Prabodhanm Weekly

Pages

Search

2019 സെപ്റ്റംബര്‍ 06

3116

1441 മുഹര്‍റം 06

ഇങ്ങനെ പോയാല്‍ സാമ്പത്തിക പ്രതിസന്ധി എങ്ങനെ അതിജീവിക്കും?

ഡോ. മുഹമ്മദ് പാലത്ത്

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കാന്‍ തുടങ്ങുകയാണ് എന്ന സൂചനകള്‍ പുറത്തുവരാന്‍ തുടങ്ങിയത് ആഴ്ചകള്‍ക്ക് മുമ്പാണ്. വ്യാപാര രംഗത്ത് അനുഭവപ്പെടുന്ന മാന്ദ്യത്തിലാണ് തുടക്കം. ഡോ. രഘുറാം രാജനടക്കമുള്ള മോദി സര്‍ക്കാറിന്റെ വിമര്‍ശകര്‍ അത് ചൂണ്ടിക്കാണിച്ചപ്പോഴും ഇത്രമാത്രം ആഴത്തിലുള്ളതാവുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. ഇപ്പോഴിതാ നീതി ആയോഗിന്റെ ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍ അത് തുറന്നു സമ്മതിച്ചിരിക്കുന്നു. ധനകാര്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ഭാഗികമായി നിഷേധിച്ചെങ്കിലും സമ്പദ് വ്യവസ്ഥയില്‍ സംഭവിക്കുന്ന അസാധാരണമായ സാഹചര്യങ്ങള്‍ സര്‍ക്കാര്‍ വിശദീകരിക്കുകയുണ്ടായില്ല.
വാഹന-റിയല്‍ എസ്റ്റേറ്റ് വിപണികളെയാണ് മാന്ദ്യത്തിന്റെ തീക്ഷ്ണത ആദ്യം ബാധിച്ചത്. ജൂലൈ മാസത്തെ വില്‍പനയില്‍ 30 ശതമാനം വരെ കുറവുണ്ടായപ്പോള്‍ വാഹന നിര്‍മാതാക്കളായ മാരുതിയും ടാറ്റയും അശോക് ലൈലാന്റും മറ്റും ഉല്‍പാദനം മൂന്നിലൊന്നായി ചുരുക്കി. പതിനായിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ടു. ചില കമ്പനികള്‍ അപ്രഖ്യാപിത ലേ ഓഫ് നടപ്പാക്കുന്നു. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം ജോലിക്ക് വന്നാല്‍ മതിയെന്നാണ് തൊഴിലാളികളോട് നിര്‍ദേശിച്ചിട്ടുള്ളത്. കേരളത്തിലെയടക്കം 30 വന്‍ നഗരങ്ങളില്‍ 12 ലക്ഷത്തിലേറെ ഫഌറ്റുകള്‍ ആവശ്യക്കാരില്ലാത്തതിനാല്‍ വിറ്റുപോകുന്നില്ല. ആ മേഖലയിലും നിര്‍മാണ പ്രവൃത്തികള്‍ കുറഞ്ഞിരിക്കുന്നു; ഒപ്പം തൊഴിലവസരങ്ങളും. നിര്‍മാണ സാമഗ്രികളുടെ വില്‍പനയിലും വന്‍ കുറവാണ് രേഖപ്പെടുത്തുന്നത്.
