Prabodhanm Weekly

Pages

Search

2019 സെപ്റ്റംബര്‍ 20

3118

1441 മുഹര്‍റം 20

മാതൃകയാവണം ഖത്വീബ്

എം.വി മുഹമ്മദ് സലീം

ജുമുഅ ഖുത്വ്ബയുടെ സുപ്രധാന ദൗത്യങ്ങളില്‍ ദൈവസ്മരണ പോലെ പ്രധാനമാണ് ആത്മസംസ്‌കരണം. ജീര്‍ണതകള്‍ പരിശോധിച്ച് സൗമ്യവും ഗുണകാംക്ഷാനിര്‍ഭരവുമായ ഭാഷയില്‍ മാറ്റങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയാണ് സംസ്‌കരണത്തിന് അനിവാര്യമായി വേണ്ടത്. ജുമുഅ ഖുത്വ്ബ ഇക്കാര്യം നിര്‍വഹിക്കാന്‍ ഏറ്റവും പറ്റിയ വേദിയാണ്. ഭക്തിനിര്‍ഭരമായ ഒരന്തരീക്ഷത്തില്‍ സമൂഹത്തെ പിടികൂടിയ അനാചാരങ്ങളും പാപവാസനയും ചൂണ്ടിക്കാണിക്കുകയും അവയുടെ ഇസ്‌ലാമിക വിധികള്‍ വിശദീകരിക്കുകയും മാറ്റത്തിന് ആഹ്വാനം ചെയ്യുകയുമാണ് ഖത്വീബ് ചെയ്യേണ്ടത്. ഇങ്ങനെ വ്യവസ്ഥാപിതമായി സമൂഹത്തിലുള്ള ദുരാചാരങ്ങളും പാപകൃത്യങ്ങളും ഇല്ലായ്മ ചെയ്യാന്‍ സാധിക്കും. ഇസ്‌ലാമില്‍ കര്‍മമില്ലാതെ വെറും വിശ്വാസത്തിന്  അംഗീകാരമില്ല. വിശ്വാസം കര്‍മത്തോടൊപ്പം മുന്നേറുമ്പോഴാണ് യഥാര്‍ഥത്തില്‍ 'ഈമാന്‍' എന്ന വിശേഷണത്തിന് അര്‍ഹമാകുന്നത്. ഈമാന്‍ വചനവും പ്രവര്‍ത്തനവും  ചേര്‍ന്നതാണ്. അത് വര്‍ധിക്കുകയും ശോഷിക്കുകയും ചെയ്യുമെന്ന് പൂര്‍വികര്‍ പറഞ്ഞത് വളരെയേറെ  അര്‍ഥവത്താണ്. ഇക്കാര്യം തന്റെ  ശ്രോതാക്കളെ തെര്യപ്പെടുത്താന്‍ ഖത്വീബ് പ്രത്യേകം ശ്രദ്ധിക്കണം.
കര്‍മം ഇല്ലെങ്കിലും വിശ്വാസികള്‍ക്ക് പാരത്രിക മോക്ഷം ലഭിക്കും എന്ന ഒരു പ്രചാരണമുണ്ട്. ഇത് സമൂഹത്തെ നിഷ്‌ക്രിയത്വത്തിലേക്ക് നയിക്കും. സാധാരണക്കാര്‍ക്ക് മതകര്‍മങ്ങളില്‍ വൈമനസ്യവും ആലസ്യവുമുണ്ടാകുമ്പോള്‍ അവരെ തൃപ്തിപ്പെടുത്താന്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് ചില പുരോഹിതരുടെ സ്ഥിരം രീതിയാണ്. മുസ്ലിംകളില്‍ അത് എത്ര വലിയ വിനാശമാണ് സൃഷ്ടിച്ചതെന്ന് പറയേണ്ടതില്ല. വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും വെളിച്ചത്തില്‍ കര്‍മം ഇല്ലാതെ വിശ്വാസ കാര്യങ്ങള്‍ക്ക് വെറുതെ അംഗീകാരം നല്‍കിയതുകൊണ്ട് ഒരാള്‍ യഥാര്‍ഥ വിശ്വാസിയാവുകയില്ല എന്ന കാര്യം ബോധവല്‍ക്കരണത്തില്‍ ഉള്‍ക്കൊള്ളിക്കുകയും പൂര്‍വികരുടെ ഉദാഹരണങ്ങള്‍ നിരത്തി കര്‍മ സംസ്‌കരണ പരിപാടിയുടെ വ്യക്തമായ ചിത്രം ശ്രോതാക്കളുടെ മനസ്സുകളില്‍ ഉണ്ടാക്കിയെടുക്കുകയും വേണം. 
