Prabodhanm Weekly

Pages

Search

2019 സെപ്റ്റംബര്‍ 20

3118

1441 മുഹര്‍റം 20

ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഇന്ത്യന്‍ അജണ്ടകള്‍

ഡോ. അബ്ദുസ്സലാം അഹ്മദ്

ഓരോ നാലു വര്‍ഷത്തേക്കുമുള്ള നയസമീപനങ്ങളും  പ്രവര്‍ത്തന പരിപാടികളും മുന്‍കൂട്ടി രൂപപ്പെടുത്തി മുന്നോട്ടു പോകുന്ന രീതിയാണ് ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമി പിന്തുടര്‍ന്നുപോരുന്നത്. അതിന്റെ അഖിലേന്ത്യാ കൂടിയാലോചനാ സമിതിയാണത് രൂപപ്പെടുത്തുക. തുടര്‍ന്ന്, ഓരോ സംസ്ഥാനവും അതേ ഫ്രെയ്മിനകത്തു നിന്നുകൊണ്ട് സംസ്ഥാന പരിപാടികള്‍ ആസൂത്രണം ചെയ്യുന്നു. പ്രവര്‍ത്തകര്‍ക്കത് വിശദീകരിച്ചുകൊടുക്കുകയും അവരെ കര്‍മസജ്ജരാക്കുകയും ചെയ്യുന്നു. തദടിസ്ഥാനത്തില്‍, 2019-2023 കാലയളവിലേക്കുള്ള സംഘടനാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ഉടന്‍ തന്നെ അഖിലേന്ത്യാ ശൂറാ ചേരുകയും അടുത്ത കാലയളവിലേക്കുള്ള പോളിസിയും പ്രോഗ്രാമും തീരുമാനിക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ഏതാണ്ട് മൂന്ന് മാസക്കാലം നീണ്ടുനിന്ന പ്രക്രിയയായിരുന്നു അത്.
ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടനയുടെ നയനിലപാടുകളും കര്‍മപദ്ധതികളുമാണെങ്കിലും സംഘടനയുടെ നേതൃത്വം മാത്രം തയാറാക്കുന്ന ഒന്നല്ല അതിന്റെ പോളിസി-പ്രോഗ്രാം. പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നത് രാജ്യത്തിനും രാജ്യനിവാസികള്‍ക്കും വേണ്ടിയാണ്. അതുകൊണ്ട്, ജമാഅത്തെ ഇസ്‌ലാമി എങ്ങനെ പ്രവര്‍ത്തിക്കണം എന്നതിനെക്കുറിച്ച് അഭിപ്രായപ്രകടനം നടത്താന്‍ ജമാഅത്തിനു പുറത്തുള്ളവര്‍ക്കും അവകാശമുണ്ട്. അവരുമായി ചര്‍ച്ചചെയ്യേണ്ട ബാധ്യത പ്രസ്ഥാനത്തിനുമുണ്ട്. തദടിസ്ഥാനത്തില്‍, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും മതഭേദമന്യേ പ്രമുഖ വ്യക്തിത്വങ്ങളുടെയും ഇസ്‌ലാമിക പണ്ഡിതന്മാരുടെയും അഭിപ്രായങ്ങള്‍  പ്രസ്ഥാനം ആരാഞ്ഞു. പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ ശേഖരിച്ചു. പോളിസി-പ്രോഗ്രാമിന്റെ കരടു തയാറാക്കാന്‍ അഖിലേന്ത്യാ ശൂറാ ചുമതലപ്പെടുത്തിയ സമിതി ഈ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മുഴുവന്‍ മുന്നില്‍വെക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തശേഷമാണ് കരടു തയാറാക്കി ശൂറായുടെ മുന്നില്‍ വെച്ചത്. ശൂറാ, ദിവസങ്ങളെടുത്ത് ചര്‍ച്ച ചെയ്ത ശേഷമാണ് 2019-2023 പോളിസി പ്രോഗ്രാമിന് അന്തിമ രൂപം നല്‍കിയത്.
പുതിയ പ്രവര്‍ത്തന കാലയളവ് ജമാഅത്തെ ഇസ്‌ലാമിയെ സംബന്ധിച്ചേടത്തോളം രണ്ടു കാരണങ്ങളാല്‍ മര്‍മപ്രധാനമാണ്. രാജ്യം ഇതുവരെ സഞ്ചരിച്ചിരുന്ന പാതയില്‍നിന്ന് തീര്‍ത്തും എതിര്‍ ദിശയിലേക്ക് സഞ്ചാരം ആരംഭിച്ച കാലത്താണ് അതിന്റെ പുതിയ സ്ട്രാറ്റജി നിര്‍ണയം നടക്കുന്നത് എന്നതാണ് ഒന്നാമത്തേത്. സാഹചര്യം വളരെ സങ്കീര്‍ണമാണെന്നര്‍ഥം. എന്നാല്‍ രണ്ടാമത്തേത് ശുഭകരമാണ്. ബുദ്ധിജീവിയും ചിന്തകനും സ്ട്രാറ്റജിസ്റ്റുമായ ഒരു വ്യക്തിത്വത്തെയാണ് പ്രസ്ഥാനം ഇത്തവണ അതിന്റെ അഖിലേന്ത്യാ അമീറായി തെരഞ്ഞെടുത്തിരിക്കുന്നത് എന്നതാണത്. പ്രസ്ഥാനത്തിന് വിഷനറി ലീഡര്‍ഷിപ്പ് എന്ന പ്രവര്‍ത്തകരുടെ സ്വപ്‌നമാണ് യാഥാര്‍ഥ്യമായത്. നേതൃത്വമേറ്റെടുത്ത് ചുരുങ്ങിയ മാസങ്ങള്‍ക്കകം തന്നെ പ്രസ്ഥാനത്തിന്റെ ഊടും പാവും പുനര്‍നിര്‍ണയിച്ച് അമീര്‍ സയ്യിദ് സആദത്തുല്ലാ ഹുസൈനി  വ്യത്യസ്തമായ ഒരു നേതൃസ്പര്‍ശം പ്രസ്ഥാനത്തെ  അനുഭവിപ്പിച്ചുതുടങ്ങിയിരിക്കുന്നു.

