Prabodhanm Weekly

Pages

Search

2019 ആഗസ്റ്റ് 30

3115

1440 ദുല്‍ഹജ്ജ് 28

ദുരന്തഭൂമിയില്‍ വിസ്മയം തീര്‍ത്ത് നീലക്കുപ്പായക്കാര്‍

പി. മുജീബുര്‍റഹ്മാന്‍

2018-ലെ ആഗസ്റ്റ് എട്ട് സമയം തെറ്റാതെ ഇത്തവണയും ആവര്‍ത്തിച്ചു. കനത്ത മഴയെത്തുടര്‍ന്ന് കേരളം മഹാപ്രളയത്തിലേക്ക് നീങ്ങിയത് 2018 ആഗസ്റ്റിലായിരുന്നു. വയനാടും നിലമ്പൂരും ഉരുള്‍പൊട്ടി. പെരിയാര്‍ കരകവിഞ്ഞൊഴുകി. കുട്ടനാട്ടിലെ 2000 ഹെക്ടര്‍ നെല്‍വയല്‍ വെള്ളത്തിനടിയിലായി. 2019 ആഗസ്റ്റ് എട്ട് പിറന്നതും ദുരന്തവാര്‍ത്തയുമായാണ്. നിലമ്പൂരിലെ കവളപ്പാറ, പാതാര്‍, അമ്പുട്ടാന്‍പെട്ടി, വയനാട് മേപ്പാടിയിലെ പുത്തുമല എന്നിവിടങ്ങളിലാണ് വന്‍ ദുരന്തമുണ്ടായത്. അനവധി കുടുംബങ്ങള്‍ താമസിക്കുന്ന തേയിലത്തോട്ടത്തിലെ രണ്ട് പാടികളാണ് മേപ്പാടിയില്‍ ഒലിച്ചുപോയത്. കവളപ്പാറയില്‍ 59 പേര്‍ മണ്ണിനടിയിലുമായി. ചാലിയാര്‍ കരകവിഞ്ഞൊഴുകിയപ്പോള്‍ പോത്തുകല്ല് മുതല്‍ അരീക്കോട്, വാഴക്കാട്, കീഴുപറമ്പ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളെല്ലാം മലവെള്ളപ്പാച്ചിലില്‍ മുങ്ങി. ബലിപെരുന്നാളും സ്വാതന്ത്ര്യദിനാഘോഷങ്ങളും ഓണവുമെല്ലാം 2018-ലേതുപോലെ ഇത്തവണയും പ്രളയത്തിലമര്‍ന്നു. പാതാര്‍ ഉരുള്‍പൊട്ടലില്‍ ഒരു അങ്ങാടി തന്നെ ഇല്ലാതായിരിക്കുന്നു. അങ്ങാടി നിന്നിടം ഇപ്പോള്‍ ഒരു പുതിയ പുഴ ഒഴുകുന്നു.
2018-ലെ മഹാപ്രളയത്തെ നാം നേരിട്ടത് ഒരൊറ്റ മനസ്സോടെയാണ്. സര്‍ക്കാരും സന്നദ്ധ സംഘടനകളും ജനങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങി. അത്യാധുനിക സംവിധാനങ്ങളും സന്നാഹങ്ങളും പ്രയോജനപെടുത്തി അതിജീവനം സാധ്യമാണെന്ന ആത്മവിശ്വാസം ജനങ്ങള്‍ക്ക് പകരുംവിധമായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍. മുന്‍കാലങ്ങളിലെന്നപോലെ കഴിഞ്ഞ വര്‍ഷത്തെ രക്ഷാപ്രവര്‍ത്തനത്തിലും ജനശ്രദ്ധ പിടിച്ചുപറ്റിയ സന്നദ്ധ സംഘടനയായിരുന്നു ഐഡിയല്‍ റിലീഫ് വിംഗ്-ഐ.ആര്‍.ഡബ്ലിയു. ഇത്തവണ പ്രളയകാലത്തും ദുരന്തമുഖത്തെ സേവന പ്രവര്‍ത്തകര്‍ക്കിടയില്‍ സവിശേഷമായി കാണപ്പെടുന്നുണ്ട് ഈ നീലക്കുപ്പായക്കാര്‍. ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങളില്‍ കേരളത്തിലെ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഐക്കണായി ഇവര്‍ മാറിയിരിക്കുന്നു. പ്രളയത്തിന്റെ ദുരന്തവ്യാപ്തി പുറംലോകമറിഞ്ഞത് മാധ്യമങ്ങള്‍ക്കു പുറമെ ഐ.ആര്‍.ഡബ്ലിയു കാഴ്ചവെച്ച സാഹസികതകള്‍കൊണ്ട് കൂടിയായിരുന്നു. 2018-ലെ പ്രളയത്തില്‍ 50-ലധികം ബോട്ടുകള്‍ ഉപയോഗിച്ച് പതിനായിരത്തിലധികം മനുഷ്യരെ പ്രളയദുരന്തത്തില്‍നിന്നും സുരക്ഷിതമായ തുരുത്തുകളിലെത്തിക്കാന്‍ ഈ നീലപ്പടക്ക് സാധിച്ചു. ശക്തമായ കുത്തൊഴുക്ക് വകവെക്കാതെ പെരിയാറിനു കുറുകെ ഇവര്‍ ബോട്ടോടിച്ചു. ജീവനുവേണ്ടി നിലവിളി ഉയരുന്നിടങ്ങളിലെല്ലാം ജീവഭയമില്ലാതെ ഐ.ആര്‍.ഡബ്ലിയു ഓടിയെത്തി.
ജമാഅത്തെ ഇസ്ലാമി അമീറായിരുന്ന സിദ്ദീഖ് ഹസന്‍ സാഹിബിന്റെ ദീര്‍ഘദൃഷ്ടിയില്‍ 1992-ലാണ് ഈ സന്നദ്ധ സംഘം ഉയിരെടുത്തത്. 25 വര്‍ഷത്തെ നിരന്തര പരിശീലനവും അനുഭവപാഠവുമാണ് ഈ സംഘത്തെ ദുരന്തഭൂമികളില്‍ വിസ്മയം തീര്‍ക്കാന്‍ പ്രാപ്തമാക്കിയത്. രാജ്യത്തിനകത്തും പുറത്തും - എവിടെയെല്ലാം പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുന്നുവോ അവിടെയെല്ലാം-  ആദ്യം ഓടിയെത്തുന്ന മലയാളി സന്നദ്ധ സംഘമാണ് ഐ.ആര്‍.ഡബ്ലിയു. ഇന്ത്യയിലുടനീളം സേവനമനുഷ്ഠിക്കാന്‍ ഈ സന്നദ്ധ സേനക്ക് സാധിച്ചിട്ടുണ്ട്. ഇതിനുപുറമെ നേപ്പാളിലും ഇന്തോനേഷ്യയിലും ഐ.ആര്‍.ഡബ്ലിയു സേവനത്തിന്റെ കൈയൊപ്പ് ചാര്‍ത്തി.
ഈ പ്രളയകാലത്ത് അധികൃതര്‍പോലും അന്ധാളിച്ചുനിന്ന വേളയില്‍ കായിക ശേഷിയാല്‍ ഐ.ആര്‍.ഡബ്ല്യു അത്ഭുതം തീര്‍ത്തു. വിശേഷിച്ച് മേപ്പാടിയിലും കവളപ്പാറയിലും. വ്യാഴാഴ്ച രാത്രി ദുരന്തം സംഭവിച്ച ഉടന്‍ ഐ.ആര്‍.ഡബ്ലിയു സജീവമായി. ജനറല്‍ കണ്‍വീനര്‍ ശമീറിന്റെ മേല്‍നോട്ടത്തില്‍ രക്ഷാദൗത്യസംഘം ദുരന്തഭൂമികളിലേക്ക് കുതിച്ചു. വയനാട്ടില്‍ സി.കെ അശ്റഫിന്റെ നേതൃത്വത്തിലും നിലമ്പൂരില്‍ ബശീര്‍ ശര്‍ഖിയുടെ നേതൃത്വത്തിലും ഐ.ആര്‍.ഡബ്ലിയു വളന്റിയര്‍മാര്‍ രക്ഷാപ്രവര്‍ത്തനങ്ങളുടെ കടിഞ്ഞാണേന്തി. പോത്തുകല്ലില്‍നിന്ന് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ കൂടെയാണ് രക്ഷാദൗത്യ സംഘം ദുരന്തസ്ഥലത്തെത്തുന്നത്. 