Prabodhanm Weekly

Pages

Search

2019 സെപ്റ്റംബര്‍ 13

3117

1441 മുഹര്‍റം 13

ക്ഷേത്രഹാളിലെ പെരുന്നാള്‍ നമസ്‌കാരം

അബ്ബാസ് മാള

പുറപിള്ളിക്കാവ് രക്തേശ്വരി ക്ഷേത്രത്തിന്റെ ഹാളില്‍ ഇത്തവണയും ബലിപെരുന്നാള്‍ നമസ്‌കാരം നടന്നു. കമ്മിറ്റി പ്രസിഡന്റ് പി.കെ സാബുവും കമ്മിറ്റിയംഗങ്ങളുമാണ് കൊച്ചുകടവ് പ്രദേശത്തെ വെള്ളക്കെട്ടിലകപ്പെട്ട മുസ്‌ലിം സഹോദരങ്ങള്‍ക്ക് പെരുന്നാള്‍ നമസ്‌കാരത്തിന് വീണ്ടുമൊരിക്കല്‍ കൂടി ക്ഷേത്രഹാള്‍ തുറന്നു കൊടുത്തത്. കൊച്ചുകടവ് ജുമാ മസ്ജിദ് ഇമാം അബൂബക്കര്‍ അസ്ഹരിയുടെ നേതൃത്വത്തിലായിരുന്നു നമസ്‌കാരവും ഖുത്വ്ബയും.
കുഴൂര്‍ പഞ്ചായത്തില്‍ കഴിഞ്ഞ പ്രളയകാലത്തും സമാന സ്വഭാവത്തില്‍ സൗഹൃദത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ നിവാസികള്‍ക്ക് കഴിഞ്ഞിരുന്നു. ക്ഷേത്ര പരിസരത്ത് അഹിന്ദുക്കള്‍ സാധാരണ പ്രവേശിക്കാറില്ല. എന്നാല്‍ പ്രളയം തീര്‍ത്ത ദുരിതത്തില്‍ ആ രീതിയെ മറികടക്കുകയായിരുന്നു പ്രദേശവാസികള്‍. എരവത്തൂര്‍ എല്‍.പി സ്‌കൂളിലെ ക്യാമ്പില്‍ കഴിഞ്ഞിരുന്ന മുസ്‌ലിം സഹോദരങ്ങളാണ് ക്ഷേത്ര  ഹാളില്‍ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചത്.
ഈ വര്‍ഷം ചാലക്കുടി പുഴ കരകവിഞ്ഞ് തീരത്തെ കൊച്ചുകടവ് ജുമാ മസ്ജിദിലേക്ക് എത്താനാകാത്ത വിധം വെള്ളം ഉയര്‍ന്നു. അങ്ങനെയാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പുറപിള്ളിക്കാവ് രക്തേശ്വരി ഹാളില്‍ നമസ്‌കാരത്തിന് സൗകര്യം ഒരുങ്ങിയത്. 
ആഗസ്റ്റ് മാസത്തിലെ ആ ദിനങ്ങള്‍ വീണ്ടും എത്തിയപ്പോള്‍ മുന്‍ ഇമാം ജസീര്‍ ദാരിമിയും സ്ഥലത്ത് എത്തിയിരുന്നു. ക്ഷേത്രം പ്രസിഡന്റ് സാബു ആലിംഗനം ചെയ്താണ് ഇമാമിനെ സ്വീകരിച്ചത്. പ്രളയ കാലത്തെ ഓര്‍മകള്‍ പങ്കുവെച്ച ഇവര്‍ അന്നും ഇന്നും ഉണ്ടായ മാറ്റങ്ങള്‍ വിലയിരുത്തി. അന്യം നിന്നുപോകുന്ന മൂല്യങ്ങള്‍ തിരിച്ചുപിടിക്കാന്‍ കൂട്ടായ ശ്രമം നടത്തേണ്ടതിനെക്കുറിച്ചും ചര്‍ച്ച ചെയ്തു. പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ടതോടെ നാട് അവരവരുടെ മതവിശ്വാസങ്ങള്‍ക്കുമപ്പുറം 'ഒരു ജാതി ഒരു മതം ഒരു ദൈവം' എന്ന കാഴ്ചപ്പാടിലേക്ക് മടങ്ങിയതായി ക്ഷേത്രം ഭാരവാഹി സാബു അഭിപ്രായപ്പെട്ടു. ഇരുനൂറോളം വരുന്ന ഹൈന്ദവ വിശ്വാസികളുടെ ക്ഷേത്രമുറ്റവും പ്രാര്‍ഥനാ ഹാളും ഇതര സമുദായങ്ങളുടേതു കൂടിയായി മാറിയത് കാലം തേടിയ നിമിത്തമാണെന്നും അഭിപ്രായപ്പെട്ടു.