പ്രസ്ഥാനത്തിന്റെ 'പൊസിഷനിംഗ്'
ഇസ്‌ലാമിക പ്രസ്ഥാനം രാജ്യത്ത് അതിനെ പൊസിഷന്‍ ചെയ്തിരിക്കുന്നത് നന്മ(ഖൈര്‍)യിലേക്ക് നയിക്കുന്ന ഒരു കൂട്ടായ്മയായാണ്. നന്മയാണതിന്റെ ന്യൂക്ലിയസ്. അത് പ്രസരിപ്പിക്കുന്നത് നന്മ മാത്രമായിരിക്കണം. ഏതെങ്കിലും ഒരു കൂട്ടരുടെയോ ഒരു മതവിഭാഗത്തിന്റെയോ അല്ല, എല്ലാവരുടെയും നന്മ. വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മ. ഈ പൊസിഷനിംഗ് യഥാര്‍ഥത്തില്‍ ഖുര്‍ആനിക സങ്കല്‍പമാണ്. ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുള്ള പദമാണ് 'ഖൈര്‍.' നന്മയിലേക്ക് ക്ഷണിക്കുന്നവരാകണം നിങ്ങള്‍ എന്നതും നിങ്ങള്‍ ജനിച്ചതും ജീവിക്കുന്നതും നിങ്ങള്‍ക്കു വേണ്ടിയല്ല, ജനങ്ങള്‍ക്കു വേണ്ടി(ഉഖ്‌രിജത്ത് ലിന്നാസ്)യാണ് എന്നതും ഖുര്‍ആനിക സങ്കല്‍പമാണ്. ഇസ്‌ലാമിലേക്ക് എന്നതിനു പകരം നന്മയിലേക്ക് ക്ഷണിക്കുക എന്ന പൊതു ഭാഷയാണത് പ്രയോഗിച്ചത്.
പ്രസ്ഥാനം സ്വയം സ്ഥാപിച്ചു നിര്‍ത്തിയിട്ടുള്ള ഈ അടിത്തറയില്‍നിന്നുകൊണ്ടേ അതിന്റെ സമീപനങ്ങളും സ്ട്രാറ്റജിയും നിര്‍ണയിക്കാനാവൂ. അതിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഉറന്നുവരുന്നത് ഈ ഒരൊറ്റ സ്രോതസ്സില്‍നിന്നാണ്. നന്മയുടെ കൂട്ടായ്മ എന്ന ഈ അടിസ്ഥാനമാണ് അതിന്റെ പോളിസിയിലും പ്രോഗ്രാമിലും എപ്പോഴും പ്രതിബിംബിച്ചു കാണുക.
ജമാഅത്തെ ഇസ്‌ലാമി അതിന്റെ പോളിസിയും പ്രോഗ്രാമും ഇത്തവണ ഡിസൈന്‍ ചെയ്യുമ്പോള്‍ അതിന്റെ മുമ്പിലുണ്ടായിരുന്ന പ്രധാന വിഷയം സ്വാഭാവികമായും രാജ്യത്ത് വളര്‍ന്നുവരുന്ന വര്‍ഗീയ ഫാഷിസ്റ്റ് പ്രവണതകള്‍ തന്നെയായിരുന്നു.  അത് മറ്റേവരെയും പോലെ പ്രസ്ഥാനത്തിനുമുണ്ടാക്കുന്ന ആശങ്ക ചെറുതല്ല. പക്ഷേ, അതിന്റെ പരിഹാരങ്ങള്‍ തേടുമ്പോള്‍ വൈകാരികതയും ക്ഷോഭവും നിരാശയും നിറഞ്ഞ നിലപാടുകളിലേക്ക് പോകാന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് കഴിയില്ല. കാരണം പ്രവാചകന്‍ നിര്‍വഹിച്ച ദൗത്യമാണ് ഇക്കാലത്ത് പ്രസ്ഥാനത്തിന് നിര്‍വഹിക്കാനുള്ളത്. സമൂഹത്തിന്റെ വ്യതിയാനങ്ങള്‍ പ്രവാചകനിലുണ്ടാക്കുന്ന ആദ്യവികാരം ദുഃഖമാണ്, പ്രതികാരവും പ്രതിക്രിയ ചിന്തയുമല്ല. 'നീ ഈ ജനത്തിനു പിറകെ ദുഃഖം പൂണ്ട് സ്വയം നശിപ്പിച്ചേക്കാം, അവര്‍ ഈ സന്ദേശത്തില്‍ വിശ്വസിക്കുന്നില്ലെങ്കില്‍' (അല്‍കഹ്ഫ് 6) എന്ന് പ്രവാചകന്റെ ദുഃഖത്തെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്.  'തീയിലേക്ക് ചാടിച്ചാവാന്‍ വരുന്ന പ്രാണികളെ ആട്ടിയകറ്റുന്നവനാണ് താന്‍' എന്ന് തന്റെ ദൗത്യത്തെ പ്രവാചകന്‍ ഒരു ഉപമയിലൂടെ വിശദീകരിച്ചിട്ടുമുണ്ട്. 
പോസിറ്റീവായി കാര്യങ്ങളെ കാണുക എന്നതാണ് ജമാഅത്തെ ഇസ്‌ലാമിയുടെ രീതി. ആ അടിസ്ഥാനത്തില്‍ വളരെ കലുഷമായ അന്തരീക്ഷമാണ് രാജ്യത്ത് രൂപപ്പെട്ടുവരുന്നത് എന്നു പറയുമ്പോള്‍ തന്നെ, പുതിയ പോളിസിയുടെ ആമുഖത്തില്‍ അമീര്‍ ഇങ്ങനെ വ്യക്തമാക്കുന്നുമുണ്ട്: ''രാജ്യത്തിന്റെ പൊതുമണ്ഡലം മുഴുവനായി വര്‍ഗീയവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞുവെന്ന് ഇപ്പോഴും പറയാനാവില്ല. രാജ്യത്തിന്റെ പൊതുപ്രകൃതം ഇപ്പോഴും സഹിഷ്ണുതയും പരസ്പരമുള്ള ആദരവും തന്നെയാണ്. വര്‍ഗീയതക്കെതിരെ ചിന്തിക്കുകയും  പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തികളും സംഘങ്ങളും ഇപ്പോഴും രാജ്യത്തുണ്ട്. ഈ സാഹചര്യങ്ങളെ പ്രയോജനപ്പെടുത്താനാണ് പ്രസ്ഥാനം പ്രയത്‌നിക്കുന്നത്.''