100 ഏക്കറിലധികം വരുന്ന റബര്‍തോട്ടം ഉള്‍ക്കൊള്ളുന്ന ഒരു വന്‍മല കനത്ത ഉരുള്‍പൊട്ടലില്‍ താഴേക്ക് വന്നിരിക്കുന്നു. അറുപതോളം മനുഷ്യജീവനുകള്‍ 12 അടി ഉയരത്തിലുളള വലിയ മണ്‍കൂനക്കകത്തുണ്ടെന്ന് പേരും മേല്‍വിലാസവും വെച്ച് നാട്ടുകാര്‍ ഉറപ്പിച്ചു പറഞ്ഞു. ശക്തമായ മഴ, പ്രതികൂലമായ കാലാവസ്ഥ, അത്യാധുനിക സംവിധാനങ്ങളുടെ കുറവ്.... മണ്ണും മരവും കെട്ടിടാവശിഷ്ടങ്ങളും കുന്നുകൂടിയിരിക്കെ എവിടന്ന് തുടങ്ങണമെന്നു പോലും അറിയാതെ അധികാരികള്‍ അന്തിച്ചുനിന്ന സന്ദര്‍ഭമായിരുന്നു അത്. മൂന്നാം ദിവസമായ ശനിയാഴ്ച രാവിലെയും ഒരു ഹിറ്റാച്ചിയും ഒരു ജെ.സി.ബിയും എന്‍.ഡി.ആര്‍.എഫിന്റെ ഏതാനും യൂനിറ്റും മാത്രമാണ് സംഭവസ്ഥലത്തുണ്ടായിരുന്നത്. വീണ്ടും ഉരുള്‍പൊട്ടലെന്ന ഭീതിയുണര്‍ത്തുന്ന റിപ്പോര്‍ട്ടുകള്‍ ഇടക്കിടെ വന്നുകൊണ്ടിരിക്കുന്നു. ചില ഘട്ടങ്ങളില്‍ ഉരുള്‍പൊട്ടല്‍ഭീതി കാരണം തെരച്ചില്‍ തന്നെ നിര്‍ത്തിവെക്കേണ്ടിവന്നു. തുടക്കത്തിലെ ഈ അന്ധാളിപ്പും സംവിധാനങ്ങളിലുണ്ടായ കുറവും പിന്നീട് മന്ത്രിയടക്കമുള്ളവര്‍ മീഡിയയുമായി പങ്കുവെക്കുന്നുണ്ട്. ഇത്തരമൊരു അനിശ്ചിതാവസ്ഥയിലാണ് എല്ലാം അല്ലാഹുവില്‍ ഭരമേല്‍പിച്ച് ഐ.ആര്‍.ഡബ്ലിയു വളന്റിയര്‍മാര്‍ നിര്‍ഭയമായി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. സാധ്യമാകുന്ന സംവിധാനങ്ങളെല്ലാം കവളപ്പാറയിലെത്തിക്കാന്‍ ഇതിനകം ഐ.ആര്‍.ഡബ്ലിയു വളന്റിയര്‍മാര്‍ ശ്രമിച്ചു.  
ഇതര സന്നദ്ധസംഘടനകളുടെ പരിശ്രമവും രക്ഷാപ്രവര്‍ത്തനത്തില്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നതാണ്. എന്നാല്‍ 25 വര്‍ഷത്തിന്റെ അനുഭവസമ്പത്തുള്ള ഐ.ആര്‍.ഡബ്ലിയുവിന്റെ സാന്നിധ്യം രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിലും ചിട്ടപ്പെടുത്തുന്നതിലും വലിയ പങ്കാണ് വഹിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന പോലീസ് അധികാരികളുമായി സംസാരിച്ചപ്പോള്‍ പറഞ്ഞത് 'സര്‍ക്കാര്‍ ഫോഴ്സ് തെരച്ചില്‍ നിര്‍ത്തുന്നതുവരെ നിങ്ങളുടെ സംഘത്തെ പിന്‍വലിക്കരുത്. ഐ.ആര്‍.