Prabodhanm Weekly

Pages

Search

2019 സെപ്റ്റംബര്‍ 27

3119

1441 മുഹര്‍റം 27

ഖത്തറിലെ ഇന്ത്യന്‍ സ്‌കൂള്‍, ജമാഅത്ത്-മുജാഹിദ് സംവാദം

എം.വി മുഹമ്മദ് സലീം

(ഭാഗം-8 )

ഖത്തറില്‍ ഇന്ത്യക്കാരുടെ കീഴില്‍ സ്‌കൂള്‍ ഉണ്ടായിരുന്നില്ല. നാട്ടില്‍ വിദ്യാലയങ്ങള്‍ നടത്തി പരിചയമുള്ള സംഘടനയാണ് മുസ്‌ലിം എജുക്കേഷനല്‍ സൊസൈറ്റി (എം.ഇ.എസ്). അവരുടെ സഹകാരികളായി ഖത്തറിലെ ഞങ്ങളുടെ ഉറ്റ സുഹൃത്തുക്കളില്‍ ചിലര്‍ ഉണ്ടായിരുന്നു. അതിനാല്‍ മറ്റാരെങ്കിലും തുടങ്ങുന്നതിനു മുമ്പ് ഒരു സ്‌കൂള്‍ സ്ഥാപിക്കാന്‍ ഞങ്ങള്‍ സുഹൃത്തുക്കളെ സമീപിച്ചു. നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടത് ചെയ്ത് അപേക്ഷ മന്ത്രാലയത്തില്‍ സമര്‍പ്പിച്ചു.  കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതിനിടയില്‍ മന്ത്രാലയത്തില്‍നിന്ന് ഒരു ഫോണ്‍ വിളി. ഞാന്‍ ഉടനെ മന്ത്രാലയത്തില്‍ ചെന്ന് അധികൃതരെ കാണണമെന്നാണ് സന്ദേശം. സ്‌കൂള്‍ വിഷയത്തില്‍ ഞാന്‍ നേരത്തേ ഇടപെട്ടിരുന്നു. മന്ത്രാലയത്തിലെത്തിയപ്പോഴാണ് പ്രശ്‌നം മനസ്സിലായത്. സ്‌കൂളിന് അനുവാദം നല്‍കരുത് എന്ന അഭ്യര്‍ഥനയുമായി ഖത്തറിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ പ്രതിനിധീകരിച്ച് ഒരു കത്ത് ലഭിച്ചിരിക്കുന്നു. നാട്ടില്‍ മുസ്‌ലിം ലീഗും എം.ഇ.എസ്സും പരസ്പരം മത്സരിക്കുന്ന കാലമായിരുന്നു അത്. ഇരുകൂട്ടര്‍ക്കുമിടയിലെ പോര് അവസാനിപ്പിക്കാന്‍ നാട്ടിലായിരിക്കെ ഞാന്‍ ചെറിയ രീതിയില്‍ ശ്രമിച്ചിട്ടുണ്ട്. കോഴിക്കോട് മൊയ്തീന്‍ പളളിയില്‍  ഖുത്വ്ബ നടത്തുന്ന സന്ദര്‍ഭം. ഇരു വിഭാഗവും സമുദായത്തിന് ഏതെല്ലാം രീതിയില്‍ പ്രയോജനം ചെയ്യുന്നു എന്ന് വ്യത്യസ്ത ഖുത്വ്ബകളിലായി അവതരിപ്പിച്ചു. രണ്ട് സംഘടനകളും സമുദായത്തിന് ആവശ്യമാണ് എന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. ധാരാളം പേരില്‍ മതിപ്പുളവാക്കിയ ഖുത്വ്ബകളായിരുന്നു അവ. 
