Prabodhanm Weekly

Pages

Search

2019 ആഗസ്റ്റ് 30

3115

1440 ദുല്‍ഹജ്ജ് 28

വനമഹോത്സവവും വനനശീകരണവും

വി.കെ കുട്ടു, ഉളിയില്‍

എണ്‍പത്തിയാറുകാരനായ ഈ കുറിപ്പുകാരന് ഇതെഴുതാന്‍ പ്രചോദനമായത് പ്രബോധനം വാരികയില്‍ (12-7-2019) വന്ന 'പരിസ്ഥിതിക്ക് കാവലിരിക്കാതെ ഈ ഭൂമിയിലിനി ജീവിക്കാനാവില്ല' എന്ന ലേഖനമാണ്.
1948-ല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ തലശ്ശേരിയില്‍നിന്നും മാഹിയുടെ തെക്കു ഭാഗത്തുള്ള 'മുക്കാളി' റെയില്‍വേ സ്റ്റേഷനിലിറങ്ങി നാദാപുരത്തേക്ക്, കല്ലാച്ചി-പുറമേരി വഴി നടന്നുപോയിട്ടുണ്ട്. രണ്ടാം ലോകയുദ്ധത്തെ തുടര്‍ന്ന് അരിയും പഞ്ചസാരയും മറ്റും കിട്ടാത്ത ക്ഷാമകാലമായിരുന്നു അത്. റോഡിന്റെ ഇരു ഭാഗങ്ങളിലും കിലോമീറ്ററുകള്‍ തണല്‍ മരങ്ങളായി വളര്‍ന്നിരുന്നത് മാവ്, ഞാവല്‍ എന്നീ ഫലവൃക്ഷങ്ങളാണ്. നടക്കുമ്പോള്‍ വീണുകിട്ടിയിരുന്ന ഞാവല്‍ പഴങ്ങളും പഴുത്ത മാങ്ങയും തിന്നുകൊണ്ടായിരുന്നു ക്ഷീണം തീര്‍ത്തിരുന്നത്. ആ മധുരസ്മരണകള്‍ ഇപ്പോഴും മനസ്സിനെ ആഹ്ലാദിപ്പിക്കുന്നു.
1956-ല്‍ കേരള സ്റ്റേറ്റ് രൂപീകരണ സമയത്ത് കാസര്‍കോട് മൃഗാശുപത്രിയിലായിരുന്നു ജോലി. 1957 ജൂണ്‍ മുതല്‍ 1964-ല്‍ സര്‍ക്കാര്‍ ജോലി രാജിവെക്കുന്നതു വരെ, എല്ലാ ജൂണ്‍ മാസങ്ങളിലും ജൂലൈയില്‍ നടക്കുന്ന വനമഹോത്സവത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ സര്‍ക്കുലര്‍ ഓഫീസിലെത്തും. വൃക്ഷത്തൈകള്‍ നടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനും വനം വകുപ്പ് നല്‍കുന്ന ചെടികള്‍ ജനങ്ങള്‍ക്കെത്തിക്കാനുമുള്ള നിര്‍ദേശങ്ങളായിരിക്കും ആ സര്‍ക്കുലറില്‍. കുറച്ച് വൃക്ഷത്തൈകളും സര്‍ക്കുലറും എല്ലാ വര്‍ഷവും കലക്ടറേറ്റ് മുതല്‍ വില്ലേജ് ഓഫീസ് വരെ എത്തിക്കൊണ്ടിരിക്കും.
സ്വാതന്ത്ര്യലബ്ധിക്കു ശേഷമുണ്ടായ ആസൂത്രണങ്ങളുടെയും വികസനങ്ങളുടെയും ഫലമായി ബോംബെ, മദ്രാസ് പോലുള്ള വന്‍ നഗരങ്ങളില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ അവയുടെ കോണ്‍ക്രീറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും മറ്റു നിര്‍മിതികള്‍ക്കും ധാരാളം മരപ്പലകകളും മറ്റു മര ഉരുപ്പടികളും ആവശ്യമായി വന്നു. പുതിയ മരക്കച്ചവടക്കാര്‍ പറമ്പുകളില്‍ വര്‍ഷങ്ങളായി കുരുമുളക് വള്ളികള്‍ക്ക് താങ്ങു മരങ്ങളായി വളര്‍ത്തിയിരുന്ന വന്‍ മരങ്ങളും പാതയോരങ്ങളില്‍ വളര്‍ന്നിരുന്ന തണല്‍ മരങ്ങളും വാങ്ങി തുടങ്ങി. കുരുമുളകിനുണ്ടായ വിലയിടിവും തൊഴിലില്ലായ്മയും വരുത്തിയ സാമ്പത്തിക പ്രയാസങ്ങള്‍ കര്‍ഷകരെ മരങ്ങള്‍ കിട്ടിയ വിലയ്ക്ക് വില്‍ക്കാന്‍ നിര്‍ബന്ധിതരാക്കി. പണം കിട്ടുമെന്നായപ്പോള്‍ മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും റോഡ് സംരക്ഷണത്തിന്റെ പേരില്‍ തണല്‍ മരങ്ങള്‍ ലേലം ചെയ്തു വിറ്റു.