ഡബ്ല്യു ഞങ്ങള്‍ക്ക് ഏറെ സഹായകമായ ഘടകമാണ്. മാത്രമല്ല, അച്ചടക്കമുള്ള, വൈദഗ്ധ്യമുള്ള ടീമാണ് നിങ്ങളുടെത്' എന്നായിരുന്നു. മൂന്നും നാലും ദിവസം കഴിഞ്ഞ മൃതദേഹങ്ങള്‍ വളരെ വിദഗ്ധമായി, പോറലുകളേല്‍ക്കാതെയാണ് ഐ.ആര്‍.ഡബ്ലിയു പുറത്തെടുത്തത്. തെരച്ചിലിനിടയില്‍ മൃതദേഹം ഉണ്ടെന്നു കണ്ടാല്‍ ജെ.സി.ബി നിര്‍ത്തിവെപ്പിക്കും. പിന്നെ വളരെ കരുതലോടെ പരിക്കില്ലാതെ അവ പുറത്തെടുക്കുകയാണ് ചെയ്യുക. മൃതദേഹം പൊക്കിയെടുക്കാനായാല്‍ കൈയില്‍ ഗ്ലൗസ് ധരിച്ച് പുല്‍തൈലം പുരട്ടി ഇരുകൈകള്‍ കൊണ്ടും കോരിയെടുത്ത് സ്ട്രക്ച്ചറില്‍ വെക്കുന്ന കാഴ്ച ആരിലും അത്ഭുതമുളവാക്കും. പ്രസ്ഥാനത്തിന്റെ റിലീഫ് പ്രവര്‍ത്തനങ്ങളും പുനരധിവാസ പദ്ധതികളും അറിയാനായി ടൈംസ് ഓഫ് ഇന്ത്യയുടെ ലേഖകന്‍ ബന്ധപ്പെട്ടിരുന്നു. കൂട്ടത്തില്‍  അദ്ദേഹം പറഞ്ഞു: ''ഞാന്‍ കഴിഞ്ഞ ദിവസം കവളപ്പാറയിലുണ്ടായിരുന്നു. നിങ്ങളുടെ ഐ.ആര്‍.ഡബ്ലിയു വളന്റിയേഴ്സ് രണ്ട് മൃതദേഹം പുറത്തെടുക്കുന്നത് ഞാന്‍ കണ്ടു. അവര്‍ വളരെ ട്രെയ്ന്‍ഡ് ടീമാണല്ലോ. എങ്ങനെ അവര്‍ക്കിങ്ങനെയാകാന്‍ കഴിഞ്ഞു?'' കാല്‍നൂറ്റാണ്ടു കാലത്തെ ദുരന്തമേഖലകളിലെ അനുഭവങ്ങളാണ് അവരുടെ മികവിന്റെ രഹസ്യമെന്ന് ഞാന്‍ പറഞ്ഞു. ഒരാഴ്ചക്കു ശേഷവും കെട്ടിടാവശിഷ്ടങ്ങളും മണ്ണും മരവും നീക്കി അഴുകിയ മൃതദേഹങ്ങള്‍ പുറത്തെടുക്കുക എന്നത് വലിയ സാഹസം തന്നെയാണ്. മൃതദേഹത്തിന്റെ പാതിമാത്രം പുറത്തെടുക്കേണ്ടതായും വന്നിട്ടുണ്ട് അവര്‍ക്ക്. നടുക്കമുളവാക്കുന്ന കാഴ്ചയായിരിക്കുമല്ലോ അത്.
ഉരുള്‍പൊട്ടല്‍ നടന്ന മുകള്‍ഭാഗത്ത് വന്‍നാശം സംഭവിച്ചിട്ടുണ്ടായിരുന്നു. പക്ഷേ, പ്രതികൂല കാലാവസ്ഥയില്‍ അങ്ങോട്ടുള്ള വഴിയടഞ്ഞിരിക്കുകയായിരുന്നു. 'ഞങ്ങളുടെ തകര്‍ന്ന വീട്ടില്‍ കൊച്ചുമകളുണ്ട്' എന്ന ഒരു കുടുംബത്തിന്റെ നിലവിളി കേട്ടാണ് അപകടം പതിയിരിക്കുന്ന മേഖലയില്‍ തെരച്ചില്‍ നടത്താന്‍ ഐ.ആര്‍.ഡബ്ലിയു ഇറങ്ങിത്തിരിച്ചത്. തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് കൊച്ചുകുഞ്ഞിന്റെ ശരീരഭാഗം കണ്ടതോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. വലിയ കോണ്‍ക്രീറ്റ് പൊട്ടിച്ചെടുത്ത്, കമ്പികള്‍ മുറിച്ച്, അഞ്ച് മണിക്കൂര്‍ നീണ്ട പരിശ്രമത്തിലൂടെ കുഞ്ഞിനെ സംഘം പുറത്തെടുത്തു.  