നാട്ടിലെ വൈരം ഇതാ ഇവിടെ ഖത്തറിലും എത്തിയിരിക്കുന്നു. സ്‌കൂളിന് അനുവാദം ലഭിക്കാന്‍ എം.ഇ.എസ് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ലീഗ് പ്രവര്‍ത്തകര്‍  അറിഞ്ഞു. എം.ഇ.എസ്സിന്റെ വളര്‍ച്ച തടയാനുള്ള ഒരുപായം അവര്‍ക്കു തോന്നി. എം.ഇ.എസ് ഇസ്ലാമിന് എതിരാണെന്നും 'അത്യാധുനിക'  ഇസ്‌ലാമിന്റെ വക്താക്കളാണെന്നും മറ്റും വിശദീകരിക്കുന്ന കത്തായിരുന്നു അവര്‍ മന്ത്രാലയത്തില്‍ കൊടുത്തത്. ഈ വിഷയം ചര്‍ച്ച ചെയ്യാനാണ് എന്നെ വിളിപ്പിച്ചത്. ഞാന്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനോട് പറഞ്ഞു: ''എം.ഇ.എസ് എന്നാല്‍  മുസ്ലിം എജുക്കേഷനല്‍ സൊസൈറ്റി. മുസ്ലിംകളുടെ വിദ്യാഭ്യാസ പുരോഗതിയില്‍ താല്‍പര്യമുളള വിഭാഗം. അവര്‍ ഒരു ആദര്‍ശ സംഘടനയല്ല. സമുദായത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ പിന്നാക്കാവസ്ഥ അവസാനിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ അഭ്യസ്ത വിദ്യരുടെ ഒരു കൂട്ടായ്മയാണ്. അവര്‍ ഇസ്ലാമിന് എതിരല്ല. ഇസ്‌ലാമിനെ പുതിയ കാലത്ത് എങ്ങനെ അവതരിപ്പിക്കുമെന്ന കാര്യത്തില്‍ അവരില്‍ ചിലര്‍ക്ക് വ്യത്യസ്തമായ കാഴ്ചപ്പാടുണ്ട് എന്നത് ശരിയാണ്.  ഇവര്‍ നാട്ടില്‍ വിദ്യാഭ്യാസ മേഖലയില്‍ നിറഞ്ഞു നില്‍ക്കുന്നവരാണ്. പരിചയസമ്പന്നരാണ്. സ്‌കൂള്‍ നടത്താനാവശ്യമായ സാമ്പത്തിക സ്രോതസ്സുള്ളവരാണ്. നമ്മള്‍ ഇവര്‍ക്ക് അനുവാദം കൊടുത്തില്ലെങ്കില്‍ പകരം നമുക്ക് സ്വീകരിക്കാന്‍  പറ്റാത്ത ആരെങ്കിലും ഇന്ത്യന്‍ സ്‌കൂളിന് അപേക്ഷയുമായി മുന്നോട്ടു വരും.'' അങ്ങനെ കത്തില്‍ ഉന്നയിച്ച ആരോപണം  അടിസ്ഥാനരഹിതമാണെന്ന് മന്ത്രാലയത്തിന് ബോധ്യമായി. സ്‌കൂളിന് അംഗീകാരം ലഭിച്ചു. ഖത്തറിലെ മലയാളികളുടെ, ഇന്ത്യക്കാരുടെ ആദ്യ സ്‌കൂള്‍. 
സ്‌കൂള്‍ മുന്നോട്ടു പോയി. മുസ്‌ലിം കുട്ടികള്‍ക്ക് മതവിദ്യാഭ്യാസം നല്‍കാന്‍ എം.ഇ.എസ്സിന് താല്‍പര്യമില്ല എന്ന ആരോപണം വീണ്ടും ഉയര്‍ന്നു. ഖത്തറിലെ പ്രവാസികളില്‍ പല മതക്കാരും ഭാഷക്കാരുമുണ്ട്. സ്‌കൂള്‍ അവരെയെല്ലാം പരിഗണിക്കാന്‍ ബാധ്യസ്ഥമാണ്. എന്നാല്‍ മുസ്‌ലിം കുട്ടികള്‍ക്ക് മതപഠന സൗകര്യമൊരുക്കണമെന്നതും അറബി ഭാഷ പഠിപ്പിക്കണമെന്നതും മന്ത്രാലയത്തിന്റെ ആവശ്യമാണ്. അതിനാല്‍ ആരോപണം ഔദ്യോഗിക വൃത്തങ്ങളില്‍ എത്തും മുമ്പെ പരിഹരിക്കാനുള്ള പോംവഴി തേടി. എം.ഇ.എസ് പ്രവര്‍ത്തകരില്‍ നല്ല മതഭക്തിയുളള പലരും ഉണ്ടായിരുന്നു. അവര്‍ മുഖേന സ്‌കൂള്‍ കമ്മിറ്റി യോഗത്തിലേക്ക് എനിക്കും ക്ഷണം ലഭിച്ചു. യോഗ്യരായ അധ്യാപകരുടെ അഭാവമാണ് വിഷയത്തില്‍ വീഴ്ച വരാന്‍ കാരണമെന്ന് ചിലര്‍ പറഞ്ഞു. മതവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എല്ലാവരും അംഗീകരിക്കുന്നു. എന്നാല്‍ ഇംഗ്ലീഷില്‍ ക്ലാസ്സെടുക്കാന്‍ കഴിവുള്ള മതാധ്യാപകരെ കിട്ടാനില്ല. ഭൂരിപക്ഷം വരുന്ന മലയാളി വിദ്യാര്‍ഥികളില്‍ മതപഠന ക്ലാസ്സ് തുടങ്ങാനും ഭാവിയില്‍ ഇംഗ്ലീഷില്‍ ക്ലാസ്സെടുക്കാന്‍ കഴിവുള്ള മതാധ്യാപകരെ കണ്ടെത്താനും തീരുമാനമായി. അപ്പോള്‍  മറ്റൊരാക്ഷേപം തലപൊക്കി; 'പഠിതാക്കള്‍ക്ക് പ്രാദേശിക ഭാഷ പഠിക്കാന്‍ സൗകര്യമില്ല. മലയാളമറിയാത്ത മലയാളികളാണ് ഞങ്ങളുടെ മക്കള്‍.' അതിനും വൈകാതെ പരിഹാരം കണ്ടെത്തി. 