ഇതെല്ലാം സമ്പന്നരെ ബാധിക്കുന്നതല്ലേ എന്ന് കരുതി ആശ്വസിക്കാനാവില്ല. ഈ മേഖലകളിലൊക്കെ തൊഴില്‍ ലഭിച്ചാലല്ലേ സാധാരണക്കാര്‍ക്ക് ചെലവഴിക്കാനുള്ള പണം ലഭിക്കുകയുള്ളൂ. വസ്ത്ര വ്യാപാരം മുതല്‍ പലചരക്കു കച്ചവടം വരെ മാന്ദ്യം പ്രകടമാണെന്ന് വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. അടിവസ്ത്ര നിര്‍മാണ കമ്പനികള്‍ക്ക് വരെ ഉല്‍പാദനം പകുതിയായി കുറക്കേണ്ടിവന്നിരിക്കുന്നു. സാധാരണക്കാരിലേക്കും മാന്ദ്യമെത്തിയിരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
എഴുപതു വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ സാഹചര്യത്തിലൂടെയാണ് രാജ്യത്തിന്റെ സാമ്പത്തിക രംഗം കടന്നുപോകുന്നത് എന്നാണ് നീതി ആയോഗ് ഉപാധ്യക്ഷന്‍ വെളിപ്പെടുത്തിയത്. പണലഭ്യത അസാധാരണമാംവിധം കുറഞ്ഞിരിക്കുന്നു. ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത സാഹചര്യമാണ് സ്വകാര്യ മേഖലയില്‍ നിലനില്‍ക്കുന്നത്. അഞ്ചു വര്‍ഷത്തെ ഏറ്റവും മോശം വളര്‍ച്ചാ നിരക്കാണ് കഴിഞ്ഞ മാസങ്ങളില്‍ നേടാനായത്. വളര്‍ച്ചാ നിരക്ക് 2019 മാര്‍ച്ചില്‍ 6.8 ശതമാനമായിരുന്നെങ്കില്‍ ജൂണ്‍ 30-ന് അവസാനിച്ച ത്രൈമാസ കാലയളവില്‍ അത് 5.7 ശതമാനമേ വരുന്നുള്ളൂ. ഉപഭോഗ രംഗത്ത് മാത്രമല്ല സമ്പാദ്യത്തിലും വന്‍ കുറവാണ് രേഖപ്പെടുത്തുന്നത്. 
അതിസങ്കീര്‍ണമാണ് പ്രതിസന്ധിയെന്നാണ് രഘുറാം രാജനും പറയുന്നത്. വളര്‍ച്ചയെക്കുറിച്ച ഔദ്യോഗിക കണക്കുകളേക്കാള്‍ എത്രയോ താഴെയാണ് സ്വകാര്യ ഏജന്‍സികള്‍ നല്‍കുന്ന വിവരങ്ങള്‍. അതിനാല്‍ സര്‍ക്കാര്‍ കണക്കുകള്‍ വിശ്വാസയോഗ്യമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. സര്‍ക്കാറിന്റെ സാമ്പത്തിക ഉപദേഷ്ടാവും മാന്ദ്യമുണ്ടെന്ന് തുറന്നു പറയുകയുണ്ടായി. 2020 മാര്‍ച്ച് മാസത്തോടെ മാന്ദ്യം മൂര്‍ധന്യതയിലെത്തുമെന്നാണ് വിദഗ്ധ മതം.
രൂപയുടെ മൂല്യത്തിലും വന്‍ ഇടിവാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. ഡോളറിന് 70 രൂപയില്‍നിന്ന് 72-ലേക്ക് എത്തിയിരിക്കുന്നു. കഴിഞ്ഞ എട്ടു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഓഹരി വിപണിയില്‍ സൂചികകള്‍ ദിനേനയെന്നോണം നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്. മാന്ദ്യം ഭയന്ന് വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍വലിയുന്നതാണ് രണ്ടിനും കാരണം. ഡോളറിന്റെ ആവശ്യക്കാര്‍ വര്‍ധിക്കുകയും രൂപയുടെ ഡിമാന്റ് കുറയുകയും ചെയ്യുന്നതാണ് മൂല്യം കുറയാന്‍ കാരണം. ജൂലൈയില്‍ 16870 കോടി രൂപയുടെ പോര്‍ട്ട്‌ഫോളിയോ നിക്ഷേപങ്ങള്‍ മാത്രം പിന്‍വലിക്കപ്പെട്ടു. ആഗസ്റ്റിലും ഇത് തുടരുകയാണ്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധവും അന്താരാഷ്ട്ര രംഗത്ത് നമുക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. 