ഓരോ മേഖലയിലും സംസ്‌കരണത്തിന് നിര്‍ദേശങ്ങള്‍ നല്‍കാന്‍ സാഹചര്യത്തെക്കുറിച്ച് വിശദമായി പഠിക്കുകയാണ് വേണ്ടത്. വ്യക്തികളെയും കുടുംബങ്ങളെയും സമൂഹത്തെയും ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പഠിക്കുകയും അവയില്‍ ഇസ്‌ലാമികമായ കാഴ്ചപ്പാട് വിശദീകരിക്കുകയും ചെയ്യണം. തങ്ങള്‍ക്ക് മുമ്പിലുള്ള പ്രശ്‌നങ്ങളില്‍ ഇസ്‌ലാം നിര്‍ദേശിക്കുന്ന പരിഹാരം പ്രായോഗികമാണെന്ന് ബോധ്യപ്പെടുത്തുംവിധം അവതരിപ്പിച്ചാല്‍ ശ്രോതാക്കള്‍ അതില്‍ ആകൃഷ്ടരാകുമെന്നതില്‍ സംശയമില്ല. 
സംസ്‌കരണം ഒരു നിരന്തര പ്രക്രിയയാണ്. തെറ്റു ചെയ്യുമ്പോള്‍ തന്നെ തിരുത്തുന്നതാണ് ഏറ്റവും ഫലപ്രദം. അതിനാല്‍ ഇവ്വിഷയകമായി വന്ന നബി തിരുമേനിയുടെ കല്‍പന നടപ്പാക്കാന്‍ ശ്രോതാക്കളെ പ്രത്യേകം  ഉദ്‌ബോധിപ്പിക്കണം. തിരുമേനി അരുളി. ''നിങ്ങളില്‍ ആരെങ്കിലും ഒരു തിന്മ കണ്ടാല്‍ അത് സ്വകരങ്ങളാല്‍ തിരുത്തട്ടെ. അയാള്‍ക്കത് കഴിയില്ലെങ്കില്‍ നാവുകൊണ്ട് തിരുത്തട്ടെ. അതിനും കഴിയില്ലെങ്കില്‍ മനസ്സുകൊണ്ട് തിരുത്തട്ടെ. അതാണ് ഏറ്റവും ദുര്‍ബലമായ വിശ്വാസം.'' സമൂഹത്തില്‍ നന്മ ഉണ്ടാക്കാനും തിന്മ ഇല്ലാതാക്കാനും കൂട്ടായ പരിശ്രമം നടക്കണം. ജുമുഅ ഖുത്വ്ബയില്‍നിന്നാണ് അതിന്റെ തുടക്കം. പൊതു സമൂഹത്തില്‍നിന്ന് ഇതിന്റെ തുടര്‍ച്ച ഉണ്ടായാല്‍ സംസ്‌കരണം സാധ്യമാകും. 
മുസ്‌ലിം വീടുകളില്‍ വളര്‍ന്ന എത്രയേറെ പേരാണ് കുറ്റവാളികളായി മാറുന്നത്! സമുദായത്തിന്റെ സത്വരശ്രദ്ധ പതിയേണ്ട പ്രശ്‌നമാണിത്. ഈ ദുരവസ്ഥ അവസാനിപ്പിക്കാന്‍ പ്രഥമ സംരംഭം മിമ്പറില്‍നിന്നാവണം.  സമൂഹം തിന്മക്കെതിരെ പ്രതികരിക്കണമെന്ന നിര്‍ദേശം മിമ്പറില്‍നിന്ന് നല്‍കണം. എന്നാല്‍ മാത്രമേ ഉത്തമ സമുദായം എന്ന വിശേഷണം നമുക്ക് തിരിച്ചുപിടിക്കാനാവൂ. 