ദേശീയ സാഹചര്യം
2015-2019 പോളിസി പ്രോഗ്രാമില്‍നിന്ന് 2019-2023 പോളിസി-പ്രോഗ്രാമിനെ പുതിയ സാഹചര്യങ്ങളും സംഘടനയുടെ വികാസവും വ്യത്യസ്തമാക്കിയിട്ടുണ്ട്. സാഹചര്യത്തെ അഡ്രസ്സ് ചെയ്യുംവിധം അതിന്റെ പോളിസിയിലും പ്രോഗ്രാമിലും ചില പുതിയ തലക്കെട്ടുകള്‍ തന്നെ കൊണ്ടുവന്നിട്ടുണ്ട്. ആകെയുള്ള പത്തു തലക്കെട്ടുകളില്‍ ഇന്ത്യന്‍ സമൂഹം,  നീതിയുടെ സ്ഥാപനം, ഇസ്‌ലാമിക ചിന്തയുടെ വികാസം,  വിദ്യാഭ്യാസം എന്നിങ്ങനെ നാല് തലക്കെട്ടുകള്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുള്ളവയാണ്. ദഅ്‌വത്ത്, ഇസ്‌ലാമിക സമൂഹം, സമുദായസംരക്ഷണവും പുരോഗതിയും, ജനസേവനം, തര്‍ബിയത്തും തസ്‌കിയത്തും, സംഘടന എന്നീ തലക്കെട്ടുകള്‍ക്ക് മാറ്റമില്ല.
2014 ഇലക്ഷനോടെ മറനീക്കി പുറത്തുവരികയും 2019-ഓടെ ഇന്ത്യയുടെ സാമൂഹികാന്തരീക്ഷത്തെ കീഴ്‌പ്പെടുത്തുകയും ചെയ്തു എന്നു കരുതപ്പെടുന്ന വര്‍ഗീയ ഫാഷിസ്റ്റ് പ്രവണതകളുടെ പ്രത്യേക സാഹചര്യത്തെയാണ് പുതിയ പ്രവര്‍ത്തന മേഖല നിശ്ചയിച്ചപ്പോള്‍ 'ഇന്ത്യന്‍ സമൂഹം' എന്ന തലക്കെട്ട് കാര്യമായും അഭിമുഖീകരിക്കുന്നത്. നേരത്തേ പറഞ്ഞപോലെ, രാജ്യത്തെ സൗഹാര്‍ദാന്തരീക്ഷം  നിലനിര്‍ത്താനായി, ഒട്ടും വൈകാരികമല്ലാതെ, അങ്ങേയറ്റം ഗുണകാംക്ഷ നിറഞ്ഞതും പരിപക്വവുമായ പദ്ധതികളാണ് ജമാഅത്തെ ഇസ്‌ലാമി ആസൂത്രണം ചെയ്തിട്ടുള്ളത്. 'ഇന്ത്യന്‍ സമൂഹത്തിലെ വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന  അകല്‍ച്ച, ധ്രുവീകരണം, സംഘര്‍ഷത്തിന്റെ അന്തരീക്ഷം എന്നിവ ഇല്ലാതാക്കാന്‍ ജമാഅത്ത് പരിശ്രമിക്കുകയും രാജ്യത്തെ പൗരന്മാര്‍ക്കിടയില്‍ ആരോഗ്യകരമായ ബന്ധം സ്ഥാപിക്കുകയും ചെയ്യും. പരസ്പരം അവകാശങ്ങള്‍ അനുവദിച്ചുകൊടുക്കാനും ആദരവും സഹിഷ്ണുതയും നിലനിര്‍ത്താനും പൗരന്മാരെ പ്രേരിപ്പിക്കുകയും ചെയ്യും. പൗരന്മാര്‍ക്കിടയില്‍  ഊഷ്മളമായ ബന്ധം നിലനിര്‍ത്താനായി സദ്ഭാവനാ മഞ്ച്, ധാര്‍മിക് ജനമോര്‍ച്ച തുടങ്ങിയ ഫോറങ്ങള്‍ രൂപീകരിക്കും' എന്ന് നയരേഖയില്‍ പറയുന്നു.
വ്യത്യസ്ത മതസമൂഹങ്ങള്‍ക്കിടയിലുള്ള സൗഹാര്‍ദം  നിലനിര്‍ത്താന്‍ കിണഞ്ഞു ശ്രമിക്കുമ്പോഴും പുതിയ സാഹചര്യത്തിന്റെ പേരില്‍ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ചകളൊന്നുമുണ്ടാവില്ലെന്നും പോളിസി പ്രഖ്യാപിക്കുന്നുണ്ട്. ദഅ്‌വത്ത് എന്ന തലക്കെട്ടില്‍ അക്കാര്യം അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നു. 'നമ്മുടെ രാജ്യത്തിന് അല്ലാഹുവിന്റെ സന്മാര്‍ഗം പരിചയപ്പെടാന്‍ കഴിയുന്ന വിധത്തിലായിരിക്കും ജമാഅത്തിന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കപ്പെടുന്നത്' എന്നു പറഞ്ഞുകൊണ്ടാണത് ആരംഭിക്കുന്നത്. എന്നാല്‍ 'ഇസ്‌ലാം സ്വന്തം വിശ്വാസം ആരിലും അടിച്ചേല്‍പ്പിക്കുകയില്ലെന്ന യാഥാര്‍ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും എല്ലാ വിഭാഗത്തിന്റെയും മതസ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നു'വെന്നും പോളിസി വ്യക്തമാക്കുന്നു. 
ദേശീയ പ്രശ്‌നങ്ങളിലാവട്ടെ, അന്തര്‍ദേശീയ പ്രശ്‌നങ്ങളിലാവട്ടെ എല്ലാ തലങ്ങളിലും ജമാഅത്തെ ഇസ്‌ലാമി നീതി എന്ന അടിസ്ഥാന തത്ത്വത്തെ മുറുകെപ്പിടിക്കും എന്ന സന്ദേശം ഊട്ടിയുറപ്പിക്കുന്നതാണ് 'നീതിയുടെ സ്ഥാപനം' എന്ന പ്രത്യേക തലക്കെട്ട്. 'ഭരണഘടനാ സ്ഥാപനങ്ങളുടെയും ഭരണനിര്‍വഹണ സംവിധാനങ്ങളുടെയും സ്വയംഭരണാധികാരം  സംരക്ഷിക്കാനും ഇന്ത്യന്‍ ഭരണഘടനയുടെ മാനവികമൂല്യങ്ങളും അഭിപ്രായ, പ്രവര്‍ത്തന സ്വാതന്ത്ര്യവും നിലനിര്‍ത്താനും ജമാഅത്ത് പരിശ്രമിക്കും. മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും  നിയമലംഘന പ്രവണതകള്‍ക്കെതിരെയും ജമാഅത്ത് ശബ്ദമുയര്‍ത്തുകയും നിയമത്തെ ആദരിക്കാന്‍ പൗരന്മാരെ ബോധവത്കരിക്കുകയും ചെയ്യും. രാഷ്ട്രീയത്തില്‍ ഉത്കൃഷ്ട മൂല്യങ്ങള്‍ വളര്‍ത്തുന്നതിനും ദുര്‍ബലരുടെയും അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നവരുടെയും ഉന്നമനത്തിനും ജമാഅത്ത് പ്രയത്‌നിക്കും.'
ആഗോളാടിസ്ഥാനത്തില്‍ മുതലാളിത്ത, സാമ്രാജ്യത്വ, സയണിസ്റ്റ് അനീതികള്‍ക്കെതിരെ പ്രവര്‍ത്തിക്കുമെന്നും പോളിസി പറയുന്നുണ്ട്. മുസ്‌ലിം രാഷ്ട്രങ്ങളിലെ മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് ജമാഅത്തെ ഇസ്‌ലാമി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്നു.

