Prabodhanm Weekly

Pages

Search

2019 സെപ്റ്റംബര്‍ 06

3116

1441 മുഹര്‍റം 06

യുക്തിവാദത്തിന്റെ മറവില്‍ ഇസ്‌ലാംഭീതി

ഇസ്മു മെഹ്‌റിന്‍, മണക്കാട്

പടിഞ്ഞാറന്‍ നവനാസ്തികതയുടെ പ്രചാരകര്‍ ഇസ്‌ലാംവിരുദ്ധ തീവ്ര വലതുപക്ഷത്തിന്റെ വക്താക്കളായി നാവും പേനയും ആയുധമാക്കി ഇസ്‌ലാംവിരുദ്ധ ശക്തികളുടെ ലക്ഷ്യം എളുപ്പമാക്കാന്‍ നടത്തുന്ന പരിശ്രമങ്ങളും, അതിന്റെ അനുയായികള്‍ നമ്മുടെ സാംസ്‌കാരിക കേരളത്തിലും സ്വതന്ത്ര ചിന്തയെന്ന ലേബലില്‍ നടത്തുന്ന പ്രചാരണങ്ങളും തുറന്നുകാണിക്കുന്ന ടി.കെ.എം ഇഖ്ബാല്‍ എഴുതിയ 'വംശവെറിയില്‍ വേരു പടര്‍ത്തിയ നവനാസ്തികത' (ആഗസ്റ്റ് 2) കാലികപ്രസക്തമായി.
മതം ഉപേക്ഷിച്ച കുറേ മുസ്‌ലിം നാമധാരികളെ അണിനിരത്തി സി. രവിചന്ദ്രന്റെ നേതൃത്വത്തില്‍ യൂട്യൂബിലൂടെ പ്രചരിക്കുന്ന സംവാദങ്ങളും പ്രഭാഷണങ്ങളും അതിലൂടെയുള്ള ഖുര്‍ആന്‍ അവഹേളനവും പ്രവാചകനിന്ദയും അരങ്ങ് തകര്‍ക്കുമ്പോള്‍, നമ്മള്‍ കാണാതെ പോകരുത്,  അത് ഇവിടെ നിലനില്‍ക്കുന്ന മതസൗഹാര്‍ദത്തിന്റെയും മതസഹവര്‍ത്തിത്വത്തിന്റെയും മഹിതമൂല്യങ്ങള്‍ തകര്‍ക്കാന്‍ കൂടി പോന്ന വിഷായുധങ്ങളാണെന്ന്.
നിഷ്‌കളങ്ക, നിഷ്പക്ഷ മനസ്സുകളില്‍ പോലും ആശങ്കയും ആശയക്കുഴപ്പവും സൃഷ്ടിച്ച് മുസ്‌ലിംഭീതിയുടെ വിത്തുകള്‍ പാകാനും വെറുപ്പിന്റെയും അപരവല്‍ക്കരണത്തിന്റെയും ഇരകളെ സൃഷ്ടിക്കാനും അജണ്ടകള്‍ തയാറാക്കി ഒരുങ്ങിയിരിക്കുന്നവര്‍ ഇവിടെയു്.
സാക്ഷര കേരളത്തെ സാംസ്‌കാരിക കേരളം കൂടിയാക്കുന്ന മതസൗഹാര്‍ദ പാരമ്പര്യത്തില്‍, അസാധ്യമെന്നു കരുതപ്പെടുന്ന വര്‍ഗീയവാദികളുടെ ലക്ഷ്യത്തിന് എളുപ്പവഴികള്‍ ഒരുക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സമാധാനസ്‌നേഹികള്‍ ഒറ്റ മനസ്സോടെ ജാഗ്രത്താവണം.
വൈവിധ്യത്തിന്റെ വര്‍ണ മുത്തുകള്‍ കോര്‍ത്തിണക്കിയ സൗഹാര്‍ദത്തിന്റെ നൂലിഴകള്‍ പൊട്ടിച്ചെറിയാന്‍ നാം ആരെയും അനുവദിക്കരുത്. സദാചാര ധാര്‍മികതയുടെ അതിരുകള്‍ തകര്‍ത്ത്, സകല ആസ്വാദ്യതകളുടെയും നിരുപാധിക സ്വാതന്ത്ര്യത്തിന് വാതിലുകള്‍ തുറന്ന്, കുടുംബ തകര്‍ച്ചയും അരാജകത്വവും സൃഷ്ടിച്ച്, മൂല്യങ്ങള്‍ നഷ്ടമായ തലമുറയുടെ പിറവിയാണ് അവര്‍ ലക്ഷ്യമിടുന്നത്.