ശിക്ഷണശീലനം 

നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്ന ഒരു സമുദായമാവണം മുസ്‌ലിംകള്‍. വായനയും പഠനവും പരമപ്രധാനമായതിനാല്‍ പരിശുദ്ധ ഖുര്‍ആനിലെ ആദ്യ അധ്യായം തന്നെ 'വായിക്കുക' എന്ന നിര്‍ദേശത്തില്‍ ആരംഭിക്കുന്നു. വിജ്ഞാന സമ്പാദനം തൊട്ടിലില്‍ ആരംഭിച്ച് അന്ത്യവിശ്രമം വരെ തുടരണമെന്ന് നബി (സ) പഠിപ്പിച്ചു. വിജ്ഞാന സമ്പാദനം ഓരോ മുസ്‌ലിമിനും നിര്‍ബന്ധമാണെന്നും അവിടുന്ന് ഉണര്‍ത്തി. ഒരു മനുഷ്യന്‍ ശാശ്വത സമ്പാദ്യമായി മരണാനന്തരവും പ്രതിഫലം ലഭിക്കാന്‍ നേടി വെക്കേണ്ടത് പ്രയോജനപ്രദമായ അറിവാണ്. ഇസ്‌ലാമില്‍ എല്ലാ കാര്യങ്ങളും പഠിച്ച് ചെയ്യേണ്ടതാണ്. വിശ്വാസം അറിവില്‍ അധിഷ്ഠിതമാവണം. അറിയാനും ചിന്തിക്കാനും ധാരാളമായി ആഹ്വാനം ചെയ്യുന്നുണ്ട് വിശുദ്ധ ഖുര്‍ആന്‍. 
നബി തിരുമേനി അനുചരന്മാരെ പലതും പഠിപ്പിച്ചത് ജുമുഅ ഖുത്വ്ബയിലൂടെയാണ്. ഈ മാതൃക മുന്നില്‍ വെച്ച് ജുമുഅ ഖുത്വ്ബയിലൂടെ സമുദായം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ സന്ദര്‍ഭോചിതം വിശദീകരിക്കാന്‍ ശ്രദ്ധിക്കണം. പ്രശ്‌നം ശ്രദ്ധയില്‍ പെടാത്തവര്‍ക്കും കാര്യങ്ങള്‍ പഠിക്കാന്‍ ഇത് അവസരമൊരുക്കും. വിഷയത്തിന്റെ മര്‍മം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്തവര്‍ക്ക് ഖത്വീബിന്റെ വിവരണം ഏറെ പ്രയോജനം ചെയ്യും. 
മാറുന്ന ലോകത്ത് വിശ്വാസം ശക്തമായ വെല്ലുവിളികള്‍ നേരിടുന്നു. അവയെ ചെറുത്തുതോല്‍പിക്കാന്‍ സാധിക്കാതിരുന്നാല്‍ സനാതന മൂല്യങ്ങളും ദൈവ വിശ്വാസവും ധാര്‍മിക ശിക്ഷണങ്ങളും തിരസ്‌കരിക്കുന്ന ഒരു സമൂഹമായിരിക്കും ഉയര്‍ന്നുവരിക. മുതിര്‍ന്നവര്‍ പറയുന്നതു കേട്ട് അംഗീകരിക്കുന്ന തലമുറ എന്നോ വിടപറഞ്ഞു. തെളിവുകളും ന്യായവാദങ്ങളും തേടിപ്പോകുന്ന പ്രവണതയാണ് എങ്ങും കണ്ടുവരുന്നത്. ഈ തലമുറയെ നന്മയിലും സദാചാര മൂല്യങ്ങളിലും ഉറപ്പിച്ചു നിര്‍ത്താന്‍ വൈജ്ഞാനികമായ മൂലധനവും യുക്തിചിന്തയും മനസ്സിലേക്കിറങ്ങിച്ചെല്ലുന്ന അവതരണ സാമര്‍ഥ്യവും അനിവാര്യമാണ്. പള്ളി മിമ്പറുകളില്‍ കയറുന്ന പണ്ഡിതന്മാര്‍ക്ക് ശരിയായ വൈജ്ഞാനിക അടിത്തറയോടൊപ്പം അവതരണ കലയില്‍ വിദഗ്ധ പരിശീലനവും ലഭ്യമാക്കിയാല്‍ മാത്രമേ അവര്‍ക്ക് ദൗത്യനിര്‍വഹണം സാധ്യമാവുകയുള്ളൂ. 
വിയോജിപ്പിനെ സുസ്‌മേരവദനരായി ശ്രദ്ധിക്കാനും സൗമ്യമായി പ്രതികരിക്കാനുമുള്ള  പ്രത്യേക പരിശീലനം ഖത്വീബുമാര്‍ക്ക് ലഭിക്കണം. ഉയര്‍ന്ന വിദ്യാഭ്യാസവും പൊതു വിജ്ഞാനവും ഉള്ളതോടൊപ്പം, പ്രതിയോഗികളോട് വൈകാരികമായി പ്രതികരിക്കുന്ന രീതി ഒഴിവാക്കി അവരെ സത്യത്തിലേക്ക് ആനയിക്കാനുള്ള യുക്തിചിന്തയും വാചാലതയും സംവാദ സാമര്‍ഥ്യവും സ്വായത്തമാക്കിയ ഖത്വീബുമാരാണ് നമുക്കാവശ്യം. ജുമുഅക്ക് പോയാല്‍ ധാരാളം പഠിക്കാനും ഗ്രഹിക്കാനും സാധിക്കുമെന്ന ബോധ്യം വിശ്വാസികളില്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചാല്‍ മാത്രമേ ഖുത്വ്ബയുടെ ലക്ഷ്യം നേടാനും അതിന്റെ സല്‍ഫലങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കാനും സാധിക്കുകയുള്ളു. 

