Prabodhanm Weekly

Pages

Search

2019 സെപ്റ്റംബര്‍ 06

3116

1441 മുഹര്‍റം 06

അഹ്മദ് ആനക്കണ്ടി

പി.കെ ജമാല്‍

ഒരു സാധാരണ വ്യക്തിയുടെ സാത്വിക തേജസ്സ് പ്രസ്ഥാനത്തിന് മുതല്‍ക്കൂട്ടാവുന്നതിന്റെ ഉത്തമോദാഹരണമാണ് ഈയിടെ നിര്യാതനായ പയ്യോളി സ്വദേശി അഹ്മദ് ആനക്കണ്ടി. പതിഞ്ഞ ശബ്ദത്തില്‍ സംസാരിക്കുകയും വരുംവരായ്കകള്‍ വിലയിരുത്തി വിവേകത്തിന്റെ ശൈലി സ്വീകരിക്കുകയും ചെയ്തത് പ്രസ്ഥാനത്തിനകത്തും പുറത്തും അദ്ദേഹത്തെ സ്വീകാര്യനാക്കി.
കുവൈത്തിലെ പ്രസ്ഥാന ചരിത്രം രേഖപ്പെടുത്തുമ്പോള്‍ മറക്കാന്‍ പാടില്ലാത്ത വ്യക്തിയാണ് അഹ്മദ്. ഫഹാഹീലില്‍ പ്രസ്ഥാനത്തിന് വേരോട്ടമില്ലാത്ത കാലത്ത്, നാല് പതിറ്റാണ്ടുകള്‍ക്കു മുമ്പ്, കുവൈത്ത് സിറ്റിയില്‍, ഇപ്പോള്‍ മുസന്ന കോംപ്ലക്‌സ് സ്ഥിതിചെയ്യുന്ന മദ്‌റസത്തുല്‍ ഇര്‍ശാദില്‍ വെള്ളിയാഴ്ച തോറും നടക്കുന്ന കേരള ഇസ്‌ലാമിക് ഗ്രൂപ്പിന്റെ വാരാന്ത യോഗങ്ങളില്‍ സ്ഥിരമായി മൂന്ന് വ്യക്തികള്‍ സംബന്ധിക്കുമായിരുന്നു. പ്രയാസങ്ങള്‍ വകവെക്കാതെ ഹഹാഹീലില്‍നിന്ന് ടാക്‌സിയിലും ബസ്സിലും ആയി വന്ന ആ മൂവര്‍ സംഘം- പയ്യോളി സ്വദേശികളായ കെ.കെ മുഹമ്മദ്, വി.കെ അബ്ദുല്ല, അഹ്മദ് ആനക്കണ്ടി എന്നിവര്‍- കുവൈത്ത് സിറ്റിയില്‍നിന്ന് കൊളുത്തിയ വെളിച്ചവും ഉള്‍ക്കൊണ്ട ആവേശവും ഫഹാഹീല്‍ ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ പടര്‍ത്തുകയായിരുന്നു. അതിനു മുമ്പേ മണ്ണ് പാകമാക്കാന്‍ കഠിനയത്‌നം നടത്തിയ പൊന്നാനി സ്വദേശി എം.വി സുലൈമാന്നും വാടാനപ്പള്ളി ആര്‍.കെ അശ്‌റഫിന്നുമുണ്ട് വലിയ പങ്ക്.
നാദി ഫഹാഹീല്‍ അസ്ഫൂര്‍ പള്ളിക്ക് സമീപമുള്ള മുറിയില്‍ താമസിച്ച് 'കെ.കെ, വി.കെ, അഹ്മദ് സംഘം' തങ്ങളുടെ വാസസ്ഥലം പ്രസ്ഥാനത്തിന്റെ ആസ്ഥാനമാക്കിത്തീര്‍ത്തു. നേരത്തേ ഫഹാഹീല്‍ ടൗണിലെ മസ്ജിദുല്‍ ഉതൈബിയിലും പിന്നീട് അസ്ഫൂര്‍ പള്ളിയിലും ആഴ്ചതോറും നടന്നുപോന്ന വിപുലമായ ക്ലാസ്സുകളാണ് പ്രസ്ഥാനത്തിന് അടിത്തറ പാകിയത്. പിന്നീട് എ.കെ തറുവായിയും എ.കെ നാസിറും കോയക്കുട്ടി തങ്ങളും കെ.കെ അസീമുദ്ദീനും കെ. അബ്ദുര്‍റഹീമും ഈ സംഘത്തോട് ചേര്‍ന്നതോടെ ഫഹാഹീല്‍ പ്രദേശം കെ.ഐ.ജിയുടെ ഭൂപടത്തില്‍ ശ്രദ്ധേയ സ്ഥാനം നേടി. കുവൈത്തില്‍ കെ.ഐ.ജിയുടെ പ്രസിഡന്റ്, സെക്രട്ടറി ചുമതല വഹിച്ചുകൊണ്ടിരുന്ന വര്‍ഷങ്ങളില്‍ ഈ ടീം നല്‍കിയ പിന്തുണയും സഹായവും സഹകരണവും മറക്കാന്‍ കഴിയില്ല. കെ.ഐ.