 

പള്ളികളിലെ അമുസ്‌ലിം സാന്നിധ്യത്തെക്കുറിച്ച്

ബലിമാംസം ഇതര മതസ്ഥര്‍ക്ക് നല്‍കുന്നതിന്റെയും അമുസ്‌ലികള്‍ ഈദ്ഗാഹില്‍ സന്നിഹിതരാവുന്നതിന്റെയും ഇസ്‌ലാമിക വിധിയെക്കുറിച്ച ചോദ്യങ്ങള്‍ക്ക് പ്രമാണങ്ങളുദ്ധരിച്ച് മുശീര്‍ നല്‍കിയ വിശദീകരണം ശ്രദ്ധേയമായി. അയല്‍പക്ക ബന്ധത്തെക്കുറിച്ച് അതിശക്തമായി ഉദ്‌ബോധിപ്പിച്ച ഇസ്‌ലാം സംസ്‌കൃതി നമ്മെ പോലുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ അടുത്തടുത്ത് താമസിക്കുന്ന അയല്‍വീടുകളിലെ അമുസ്‌ലിം കുടുംബങ്ങള്‍ക്ക് ബലിമാംസം നല്‍കുന്നത് വിലക്കാന്‍ എന്തുണ്ട് ന്യായം!
പള്ളിയിലും ഈദ്ഗാഹിലും മുസ്‌ലിംകളല്ലാത്തവര്‍ സന്നിഹിതരാവുന്നത് അനുവനദീയം മാത്രമല്ല, പ്രോത്സാഹജനകമാണെന്നാണ് നിലവിലുള്ള സാമൂഹിക പശ്ചാത്തലം പറയുന്നത്. സാമുദായിക ധ്രുവീകരണത്തിലൂടെ അന്യമത വിദ്വേഷം സൃഷ്ടിച്ച് മുതലെടുപ്പ് നടത്താന്‍ തല്‍പര കക്ഷികള്‍ ഭഗീരയത്‌നം നടത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ മത സൗഹൃദവും സാമുദായിക മൈത്രിയും പരിപോഷിപ്പിക്കാന്‍ അമുസ്‌ലിം സഹോദരന്മാരുടെ പള്ളിപ്രവേശവും ഈദ്ഗാഹിലെ സാന്നിധ്യത്തിലൂടെ സ്‌നേഹം പങ്കിടലും ഏറെ സഹായകമാവുക തന്നെ ചെയ്യും.
പ്രവാചകന്റെ മസ്ജിദുന്നബവിയില്‍ ഇതര മതസ്ഥരായ ക്രൈസ്തവ സംഘം പ്രവേശിക്കുക മാത്രമല്ല, ദിവസങ്ങളോളം പള്ളിയില്‍ തന്നെ താമസിക്കുകയും നബിയുമായി സംവാദം നടത്തുകയും അവിടെ വെച്ചുതന്നെ തങ്ങളുടെ മതാചാരപ്രകാരം അവര്‍ ആരാധന നടത്തുകയും ചെയ്ത ചരിത്രസംഭവവും, മതവിധി അന്വേഷിച്ച് ജൂത മതക്കാര്‍ പ്രവാചകനെ സമീപിച്ച് പള്ളിയില്‍ വെച്ച് സംസാരിച്ച സംഭവവും നമ്മുടെ മുന്നിലുള്ളപ്പോള്‍, അന്യമതസ്ഥര്‍ക്ക് പള്ളിപ്രവേശനവും അവരുടെ ഈദ്ഗാഹ് സാന്നിധ്യവും അനുവദനീയമാവുമോ എന്ന സംശയത്തിന് യാതൊരു പ്രസക്തിയുമില്ല തന്നെ.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കമലാ സുറയ്യ ദിവംഗതയായപ്പോള്‍ തിരുവനന്തപുരത്തെ പാളയം പള്ളിയില്‍ അവരുടെ മയ്യിത്ത് നമസ്‌കാരത്തിന് അണിനിരന്നവരില്‍ അവരുടെ മകന്‍ എം.ഡി നാലപ്പാടടക്കം സുറയ്യയുടെ കുടുംബങ്ങളായ അമുസ്‌ലിംകള്‍ പങ്കെടുത്തിരുന്നു.
പുളിക്കല്‍ മസ്ജിദുത്തഖ്‌വയില്‍ ജുമുഅ പ്രാര്‍ഥനാ ദിവസം ഒട്ടേറെ അമുസ്‌ലിംകള്‍ പങ്കെടുത്ത് മുസ്‌ലിംകളുമായി സൗഹൃദ സംഭാഷണം നടത്തിയതും, മഞ്ചേരിയിലെ ശാഫി മസ്ജിദില്‍ ഇതേ കാര്യം ആവര്‍ത്തിച്ചതും നാം കണ്ടതാണ്.
കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തോടനുബന്ധിച്ച് ജാതിമത വിവേചനമന്യേ മുസ്‌ലിം-ഹൈന്ദവ-ക്രൈസ്തവ ആരാധനാലയങ്ങളില്‍ വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ടവര്‍ ഒത്തുകൂടി ഒന്നിച്ച് താമസിക്കുകയും ആഹരിക്കുകയും ചെയ്ത് മാനവികത ഉയര്‍ത്തിപ്പിടിച്ച ആവേശകരമായ സംഭവവും, ഇപ്പോഴത്തെ പ്രളയത്തോടനുബന്ധിച്ച് മുസ്‌ലിംകള്‍ ക്ഷേത്രം ശുദ്ധീകരിച്ചു കൊടുത്തതും മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടത്തിന് മുസ്‌ലിം ദേവലായം വിട്ടുകൊടുത്തതുമായ വാര്‍ത്തകളും, അമുസ്‌ലിം പള്ളിപ്രവേശം അനുവദനീയമോ എന്ന ചര്‍ച്ചക്കൊപ്പം അനുസ്മരിക്കാവുന്നതാണ്.