മാര്‍ഗദര്‍ശനം

ഇസ്‌ലാമികസമൂഹം നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന ഉത്തമ സമുദായമായതുകൊണ്ട്, അവരെ നിരീക്ഷിക്കാനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും സ്ഥിരമായ ഒരു സംവിധാനം ഉണ്ടാകണം. പള്ളി ഭാരവാഹികളും ഇമാമും ഖത്വീബും ചേര്‍ന്ന കൂട്ടായ്മയാണ് ഈ കൃത്യം നിര്‍വഹിക്കേണ്ടത്. ഇമാമും ഖത്വീബും ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരല്ല, സമൂഹത്തെ നയിക്കുന്ന മാര്‍ഗദര്‍ശകരാണ്. പള്ളി ഭാരവാഹികള്‍ തൊഴില്‍ ദാതാക്കളല്ല, സമൂഹത്തിന്റെ ഗതിവിഗതികള്‍ നിരീക്ഷിച്ച് പരിഹാരം നിര്‍ദേശിക്കുന്ന പരിഷ്‌കര്‍ത്താക്കളാണ്. 
പ്രശ്‌നങ്ങള്‍ യഥാവിധി പഠിച്ച് ശരിയായ പരിഹാരം കണ്ടെത്തി അവതരിപ്പിക്കേണ്ടത് ഖത്വീബാണ്. ഇങ്ങനെ വ്യവസ്ഥാപിതമായി സഹകരിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ സമുദായാംഗങ്ങളെ നേര്‍വഴിയില്‍ നടത്താന്‍ കഴിയൂ. 
പുതിയ പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കുമ്പോള്‍ വിശുദ്ധ ഖുര്‍ആനിന്റെയും തിരുചര്യയുടെയും വെളിച്ചത്തില്‍ മുസ്‌ലിംകള്‍ സ്വീകരിക്കേണ്ട നിലപാട് വിശദീകരിക്കേണ്ടത് ഖത്വീബാണ്. പ്രശ്‌നം പൊതുവായി മുസ്‌ലിംകളെ ബാധിക്കുന്നതാണെങ്കില്‍ ഇതര പണ്ഡിതന്മാരുമായി കൂടിയാലോചിച്ച് ഏകകണ്ഠമായ അഭിപ്രായ രൂപീകരണത്തിന് ശ്രമിക്കണം.  പള്ളികളുടെ മേല്‍നോട്ടം വഹിക്കുന്ന കൂട്ടായ്മകള്‍ ഇത്തരം പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹാരം കണ്ടെത്താനും സംവിധാനമുണ്ടാക്കുമ്പോള്‍ വ്യക്തതയും പൂര്‍ണതയുമുള്ള ഒരു പ്രവര്‍ത്തന രീതി രൂപപ്പെടുത്താനാവും. 
ഇന്ന് മുസ്‌ലിം സമുദായം കുറ്റകൃത്യങ്ങളില്‍ കൂടുതലായി പ്രാതിനിധ്യമറിയിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്‌ലാം കഠിനമായി വിരോധിച്ച വ്യഭിചാരം, മദ്യപാനം, കൊല,  കളവ്, കവര്‍ച്ച, വിശ്വാസ വഞ്ചന, മയക്കുമരുന്ന് സേവ എന്നിങ്ങനെയുള്ള  കുറ്റകൃത്യങ്ങളില്‍ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ ചില സമുദായാംഗങ്ങള്‍.  മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങളില്‍ മുസ്‌ലിം നാമധാരികള്‍ പ്രതികളാകുമ്പോള്‍ സമുദായം ഒന്നിച്ച് പ്രതിക്കൂട്ടിലാകുന്നു. 
മാതൃഭാഷയില്‍ ഖുത്വ്ബ നടത്താത്ത പള്ളികളില്‍ ഖുത്വ്ബക്കു മുമ്പുള്ള ഉപദേശം മാതൃഭാഷയിലാണല്ലോ. അതിനാല്‍ സംസ്‌കരണവും ബോധവല്‍ക്കരണവും സാധ്യമാക്കാനുള്ള നിര്‍ദേശങ്ങള്‍  വ്യവസ്ഥാപിതമായി ഉള്‍ക്കൊള്ളിച്ച് സമുദായത്തെ ഉത്തമ സമുദായത്തിന്റെ സല്‍ഗുണങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഭൂരിപക്ഷം വരുന്ന അത്തരം  പള്ളികളിലും  ശ്രമങ്ങള്‍ നടക്കണം. തിന്മ മാലിന്യം പോലെയാണ്; അതിന്റെ ദുര്‍ഗന്ധം അത് ഉള്ളേടത്ത് ഒതുങ്ങുകയില്ല. ശുദ്ധവായു ലഭിക്കാന്‍ പരിസരങ്ങളും വൃത്തിയാക്കേണ്ടതുണ്ടല്ലോ. അതിനാല്‍ ഖുത്വ്ബയുടെ ഭാഷയിലുള്ള തര്‍ക്കം മാറ്റിവെച്ച് അതിന്റെ ലക്ഷ്യം നേടാന്‍ അഭിപ്രായ ഭിന്നതകള്‍ മാറ്റിവെച്ച് ശ്രമിച്ചാലേ ഉദ്ദിഷ്ട ലക്ഷ്യം നേടാനാവൂ. 

