Prabodhanm Weekly

Pages

Search

2019 സെപ്റ്റംബര്‍ 13

3117

1441 മുഹര്‍റം 13

കേരള യുക്തിവാദത്തിന്റെ നടപ്പുദീനങ്ങള്‍

കെ. മുഹമ്മദ് നജീബ്

കുറച്ചു കാലമായി ഏറ്റെടുക്കാനാളില്ലാതെ ഓരത്തായിപ്പോയ കേരള യുക്തിവാദം ഇപ്പോള്‍ സോഷ്യല്‍ മീഡിയാ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സാമൂഹിക മുഖ്യധാരയിലേക്ക് വലിഞ്ഞു കയറാനുള്ള പുതിയൊരു ശ്രമത്തിലാണ്. വാട്ട്‌സ്ആപ്പ് കൂട്ടായ്മകളും ഫേസ്ബുക്ക് ഗ്രൂപ്പുകളും ഒപ്പം വ്യാപകമായി  പ്രചരിപ്പിക്കപ്പെടുന്ന യൂട്യൂബ് പ്രഭാഷണങ്ങളുമാണ്  യുക്തിവാദികള്‍ പുതിയ താവളങ്ങളായി തെരഞ്ഞെടുത്തിരിക്കുന്നത്. മതജീവിതത്തെ ഗൗരവമായി കാണുന്ന  സമൂഹമെന്ന നിലയിലും വിശ്വാസ- വിദ്യാഭ്യാസ മേഖലയിലുണ്ടായിട്ടുള്ള പുത്തനുണര്‍വിന്റെ നേരവകാശികള്‍ എന്ന നിലയിലും മുസ്‌ലിം യുവ മനസ്സുകളെയാണിവര്‍ മുഖ്യമായി ലക്ഷ്യം വെക്കുന്നത്. നിലനില്‍ക്കുന്ന മൂല്യബോധങ്ങളെ  തകര്‍ത്തെറിഞ്ഞും സാമൂഹിക ബന്ധങ്ങളെ വിഛേദിച്ചും രൂപപ്പെടുത്തേണ്ട ലക്കും ലഗാനുമില്ലാത്ത ജീവിത വീക്ഷണത്തെയാണ് 'സ്വതന്ത്ര ചിന്ത' എന്ന വാക്കു കൊണ്ട് അടയാളപ്പെടുത്തുന്നത്. ക്രിയാത്മകമായ എന്തെങ്കിലും മുന്നോട്ടു വെക്കുക എന്നതിലുപരി നിലവിലുളള ധാര്‍മിക ചിന്തകളെ അന്യവല്‍ക്കരിക്കുകയും മാന്തിപ്പൊളിക്കുകയും ചെയ്യുക എന്നതാണ് ഈ 'സ്വതന്ത്ര ചിന്തകരു'ടെ പൊതു രീതി. അവര്‍ക്ക് മതം 'അടിമത്ത'വും മത ദര്‍ശനങ്ങളില്‍നിന്നുള്ള വിടുതി 'സ്വാതന്ത്ര്യ'വുമാണ്.
എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞാടുന്ന യുക്തിവാദികളുടെ വിധ്വംസക ലക്ഷ്യങ്ങള്‍ തിരിച്ചറിയാന്‍ വിശ്വാസികളിലെ പുതു തലമുറക്ക് നന്നായി സാധിച്ചിട്ടുണ്ട്. യുക്തിവാദി ഗ്രൂപ്പുകളിലേക്ക് ഇടിച്ചുകയറി നിലവാരം കുറഞ്ഞ വിമര്‍ശനങ്ങളില്‍നിന്ന് ഗൗരവപ്പെട്ട സംവാദങ്ങളിലേക്ക് അവരില്‍ ചിലരെയെങ്കിലും പിടിച്ചിറക്കിക്കൊണ്ടുവരാന്‍ ഈ ചെറുപ്പത്തിന് കഴിയുന്നു. ശരീഅത്ത്  വിവാദ കാലത്ത് മുതലെടുപ്പിനായെത്തിയ മതവിരുദ്ധ യുക്തിവാദത്തെ സംവാദത്തിലൂടെ നേരിട്ട് കണ്ടം വഴി ഓടിച്ച മുന്‍ തലമുറകള്‍ക്ക് ഇനിയും ഊറിച്ചിരിക്കാന്‍ വക നല്‍കുന്നതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇടപെടലുകള്‍. ധാര്‍മികതയുമായി ബന്ധപ്പെട്ട് സമീപകാലത്ത് നടന്ന ചര്‍ച്ചകളില്‍ മതപക്ഷത്തു നിന്ന് ചോദ്യങ്ങളുയര്‍ത്തിയ ചില വിദ്യാര്‍ഥികളെ നേരിടാന്‍ കേരള യുക്തിവാദികളുടെ താത്ത്വികാചാര്യന്മാര്‍ അല്‍പമൊന്നുമല്ല വിയര്‍ത്തത്. ഒടുവില്‍ ആ കുട്ടികളില്‍ ചിലര്‍ക്ക് നേരെ ഗ്രൂപ്പിന്റെ വാതിലുകള്‍ തന്നെ കൊട്ടിയടക്കുകയായിരുന്നു. 
