Prabodhanm Weekly

Pages

Search

2019 സെപ്റ്റംബര്‍ 20

3118

1441 മുഹര്‍റം 20

ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ പുതിയ രാഷ്ട്രീയ പരീക്ഷണങ്ങള്‍

അശ്‌റഫ് കീഴുപറമ്പ്

ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ഘടനാമാറ്റങ്ങളെക്കുറിച്ചും നയംമാറ്റങ്ങളെക്കുറിച്ചും ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പക്ഷേ ആ ചര്‍ച്ചകളില്‍ അധികവും നടക്കുന്നത് പ്രാസ്ഥാനിക ഘടനകള്‍ക്കു പുറത്താണ്. പ്രാസ്ഥാനിക ഘടനക്കു പുറത്തുകടന്ന മുന്‍ ഇസ്‌ലാമിസ്റ്റുകളോ, സ്വതന്ത്ര ഇസ്‌ലാമിസ്റ്റുകളെന്ന് സ്വയം വിശേഷിപ്പിക്കുന്നവരോ ഒക്കെ ആണ് രംഗം കൊഴുപ്പിക്കുന്നത്. അവര്‍ക്ക് ഒരു സംഘടനയുടെയും ആഭ്യന്തര പരിമിതികളോ പരാധീനതകളോ പ്രശ്‌നമല്ല. ഒരു സ്വപ്‌ന പദ്ധതിയായിരിക്കും അവര്‍ അവതരിപ്പിക്കുക. നിലനില്‍ക്കുന്ന രാഷ്ട്രീയ-സാമൂഹിക യാഥാര്‍ഥ്യങ്ങളൊന്നും അവരെ അലട്ടുന്നില്ല. അതുകൊണ്ടുതന്നെ വൃത്തത്തിനു പുറത്തുള്ള ഈ വര്‍ത്തമാനങ്ങള്‍ക്ക് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ചെവികൊടുക്കാറില്ല. പ്രത്യേകിച്ച് അങ്ങനെയൊരു റാഡിക്കല്‍ നയംമാറ്റത്തിന്റെയൊന്നും ആവശ്യമില്ലെന്ന് വിചാരിക്കുന്ന ഈജിപ്തിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍, തുര്‍ക്കിയിലെ സആദത്ത് പാര്‍ട്ടി പോലുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍.
അതേസമയം മാറിയ പരിതഃസ്ഥിതിയില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ മുന്‍ഗണനകള്‍, ഊന്നലുകള്‍, നയപരിപാടികള്‍, സംജ്ഞകള്‍ ഇവയൊക്കെയും കാതലായി മാറേണ്ടതുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്ന ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകളും ഉണ്ട്. അവരതിന് പറയുന്ന ന്യായം,  ഓരോരോ കാലവുമായി എന്‍ഗേജ് ചെയ്തുകൊണ്ടാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ അവയുടെ നയവും ഘടനയുമൊക്കെ രൂപപ്പെടുത്തിയത്, ആ കാലമൊക്കെ എന്നോ പോയിമറഞ്ഞു. അതിനാല്‍ പുതിയ കാലവുമായി സംവദിച്ചുകൊണ്ട് ഘടനയും നയവുമൊക്കെ പൊളിച്ചു വാര്‍ക്കേണ്ടിവരും.  ആദ്യകാല ഇസ്‌ലാമിസ്റ്റ് നേതാക്കള്‍ ചെയ്തതുപോലെ ഖുര്‍ആനും നബിചര്യയും മുമ്പില്‍ വെച്ചാണ് ഈ പൊളിച്ചെഴുത്ത് നടത്തുക എന്നതിനാല്‍ ഇതില്‍ അസ്വാഭാവികതയില്ല, അനിസ്‌ലാമികതയുമില്ല. പക്ഷേ ഗൃഹാതുരത കുടഞ്ഞെറിയാന്‍ കഴിയാതെ സ്തംഭിച്ചുനില്‍ക്കുകയാണ് ചില ഇസ്‌ലാമിക പ്രസ്ഥാനങ്ങളെങ്കിലും. ഈയൊരു പശ്ചാത്തലത്തില്‍ അറബ് ലോകത്ത് മാതൃക കാണിക്കുന്നത് വടക്കനാഫ്രിക്കയിലെ മൊറോക്കോ, അള്‍ജീരിയ, തുനീഷ്യ, ലിബിയ തുടങ്ങിയ രാജ്യങ്ങളിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളാണെന്ന് പറയേണ്ടിവരും. അവയില്‍ ചിലതിന്റെ സമീപകാല നിലപാടുമാറ്റങ്ങളും അതിന് കാരണമായ സൈദ്ധാന്തികവും ചരിത്രപരവുമായ സംഭവവികാസങ്ങളും ഹ്രസ്വമായി അവലോകനം ചെയ്യുക മാത്രമാണ് ഇവിടെ.
മൂന്ന് പതിറ്റാണ്ടിനിടയില്‍ ഉണ്ടായ ഒട്ടേറെ സംഭവവികാസങ്ങള്‍ നയംമാറ്റങ്ങള്‍ക്ക് പശ്ചാത്തല ശക്തികളായി വര്‍ത്തിച്ചിട്ടുണ്ട്. ശീതയുദ്ധത്തിന്റെ അവസാനം, രണ്ടാം ഗള്‍ഫ് യുദ്ധം (1991), അമേരിക്കയിലെ ഇരട്ട ടവര്‍ ആക്രമണം, തുര്‍ക്കിയില്‍ ആദ്യമായി അക് പാര്‍ട്ടിയുടെ അധികാരാരോഹണം (2001), ഇറാഖ് യുദ്ധം (2003), ഇസ്രയേലിന്റെ ഗസ്സ ആക്രമണം (2008- 2009), അറബ് വസന്തം (2011- 2013) എന്നിവ അവയില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഇസ്‌ലാമികം/ ഇസ്‌ലാമിസ്റ്റ് പോലുള്ള സംജ്ഞകള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഉപയോഗിക്കാതിരിക്കുകയോ അവയുടെ ഉപയോഗം കുറക്കുകയോ ചെയ്തു എന്നതാണ് ശ്രദ്ധേയമായ ഒരു മാറ്റം. അതിനര്‍ഥം അവ ദ്യോതിപ്പിക്കുന്ന ആശയങ്ങളൊക്കെ അവര്‍ കൈയൊഴിഞ്ഞു എന്നല്ല. അതൊരു അടവുനയമാണെന്ന് പറഞ്ഞാല്‍ തെറ്റാകില്ല. മുസ്‌ലിം പൊതു പൈതൃകത്തിലേക്ക് (തുറാസ്) അവര്‍ സംഘടനയെ ചേര്‍ത്തു നിര്‍ത്തുകയാണ് ചെയ്തത്. തുര്‍ക്കിയിലെ അക് പാര്‍ട്ടി അവകാശപ്പെട്ടത് തങ്ങള്‍ കണ്‍സര്‍വേറ്റീവ് ഡെമോക്രാറ്റുകള്‍ ആണെന്നാണ്. 'യാഥാസ്ഥിതികം' എന്നാല്‍ തുര്‍ക്കിയുടെ ഇസ്‌ലാമിക പാരമ്പര്യം എന്നര്‍ഥം. ജര്‍മനിയിലെ ക്രിസ്ത്യന്‍ ഡെമോക്രാറ്റുകളെപ്പെലെയാണ് തങ്ങളെന്ന് അവര്‍ പറയുന്നു. കമാലിസ്റ്റ് മതവിരുദ്ധ രാഷ്ട്രീയ ഘടന നിലനില്‍ക്കുന്ന തുര്‍ക്കിയില്‍ പല നിയമക്കുരുക്കുകളെയും അതിജീവിക്കാന്‍ ഇത് അക് പാര്‍ട്ടിയെ പ്രാപ്തമാക്കി. പ്രസ്ഥാനങ്ങളുടെ പേരുകളില്‍നിന്നും അവര്‍ ഇസ്‌ലാമിസ്റ്റ് വിശേഷണങ്ങളെ ബോധപൂര്‍വം ഒഴിവാക്കി. തുര്‍ക്കിയിലും മൊറോക്കോയിലുമാണ് ഇന്ന് പുതുതലമുറ ഇസ്‌ലാമിസ്റ്റ് കക്ഷികള്‍ ഭരണം നടത്തുന്നത്. രണ്ടിടത്തും പാര്‍ട്ടിയുടെ പേര്‍ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് എന്നാണ്. നീതിയുടെയും വികസനത്തിന്റെയും മുദ്രവാക്യമാണ് അവര്‍ മുന്നോട്ടു വെച്ചത്. 'പ്രതിഷേധ ഇസ്‌ലാമില്‍നിന്ന് വികസന ഇസ്‌ലാമിലേക്ക്' (മിനല്‍ ഇസ്‌ലാമില്‍ ഇഹ്തിജാജി ഇലത്തന്‍മവി) എന്ന തലക്കെട്ടില്‍ ഉള്‍പാര്‍ട്ടി ചര്‍ച്ചകള്‍ നടന്നുകൊിരിക്കുന്നു. അതൊന്നും ഇസ്‌ലാമിന്റെ ഫ്രെയിം ഓഫ് റഫറന്‍സി(മര്‍ജഇയ്യത്ത്)നു പുറത്തല്ല എന്നും അവര്‍ വിശദീകരിച്ചിട്ടുണ്ട്. മത-വംശീയ ന്യൂനപക്ഷങ്ങളെയും ഉള്‍ക്കൊളളുന്ന വിധത്തില്‍ അവര്‍ രാഷ്ട്രീയ വ്യവഹാരങ്ങളെ വിപുലപ്പെടുത്തുകയാണുണ്ടായത്. വിശ്വാസികളും അവിശ്വാസികളും ബദ്ധവൈരികളുമെല്ലാം ഇടം കണ്ടെത്തിയ മദീനാ ഭരണഘടനയാണ് ഇതിനവര്‍ക്കുള്ള മാതൃക. പ്രവാചക ജീവിതത്തില്‍നിന്ന് മറ്റു നിരവധി സംഭവങ്ങളും ഉദ്ധരിച്ചുകൊണ്ടാണ് നയംമാറ്റത്തിന്റെ താത്ത്വികാടിത്തറ അവര്‍ വിശദീകരിക്കുന്നത്.