റഹ്മാന്‍ മധുരക്കുഴി

 

ആത്മകഥകള്‍ ഗുണപാഠങ്ങള്‍ കൂടിയാണ്

ഒരു മനുഷ്യായുസ്സിലെ അനുഭവങ്ങളുടെ രത്‌നച്ചുരുക്കമാണ് ഓരോ ആത്മകഥയും. അറിവും അനുഭവവും വിവിധ ജനവിഭാഗങ്ങളുമായുള്ള ഇടപെടലുകളും കൂടുന്നതിനനുസരിച്ച് അത്തരം വ്യക്തികളുടെ ആത്മകഥകള്‍ക്കും പ്രസക്തി വര്‍ധിക്കും. പല വിഷയങ്ങളിലുമുള്ള നാലോ അഞ്ചോ പുസ്തകം തേടിപ്പിടിച്ച് വായിക്കുന്നതിനേക്കാള്‍ അറിവും ചരിത്രവും ചിലരുടെ ആത്മകഥകളില്‍ ലഭിക്കും. വായനക്കാരുടെ   ജീവിതരീതികളെയും നിലപാടുകളെയും ചിലപ്പോഴത് മാറ്റിമറിക്കും.
എന്നാല്‍ അബൂബാസില്‍ കുന്ദമംഗലം (ആഗസ്റ്റ് 9) എഴുതിയ പോലെ ഒരേ കാലഘട്ടത്തില്‍  ജീവിച്ച വിവിധ വ്യക്തികളുടെ ഒരേ പാറ്റേണിലുള്ള തുടര്‍ച്ചയായ  ജീവിതാനുഭവ വിവരണം ആവര്‍ത്തനവിരസത സൃഷ്ടിച്ചേക്കാം. അതിനെ രചനാശൈലി കൊണ്ട് മറികടക്കാവുന്നതാണ്. ഇപ്പോള്‍ പ്രബോധനം വാരികയില്‍ വന്നുകൊണ്ടിരിക്കുന്ന എം.വി മുഹമ്മദ് സലീം മൗലവിയുടെ ജീവിതാനുഭവങ്ങള്‍ അതിന് നല്ല ഉദാഹരണമാണ്. തന്റെ പള്ളിദര്‍സ് അനുഭവം പറയുമ്പോള്‍ തന്നെ ആ വിദ്യാഭ്യാസ രീതിയുടെയും അധ്യാപനത്തിന്റെയും  പരിമിതികള്‍ അദ്ദേഹം പറയുന്നു്. തുടര്‍ന്ന് അദ്ദേഹം അധ്യാപകനായപ്പോള്‍ അതിനെ മറികടക്കാന്‍ സ്വീകരിച്ച പുതിയ ശൈലിയും പരിചയപ്പെടുത്തുന്നു. തന്റെ സ്‌കൂള്‍ അധ്യാപകനെ വെറുതെ പറഞ്ഞു പോവുകയല്ല മൗലവി ചെയ്യുന്നത്. ഒരു വിദ്യാര്‍ഥിയിലുളള സര്‍ഗവാസനകളെ കണ്ടെത്തി വികസിപ്പിക്കുന്നവനാണ് യഥാര്‍ഥ ഗുരുവെന്നും പറഞ്ഞുവെക്കുന്നു. ജമാഅത്ത്-മുജാഹിദ് സംവാദ ചരിത്രം മാത്രമല്ല മൗലവി അടയാളപ്പെടുത്തിയത്. ആ വാദപ്രതിവാദങ്ങളും അതിന് ചെലവഴിച്ച ഊര്‍ജവും വലിയ നഷ്ടമായിരുന്നുവെന്നും ഒഴിവാക്കാമായിരുന്നുവെന്നും അതില്‍ സൂചനകളുണ്ട്. പലവിധ വാദപ്രതിവാദങ്ങളില്‍ ഇപ്പോഴും ഏര്‍പ്പെടുന്നവര്‍ക്കും ഇതില്‍ പാഠങ്ങളുണ്ട്. ചുരുക്കത്തില്‍, വെറും ചരിത്രം പറച്ചിലല്ലാതെ, വരികള്‍ക്കിടയില്‍ വര്‍ത്തമാനകാലത്തും എല്ലാവരും  ശ്രദ്ധിക്കേണ്ടവ ചേര്‍ത്തുപറഞ്ഞാല്‍ ആത്മകഥകള്‍ക്കായി പ്രബോധനം വാരികക്ക് എന്നും അതിന്റെ വിലപ്പെട്ട പേജുകള്‍ മാറ്റിവെക്കാവുന്നതാണ്.

എന്‍.കെ ബുഷ്‌റ, ചെറുപുത്തൂര്‍

 

 

സൂറത്തു നജ്മിന്റെ അവതരണം

അബ്ദുല്‍ വാസിഅ് ധര്‍മഗിരിയുടെ  ലേഖനത്തില്‍ (ലക്കം 3103) ചില പരാമര്‍ശങ്ങളാണ് ഈ കത്തിന് ആധാരം. ഖൗല ബിന്‍ത് സഅ്‌ലബ (റ), ഖൗല ബിന്‍ത് ഹകീം എന്നും അറിയപ്പെടുന്നുണ്ടോ? ഉസ്മാനുബ്‌നുമള്ഊന്‍ അവരുടെ ഭര്‍ത്താവാണോ? തഫ്ഹീമുല്‍ ഖുര്‍ആന്റെ വിശദീകരണം കാണുക:
മുജാദിലയിലെ സൂക്തങ്ങളവതരിക്കാന്‍ പശ്ചാത്തലമൊരുക്കിയ വനിത, ഖസ്റജ് ഗോത്രത്തിലെ ഖൗല ബിന്‍ത് സഅ്ലബ ആയിരുന്നു. ഔസ് ഗോത്രത്തിലെ ഒരു പ്രമുഖ സ്വഹാബിയായ ഉബാദതുബ്നു സ്വാമിതിന്റെ സഹോദരന്‍ ഔസുബ്നു സ്വാമിതായിരുന്നു അവരുടെ ഭര്‍ത്താവ്. 
പിന്നെ സൂറ നജ്മിന്റെ അവതരണം ഹിജ്‌റ 5-ാം വര്‍ഷമാകാനേ സാധ്യതയില്ല. ഹിജ്‌റക്ക് മുമ്പാണാ സംഭവം. ഹിജ്‌റ അഞ്ചാം വര്‍ഷം നബി മദീനയിലാണ്. തഫ്ഹീം വിവരണ പ്രകാരം ഈ സൂറഃ പ്രവാചകത്വത്തിന്റെ അഞ്ചാം ആണ്ട് റമദാനിലാണ് അവതരിച്ചത്.