പലതായി പിളര്‍ന്ന് നില്‍ക്കുന്ന സമകാലിക യുക്തിവാദത്തിന്റെ നടപ്പുരീതികള്‍ പരിശോധിച്ചാല്‍ ഏറക്കുറെ എല്ലാ വിഭാഗങ്ങള്‍ക്കും ബാധകമായ ചില സവിശേഷതകള്‍ കാണാനാവും.
സ്വന്തം നില മറന്നുള്ള യുക്തിവാദവും അഹന്തയുമാണ് ഇബ്‌ലീസിനെ ദൈവിക സന്നിധിയില്‍ അസ്വീകാര്യനാക്കിയതെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്.  ഔദ്ധത്യവും അഹങ്കാരവും അഭിനവ യുക്തിവാദികളുടെ സമീപനങ്ങളിലും ഒട്ടും കുറവല്ല.  വിനയാന്വിതനായ  യുക്തിവാദി എന്നത് ഒരു വിരുദ്ധോക്തി (Oxymoron)   ആണെന്നു പറയാം. ഏറക്കുറെ അസാധ്യമായ സംയുക്തം. കോടിക്കണക്കിന് മനുഷ്യരില്‍ അന്തര്‍ലീനമായി കിടക്കുകയും നൂറ്റാണ്ടുകളായി അവരുടെ ജീവിതത്തെ ഗുണപരമായി സ്വാധീനിക്കുകയും ചെയ്യുന്ന വിശ്വാസാദര്‍ശങ്ങളെ തുറന്ന മനസ്സോടെ വിലയിരുത്താനോ ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളാനോ ഇവര്‍ക്ക് കഴിയാത്തതിന്റെ മുഖ്യ തടസ്സവും ഇതുതന്നെയാണ്. ലോകത്തുടനീളമുള്ള ദൈവവിശ്വാസികള്‍ ഒന്നടങ്കം Delusion (വിഭ്രാന്തി) ബാധിച്ച മാനസിക രോഗികളാണെന്നു പറയാന്‍ മാത്രമുള്ള ഒരുതരം മൂടുറച്ചുപോയ താന്‍പോരിമാ വിഭ്രാന്തിക്ക് (Grandeur Delusion) അടിപ്പെട്ടിരിക്കുകയാണിവര്‍. എസ്സന്‍സ് ഗ്ലോബല്‍ എന്ന ഗ്രൂപ്പിനെ നയിക്കുന്ന പ്രമുഖ യുക്തിവാദി രവിചന്ദ്രന്റെ അഭിപ്രായത്തില്‍ മതം സ്വീകരിക്കുന്നതോടെ മസ്തിഷ്‌ക മരണമാണ് (Brain Death) സംഭവിക്കുന്നത്. ഇതാണ് വിശ്വാസികളെ കുറിച്ച അടിസ്ഥാന സങ്കല്‍പ്പമെങ്കില്‍ അവരോടുള്ള അനന്തര സമീപനം എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. 
അല്ലാഹു കഞ്ചാവാണെന്ന് ഈയിടെ വിളിച്ചുപറഞ്ഞത് സമീപകാലത്ത് ചേകനൂരിസത്തില്‍നിന്ന് നാസ്തിക പക്ഷത്തേക്ക് കൂടുമാറിയ ഒരു സ്ത്രീയായിരുന്നു. അത്യന്തം  നിന്ദയോടെയുള്ള അവതരണവും ധാര്‍ഷ്ട്യം സ്ഫുരിക്കുന്ന ആംഗ്യവിക്ഷേപങ്ങളുമാണ് യുക്തിവാദികളില്‍ പലരുടെയും പ്രഭാഷണ രീതി. ക്രിയാത്മക  വിമര്‍ശനങ്ങള്‍ക്ക് പകരം ആക്ഷേപശകാരമായിരിക്കും നിറഞ്ഞുനില്‍ക്കുക. സര്‍വജ്ഞാനികളെന്ന് സ്വയം സങ്കല്‍പ്പിച്ച് പ്രതിപക്ഷ ബഹുമാനം തൊട്ടുതീണ്ടാതെ നടത്തുന്ന  ഇത്തരം സംസാരങ്ങള്‍ അങ്ങേയറ്റം അരോചകമാണെന്ന് പറയാതെ വയ്യ. പുതിയതെന്തെങ്കിലും സ്വീകരിക്കാനോ കാഴ്ചപ്പാടുകള്‍ തിരുത്തപ്പെടാനോ ഉള്ള സാധ്യതകള്‍ തീരെ അസ്തമിച്ചുപോവുന്നു എന്നതാണ് ഈ സമീപനത്തിന്റെ അനന്തരഫലം.