ഇസ്‌ലാമിക ചിന്തയുടെ വികാസം
ജമാഅത്തെ ഇസ്‌ലാമി വിശാലമായ ആശയപ്രപഞ്ചമുള്ള ആദര്‍ശ പ്രസ്ഥാനമാണ്. ഇസ്‌ലാമികദര്‍ശനത്തെ അടിസ്ഥാനമായി സ്വീകരിക്കുകവഴി പ്രസ്ഥാനത്തിനു ലഭിക്കുന്ന സവിശേഷതയാണത്. ലോകത്തെയും സംഭവങ്ങളെയും ആദര്‍ശത്തിന്റെ കാഴ്ചപ്പാടിലൂടെയാണ് ഇസ്‌ലാമിക പ്രസ്ഥാനം നോക്കിക്കാണുന്നത്. അതിന്റെ സകല പ്രവര്‍ത്തനങ്ങള്‍ക്കും ദാര്‍ശനികമായ അടിത്തറയുണ്ട്. പ്രസ്ഥാനം കേവല ഫീല്‍ഡ് ആക്റ്റിവിസമല്ല. ഇന്റലക്ച്വല്‍ ആക്റ്റിവിസമാണ് പ്രധാനം. ആ ഇന്റലക്ച്വല്‍ ആക്റ്റിവിസത്തിന് രണ്ട് തലങ്ങളുണ്ട്.
ഒന്ന്: ലോകത്ത് നിലനില്‍ക്കുന്നതും പുതുതായി രംഗത്തു വരുന്നതുമായ ദര്‍ശനങ്ങളെ ഇഴയഴിച്ച് വിശകലനം നടത്തി ദൈവികദര്‍ശനവുമായി താരതമ്യം ചെയ്ത് അവയുടെ അനര്‍ഥങ്ങളെ അനാവരണം ചെയ്യുക.
രണ്ട്: സ്വയം നവീകരണം (തജ്ദീദ്) ജീനായി സ്വീകരിച്ചിട്ടുള്ള ദര്‍ശനമാണ് ഇസ്‌ലാം. കാലത്തിനൊപ്പം സഞ്ചരിക്കാന്‍ കാണിക്കുന്ന ഇലാസ്തികതയാണ് അതിന്റെ കരുത്ത്. ആ കരുത്തിനെ മൂര്‍ച്ചകൂട്ടി നിലനിര്‍ത്താന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് ബാധ്യതയുണ്ട്. 
ഈ രണ്ടു വശങ്ങളും 'ഇസ്‌ലാമിക ചിന്തയുടെ വികാസം' എന്ന തലക്കെട്ടില്‍ പ്രതിഫലിച്ചുകാണാം.
ഒന്നാമത്തെ കാര്യത്തെക്കുറിച്ച് പോളിസി പറയുന്നത് ഇപ്രകാരമാണ്: ''വര്‍ത്തമാന കാലഘട്ടത്തില്‍ മേല്‍ക്കോയ്മയുള്ള വൈജ്ഞാനിക-ചിന്താ പ്രവണതകളെ ജമാഅത്ത് വിമര്‍ശനാത്മകമായി വിലയിരുത്തും. ഇസ്‌ലാമിന്റെ ജീവിത, പ്രപഞ്ച വീക്ഷണത്തിന്റെ അടിത്തറയില്‍ ഇസ്‌ലാമിക ചിന്തയെ  നവീകരിക്കാനും വികസിപ്പിക്കാനും ശ്രമിക്കും. ഈ ലക്ഷ്യം നേടുന്നതിനായി വൈജ്ഞാനിക ഗവേഷണ പ്രവര്‍ത്തനങ്ങളെ വ്യവസ്ഥാപിതമാക്കുകയും പണ്ഡിതന്മാരെ ഈ സാധ്യതയെക്കുറിച്ച് ഉണര്‍ത്തുകയും ചെയ്യും..... രാജ്യം സ്വീകരിച്ചുകൊണ്ടിരിക്കുന്ന പോളിസിയെ വിമര്‍ശനാത്മകമായി വിലയിരുത്തി വൈജ്ഞാനികതലത്തില്‍ അതിന് ബദല്‍ നിര്‍ദേശിക്കും.'' ഈ ഉദ്ദേശ്യാര്‍ഥം രാഷ്ട്രീയ, സാമ്പത്തിക, വൈജ്ഞാനിക മേഖലകളില്‍ ബദല്‍ സമര്‍പ്പിക്കുന്ന സാഹിത്യരചനകള്‍ തയാറാക്കാന്‍ പ്രസ്ഥാനം ഉദ്ദേശിക്കുന്നു.
രണ്ടാമത്തെ കാര്യത്തെക്കുറിച്ച്, അഥവാ ഇസ്‌ലാമിക ചിന്തയുടെ തജ്ദീദ് ഉദ്ദേശിച്ച് മുസ്‌ലിംകളുടെ വൈജ്ഞാനിക ഗവേഷണ സ്ഥാപനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനും മതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഗവേഷണത്തെ പ്രോത്സാഹിപ്പിക്കാനും ജമാഅത്ത് ശ്രമിക്കും. പ്രസ്ഥാനത്തിനകത്തും, ചിന്താപരവും വൈജ്ഞാനികവുമായ ഉണര്‍വുണ്ടാക്കാന്‍ പരിപാടികള്‍ ആസൂത്രണം ചെയ്തു എന്നതും  ഈ മീഖാത്തിന്റെ പ്രത്യേകതയാണ്. പ്രാസ്ഥാനിക ചിന്തയുടെ തന്നെ തജ്ദീദും പുതിയ ഇന്ത്യന്‍ സാഹചര്യങ്ങളെ അഭിമുഖീകരിക്കുംവിധമുള്ള അതിന്റെ സാഹിത്യങ്ങളുടെ രചനയും നിലവിലുള്ളവയുടെ അപ്‌ഡേഷനും അജണ്ടയിലുണ്ട്. തജ്ദീദീ പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമിതന്നെ ഒരു തജ്ദീദിനു വിധേയമാകേണ്ടതുണ്ടെന്നും അപ്പോള്‍ മാത്രമേ അതിന്റെ തജ്ദീദീ സംരംഭങ്ങള്‍ വിജയിക്കുകയുള്ളൂവെന്നും പുതിയ നേതൃത്വത്തിനു നല്ല ബോധ്യമുണ്ട്. 
പ്രസ്ഥാനത്തിന്റെ ഏറ്റവും ഒടുവിലത്തെ പ്രവര്‍ത്തകനും ചിന്താപരമായ കരുത്തുണ്ടാകണമെന്നാണ് 'പ്രാദേശിക ഘടകങ്ങളില്‍ വൈജ്ഞാനികാന്തരീക്ഷം വികസിപ്പിക്കുന്ന  കാര്യത്തില്‍ സത്വര ശ്രദ്ധ ചെലുത്തും' എന്ന് എഴുതിച്ചേര്‍ത്തതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഇസ്‌ലാമിക ചിന്തയുടെ വികാസത്തെ സംബന്ധിച്ച് അമീര്‍ സയ്യിദ് സആദത്തുല്ലാ ഹുസൈനി ആമുഖത്തില്‍ പറയുന്നത് ഇപ്രകാരമാണ്: ''പുതിയ കാലത്തും ലോകത്തും ഇസ്‌ലാമിക  പ്രസ്ഥാനം നേരിടുന്ന വെല്ലുവിളി വൈജ്ഞാനികവും ചിന്താപരവും കൂടിയാണ്. സമകാലിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഇസ്‌ലാമിനെ ഒരു ബദലായി അവതരിപ്പിക്കുകയും ഇസ്‌ലാമിക  അധ്യാപനങ്ങളെ ശരിയായി അടയാളപ്പെടുത്തുന്ന ശക്തമായ പുതിയ ഡിസ്‌കോഴ്‌സ് രൂപപ്പെടുത്തുകയും ചെയ്യുക എന്നത് സുചിന്തിതമായ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളുടെ താല്‍പര്യമാണ്. കഴിവും യോഗ്യതയുമുള്ള ജമാഅത്ത് പ്രവര്‍ത്തകര്‍ ഈ രംഗത്ത് സവിശേഷ ശ്രദ്ധ പതിപ്പിക്കുന്നതാണ്.'' 