വൈ.കെ അജ്മാന്‍

 

 

അല്‍പം സഹിഷ്ണുതയാവാം

'ആത്മകഥകളുടെ പ്രളയ'ത്തെക്കുറിച്ച് ആശങ്കപ്പെടുന്ന കത്ത് (ലക്കം 3113) വായിച്ചു. പ്രബോധനത്തിലെ പ്രധാന പംക്തികളിലൊന്നാണ് 'അനുസ്മരണം.' പല വ്യക്തികളുടെയും മരണാനന്തരം, അനുസ്മരണത്തിലാണ് അവര്‍ ആരായിരുന്നുവെന്നും പ്രസ്ഥാനത്തിനും ഇസ്ലാമിനു തന്നെയും എത്ര മാത്രം സേവനം ചെയ്തവരാണെന്നും അറിയാന്‍ കഴിയുന്നത്. അതുകൊണ്ട് പ്രബോധനം വായനക്കാര്‍ തന്നെ അഭിപ്രായപ്പെട്ടതാണ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ പ്രധാന വ്യക്തിത്വങ്ങളെ അടുത്തറിയാന്‍ അവസരം ഉാക്കണമെന്ന്. അത്തരമൊരു സാഹചര്യത്തിലാണ്  ഈ 'പ്രളയം' രൂപപ്പെട്ടത് എന്നാണ് മനസ്സിലാകുന്നത്. പ്രബോധനം എല്ലാ കാലത്തും 'കടുകട്ടി'യാണെന്നും സാധാരണക്കാര്‍ക്ക്  വായിച്ചാല്‍ മനസ്സിലാകാത്തതാണെന്നുമുള്ള പരാതി നിലനില്‍ക്കുമ്പോള്‍ അത്തരം ഊഷരതകള്‍ക്കിടയിലെ ചില ഉര്‍വരതകളാണ്  ഇത്തരം പംക്തികള്‍. 
അവരുടെ ചെറുപ്പ കാലത്തെ അനുഭവങ്ങള്‍ക്കൊപ്പം നടക്കുമ്പോഴും വായനക്കാരന് അതില്‍ ഒരുപാട് ആസ്വാദ്യതകള്‍ ഉണ്ട് എന്നാണ് എന്റെ പക്ഷം. പിന്നെ ഒരാള്‍ സ്വന്തം ജീവിതം കുറിക്കുമ്പോള്‍ 'ഞാന്‍' 'എന്റെ' എന്നല്ലാതെ 'അവന്‍' 'അവന്റെ' എന്ന് എഴുതാന്‍ കഴിയുമോ? അതില്‍ 'അഹംബോധം' ദര്‍ശിക്കുന്നത് വായനക്കാരന്റെ മനോധര്‍മം പോലെയാണ്.
പ്രബോധനത്തിന്റെ വായനക്കാര്‍ ഒരേ പാറ്റേണില്‍ ഉള്ളവരല്ല. 'കഥ'യും 'കവിത'യും ഇഷ്ടപ്പെടുന്നവര്‍ 'പഠന'വും 'വിശകലന'വും ഇഷ്ടപ്പെട്ടുകൊള്ളണം എന്നില്ല. അതുകൊണ്ട് അവയൊന്നും വേണ്ടെന്ന് വെക്കാനും പറ്റില്ല. ഓരോ തരം വായനക്കാരും അവര്‍ക്ക് 'രുചി'ക്കുന്നത് ആസ്വദിക്കട്ടെ. അതെല്ലാം ചേര്‍ന്ന് വരുന്നതു തന്നെയാണ് അതിന്റെ 'പ്രഖ്യാപിത ലക്ഷ്യ'വും. നമുക്കല്‍പം സഹിഷ്ണുത കാണിക്കാം.

നാസര്‍ കാരക്കാട്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (15-17)
ടി.കെ ഉബൈദ്‌