Prabodhanm Weekly

Pages

Search

2019 സെപ്റ്റംബര്‍ 06

3116

1441 മുഹര്‍റം 06

സാമ്പത്തിക പ്രതിസന്ധി സ്വാഭാവികമോ ഘടനാപരമോ?

അര്‍ശദ് ശൈഖ്

ലോക ബാങ്കിന്റെ 2018-ലെ മൊത്തം ആഭ്യന്തര ഉല്‍പാദന (ജി.ഡി.പി) റാങ്കിംഗില്‍ ഇന്ത്യ ഒരു പടി കൂടി പിറകോട്ടുപോയെന്ന ഒട്ടും സുഖകരമല്ലാത്ത വാര്‍ത്ത വന്നിട്ട് ഏറെയായിട്ടില്ല. ലോകത്തെ ഏറ്റവും വലിയ ഏഴാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് രാജ്യമിന്ന് (പട്ടിക താഴെ).

യു.എസ് - 20.5 ലക്ഷം കോടി ഡോളര്‍
ചൈന - 13.6 ലക്ഷം കോടി ഡോളര്‍
ജപ്പാന്‍ - 4.9 ലക്ഷം കോടി ഡോളര്‍
ജര്‍മനി - 3.9 ലക്ഷം കോടി ഡോളര്‍
യു.കെ - 2.82 ലക്ഷം കോടി ഡോളര്‍ 
ഫ്രാന്‍സ് - 2.77 ലക്ഷം കോടി ഡോളര്‍
ഇന്ത്യ - 2.72 ലക്ഷം കോടി ഡോളര്‍

2024 ആകുമ്പോഴേക്ക് 5 ലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥയായി ഇന്ത്യയെ പരിവര്‍ത്തിപ്പിക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വേണം ഈ വാര്‍ത്ത വായിക്കാന്‍. അതിവേഗ വളര്‍ച്ചയുള്ള സമ്പദ് വ്യവസ്ഥയെന്ന പദവി ഇന്ത്യയില്‍നിന്ന് ചൈന കൈവശപ്പെടുത്തി ഏറെയാകും മുമ്പാണിത്. തകര്‍പ്പന്‍ ഭൂരിപക്ഷവുമായി രാജ്യത്ത് വീണ്ടും അധികാരം പിടിച്ച എന്‍.ഡി.എ സര്‍ക്കാറിന്റെ ആഘോഷം കെടുത്തുന്നവയാണ് ഈ വിശേഷങ്ങള്‍. മുന്‍ സര്‍ക്കാറിനെ പഴിച്ച് തല്‍ക്കാലം രക്ഷപ്പെടാമെന്ന മോഹം ഭരണത്തുടര്‍ച്ച ലഭിച്ചതിനാല്‍ സാധ്യമാവില്ലല്ലോ. യഥാര്‍ഥത്തില്‍, ഈ പ്രതിസന്ധി സംവിധാനത്തിന്റെ തകരാറാണോ അതല്ല, സ്വാഭാവികമായി സംഭവിച്ചതാണോ എന്ന അന്വേഷണം ഉചിതമാകും. എന്തുകൊണ്ടിത് സംഭവിച്ചുവെന്ന ഉത്തരത്തിലേക്ക് എത്താന്‍ ഇത് നമ്മെ സഹായിക്കും. 