ഖത്വീബുമാരുടെ ദൗര്‍ലഭ്യം

ഈ ലക്ഷ്യസാക്ഷാത്കാരത്തിന് ഉതകുംവിധം ഉയര്‍ന്ന നിലവാരത്തില്‍ ഖുത്വ്ബ നിര്‍വഹിക്കാന്‍ കഴിവുള്ള ഖത്വീബുമാര്‍ എവിടെ? മനസ്സില്‍ ഉയരുന്ന ന്യായമായ ചോദ്യം. ഒരുപക്ഷേ നിലവിലുള്ള ഖത്വീബുമാരില്‍ ഒരു ചെറിയ ശതമാനം പ്രത്യേക പരിശീലനത്തിലൂടെ സംസ്‌കരണ ചുമതലയേല്‍ക്കാന്‍ കഴിവുള്ള യഥാര്‍ഥ ഖത്വീബുമാരാകാന്‍ സാധ്യതയുള്ളവരാണ്. എന്നാല്‍, ഭൂരിപക്ഷം ഖത്വീബുമാര്‍ക്കും പരിശീലനം മതിയാവുകയില്ല. ഖുത്വ്ബയില്‍ വിശദീകരിക്കേണ്ട വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കാന്‍ അവസരം ഉണ്ടാക്കിയാല്‍ മാത്രമേ അവര്‍ക്ക് സേവനം തുടരാനാവൂ. റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമിയുടെ കീഴില്‍ ഖത്വീബുമാരെ പഠിപ്പിക്കുന്ന ഒരു ഉന്നത വിദ്യാലയം സ്ഥാപിച്ചത്, ഖുത്വ്ബ പറയാന്‍ പ്രത്യേക ശിക്ഷണ പരിശീലനങ്ങള്‍ ആവശ്യമാണ് എന്നതിന് തെളിവാണ്. ഉക്കാള് അറബി പത്രത്തില്‍, ഖുത്വ്ബ പരിശീലിക്കാന്‍ ഒരു കോളേജിന്റെ അനിവാര്യത ഊന്നിപ്പറയുന്ന ഒരു ലേഖനം (27-03-2019) പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്‍മാര്‍ ഹാമിദ് മതാവിഅ് എഴുതിയതാണ് ലേഖനം. 