പ്രബോധനവും രാഷ്ട്രീയവും

ഈ നയംമാറ്റത്തില്‍ ഏറ്റവും പ്രധാനം പ്രബോധനവും രാഷ്ട്രീയ പ്രവര്‍ത്തനവും രണ്ടു തലങ്ങളില്‍ നിര്‍വഹിക്കുക എന്നതാണ്. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ പ്രബോധന പ്രവര്‍ത്തനം നടത്തുന്ന അതേ കക്ഷി തന്നെയാകില്ല രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. ഇതുവരെ അങ്ങനെയായിരുന്നു. ഇസ്‌ലാം സമഗ്രവും സമ്പൂര്‍ണവും എന്ന് സമര്‍ഥിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ സംബന്ധിച്ചേടത്തോളം അങ്ങനെയൊരു വിഭജനം അചിന്ത്യമായിരുന്നു. അതേസമയം മതത്തെയും രാഷ്ട്രീയത്തെയും വേര്‍പ്പെടുത്തുക എന്ന അര്‍ഥത്തിലുമല്ല അവരത് പ്രയോഗിച്ചത്. 
ഈയൊരാശയം ഉത്തരാഫ്രിക്കയിലെയും മറ്റു ചില നാടുകളിലെയും ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ മുഖ്യ ചര്‍ച്ചാവിഷയമായിട്ട് രണ്ട് പതിറ്റാണ്ടുകളെങ്കിലുമായി. രണ്ടു വര്‍ഷം മുമ്പ് തുനീഷ്യയിലെ അന്നഹ്ദ പാര്‍ട്ടി പ്രാദേശിക തലം തൊട്ട് ദേശീയ തലം വരെ രാഷ്ട്രീയ പ്രവര്‍ത്തനവും പ്രബോധന പ്രവര്‍ത്തനവും രണ്ടു തലങ്ങളിലായി നിര്‍വഹിക്കുന്നതിനെക്കുറിച്ച് വിപുലമായ ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. സംഘടനയുടെ താത്ത്വികാചാര്യനായ റാശിദുല്‍ ഗന്നൂശി വളരെ മമ്പേ തന്റെ കൃതികളില്‍ ഈ ആശയം മുന്നോട്ടു വെച്ചിരുന്നെങ്കിലും, സംഘടന അത് നടപ്പാക്കുന്നത് ഈയടുത്ത കാലത്താണ്. തൃണമൂലതലത്തില്‍നിന്നു  വരെ അഭിപ്രായങ്ങള്‍ ശേഖരിക്കേണ്ടിയിരുന്നതിനാലാണ് ഈ ആശയം പ്രയോഗവല്‍ക്കരിക്കാന്‍ വര്‍ഷങ്ങളെടുത്തത്. പുതുക്കിയ സംഘടനാ ഭരണഘടന പ്രകാരം, ഇനി അന്നഹ്ദ രാഷ്ട്രീയ പാര്‍ട്ടി മാത്രമായിരിക്കും. ദഅ്‌വ/ പ്രബോധന പ്രവര്‍ത്തനങ്ങള്‍  മറ്റു കൂട്ടായ്മകള്‍ നിര്‍വഹിക്കും. മതത്തെയും രാഷ്ട്രീയത്തെയും വേര്‍പ്പെടുത്തുകയെന്ന സെക്യുലരിസ്റ്റ് ആശയമാണ് ഇസ്‌ലാമിസ്റ്റുകള്‍ കടമെടുക്കുന്നത് എന്ന  വിമര്‍ശനമുയരുന്നുണ്ടെങ്കിലും,  രണ്ടു നിലപാടുകളും മൗലികമായിത്തന്നെ വേര്‍തിരിഞ്ഞു നില്‍ക്കുന്നു എന്നതാണ് വാസ്തവം.
ഇരുകൂട്ടരുടെയും പ്രയോഗത്തില്‍ തന്നെയു് ഈ വ്യത്യാസം. മതത്തെയും രാഷ്ട്രീയത്തെയും ഒരു ബന്ധവുമില്ലാത്ത തരത്തില്‍ വേര്‍പ്പെടുത്തുക (ഫസ്വ്ല്‍) എന്നാണ് സെക്യുലരിസ്റ്റുകള്‍ പ്രയോഗിക്കുക. ഇസ്‌ലാമിസ്റ്റുകള്‍ പറയുന്നത് രണ്ടിനെയും വേര്‍പ്പെടുത്താന്‍ പറ്റുകയില്ല എന്നു തന്നെയാണ്. പ്രബോധനത്തിന്റെയും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെയും ശൈലിയും അടവുനയങ്ങളുമൊക്കെ തീര്‍ത്തും വ്യത്യസ്തമായതിനാല്‍ ഒരേ മാനദണ്ഡങ്ങള്‍ വെച്ച് അവയെ അളക്കുന്നത് പ്രവര്‍ത്തകരിലും പൊതുസമൂഹത്തിലും നിരവധി ആശയക്കുഴപ്പങ്ങളുണ്ടാക്കും. അതിനാല്‍ രണ്ടിനും വ്യത്യസ്ത വേദികളും പ്രവര്‍ത്തനവ്യൂഹവും ഉണ്ടാകുന്നതാണ് അഭികാമ്യം. ഈയൊരു വേര്‍തിരിവ് (തമ്മീസ് അല്ലെങ്കില് തഖ്‌സ്വീസ്- സവിശേഷമാക്കല്‍ എന്നര്‍ഥം) ഇസ്‌ലാമിക പാരമ്പര്യത്തില്‍തന്നെ ഉള്ളതാണെന്നും ഇസ്‌ലാമിസ്റ്റ് ചിന്തകര്‍ ചൂണ്ടിക്കാണിക്കുന്നു.
മൊറോക്കോയിലെ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടിയുടെ സെക്രട്ടറി ജനറലും ഇപ്പോഴത്തെ മൊറോക്കന്‍ പ്രധാനമന്ത്രിയുമായ സഅ്ദുദ്ദീന്‍ ഉസ്മാനി ഈ വിഷയകമായി ശ്രദ്ധേയമായ ഒരു പുസ്തകമെഴുതിയിട്ടുണ്ട്; 'ദീനും രാഷ്ട്രീയവും: സവിശേഷമാക്കലാണ്, വേര്‍തിരിക്കലല്ല' (അദ്ദീനു വസ്സിയാസ: തമ്മീസുന്‍ ലാ ഫസ്വ്‌ലുന്‍) എന്ന പേരില്‍. ആറ് പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ കൃതി. ഇതിലെ ആദ്യ രണ്ട് പ്രബന്ധങ്ങളിലാണ് ഈ വിഷയം ആഴത്തില്‍ ചര്‍ച്ച ചെയ്യുന്നത്. നബിയുടെ രാഷ്ട്രീയ വ്യവഹാരങ്ങളെയും  ഇടപാടുകളെയും ആദ്യകാല പണ്ഡിതന്മാര്‍ 'നേതൃവ്യവഹാരങ്ങള്‍' (തസ്വര്‍റുഫാതുന്‍ ബില്‍ ഇമാമ) എന്നാണ് പരിചയപ്പെടുത്തിയിരുന്നത്. കേവലം 'ദീനിയായ' (വിശ്വാസങ്ങള്‍, ആരാധനകള്‍ പോലുള്ളവ) വിഷയങ്ങളും അതത് കാലത്തെ രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ നബി കൈക്കൊണ്ട നിലപാടുകളും ഒരേ മാനദണ്ഡം വെച്ച് അളന്നുകൂടാ. കാരണം ദീനി എന്ന് വ്യവഹരിക്കപ്പെടുന്ന തത്ത്വങ്ങള്‍ക്ക് ഒരു കാലത്തും ഒരു മാറ്റവും ഉണ്ടാകില്ല. അന്നത്തെ ഒരു രാഷ്ട്രീയ പ്രശ്‌നത്തില്‍ നബി കൈക്കൊണ്ട ഒരു തീരുമാനം നമ്മുടെ കാലത്തെ രാഷ്ട്രീയ ചുറ്റുപാട് തീര്‍ത്തും വ്യത്യസ്തമാകയാല്‍ അതേപടി പ്രയോഗവല്‍ക്കരിക്കാനാവുകയില്ല. ആ തീരുമാനത്തില്‍ അന്തര്‍ഭവിച്ച അടിസ്ഥാന തത്ത്വങ്ങളേ സ്വീകരിക്കേണ്ടതായിട്ടുള്ളു. അതിനാല്‍ പ്രവാചകന്റെ അധ്യാപനങ്ങളെയും ഇടപഴക്കങ്ങളെയും വിവിധ ഇനങ്ങളായി തിരിച്ചുകൊണ്ടാണ് അവയെ സമീപിക്കേണ്ടതെന്ന് പൂര്‍വകാല പണ്ഡിതന്മാര്‍ തന്നെ പറഞ്ഞുവെച്ചിട്ടുണ്ട്. അബൂ മുഹമ്മദു ബ്‌നു ഖുതൈബ അദ്ദയ്ന്‍വരി(മരണം ഹി. 276)യുടെ 'തഅ്‌വീലു മുഖ്തലഫില്‍ ഹദീസ്', ഖാദി ഇയാദ് അല്‍ യഹ്‌സ്വബിയുടെ (മ. ഹി. 544) 'അശ്ശിഫാ ബി തഅ്‌രീഫില്‍ മുസ്ത്വഫ', ഇബ്‌നുല്‍ ഖയ്യിം ജൗസി(മ. ഹി. 751)യുടെ നിരവധി കൃതികള്‍, ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി(മരണം ഹി. 1176)യുടെ 'ഹുജ്ജത്തുല്ലാഹില്‍ ബാലിഗ'  തുടങ്ങിയവയില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിലെ പണ്ഡിതപ്രതിഭ മുഹമ്മദ് ത്വാഹിറു ബ്‌നു ആശൂറി(മ. ഹി. 1393)ന്റെ 'മഖാസിദുശ്ശരീഅ അല്‍ഇസ്‌ലാമിയ്യ' എന്ന കൃതിയിലും ഇതിന്റെ നവീനാഖ്യാനങ്ങള്‍ കാണാം. 
പക്ഷേ, നബിവചനങ്ങളുടെയും  പ്രവൃത്തികളുടെയും ഈ കാറ്റഗറൈസേഷനെക്കുറിച്ച്  ഏറ്റവുമേറെ ചിന്തിച്ചത് ശിഹാബുദ്ദീന്‍ അല്‍ ഖറാഫി (മ. ഹി. 684) ആണെന്ന് പറയേണ്ടിവരും. അദ്ദേഹത്തിന്റെ ഫിഖ്ഹ് എന്‍സൈക്ലോപീഡിയ എന്ന് വിശേഷിപ്പിക്കാവുന്ന 'അദ്ദഖീറ'യിലും 'അല്‍ ഫുറൂഖ്' എന്ന പ്രശസ്ത  കൃതിയിലും ഇതു സംബന്ധമായ വിശകലനങ്ങള്‍ ഉണ്ടെന്ന് മാത്രമല്ല, ഈ വിഷയം  മാത്രം ചര്‍ച്ച ചെയ്യുന്ന 'അല്‍ ഇഹ്കാമു ഫീ തമ്മീസില്‍ ഫതാവാ അനില്‍ അഹ്കാമി വ തസ്വര്‍റുഫാത്തില്‍ ഖാദി വല്‍ ഇമാം' എന്ന കൃതി അദ്ദേഹം രചിക്കുകയും ചെയ്തു. ഇതു പ്രകാരം നബിജീവിതത്തിലെ  കര്‍മങ്ങളെയും വാക്കുകളെയും രണ്ടായി തിരിക്കാം: ഒന്ന്, ശര്‍ഈയായ വ്യവഹാരങ്ങള്‍ (തസ്വര്‍റുഫാതുന്‍ ശര്‍ഇയ്യ). ഇതിനെയാണ് സുന്നത്ത് എന്ന് വിളിക്കുന്നത്. ശര്‍ഈയല്ലാത്ത വ്യവഹാരങ്ങളാണ് രണ്ടാമത്തേത്. ന്യായാധിപന്‍ എന്ന നിലക്ക് ഇരു കക്ഷികള്‍ തമ്മിലുള്ള ഒരു പ്രത്യേക പ്രശ്‌നത്തില്‍ നബി കൈക്കൊള്ളുന്ന വിധി ആ പ്രശ്‌നത്തിന് മാത്രം ബാധകമായ ഒന്നായിരിക്കും. അത് അതേപടി സ്വീകരിക്കാന്‍ മറ്റുള്ളവര്‍ ബാധ്യസ്ഥരായിരിക്കുകയില്ല. ഭരണാധികാരിയെന്ന നിലക്കും പ്രത്യേക വിഷയങ്ങളില്‍ നബിയെടുക്കുന്ന തീരുമാനങ്ങളും ഈ രണ്ടാം ഗണത്തിലാണ് വരിക.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍, പ്രത്യേകിച്ച് വടക്കനാഫ്രിക്കന്‍ രാജ്യങ്ങളിലുള്ളവ പ്രബോധന മേഖലയെന്നും ദഅ്‌വാ മേഖലയെന്നും ഇനംതിരിച്ചുകൊണ്ടുള്ള കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കുന്നത്. പ്രബോധനത്തിന്റെ യുക്തി രാഷ്ട്രീയത്തിന്റെ യുക്തിയില്‍നിന്ന് വ്യത്യസ്തമാണ് (മന്‍ത്വിഖുസ്സിയാസ യഖ്തലിഫു അന്‍ മന്‍ത്വിഖിദ്ദഅ്‌വ) എന്നതാണ് തത്ത്വം. ഇതനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ വര്‍ഗീകരിച്ച ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് വലിയ മാറ്റങ്ങളുണ്ടാക്കാനായിട്ടുണ്ടെന്ന് തുനീഷ്യയിലെയും മൊറോക്കോയിലെയും തുര്‍ക്കിയിലെയും ഇസ്‌ലാമിക രാഷ്ട്രീയാനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