ബ്രിട്ടീഷ് ഭരണകാലത്ത് ലക്ഷക്കണക്കിന് ഏക്കര്‍ വനഭൂമി മലബാറില്‍ ജന്മിമാരുടെ അധീനത്തിലുണ്ടായിരുന്നു. അത്തരം ഭൂമികളില്‍നിന്ന് മരം മുറിക്കുന്നതിന് വനനിയമങ്ങളുണ്ടായിരുന്നു; 'സെലക്ഷന്‍ ഫെല്ലിങ്ങ്.' പെര്‍മിറ്റ് ലഭിച്ച വനത്തില്‍നിന്ന് ഒരേക്കറില്‍ അഞ്ചടി ചുറ്റളവിനു മീതെയുള്ള രണ്ട് മരങ്ങള്‍ മാത്രമേ മുറിച്ചുനീക്കാന്‍ അനുവദിച്ചിരുന്നുള്ളൂ. പുഴയുടെയോ തോടുകളുടെയോ സമീപത്തുനിന്നും ഇരുപതടി അകലെയുള്ള മരങ്ങള്‍ മാത്രമാണ് മുറിക്കാന്‍ അനുവദിച്ചിരുന്നത്.
സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം പതിനായിരക്കണക്കിന് ഏക്കര്‍ സ്വകാര്യ വനഭൂമികളില്‍ ക്ലിയര്‍ ഫെല്ലിങ്ങിലൂടെ മരം മുറിച്ചുനീക്കാനുള്ള അനുവാദം നല്‍കിത്തുടങ്ങി. പെര്‍മിറ്റ് കിട്ടിയ വനഭൂമിയിലെ മരങ്ങള്‍ മുഴുവന്‍ മുറിച്ചുമാറ്റിയതിനു ശേഷം തീയിട്ടു വനഭൂമി 'ക്ലിയര്‍' ആക്കുന്നതായിരുന്നു ക്ലിയര്‍ ഫെല്ലിങ്ങ് രീതി. പല ജന്മിമാരുടെയും ദേവസ്വത്തിന്റെയും അധീനത്തിലുണ്ടായിരുന്ന വനഭൂമികള്‍ ക്ലിയര്‍ ആയപ്പോഴായിരുന്നു തിരുവിതാംകൂറില്‍നിന്നുള്ള കുടിയേറ്റ കര്‍ഷകര്‍ കൃഷിയുമായി മലബാറില്‍ വന്നത്. 1967-ല്‍ കേരള സര്‍ക്കാര്‍ അവശേഷിച്ചിരുന്ന സ്വകാര്യ വനഭൂമികള്‍ ദേശസാത്കരിച്ചു അധീനപ്പെടുത്തി. എന്നാല്‍ സര്‍ക്കാര്‍ അധീനപ്പെടുത്തിയ പ്രൈവറ്റ് ഫോറസ്റ്റുകള്‍ക്ക് മാത്രമല്ല, റിസര്‍വ് ഫോറസ്റ്റുകള്‍ക്കു പോലും രക്ഷയുണ്ടായിരുന്നില്ല.
വീടുപണിയാനും പായക്കപ്പലുകള്‍ പണിയാനും മറ്റും ഉപയോഗപ്പെടുത്തിയിരുന്ന വെണ്ടേക്ക്, 'കരിമരുത്', ഉരുപ്പ് പോലുള്ള നൂറ്റാണ്ടുകള്‍ കേടുകൂടാതെ നില്‍ക്കുന്ന മേന്മയുള്ള മരങ്ങള്‍ തിങ്ങി വളര്‍ന്ന വനങ്ങള്‍ റീപ്ലാന്റേഷന്റെ പേരില്‍ ക്ലിയര്‍ ഫെല്ലിങ്ങിലൂടെ മുറിച്ചുനീക്കിയതിനു ശേഷം നട്ടുവളര്‍ത്തിയത് ഗുണമേന്മയില്ലാത്ത വിദേശത്തുനിന്ന് ഇറക്കിയ മാഞ്ചിയം, അക്കേഷ്യ തുടങ്ങിയ ഇനങ്ങളായിരുന്നു. ഇവിടങ്ങളിലെ കാടുകളിലെ മരങ്ങള്‍ മഴവെള്ളം ഭൂതലത്തില്‍ തടുത്തുനിര്‍ത്തക്ക വേരുകളുള്ളവയായിരുന്നു. ആ ഗുണങ്ങളൊന്നും മാഞ്ചിയത്തിനും അക്കേഷ്യക്കും ഉണ്ടായിരുന്നില്ല.
വനം വന്യജീവികള്‍ക്കും കൂടി വളരാനുള്ളതാണെന്ന പ്രകൃതിനിയമം അറിയാതിരുന്നതുകൊണ്ടോ അല്ലെങ്കില്‍ അങ്ങനെ വേണ്ടെന്നു വെച്ചതുകൊണ്ടോ സര്‍ക്കാറും വനംവകുപ്പും ആനകളുടെ പ്രധാന തീറ്റകളായ വനത്തിലെ മുഴുവന്‍ മുളകളും ഈറ്റകളും 1966-ല്‍ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറിക്ക് ടണ്ണിന് പത്തുറുപ്പിക പ്രകാരം മുറിച്ചുകൊണ്ടുപോകാനുള്ള കരാര്‍ കൊടുത്തു.