സര്‍വത്ര മാന്ദ്യം

ഉപഭോക്തൃ ഉല്‍പന്ന ഭീമന്മാരായ ഹിന്ദുസ്ഥാന്‍ യൂനിലിവര്‍, ഐ.ടി.സി, ഗോദ്‌റെജ് തുടങ്ങിയ കമ്പനികള്‍ ഇതിനകം മാന്ദ്യം റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. ആഭ്യന്തര വ്യോമയാന രംഗത്തെ വളര്‍ച്ച പിറകോട്ടാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ കുറഞ്ഞ നിലയിലാണ് റെയില്‍ ചരക്കു ഗതാഗതം. ഏഴുവര്‍ഷം മുമ്പ് പൂര്‍ത്തിയായവ ഉള്‍പ്പെടെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് കെട്ടിക്കിടക്കുന്നത് അനേകമിരട്ടി. 3.7 കോടി പേര്‍ക്ക് തൊഴില്‍ നല്‍കുന്ന വാഹന വിപണി രാജ്യത്തിന്റെ ജി.ഡി.പിയുടെ ഏഴു ശതമാനം സംഭാവന നല്‍കുന്നവയാണ്. എന്നാല്‍, അഞ്ചു ലക്ഷം യാത്രാ വാഹനങ്ങളും 30 ലക്ഷം ഇരുചക്ര വാഹനങ്ങളും കെട്ടിക്കിടക്കുന്നത് കമ്പനികള്‍ക്കേല്‍പിക്കുന്ന ആഘാതം ചെറുതല്ല. 
നാലു ചക്ര വാഹനങ്ങളുടെ രാജ്യത്തെ ഏറ്റവും വലിയ നിര്‍മാതാക്കളായ മാരുതി സുസുകി എല്ലാ പ്ലാന്റുകളും ഒറ്റ ഷിഫ്റ്റിലേക്ക് മാറ്റാന്‍ ആലോചിച്ചുവരികയാണ്. വാഹന വിപണിയിലെ  മാന്ദ്യം ചുരുങ്ങിയത് മൂന്നര ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുത്തുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മൂക്കുകുത്തിയ കയറ്റുമതി രംഗത്തെ വളര്‍ച്ച കഴിഞ്ഞ ജൂണില്‍ മാത്രം പിറകോട്ടുപോയത് 9.7 ശതമാനം. പെട്രോളിയം, അരി, പരുത്തി, വസ്ത്രം, ആഭരണം, കെമിക്കല്‍സ്, എഞ്ചിനീയറിംഗ് ഉല്‍പന്നങ്ങള്‍ എന്നിവയുടെയൊക്കെയും വളര്‍ച്ച പൂജ്യത്തിനു താഴേക്ക് പതിച്ചതോടെ കയറ്റുമതി മേഖല അഭിമുഖീകരിക്കുന്നത് കനത്ത ഭീഷണിയുടെ നാളുകള്‍. ആഭ്യന്തര രംഗത്തും മാന്ദ്യം കനത്തതോടെ സമ്പദ് വ്യവസ്ഥക്കു മേല്‍ ഇവ ഉയര്‍ത്തുന്ന ആഘാതം ഏറെ വലുതാകുമെന്നുറപ്പ്. 