സ്വത്വസംരക്ഷണവും സാമുദായിക പ്രശ്‌നങ്ങളും

ഇസ്‌ലാമിക സ്വത്വ സംരക്ഷണം എന്നത് കേവലം പാര്‍ട്ടി അജണ്ടയായി ഒതുങ്ങരുതെന്നും മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ അത് ഭരണഘടനാപരമായി തന്നെ നിര്‍വഹിക്കപ്പെടണമെന്നുമാണ് പുതിയ കാഴ്ചപ്പാട്. പൊതു സമൂഹവും ആ ബാധ്യതയേല്‍ക്കണം.  അന്നഹ്ദ മുന്‍കൈയെടുത്ത് ഉണ്ടാക്കിയ പുതിയ തുനീഷ്യന്‍ ഭരണഘടനയില്‍, പരമാധികാരമുള്ള സ്വതന്ത്ര രാഷ്ട്രം എന്നതോടൊപ്പം മതം ഇസ്‌ലാമാണ് (അല്‍ ഇസ്‌ലാമു ദീനുഹാ), അറബി അതിന്റെ ഭാഷ ആയിരിക്കും (അല്‍ അറബിയ്യത്തു ലുഗത്തുഹാ) എന്നും എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഇസ്‌ലാമിസ്റ്റ്കക്ഷികള്‍ ഏറ്റെടുത്തിരുന്ന ശരീഅത്ത് നടപ്പാക്കല്‍ പോലുള്ള അജണ്ടകളിലും  തിരുത്തല്‍ വേണമെന്നാണ് നിര്‍ദേശം. മുസ്‌ലിം സമൂഹത്തിന്റെ പൊതുസമ്മിതി അത്തരം കാര്യങ്ങളില്‍ ഉണ്ടായിരിക്കണം. ഏൃമിറ ഛുശേീി െ(അല്‍ ഖിയാറാത്തുല്‍ കുബ്‌റാ) എന്നാണ് റാശിദുല്‍ ഗന്നൂശി ഈ നയംമാറ്റത്തെ വിശേഷിപ്പിക്കുന്നത്. വിവിധ കാഴ്ചപ്പാടുകളുള്ള മുസ്‌ലിം വിഭാഗങ്ങളെയെല്ലാം ഉള്‍ക്കൊള്ളാനാവുംവിധം മസ്ജിദ് നടത്തിപ്പും വിശാലമാവണം. പാര്‍ട്ടി തര്‍ക്കങ്ങള്‍ക്കോ തെരഞ്ഞെടുപ്പു പോരാട്ടങ്ങള്‍ക്കോ ഉള്ള വേദികളാക്കി പള്ളികളെ മാറ്റരുത്. ഇസ്‌ലാമിക പ്രബോധനം (അദ്ദഅ്‌വതു വല്‍ ഇര്‍ശാദ്) എന്നതും പാര്‍ട്ടി പരിപാടി എന്ന തലം വിട്ട് മുസ്‌ലിം പൊതുസമൂഹത്തിന്റെ അജണ്ടയായി മാറണം.

ശൂറയും ജനാധിപത്യവും: നവീനാഖ്യാനങ്ങള്‍

ശൂറാ, ജനാധിപത്യം എന്നിവയെ സംബന്ധിച്ച പരമ്പരാഗത ആഖ്യാനങ്ങളിലും വലിയ മാറ്റം പ്രകടമാണ്. അതേസമയം ആത്യന്തിക നിലപാടുകളിലേക്ക് ഇസ്‌ലാമിസ്റ്റുകള്‍ പോകുന്നുമില്ല. ഇസ്‌ലാമിലെ ശൂറാ സംവിധാനം തന്നെയാണ് ജനാധിപത്യം എന്ന വാദം ഇസ്‌ലാമിസ്റ്റുകള്‍ക്കില്ല. പ്രസ്ഥാന വൃത്തത്തിനു് പുറത്ത് അത്തരം അഭിപ്രായങ്ങളുള്ളവരുണ്ട്. പൊതുവെ ഈ വിഷയത്തില്‍ മൂന്നു നിലപാടുകളാണ്  സ്വീകരിക്കപ്പെടാറുള്ളത്: ഒന്ന്, ശൂറാ മതി എന്നു തീരുമാനിക്കുക. രണ്ട്, ജനാധിപത്യം മതി എന്ന് തീരുമാനിക്കുക. മൂന്ന്, രണ്ടിനെയും ചേര്‍ത്തുനിര്‍ത്താന്‍ ശ്രമിക്കുക. ഈ മൂന്നാമത്തെ നിലപാടിലാണ് ഇസ്‌ലാമിസ്റ്റുകളുള്ളത്. ശൂറായെ ഒരാശയവും ജനാധിപത്യത്തെ മറ്റൊരു ആശയവുമായിക്കണ്ട് അവ രണ്ടിനെയും സമരസപ്പെടുത്തുകയല്ല അവര്‍ ചെയ്യുന്നത്, രണ്ടിനെയും രണ്ടു തലത്തില്‍ വ്യാഖ്യാനിക്കുകയാണ്. ശൂറാ എന്നത് ഒരു തത്ത്വം (മബ്ദഅ്) ആണ്. ജനാധിപത്യം അങ്ങനെയല്ല. അതൊരു ഉപകരണം (ആലിയ്യ- ഠീീഹ) ആണ്. ശൂറാ എന്ന ഇസ്‌ലാമിക തത്ത്വം പ്രയോഗവത്കരിക്കാന്‍ ഇന്ന് ലഭ്യമായിട്ടുള്ള മികച്ച ടൂള്‍ ആണ് ജനാധിപത്യം എന്നര്‍ഥം. അതിനാല്‍ രണ്ടും തമ്മില്‍ ആശയപരമായി ഇടയേണ്ട യാതൊരു കാര്യവുമില്ല. ഏത് ആശയമാണോ പ്രയോഗവല്‍ക്കരിക്കുന്നത് അതിനനുസരിച്ച് ടൂള്‍ മാറിക്കൊണ്ടിരിക്കും. അതുകൊണ്ടാണ് ഓരോ നാട്ടിലെയും ജനാധിപത്യ പരീക്ഷണങ്ങള്‍ വിവിധ തരത്തിലായിപ്പോകുന്നത്.
ഇസ്‌ലാമിക ചരിത്രത്തില്‍നിന്ന് ഒരുപാട് ജനാധിപത്യ ടൂളുകള്‍ നമുക്ക് കണ്ടെടുക്കാന്‍ കഴിയും. ഒന്നാം ഖലീഫ അബൂബക്ര്‍ സിദ്ദീഖിനെ  തെരഞ്ഞെടുക്കാന്‍ ദാറുസ്സഖീഫയില്‍ യോഗം ചേര്‍ന്നത്, പുതിയ ഭരണാധികാരിയെ കണ്ട് കൂറ് നേരിട്ട് പ്രഖ്യാപിക്കല്‍,  രണ്ടും മുന്നും ഖലീഫമാരെ തെരഞ്ഞെടുത്ത രീതികള്‍ പോലുള്ളവ ഉദാഹരണങ്ങള്‍.