ലോക രാഷ്ട്രങ്ങളില്‍ മിക്കതും മാന്ദ്യത്തിലാണെന്നും എന്നിട്ടും ഇന്ത്യ അമേരിക്കയേക്കാളും ചൈനയേക്കാളും വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തുന്നുണ്ടെന്നുമാണ് ധനമന്ത്രി വാര്‍ത്താ സമ്മേളനം നടത്തി അവകാശപ്പെട്ടത്. എന്നാല്‍ ഇന്ത്യയേക്കാള്‍ എത്രയോ ഇരട്ടി മൊത്ത ആഭ്യന്തര ഉല്‍പാദനമുള്ള രാജ്യങ്ങളാണ് ഇവയെന്ന കാര്യം മന്ത്രി മറച്ചുവെക്കുകയാണ്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച സര്‍ചാര്‍ജ് വേണ്ടെന്ന് വെക്കുമെന്നും നികുതിയില്‍ കാര്‍ക്കശ്യമൊഴിവാക്കുമെന്നുമുള്ള പ്രഖ്യാപനങ്ങളാണ് മാന്ദ്യം നേരിടാന്‍ മന്ത്രി നടത്തിയത്. വ്യാവസായിക മേഖലയെ ഉത്തേജിപ്പിക്കാന്‍ പൊതുമേഖലക്കായി 70000 കോടി രൂപ ചെലവഴിക്കും എന്നു പറഞ്ഞതല്ലാതെ എങ്ങനെ നടപ്പാക്കും എന്ന് വിശദീകരിച്ചിട്ടില്ല. വാഹന വിപണിയില്‍ ഉണര്‍വുണ്ടാക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് വാഹനങ്ങള്‍ മാറ്റാനുള്ള അനുമതിയാണ് നല്‍കിയത്. ലക്ഷക്കണക്കിന് വാഹനങ്ങള്‍ വില്‍ക്കാനാവാതെയിരിക്കുമ്പോള്‍ ഇത് എത്രത്തോളം യാഥാര്‍ഥ്യബോധത്തോടെയുള്ള നടപടിയായിരിക്കുമെന്ന് കാത്തിരുന്നു കാണാം. 
2008-ല്‍ ലോക രാജ്യങ്ങള്‍ പ്രതിസന്ധി നേരിട്ടപ്പോള്‍ ഒരു പരിധിവരെ പിടിച്ചുനിന്നത് പൊതുമേഖലാ ബാങ്കുകളുടെയും കമ്പനികളുടെയും ശക്തമായ സാന്നിധ്യം മൂലമായിരുന്നു. അതിരുകടന്ന സ്വകാര്യവത്കരണവും സാമ്പത്തിക പരിഷ്‌കരണ നടപടികളും ഈ സ്ഥാപനങ്ങളുടെ നിലനില്‍പു തന്നെ അപകടത്തിലാക്കിയതാണ് ഇപ്പോഴത്തെ ആഗോള മാന്ദ്യം തുടക്കത്തില്‍ തന്നെ ഇന്ത്യയില്‍ ശക്തമായി അനുഭവപ്പെടാന്‍ ഒരു കാരണം. സാമ്പത്തിക ശക്തിയുടെ കാര്യത്തില്‍ നാം നാലില്‍നിന്ന് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തത് ഈ വര്‍ഷമാണ്.
പണലഭ്യതയില്‍ വന്ന കുറവാണ് മാന്ദ്യത്തിന്റെ യഥാര്‍ഥ ഹേതു. അതിലേക്ക് നയിച്ചത് പല ഘടകങ്ങളുമാണ്. സ്വകാര്യവത്കരണത്തിന്റെ ഫലമായി സര്‍ക്കാര്‍ ചെലവില്‍ വന്‍ കുറവാണ് കഴിഞ്ഞ കാലങ്ങളിലുണ്ടായത്. 2009-ല്‍നിന്ന് 2019-ലെത്തിയപ്പോള്‍ ജനക്ഷേമത്തിനായുള്ള സര്‍ക്കാര്‍ ചെലവ് 53 ലക്ഷം കോടിയില്‍നിന്ന് 21 ലക്ഷം കോടിയായി ചുരുങ്ങി. നികുതിയായി പിരിച്ചെടുക്കുന്ന പണം ദരിദ്രരിലേക്ക് വിവിധ പദ്ധതികള്‍ വഴി എത്തുമ്പോഴാണ് സന്തുലിത വിതരണം യാഥാര്‍ഥ്യമാവുക. എന്നാല്‍ സബ്‌സിഡികളും മറ്റു ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികളും ഒഴിവാക്കുക വഴി സാധാരണക്കാര്‍ക്കായി പണം ചെലവഴിക്കുന്നത് കുറഞ്ഞിരിക്കുന്നു. ധനക്കമ്മിയാണ് കാരണമായി സര്‍ക്കാര്‍ വിശദീകരിക്കുന്നത്. ഉയര്‍ന്ന നികുതി വഴി സ്വരൂപിക്കുന്ന പണം വന്‍ വ്യവസായികള്‍ക്ക് ഇളവുകളായും പലിശയടക്കുന്നതിനുമാണ് കൂടുതലും വിനിയോഗിക്കുന്നത്. സാധാരണ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുമ്പോഴേ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ഗുണം ലഭിക്കുകയുള്ളൂ. ഇത് വരുമാനവും വാങ്ങല്‍ ശേഷിയും വര്‍ധിപ്പിക്കുമെന്നതിനാല്‍ അതുവഴി കമ്പോളവും സജീവമാകും.