 

സേവനത്തിലും സമരത്തിലും മുന്നില്‍ നടന്നവര്‍

'ദുരന്തഭൂമിയില്‍ വിസ്മയം തീര്‍ത്ത് നീലക്കുപ്പായക്കാര്‍' (പി. മുജീബുര്‍റഹ്മാന്‍, ലക്കം 3115) മനസ്സ് നിറയെ വായിച്ചു. സേവനം ജനകീയമാക്കിയതിന്റെ ആദ്യ ക്രെഡിറ്റ് പതിച്ചു നല്‍കേണ്ടത് ഐ.ആര്‍.ഡബ്ല്യൂവിന് തന്നെയാണ്. യഥാര്‍ഥത്തില്‍ ജനസേവനത്തിന്റെ സമ്പൂര്‍ണ മാതൃകയും വഴികാട്ടിയുമാണ് ഇസ്‌ലാമിക പ്രസ്ഥാനം. ദുരന്തമുഖത്തെ സേവനവും ദുരന്തത്തില്‍ തകര്‍ന്നടിഞ്ഞവരുടെ പുനരധിവാസത്തിന് വന്‍ പ്രോജക്ട് പ്രഖ്യാപനവും അതിന്റെ സാക്ഷാത്കാരവും ഭംഗിയായി നിര്‍വഹിച്ച പ്രസ്ഥാനം.
അതോടൊപ്പം ദുരന്തഭൂമിയിലെ യുവാക്കളുടെ സാന്നിധ്യം എടുത്ത് പറയുമ്പോള്‍, യുവാക്കളെ സേവന പാതയിലേക്ക് ആനയിച്ച് മാതൃക കാട്ടിയതില്‍ സോളിഡാരിറ്റി എന്ന യുവജന പ്രസ്ഥാനത്തിന് വലിയ പങ്ക് അവകാശപ്പെടാനുണ്ടെന്ന് പറയാതെ വയ്യ. അക്രമ സമരങ്ങള്‍ക്ക് മാത്രം യുവാക്കളെ ബ്രെയ്ന്‍വാഷ് ചെയ്‌തെടുത്ത രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്ന് ഭിന്നമായി, 'നിങ്ങളുടെ പണം, ഞങ്ങളുടെ അധ്വാനം, പാവങ്ങള്‍ക്കൊരു വീട്' എന്ന ഉജ്ജ്വല മുദ്രാവാക്യത്തിന്റെ കര്‍മസാക്ഷ്യം നിര്‍വഹിച്ചത് സോളിഡാരിറ്റിയായിരുന്നുവല്ലോ. കേരളീയ വികസനം പരിസ്ഥിതിക്ക് പരിക്കില്ലാത്തതാകണമെന്ന് നാം പേര്‍ത്തും പേര്‍ത്തും പറഞ്ഞതാണ്. പക്ഷേ ആര്‍ത്തിമൂത്ത ചൂഷകര്‍ അത് അവഗണിക്കുകയും പരിസ്ഥിതിക്കു വേി വാദിച്ചവരെ വികസനവിരോധികളും തീവ്രവാദികളുമായി ചാപ്പ കുത്താനുമാണല്ലോ ശ്രമിച്ചു പോന്നത്. അല്ലേലും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അവഗണിച്ചവരില്‍നിന്ന് ഇതിലപ്പുറം എന്ത് പ്രതീക്ഷിക്കാന്‍!