മുന്നണി രാഷ്ട്രീയം

രാഷ്ട്രീയ പ്രവര്‍ത്തനവും പ്രബോധന പ്രവര്‍ത്തനവും രണ്ടു തലങ്ങളിലായാണ് നിര്‍വഹിക്കപ്പെടേണ്ടത് എന്നു വരുമ്പോള്‍ തന്നെ ഒരു തരത്തിലുള്ള അധികാര വികേന്ദ്രീകരണം അവിടെ നടക്കുന്നുണ്ട്. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ആ ആശയത്തെ ഒന്നു കൂടി വികസിപ്പിക്കുന്നു. ചുമതലകള്‍ വിഭജിച്ചു നല്‍കുക എന്നതാണത്. എല്ലാം ഒരാളില്‍ കേന്ദ്രീകരിക്കുന്ന രീതി അതോടെ ഇല്ലാതാവും. അധികാര കേന്ദ്രീകരണത്തിന് സാധാരണയായി പ്രസ്ഥാന വൃത്തങ്ങളില്‍ ന്യായമായി പറയാറുള്ളത് പ്രവാചകന്റെ മാതൃകയാണ്. പ്രവാചകന്‍ ഒരേസമയം രാഷ്ട്രത്തലവനും സൈന്യാധിപനും ന്യായാധിപനും നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്ന ഇമാമും ഒക്കെ ആയിരുന്നല്ലോ. ആ ഒരു രീതിയാണ് പ്രസ്ഥാന വൃത്തങ്ങളില്‍ സ്വീകാര്യത നേടിയിരുന്നത്. യഥാര്‍ഥത്തിലത് പ്രവാചകനു മാത്രമുള്ള ഒന്നായാണ് മനസ്സിലാക്കാനാവുക. പ്രവാചകന്റെ വിയോഗത്തോടെ സ്വഹാബികള്‍ പ്രവാചകനില്‍ കേന്ദ്രീകരിച്ചിരുന്ന അധികാരങ്ങള്‍ വിഭജിച്ചുനല്‍കുകയാണുണ്ടായത്.  ഖുലഫാഉര്‍റാശിദുകളുടെ കാലത്തു തന്നെ ഭരണാധികാരിയും ന്യായാധിപനും ഒരാളായിരുന്നില്ലല്ലോ. ഉമവി-അബ്ബാസി ഭരണകാലങ്ങളില്‍ ഉലമാഉം ഉമറാഉം തമ്മില്‍ അലിഖിതമായ ഒരു അധികാര പങ്കുവെപ്പ് നടന്നിരുന്നു. പൊതുവെ പണ്ഡിതന്മാരെ മറികടന്നുള്ള തീരുമാനങ്ങള്‍ ഭരണാധികാരികള്‍ സ്വീകരിക്കാറുണ്ടായിരുന്നില്ല.
ഈയൊരു കാഴ്ചപ്പാടിന്റെ വികാസമായി വേണമെങ്കില്‍, മൊറോക്കോയിലെയും തുനീഷ്യയിലെയും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ മുന്‍കൈയെടുത്ത് രൂപവത്കരിച്ച കൂട്ടുകക്ഷി ഭരണകൂടങ്ങളെ കാണാവുന്നതാണ്. നിലപാടുകളില്‍ വലിയ അന്തരം നിലനിര്‍ത്തുമ്പോഴും രാജ്യതാല്‍പര്യം മുമ്പില്‍ വെച്ച് പല കക്ഷികളുമായും കൂട്ടുകൂടാന്‍ പ്രസ്ഥാന നേതൃത്വം തയാറായി. തുനീഷ്യയില്‍ ഈ കൂട്ടുകക്ഷി മന്ത്രിസഭ ട്രോയിക്ക എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അന്നഹ്ദ കൂടാതെ ഡെമോക്രാറ്റിക് ഫോറം ഫോര്‍ ലേബര്‍ ആന്റ് ലിബര്‍ട്ടി, കോണ്‍ഗ്രസ് ഫോര്‍ ദ റിപ്പബ്ലിക് എന്നീ കക്ഷികളാണ് അതില്‍ ഉണ്ടായിരുന്നത്. ഇസ്‌ലാമിസ്റ്റുകള്‍ക്കും സെക്യുലരിസ്റ്റുകള്‍ക്കുമിടയില്‍ പൊതുവിഷയങ്ങളില്‍ സമവായം ഉണ്ടാക്കാനുള്ള യത്‌നം കൂടിയായിരുന്നു അത്. പതിറ്റാണ്ടുകളായി ഇസ്‌ലാമിസ്റ്റുകളും മതവിരുദ്ധ സെക്യുലരിസ്റ്റുകളും അറബ് ലോകത്ത് ഭിന്നചേരികളില്‍ നിലയുറപ്പിച്ച് പോരടിക്കുകയായിരുന്നു. സംഘര്‍ഷങ്ങള്‍ പലപ്പോഴും രക്തരൂഷിതമായി. അതിന് അറുതിവരുത്താനുള്ള ശ്രമം കൂടിയായി ഈ കൂട്ടുമുന്നണിയെ കാണാവുന്നതാണ്. ബാഹ്യ ശക്തികളുടെ ഇടപെടല്‍ കാരണമായും ആഭ്യന്തര സംഘര്‍ഷങ്ങള്‍ കാരണമായും ഈ മുന്നണി പരീക്ഷണം വേണ്ടത്ര വിജയിച്ചില്ല എന്നത് മറ്റൊരു കാര്യം.
ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ വ്യത്യസ്ത രാഷ്ട്രീയ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന മറ്റൊരു ഇടം മൊറോക്കോയാണ്. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ എന്ന് ബഹുവചനത്തില്‍ പറയാന്‍ കാരണമുണ്ട്. ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ബഹുത്വം അവിടത്തെ ഇസ്‌ലാമിസ്റ്റുകള്‍ എന്നോ അംഗീകരിച്ചതാണ്. കൊളോണിയല്‍വിരുദ്ധ സമരത്തിലും ഇസ്‌ലാമിസ്റ്റുകള്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നു. അല്ലാലുല്‍ ഫാസി, ഡോ. മഹ്ദി ബ്‌നു അബൂദ്, അബ്ദുല്ല കുനൂന്‍ തുടങ്ങിയ കൊളോണിയല്‍വിരുദ്ധ സ്വാതന്ത്ര്യ പ്രസ്ഥാന നേതാക്കള്‍ ഇസ്‌ലാമിസ്റ്റുകളായാണ് അറിയപ്പെടുന്നത്. ഇതില്‍ തലയെടുപ്പുള്ള പണ്ഡിതനും ഇസ്തിഖ്‌ലാല്‍ പാര്‍ട്ടിയുടെ നേതാവുമായ അല്ലാലുല്‍ ഫാസി യഥാര്‍ഥ സലഫിസത്തിന്റെ വക്താവ് കൂടിയാണ്. വിശാലമനസ്‌കരും ഇസ്‌ലാമിക സമൂഹത്തിന്റെ അഭ്യുന്നതിയില്‍ ഏറെ തല്‍പ്പരരുമായ ഈ പണ്ഡിതരും നേതാക്കളുമാണ് മൊറോക്കോയില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് ജനകീയ അടിത്തറ ഉണ്ടാക്കിക്കൊടുത്തത്. മൊറോക്കോയിലെ നവീന ഇസ്‌ലാമിക മുന്നേറ്റത്തിന്റെ ഒരു മുഖമാണ് ഈയിടെ അന്തരിച്ച അബ്ദുസ്സലാം യാസീന്‍ രൂപം നല്‍കിയ ജമാഅത്തുല്‍ അദ്‌ലി വല്‍ ഇഹ്‌സാന്‍ (ഠവല ഖൗേെശരല മിറ ആലില്ീഹമിരല ങീ്‌ലാലി)േ. സ്വൂഫി ആഭിമുഖ്യമുള്ള കക്ഷിയാണിത്. എന്നുവെച്ച് അത് അരാഷ്ട്രീയമാണ് എന്ന് മനസ്സിലാക്കിപ്പോകരുത്. റാഡിക്കല്‍ സമീപനമാണ് അവരുടേത്. മൊറോക്കോയിലെ രാജഭരണത്തെ അവര്‍ അംഗീകരിക്കുന്നില്ല. രാജഭരണത്തിനു കീഴില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ അവര്‍ പങ്കെടുക്കാറുമില്ല. എന്നാല്‍ അബ്ദുല്‍ കരീം ഖത്വീബ് രൂപകല്‍പ്പന നടത്തിയ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി (ഹിസ്ബുല്‍ അദാലത്തി വത്തന്‍മിയ) രാജഭരണത്തെ അംഗീകരിക്കുമ്പോള്‍ തന്നെ പൊതുതെരഞ്ഞടുപ്പുകളില്‍ പങ്കെടുത്ത് സാമൂഹിക, രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുക എന്ന തന്ത്രപരമായ സമീപനമാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ രണ്ട് പൊതുതെരഞ്ഞെടുപ്പുകളിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയാവാനും മന്ത്രിസഭ രൂപവത്കരിക്കാനും അവര്‍ക്ക് കഴിഞ്ഞു.  നേരത്തേ പാര്‍ട്ടിയുടെ അബ്ദുല്‍ ഇലാഹ് ബന്‍കീറാനായിരുന്നു പ്രധാനമന്ത്രിയെങ്കില്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി കൂടിയായ സഅ്ദുദ്ദീന്‍ ഉസ്മാനിയാണ് പ്രധാനമന്ത്രി. ഇവിടെയും കൂട്ടുകക്ഷി മന്ത്രിസഭയാണ്. ഇത്തവണ കൂട്ടുകക്ഷികളുടെ എണ്ണം ആറായി ഉയര്‍ന്നിട്ടുണ്ടെങ്കിലും വിവിധ ഗ്രൂപ്പുകളെ ഒന്നിപ്പിച്ച് കൊണ്ടുപോകാനുള്ള പ്രാവീണ്യമൊക്കെ ഇസ്‌ലാമിസ്റ്റുകള്‍ ആര്‍ജിച്ചിട്ടുണ്ട്. പൊതു പ്രശ്‌നങ്ങളില്‍ വിവിധ സെക്യുലര്‍- ഇസ്‌ലാമിസ്റ്റ് കക്ഷികളെ ഒരേ വേദിയില്‍ അണിനിരത്തിയിരിക്കുകയാണ് ഇവിടെയും. തുടര്‍ന്ന് വന്നിരുന്ന നയങ്ങളില്‍നിന്നുള്ള ഒരു വഴിത്തിരിവാണിതെന്ന് തീര്‍ച്ചയായും പറയാം.

