Prabodhanm Weekly

Pages

Search

2019 ആഗസ്റ്റ് 30

3115

1440 ദുല്‍ഹജ്ജ് 28

ഭൂമിയെ ജീവത്താക്കുന്ന മലനിരകള്‍

സദ്‌റുദ്ദീന്‍ വാഴക്കാട്

ആകാശവും ഭൂമിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആധാരശിലകളാണ് മലകള്‍. ഭൂമിയെ ഉറപ്പിച്ചു നിര്‍ത്തുന്ന ആണിയും വെള്ളം സൂക്ഷിച്ചു വെച്ച് ക്രമാനുഗതമായി വിതരണം ചെയ്യുന്ന ജലസംഭരണികളുമാണ് അവ.  ജീവന്റെ തുടിപ്പുകള്‍ പലവിധത്തില്‍ സംരക്ഷിച്ചു നിര്‍ത്തുന്ന മലകള്‍ ഭൂമിയിലെ ജീവിതത്തെ സ്വസ്ഥവും സുരക്ഷിതവുമാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്നു. മനുഷ്യന് പ്രയോജനപ്പെടുത്താവുന്ന അനേകം പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമാണ് നമ്മുടെ മലനിരകള്‍. വനസമ്പത്തും ജലസമ്പത്തും അതില്‍ പ്രധാനമാണ്. മണ്ണും മരുന്നും പക്ഷികളും ഉരഗങ്ങളും കാലികളും മറ്റനവധി വിഭവങ്ങള്‍ വേറെയും. അവ ആത്യന്തികമായി മനുഷ്യന് വേണ്ടിയുള്ള നിക്ഷേപങ്ങളാണ്. അവയെ സംരക്ഷിച്ച് പ്രയോജനമെടുക്കാം. ചൂഷണം ചെയ്ത് നശിപ്പിക്കരുത്. പ്രകൃതി വിഭവങ്ങള്‍ ഉപയോഗപ്പെടുത്താതെ മനുഷ്യന് ഭൂമിയില്‍ ജീവിക്കാനാകില്ല. അവയെ ചൂഷണം ചെയ്ത് നമുക്കിവിടെ നിലനില്‍ക്കാനും സാധ്യമല്ല. 
മലകള്‍ നശിക്കുമ്പോള്‍ കാലാവസ്ഥയില്‍ വ്യതിയാനമുണ്ടാകും. ആവാസ വ്യവസ്ഥയില്‍ മാറ്റങ്ങളുാകും. ഒരേ സമയം ഉരുള്‍പൊട്ടലിനും വരള്‍ച്ചക്കും അത് കാരണമായേക്കും. ജീവ ജാലങ്ങള്‍ പട്ടിണിയിലാവും. മനുഷ്യരുടെയും ഇതര ജീവികളുടെയും കൂട്ട പലായനങ്ങള്‍ക്കും ഇത് നിമിത്തമായേക്കും.  മലകളുടെ നാശം ഭൂമിയിലെ ജൈവവ്യവസ്ഥക്ക് ഏല്‍പ്പിക്കുന്ന ആഘാതം കടുത്തതായിരിക്കും. പഠനങ്ങളും പ്രബന്ധങ്ങളും ഉദ്‌ബോധനങ്ങളും താക്കീതുകളും നമ്മെ പഠിപ്പിക്കാത്തത്, അനുഭവങ്ങളും ദുരന്തങ്ങളും നമ്മെ പഠിപ്പിക്കുന്നുവെന്നതാണ് സമീപകാല ബോധ്യങ്ങള്‍.