കെ. മുസ്ത്വഫാ കമാല്‍, മുന്നിയൂര്‍

 

 

യാത്രക്കാര്‍ക്ക് അഭയമായി ഒരാടംപാലം റഹ്മാനി പള്ളി

ആഗസ്റ്റ് 8 രാത്രി 12 മണി. കോരിച്ചൊരിയുന്ന മഴ. ശക്തമായ മഴയിലും കാറ്റിലും വൃക്ഷങ്ങളും കെട്ടിടങ്ങളും തകര്‍ന്നു വീഴുന്നു. ബസ്സുകളടക്കമുള്ള മോട്ടോര്‍ വാഹനങ്ങള്‍ അതിവേഗതയില്‍ ലക്ഷ്യത്തിലെത്താന്‍ ചീറിപ്പായുന്നു. പെട്ടെന്നാണ് ഉരുള്‍ പൊട്ടിയത് പോലെ മണ്ണും ചെളിയും നിറഞ്ഞ മലവെള്ളപ്പാച്ചിലില്‍ ഒരാടംപാലത്തിലൂടെ ഒഴുകുന്ന ചെറുപുഴ നിറഞ്ഞുകവിഞ്ഞത്. വയലുകളും വീടുകളും സമനിരപ്പായി. ആര്‍പ്പുവിളികള്‍ കൊണ്ടും അട്ടഹാസങ്ങള്‍ കൊണ്ടും അന്തരീക്ഷം മുഖരിതമായി. കൈക്കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുന്നതിനും സാധന സാമഗ്രികള്‍ മാറ്റുന്നതിനും സേവന സന്നദ്ധരായ യുവാക്കള്‍ പുഴയിലിറങ്ങി. ആയിടക്കാണ് മൈസൂരിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് ആ വഴി വന്നത്. നിലമ്പൂരിലൂടെ പോകേണ്ട ബസ് അവിടത്തെ പ്രതികൂലാവസ്ഥ കാരണം ഈ വഴിക്ക് തിരിച്ചുവിട്ടതായിരുന്നു. ഏകദേശം ഇരുപത്തഞ്ചിലധികം യാത്രക്കാരുള്ള ബസ്സ് ഒരാടംപാലം എത്തിയപ്പോഴേക്കും ചെറുപുഴ കരകവിഞ്ഞൊഴുകി പരിസരത്തുള്ള റോഡുകളും വയലുകളുമെല്ലാം വെള്ളം മൂടി. എഞ്ചിന്‍ പ്രവര്‍ത്തനരഹിതമായി ബസ് വെള്ളത്തില്‍ കുടുങ്ങി. ശക്തമായ ഒഴുക്കില്‍ ബസ്സിനുള്ളിലേക്ക് വെള്ളം അടിച്ചുകയറി. സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം എല്ലാവരും സഹായത്തിനായി നിലവിളിച്ചു. ഉടുത്ത വസ്ത്രങ്ങളും കൈവശമുള്ള സാധനങ്ങളുമെല്ലാം വെള്ളം കയറി ഉപയോഗശൂന്യമായി. ചെറുപുഴ കരയിലുള്ള ഒരാടംപാലം റഹ്മാനി മസ്ജിദിലും ഈസമയം വെള്ളം കയറി. താഴത്തെ നിലയില്‍ താമസിച്ചിരുന്ന പള്ളി ഇമാം വിവരം പള്ളി ഭാരവാഹികളെ അറിയിച്ചു. പള്ളി സെക്രട്ടറി അബ്ദുന്നാസര്‍ മാസ്റ്റര്‍ അടക്കമുള്ളവര്‍ എത്തിയപ്പോള്‍ ബസ്സില്‍നിന്ന് അലമുറയിടുന്ന യാത്രക്കാരെയാണ് കാണാന്‍ കഴിഞ്ഞത്. ഒരു പറ്റം യുവാക്കള്‍ കഠിനാധ്വാനം ചെയ്താണ് യാത്രക്കാരെ കരക്കെത്തിച്ചത്. വസ്ത്രങ്ങളെല്ലാം നനഞ്ഞു വിറച്ചുകൊണ്ടിരുന്ന പരിഭ്രാന്തരായ യാത്രക്കാര്‍ക്ക് പള്ളിയുടെ മുകള്‍ഭാഗത്ത് താമസമൊരുക്കി. നേരം പുലരുംവരെ അയല്‍വീടുകളില്‍നിന്നും മറ്റും വാങ്ങിയ വസ്ത്രങ്ങള്‍ ഉപയോഗിച്ചു അവിടെ കഴിച്ചുകൂട്ടി. കോണിപ്പടികള്‍ വെള്ളത്തില്‍ മുങ്ങിയതിനാല്‍ സന്നദ്ധ പ്രവര്‍ത്തകര്‍ വൃദ്ധരെ ചുമലിലേറ്റിയാണ് മുകളിലെത്തിച്ചത്. അങ്ങനെ പള്ളി അവര്‍ക്ക് അഭയകേന്ദ്രമായി.