മതലോകത്തെക്കുറിച്ച തികഞ്ഞ അജ്ഞതയും കടുത്ത മുന്‍ധാരണയുമാണ് യുക്തിവാദികളുടെ പല നിലപാടുകളുടെയും ആധാരം. ഉദാഹരണത്തിന്, അല്ലാഹുവല്ല, മുഹമ്മദാണ് മുസ്‌ലിംകളുടെ ദൈവം എന്നാണ് യുക്തിവാദികളുടെ അഭിനവാചാര്യനായ രവിചന്ദ്രന്‍ ദൈവസങ്കല്‍പ്പത്തെക്കുറിച്ച് തിരുവനന്തപുരത്ത് നടന്ന  ഒരു സംവാദത്തില്‍ പറഞ്ഞത് (സംവാദം യൂട്യൂബില്‍ ലഭ്യമാണ്).  കാരണമാണ് ഏറെ രസകരം. അല്ലാഹുവിനെ വിമര്‍ശിച്ചാല്‍ മുസ്‌ലിംകള്‍ പ്രതികരിക്കില്ലത്രെ. മുഹമ്മദിനെയാണ് വിമര്‍ശിക്കുന്നതെങ്കില്‍ അവയവങ്ങള്‍ പലതും ഛേദിച്ചുകളയും. അതുകൊണ്ട് മുഹമ്മദാണ് ദൈവം എന്നാണ് വാദം. ഇസ്‌ലാം എന്നത് മതമല്ല വ്യക്ത്യാധിഷ്ഠിത കള്‍ട്ടാണെന്നും ഇദ്ദേഹം വാദിക്കുന്നു. മക്കയിലെ കഅ്ബയില്‍ നടക്കുന്നത് വിഗ്രഹാരാധനയാണെന്ന വിചിത്ര വാദം സ്ഥാപിക്കാനും ടിയാന്‍ ശ്രമിക്കുന്നുണ്ട്. കടുത്ത മുന്‍ വിധികള്‍ നിറഞ്ഞതും വസ്തുതാവിരുദ്ധവുമായ ഇത്തരം പ്രസ്താവനകള്‍ നടത്തുന്ന രവിചന്ദ്രന്‍ ഒരു കോളേജ് പ്രഫസറാണെന്നോര്‍ക്കണം. 
'മതമുപേക്ഷിക്കൂ, മനുഷ്യനാവൂ' എന്നതായിരുന്നു സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ ഇ.എ ജബ്ബാര്‍ അനുകൂലികളായ യുക്തിവാദികള്‍ നടത്തിയ ഒരു കാമ്പയിനിന്റെ തലക്കെട്ട്. മതവിശ്വാസികള്‍ക്ക് വിശ്വാസമുപേക്ഷിക്കാതെ മനുഷ്യനാവാന്‍ പോലും സാധ്യമല്ല എന്നതാണ് സൂചന. മതവും മനുഷ്യത്വവും രണ്ടാണെന്നും പരസ്പരവിരുദ്ധമാണെന്നുമുള്ള അബദ്ധ പരികല്‍പന സമൂഹത്തില്‍ സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണിത്. മനുഷ്യപക്ഷത്തു നിന്നുകൊണ്ട് മതം നടത്തിയ വമ്പിച്ച ഇടപെടലുകളെയും നാസ്തിക പക്ഷം നടത്തിയ ഗുരുതരമായ വിധ്വംസക പ്രവര്‍ത്തനങ്ങളെയും മറച്ചുവെച്ചു കൊണ്ടുള്ള തികച്ചും തെറ്റായ ചരിത്ര വായന കൂടിയാണിതെന്ന് കാണാന്‍ പ്രയാസമില്ല.
തലതിരിഞ്ഞ ശാസ്ത്രബോധമാണ് യുക്തിവാദി സമൂഹത്തിന്റെ മറ്റൊരു ദൗര്‍ബല്യം. ഒരുതരം ശാസ്ത്ര മൗലികവാദം. വസ്തു പ്രപഞ്ചം മാത്രമാണ് യാഥാര്‍ഥ്യമെന്നും 'ശാസ്ത്രീയ' തെളിവുകള്‍ മാത്രമാണ് സ്വീകാര്യമെന്നുമാണ് ഇവരുടെ വിശ്വാസം. പ്രപഞ്ചത്തെ പൂര്‍ണമായി വിശദീകരിക്കാനും (ഇന്നല്ലെങ്കില്‍ നാളെ) ജീവിത സമസ്യകള്‍ പരിഹരിക്കാനും ശാസ്ത്രത്തിനു കഴിയുമെന്നും ഒരു പടി കൂടി കടന്ന് ശാസ്ത്രത്തിനു മാത്രമേ കഴിയൂ എന്നും ഇവര്‍ കരുതുന്നു. ഇവര്‍ക്ക് പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിക്കാന്‍ കഴിയുന്നത് മാത്രമാണ് ജ്ഞാനം. അനുമാനവും  അനുഭവവും വെളിപാടുമടക്കമുള്ള  അറിവിന്റെ മറ്റു ഉറവിടങ്ങളെല്ലാം സംശയാസ്പദമോ വ്യാജമോ ആണ്. എന്‍ഡോസള്‍ഫാന്‍ ഒരു ജനതക്ക് സമ്മാനിച്ച ദുരിതങ്ങള്‍ അനുഭവങ്ങളായി കണ്‍മുന്നിലുണ്ടെങ്കിലും 'ശാസ്ത്രീയ'  തെളിവുകളും വ്യാഖ്യാനങ്ങളും വെച്ച് ഇക്കൂട്ടര്‍ അതിനെ നിരാകരിച്ചുകളയും (എസ്സന്‍സ് എന്ന യുക്തിവാദി സംഘടന സംഘടിപ്പിച്ച  Essentiaþ17 എന്ന പരിപാടി). ആയുര്‍വേദത്തെയും ഹോമിയോപ്പതിയെയും അപ്പാടെ തള്ളിപ്പറയാന്‍ ന്യായമായി അവതരിപ്പിക്കുന്നതും 'ശാസ്ത്രീയത' തന്നെയാണ്. 