കുറച്ചു കാലം കഴിഞ്ഞ് ഇസ്‌ലാമിക സംസ്‌കാരം സ്‌കൂളിലൂടെ പഠിതാക്കള്‍ക്ക് ലഭ്യമാക്കാന്‍ പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കിടയില്‍ ഒരു ആലോചന. പ്രസ്ഥാനത്തിന്റെ കീഴില്‍ ഒരു സ്‌കൂള്‍ വേണം. ആലോചനാ യോഗത്തില്‍ ഞാന്‍ പറഞ്ഞു: 'ഇത് വമ്പിച്ച ചെലവുള്ള പദ്ധതിയാണ്. നമുക്കെങ്ങനെ അത്  മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കും?' കൂട്ടത്തിലൊരാള്‍ അഭിപ്രായപ്പെട്ടു: 'ഉര്‍ദു ഹല്‍ഖയിലുളള പ്രവര്‍ത്തകരെ കൂടി ഉള്‍പ്പെടുത്തിയാല്‍ നടത്താനാവും.' ആ നിര്‍ദേശം പൊതുവെ സ്വീകാര്യമായി. കേരളത്തിനു പുറത്തുളള ജമാഅത്ത് പ്രവര്‍ത്തകരും മലയാളി ഹല്‍ഖയും ചേര്‍ന്ന് ഒരു കമ്മിറ്റി രൂപീകരിച്ചു. പദ്ധതിയുടെ എല്ലാ വശവും പഠിച്ചു. സ്‌കൂള്‍ ഉണ്ടാക്കാന്‍ ആവശ്യമായ പ്രാഥമിക കാര്യങ്ങള്‍ ചെയ്തു. അനുവാദം ലഭിക്കാന്‍ ഞങ്ങള്‍ അപേക്ഷ സമര്‍പ്പിച്ചു.
എം.ഇ.എസ് സ്‌കൂള്‍ വളരെ മുന്നോട്ടു പോയിരുന്നു. അയ്യായിരത്തിലധികം വിദ്യാര്‍ഥികള്‍. മാനേജിംഗ് കമ്മറ്റിക്ക് നല്ല വരുമാനം. 'ഖത്തറില്‍ ജനസ്വാധീനമുള്ള ജമാഅത്തുകാര്‍ മുന്‍കൈയെടുത്ത് സ്ഥാപിക്കുന്ന സ്‌കൂള്‍ തങ്ങള്‍ക്ക് വലിയ ഭീഷണിയാകും' എന്ന് ഭാരവാഹികള്‍ ചിന്തിച്ചു. സ്‌കൂള്‍ ആദ്യം സ്ഥാപിക്കാന്‍ സഹായിച്ച എന്നെയോ സ്‌കൂളിന്റെ സ്ഥാപന ചരിത്രമോ അറിയാത്തവരായിരുന്നു പുതിയ ഭാരവാഹികള്‍. അവര്‍ വേണ്ടത്ര മാന്യമല്ലാത്ത രീതിയിലാണ് പുതിയ സ്‌കൂള്‍ വരുന്നത് തടയാന്‍ ശ്രമിച്ചത്. എംബസിയില്‍നിന്ന് എന്‍.ഒ.സി വാങ്ങി ഖത്തറിലെ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ സമര്‍പ്പിച്ചാല്‍ മാത്രമേ സ്‌കൂളിന് അംഗീകാരം ലഭിക്കുകയുള്ളു. നിലവിലുള്ള ഇന്ത്യന്‍ സ്‌കൂളിന്റെ ഭാരവാഹികള്‍ എന്ന നിലയില്‍ അവര്‍ക്ക് അംബാസഡറുമായി നല്ല ബന്ധമായിരുന്നു. അതുപയോഗിച്ച് മതമൗലിക വാദികളുടെ ഒരു ഗ്രൂപ്പാണ് പുതിയ സ്‌കൂളിനു വേണ്ടി അപേക്ഷിക്കുന്നത് എന്നവര്‍ അംബാസഡറെ ധരിപ്പിച്ചു. ഇന്ത്യക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ തള്ളിക്കളയാന്‍ തനിക്കാവില്ലെന്ന് അംബാസഡര്‍ പ്രതികരിച്ചു. അന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എം.ഇ.എസ് അഖിലേന്ത്യാ പ്രസിഡന്റായ എ.എ റഹീം സാഹിബായിരുന്നു. സ്‌കൂള്‍ ഭാരവാഹികള്‍ റഹീം സാഹിബിനെ വിവരം അറിയിച്ചു. റഹീം സാഹിബ് അംബാസഡറെ വിളിച്ചു. 'മതമൗലികവാദികളുടെ ഒരു ഗ്രൂപ്പ് അവിടെ സ്‌കൂള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു എന്ന് കേട്ടു. അത് ഒഴിവാക്കാന്‍ ശ്രമിക്കണം'. അംബാസഡര്‍ ആശയക്കുഴപ്പത്തിലായി. 