ടി. അബ്ദുര്‍റഹ്മാന്‍ തിരൂര്‍ക്കാട്

 

 

ഹജ്ജിലെ കര്‍മശാസ്ത്രം കാലോചിതമാകേണ്ട ഉത്തരങ്ങള്‍

'ഹജ്ജ് സംശയങ്ങള്‍ക്ക് മറുപടി' (2019 ജൂലൈ 5) എന്ന ലേഖനമാണ് ഈ കുറിപ്പിനാധാരം. ലേഖനത്തില്‍ വന്ന ചില മറുപടികള്‍ കാലോചിതമല്ല. ഉദാഹരണത്തിന്: 'ആര്‍ത്തവകാരി ഇഹ്‌റാമിന് മുമ്പുള്ള സുന്നത്ത് നമസ്‌കാരം എങ്ങനെ നിര്‍വഹിക്കും?' എന്ന ചോദ്യവും മറുപടിയും. ഇഹ്‌റാമിനു മുമ്പുള്ള സുന്നത്ത് നമസ്‌കാരം എല്ലാവരാലും അംഗീകരിക്കപ്പെട്ട കാര്യമാണ് എന്നാണ് മറുപടി ദ്യോതിപ്പിക്കുന്നത്. ചില മദ്ഹബുകളുടെ അഭിപ്രായം മാത്രമാണത്. കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ യഥാര്‍ഥ ചിത്രം നാം വായനക്കാരുടെ മുന്നില്‍ വെക്കേണ്ടതില്ലേ?
'ത്വവാഫിനിടയില്‍ വുദൂ മുറിഞ്ഞുപോയാല്‍ എന്താണ് ചെയ്യേണ്ടത്?' എന്ന ചോദ്യം. ജനങ്ങള്‍ക്ക് എളുപ്പമുണ്ടാക്കുന്നതും ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതുമായ രൂപത്തില്‍ വിശദീകരണം നല്‍കുകയല്ലേ പണ്ഡിതന്മാര്‍ ചെയ്യേണ്ടത്? യഥാര്‍ഥത്തില്‍ ഏതെല്ലാം മദ്ഹബുകളാണ് വുദൂ എടുക്കണം എന്ന് പറയുന്നത്, വുദൂ വേണ്ടതില്ല എന്ന് പറയുന്ന മദ്ഹബുകള്‍ ഏതൊക്കെ, പണ്ഡിതന്മാര്‍ ആരൊക്കെ എന്നല്ലേ ഇവിടെ വിശദീകരിക്കേണ്ടിയിരുന്നത്? 'നിങ്ങള്‍ എളുപ്പമാക്കുക, പ്രയാസമുണ്ടാക്കരുത്' എന്നല്ലേ പ്രമാണം?
മറ്റൊരു ചോദ്യം: ഇഹ്‌റാമില്‍ പ്രവേശിച്ച ആള്‍ ടൈഗര്‍ ബാം പോലെ ഗന്ധമുള്ള മരുന്നുകള്‍ ഉപയോഗിക്കാമോ? മരുന്നുകളുടെ മണം ഇഹ്‌റാമില്‍ നിഷിദ്ധമാക്കിയ 'സുഗന്ധങ്ങളില്‍' പെടുമോ?
കാലം മുന്നോട്ടുപോകുംതോറും അതിനനുസൃതമായ രീതിയില്‍ വിഷയങ്ങള്‍ നവീകരിക്കാന്‍ സാധിക്കേണ്ടിയിരിക്കുന്നു. മറ്റു ചില ഉത്തരങ്ങളില്‍ വിശാലതയും മദ്ഹബുകള്‍ക്കതീതമായ രീതിയും പ്രകടിപ്പിച്ചു കണ്ടതുകൊണ്ടുമാണ് ഇത്രയും എഴുതിയത്.