നോട്ട് നിരോധനകാലത്ത് ആരംഭിച്ച പ്രതിസന്ധിയാണ് ഇപ്പോള്‍ മൂര്‍ഛിച്ചിരിക്കുന്നത്. ഭയമില്ലാതെ നിയമാനുസൃതവും അല്ലാതെയും നടന്നിരുന്ന പല ക്രയവിക്രയങ്ങളും ഇപ്പോള്‍ കുറയുകയോ ഇല്ലാതാവുകയോ ചെയ്തിരിക്കുന്നു. തങ്ങളുടെ ഇടപാടുകള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ടെന്ന ഭയവും അതുവഴി വന്‍തുക നികുതി അടക്കേണ്ടിവരുമെന്ന ആശങ്കയും സാമ്പത്തിക ഇടപാടുകളില്‍നിന്ന് ജനങ്ങളെ അകറ്റുകയാണ്. ഇന്ത്യ പോലുള്ള വലിയൊരു ശതമാനം നിരക്ഷരരുള്ള, സാമ്പത്തിക സാക്ഷരത കുറവുള്ള രാജ്യത്ത് ഇത്തരം സാമ്പത്തിക നയങ്ങള്‍ ഗുണത്തേക്കാളേറെ ദോഷമേ വരുത്തിവെക്കൂ എന്ന് വിദഗ്ധര്‍ നേരത്തേ ചൂണ്ടിക്കാട്ടിയതാണ്. റിയല്‍ എസ്റ്റേറ്റ് മുതല്‍ സര്‍വ മേഖലകളിലും അതിന്റെ പ്രതിഫലനങ്ങള്‍ ദൃശ്യമാണ്.
ധൃതിപിടിച്ച് നടപ്പാക്കിയ ജി.എസ്.ടിയാണ് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കിയത്. പല ചെറുകിട വ്യവസായങ്ങളും സ്ഥാപനങ്ങളും ഇതുവഴി ഇല്ലാതായി. പുതിയ നിക്ഷേപങ്ങള്‍ എത്തുന്നില്ലെന്നു മാത്രമല്ല വന്‍തോതില്‍ പിന്‍വലിക്കുകയും ചെയ്യുന്നു. ആഗോള വിപണിയിലെ പ്രതിസന്ധി കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു.
ബാങ്കിംഗ് മേഖല നേരിടുന്നത് അതിനേക്കാള്‍ വലിയ പ്രതിസന്ധിയാണ്. കിട്ടാക്കടം വന്‍തോതില്‍ വര്‍ധിച്ചിരിക്കുന്നു. ലക്ഷക്കണക്കിന് കോടി രൂപയാണ് കിട്ടാക്കടമായി കുമിഞ്ഞുകൂടുന്നത്. പുതിയ കടം നല്‍കാന്‍ ബാങ്കുകളുടെ കൈയില്‍ പണമില്ല. അതുവഴി നിക്ഷേപവും ഉപഭോഗവും കുറയുകയാണ്. മറുവശത്ത് പ്രതീക്ഷ നഷ്ടപ്പെട്ട ചെറുകിട വ്യാപാരികളും വ്യവസായികളും ബാങ്കില്‍നിന്ന് കടമെടുക്കാന്‍ മടിക്കുകയും ചെയ്യുന്നു. റിസര്‍വ് ബാങ്ക് തുടര്‍ച്ചയായി റീപോ നിരക്ക് കുറച്ചുകൊണ്ടിരുന്നിട്ടും വായ്പക്ക് വേണ്ടത്ര ആവശ്യക്കാരില്ല എന്നതാണ് സ്ഥിതി.