വിദ്യാഭ്യാസം
രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷത്തെ ശാക്തീകരിക്കാന്‍ ഉദ്ദേശിക്കുന്ന ആരും ഊന്നി പ്രവര്‍ത്തിക്കേണ്ട മേഖലയാണ് വിദ്യാഭ്യാസമെന്ന് ഇസ്‌ലാമിക പ്രസ്ഥാനത്തിന് നല്ല ധാരണയുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാറും സമുദായവും കാര്യമായ  ശ്രദ്ധ പതിപ്പിക്കണമെന്ന കാര്യത്തില്‍ സംശയമില്ല. സര്‍ക്കാറിന്റെ ബാധ്യത ഓര്‍മിപ്പിച്ചുകൊണ്ട്, എല്ലാ പൗരന്മാര്‍ക്കും വിദ്യാഭ്യാസം ഉറപ്പുവരുത്തുംവിധം രാജ്യത്തിന്റെ വിദ്യാഭ്യാസ വ്യവസ്ഥയില്‍ പരിഷ്‌കരണങ്ങള്‍ വേണമെന്ന് പ്രസ്ഥാനം നിര്‍ദേശിക്കുന്നു. അതേപോലെ, വ്യത്യസ്ത സാംസ്‌കാരിക വിഭാഗങ്ങള്‍ക്ക് സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടാക്കാന്‍ അവകാശമുണ്ടായിരിക്കണമെന്ന്, ന്യൂനപക്ഷങ്ങളുടെ സ്ഥാപനങ്ങള്‍ക്കു മേല്‍ കൈവെക്കാനുള്ള പ്രവണതയെ സൂചിപ്പിച്ചുകൊണ്ട് ആവശ്യപ്പെടുന്നുണ്ട്.
മറുവശത്ത്, വിദ്യാഭ്യാസരംഗത്ത് മുസ്‌ലിംസമുദായത്തില്‍ വലിയ പരിഷ്‌കരണങ്ങള്‍ ആവശ്യമാണെന്നാണ് പ്രസ്ഥാനം കരുതുന്നത്. ഉത്തരേന്ത്യയില്‍ സമുദായത്തില്‍ നിലനില്‍ക്കുന്ന ഭീകരമായ നിരക്ഷരത, മതവിദ്യാഭ്യാസത്തില്‍ മാത്രം ശ്രദ്ധയൂന്നുന്നത്, അതില്‍തന്നെയും അശാസ്ത്രീയമായ സിലബസ്സും പഠനരീതിയും പിന്തുടരുന്നത്, അവര്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ച മതിപ്പില്ലായ്മ തുടങ്ങിയ കാര്യങ്ങളെ അഡ്രസ്സ് ചെയ്യുന്നതാണ് 'വിദ്യാഭ്യാസം'  എന്ന തലക്കെട്ട്. ഈ രംഗത്ത് വമ്പിച്ച പരിഷ്‌കരണങ്ങള്‍ പോളിസി വിഭാവന ചെയ്യുന്നു. അതോടൊപ്പം, സമുദായത്തെ മെയ്ന്‍സ്ട്രീമിലേക്ക് കൊണ്ടുവരാനായി, അവര്‍ക്കിടയിലെ സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വീസ്, മീഡിയ, നിയമം, സോഷ്യല്‍ സയന്‍സ് മേഖലകളില്‍ പരമാവധി സ്‌കോളര്‍ഷിപ്പേര്‍പ്പെടുത്താന്‍ പ്രസ്ഥാനം പരിശ്രമിക്കും.
പ്രസ്ഥാനത്തിനകത്തും ഈ രംഗത്ത് ഊന്നല്‍ ഉണ്ടാകും. സ്വന്തമായും മറ്റുള്ളവരുമായി സഹകരിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കണമെന്നാണ് ജമാഅത്ത് ഉദ്ദേശിക്കുന്നത്. ജമാഅത്ത് നേരിട്ട് നടത്തുന്നവയില്‍ നാലിലൊന്ന് സ്ഥാപനങ്ങളെയും വരുന്ന നാല് വര്‍ഷത്തിനകം എ ഗ്രേഡിലേക്കുയര്‍ത്തണമെന്നും ലക്ഷ്യമിടുന്നു. ഉയര്‍ന്ന നിലവാരത്തോടെയും ആധുനിക സൗകര്യങ്ങളോടെയുമുള്ള ഒരു ഉന്നത സര്‍വകലാശാല സ്ഥാപിക്കാന്‍ പദ്ധതിയുള്ളതായും  പോളിസി-പ്രോഗ്രാം വ്യക്തമാക്കുന്നുണ്ട്.

