Prabodhanm Weekly

Pages

Search

2019 സെപ്റ്റംബര്‍ 13

3117

1441 മുഹര്‍റം 13

ഇന്ത്യ എന്ന ആശയത്തിനേറ്റ മൂന്നാമത്തെ വലിയ ആഘാതം

സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ഇന്ത്യ എന്ന ആശയത്തിന്റെ അടിവേരിളക്കുന്ന തരത്തിലുള്ള മൂന്ന് കനത്ത പ്രഹരങ്ങള്‍ അതിന് ഏല്‍ക്കേണ്ടിവന്നു എന്ന് സി. മനോഹര്‍ റെഡ്ഢി ദ ഹിന്ദു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ (2019 ആഗസ്റ്റ് 19) പറയുന്നു. ഒന്നാമത്തെ അടി 1975 ജൂണ്‍ 25-ന്, അന്നത്തെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം. ഒട്ടുമിക്ക മൗലികാവകാശങ്ങളും അന്ന് റദ്ദ് ചെയ്യപ്പെടുകയുണ്ടായി. ജനം വോട്ട് ചെയ്ത് ആ അന്ധകാരത്തില്‍ നിന്ന് ഇന്ത്യയെ രക്ഷപ്പെടുത്തി. രണ്ടാമത്തെ ആഘാതം 1992 ഡിസംബര്‍ 6-ന്; ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ദിവസം. കുറ്റവാളികളെ എല്ലാവര്‍ക്കുമറിയാമെങ്കിലും അവരാരും പിടിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ല. എങ്കിലും ആ പ്രതിസന്ധിയില്‍നിന്നും ഒരുവിധം രാജ്യം കരകേറി. ഇന്ത്യ എന്ന ആശയത്തിനേറ്റ മൂന്നാമത്തെ കനത്ത പ്രഹരം 2019 ആഗസ്റ്റ് 5-ന്. ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കപ്പെടുകയും അതൊരു സംസ്ഥാനമല്ലാതായിത്തീരുകയും ചെയ്ത ദിവസം. സ്വാതന്ത്ര്യാനന്തരം ഇന്ത്യ പിന്തുടര്‍ന്നുപോന്നിരുന്ന ഫെഡറല്‍ സംവിധാനത്തിന്റെ കടയ്ക്കലാണ് കത്തിവെച്ചിരിക്കുന്നതെന്നും ഇതില്‍നിന്ന് രാജ്യം എങ്ങനെ കരകയറുമെന്ന് പറയാനാവുന്നില്ലെന്നും മനോഹര്‍ റെഡ്ഢി എഴുതുന്നു.
ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കുകയും ക്രമസമാധാനത്തിന്റെ പേരില്‍ താഴ്‌വരയിലുടനീളം സൈന്യത്തെ വിന്യസിക്കുകയും ചെയ്തിട്ട് ഒരു മാസം പിന്നിട്ടിരിക്കുന്നു. സ്ഥിതിഗതികളില്‍ ഒരു പുരോഗതിയും ദൃശ്യമല്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു. ഇന്റര്‍നെറ്റ്-ഫോണ്‍ സംവിധാനങ്ങള്‍ പുനഃസ്ഥാപിച്ചിട്ടില്ല. രാഷ്ട്രീയ നേതാക്കള്‍ ജയിലുകളിലോ വീട്ടുതടങ്കലിലോ ആണ്. ആരെയും അങ്ങോട്ട് കടത്തിവിടുന്നില്ല. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കശ്മീരിലേക്ക് പുറപ്പെട്ട പ്രതിപക്ഷ നേതാക്കളടങ്ങിയ സംഘത്തെ ജമ്മു വിമാനത്താവളത്തില്‍നിന്ന് തിരിച്ചയക്കുകയായിരുന്നു. സുപ്രീം കോടതി ഇടപെട്ടതു കൊണ്ട് മാത്രം സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വീട്ടുതടങ്കലിലുള്ള സംസ്ഥാനത്തെ സി.പി.എം നേതാവ് യൂസുഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ സാധിച്ചു. സുപ്രീം കോടതി വിലക്കുള്ളത് കൊണ്ട് ആ സന്ദര്‍ശനത്തെക്കുറിച്ച് കൂടുതലായൊന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുമില്ല.
ജമ്മു-കശ്മീരിന് പ്രത്യേകാവകാശങ്ങള്‍ നല്‍കുന്നു എന്ന് പറഞ്ഞായിരുന്നല്ലോ തീവ്ര വലതുപക്ഷ കക്ഷികള്‍ ഇത്രയും കാലം ബഹളം കൂട്ടിയിരുന്നത്. ഫലത്തില്‍, പ്രത്യേകാവകാശങ്ങള്‍ പോയിട്ട്, മൗലികാവകാശങ്ങള്‍ പോലും കശ്മീര്‍ ജനതക്ക് ലഭ്യമാവുന്നില്ല എന്നതാണ് വസ്തുത. ബി.ജെ.പി മാത്രമല്ല, കോണ്‍ഗ്രസ്സും മറ്റു കക്ഷികളും കേന്ദ്രം ഭരിച്ചപ്പോഴും ഇതായിരുന്നു സ്ഥിതി. മാധ്യമ സ്വാതന്ത്ര്യത്തിനും വലിയ തോതില്‍ വിലക്ക് വീണിരിക്കുന്നു. ഇതില്‍ ശക്തമായി പ്രതിഷേധിക്കേണ്ടിയിരുന്ന പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പോലും അഖണ്ഡതയുടെയും പരമാധികാരത്തിന്റെയും പേരില്‍ അത്തരം നടപടികളെ ന്യായീകരിക്കുകയാണ് ചെയ്തത്. പ്രമുഖ മാധ്യമ കൂട്ടായ്മയുടെ സ്ഥിതി ഇതാണെങ്കില്‍ മറ്റു സ്ഥാപനങ്ങളുടെ കഥ പറയേണ്ടതില്ല. പതിറ്റാണ്ടുകളായി കശ്മീരിലെ ജനത അനുഭവിക്കുന്ന പ്രയാസങ്ങള്‍ പലര്‍ക്കും പ്രശ്‌നമാകുന്നില്ല എന്നതു തന്നെയാണ് തോന്നിയതുപോലെ ഇടപെടാന്‍ ഭരണകൂടങ്ങള്‍ക്ക് പ്രേരണയാകുന്നതും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (18-19)
ടി.കെ ഉബൈദ്‌

ഹദീസ്‌

വ്യക്തിത്വ വികാസം
അബ്ദുര്‍റശീദ് നദ്‌വി