ഞങ്ങളുടെ അപേക്ഷ അവിടെ എന്‍.ഒ.സി കാത്തുകിടപ്പാണ്. ഞങ്ങള്‍ വിവരങ്ങള്‍ വിശദമായി മനസ്സിലാക്കി. അംബാസഡറുമായി ചര്‍ച്ച നടത്തി. അദ്ദേഹം പറഞ്ഞു: 'ഇത്തരം ഒരു സാഹചര്യത്തില്‍ എന്‍.ഒ.സി തരാന്‍ എനിക്ക് പ്രയാസമുണ്ട്. ഞാന്‍ നിങ്ങള്‍ക്ക് ഒരു പോംവഴി പറഞ്ഞുതരാം. സ്‌കൂളിനു വേണ്ടി മറ്റു രണ്ട് എന്‍.ഒ.സി അപേക്ഷകള്‍ കൂടി വന്നിട്ടുണ്ട്. ഈ മൂന്ന് അപേക്ഷകളും നല്‍കിയവര്‍ ഒരുമിച്ച് ഒറ്റ കമ്മിറ്റിയായി വരിക. എങ്കില്‍ ഞാന്‍ എന്‍.ഒ.സി നല്‍കാം'. ഞങ്ങള്‍ തോറ്റുകൊടുക്കാന്‍ സന്നദ്ധരായിരുന്നില്ല. ഒരുപാട് സമയനഷ്ടവും സാമ്പത്തിക നഷ്ടവും പ്രവര്‍ത്തകര്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്. എന്‍.ഒ.സി വൈകിയതിനാല്‍ ഒരു വര്‍ഷവും നഷ്ടപ്പെട്ടു. മറ്റ് രണ്ട് ഗ്രൂപ്പുകളെയും സമീപിച്ച് ഒരു സംയുക്ത കമ്മിറ്റി രൂപീകരിച്ചു. സുദീര്‍ഘമായ പേറ്റുനോവിനു ഒടുവില്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ യാഥാര്‍ഥ്യമായി. പൊതുസമ്മതനായ മര്‍ഹൂം വി.പി.കെ. അബ്ദുല്ല സാഹിബിനെ ആദ്യ പ്രസിഡന്റായി തെരഞ്ഞെടുത്തു. 
ഇതര ഗ്രൂപ്പുകളുമായി അടുത്തിടപഴകിയപ്പോള്‍ വളരെ നല്ല അനുഭവമായിരുന്നു ഞങ്ങള്‍ക്ക്. സ്ഥാപനത്തിന്റെ നന്മ ലക്ഷ്യം വെച്ച് അഹോരാത്രം അധ്വാനിക്കുന്നവരായിരുന്നു അവരില്‍ പലരും. വിദ്യാലയങ്ങള്‍ നടത്താന്‍ അവര്‍ക്ക്  ലോകവിവരവും ഭൗതികജ്ഞാനവും കര്‍മപരിചയവും ധാരാളമുണ്ടായിരുന്നു. എങ്കിലും നമ്മുടെ ആളുകളില്‍ ചിലര്‍ക്ക് അവരോട് മനസ്സു തുറന്ന് ഇടപെടാന്‍ സാധിച്ചില്ല. സ്‌കൂള്‍ നിലവില്‍ വരാന്‍ ചില പ്രവര്‍ത്തകര്‍ ഒരുപാട് കഷ്ടപ്പെട്ട്  പണിയെടുത്തിട്ടുണ്ട്. മലയാളികളില്‍ കക്കോടി അബ്ദുല്‍ മജീദ്, എ. മുഹമ്മദലി, കെ.സി മൊയ്തീന്‍ കോയ എന്നിവരായിരുന്നു മുന്‍നിരയില്‍. ഹൈദരാബാദുകാരായ സയ്യിദ് യഅ്ഖൂബ് ശാമിയ്യ, എഞ്ചിനീയര്‍ ഹൈദരലി എന്നിവരും ഒരുപാട് സേവനം ചെയ്തു. ഇന്ന് എം.ഇ.എസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളുളളത് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലാണ്. രണ്ട് സ്‌കൂളുകള്‍ക്കും വലിയ വികാസമുണ്ടായി. എം.ഇ.എസിന്റെ ഭാരവാഹികള്‍ മാറിയപ്പോള്‍ അവര്‍  ഇസ്‌ലാമിക പ്രസ്ഥാനവുമായി സഹകരിച്ച് മുന്നോട്ടു നീങ്ങി.  സ്‌കൂള്‍ ഒഴിവു സമയം മതപഠന മദ്‌റസക്ക് വിട്ടുതരികയും സ്‌കൂള്‍ ബസ്സ്  ഉപയോഗപ്പെടുത്താന്‍ അനുവദിക്കുകയും ചെയ്തു. ഐഡിയലിലും എം.ഇ.എസ്സിലും മദ്‌റസ നടന്നിരുന്നതിനാല്‍ മദ്‌റസാ പഠനം വളരെ സജീവമായി. ഖത്തറിന്റെ സാമ്പത്തിക മേഖല വളര്‍ന്നതോടെ ധാരാളം ഇന്ത്യക്കാര്‍ വന്നുചേര്‍ന്നു. വിദ്യാലയങ്ങളുടെ ആവശ്യം വര്‍ധിച്ചു. ഇപ്പോള്‍ ഉന്നത നിലവാരമുള്ള പതിനഞ്ച് സ്‌കൂളുകള്‍ ഖത്തറിലുണ്ട്. അവയില്‍ ചിലതിന് രണ്ടും മൂന്നും ബ്രാഞ്ചുകളുമുണ്ട്. പ്രസ്ഥാന പ്രവര്‍ത്തകര്‍ സ്വന്തമായി നടത്തുന്ന സ്‌കൂളുമുണ്ട്.  പ്രസ്ഥാനത്തിന്റെ കീഴില്‍ ഇസ്ലാമിക വിദ്യാഭ്യാസവും സജീവമായി. മജ്‌ലിസിന്റെ സിലബസ്സില്‍ പത്താം ക്ലാസ്സ് വരെ  പഠിക്കാന്‍ സൗകര്യമുള്ള നാലു മദ്‌റസകളിലായി മൂവായിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്നു. 