മതരാഷ്ട്രമല്ല, സിവില്‍ രാഷ്ട്രം

മതരാഷ്ട്രം എന്ന പരികല്‍പനയെ തള്ളിക്കളയുന്നുണ്ട് റാശിദുല്‍ ഗന്നൂശി തന്റെ രചനകളില്‍. സിവില്‍ രാഷ്ട്രവും രാഷ്ട്രീയവും തന്നെയാണ് ഇസ്‌ലാമിസ്റ്റുകളും മുന്നോട്ടു വെക്കുന്നത്. അതേ സമയം ഇസ്‌ലാമികമായ ആശയപരിസരത്തു (മര്‍ജഇയ്യ/ ഞലളലൃലിരല) നിന്നു കൊണ്ടായിരിക്കും അവരത് നിര്‍വഹിക്കുക. ഓരോ മനുഷ്യന്റെയും അന്തസ്സും അഭിമാനവും സംരക്ഷിക്കുക, പാരമ്പര്യങ്ങളുടെയും അന്ധവിശ്വസങ്ങളുടെയും മറ്റും ചങ്ങലക്കെട്ടുകളില്‍നിന്ന് മനുഷ്യധിഷണയെ മോചിപ്പിക്കുക, സ്വേഛാധിപത്യ പ്രവണതകളെ തടയാന്‍ ശൂറാ സംവിധാനത്തെ ശക്തിപ്പെടുത്തുക, നിശ്ചിത കാലയളവില്‍ പൊതുതെരഞ്ഞെടുപ്പുകള്‍ കൃത്യമായും സുതാര്യമായും നടത്തുക, പൗരോഹിത്യ/മതാധികാര പ്രവണതകളെ തടയുക, ഓരോ മനുഷ്യന്റെയും ജീവനും സമ്പത്തും സംരക്ഷിക്കുക, സമ്പാദനത്തിനുള്ള ഏകവഴി തൊഴിലും അധ്വാനവും ആയിരിക്കുക, അതിക്രമങ്ങള്‍ തടഞ്ഞ് നീതി സംസ്ഥാപിക്കുക, മതപരവും രാഷ്ട്രീയവുമായ ബഹുസ്വരത അംഗീകരിക്കുക, അധികാരം ഏതെങ്കിലും വ്യക്തിയിലോ കുടുംബത്തിലോ വിഭാഗത്തിലോ കേന്ദ്രീകരിക്കപ്പെടാതിരിക്കുക, സമൂഹത്തിലെ ശക്തിസ്രോതസ്സുകള്‍ കണ്ടെത്തി അവയെ പോഷിപ്പിക്കുകയും സാമൂഹികതയെ ദുര്‍ബലപ്പെടുത്തുന്ന ഘടകങ്ങളെ ഉന്മൂലനം ചെയ്യുകയും ചെയ്യുക- ഈ തത്ത്വങ്ങളില്‍ അധിഷഠിതമായിട്ടായിരിക്കും ആ രാഷ്ട്രസംവിധാനം പ്രവര്‍ത്തിക്കുക.