ശാസ്ത്രം മതത്തിനെതിരാണെന്നും ശാസ്ത്രം തങ്ങളുടെ കുത്തകയാണെന്നും വരുത്തിത്തീര്‍ക്കാനായിരുന്നു ഏറെക്കാലമായി യുക്തിവാദികള്‍ ശ്രമിച്ചത്. ഒരു കാലത്ത് ഇസ്‌ലാമിക ലോകം ശാസ്ത്രത്തിന് നല്‍കിയ സംഭാവനകള്‍ ഇവരുടെ കണക്കിലെവിടെയും വരാറില്ല. ഐസക് ന്യൂട്ടനടക്കമുള്ള എത്രയോ മതവിശ്വാസികളായ ശാസ്ത്രജ്ഞര്‍ എക്കാലത്തുമുണ്ടായിട്ടുമുണ്ട്. അവരൊക്കെ വിശ്വാസികളായി അഭിനയിക്കാന്‍ നിര്‍ബന്ധിതരായതാണെന്നാണിവരുടെ വാദം. 
എന്നാല്‍ ശാസ്ത്രീയ അതിവാദങ്ങള്‍ക്ക്  തിരിച്ചടി നേരിടുകയും മതവിശ്വാസികളായ ഒട്ടേറെ ശാസ്ത്രജ്ഞര്‍ സജീവമായി രംഗത്തുവരികയും ചെയ്ത ഒരു കാലമാണിത്. യുക്തിവാദികളുടെ ലോകവീക്ഷണത്തിന്റെ അടിസ്ഥാനമായി നിലകൊള്ളുന്ന ഡാര്‍വിന്‍ സിദ്ധാന്തം ഇനിയും തെളിവ് കിട്ടാത്ത അനാഥപ്രേതമായി അവശേഷിക്കുന്നു. ഗവേഷണങ്ങള്‍ പുരോഗമിക്കുംതോറും ഡാര്‍വിന്‍ വിട്ടേച്ചുപോയ വിടവുകള്‍ക്ക് ആഴം വര്‍ധിക്കുന്നതായാണ് കാണുന്നത്. മറ്റൊരു ഭാഗത്ത് ഡാര്‍വിന്‍ മുന്നോട്ടുവെച്ച പ്രകൃതി നിര്‍ധാരണത്തിന്റെ  പരമ്പരാഗത മെക്കാനിസത്തെ നിരാകരിക്കുന്ന സ്റ്റീഫന്‍ ജെ. ഗൂള്‍ഡിനെപ്പോലുള്ള വിഖ്യാത ശാസ്ത്രജ്ഞര്‍ (മതവിശ്വാസിയല്ലാതിരിക്കെ തന്നെ) റിച്ചാര്‍ഡ് ഡോക്കിന്‍സടക്കമുള്ള പരിണാമ മൗലികവാദികള്‍ക്ക് തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. കിം സ്റ്റീറെന്‍ലി എഴുതിയ Dawkins Vs Gould: Survival of the Fittest എന്ന പുസ്തകം ഈ വിവാദത്തിന്റെ നേര്‍രേഖയാണ്. സൃഷ്ടിവാദത്തെ തീര്‍ത്തും അശാസ്ത്രീയമെന്നാരോപിച്ച് എഴുതിത്തള്ളാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണിന്നുള്ളത്.  ബിഗ് ബാങ് തിയറിയുടെ വരവോടു കൂടി പദാര്‍ഥവാദത്തിന്റെ ചില അടിസ്ഥാനങ്ങള്‍ തന്നെ ഇളകുകയും ചെയ്തിരിക്കുന്നു. എന്നാലും  ശാസ്ത്രത്തെ കുറിച്ച അമിതാത്മവിശ്വാസവും അതിവാദങ്ങളും  മുറുകെപ്പിടിച്ചു തന്നെയാണ് യുക്തിവാദികളുടെ നടപ്പ്.  
സമൂഹത്തില്‍ നിലനില്‍ക്കുന്ന ധാര്‍മിക മാന ദണ്ഡങ്ങളെ പരിണാമവിധേയമായ ഒന്നായിട്ടാണ് യുക്തിവാദികള്‍ എന്നും കണ്ടിട്ടുള്ളത്. സ്ഥായിയായ സനാതന/സദാചാര മൂല്യങ്ങള്‍ എന്നൊന്നില്ല എന്നാണവരുടെ വാദം. കാലത്തിനും ദേശത്തിനും സംസ്‌കാരത്തിനുമനുസരിച്ച് മൂല്യങ്ങള്‍ മാറിമറിയും. മതങ്ങള്‍ മുന്നോട്ടു വെക്കുന്ന ധാര്‍മികത പഴഞ്ചനും കാലഹരണപ്പെട്ടതുമാണത്രെ. എന്നാല്‍ ധാര്‍മികതക്ക് സ്വീകാര്യമായ മാനദണ്ഡങ്ങളെന്തെങ്കിലും മുന്നോട്ടു വെക്കാന്‍ യുക്തിവാദികള്‍ക്ക് കഴിയുന്നുമില്ല. അവനവന് തോന്നുന്ന ധാര്‍മികതയാണോ, അതല്ല ഭരണകൂട ധാര്‍മികതയാണോ ഏതാണ് വേണ്ടതെന്ന കാര്യത്തില്‍ യാതൊരു അഭിപ്രായ ഐക്യവും ഇവര്‍ തമ്മിലില്ല. ധാര്‍മികതയുടെ കാര്യത്തില്‍ ഒന്നിനുമില്ലൊരു നിശ്ചയം എന്നതാണവസ്ഥ.    