Prabodhanm Weekly

Pages

Search

2019 സെപ്റ്റംബര്‍ 20

3118

1441 മുഹര്‍റം 20

ദഅ്‌വത്ത് നഗര്‍ സമ്മേളനം

ഹൈദറലി ശാന്തപുരം

(പ്രവാസ സ്മരണകള്‍-8)

എന്റെ പ്രവാസ കാലത്ത് പങ്കെടുത്ത മറ്റൊരു പ്രധാന സമ്മേളനമായിരുന്നു 1983 ഫെബ്രുവരി 19,20 തീയതികളില്‍ മലപ്പുറത്തിനടുത്ത കാച്ചിനിക്കാട്ട് നടന്ന ദഅ്‌വത്ത് നഗര്‍ സമ്മേളനം. കേരള ജമാഅത്തെ ഇസ്‌ലാമിയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി എണ്ണപ്പെടുന്ന സമ്മേളനമായിരുന്നു അത്. മുസ്‌ലിം കേരളം അതുവരെ കണ്ടിട്ടില്ലാത്ത ജനാവലിയാണ് പ്രസ്തുത സമ്മേളനത്തില്‍ പങ്കെടുത്തത്.
സമ്മേളന നഗരി നിറഞ്ഞുകവിഞ്ഞ സമാപന സമ്മേളനത്തോടെയാണ് ദഅ്‌വത്ത് നഗര്‍ സമ്മേളനത്തിന് തിരശ്ശീല വീണത്. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീറായിരുന്ന മൗലാനാ അബുല്ലൈസ് ഇസ്‌ലാഹി  നദ്‌വിയായിരുന്നു സമാപന സമ്മേളനത്തിലെ അധ്യക്ഷന്‍. ഈയുള്ളവനായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ വിവര്‍ത്തകന്‍. അബുല്ലൈസ് സാഹിബ് തന്റെ പ്രസംഗവും ഞാനതിന്റെ വിവര്‍ത്തനവും തയാറാക്കിയത് ഇപ്പോഴും ഓര്‍ക്കുന്നു. കാച്ചിനിക്കാട്ടെ അല്‍മനാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ സ്ഥാപകനായ സി. അബ്ദുര്‍റഹ്മാന്‍ സാഹിബ് കുടുംബസമേതം താമസിച്ചിരുന്ന വീട് ജമാഅത്ത് നേതാക്കളുടെ താമസത്തിന് വിട്ടുനല്‍കിയിരുന്നു. അതിലാണ് മൗലാനാ അബുല്ലൈസ് സാഹിബും ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ സെക്രട്ടറി സയ്യിദ് യൂസുഫ് സാഹിബും താമസിച്ചിരുന്നത്. അവിടെ വെച്ചാണ് മൗലാനാ അബുല്ലൈസ് സാഹിബ് തന്റെ പ്രസംഗവും ഞാനതിന്റെ വിവര്‍ത്തനവും തയാറാക്കിയത്. പ്രസംഗ ദിവസം പകല്‍ സമയത്ത് അബുല്ലൈസ് സാഹിബ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ സെക്രട്ടറി സയ്യിദ് യൂസുഫ് സാഹിബിന് പറഞ്ഞു കൊടുക്കുകയും അത് സെക്രട്ടറി തന്റെ വാചകങ്ങളില്‍ എഴുതുകയും ചെയ്യും. ഓരോ പേജും എഴുതിക്കഴിഞ്ഞാല്‍ അതെന്റെ കൈയില്‍ തരും. ഉടനെത്തന്നെ മറ്റൊരു കടലാസ്സില്‍ അതിന്റെ മലയാള പരിഭാഷ തയാറാക്കും. അങ്ങനെ മുന്‍കൂട്ടി തയാറാക്കിയ പ്രസംഗവും പരിഭാഷയുമാണ് സദസ്സില്‍ അവതരിപ്പിച്ചത്. അബദ്ധങ്ങള്‍ സംഭവിക്കാതിരിക്കാന്‍ പ്രസംഗങ്ങള്‍ എഴുതി വായിക്കുക എന്നതായിരുന്നു അബുല്ലൈസ് സാഹിബിന്റെ രീതി. പരിഭാഷയും അങ്ങനെ തന്നെയായിരിക്കണമെന്ന് അദ്ദേഹം നിഷ്‌കര്‍ഷിക്കുകയുണ്ടായി. ഇടയില്‍ നിര്‍ത്താനുള്ള സ്ഥലങ്ങള്‍ പ്രസംഗത്തിലും പരിഭാഷയിലും മുന്‍കൂട്ടി അടയാളപ്പെടുത്തിയിരുന്നു. പ്രസംഗവും പരിഭാഷയും എഴുതി വായിക്കുകയായിരുന്നതിനാല്‍ തന്നെ തണുപ്പന്‍ മട്ടിലായിരുന്നു അത് രണ്ടും. മൗലാനാ സിറാജുല്‍ ഹസന്‍ സാഹിബ് പിന്നീടൊരിക്കല്‍ ദുബൈ സന്ദര്‍ശിച്ച വേളയില്‍ ദഅ്‌വത്ത് നഗര്‍ സമ്മേളനത്തെക്കുറിച്ച് അനുസ്മരിച്ചപ്പോള്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു: ''അബുല്ലൈസ് സാഹിബ് കാ ഖിത്താബ് ഠന്‍ഡാ ഥാ. ഹൈദരലി സാഹിബ് കാ തര്‍ജുമാ ഭീ ഠന്‍ഡാ ഥാ'' (അബുല്ലൈസ് സാഹിബിന്റെ പ്രസംഗം തണുപ്പനായിരുന്നു. ഹൈദറലി സാഹിബിന്റെ പരിഭാഷയും തണുപ്പനായിരുന്നു).