പി.പി അബ്ദുര്‍റഹീം ദോഹ

 

 

ആത്മകഥകള്‍ നല്‍കുന്ന പാഠങ്ങള്‍

പ്രബോധനത്തില്‍ ഈയിടെ പ്രസിദ്ധീകരിക്കുന്ന ആത്മകഥകള്‍ ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്. ഇസ്‌ലാമിക പ്രസ്ഥാനം വളര്‍ന്നുവന്ന വഴികള്‍ പരിചയപ്പെടുത്തുന്നതാണ് മിക്കതും. പ്രസ്ഥാനത്തെ നെഞ്ചിലേറ്റിയ പുതുതലമുറക്ക് അവയില്‍ അനവധി പാഠങ്ങളുണ്ട്. ആദ്യകാല പ്രവര്‍ത്തകര്‍ പ്രസ്ഥാനത്തിനു വേണ്ടി അനുഭവിച്ച ത്യാഗങ്ങള്‍, സമര്‍പ്പിച്ച സംഭാവനകള്‍, അവരുടെ വൈജ്ഞാനിക ചര്‍ച്ചകള്‍ ഇവ ഓരോന്നും വിലപ്പെട്ടതാണ്. പ്രായം കൊണ്ടും രോഗം കൊണ്ടും പ്രയാസമനുഭവിച്ചുകൊണ്ട് അവരില്‍ ഇന്നും ജീവിച്ചിരിക്കുന്നവരെ ആദരിക്കാനും അവരുടെ വൃദ്ധചാപല്യങ്ങളെ വിട്ടുവീഴ്ചാ മനസ്സോടു കൂടി കാണാനും ഇത് സഹായകമാകും. ഏഴ് പതിറ്റാണ്ട് പിന്നിട്ട പ്രസ്ഥാനത്തിന്റെ സമ്പൂര്‍ണ ചരിത്ര രേഖകള്‍ ഇന്നും ലഭ്യമല്ലാത്ത സ്ഥിതിക്ക് മുന്‍കാല പ്രവര്‍ത്തകരുടെ അനുഭവ കഥകള്‍ അവരിലൂടെ തന്നെ രേഖപ്പെടുത്തി വെക്കുന്നതിന് വലിയ പ്രസക്തിയുണ്ട്. അല്ലാഹുവിലേക്ക് യാത്രയായ പല ആദ്യകാല നേതാക്കളുടെ ത്യാഗങ്ങളും അനുഭവ പാഠങ്ങളും ജീവിച്ചിരിക്കുന്നവര്‍ അവരുടെ ഓര്‍മകളില്‍നിന്നെടുത്തെഴുതി പുസ്തകമാക്കിയതോ പ്രബോധനം വിശേഷാല്‍ പതിപ്പുകളില്‍ വ്യക്തികള്‍ എഴുതിയ ലേഖനങ്ങളോ മാത്രമാണ് നമ്മുടെ ഏക അവലംബം. കെ. മൊയ്തു മൗലവിയുടെ 'ഓര്‍മക്കുറിപ്പുകള്‍', ടി.കെയുടെ 'നടന്നു തീരാത്ത വഴികള്‍', എ.ആറിന്റെ 'ജീവിതാക്ഷരങ്ങള്‍' പോലുള്ള ഗ്രന്ഥങ്ങള്‍ മുന്‍കാല പണ്ഡിതന്മാരുടെയും നേതാക്കളുടെയും ജീവിത കാലഘട്ടത്തില്‍ തന്നെ ഇറങ്ങേണ്ടതായിരുന്നു എന്ന് ആശിച്ചുപോവുകയാണ്. ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന ആത്മകഥകള്‍ വളരെയേറെ ആവേശത്തോടും ആദരവോടും കൂടിയാണ് പ്രസ്ഥാനത്തെ സ്‌നേഹിക്കുന്ന പുതുതലമുറയിലെ പലരും വായിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍ ഈ പംക്തി നിര്‍ത്തിവെക്കാതെ തുടരുന്നതാണ് ഉചിതം.

അബൂഫാസില്‍ അല്‍ഖോബാര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (18-19)
ടി.കെ ഉബൈദ്‌

ഹദീസ്‌

വ്യക്തിത്വ വികാസം
അബ്ദുര്‍റശീദ് നദ്‌വി