കുട്ടിയുടെ മൃതദേഹം പുറത്തെടുത്തതിന് സാക്ഷിയായ ആരും വിതുമ്പിപ്പോകും. ദുരന്തം നടക്കുമ്പോള്‍ കൊച്ചുമോള്‍ കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്നു. കുഞ്ഞിനെ പുറത്തെടുക്കും മുമ്പേ ദുരന്തം വീടിനെ വിഴുങ്ങി. ആ കുരുന്നും മണ്ണിലമര്‍ന്നു. കട്ടിലിലെ കുഞ്ഞുറക്കം പോലെത്തന്നെ അവള്‍ കിടക്കുന്നു, പക്ഷേ ചേതനയറ്റ ശരീരം...
പുത്തുമലയിലും ആദ്യം മുതലേ ഐ.ആര്‍.ഡബ്ലിയു സംഘമെത്തിയിരുന്നു. പ്രതികൂല കാലാവസ്ഥയും പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പും ആദ്യഘട്ട രക്ഷാപ്രവര്‍ത്തനത്തെ ഏറെ പ്രയാസപ്പെടുത്തി.
എട്ടാം തീയതി രാത്രി ദുരന്തം സംഭവിച്ച ഘട്ടത്തില്‍ വീടുവിട്ടിറങ്ങിയ ഐ.ആര്‍.ഡബ്ലിയു വളന്റിയര്‍മാര്‍ ഇതെഴുതുമ്പോഴും ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അവരുടെ അറഫ നോമ്പും ജുമുഅ ഖുത്വ്ബയും മാത്രമല്ല, ബലിപെരുന്നാളും ദുരന്തഭൂമിയില്‍ തന്നെ. 2018 ഈദുല്‍ ഫിത്വ്‌റിലും ഇവര്‍ വീട്ടിലായിരുന്നില്ല, കട്ടിപ്പാറയിലെ രക്ഷാപ്രവര്‍ത്തനത്തിലായിരുന്നു.
ഈ ദുഷ്‌കര ദൗത്യം നിര്‍വഹിക്കുമ്പോഴും പരാതിയും പരിഭവവുമില്ലാത്ത ബാധ്യതാനിര്‍വഹണത്തിന്റെ ആത്മസംതൃപ്തി ഈ  നീലക്കുപ്പായക്കാരുടെ മുഖത്ത് ദര്‍ശിക്കാനാകും. 'ഇവരെ നമുക്ക് അക്ഷരം തെറ്റാതെ വിളിക്കാം, ഭൂമിയിലെ മാലാഖമാര്‍' എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത് വെറുതെയല്ല. മാലാഖമാരല്ല, മാലാഖമാരുടെ സാന്നിധ്യം കൊണ്ടനുഗൃഹീതരായവരെന്ന് നമുക്കതിനെ തിരുത്തി വായിക്കാം.
ഇത്തവണ കവളപ്പാറയില്‍ ഇവരോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിച്ചു. ജനസേവനം ദൈവാരാധനയെന്നുറച്ച് വിശ്വസിക്കുന്ന ഒരു സംഘത്തില്‍ ആസൂത്രണം, കൂടിയാലോചന, ടീം വര്‍ക്ക്,  കഠിനാധ്വാനം, ത്യാഗസന്നദ്ധത, സാഹസികത തുടങ്ങിയ മൂല്യങ്ങള്‍ കൂടി വളര്‍ത്തിയെടുത്തതാണ് ഐ.ആര്‍.ഡബ്ലിയുവിന്റെ കര്‍മപഥത്തിലെ കരുത്ത്. കേരളത്തിനകത്തും പുറത്തും ദുരന്തഭൂമികളില്‍ കേവല വളന്റിയര്‍ സേവനമെന്നതിലുപരി രക്ഷാപ്രവര്‍ത്തനങ്ങളെ നിര്‍ണയിക്കുന്നതിലും ഗവണ്‍മെന്റ് സംവിധാനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും ഏകോപനം നിര്‍വഹിക്കുന്നതിലും വലിയ സംഭാവനകള്‍ അര്‍പ്പിക്കാന്‍ ഐ.ആര്‍.ഡബ്ലിയുവിന് സാധിച്ചിട്ടുണ്ട്.