ജിക്ക് ജനകീയാടിത്തറയുണ്ടാക്കുന്നതില്‍ അഹ്മദ് ആനക്കണ്ടിക്കുള്ള പങ്ക് വലുതാണ്. കുവൈത്ത് സിറ്റിയിലെ ചേംബര്‍ ഹാളിലും ദസ്മ ടീച്ചേഴ്‌സ് യൂനിയന്‍ ഹാൡലും ഇടതടവില്ലാതെ കേരളത്തില്‍നിന്ന് വരുന്ന പ്രസ്ഥാന നേതാക്കളുടെ പൊതുസമ്മേളനം നടന്നുകൊണ്ടിരുന്നപ്പോള്‍ പ്രവര്‍ത്തകര്‍ ഉറ്റുനോക്കിയിരുന്നത് ഫഹാഹീലില്‍നിന്ന് വരുന്ന നാല് ബസ്സുകളാണ്. ആ ബസ്സുകള്‍ വഹിച്ചുകൊണ്ടുവരുന്ന ബഹുജനങ്ങള്‍ എത്തുന്നതോടെ സമ്മേളന ഹാള്‍ നിറഞ്ഞുകവിയും. കമ്പനികളിലും ക്യാമ്പുകളിലും ഷോപ്പുകളിലും സ്‌ക്വാഡ് നടത്തി ജനങ്ങളെ ഒരുമിച്ചുകൂട്ടുന്നതില്‍ മുന്‍പന്തിയില്‍ അഹ്മദ് ആനക്കണ്ടി ഉണ്ടാവും. അദ്ദേഹത്തിന്റെ വിനയവും ആത്മാര്‍ഥതയും നിറഞ്ഞ ക്ഷണം ആര്‍ക്കും നിരസിക്കാനാവുമായിരുന്നില്ല.
1980-ല്‍ ഞാന്‍ ഫഹാഹീലില്‍ സ്ഥിരതാമസമാക്കിയതോടെ ഞങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടു. കെ.ഐ.ജിയുടെ 'മലപ്പുറം' എന്ന് വിശേഷിപ്പിക്കപ്പെട്ട ഫഹാഹീല്‍ കുവൈത്തില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകരും യൂനിറ്റുകളുമുള്ള പ്രദേശമായി മാറി. അണികളുടെ ബാഹുല്യത്തോടെ പ്രഥമമായി നിലവില്‍വന്ന ഏരിയയും ഫഹാഹീലില്‍ തന്നെ. അതിന്റെ സെക്രട്ടറിയാവാന്‍ ഭാഗ്യമുണ്ടായതും അഹ്മദിനാണ്. എണ്‍പതുകളില്‍ ആദ്യമായി ഐ.പി.എച്ച് പുസ്തക സമ്മാന പദ്ധതി കെ.ഐ.ജി ആവിഷ്‌കരിച്ചു നടപ്പിലാക്കിയപ്പോള്‍ അതിന്റെ കണ്‍വീനറായി നിശ്ചയിക്കപ്പെട്ടത് അഹ്മദാണ്. ഇത് മാതൃകയാക്കി മറ്റ് ഗള്‍ഫ് നാടുകളില്‍ പദ്ധതി നടപ്പാക്കാന്‍ ഐ.പി.എച്ച് നിര്‍ദേശം നല്‍കുകയുണ്ടായി.
ഇറാഖ് അധിനിവേശത്തോടെ അഹ്മദ് കുവൈത്ത് വിട്ടു. സ്വദേശമായ പയ്യോളിയില്‍ പ്രസ്ഥാന പ്രവര്‍ത്തനരംഗത്ത് അദ്ദേഹം സജീവമായി നിലകൊണ്ടു. പയ്യോളി ഖിദ്മത്തുല്‍ ഇസ്‌ലാം ട്രസ്റ്റ്, മേലടി അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ, ഹിറാ മസ്ജിദ് എന്നിവയുടെ നിര്‍മാണത്തിലും നിര്‍ണായക പങ്ക് വഹിച്ചു. ദരിദ്രര്‍ക്ക് പാര്‍പ്പിടമൊരുക്കുന്ന പദ്ധതിയുടെ ചുമതല അഹ്മദിനായിരുന്നു. ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ മേല്‍നോട്ടം ജീവിതായോധന മാര്‍ഗമാക്കിയ അദ്ദേഹം ഏറിയ സമയവും പ്രസ്ഥാന പ്രവര്‍ത്തനത്തില്‍ ചെലവഴിച്ചു. പരന്ന വായനയിലും, ഖുര്‍ആന്‍ പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലുമായിരുന്നു താല്‍പര്യം. പാകിസ്താന്‍ സന്ദര്‍ശനവേളയില്‍ മൗലാനാ മൗദൂദിയുമായി സംസാരിക്കാന്‍ ലഭിച്ച അവസരം ജീവിത സൗഭാഗ്യമായി കരുതിയ അദ്ദേഹം സഹപ്രവര്‍ത്തകരുമായി ആ അനുഭവം ആവേശത്തോടെയും അഭിമാനത്തോടെയും പങ്കു വെക്കുമായിരുന്നു.
ഭാര്യ: മറിയം. മക്കള്‍: അബ്ദുസ്സമദ്, സമീറ.