സേവന-വേതന വ്യവസ്ഥ

പഠിച്ച് പരിശീലിച്ച് വരുന്ന ഖത്വീബിന് സമൂഹത്തിന്റെ സ്‌നേഹവും ആദരവും ലഭിക്കണം. തന്റെ നിലവാരമനുസരിച്ച് ജീവിക്കാന്‍ മതിയാകുന്ന ഉയര്‍ന്ന വേതനവും അദ്ദേഹത്തിന് നല്‍കണം. ഖത്വീബ് എന്നത് ഒരു  ആദരണീയ സ്ഥാനമാണ് എന്നു വന്നാല്‍ വൈകാതെ  ആ സ്ഥാനം നേടാന്‍ തയാറായി ധാരാളം പഠിതാക്കളുണ്ടായേക്കും. ആധുനിക രീതിയില്‍ മനശ്ശാസ്ത്രവും പ്രതിസന്ധി പരിഹാര നൈപുണ്യവും നേതൃഗുണങ്ങളും പരിശീലിപ്പിക്കാന്‍ കഴിയുന്ന ഒരു ഖത്വീബ് കോളേജ് സ്ഥാപിച്ചാല്‍ അതിലൂടെ നമുക്ക് ആവശ്യമുള്ളത്ര പ്രാപ്തരായ പണ്ഡിതന്മാരെ വാര്‍ത്തെടുക്കാന്‍ സാധിക്കും. 

ഖത്വീബുമാരുടെ ദൗര്‍ബല്യം 

നിലവിലുള്ള ഖത്വീബുമാരില്‍ ഏറിയ പേരും ഖുത്വ്ബ പാര്‍ട്ട് ടൈം ജോലിയായി നിര്‍വഹിക്കുന്നവരാണ്. പ്രധാന ജോലിക്ക് ഖുത്വ്ബയുമായി ബന്ധമുണ്ടാവില്ല. അതിനാല്‍ ഖുത്വ്ബ തയാറാക്കാന്‍ വളരെ കുറച്ച് സമയമേ അവര്‍ക്ക് ഉണ്ടാവുകയുള്ളു. സ്വതഃസിദ്ധമായി ലഭിച്ച പ്രസംഗ വൈഭവമാണ് മൂലധനം. ശ്രോതാക്കളുമായി ഇടപഴകാന്‍ അവസരം ലഭിക്കാത്തതിനാല്‍ മനസ്സില്‍ പ്രധാനമെന്ന് തോന്നിയ  വിഷയമായിരിക്കും അവര്‍ ഖുത്വ്ബക്ക് തെരഞ്ഞെടുക്കുക. പല ശ്രോതാക്കളെയും ആകര്‍ഷിക്കാത്ത വിഷയമാവും അവര്‍ കണ്ടെത്തുന്നത്. ശ്രോതാക്കളില്‍ മടുപ്പും വിരസതയും ഖത്വീബിനോട് അനാദരവും ഉണ്ടാകാന്‍ ഇത് കാരണമായേക്കും. 
സാധാരണക്കാര്‍ ധാരാളമുള്ള പള്ളികളില്‍ ശാസ്ത്ര വിഷയങ്ങള്‍ വളരെ കൂടുതലായി അപഗ്രഥിക്കുന്നത് ഭൂരിപക്ഷം ശ്രോതാക്കളില്‍ വിരസതയുണ്ടാക്കും. അഭ്യസ്തവിദ്യര്‍ കൂടുതലുള്ള സദസ്സില്‍ പ്രാഥമിക കാര്യങ്ങള്‍ പറഞ്ഞുപോകുന്നതും മടുപ്പുളവാക്കും. 'ജനങ്ങളോട് അവരുടെ ചിന്താശക്തിക്കനുസരിച്ച് സംസാരിക്കുക' എന്ന പ്രവാചക ശിക്ഷണം ഖത്വീബ് ശിരസ്സാ വഹിക്കണം. ഭാഷാ സ്ഫുടത പ്രസംഗകര്‍ക്ക് വളരെ  അനിവാര്യമാണ്. ഏത് സങ്കീര്‍ണ വിഷയവും ലളിതമായി അവതരിപ്പിക്കാന്‍ ഖത്വീബ് ശീലിക്കണം. 
നിരന്തര വായനയിലൂടെ അറിവിനെ നവീകരിച്ചുകൊണ്ടിരിക്കാന്‍ ഖത്വീബ് എപ്പോഴും  ശ്രദ്ധിക്കണം. പുതിയ തലമുറയുടെ മുമ്പില്‍ ആധുനിക വിഷയങ്ങളോ,  ശാസ്ത്രീയ പഠനങ്ങളോ അവതരിപ്പിക്കുമ്പോള്‍ സംഭവിക്കുന്ന ചെറിയ സ്ഖലിതങ്ങള്‍ പോലും അനാദരവ് ക്ഷണിച്ചുവരുത്തും. 