ആഗോള പ്രതിസന്ധി തൊഴിലില്ലായ്മയെയും രൂക്ഷമാക്കിയിരിക്കുന്നു. അതും നമ്മുടെ സമ്പദ് വ്യവസ്ഥക്ക് ആഘാതമാണ്. ഗള്‍ഫ് മേഖലക്ക് പിന്നാലെ അഭ്യസ്തവിദ്യരായ തൊഴിലാളികള്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്ന അമേരിക്കയിലും തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. തൊഴിലില്ലായ്മ 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. വിദേശത്തെ തൊഴില്‍ പ്രതീക്ഷകള്‍ കൂടി അസ്തമിക്കുന്നത് വലിയ ആഘാതമാകും. വിദേശ ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവിലും കഴിഞ്ഞ വര്‍ഷം 20 ശതമാനത്തിലേറെ കുറവു വരികയുണ്ടായി. കര്‍ശനമായ നിയമങ്ങളും  ജി.എസ്.ടിയുമെല്ലാം പണം ഇങ്ങോട്ടയക്കുന്നതിന് തടസ്സമാവുന്നു എന്നു വേണം കരുതാന്‍. 
പ്രതിസന്ധിക്ക് അടിയന്തര സര്‍ക്കാര്‍ നടപടികള്‍ ആവശ്യമാണെന്ന് വിദഗ്ധര്‍ ആവശ്യപ്പെടുന്നു. ഉത്തേജന പാക്കേജുകളായി സര്‍ക്കാര്‍ ഫണ്ട് സ്വകാര്യ മേഖലക്ക് ലഭ്യമാക്കണമെന്നാണ് വ്യവസായികളുടെ ആവശ്യം. അതേസമയം ഉയര്‍ന്ന ലാഭവിഹിതം ലഭിക്കുമ്പോള്‍ മുതലാളിമാര്‍ പങ്കിട്ടെടുക്കുകയും നഷ്ടമുണ്ടാകുമ്പോള്‍ സര്‍ക്കാര്‍ വഹിക്കണമെന്നു പറയുകയും ചെയ്യുന്നത് അസംബന്ധമാണെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. നഷ്ടപ്പെടുന്ന തൊഴില്‍ ദിനങ്ങള്‍ കുറക്കാനും വിപണിയെ ചെറുതായെങ്കിലും ചലിപ്പിക്കാനും ഇത് ഉപകരിക്കും. സാമ്പത്തിക പാക്കേജ് വഴി മുതലാളിമാര്‍ക്ക് പണം ലഭ്യമാക്കുന്നതിന് പകരം സാധാരണക്കാര്‍ക്ക് ആനുകൂല്യങ്ങളും ഇളവുകളുമായി ലഭ്യമാക്കി ഉപഭോഗം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതാണ് ഫലം ചെയ്യുക. ഉദാഹരണമായി ജി.എസ്.ടി നിരക്ക് കുറക്കുക, പ്രത്യക്ഷ നികുതി നിരക്കില്‍ ഇളവ് നല്‍കുക, പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറക്കുക തുടങ്ങിയ രീതികള്‍ സ്വീകരിക്കുക വഴി എല്ലാ വിഭാഗം ജനങ്ങള്‍ക്കും നേരിട്ട് ആശ്വാസം ലഭിക്കും. ഇത് ഉപഭോഗത്തിന് പ്രചോദനം നല്‍കുകയും കമ്പോളത്തെ സജീവമാക്കുകയും ചെയ്യും.
ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വികസനത്തിനുമുള്ള സര്‍ക്കാര്‍ ചെലവ് വര്‍ധിപ്പിക്കലാണ് മറ്റൊരു പരിഹാരം. ഉയര്‍ന്നു നില്‍ക്കുന്ന ധനക്കമ്മി ഇതിനു തടസ്സമാണ്. വരുമാനം വര്‍ധിപ്പിച്ച് ചെലവിന് വക കണ്ടെത്താന്‍ ഈ സാഹചര്യത്തില്‍ പ്രയാസമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ നികുതി നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സാധാരണക്കാര്‍ക്ക് ഗുണഫലം ലഭ്യമാവുന്ന വിധത്തില്‍ ചെലവുകളെ പുനഃക്രമീകരിക്കുകയാണ് ഉപഭോഗം വര്‍ധിപ്പിക്കാനുള്ള വഴി. പ്രതിരോധ മേഖലക്കും മറ്റുമുള്ള ചെലവുകള്‍, കോര്‍പറേറ്റ് കമ്പനികള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ തുടങ്ങിയവയില്‍നിന്ന് വകമാറ്റി ചെലവഴിച്ചാല്‍ ഉപകാരപ്പെടും. എന്നാല്‍ കശ്മീര്‍ പ്രശ്‌നത്തില്‍ പാകിസ്താനുമായി കൊമ്പു കോര്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ ചെലവ് കുറക്കണമെന്ന് പറയുന്നതു തന്നെ അപരാധമായാണ് പലരും കണക്കാക്കുക. സബ്‌സിഡികള്‍ വെട്ടിക്കുറച്ച് ധനക്കമ്മി കുറക്കുന്ന നയമുള്ളപ്പോള്‍ ഈ രീതി സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്നുമില്ല.