'ഖൈറു ഉമ്മത്ത്'
ഖുര്‍ആന്‍ ഇസ്‌ലാമിക സമൂഹത്തെ വിശേഷിപ്പിച്ചിട്ടുള്ളത് 'നന്മയുടെ ഉമ്മത്ത്' (ഖൈറു ഉമ്മത്ത്) എന്നാണ്. ആ വിശേഷണത്തെ ജീവിതംകൊണ്ട് അന്വര്‍ഥമാക്കുന്ന ഒരു സമുദായത്തെ രാജ്യത്ത് സൃഷ്ടിച്ചെടുക്കേണ്ടത് ബാധ്യതയായി ഏറ്റെടുക്കുന്നു ജമാഅത്തെ ഇസ്‌ലാമി. അത് രാജ്യത്തിന്റെയും സമുദായത്തിന്റെയും താല്‍പര്യമാണ്. നന്മയുടെ സമുദായമാകുന്നത് നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുമ്പോഴാണ് എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആ ഉപാധി പൂര്‍ത്തീകരിക്കാതെ സമുദായം 'ഖൈറു ഉമ്മത്ത്' ആവുകയില്ല. സ്വന്തം ജീവിതം കൊണ്ടും കര്‍മം കൊണ്ടും ഒരു മാതൃകാ ഉമ്മത്തായി മാറുമ്പോഴേ അവരുടെ ദൗത്യം വിജയിക്കുകയുള്ളൂ. അവരുടെ ജീവിതമാണ് യഥാര്‍ഥത്തില്‍ പ്രബോധനം. നാവുകൊണ്ട് നടത്തുന്ന ദഅ്‌വത്തിനേക്കാള്‍ ജീവിതം കൊണ്ട് നടത്തിയ ദഅ്‌വത്താണ് വിജയിച്ചിട്ടുള്ളത് എന്നതാണ് ചരിത്രം. അതുകൊണ്ട് അത്തരമൊരു സമുദായത്തെ  സൃഷ്ടിച്ചെടുക്കാതെ തങ്ങള്‍ ഊന്നിപ്പറയുന്ന ദഅ്‌വത്ത് സമൂഹത്തില്‍ വിജയിക്കാന്‍ പോകുന്നില്ലെന്ന് ജമാഅത്തിന് നല്ല ബോധ്യമുണ്ട്. അതുകൊണ്ടാണ് ഒരു മാതൃകാ ഇസ്‌ലാമികസമൂഹത്തിന്റെ സൃഷ്ടിയില്‍ അത് ശ്രദ്ധയൂന്നുന്നത്. ആമുഖത്തില്‍ അമീര്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്: ''തങ്ങളുടെ പദവിയെയും സ്ഥാനത്തെയും കുറിച്ച ബോധം നഷ്ടമായി എന്നതാണ് മുസ്‌ലിംകളുടെ അവസ്ഥയില്‍ ഏറ്റവും ശോചനീയമായ വശം. തങ്ങള്‍ ഉത്തമസമുദായമാണെന്നും തങ്ങള്‍ നിലനില്‍ക്കുന്നതിന്റെ ന്യായം ജനങ്ങളോടുള്ള സത്യസാക്ഷ്യ നിര്‍വഹണമാണെന്നും പൊതുവെ മുസ്‌ലിംകള്‍ മറന്നു പോയിരിക്കുന്നു. തങ്ങള്‍ യഥാര്‍ഥത്തില്‍ മാനവികതയുടെ ഗുണകാംക്ഷികളും നേതാക്കളുമാണെന്ന കാര്യം അവര്‍ ഓര്‍ക്കുന്നേയില്ല. ഈ ലക്ഷ്യബോധത്തിന്റെ അഭാവമാണ് അലസത, ഛിദ്രതാവാസന, നിരാശ, വിഭാഗീയത, ധാര്‍മികാപചയം തുടങ്ങി അവരെ ബാധിച്ച സകല ദൗര്‍ബല്യങ്ങളുടെയും അടിസ്ഥാന കാരണം. അവരുടെ വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക പിന്നാക്കാവസ്ഥയുടെ യഥാര്‍ഥ കാരണവും അതുതന്നെയാണ്. പദവിയെക്കുറിച്ച ബോധ്യമില്ലായ്മയും സാഹചര്യത്തിന്റെ സമ്മര്‍ദവും അവരില്‍ രൂപപ്പെടുത്തുന്നത് പ്രതിരോധ മനസ്സാണ്. ഈ മനസ്സ് അവരെ മുഴുവന്‍ മനുഷ്യരുടെയും ഗുണകാംക്ഷികളാക്കുന്നതിനു പകരം സ്വന്തം പ്രശ്‌നങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുന്നവരും പൊതുവിഷയങ്ങളില്‍ താല്‍പര്യമില്ലാത്തവരുമാക്കി മാറ്റിയിരിക്കുന്നു.''
ഖുര്‍ആന്‍ വിശേഷിപ്പിച്ച തരത്തിലുള്ള ഒരു 'ഖൈറു ഉമ്മത്തി'നെ സൃഷ്ടിച്ചെടുക്കുന്നതില്‍ പങ്കാളിത്തം വഹിക്കാനുതകുന്ന പരിപാടികളാണ് 'ഇസ്‌ലാമിക സമൂഹം' എന്ന തലക്കെട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സമുദായസംരക്ഷണം
രാജ്യത്തെ ഫാഷിസ്റ്റ് താണ്ഡവം പ്രബല ന്യൂനപക്ഷമായ മുസ്‌ലിംസമുദായത്തെ ടാര്‍ഗറ്റ് ചെയ്തുകൊണ്ടിരിക്കുന്ന  സാഹചര്യത്തില്‍ സമുദായത്തിന്റെ സംരക്ഷണത്തിന് മുന്തിയ പരിഗണനയാണ് പുതിയ ചതുര്‍വര്‍ഷ പരിപാടിയില്‍ ജമാഅത്തെ ഇസ്‌ലാമി നല്‍കിയിരിക്കുന്നത്. 'മുസ്‌ലിംകളില്‍ ആത്മവിശ്വാസം നിലനിര്‍ത്താനുള്ള പരിശ്രമങ്ങള്‍ നടത്തും' എന്നതാണ് അതില്‍ പ്രധാനം. ആ രംഗത്ത് നേതൃപരം കൂടിയായിരിക്കും ജമാഅത്തിന്റെ പങ്ക്. ഏതു സാഹചര്യത്തെയും നേരിടാനുള്ള ഈമാനികവും ബൗദ്ധികവും ഭൗതികവുമായ യോഗ്യത സമുദായത്തിന് നേടിയെടുക്കാന്‍ സാധിക്കണം. 'സ്വന്തം ജീവന്‍, വ്യക്തിത്വം, അഭിമാനം, അന്തസ്സ്, സ്വത്ത് എന്നിവക്കു നേരെയുള്ള അക്രമണങ്ങളെ നിയമത്തിന്റെ പരിധിക്കുള്ളില്‍നിന്നുകൊണ്ട് ചെറുക്കാന്‍ സമുദായത്തെ സജ്ജമാക്കുമെ'ന്ന് പ്രോഗ്രാം ഊന്നിപ്പറയുന്നു. സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന നിയമവിരുദ്ധമായ ഇടപെടലുകള്‍ക്കിരയാവുന്ന വ്യക്തികള്‍ക്ക് നിയമസഹായം നല്‍കുമെന്നും പ്രോഗ്രാം ഉറപ്പുനല്‍കുന്നു. അതോടൊപ്പം സമുദായത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനുള്ള പ്രവര്‍ത്തനങ്ങളും പ്രോഗ്രാമിലുണ്ട്.
സമുദായത്തിന്റെ ഐക്യം ജമാഅത്തിന്റെ മുന്‍ഗണനയിലുള്ള അജണ്ടയാണ്. ദേശീയതലത്തിലും സംസ്ഥാനങ്ങളിലും പ്രാദേശികമായും മറ്റു മുസ്‌ലിം വേദികളുമായി സഹകരിച്ചുകൊണ്ട് സംയുക്ത ഫോറങ്ങളുണ്ടാക്കാന്‍ പ്രസ്ഥാനത്തിന് പരിപാടിയുണ്ട്. രാജ്യത്തെ മുസ്‌ലിം പൊതുവേദികളായ മുസ്‌ലിം മജ്‌ലിസെ മുശാവറ, മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് തുടങ്ങിയവയുടെ രൂപീകരണത്തിന് മുന്‍കൈയെടുത്ത ജമാഅത്തെ ഇസ്‌ലാമി പുതിയ സാഹചര്യത്തില്‍ മറ്റു മുസ്‌ലിം സംഘടനകളുമായി കൂടുതല്‍ ആശയവിനിമയത്തിനും  സഹകരണത്തിനും പദ്ധതികളിട്ടിട്ടുണ്ട്.