നിലവിലുള്ള ധാര്‍മിക മാനദണ്ഡങ്ങളെ തച്ചുടച്ച് ലിബറലിസത്തിന്റെ ചെലവിലെത്തുന്ന എല്ലാ മ്ലേഛതകളും ന്യായീകരിക്കണമെന്ന കാര്യത്തില്‍ മാത്രമാണ് ഏകാഭിപ്രായമുള്ളത്. ഇതിന്റെ ഫലമായി അധാര്‍മികതയുടെയും അശ്ലീലതയുടെയും  സുവിശേഷകരായി നവനാസ്തികര്‍ മാറിയിരിക്കുന്നു. സ്വവര്‍ഗ ലൈംഗികത മുതല്‍ ഇന്‍സെസ്റ്റ് വരെയുള്ള ലൈംഗിക അരാജകത്വങ്ങളെ ന്യായീകരിക്കുകയും  യൂട്ടിലിറ്റേറിയന്‍ വാദങ്ങളെ മുന്നോട്ടു വെക്കുകയും ചെയ്യുന്ന പ്രവണതയാണിന്ന് കാണുന്നത്. കുടുംബ സംവിധാനത്തെ ദുര്‍ബലപ്പെടുത്താനും ലിവിംഗ് റ്റുഗതര്‍ പോലെയുള്ള ഉദാര നിലപാടുകള്‍ പ്രോത്സാഹിപ്പിക്കാനും യുക്തിവാദികള്‍ മുന്നിട്ടിറങ്ങാറുണ്ട്. ലോകപ്രശസ്ത നിരീശ്വരവാദിയും പ്രിന്‍സ്റ്റണ്‍ യൂനിവേഴ്‌സിറ്റി ബയോ എത്തിക്‌സ് പ്രഫസറുമായ പീറ്റര്‍ സിംഗറടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ സര്‍വ അതിരും ലംഘിച്ചിരിക്കുന്നു. വൈകല്യങ്ങളുള്ള കുഞ്ഞുങ്ങളെ ജനിക്കുന്നതിനു മുമ്പ് തന്നെ വേണമെങ്കില്‍ കൊല്ലാം എന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. വൈകല്യമുള്ള ഇത്തരം കുഞ്ഞുങ്ങളെ പൂര്‍ണ മനുഷ്യരുമായി താദാത്മ്യപ്പെടുത്താനാവില്ലത്രെ. മനുഷ്യത്വരഹിതമായ ഇദ്ദേഹത്തിന്റെ വാദങ്ങള്‍ കാരണം ദ ഗാര്‍ഡിയന്‍ പത്രത്തില്‍ വന്ന ഒരു ലേഖനത്തില്‍ 'ലോകത്തിലെ ഏറ്റവും അപകടകാരിയായ മനുഷ്യന്‍' എന്നും വാള്‍ സ്ട്രീറ്റ് ജേണല്‍ 'പ്രഫസര്‍ ഡെത്ത്' എന്നുമൊക്കെയാണ് ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്. പ്രമുഖ യുക്തിവാദി ഇ.എ ജബ്ബാര്‍ ആത്മഹത്യയെയും ദയാവധത്തെയുമൊക്കെ ഇമ്മട്ടില്‍ ന്യായീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഒരു ഫേസ് ബുക്ക് പോസ്റ്റില്‍ ഇങ്ങനെ വായിക്കാം: ''ആത്മഹത്യ ചെയ്യാനുള്ള സ്വാതന്ത്ര്യം പോലും തങ്ങളുടെ മതവിശ്വാസം വകവെച്ചുതരുന്നില്ല എന്നതും സ്വയം മരിച്ചു രക്ഷപ്പെടാനുള്ള അറിവുപോലും ഇല്ല എന്നതും തന്നെയാണ് മുസ്ലിംകള്‍ക്കിടയിലും ആത്മഹത്യാനിരക്ക് താരതമ്യേന കുറഞ്ഞുകാണാന്‍ കാരണം. ഇനി ആത്മഹത്യയെക്കുറിച്ചുള്ള എന്റെ വ്യക്തിപരമായ അഭിപ്രായം കൂടി പറയാം.
ആത്മഹത്യ നന്മയോ തിന്മയോ എന്ന ചോദ്യത്തിന് ഉത്തരം ഒറ്റവാക്കില്‍ പറയാനാവില്ല. അത് തീര്‍ത്തും ആപേക്ഷികമാണ്.... ഇനി മറ്റൊരാള്‍ തനിക്കു ജീവിതം മടുത്തു എന്നു തോന്നിയതിനാലും തന്റെ ജീവിതംകൊണ്ട് തനിക്കോ മറ്റുള്ളവര്‍ക്കോ വലിയ പ്രയോജനമൊന്നുമില്ല എന്നു തോന്നിയതു കൊണ്ടും - അയാള്‍ക്ക് യാതൊരു ഉത്തരവാദിത്തങ്ങള്‍, ബാധ്യതകള്‍ ഇല്ലാത്ത സാഹചര്യത്തില്‍- സ്വയം ജീവിതം അവസാനിപ്പിക്കുന്നു എങ്കില്‍ അതില്‍ നന്മയോ തിന്മയോ നിര്‍ണയിക്കാന്‍ ഒന്നുമില്ല.