ആനകള്‍ അവയുടെ തീറ്റകളായിരുന്ന മുള-ഈറ്റ ചെടികള്‍ ലഭിക്കാതായപ്പോള്‍, മുന്‍കാലങ്ങളില്‍ വനങ്ങളായിരുന്ന കുടിയേറ്റ കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ കയറി കാര്‍ഷികോല്‍പന്നങ്ങള്‍ നശിപ്പിച്ചുതുടങ്ങി. ആനകളെ പ്രതിരോധിക്കാനായി കോടികള്‍ ചെലവഴിച്ച് ആനമതിലുകളും കമ്പിവേലികളും നിര്‍മിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. നൂറ്റാണ്ടുകളായി മലയോര പ്രദേശങ്ങളില്‍നിന്നും മലഞ്ചരക്കുകള്‍ കല്ലായി അഴിമുഖത്തെത്തിച്ചുകൊണ്ട് കല്ലായിയെയും കോഴിക്കോടിനെയും വാണിജ്യസമ്പന്നമാക്കിയിരുന്ന ചാലിയാര്‍ പുഴ ഫാക്ടറികളില്‍നിന്നുള്ള രാസമാലിന്യങ്ങളിറങ്ങി ഉപയോഗപ്രദമല്ലാതായി. പുഴയുടെ സമീപ പ്രദേശങ്ങളിലുള്ളവര്‍ മാറാരോഗികളുമായി. പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള വികസനങ്ങളിലൂടെ ധനികര്‍ കൂടുതല്‍ ധനികരായിത്തീരുമെങ്കിലും നശിക്കുന്നത് മനുഷ്യരാണ്.
സര്‍ക്കാറിനോടും പ്രകൃതിസംരക്ഷകരോടും പറയാനുള്ളത് ഇതാണ്. വര്‍ഷംതോറും നടത്തിക്കൊണ്ടിരിക്കുന്ന വനമഹോത്സവവും പ്രകൃതി സംരക്ഷണ ദിനവുമൊക്കെ നല്ലതുതന്നെ. എന്നാല്‍ അവയൊക്കെ വര്‍ഷംതോറും നടക്കാറുള്ള ഉത്സവങ്ങളും നേര്‍ച്ച പോലെ ആചാര ചടങ്ങുകളുമായി പരിമിതപ്പെടാനുള്ളതല്ല. വര്‍ഷംതോറും നട്ടുവളര്‍ത്തുന്ന വൃക്ഷത്തൈകള്‍ പരിപാലിച്ചും വളര്‍ന്നു വൃക്ഷങ്ങളായി കാണാനുള്ളതാണെന്ന നിര്‍ബന്ധബുദ്ധിയോടെയും ആസൂത്രണത്തോടെയുമായിരിക്കണം പരിപാടികള്‍.
കേരളത്തില്‍ മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ പതിനായിരക്കണക്കിന് വിദ്യാലയങ്ങളുണ്ട്. അടുത്ത വര്‍ഷം മുതല്‍ ഓരോ വിദ്യാലയത്തിനും നടാനുള്ള നൂറു ചെടികള്‍ വീതം നല്‍കുക. അവ സ്‌കൂള്‍ അധികൃതരും പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരും റോഡരികില്‍ കാണിച്ചു കൊടുക്കുന്ന സ്ഥലങ്ങളില്‍ വിദ്യാര്‍ഥികള്‍ നടട്ടെ. വേനലില്‍ വെള്ളം നനച്ചും മറ്റു മെയിന്റനന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കുമായി ഓരോ ചെടിക്കും നൂറു ഉറുപ്പികയോ മറ്റോ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കുക. മൂന്നു വര്‍ഷം ആകുമ്പോഴേക്കും ചെടികള്‍ വിദ്യാര്‍ഥികളുടെ പരിപാലനം ആവശ്യമില്ലാത്തവിധം വളര്‍ന്നിരിക്കും. നശിക്കാതെ കൂടുതല്‍ ചെടികള്‍ വളര്‍ത്തിയ വിദ്യാലയങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവാര്‍ഡുകള്‍ നല്‍കുക.

Comments

Other Post

ഹദീസ്‌

ചികിത്സയും രോഗി സന്ദര്‍ശനവും
അബ്ദുര്‍റശീദ് നദ്‌വി

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (12-14)
ടി.കെ ഉബൈദ്‌