പതിവു കാരണങ്ങള്‍, ഒപ്പം വേറെ ചിലതും

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പിറകോട്ടടിപ്പിക്കുന്നതില്‍  നാണയ നിരോധനം, ജി.എസ്.ടി, ആഗോള മാന്ദ്യം, കാര്‍ഷിക പ്രതിസന്ധി തുടങ്ങിയവയുടെ പങ്ക് വലുതാണെന്ന് ഏറെയായി നാം കേള്‍ക്കുന്നതാണ്. അത് ശരിയാണു താനും. സത്യത്തില്‍ എന്തു സംഭവിക്കുന്നുവെന്നറിയാന്‍ ആഴത്തില്‍ അന്വേഷിക്കേണ്ട മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ട്. സിറ്റി ഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്‌സ് ചീഫ് എക്കണോമിസ്റ്റ് (ഇന്ത്യ) സമീരന്‍ ചക്രവര്‍ത്തി ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധി ഘടനാപരമായി മൂന്ന് 'ഡി'കളുടെ പ്രശ്‌നമാണെന്ന് പറയുന്നു്. ഡിമാന്‍ഡ് (ആവശ്യത്തിലെ കുറവ്), ഡെബ്റ്റ് (കോര്‍പറേറ്റ് കടങ്ങള്‍), ഡിഫോള്‍ട്ട് (ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തികള്‍) എന്നിവയാണിവ. രാജ്യത്ത് ഉപഭോഗ രംഗത്ത് 2017-ഓടെ മാന്ദ്യം പ്രകടമാണ്. 
സൂക്ഷ്മ, സ്ഥൂല സാമ്പത്തിക മേഖലകളില്‍നിന്നുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നത് വരുമാന വളര്‍ച്ച കുറഞ്ഞത് വീടുകളിലെ ഉപഭോഗത്തോത് കുറച്ചിട്ടുണ്ടെന്നാണ്. പ്രചാരത്തിലുള്ള കറന്‍സികള്‍, എളുപ്പം പണമാക്കി മാറ്റാന്‍ കഴിയുന്ന ബാങ്കുകളിലെ ഹ്രസ്വകാല നിക്ഷേപങ്ങള്‍, ധനവിപണി ഫണ്ടുകള്‍ എന്നിവ ഉറപ്പുനല്‍കുന്ന പണലഭ്യതയും ഒപ്പം ദീര്‍ഘകാല നിക്ഷേപങ്ങളും ഒരുപോലെ 2016 മുതല്‍ പിറകോട്ടുപോയിട്ടുണ്ട്. 
അതായത് ഉപഭോഗത്തില്‍ വന്ന കുറവിനു കാരണം പണലഭ്യതയിലെ കുറവാണെന്നു വ്യക്തം. ആവശ്യത്തിന് പണമെത്തുന്നില്ല. ബ്ലൂംബര്‍ഗിലെ നീലകാന്ത് മിശ്രയുടെ വാക്കുകള്‍ ഇങ്ങനെ: ''പൊതുജനത്തിന്റെ വശമുള്ളതും ബാങ്കുകളിലുള്ളതുമായ 28 ലക്ഷം കോടി രൂപ പണം (ചമൃൃീം ങീില്യ) ഉപയോഗിച്ച് 154 ലക്ഷം കോടി മൂല്യമുള്ള മൊത്തം സാമ്പത്തിക വിനിമയത്തെ ചലിപ്പിക്കേണ്ട സംവിധാനം തകരാറിലായിരിക്കുന്നു. പ്രശ്‌നം സാമ്പത്തിക സംവിധാനത്തില്‍ തന്നെയാണ്.''
രാജ്യം നേരിടുന്ന മറ്റൊന്ന് ഇരട്ട ബാലന്‍സ്ഷീറ്റ് പ്രശ്‌നമാണ്. ഓരോ മേഖലയിലും ആവശ്യം കുറഞ്ഞതോടെ വളര്‍ച്ച മുരടിച്ചതായി കോര്‍പ്പറേറ്റുകള്‍ മനസ്സിലാക്കുന്നു. വായ്പ തിരിച്ചടക്കല്‍ അവര്‍ക്ക് പ്രയാസകരമായിരിക്കുന്നു. അതാകട്ടെ, ബാങ്കുകളുടെ ബാലന്‍സ്ഷീറ്റില്‍ ബാധ്യതകളുാക്കുന്നു. കൂടുതല്‍ കോര്‍പറേറ്റുകള്‍ക്ക് പുതുതായി വായ്പ നല്‍കാന്‍ അത് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. 

എന്തുണ്ട് വഴി?

