റ ആഘാതങ്ങളുടെ സ്വാഭാവിക ഫലങ്ങള്‍ മാത്രം. അവ പുതിയ അന്വേഷണങ്ങള്‍ കൊണ്ട് തിരുത്താം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (22-24)
ടി.കെ ഉബൈദ്‌