നമ്മുടെ ജി.ഡി.പിയുടെ 54 ശതമാനവും സേവന മേഖലയില്‍നിന്നാണ്. വ്യവസായവത്കരണം രാജ്യത്തിന് വേണ്ടത്ര വളര്‍ച്ച ലഭ്യമാക്കുന്നതില്‍ വിജയിച്ചിട്ടില്ല. 25 ശതമാനത്തില്‍ താഴെയാണ് അതില്‍നിന്നുള്ള ജി.ഡി.പി. ഈ ഘടനാപരമായ പ്രത്യേകതകള്‍ പരിഗണിച്ചുകൊണ്ടുള്ള വികസന നയമാണ് നാം ആവിഷ്‌കരിക്കേണ്ടത്. സേവന മേഖലയെ കേന്ദ്രീകരിച്ചുള്ള വളര്‍ച്ചാ നയം രൂപപ്പെടുത്തണം. അതുവഴി തൊഴിലും വരുമാനവും ഉപഭോഗവും വര്‍ധിപ്പിക്കാന്‍ കഴിയും. ധനകാര്യമന്ത്രിയുടെ മേമ്പൊടി പ്രഖ്യാപനങ്ങള്‍ കൊണ്ട് നാം നേരിടുന്ന മാന്ദ്യം പരിഹരിക്കാനാവില്ല. ആഴത്തിലുള്ള ആലോചനകളും ദൃഢനിശ്ചയത്തോടെയുള്ള തീരുമാനങ്ങളും അനിവാര്യമാണ്.
കാര്യങ്ങള്‍ ഇത്രത്തോളമാണെങ്കിലും അതൊന്നും കേന്ദ്ര സര്‍ക്കാറിന് മുഖ്യ വിഷയമായിട്ടില്ല; അല്ലെങ്കില്‍ ജനങ്ങളില്‍നിന്ന് മറച്ചുവെക്കാന്‍ ശ്രമിക്കുകയാണ്. പരിധിയിലധികം പാര്‍ലമെന്റ് സമ്മേളിച്ചിട്ടും ഒരു എം.പിയും ഇതു സംബന്ധിച്ച ചോദ്യം പോലും ഉന്നയിക്കുകയുണ്ടായില്ല. വിവാദ വിഷയങ്ങളുടെ ചര്‍ച്ച എടുത്തിട്ട് സമയം പാഴാക്കുകയായിരുന്നു. മാധ്യമങ്ങള്‍ക്കും മുഖ്യ വിഷയം കശ്മീരും അതുപോലുള്ള വൈകാരിക വിഷയങ്ങളുമാണ്. സര്‍ക്കാര്‍ ഉപദേശകര്‍ തന്നെ ഇതു വിളിച്ചു പറഞ്ഞപ്പോഴാണ് ധനമന്ത്രി ചില മേമ്പൊടികളെങ്കിലും പ്രഖ്യാപിച്ചത്. തൊലിപ്പുറമെയുള്ള ചികിത്സ കൊണ്ട് മാന്ദ്യം പരിഹരിക്കാമെന്ന് ധരിക്കുന്നത് മൗഢ്യമാണ്. സാമ്പത്തിക നയത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയാലേ മാന്ദ്യത്തിന് പരിഹാരമാവൂ.

എന്താണ് യഥാര്‍ഥ പരിഹാരം?