അഞ്ച് സവിശേഷതകള്‍

ഈയൊരു ആശയധാരയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ അഞ്ച് സവിശേഷതകള്‍ എണ്ണിപ്പറയുന്നുണ്ട് റാശിദുല്‍ ഗന്നൂശി തന്റെ 'ഇസ്‌ലാമിക പ്രസ്ഥാനവും മാറ്റവും' (അല്‍ ഹറകത്തുല്‍ ഇസ്‌ലാമിയ്യ വ മസ്അലത്തുത്തഗ്‌യീര്‍) എന്ന പുസ്തകത്തില്‍: 1, സമഗ്രത. ഇസ്‌ലാമിനെ ഫ്രെയിം ഓഫ് റഫറന്‍സ് ആക്കി എടുത്തായിരിക്കും ഓരോ വിഷയവും കൈകാര്യം ചെയ്യുക. രാഷ്ട്രീയം, സാമ്പത്തികം, സാമൂഹികം, സാംസ്‌കാരികം തുടങ്ങി ഒരു മേഖലയും അതിനു പുറത്തായിരിക്കുകയില്ല. 2, ദേശീയത. ഇതും സാര്‍വദേശീയതയും വിരുദ്ധ ധ്രുവങ്ങളിലാണെന്ന് കരുതേണ്ടതില്ല. വിവിധ ദേശീയതകള്‍ ഒത്തുചേര്‍ന്ന് രൂപപ്പെടുത്തുന്നതാണ് സാര്‍വദേശീയത. അന്ധമായ തീവ്രദേശീയതയാണ് അപകടം. 3, സലഫിസം. ഇത് സാധാരണ വ്യവഹരിക്കപ്പെടുന്ന അര്‍ഥത്തിലുള്ള സലഫിസമല്ല. നിലപാടുകളും സ്വഭാവ രീതികളും രൂപപ്പെടുത്തുന്നത് ഖുര്‍ആന്റെയും സുന്നത്തിന്റെയും  അടിസ്ഥാനത്തില്‍ മാത്രമായിരിക്കുക എന്നേ അതുകൊണ്ട് ഉദ്ദേശിക്കുന്നുള്ളു. സംഭവബഹുലമായ ഇസ്‌ലാമിക ചരിത്രത്തില്‍ പലതരം നിലപാടുകളും അഭിപായങ്ങളും ഇജ്തിഹാദുകളും നാം കാണും. വിവേചന ബുദ്ധിയോടെ അവയില്‍നിന്ന് സ്വീകരിക്കേണ്ടത് സ്വീകരിക്കുകയും അല്ലാത്തവ നിരാകരിക്കുകയും ചെയ്യും. ഇന്നയിന്ന ചിന്താധാരകളെ മാത്രമേ അംഗീകരിക്കൂ എന്ന കടുംപിടിത്തം ഉണ്ടാകില്ല. 4, ഈമാനിക കരുത്ത്/ അതിന്റെ വിശാല പരിപ്രേക്ഷ്യം. കാര്യകാരണങ്ങളില്‍ വിശ്വസിക്കുന്നതോടൊപ്പം തന്നെ, കാരണങ്ങളുണ്ടായാല്‍ മാത്രം അവയുടെ ഫലം ഉണ്ടായിക്കൊള്ളണമെന്നില്ല, അല്ലാഹു അങ്ങനെ ഇഛിച്ചിട്ടുണ്ടെങ്കിലല്ലാതെ എന്ന വിശ്വാസം. 5, ജനകീയത. ഒരു ചെറു വിഭാഗത്തില്‍ ഒതുങ്ങിപ്പോകരുത് ഇസ്‌ലാമിക പ്രസ്ഥാനം. ഇസ്‌ലാമിക സമൂഹത്തിന്റെ തുടിക്കുന്ന ഹൃദയമായി അതിന് മാറാന്‍ കഴിയണം.
ഈയൊരു പ്രതലത്തിലേക്ക് വളരണമെങ്കില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് കൃത്യമായ സ്ട്രാറ്റജി ഉണ്ടായേ മതിയാവൂ. റാശിദുല്‍ ഗന്നൂശി ആ സ്ട്രാറ്റജിയുടെ അടിസ്ഥാനങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കുന്നു: പാരമ്പര്യത്തോടുള്ള നമ്മുടെ നിലപാട് എന്ത് എന്ന് കൃത്യമായി നിര്‍ണയിക്കണം. അതില്‍നിന്ന് എന്തൊക്കെ എടുക്കാം, എന്തൊക്കെ ഒഴിവാക്കാം? പാശ്ചാത്യ സംസ്‌കാരമടക്കമുള്ള ഇതര സംസ്‌കാരങ്ങളോടുള്ള നമ്മുടെ നിലപാടും കൃത്യപ്പെടുത്തണം. അവയില്‍നിന്ന് ഏതൊക്കെ എടുക്കാം, ഏതൊക്കെ പുറന്തള്ളാം? വിഷയങ്ങളെ വസ്തുനിഷ്ഠമായി നോക്കിക്കാണണം. മുന്‍കാലങ്ങളില്‍ അത്തരം വിഷയങ്ങളില്‍ എന്ത് നിലപാടെടുത്തു എന്നത് പരിഗണനീയമല്ല. മാറ്റത്തിന് നമ്മുടെ കൈയിലുള്ള ടൂള്‍ എന്ത് എന്നും നിജപ്പെടുത്തണം. ബലപ്രയോഗമാണോ, സമ്മര്‍ദം ചെലുത്തലാണോ, അതല്ലെങ്കില്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കി കാര്യങ്ങള്‍ ബോധ്യപ്പെടുത്തലാണോ? ജനങ്ങള്‍ക്ക് മുമ്പില്‍ ഉട്ടോപ്യന്‍ മാതൃകകള്‍ സമര്‍പ്പിക്കുകയല്ല ഇസ്‌ലാമിസ്റ്റുകള്‍ ചെയ്യേണ്ടത്. അവരുടെ വേദനകളും ആവശ്യങ്ങളും കണ്ടറിഞ്ഞ് അവക്ക് പരിഹാരം കാണാനായി ഇസ്‌ലാമിക പ്രസ്ഥാനം ഇറങ്ങിത്തിരിക്കുമ്പോള്‍ അവര്‍ക്ക് സ്വയമേവ ബോധ്യമാവേണ്ടതാണ്, 'ഇസ്‌ലാമാണ് ബദല്‍' എന്നത്. നിലപാടുമാറ്റത്തെക്കുറിച്ചും പുതിയ സ്ട്രാറ്റജിയെക്കുറിച്ചും ചിന്തിക്കുമ്പോള്‍ ഒന്നാമതായി പരിഗണനയില്‍ വരേണ്ടത് കാലവും അതുണ്ടാക്കുന്ന മാറ്റങ്ങളുമാണെന്നും ഗന്നൂശി ഓര്‍മിപ്പിക്കുന്നുണ്ട്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (20-21)
ടി.കെ ഉബൈദ്‌

ഹദീസ്‌

നേര്‍ജീവിതത്തെ അപകടപ്പെടുത്തുന്ന നാവ്
മൂസ ഉമരി പാലക്കാട്