 

 

മങ്കര ടി.വി മുഹമ്മദലി

ഇസ്‌ലാമിക പ്രസ്ഥാനരംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു മങ്കര ടി.വി മുഹമ്മദലി സാഹിബ്. ജമാഅത്തെ ഇസ്‌ലാമി അംഗം, തര്‍ബിയത്ത് ഗ്രൂപ്പ് കണ്‍വീനര്‍, പത്തിരിപ്പാല ഏരിയാ ഓര്‍ഗനൈസര്‍, മാങ്കുറുശ്ശി പ്രാദേശിക ജമാഅത്ത് അമീര്‍, കല്ലൂര്‍ നൂറുസ്സമാന്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് സെക്രട്ടറി, മണ്ണൂര്‍ തന്‍വീറുല്‍ ഇസ്‌ലാം ചാരിറ്റബ്ള്‍ ട്രസ്റ്റ് സ്ഥാപകാംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മലപ്പുറം ജില്ലയിലെ കൊളത്തൂരില്‍നിന്ന് തന്റെ പിതാമഹന്‍ പാലക്കാട് ജില്ലയിലെ പുതുക്കോട് തെക്കേപൊറ്റ പ്രദേശത്തേക്ക് താമസം മാറുകയായിരുന്നു. കാര്‍ഷിക പ്രാധാന്യമുള്ള  പുതുക്കോട് പ്രദേശത്ത് അദ്ദേഹത്തിന്റെ കുടുംബക്കാര്‍ കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ടു. മുഹമ്മദലി സാഹിബിന്റെ പിതാവ് വടപറമ്പില്‍ വീരാന്‍കുട്ടി കുരിക്കള്‍ പ്രമുഖ കര്‍ഷകനായിരുന്നു. എന്നാല്‍ മുഹമ്മദലി സാഹിബ് തന്റെ പത്താം ക്ലാസ് വിദ്യാഭ്യാസത്തിനുശേഷം കുറച്ചു കാലം തന്റെ കുടുംബത്തിന്റെ മാനേജ്‌മെന്റിനു കീഴിലുള്ള സ്‌കൂളില്‍ അധ്യാപകനായി. പിന്നീട് തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാരനായി. തന്റെ 33 കൊല്ല സേവനകാലം സംഭവബഹുലമായിരുന്നു. ജീവിതത്തില്‍ അച്ചടക്കവും ആദര്‍ശ നിഷ്ഠയും കണിശമായി പാലിച്ച മുഹമ്മദലി സാഹിബ് ആ മാര്‍ഗത്തിലുണ്ടായ പ്രയാസങ്ങളെ സസന്തോഷം അഭിമുഖീകരിച്ചു. പ്രലോഭനങ്ങളില്‍ വീണില്ല, പ്രകോപനങ്ങളില്‍ ക്ഷുഭിതനുമായില്ല. തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറിയായി സേവനം ചെയ്യവെ 36 ട്രാന്‍സ്ഫറുകള്‍ അദ്ദേഹത്തിനു ലഭിച്ചു. 7 ട്രാന്‍സ്ഫറുകള്‍ നിയമനടപടികളിലൂടെ അദ്ദേഹത്തിന് റദ്ദ് ചെയ്യാനായി.