പലിശാധിഷ്ഠിത കമ്പോള സമ്പദ് വ്യവസ്ഥയുടെ അനിവാര്യമായ ചാക്രിക പ്രതിസന്ധിയാണ് നാം നേരിട്ടുകൊണ്ടിരിക്കുന്നത്. ഉയര്‍ന്ന പലിശനിരക്ക് നിക്ഷേപത്തെയും സംരംഭകത്വത്തെയും തടയുമെന്ന് സാമ്പത്തിക വിദഗ്ധനായ ജെ.എം കെയിന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പലിശ നിരക്ക് ഉയര്‍ന്നാല്‍ നിക്ഷേപകര്‍ പലിശാധിഷ്ഠിതമായ സമ്പാദ്യങ്ങളില്‍ കേന്ദ്രീകരിക്കുകയും യഥാര്‍ഥ നിക്ഷേപം നടക്കാതിരിക്കുകയും ചെയ്യും. അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങളില്‍ പലിശ നിരക്ക് മൂന്നു ശതമാനത്തിലാണ്. നമ്മുടെ രാജ്യത്ത് പലിശ എട്ട് ശതമാനത്തില്‍ കുറഞ്ഞിട്ടില്ല. ഇത് ജനങ്ങളെ മടിയന്മാരാക്കുന്നു. വിപണിയിലെ അനിശ്ചിതത്വങ്ങള്‍ ഇതിന് വളം നല്‍കുന്നു. വിശുദ്ധ ഖുര്‍ആനും പലിശാധിഷ്ഠിത വ്യവസ്ഥയുടെ തകര്‍ച്ചയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സജീവമാവാന്‍ വരുമാനത്തിന്റെ സന്തുലിത വിതരണം അനിവാര്യമാണ്. വരുമാനം കുറഞ്ഞവരിലാണ് ഉപഭോഗം (എം.പി.സി) കൂടുതലുണ്ടാവുക. അതേസമയം കഴിഞ്ഞ വര്‍ഷം ഉല്‍പാദിപ്പിക്കപ്പെട്ട സമ്പത്തിന്റെ 73 ശതമാനവും ഏറ്റവും സമ്പന്നരായ ഒരു ശതമാനത്തിനാണ് ലഭിച്ചതെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കുകയുണ്ടായി. 99 ശതമാനം ജനങ്ങള്‍ക്കായി ലഭിച്ചത് വരുമാനത്തിന്റെ 27 ശതമാനം മാത്രം (ഓക്‌സ്ഫാം റിപ്പോര്‍ട്ട് 2018). സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാവുന്ന സമ്പദ് വ്യവസ്ഥയില്‍ പണം ആവശ്യക്കാരിലേക്കല്ല, ആര്‍ത്തി മൂത്ത മുതലാളിമാരിലേക്കാണ് എത്തുക. അതിനാല്‍ തന്നെ മാര്‍ക്കറ്റിലെത്തുന്ന പണത്തില്‍ ഗണ്യമായ കുറവ് വരും എന്നു പറയേണ്ടതില്ലല്ലോ. സന്തുലിതമായ സാമ്പത്തിക ക്രമം യാഥാര്‍ഥ്യമാക്കുന്നതിനുള്ള സാമ്പത്തിക നയങ്ങള്‍ക്ക് രൂപം നല്‍കാതെ പ്രതിസന്ധിയില്‍നിന്ന് കരകയറുക സാധ്യമല്ല.
സമ്പദ് വ്യവസ്ഥയില്‍ വിശ്വാസം വര്‍ധിപ്പിക്കാനുള്ള നപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. പലിശക്രമത്തില്‍ നിക്ഷേപകനും സംരംഭകനും പരസ്പര ചൂഷണത്തിന്റെ മനസ്സുമായാണ് ഉല്‍പാദന പ്രവര്‍ത്തനം നടത്തുന്നത്. ആര്‍ത്തിയാണ് അവരെ നയിക്കുന്നത് എന്നതിനാല്‍ പരസ്പരം വഞ്ചിച്ച് എളുപ്പത്തില്‍ പണം നേടാനുള്ള കുറുക്കുവഴികളാണ് എല്ലാവരും അന്വേഷിക്കുന്നത്. ഊഹച്ചക്കവടത്തിലധിഷ്ഠിതമായ ഓഹരി വിപണിയും പലിശയധിഷ്ഠിതമായ ബാങ്കിംഗ് മേഖലയും അതിനായി പരസ്പരം സഹകരിക്കുന്നു. മൂല്യബോധത്തിനോ ധാര്‍മികതക്കോ യാതൊരു ഇടവും നല്‍കാന്‍ ഇവര്‍ തയാറുമല്ല. വായ്പയെടുത്ത് മുങ്ങല്‍, നിക്ഷേപ തട്ടിപ്പുകള്‍, ഓഹരി വിപണി തകര്‍ച്ച... അങ്ങനെ ഒന്നിനു പിറകെ മറ്റൊന്നായി ഒരു വിഭാഗത്തിന്റെ പണം മറ്റൊരു വിഭാഗം തട്ടിയെടുക്കുന്നു. സര്‍ക്കാറാവട്ടെ ഇതിനെതിരെ നടപടിയെടുക്കുന്നതിനു പകരം മൗനം സമ്മതം എന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഫലത്തില്‍ പരസ്പര വിശ്വാസം കൈമോശം വന്നിരിക്കുന്നു. ഇസ്‌ലാം മുന്നോട്ടു വെക്കുന്ന പങ്കാളിത്ത സാമ്പത്തിക വിനിമയ രീതികള്‍ സ്വീകരിക്കുക വഴിയേ ഇതിന് പരിഹാരം കണ്ടെത്താനാവൂ. സാമ്പത്തിക വിനിമയങ്ങളിലെ വ്യക്തമായ നിയമങ്ങളും നിര്‍ദേശങ്ങളും പാലിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണം. ധാര്‍മികതയും മൂല്യബോധവും ഇടപാടുകള്‍ക്കുള്ള മാനദണ്ഡമായി പരിഗണിക്കപ്പെടണം.