സ്ഥാപന ഭാരവാഹികള്‍, സംഘടനാ നേതാക്കള്‍, പണ്ഡിതന്മാര്‍ തുടങ്ങി വിവിധ വ്യക്തിത്വങ്ങള്‍ നാട്ടില്‍നിന്ന് ഗള്‍ഫ് സന്ദര്‍ശനത്തിന് എത്താറുണ്ട്. അവര്‍ക്ക് വേണ്ട എല്ലാ സഹായസഹകരണങ്ങളും പ്രവര്‍ത്തകര്‍ ചെയ്തുകൊടുത്തിരുന്നു. ഞങ്ങള്‍ക്ക് ഉണ്ടായിരുന്നതുപോലെ വിശാലമായ ബന്ധങ്ങള്‍ പലര്‍ക്കും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ മുഖേന അധികാരികളെയും ഉദ്യോഗസ്ഥരെയും പ്രമുഖരെയും ബന്ധപ്പെടാന്‍ എളുപ്പത്തില്‍ അവര്‍ക്ക് സാധിച്ചു. 
ശൈഖ് അബ്ദുല്ല ദബ്ബാഗ് ഔഖാഫില്‍ മതകാര്യ ചുമതലയുളള പണ്ഡിതനായിരുന്നു. അദ്ദേഹത്തിന്റെ കീഴിലാണ് കെ.സി മൊയ്തീന്‍ കോയ ജോലി ചെയ്തിരുന്നത്. ഉമര്‍ മൗലവിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജമാഅത്ത് വിമര്‍ശനങ്ങള്‍ കുറിപ്പാക്കി മൊയ്തീന്‍ കോയ,  അബ്ദുല്ല ദബ്ബാഗിന് നല്‍കി. അദ്ദേഹം അതിന്റെ കോപ്പി മതകാര്യ വകുപ്പിലേക്കും ശരീഅത്ത് കോടതികളിലേക്കും ഫാക്‌സ് ചെയ്തു. ശൈഖ് ഇബ്നുഹജറിനും ഒരു കോപ്പി അയച്ചു. ഇബ്നുഹജര്‍ ഉമര്‍ മൗലവിയുടെ പഴയ സുഹൃത്താണ്. ആ കുറിപ്പ് അവരുടെ ചര്‍ച്ചാവിഷയമായി. മറുപടിയായി ഉമര്‍ മൗലവി ജമാഅത്തിന്റെ 'വ്യതിയാനങ്ങള്‍' എണ്ണിപ്പറയുന്ന ഒരു കുറിപ്പ് തയാറാക്കിക്കൊടുത്തു. ഉമര്‍ മൗലവിയുടെ കുറിപ്പിലുളള അടിസ്ഥാനരഹിതമായ  ആരോപണങ്ങള്‍ക്ക് ഞാന്‍ വിശദമായ മറുപടി തയാറാക്കി, എല്ലാ വകുപ്പുകളിലും എത്തിച്ചു. 