മാതൃകയാവണം ഖത്വീബ്

പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ അനന്തരക്കാരാണ് എന്നാണല്ലോ നബി (സ) പഠിപ്പിച്ചത്. നബി തിരുമേനിയെ മഹത്തായ സ്വഭാവത്തിനുടമയെന്ന് വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു. ഈ ഉത്തമ സ്വഭാവം ഉള്‍ക്കൊള്ളാനും മാതൃകാപരമായി ജീവിതത്തില്‍ പകര്‍ത്താനും ഖത്വീബുമാര്‍ക്ക് കഴിയണം. ഖത്വീബിന്റെ സദാചാരനിഷ്ഠ അദ്ദേഹത്തിന്റെ സ്വീകാര്യതയെ സാരമായി  സ്വാധീനിക്കും. 'നിങ്ങളില്‍ ഉത്തമന്‍ ഉത്തമ സ്വഭാവമുള്ളവനാണ്' എന്ന പ്രവാചകവചനത്തിന്റെ അടിസ്ഥാനത്തില്‍ ഖത്വീബുമാരെ പരിശീലിപ്പിക്കുമ്പോള്‍, അവരുടെ സ്വഭാവ സംസ്‌കരണത്തിനും പെരുമാറ്റ മര്യാദകള്‍ക്കും പ്രത്യേകം ഊന്നല്‍ നല്‍കണം. മാന്യതയുടെ പരിധിയില്‍ വരാത്ത സംസാരമോ പെരുമാറ്റമോ ഖത്വീബില്‍നിന്ന് ഉണ്ടാവരുത്. ഖത്വീബിന്റെ വസ്ത്രധാരണം, സംസാരശൈലി, പെരുമാറ്റരീതി എന്നിവയെല്ലാം 'മാന്യത' എന്ന  തലവാചകത്തിനു കീഴില്‍ വരുന്നു. 
മൊത്തത്തില്‍ കുറ്റകരമല്ലാത്ത എന്തും തനിക്ക് ചെയ്യാം എന്ന് ഖത്വീബ് ധരിക്കാന്‍ പാടില്ല. സമൂഹത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം പ്രവാചകന്റെ പിന്തുടര്‍ച്ചക്കാരനായ ഒരു മാര്‍ഗദര്‍ശിയുടെ സ്ഥാനമാണ്. അതിനാല്‍ വളരെ ഉയര്‍ന്ന നിലവാരത്തില്‍, എന്നാല്‍ തീര്‍ത്തും വിനീതനായി സമൂഹത്തിനു മുമ്പില്‍ നിലകൊള്ളാനും അവരുമായി സംവദിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും ഖത്വീബിന് ബാധ്യതയുണ്ട്. ഈ ബാധ്യത നിര്‍വഹിക്കുന്നതിന് വിഘ്‌നം വരുത്തുന്ന ഒന്നും അദ്ദേഹത്തില്‍നിന്ന് ഉണ്ടാകാന്‍ പാടില്ല. 
ഖുത്വ്ബ ഒരു തൊഴിലായി മാറുകയും, തൊഴില്‍ ഭംഗിയായി നിര്‍വഹിച്ചുകഴിഞ്ഞാല്‍ ഖത്വീബ് സ്വതന്ത്രനാവുകയും ചെയ്യുന്ന സംവിധാനത്തില്‍  ഖത്വീബിന്റെ വ്യക്തിത്വം ഒരു വിഷയമല്ലാതായി. അതിനാല്‍ വസ്ത്രധാരണത്തിലോ വേഷവിധാനത്തിലോ ഖത്വീബുമാര്‍ ശ്രദ്ധ പുലര്‍ത്താതെയായി. പിന്നീട് അവര്‍ തങ്ങളുടെ നിലപാടിന്റെ ന്യായീകരണത്തില്‍ വ്യാപൃതരായി. ഇന്ന് വ്യത്യസ്തമായ ഒരു രീതി ആവശ്യപ്പെടുമ്പോള്‍ അതിനോട് വിയോജിക്കുന്നവരാണ് അധികവും. 