ഏതൊരു സംഘത്തിന്റെയും വിജയത്തിന്റെ പ്രധാനഘടകങ്ങളിലൊന്ന് ആ സംഘത്തിന്റെ അച്ചടക്കമാണ്. ഒരു സന്നദ്ധസംഘത്തിനാവട്ടെ ഇത് ഏറെ അനിവാര്യവുമാണ്. തെരച്ചിലിന് നേതൃത്വം നല്‍കുന്നവരിലെ പ്രധാന പോലീസ് ഉദ്യോഗസ്ഥന്‍ ഐ.ആര്‍.ഡബ്ലിയുവിന്റെ വലിയ മേന്മയായി പറഞ്ഞത്, 'നിങ്ങളുടെ കാര്യത്തില്‍ ഏറ്റവും വലിയ സൗകര്യം നിങ്ങളില്‍ ഒരാളോട് പറഞ്ഞാല്‍ മതി, മുഴുവന്‍ പേരും അത് നടപ്പിലാക്കിയിരിക്കും' എന്നാണ്.
എല്ലാ മേഖലകളിലുമെന്നപോലെ ദുരന്തമേഖലകളിലും സോഷ്യല്‍ മീഡിയ പ്രധാന ഘടകമാണ്. ക്രിയാത്മകമായ പലതും അതുവഴി ചെയ്യാമെങ്കിലും ഒരു കാര്യം ഭംഗിയായി ചെയ്യുന്നതിനേക്കാള്‍ അത് കാമറയില്‍ പകര്‍ത്താനും പൊതുചുമരില്‍ ചാര്‍ത്താനും അതിന് കിട്ടുന്ന ലൈക്കില്‍ അഭിരമിക്കാനുമുള്ള വ്യഗ്രത ഇതിന്റെ വലിയൊരു ദൂഷ്യമാണ്.  കര്‍മങ്ങളുടെ ആത്മാവ് തന്നെ  ഇതുവഴി ചോര്‍ന്നുപോകുന്നു. വ്യക്തിഗത/ഒറ്റയാള്‍ പ്രസ്ഥാനങ്ങള്‍ വര്‍ധിക്കുകയും തങ്ങളുടെ മുഖപേജുകളില്‍ 'സെല്‍ഫ് പ്രൊജക്ഷന്‍' രോഗമായി പടരുകയും ചെയ്യുന്ന കാലത്ത് മുഖപേജുകളില്‍ മുഖം കാണിക്കാതെ ദുരന്തഭൂമികളില്‍ വിയര്‍പ്പൊഴുക്കി സത്യസാക്ഷ്യം നിര്‍വഹിച്ചാണ് ഈ നീലക്കുപ്പായക്കാര്‍ ജീവിതം സാര്‍ഥകമാക്കുന്നത്. ദുരന്തഭൂമിയില്‍ മൃതദേഹങ്ങള്‍ എടുക്കുന്ന സമയത്ത് ആരും വീഡിയോ പകര്‍ത്തരുത് എന്ന നിര്‍ദ്ദേശം വെച്ചത് ഐ.ആര്‍.ഡബ്ലിയു ആയിരുന്നു. 
ഭീതിപ്പെടുത്തിയ പ്രളയത്തെ നേരിടുന്നതില്‍  സുമനസ്സുകള്‍ തീര്‍ക്കുന്ന നന്മയുടെ മഹാപ്രളയം സന്തോഷിപ്പിക്കുന്നതാണ്. ന്യൂജനറേഷന്‍ ഇതില്‍ പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു.  പ്രളയാനന്തരം എല്ലാ വഴികളും വാഹനങ്ങളും ദുരന്തഭൂമിയിലേക്കായിരുന്നു. വെറും കൈയോടെയായിരുന്നില്ല ഈ ഒഴുക്ക്. വാഹനം നിറയെ അവശ്യവസ്തുക്കളുമായി, അതിലുപരി ചെളിയിലിറങ്ങി അധ്വാനിക്കാന്‍ സന്നദ്ധരായി വരുന്നവരായിരുന്നു ഇവരെല്ലാം. ഒരു മഹാദുരന്തത്തെ അതിജീവിക്കാനുള്ള ആത്മവിശ്വാസം പകരുന്നതില്‍ മലയാളികള്‍ കാണിക്കുന്ന ഈ മത്സര സ്വഭാവം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