ഇസ്ലാഹി പ്രസ്ഥാനം വ്യവസ്ഥാപിതമായി ഖത്തറില്‍  പ്രവര്‍ത്തനമാരംഭിച്ചത് മര്‍ഹൂം എ.പി അബ്ദുല്‍ഖാദര്‍ മൗലവിയുടെ സന്ദര്‍ശനത്തോടെയായിരുന്നു. ഞങ്ങള്‍ നാട്ടില്‍നിന്നേ നല്ല പരിചയമായിരുന്നു. അതിനാല്‍ എന്നെയും അദ്ദേഹം പരിപാടികള്‍ക്ക് വിളിച്ചു. ചിലപ്പോഴെല്ലാം പ്രസംഗിക്കാനും അവസരം നല്‍കി. മലയാളികളിലേക്ക് മുജാഹിദ് പ്രവര്‍ത്തകര്‍ക്ക് ഒരു വാതായനം തുറന്നുകിട്ടാന്‍ അദ്ദേഹം ഒരു തന്ത്രം പ്രയോഗിച്ചു: പള്ളികളില്‍ ജുമുഅ ഖുതുബ പരിഭാഷപ്പെടുത്താന്‍ അനുവാദം നേടുക. ഖത്തറിലെ ഗവണ്‍മെന്റ് ഹൗസിന് തൊട്ടുള്ള വലിയ പള്ളിയില്‍ അവര്‍ പരിഭാഷപ്പെടുത്താന്‍ അനുവാദം നേടിയെടുത്തു. മര്‍ഹും കുറ്റിയാടി അബ്ദുല്ലക്കുട്ടി മൗലവിയുടെ മകന്‍ അബ്ദുര്‍റഹീമാണ് പരിഭാഷാ പ്രസംഗം നടത്തിയത്. അദ്ദേഹത്തിന്റെ പരിഭാഷക്ക് ഖുത്വ്ബയുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. പരിഭാഷ എന്ന പേരില്‍ അവര്‍ക്ക് പറയാനുളളതൊക്കെ പ്രസംഗിക്കുകയായിരുന്നു. വിവരം മതകാര്യ വകുപ്പിലെത്തി. അതിന്റെ പ്രതിഫലനമെന്നോണം അബ്ദുല്ല ദബ്ബാഗ് അബ്ദുര്‍റഹീമിനെ വളിപ്പിച്ച്  അന്നത്തെ അറബി പത്രം എടുത്ത് കൈയില്‍ കൊടുത്തു. വായിച്ച് പരിഭാഷപ്പെടുത്താന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന് അത് വായിക്കാന്‍ പോലും കഴിഞ്ഞില്ല. അപ്പോള്‍ ദബ്ബാഗ്  ചോദിച്ചു: 'നിങ്ങളാണോ ഖുത്വ്ബ പരിഭാഷപ്പെടുത്തുന്നത്'? അദ്ദേഹത്തിനു പകരം ഖാസിം മൗലവിയെ ഖുത്വ്ബ പരിഭാഷപ്പെടുത്താന്‍ ഔഖാഫ് ചുമതലപ്പെടുത്തി. പള്ളികളില്‍ പരിപാടി നടത്താന്‍ ഏതാനും പ്രസ്ഥാനപ്രവര്‍ത്തകര്‍ക്ക് സേവനകാല പ്രാബല്യമുള്ള അനുവാദപത്രവും നല്‍കി. വലിയ പള്ളിയില്‍  ധാരാളം സാധാരണക്കാര്‍ സംബന്ധിക്കും. അതിനാല്‍ അവിടെ പരിപാടി നടത്താന്‍ എനിക്ക് അവസരം ലഭിച്ചപ്പോള്‍ പരിശുദ്ധ ഖുര്‍ആന്‍ വിശദമായി പഠിക്കാനുതകുന്ന ഒരു പഠന ക്ലാസ്സാണ് ഞാന്‍ ആരംഭിച്ചത്. ഇത് അനേകം പേരെ ആകര്‍ഷിച്ചു. പ്രാരംഭം മുതല്‍ പതിനാലാം അധ്യായമായ അല്‍ ഹിജ്ര്‍ വരെ മൂന്ന് വര്‍ഷം ആ ക്ലാസ്സ് തുടര്‍ന്നു.  പള്ളിക്ലാസുകളിലൂടെ പ്രസ്ഥാനത്തിന്റെ സ്വാധീന വലയം വികസിച്ചു. ഔഖാഫിലെ ഉദ്യോഗസ്ഥര്‍ മാറിമാറി വന്നു. സലഫി ചായ്വുളള ഉദ്യോഗസ്ഥരെ മുജാഹിദുകള്‍ സ്വാധീനിച്ചു. അങ്ങനെ അവരും കുറേ പള്ളികളില്‍ അനുവാദം നേടി. ഖത്തറിലെ മലയാളി സമൂഹത്തിന് ഈ ക്ലാസ്സുകളിലൂടെ ധാരാളം ഇസ്‌ലാമിക വിജ്ഞാനം സമ്പാദിക്കാന്‍ സാധിച്ചു. 