ശാന്തപുരം ഇസ്‌ലാമിയാ കോളേജ് രജത ജൂബിലി

ഔദ്യോഗിക അനുമതിയോടെ പങ്കെടുത്ത പ്രധാന സംഭവമായിരുന്നു ശാന്തപുരം ഇസ്‌ലാമിയാ കോളേജ് ജൂബിലി പരിപാടികള്‍. എനിക്ക് വഴികാണിക്കുന്നതിലും എന്നെ ഞാനാക്കുന്നതിലും മുഖ്യ പങ്കുവഹിച്ച സ്ഥാപനത്തിന്റെ പരിപാടി എന്ന നിലയില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളോടെയാണ് അതില്‍ പങ്കെടുത്തത്. 1984 ഫെബ്രുവരി 17,18,19 തീയതികളിലായിരുന്നു സ്ഥാപനത്തില്‍ ജൂബിലി പരിപാടികള്‍.
ജൂബിലി പരിപാടികള്‍ നിശ്ചയിക്കപ്പെട്ട ശേഷം അതിന്റെ പ്രചാരണാര്‍ഥം പ്രിന്‍സിപ്പല്‍ എ.കെ അബ്
ദുല്‍ഖാദിര്‍ മൗലവിയും എം.കെ അബ്ദുര്‍റഹ്മാന്‍ തറുവായിയുമടങ്ങുന്ന സംഘം ഗള്‍ഫ് നാടുകള്‍ സന്ദര്‍ശിക്കുന്നതിനിടയില്‍ യു.എ.ഇയിലുമെത്തി. നിര്‍ബന്ധമായും ഞാന്‍ പരിപാടിയില്‍ പങ്കെടുക്കണമെന്ന് എ.കെ പറഞ്ഞപ്പോള്‍ നിങ്ങള്‍ എന്നെ ക്ഷണിച്ച വിവരം ശൈഖ് ഇബ്‌നുബാസിനെ അറിയിക്കുകയാണെങ്കില്‍ എനിക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ കൂടുതല്‍ സൗകര്യമായിരിക്കുമെന്ന് പറഞ്ഞു. അതുപ്രകാരം ശൈഖിന് കത്ത് നല്‍കിയതനുസരിച്ചാണ് എനിക്ക് അനുവാദം ലഭിച്ചത്.
അന്താരാഷ്ട്ര ഉന്നത ഇസ്‌ലാമിക വ്യക്തിത്വങ്ങളുടെയും ഇന്ത്യയിലെ പ്രമുഖ മുസ്‌ലിം പണ്ഡിതന്മാരുടെയും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ദേശീയ, സംസ്ഥാന നേതാക്കളുടെയും സാന്നിധ്യം കൊണ്ട് അനുഗൃഹീതമായ ശാന്തപുരം ജൂബിലി പരിപാടി കേരള മുസ്‌ലിം ചരിത്രത്തിലെ വേറിട്ട ഒരേടായിരുന്നു.
സ്റ്റേജ് നിയന്ത്രണവും പ്രസംഗങ്ങളുടെ വിവര്‍ത്തനവും നിര്‍വഹിച്ചിരുന്നത് പൂര്‍വ വിദ്യാര്‍ഥികളും ഏതാനും പൂര്‍വ അധ്യാപകരുമാണ്. പ്രിന്‍സിപ്പല്‍ എ.കെ അബ്ദുല്‍ഖാദിര്‍ മൗലവിയുടെ നിര്‍ദേശപ്രകാരം ഈയുള്ളവന്നായിരുന്നു സ്റ്റേജിന്റെ നിയന്ത്രണത്തിന്റെയും വിവര്‍ത്തനത്തിന്റെയും കൂടുതല്‍ ചുമതലകള്‍ വഹിക്കേണ്ടിവന്നത്. ശൈഖ് അബ്ദുല്‍ബദീഅ് സ്വഖര്‍, ശൈഖ് അലി സ്വാലിഹ് അല്‍ മിഹ്‌വീത്തി, ശൈഖ് അഹ്മദുല്‍ ഖാസിമി, ശൈഖ് ജമാല്‍ അര്‍റുഖൈമി, മൗലാനാ അബുല്ലൈസ് എന്നിവരുടെ പ്രസംഗങ്ങള്‍ ഞാന്‍ പരിഭാഷപ്പെടുത്തി.