മുതലാളിത്ത കമ്പോള സമ്പദ് വ്യവസ്ഥയില്‍ സാമ്പത്തിക പ്രതിസന്ധികള്‍ പുതുമയുള്ള കാര്യമല്ല. ചാക്രിക പ്രതിസന്ധികള്‍ അതിന്റെ സവിശേഷത തന്നെയാണ്. കൂടിയും കുറഞ്ഞുമുള്ള പ്രതിസന്ധികള്‍ ഇടക്കിടെ ഉണ്ടായിക്കൊണ്ടിരിക്കും. വലിയ പ്രതിസന്ധികളേ വാര്‍ത്തയാവാറുള്ളൂ എന്നു മാത്രം. നേരത്തേ ഇന്ത്യയെ ഇത് കാര്യമായി ബാധിക്കാതിരുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മുതലാളിത്ത കമ്പോള വലയത്തില്‍നിന്നും സംരക്ഷിക്കപ്പെട്ടിരുന്നതുകൊണ്ടാണ്. തൊണ്ണൂറുകളില്‍ ആരംഭിച്ച ആഗോളവത്കരണവും സ്വകാര്യവത്കരണവും വഴി നമ്മളും ആഗോള കമ്പോള വ്യവസ്ഥയുടെ ഭാഗമായി. അതിനാല്‍ മുതലാളിത്തത്തിന്റെ ജനിതക വൈകല്യങ്ങള്‍ നമ്മെയും ബാധിക്കും. ഒന്നാം മോദി സര്‍ക്കാര്‍ പിന്തുടര്‍ന്ന മുതലാളിത്ത സൗഹൃദ സാമ്പത്തിക നയങ്ങള്‍ തന്നെയാണ് പ്രതിസന്ധിയുടെ മൂലകാരണം.
ഓരോ സാമ്പത്തിക പ്രതിസന്ധിയും ഓരോ ഗെയിം ആയി കണക്കാക്കിയാല്‍ ചിലര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും; മറ്റു ചിലര്‍ക്ക് നഷ്ടങ്ങള്‍ സംഭവിക്കും. കളിയില്‍ വിജയിക്കുകയും പരാജയപ്പെടുകയും ചെയ്യുന്നതുപോലെത്തന്നെ. പ്രതിസന്ധികളില്‍ നഷ്ടം പറ്റുന്നത് എപ്പോഴും മധ്യവര്‍ഗങ്ങള്‍ക്കും സാധാരണക്കാര്‍ക്കുമായിരിക്കും. ഉയര്‍ന്ന വരുമാനക്കാരും മുതലാളിമാരുമായിരിക്കും നേട്ടം കൊയ്യുന്നത്. സര്‍ക്കാറുകള്‍ പ്രഖ്യാപിക്കുന്ന പ്രത്യേക പാക്കേജുകളും ഉത്തേജകങ്ങളും നികുതിയിളവുകളുമൊക്കെ പോകുന്നതും ഇവരിലേക്കു തന്നെ. അതേ, പ്രതിസന്ധികളൊഴിയുമ്പോള്‍ സമ്പന്നര്‍ വീണ്ടും സമ്പന്നരാവുന്നു, ദരിദ്രര്‍ കൂടുതല്‍ ദരിദ്രരും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (15-17)
ടി.കെ ഉബൈദ്‌