യുവാക്കള്‍
മൊത്തം ജനസംഖ്യയുടെ 66 ശതമാനം യുവാക്കളുള്ള രാജ്യമാണ് നമ്മുടേത്. അതിനാല്‍ യുവാക്കള്‍ക്കും കുട്ടികള്‍ക്കുമിടയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മീഖാത്തില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നുണ്ട്. സംഘടനയില്‍ യുവാക്കളുടെ  പ്രാതിനിധ്യം വര്‍ധിപ്പിക്കാനുള്ള കര്‍മ പരിപാടികളുമുണ്ട്. ഇവ്വിഷയകമായി അമീര്‍ ആമുഖത്തില്‍ എഴുതുന്നു: ''സമുദായത്തില്‍, വിശേഷിച്ചും യുവാക്കളില്‍, മതപരമായ ഉണര്‍വുണ്ടായിക്കൊണ്ടിരിക്കുന്നുവെന്നതും വസ്തുതയാണ്. മതത്തെ പ്രയോഗവല്‍ക്കരിക്കുന്ന കാര്യത്തിലേക്കും അവരുടെ ശ്രദ്ധതിരിയുന്നുണ്ട്. രാജ്യത്തിനും സമുദായത്തിനും വേണ്ടി ചിലതെല്ലാം ചെയ്യണമെന്ന് അവര്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. അവരുടെ ഈ വികാരത്തിന് ക്രിയാത്മകമായ, ലക്ഷ്യബോധമുള്ള ദിശ കാണിച്ചുകൊടുക്കുക എന്നത് വളരെ പ്രധാനമാണ്.''
അതേപോലെ സ്ത്രീശാക്തീകരണത്തിനും മുന്തിയ  പരിഗണന നല്‍കിയിരിക്കുന്നു. ഈ രംഗത്തും കഴിഞ്ഞ പ്രവര്‍ത്തന കാലയളവില്‍ ഉണ്ടായിട്ടില്ലാത്ത ചില പുതിയ നീക്കങ്ങള്‍ പ്രസ്ഥാനം അടുത്ത മീഖാത്തിലേക്ക് പ്ലാന്‍ ചെയ്തിട്ടുണ്ട്.