നിക്ഷേപം പ്രോത്സാഹിപ്പിക്കല്‍, ഉപഭോഗം ഉയര്‍ത്തല്‍, തൊഴില്‍ മേഖലയില്‍ ഉണര്‍വ് സൃഷ്ടിക്കല്‍, ഗ്രാമീണ മേഖലയുടെ വരുമാന മേഖലകള്‍ ഉണര്‍ത്തല്‍ തുടങ്ങിയവ തന്നെയാണ് രാജ്യത്തിന്റെ വളര്‍ച്ച ത്വരിതപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍. സാമ്പത്തിക അച്ചടക്കം പാലിച്ചും പാവപ്പെട്ടവര്‍ക്ക് സബ്‌സിഡി, ജനക്ഷേമ പദ്ധതികള്‍ എന്നിവ നിലനിര്‍ത്തിയുമാകണം അത്. സാമ്പത്തിക മേഖലയിലെ മാന്ദ്യം സ്വാഭാവികമാണെന്ന് പി.ടി.ഐക്ക് അനുവദിച്ച അഭിമുഖത്തില്‍ മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ ബിമല്‍ ജലാന്‍ പറഞ്ഞിരുന്നു. ഒന്നോ രണ്ടോ വര്‍ഷത്തിനകം അത് തിരിച്ചുവരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്.
എന്നുവെച്ചാല്‍, ഇപ്പോള്‍ രാജ്യം കടന്നുപോകുന്നത് മന്ദതയുടെ കാലത്തിലൂടെയാണെന്നും പതിയെ അതിനെ മറികടക്കാനാവും എന്നും. വളര്‍ച്ചയുടെ ഘട്ടത്തിന് വീണ്ടും തുടക്കമാകുമ്പോള്‍ ഉപഭോഗം വര്‍ധിക്കും, പലിശനിരക്ക് കുറയും, ഉല്‍പാദനം കൂടും, പണപ്പെരുപ്പവും ഒപ്പം ഉയരും. ബാങ്കിംഗ്, നിഴല്‍ ബാങ്കിംഗ് മേഖലകളിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണം. വിപണിക്ക് ആവശ്യമായ വായ്പ ലഭ്യമാക്കുന്നത് ഉയര്‍ത്താനാകണം. 

ഇസ്‌ലാമിന്റെ ബദല്‍ സാമ്പത്തിക ശാസ്ത്രം

സമ്പദ് വ്യവസ്ഥകളെ ഉത്തേജിപ്പിക്കാനും സാമ്പത്തിക സമൃദ്ധി ഉറപ്പുനല്‍കുന്ന നയങ്ങളും രീതിശാസ്ത്രങ്ങളും സമര്‍പ്പിക്കാനും ക്ലാസിക്കല്‍, നവ ക്ലാസിക്കല്‍ സമ്പദ് വ്യവസ്ഥകള്‍ പരാജയമാകുന്ന ഇക്കാലത്ത് ബദല്‍ സാമ്പത്തിക ശാസ്ത്രങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. വിപണി, സര്‍ക്കാര്‍, സാമ്പത്തിക സ്ഥാപനങ്ങള്‍, നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവയെ ഉള്‍ക്കൊള്ളുന്നതിനൊപ്പം ധാര്‍മിക ചട്ടങ്ങള്‍ക്കും സുസ്ഥിരതക്കും പ്രാധാന്യം നല്‍കുന്നതാകണം ഇത്തരം ബദല്‍ മാര്‍ഗങ്ങള്‍. 
ഇവയെല്ലാം മേളിക്കുന്നുണ്ട് ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തില്‍. പക്ഷേ, അക്കാദമിക വിശാരദന്മാരെയും നയരൂപവത്കരണ വിദഗ്ധരെയും ഇക്കാര്യം ബോധ്യപ്പെടുത്താനാവണം. അതിന്റെ പ്രായോഗിക വഴികളും ഒപ്പം അക്കാദമിക ഭദ്രതയുള്ള പഠനങ്ങളും അവര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കാനാവണം.  രാജ്യത്തെ ജനങ്ങള്‍ക്കു മുമ്പിലും ഈ ബദല്‍ സംവിധാനം അവതരിപ്പിക്കപ്പെടണം. എങ്കില്‍, രാജ്യം നേരിടുന്ന അടിസ്ഥാനപരവും സ്വാഭാവികവുമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം എളുപ്പമാകും. 

(റേഡിയന്‍സ് വീക്ക്‌ലി 2019 ആഗസ്റ്റ് 18-24)

വിവ: മന്‍സൂര്‍ മാവൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (15-17)
ടി.കെ ഉബൈദ്‌