ഹിറാ നഗര്‍ സമ്മേളനം

എന്റെ യു.എ.ഇ ജീവിതകാലത്ത് പങ്കെടുത്ത മറ്റൊരു സമ്മേളനം ജമാഅത്തെ ഇസ്‌ലാമിയുടെ 1998 ഏപ്രില്‍ 18,19 തീയതികളില്‍ നടന്ന ഹിറാ നഗര്‍  സമ്മേളനമായിരുന്നു. പങ്കെടുത്തവരുടെ ബാഹുല്യം കൊണ്ടും പ്രസ്ഥാനത്തിന്റെ ദേശീയ നേതാക്കളുടെ വര്‍ധിത സാന്നിധ്യം കൊണ്ടും സെഷനുകളുടെ വൈവിധ്യം കൊണ്ടും സംഘാടന മികവുകൊണ്ടും അതൊരു ഐതിഹാസിക സംഭവമായിരുന്നു.
ഈയുള്ളവന് ഹിറാ നഗര്‍ സമ്മേളനത്തില്‍ നിര്‍വഹിക്കാനുണ്ടായിരുന്നത് മൂന്ന് കാര്യങ്ങളായിരുന്നു: ഒന്ന്, എം.സി.എ നാസറിന്റെ കൂടെ സ്റ്റേജ് വളന്റിയറെന്ന നിലയിലെ പ്രവര്‍ത്തനങ്ങള്‍. രണ്ട്, പ്രാസ്ഥാനിക സമ്മേളനത്തിന്റെ കോ-ഓര്‍ഡിനേഷന്‍. മൂന്ന്, ലോക മുസ്‌ലിം പണ്ഡിത സഭാ സെക്രട്ടറി ഡോ. അലി മുഹ്‌യിദ്ദീന്‍ ഖുര്‍റദാഗിയുടെ പ്രസംഗത്തിന്റെ വിവര്‍ത്തനം.

ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ പ്രഖ്യാപന സമ്മേളനം
1953-ല്‍ മുള്ള്യാകുര്‍ശി അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ എന്ന പേരില്‍ തുടക്കം കുറിച്ച പ്രാദേശിക മദ്‌റസ ജമാഅത്തെ ഇസ്‌ലാമിയുടെ മലപ്പുറം സമ്മേളനത്തിലെ പ്രഖ്യാപനമനുസരിച്ച് 1955-ല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജായി ഉയര്‍ത്തപ്പെട്ടു. അര നൂറ്റാണ്ട് കാലം അതിന്റെ സംഭാവനകള്‍ സമൂഹത്തിന് സമര്‍പ്പിച്ച ശേഷം കോളേജ് കൂടുതല്‍ ഉയരങ്ങളിലേക്ക്, സര്‍വകലാശാലാ തലത്തിലേക്ക് കുതിച്ചുചാട്ടം നടത്തുന്നതിന്റെ വിളംബരമായിരുന്നു ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ പ്രഖ്യാപന സമ്മേളനം. സ്ഥാപനത്തിന്റെ സുപ്രധാന വഴിത്തിരിവായ പ്രഖ്യാപനം നടത്തിയത് വനിതകളടങ്ങിയ ഒരു വന്‍ ജനാവലിയെ സാക്ഷിനിര്‍ത്തി വിശ്വപ്രശസ്ത പണ്ഡിതനും ലോക മുസ്‌ലിം പണ്ഡിതസഭയുടെ അധ്യക്ഷനുമായ ഡോ. യൂസുഫുല്‍ ഖറദാവിയാണ്. 2003 മാര്‍ച്ച് ഒന്നിന് നടന്ന സമ്മേളനത്തില്‍ ലോക മുസ്‌ലിം പണ്ഡിതസഭാ സെക്രട്ടറി ജനറല്‍ ഡോ. അലി മുഹ്‌യിദ്ദീന്‍ അല്‍ ഖുര്‍റദാഗിയും പ്രസംഗിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ പ്രസംഗം പരിഭാഷപ്പെടുത്തുന്ന ചുമതല ഈയുള്ളവന്നായിരുന്നു.

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (20-21)
ടി.കെ ഉബൈദ്‌

ഹദീസ്‌

നേര്‍ജീവിതത്തെ അപകടപ്പെടുത്തുന്ന നാവ്
മൂസ ഉമരി പാലക്കാട്