പ്രബോധനം വായനയിലൂടെ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി. 8 കിലോമീറ്റര്‍ അകലെയുള്ള പഴയ ലെക്കിടി ഘടകവുമായാണ് ആദ്യകാലത്ത് ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നത്. ജമാഅത്ത് അംഗങ്ങളായ പി.കെ ഹംസ, ഉമര്‍ സാഹിബ് തുടങ്ങിയവര്‍ സഹപ്രവര്‍ത്തകരായിരുന്നു. വാരാന്ത യോഗം കഴിഞ്ഞ് രാത്രി മങ്കര സ്വദേശിയായ എം.കെ ബാപ്പു സാഹിബുമൊത്ത് 8 കിലോമീറ്റര്‍ ദൂരം നടന്നുവന്നിരുന്ന അനുഭവം അദ്ദേഹം മധുരസ്മരണയായി അയവിറക്കാറുണ്ട്. വായന ഏറെ പ്രിയമായിരുന്നു. ഐ.പി.എച്ച് സാഹിത്യങ്ങള്‍ അദ്ദേഹത്തിന്റെ ഹോം ലൈബ്രറിയിലുണ്ട്. വ്യത്യസ്ത ഖുര്‍ആന്‍-ഹദീസ് തര്‍ജമകള്‍ ആവര്‍ത്തിച്ച് വായിക്കുന്ന ശീലക്കാരനായിരുന്നു. തഫ്ഹീമുല്‍ ഖുര്‍ആന്‍ പലതവണ വായിച്ചിട്ടുണ്ട്. ഇടക്കാലത്ത് മങ്കര കാര്‍കുന്‍ ഹല്‍ഖ രൂപീകരിച്ചപ്പോള്‍ തന്റെ വീടിനോട് ചേര്‍ന്ന കെട്ടിടത്തില്‍ അതിന് ഓഫീസ് ഒരുക്കി, ഫര്‍ണിച്ചറുകള്‍ സ്വന്തം നിലയില്‍തന്നെ സജ്ജമാക്കി നല്‍കി. സമയനിഷ്ഠ, സാമ്പത്തിക ഇടപാടുകളിലെ കൃത്യത എന്നിവ അദ്ദേഹത്തിന്റെ സഹജ സ്വഭാവമായിരുന്നു. ഗൃഹയോഗം നടത്തി വാര്‍ഷിക-മാസാന്ത വരവു ചെലവ് കണക്ക് അവതരിപ്പിക്കുന്ന രീതി മാതൃകാപരമായിരുന്നു.
ആമാശയ കാന്‍സര്‍ ബാധിച്ച മുഹമ്മദലി സാഹിബിന് ദീര്‍ഘകാല ചികിത്സയിലൂടെ അതില്‍നിന്ന് ശമനം ലഭിച്ചുവെങ്കിലും അതിനോട് അനുബന്ധമായ ഒരുപാട് രോഗാതുരത അദ്ദേഹത്തെ പ്രയാസപ്പെടുത്തിയിരുന്നു. ക്ഷമയും നിശ്ചയദാര്‍ഢ്യവും അദ്ദേഹത്തിന്റെ മുഖത്തും വാക്കിലും ദൃശ്യമായിരുന്നു. ഭാര്യ ഖദീജയും മകള്‍ സുബൈദയും കാര്‍കുനാണ്. മറ്റുമക്കള്‍: ശംല, സഫിയ.

മൂസ ഉമരി, പാലക്കാട്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (15-17)
ടി.കെ ഉബൈദ്‌