പിന്നീടൊരിക്കല്‍ ഉമര്‍ മൗലവി ഖത്തറില്‍ വന്നു. കിട്ടിയ എല്ലാ സദസ്സിലും അദ്ദേഹം ജമാഅത്തെ ഇസ്ലാമിക്കെതിരെ ആരോപണങ്ങള്‍ അഴിച്ചുവിട്ടു. നാട്ടില്‍ പ്രസംഗിക്കുന്നതു പോലെ അവിടെയും ജമാഅത്ത് വിരോധം ആളിക്കത്തിച്ചു. അത്തരം ഒരു പരിപാടിയില്‍ മുഹമ്മദ് പാറക്കടവിനെയും കൂട്ടി ഞാന്‍ പങ്കെടുത്തു. ഉമര്‍ മൗലവി സംസാരിച്ചുകൊണ്ടിരിക്കെ ഞാന്‍ സ്റ്റേജിലേക്ക് കയറിച്ചെന്നു. സദസ്സിനെ അഭിമുഖീകരിച്ച് പറഞ്ഞു: 'പരസ്പരം ആക്ഷേപം ചൊരിഞ്ഞ് പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കേണ്ട വിഷയമല്ല ഇത്. ഇപ്പോള്‍ നാം ഖത്തറിലാണ്. ഇവിടത്തെ പണ്ഡിതന്മാരുടെ സാന്നിധ്യത്തില്‍ നമുക്ക് ഒരുമിച്ചിരിക്കാം. ജമാഅത്തും മുജാഹിദും തമ്മിലുളള തര്‍ക്കത്തില്‍ ആരുടെ നിലപാടാണ് ഇസ്ലാമികമായി ശരി എന്ന് ചര്‍ച്ച ചെയ്യാം. അങ്ങോട്ടും ഇങ്ങോട്ടും ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ ഒരു പ്രയോജനവുമില്ല. പണ്ഡിതന്മാരുടെ മുമ്പില്‍ വിഷയം ചര്‍ച്ചക്കു വെക്കാം.' അതോടെ സദസ്സില്‍നിന്ന് നേതാക്കള്‍ എഴുന്നേറ്റ് തൊട്ടടുത്തുള്ള ഒരു മുജാഹിദ് പ്രവര്‍ത്തകന്റെ വീട്ടിലേക്കിരുന്നു.  ഞങ്ങള്‍ ചര്‍ച്ച തുടര്‍ന്നു. ഉമര്‍ മൗലവി പറഞ്ഞു: 'എന്റെ വിസ മൂന്ന് ദിവസം കൂടിയേ ഉളളൂ'. അപ്പോള്‍ ഞാന്‍ പറഞ്ഞു: 'വിസ നീട്ടിക്കിട്ടാന്‍ വേണ്ടത് ഞാന്‍ ചെയ്യാം. അത് പ്രശ്നമാക്കേണ്ടതില്ല.' എന്നാല്‍  അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ പലരും ശ്രമിക്കുന്നുണ്ടായിരുന്നു. 'ഈ തര്‍ക്കം കേരളത്തിലല്ലേ, അതിന്റെ പരിഹാരം ഖത്തറില്‍ വെച്ച് എങ്ങനെ നടക്കും?'- അബദുര്‍റഹീം മൗലവി ചോദിച്ചു. 'പ്രശ്‌നമുണ്ടാക്കുന്ന നിങ്ങളെല്ലാം ഇപ്പോള്‍ ഖത്തറിലാണല്ലോ, അതിനാല്‍ ഇവിടെ വെച്ചു തന്നെയാണ് പരിഹരിക്കേണ്ടത്.' അവസാനം ഉമര്‍ മൗലവി പരിപാടിക്ക് സമ്മതിച്ചു.
ജമാഅത്ത് പ്രവര്‍ത്തകര്‍ ഒരു നോട്ടീസ് തയാറാക്കി. 'ജമാഅത്ത് - മുജാഹിദ് അഭിപ്രായവ്യത്യാസം ഖത്തറിലെ പണ്ഡിതന്മാര്‍ക്ക് മുമ്പില്‍ ചര്‍ച്ച ചെയ്യുന്നു' - ഇതായിരുന്നു നോട്ടീസിന്റെ ഉളളടക്കം. മലയാളികള്‍ക്കിടയില്‍ നോട്ടീസ് വിതരണം ചെയ്തു. മുജാഹിദ് നേതൃത്വം സ്വകാര്യയോഗം ചേര്‍ന്നു. യോഗത്തില്‍ പങ്കെടുത്തവര്‍ മൗലവിയോട് പറഞ്ഞു: 'താങ്കള്‍ എന്ത് കണ്ടിട്ടാണ് സമ്മതം മൂളിയത്. അറബ് ലോകത്തെ മൗദൂദിയാണ് യൂസുഫുല്‍ ഖറദാവി. അവര്‍ കൊണ്ടുവരുന്ന പണ്ഡിതന്മാരില്‍ മുന്നിലുണ്ടാവുക ഖറദാവി ആയിരിക്കും. ചര്‍ച്ചയില്‍ നമ്മള്‍ പരാജയപ്പെടുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. അതുകൊണ്ട് ഇത് നടക്കാന്‍ പാടില്ല'. വാക്കു കൊടുത്തുപോയില്ലേ എന്ന് ഉമര്‍ മൗലവി. അപ്പോള്‍ മറ്റുള്ളവര്‍: 'അതിനേക്കാള്‍ വലുതല്ലേ പരസ്യമായി നാം തോല്‍ക്കുന്നത്'. പരിപാടിയില്‍നിന്ന് പിന്മാറാന്‍ എന്താണ് പോംവഴി? ഒടുവില്‍ അവര്‍ ഒരു തന്ത്രം പ്രയോഗിച്ചു. നോട്ടീസ് വിഷയമാക്കി. അവര്‍ പരാതിപ്പെട്ടു: ''രണ്ടു കൂട്ടരും ഒരുമിച്ചു തീരുമാനിച്ച പരിപാടി. ഞങ്ങളോട് അഭിപ്രായം ചോദിക്കാതെ നിങ്ങളെങ്ങനെ സ്വയം നോട്ടീസ് തയാറാക്കി വിതരണം ചെയ്യും? ഇത് ഒട്ടും ശരിയല്ല. ഈ ചര്‍ച്ച നടക്കില്ല.'' അങ്ങനെ അവര്‍ അതില്‍നിന്ന് ഒരുവിധം രക്ഷപ്പെട്ടു.