വേറൊരാള്‍ വാര്‍ധക്യസഹജമായ അവശതയാലോ മാറാവ്യാധി മൂലമോ തന്റെ ജീവിതം തന്റെ ബന്ധുക്കള്‍ക്കും സമൂഹത്തിനും ഒരു ഭാരമായി തീരുന്നു എന്ന് ഉത്തമബോധ്യം മൂലം മറ്റുള്ളവര്‍ ബുദ്ധിമുട്ടരുത് എന്ന ഉയര്‍ന്ന നീതിബോധത്തില്‍ സ്വയം ദയാവധത്തിന് വിധേയമാകുന്നു എങ്കില്‍ അയാള്‍ ഒരു കുറ്റവാളിയല്ല. അയാള്‍ ചെയ്തത് സാമൂഹികമായ മാനദണ്ഡങ്ങള്‍ പ്രകാരം ഒരു ത്യാഗമായും നന്മയായും കണക്കാക്കാം.''
ഫ്രീ തിങ്കേഴ്‌സ് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍  നിറഞ്ഞു തുളുമ്പുന്ന അശ്ലീല- ലൈംഗിക പരാമര്‍ശങ്ങള്‍ ധാര്‍മികതയെ കൈവിട്ട പല കേരള യുക്തിവാദികളും എത്തിപ്പെട്ടിരിക്കുന്ന സാംസ്‌കാരിക നിലവാരത്തിന്റെ ഉത്തമോദാഹരണമാണ്. പലപ്പോഴും തങ്ങളുടെ മനോവൈകൃതങ്ങള്‍ക്ക് മറയിടാന്‍  ഫേക്ക് ഐഡികളില്‍  രംഗത്തു വരുന്നവരെ നമുക്ക് ധാരാളമായി  കാണാനാവും. ധാര്‍മികതയെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ തങ്ങള്‍ക്കിടയില്‍ മതവിശ്വാസികളെ അപേക്ഷിച്ച് അധാര്‍മികതകള്‍ കുറവാണെന്ന് യുക്തിവാദികള്‍ അവകാശപ്പെടാറുണ്ട്. ഇവരുടെ ധാര്‍മികതയുടെ നിര്‍വചനമെന്താണെന്ന ചോദ്യം തല്‍ക്കാലം മാറ്റിവെക്കാം. പക്ഷേ ആശയപരമായി യുക്തിവാദം സ്വീകരിച്ച ഏതാനും പേരില്‍ നടക്കുന്ന അധാര്‍മികതകളെ, എല്ലാ തരത്തിലുമുള്ള കോടിക്കണക്കിന് മനുഷ്യരടങ്ങിയ സമുദായങ്ങളുമായി  താരതമ്യം ചെയ്യുന്നതു തന്നെ മണ്ടത്തരമല്ലേ? അവരിലെ ആദര്‍ശപരമായി മതത്തെ ഉള്‍ക്കൊണ്ടവരുമായി തുലനം ചെയ്യുമ്പോഴാണ് ധാര്‍മികതയെ കുറിച്ച താരതമ്യം അല്‍പമെങ്കിലും നീതിപൂര്‍വകമാവുക. അങ്ങനെയൊന്ന് സാധാരണ നടക്കാറില്ല താനും. 
സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയും എന്നാല്‍ സമൂഹത്തോടുള്ള കടപ്പാടുകള്‍ പാടേ മറക്കുകയും ചെയ്യുക എന്നതാണ് യുക്തിവാദികളുടെ പൊതു സ്വഭാവം. പ്രളയമോ ദുരന്തമോ വരുമ്പോള്‍ ദൈവത്തിനെതിരെ പോസ്റ്റുകളിട്ട് അര്‍മാദിക്കാനും ദുരന്തത്തിനിരയായവരെ പരിഹസിക്കാനും ഇവര്‍  മുന്നിലുണ്ടാവുമെങ്കിലും മനുഷ്യര്‍ക്കും മണ്ണിനുമൊപ്പം ഇവരുടെ സാന്നിധ്യം കാര്യമായി ഉണ്ടാകാറില്ല. അര്‍ഹിക്കുന്നത് അതിജീവിച്ചുകൊള്ളും  എന്ന് കരുതുന്നതുകൊണ്ടാവാം, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഇവരെ സജീവമായി കാണാറില്ല. പേരിനു ചില പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടെങ്കിലും കാര്യമായ ഗുണഫലങ്ങള്‍ ഉണ്ടായില്ലെന്നാണറിവ്. പൊതുവെ ഇടതുപക്ഷ ചിന്താഗതിക്കാരായാണ് യുക്തിവാദികള്‍ മനസ്സിലാക്കപ്പെടുന്നതെങ്കിലും ജനകീയപ്പോരാട്ടങ്ങളില്‍ ഇവര്‍ അത്ര സജീവമല്ല. കമ്യൂണിസത്തിന്റെ സൈദ്ധാന്തിക അടിത്തറയായ വൈരുധ്യാധിഷ്ഠിത ഭൗതികവാദം പൊട്ടത്തരവും അശാസ്ത്രീയവുമാണെന്ന് യുക്തിവാദികളില്‍ പലരും കരുതുന്നു. ഡോ.  സി. വിശ്വനാഥനാണിവരില്‍ പ്രമുഖന്‍. മുതലാളിത്ത ചൂഷണങ്ങള്‍ക്കെതിരെ പോരാടുന്നില്ലെന്ന് മാത്രമല്ല കമ്യൂണിസത്തെ വിമര്‍ശിക്കുകയും  മുതലാളിത്തത്തെ പച്ചയായി ന്യായീകരിക്കുകയും ചെയ്യുന്ന വിധത്തില്‍ പ്ര. രവിചന്ദ്രന്‍ ബംഗ്ലൂരുവില്‍ നടത്തിയ പ്രഭാഷണം (ആനയും ഉറുമ്പും: മൂലധനത്തിനൊരാമുഖം) കമ്യൂണിസ്റ്റുകളെ ഏറെ ചൊടിപ്പിച്ചിരുന്നു. 