ആഭ്യന്തര ശാക്തീകരണം
ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരുടെ വളര്‍ച്ച പുതിയ പ്രവര്‍ത്തന കാലയളവില്‍ പ്രസ്ഥാനത്തിന്റെ മുന്‍ഗണനാക്രമത്തില്‍ ഉള്‍പ്പെടുന്നു. പ്രസ്ഥാന പ്രവര്‍ത്തകനാവുന്ന  ഒരാള്‍ സ്വര്‍ഗാവകാശിയായിത്തീരുംവിധം അല്ലാഹുവുമായുള്ള ബന്ധം ശക്തിപ്പെടണമെന്ന് ജമാഅത്ത് ആഗ്രഹിക്കുന്നു. സംഘടനാബന്ധം ആ വലിയ ലക്ഷ്യം നേടിയെടുക്കാന്‍ ഒരാളെ സഹായിക്കുന്നില്ലെങ്കില്‍ ഈ സംഘടനയുടെ രൂപീകരണോദ്ദേശ്യം തന്നെ അപ്രസക്തമാകും. പ്രവര്‍ത്തനരംഗത്താവട്ടെ, കഴിവുകെട്ട പ്രവര്‍ത്തകവൃന്ദം എന്നതിനു പകരം ന്യൂനപക്ഷമാണെങ്കിലും കഴിവുകള്‍ (Skills) കൊണ്ട് ഭൂരിപക്ഷങ്ങളെ വെല്ലുന്ന പ്രവര്‍ത്തകനിര വളര്‍ന്നുവരണമെന്നാണ് പ്രസ്ഥാനം ആഗ്രഹിക്കുന്നത്. ആ ഉദ്ദേശ്യാര്‍ഥം പ്രവര്‍ത്തകരുടെ കഴിവുകള്‍ പരിപോഷിപ്പിക്കാനും അവരുടെ ചിന്താപരവും വൈജ്ഞാനികവുമായ കരുത്ത് വര്‍ധിപ്പിക്കാനും വേണ്ട കര്‍മപദ്ധതികളും പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'തര്‍ബിയത്തും തസ്‌കിയത്തും', സംഘടന എന്നീ തലക്കെട്ടുകളുടെ ഉള്ളടക്കം ഇത്തരം പരിപാടികളാണ്.
യഥാര്‍ഥത്തില്‍, ഇസ്‌ലാം സമഗ്രമാണെങ്കിലും ഇസ്‌ലാമിനു വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ സമഗ്രമാവണമെന്നില്ല. അവക്ക് നിര്‍ണിത മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. പക്ഷേ ജനസംഖ്യയില്‍ ലോകത്തുതന്നെ  രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന രാജ്യത്ത് ഇസ്‌ലാമിന്റേതായ എന്തൊക്കെ ദൗത്യങ്ങളുണ്ടോ അതു മുഴുവന്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതമാവുകയാണ് ജമാഅത്തെ ഇസ്‌ലാമി. മറ്റു ഇസ്‌ലാമിക സംഘടനകളും മുസ്‌ലിം കൂട്ടായ്മകളും ഏറ്റെടുക്കാതിരിക്കുന്ന ബാധ്യതകള്‍ കൂടി ഏറ്റെടുക്കേണ്ടിവരികയാണ്  പ്രസ്ഥാനത്തിന്. അതുകൊണ്ട്, പരിമിതമായ വിഭവശേഷിയും പരിധികളില്ലാത്ത സ്വപ്‌നങ്ങളുമുള്ള ഒരു പ്രസ്ഥാനമാണ് അതെന്നു  പറയാം: ലക്ഷ്യമിടുന്ന പ്രവര്‍ത്തനങ്ങളൊക്കെയും സ്വന്തമായി ചെയ്യാന്‍ കഴിയില്ലെന്നും, മറ്റുള്ളവരുടെ സഹകരണത്തോടെ മാത്രമേ അവ പൂര്‍ത്തിയാക്കാനാവൂ എന്നും പ്രസ്ഥാനത്തിന് നല്ല  ബോധ്യമുണ്ട്. കുറേ പ്രവര്‍ത്തനങ്ങള്‍ സമുദായത്തിനകത്തുനിന്ന് ലഭിക്കുന്ന പിന്തുണയോടെ അത് പൂര്‍ത്തിയാക്കും. വേറെ കുറേ കാര്യങ്ങളില്‍ സമുദായത്തിനു പുറത്തുള്ളവരുടെ പിന്തുണയും അതിനാവശ്യമാണ്.
''പറയുക: നിങ്ങള്‍ പ്രവര്‍ത്തിക്കുക, നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവും റസൂലും വിശ്വാസികളും കാണും'' (അത്തൗബ 105). ''മനുഷ്യന്, അവന്‍ അധ്വാനിച്ചതേ ഉണ്ടാകൂ'' (അന്നജ്മ് 39).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (20-21)
ടി.കെ ഉബൈദ്‌

ഹദീസ്‌

നേര്‍ജീവിതത്തെ അപകടപ്പെടുത്തുന്ന നാവ്
മൂസ ഉമരി പാലക്കാട്