നോട്ടീസില്‍ പറഞ്ഞ പോലെയല്ലെങ്കിലും വളരെ വിപുലമായ ഒരു മറുപടി പ്രസംഗം ഞങ്ങള്‍ സംഘടിപ്പിച്ചു. വി.കെ അലി, കെ. അബ്ദുല്ലാ ഹസന്‍ എന്നിവരോടൊപ്പം ഞാനും വിഷയങ്ങള്‍ ഭാഗിച്ചെടുത്തു. ഞങ്ങള്‍ പഴയ ആവനാഴിയിലെ അമ്പുകളെല്ലാം പുറത്തെടുത്തു. നാട്ടിലെ സംവാദങ്ങള്‍ കേട്ടിട്ടില്ലാത്ത ധാരാളം പേര്‍ ശ്രോതാക്കളായെത്തി. അവര്‍ക്ക് ഇസ്‌ലാമിക പ്രസ്ഥാനത്തെ വിശദമായി മനസ്സിലാക്കാനുതകുന്ന രീതിയില്‍ ഞങ്ങള്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. ഉമര്‍ മൗലവിയും കൂട്ടുകാരും ഒരു മാസത്തോളം പ്രചരിപ്പിച്ച ആരോപണങ്ങളെല്ലാം ഒന്നൊന്നായി അടര്‍ന്നുവീണു. 
ശേഷം ഔഖാഫിലെ സലഫി ചായ്‌വുള്ള പുതിയ ഭാരവാഹികളുമായി ഞങ്ങള്‍ ഒരു സുദീര്‍ഘ കൂടിക്കാഴ്ച നടത്തി. ഞാന്‍ ജമാഅത്ത് ഭരണഘടന അറബിയിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നു. അതിന്റെ ഒരു കോപ്പി നല്‍കിക്കൊണ്ടായിരുന്നു ഞങ്ങളുടെ ചര്‍ച്ച. ശീഈകളോട് വിശ്വാസത്തിലും കര്‍മത്തിലും സാദൃശ്യമുള്ള സംഘടനയാണ് ജമാഅത്ത് എന്നതിന്റെ ഖണ്ഡനം ഭരണഘടനയുടെ ആദര്‍ശ വിശദീകരണം മുന്നില്‍ വെച്ച് സമര്‍ഥിച്ചു. സലഫികള്‍ ഇസ്‌ലാം ഒരു സമ്പൂര്‍ണ ജീവിത വ്യവസ്ഥയാണ് എന്ന് അംഗീകരിക്കുന്നവരാണ്. അതിനാല്‍ 'രാഷ്ട്രീയ ഇസ്‌ലാം'വാദം അവര്‍ക്ക് പ്രശ്‌നമായിരുന്നില്ല. ശിര്‍ക്കിനോട് മൃദുസമീപനം എന്ന ആരോപണവും ഭരണഘടനയിലെ ആദര്‍ശ വിശദീകരണത്തിലൂടെ ഖണ്ഡിച്ചു. പ്രബോധകരെന്ന നിലയില്‍ ദൗത്യനിര്‍വഹണത്തില്‍ പാലിക്കുന്ന ഗുണകാംക്ഷയും സൗമ്യതയും സഹകരണവും അന്യഥാ വ്യാഖ്യാനിക്കുന്നത് സദുദ്ദേശ്യപരമല്ല എന്ന ഞങ്ങളുടെ വാദം സലഫി പണ്ഡിതര്‍ എങ്ങനെ കണ്ടു എന്നറിയില്ല.  
ഇസ്‌ലാമിക പ്രസ്ഥാനത്തെക്കുറിച്ച്  തങ്ങള്‍ക്കുണ്ടായിരുന്ന ധാരണകള്‍ തിരുത്താന്‍ ഈ ചര്‍ച്ച സഹായകമായെന്ന് അവര്‍ പറഞ്ഞു. ഔഖാഫില്‍നിന്ന്  ആവശ്യമായ എല്ലാ  സഹായവും ഞങ്ങള്‍ക്ക്  വാഗ്ദാനം ചെയ്ത ശേഷം അവര്‍ യാത്ര പറഞ്ഞു. ഔഖാഫിന്റെ കലവറയില്ലാത്ത സഹകരണം പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്‍ബലമാണ്. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (22-24)
ടി.കെ ഉബൈദ്‌