മതവിദ്വേഷം തലക്കു പിടിച്ചതാണ് യുക്തിവാദികളുടെ മറ്റൊരു പ്രശ്‌നം. ക്രിയാത്മക- മൗലിക വിമര്‍ശനത്തിന് ശേഷിയുള്ള യുക്തിവാദികള്‍ കേരളത്തില്‍ വേരറ്റുകൊണ്ടിരിക്കുകയാണ്. മതത്തില്‍ എന്തെങ്കിലും നന്മയുണ്ടെന്ന് അംഗീകരിക്കാന്‍ അവര്‍ തയാറല്ല. പടിഞ്ഞാറന്‍ നാടുകളിലുള്ള മതവിദ്വേഷ യുക്തിവാദികളുടെ തുടര്‍ച്ച തന്നെയാണിവിടെയും കാണുന്നത്. മതതീവ്രവാദമല്ല, മതം തന്നെയാണ് പ്രശ്‌നം എന്നതാണ് റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ കാഴ്ചപ്പാട്. ദൈവസങ്കല്‍പ്പം തന്നെ മാനസിക വിഭ്രാന്തി (God Delusion) രോഗമാണെന്നാണ് അദ്ദേഹത്തിന്റെ വാദം.
രവിചന്ദ്രന്റെ നാസ്തികനായ ദൈവം എന്ന പുസ്തകത്തില്‍ പറയുന്നതിങ്ങനെ: ''പ്രണയം പോലെ മതവിശ്വാസവും വ്യക്തിയെ പൂര്‍ണമായി അടിമപ്പെടുത്തുന്നതാണ്. പ്രണയഭംഗത്തെ കുറിച്ചോര്‍ക്കുമ്പോള്‍ പോലും ശ്വാസം മുട്ടുന്ന കമിതാക്കളെപ്പോലെയാണ് മതവിശ്വാസികളും. മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ കാര്യത്തിലും ഇത്തരം അടിമപ്പെടല്‍ (Addiction) കാണാനാവും'' (പേജ് 207). മതം മറ്റേതൊരു ആശയവും പോലെ വിവേകപൂര്‍വം തെരഞ്ഞെടുക്കുകയും ഉപേക്ഷിക്കുകയും ചെയ്യാന്‍ കഴിയുന്ന ഒന്നാണെന്ന് അംഗീകരിക്കാന്‍ ഇവര്‍ക്കാവുന്നില്ല. പൊതു മതവിമര്‍ശനത്തിനപ്പുറമുള്ള ഇസ്‌ലാമോഫോബിയ അഡിക്ഷനാണിപ്പോള്‍ കേരള യുക്തിവാദികളില്‍  ചിലരെ ബാധിച്ചിരിക്കുന്നത്. ഇ.എ ജബ്ബാര്‍ നേതൃത്വം നല്‍കുന്ന വിഭാഗമാണിതിന് മുന്‍പന്തിയിലുള്ളത്. പണ്ടെന്നോ ഓറിയന്റലിസ്റ്റുകള്‍ എഴുതിവെച്ച ഇസ്‌ലാമിനെതിരെയുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍  കട്ട് ആന്റ് പേസ്റ്റ് അടിച്ച് ഇസ്‌ലാമിന്റെ സ്ത്രീസങ്കല്‍പ്പത്തെയും അടിമത്തനിരോധനത്തെയുമൊക്കെ ആക്ഷേപിക്കലാണിവരുടെ രീതി. പ്രവാചകജീവിതത്തെ അശ്ലീലമായി വര്‍ണിക്കുകയും അപഹസിക്കുകയും ചെയ്യുന്നവരും കുറവല്ല. ആഗോള നാസ്തികതയുടെ ആചാര്യന്മാരായ സാം ഹാരിസും ക്രിസ്റ്റഫര്‍ ഹിച്ചന്‍സുമൊക്കെ തന്നെയാണ് ഇതിനിവര്‍ക്ക് മാതൃക. കടുത്ത ഇസ്‌ലാമോഫോബിയ വെച്ചുപുലര്‍ത്തുന്നവരാണ് ഇവരെന്നറിയാന്‍  ഇവരുടെ പുസ്തകങ്ങളിലൂടെ  കണ്ണോടിച്ചാല്‍ മതിയാകും. ഇന്ത്യയെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് രാഷ്ട്രീയത്തോട് പലപ്പോഴും സോഫ്റ്റ് കോര്‍ണറാണ് യുക്തിവാദികള്‍ക്കുള്ളത്. വേട്ടക്കാരനെ തടയുന്നതിലേറെ താല്‍പര്യം ഇരയുടെ കുറ്റം കണ്ടുപിടിക്കാനും അവരെ ഡീമോറലൈസ് ചെയ്ത് നിശ്ശബ്ദമാക്കാനുമാണ്. 'നിങ്ങള്‍ മരുന്നിട്ട് കൊടുത്തിട്ടല്ലേ' എന്നതാണ് വിശകലനശൈലി.  പുറമെ സെക്യുലര്‍ ലേബലുണ്ടെങ്കിലും കേരളത്തിലെ ചില യുക്തിവാദി നേതാക്കള്‍ സംഘ് പരിവാറിന്റെ കണ്ണിലുണ്ണിയായതിന്റെ കാരണം ഈ ഇസ്‌ലാംവിരോധമല്ലാതെ മറ്റൊന്നുമല്ല.  