'ആദം സന്തതികളെ, എല്ലാ ആരാധനകളിലും നിങ്ങള്‍ നിങ്ങളുടെ അലങ്കാരമണിയുക' (7:3 1) എന്ന ഖുര്‍ആനിക ശിക്ഷണം പാടേ വിസ്മരിക്കപ്പെട്ടു. വേഷത്തില്‍ വ്യതിരിക്തത ഇല്ലാതായപ്പോള്‍ പെരുമാറ്റത്തിലും സഹവാസത്തിലും പ്രത്യേകത ഇല്ലാതായി. മാന്യതയുടെ പരിധി പാലിക്കാതായി. ഇത്തരം ഖത്വീബുമാര്‍ മിമ്പറില്‍ കയറി നടത്തുന്ന ഖുത്വ്ബക്ക് ഒരു പ്രസംഗം എന്നതിനപ്പുറം വിലയില്ലാതായി. 
ഖത്വീബിന് ഉാകേ മറ്റൊരു ഗുണം സാമ്പത്തിക അച്ചടക്കമാണ്. 'ഉള്ളതില്‍ തൃപതിപ്പെടുന്നത് അനശ്വര നിധിയാണ്'. സ്വന്തം ജീവിതത്തിലൂടെ ഖത്വീബ് ഇത് തെളിയിക്കണം. യാദൃഛികമായുണ്ടാകുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹം വ്യക്തികളെ സമീപിക്കരുത്. അനിവാര്യമെങ്കില്‍ പള്ളിക്കമ്മിറ്റിയുടെ മുമ്പില്‍ വിഷയം അവതരിപ്പിച്ച് അവര്‍ മുഖേന സ്വകാര്യമായി പ്രശ്‌നം പരിഹരിക്കണം. വ്യക്തികളുടെ ഔദാര്യം സ്വീകരിക്കുന്നതിന് വലിയ വില നല്‍കേണ്ടിവരും. അത് ഖത്വീബിനെ ദുര്‍ബലനാക്കും. നന്മ കല്‍പിക്കാനും തിന്മ നിരോധിക്കാനും അശക്തനാക്കും.
ശ്രോതാക്കള്‍ എന്താകണമെന്ന് അവരെ പഠിപ്പിക്കുന്നുവോ അതിന്റെ ജീവിക്കുന്ന മാതൃകയാവണം ഖത്വീബ്. അദ്ദേഹത്തിന്റെ ചെറിയ വീഴ്ചകള്‍ പോലും സമൂഹത്തില്‍ വലിയ അലയൊലികള്‍  സൃഷ്ടിക്കും. സല്‍ഗുണസമ്പന്നനായ ഒരു പണ്ഡിതന് തന്റെ പ്രഭാഷണത്തേക്കാള്‍ മൗനം മതി മനുഷ്യമനസ്സുകള്‍ മാറ്റിയെടുക്കാന്‍. ഈ തത്ത്വങ്ങളെല്ലാം ഉള്‍ക്കൊണ്ടുള്ള ഒരു ഖത്വീബ് കോളേജ് ഇവിടെ സ്ഥാപിക്കപ്പെടണം. ഇസ്‌ലാമിന്റെ പ്രതിരോധവും പ്രചാരണവും പാണ്ഡിത്യത്തിലൂടെയും പെരുമാറ്റത്തിലൂടെയും നേടിയെടുക്കുന്ന പ്രതിഭകളെ സജ്ജമാക്കുന്ന കോളേജാവണം അത്. 

(അവസാനിച്ചു)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (20-21)
ടി.കെ ഉബൈദ്‌

ഹദീസ്‌

നേര്‍ജീവിതത്തെ അപകടപ്പെടുത്തുന്ന നാവ്
മൂസ ഉമരി പാലക്കാട്