ദുരന്തമുഖത്ത് നിര്‍ഭയമായി ഇറങ്ങിത്തിരിക്കുന്നതിനും രക്ഷാപ്രവര്‍ത്തനം സമയത്ത് നിര്‍വഹിക്കുന്നതിനും പരിശീലനം സിദ്ധിച്ച ഈ വിദഗ്ധ സന്നദ്ധ സംഘത്തിന്റെ പ്രസക്തി വിളിച്ചറിയിക്കുന്നതാണ് ഈ പ്രളയവും. കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്ന, പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ നിരന്തരമായി നേരിടുന്ന കേരളീയ അന്തരീക്ഷത്തില്‍ നാം ഇനിയും ബലപ്പെടുത്തുകയും വിപുലപ്പെടുത്തുകയും ചെയ്യേണ്ട സംവിധാനമായിരിക്കുന്നു ഐ.ആര്‍.ഡബ്ലിയു. കവളപ്പാറ സന്ദര്‍ശനം നടത്തി ഐ.ആര്‍.ഡബ്ലിയു പ്രവര്‍ത്തനങ്ങള്‍ നേരില്‍കണ്ട് വിലയിരുത്തിയ ശേഷം ജമാഅത്തെ ഇസ്ലാമി ദേശീയ സെക്രട്ടറി ജനറല്‍ ടി. ആരിഫലി പറഞ്ഞു: ''ഈ സംഘത്തെ ശക്തിപ്പെടുത്തണം. അവര്‍ക്ക് കൂടുതല്‍ സംവിധാനങ്ങളും ഉപകരണങ്ങളും ലഭ്യമാക്കണം.'' 25 വര്‍ഷത്തെ നിസ്വാര്‍ഥ സേവനത്തിന് പ്രസ്ഥാനവും സമൂഹവും അവര്‍ക്ക് തിരിച്ചുനല്‍കേണ്ടത് അതാണ്. കൂടുതല്‍ സന്നാഹങ്ങളും സംവിധാനങ്ങളും ഒരുക്കിക്കൊടുക്കണം. നിലവിലെ വളന്റിയര്‍മാരുടെ കഴിവ് വര്‍ധിപ്പിക്കുന്നതിനും പുതിയ വളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിനുമാവശ്യമായ വിശാലമായ ട്രെയിനിംഗ് സെന്റര്‍, ആധുനിക സംവിധാനങ്ങള്‍, സൗകര്യപ്രദമായ ഓഫീസ്, വാഹനം, ദക്ഷിണ-ഉത്തര മേഖലകളില്‍ ജനറേറ്റര്‍, കട്ടിംഗ് മെഷീന്‍, കയര്‍, ബോട്ട്, ആംബുലന്‍സ്, സര്‍വസജ്ജ സന്നാഹങ്ങളോടും കൂടിയ വിവിധ്യോദ്ദേശ്യ വാഹനങ്ങള്‍ എന്നിവ അനിവാര്യമാണ്. വലിയ സാമ്പത്തിക ചെലവ് വരുന്ന ഈ പദ്ധതി നാളിതുവരെ ഐ.ആര്‍.ഡബ്ലിയു സമൂഹത്തിന് സമര്‍പ്പിച്ച സേവനങ്ങളെ വിലമതിക്കുന്ന മലയാളി സമൂഹം തന്നെ ഒത്തൊരുമിച്ച് പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷ. ദുരന്തഭൂമികളില്‍ നാടിന്റെ കാവലാളായി മാറുന്ന ഈ നിസ്വാര്‍ഥ സേവനസേനക്ക് നാം പകരം നല്‍കേണ്ടത് ഇത്രമാത്രം.

Comments

Other Post

ഹദീസ്‌

ചികിത്സയും രോഗി സന്ദര്‍ശനവും
അബ്ദുര്‍റശീദ് നദ്‌വി

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (12-14)
ടി.കെ ഉബൈദ്‌