സ്വതന്ത്ര ചിന്തകര്‍ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നതെങ്കിലും മതസ്വാതന്ത്ര്യം പ്രശ്‌നവല്‍ക്കരിക്കപ്പെട്ട ഹാദിയ വിഷയത്തില്‍  ഇവരെടുത്ത നിലപാട് അത്യന്തം പ്രതിലോമപരമായിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ഏകപക്ഷീയ ഉന്മൂലനങ്ങളെ  കുറിച്ചോ സാംസ്‌കാരിക കടന്നാക്രമണങ്ങളെ കുറിച്ചോ പ്രസക്തമായ യുക്തിവാദ പ്രതികരണങ്ങള്‍ അപൂര്‍വമായല്ലാതെ ഉണ്ടാവാറില്ല. 'കോയമാര്‍ക്ക് കുറച്ച് കിട്ടട്ടെ' എന്ന ശൈലിയിലുള്ള കമന്റുകളാണ് ഇത്തരം സന്ദര്‍ഭങ്ങളിലെ പ്രതികരണരീതി.  ഫാഷിസത്തിന്റെ നരമേധത്തിന് ന്യായം ചമക്കുന്ന രീതിയില്‍ 'ഇരക'ളെ സാംസ്‌കാരികവേട്ട നടത്തി അന്യവല്‍ക്കരിക്കുക എന്നതാണിവര്‍ ചെയ്തുകൊണ്ടിരിക്കുന്ന സവിശേഷ സേവനം. എഫ്.ടി മീറ്റെന്ന പേരില്‍ ഈയിടെ നടത്തിയ യുക്തിവാദി സമ്മേളനത്തില്‍ പ്രഭാഷകയായെത്തിയ പ്രമുഖ പത്രപ്രവര്‍ത്തക ഷാഹിന നഫീസ കടുത്ത വിമര്‍ശനമാണ്  യുക്തിവാദികളുടെ മതവിദ്വേഷത്തിനെതിരെ നടത്തിയത്. അവരുടെ വാക്കുകള്‍ ഇങ്ങനെ:  ''യുക്തിവാദികളായിട്ടുള്ള ആളുകള്‍ അല്ലെങ്കില്‍ സംഘങ്ങള്‍ അല്ലെങ്കില്‍ വ്യക്തികള്‍ അവരോടൊക്കെ സംസാരിക്കുമ്പോള്‍ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ നിരീക്ഷിക്കുമ്പോള്‍ കാണുന്ന കാര്യം പലരെയും നയിക്കുന്നത് ഹെയിറ്റ് (വിദ്വേഷം) ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എല്ലാവരെയും അടച്ച് പറയുകയല്ല. പലരെയും നയിക്കുന്നത് വെറുപ്പാണ് എന്നെനിക്ക് തോന്നിയിട്ടുണ്ട്. സംഘ് പരിവാറിനെ നയിക്കുന്നതും വെറുപ്പ് തന്നെയാണ് സുഹൃത്തുക്കളേ. എന്താണ് സംഘ് പരിവാറും നമ്മളും തമ്മിലൊരു വ്യത്യാസം എന്നാണെനിക്ക് മനസ്സിലാവാത്തത്. ........ മതത്തോടുള്ള വെറുപ്പാണ് പലരെയും നയിക്കുന്നത് എന്നെനിക്ക് തോന്നിയിട്ടുണ്ട്'' (പ്രഭാഷണത്തില്‍നിന്ന് അപ്പടി പകര്‍ത്തിയത്). കാര്യം ഇതില്‍നിന്നു തന്നെ വ്യക്തമാണല്ലോ.
ചോരയൂറ്റുന്ന സംഘ് പരിവാര്‍ ഭീകരതയുടെ ആസുരകാലത്ത്, ആഗോള സാമ്രാജ്യത്വ കടന്നാക്രമണങ്ങളുടെ ഭീതിതമായ  ഇക്കാലത്ത്, സാംസ്‌കാരിക  ജീര്‍ണതകളുടെ ഈ അധിനിവേശ കാലത്ത് പ്രതിരോധത്തിന്റെ സമരഭൂമിയില്‍  മിത്രമായി ചേര്‍ന്നുനില്‍ക്കാന്‍ ഇന്നുള്ള യുക്തിവാദത്തിനാവില്ലെന്ന് തീര്‍ച്ചയാണ്.  ജീവിതവും സ്വാതന്ത്ര്യവും കാത്തുരക്ഷിക്കാനുള്ള  ഈ അവസാന പോരാട്ടത്തില്‍  മത - മതേതര വിശ്വാസികള്‍ക്കൊപ്പം ഒറ്റക്കെട്ടായി  നില്‍ക്കാനില്ലെങ്കിലും ഒറ്റുകാരായി മാറാതിരിക്കാനുള്ള വിവേകമെങ്കിലും അവര്‍ കാണിക്കുമോ?

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (18-19)
ടി.കെ ഉബൈദ്‌

ഹദീസ്‌

വ്യക്തിത്വ വികാസം
അബ്ദുര്‍റശീദ് നദ്‌വി