ഓറോഗ്രാഫി, പര്‍വത പഠനം
പര്‍വതങ്ങളെക്കുറിച്ച പഠനശാഖയാണ് ഓറോഗ്രാഫി. ഇതനുസരിച്ച് മല, പര്‍വതം, കുന്ന് എന്നിവ തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 2500 മീറ്ററിലധികം ഉയരമുള്ളവയാണ് പര്‍വതങ്ങള്‍. അതിന്റെ ഉപരിഭാഗം ചെങ്കുത്തായ ചെരിവുള്ളതായിരിക്കും. സമുദ്രനിരപ്പില്‍നിന്ന് 1000 മീറ്ററിലധികം ഉയരമുള്ളവയാണ് മലകള്‍.  സമുദ്രനിരപ്പില്‍ നിന്ന് 300 മീറ്റര്‍ ഉയരമുള്ളവയാണ് കുന്നുകള്‍. സമുദ്രനിരപ്പില്‍ നിന്ന് 900 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ളവയെല്ലാം ഇന്ത്യയില്‍ പര്‍വതങ്ങളായി ഗണിക്കപ്പെടുന്നു. പക്ഷേ, നിര്‍വചനങ്ങള്‍ക്കൊന്നും ഏകീകൃത മാനദണ്ഡങ്ങളില്ല (ഇവയെല്ലാം ഉള്‍പ്പെടുത്തി പൊതുവായാണ് ഈ ലേഖനത്തില്‍ മലകള്‍ എന്ന് പ്രയോഗിക്കുന്നത്). മൊത്തം ഭൂമിയുടെ 24 ശതമാനം കര പ്രദേശങ്ങള്‍ പര്‍വതങ്ങളാണ്. ഏഷ്യയുടെ 64 ശതമാനവും യൂറോപ്പിന്റെ 25 ശതമാനവും തെക്കേ അമേരിക്കയുടെ 22 ശതമാനവും ആസ്‌ത്രേലിയയുടെ 17 ശതമാനവും ആഫ്രിക്കയുടെ 3 ശതമാനവും പര്‍വതങ്ങളാണത്രെ! ഭൂമിയിലെ ആകെ ജനസംഖ്യയുടെ 10 ശതമാനം പര്‍വതപ്രദേശങ്ങളില്‍ ജീവിക്കുന്നുവെന്നാണ് കണക്ക്. പര്‍വതങ്ങളിലല്ലാതെ ജീവിക്കുന്ന ബാക്കി തൊണ്ണൂറ് ശതമാനവും ഏതെങ്കിലുമൊരു വിധത്തില്‍ അവയെ ആശ്രയിച്ചാണ് കഴിയുന്നത്.
എന്നാല്‍, ഈ ഗൗരവത്തില്‍ നാം മലകളെ പരിഗണിക്കുകയും പരിപാലിക്കുകയും ചെയ്യുന്നുണ്ടോ? നാളേക്കു കൂടി കാത്ത് സൂക്ഷിക്കുന്ന രീതിയിലാണോ അവയെ ഉപയോഗപ്പെടുത്തുന്നത്? അതോ, ആര്‍ത്തി മൂത്ത ചൂഷകന്റെ നഖപ്പാടുകള്‍ അവയുടെ മാറിടത്തില്‍നിന്ന് ചോരയൊലിപ്പിച്ചിട്ടുണ്ടോ? ഈ ചോദ്യങ്ങളെ സമചിത്തതയോടെ സമീപിപ്പിച്ച് ഉത്തരം കണ്ടെത്തിയേ മതിയാകൂ.  'പര്‍വതങ്ങളെ പ്രകൃതിവിഭവങ്ങളുടെ അക്ഷയഖനികളായി കാണുന്നതിലുപരി ഒന്നും ചെയ്യുന്നില്ല. പര്‍വതനിവാസികളുടെ പ്രശ്നങ്ങളെയോ അവിടത്തെ ആവാസവ്യൂഹങ്ങളുടെ നിലനില്‍പ്പിനെയോ കുറിച്ച് വേണ്ടത്ര ശ്രദ്ധിക്കുന്നില്ല' എന്ന് കിര്‍ഗിസ്താനിലെ ബിഷ്‌കെക്കില്‍ സംഘടിപ്പിക്കപ്പെട്ട 'ആഗോള പര്‍വത ഉച്ചകോടി'യില്‍  പങ്കെടുത്ത പലരും സൂചിപ്പിക്കുകയുണ്ടായി. പര്‍വതങ്ങളുടെ മേല്‍ നിഴല്‍ വിരിച്ചിരിക്കുന്ന ഭീഷണിയെക്കുറിച്ച് ആളുകളില്‍ അവബോധം സൃഷ്ടിക്കുക, അവയെ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായുക എന്നിവയായിരുന്നു ഉച്ചകോടിയുടെ ലക്ഷ്യം. പര്‍വതങ്ങള്‍ മാനവരാശിയുടെ നിലനില്‍പ്പിന് അനുപേക്ഷണീയമാണ് എന്ന് പഠിപ്പിക്കാനായി  'നാമെല്ലാം മലയുടെ മക്കളാണ്' എന്ന പ്രമേയം തന്നെ ഉച്ചകോടി തയാറാക്കുകയുണ്ടായി.

ഖുര്‍ആന്‍ പാഠങ്ങള്‍
പര്‍വതങ്ങളെക്കുറിച്ച ഏറ്റവും നല്ല പാഠപുസ്തകമാണ് ഖുര്‍ആന്‍. പിന്നെ, നമ്മുടെ ചരിത്രപരമായ ജീവിതാനുഭവങ്ങളും. പര്‍വതങ്ങള്‍ ദൈവത്തിന്റെ ദൃഷ്ടാന്തം ആണെന്നും അവയെ നിരീക്ഷിച്ച് പഠിക്കണമെന്നും അതുവഴി ദൈവത്തില്‍ എത്തിച്ചേരാമെന്നും ഖുര്‍ആന്‍ പറയുന്നു. നാട്ടി നിര്‍ത്തിയ മാമലകളിലേക്ക് കണ്ണയക്കൂ, ചിന്ത പായിക്കൂ എന്നാണ് ഖുര്‍ആനിന്റെ ആഹ്വാനം. ഇതിനു മാത്രം ചിന്തിക്കാന്‍ മലകളില്‍ എന്തിരിക്കുന്നുവെന്ന് സംശയിക്കേണ്ടതില്ല. മലകളില്‍ പലതുമുണ്ട്. അല്ലെങ്കില്‍ മലകളില്‍ എല്ലാമുണ്ട്. ''ഇവര്‍ ഒട്ടകങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ലയോ, അവ എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന്? ആകാശത്തിലേക്ക്  നോക്കുന്നില്ലേ, അതെങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നുവെന്ന്? പര്‍വതങ്ങളെക്കുറിച്ച് ആലോചിക്കുന്നില്ലേ, അവ എങ്ങനെ നാട്ടി നിര്‍ത്തപ്പെട്ടിരിക്കുന്നുവെന്ന്? ഭൂമിയിലേക്ക് നോക്കുന്നില്ലേ അതിന്റെ പ്രതലം എങ്ങനെ വിസ്തൃതമാക്കപ്പെട്ടിരിക്കുന്നുവെന്ന്?'' (അല്‍ഗാശിയ 17 - 20). ഭൂമി, ആകാശം, മലകള്‍ പരസ്പരബന്ധിതമായാണ് ഈ വചനങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്.
മലകളുടെ അത്ഭുതങ്ങളിലൊന്നായി ഖുര്‍ആന്‍ പറയുന്നത് അവയുടെ വര്‍ണ വൈവിധ്യങ്ങളാണ്. എന്തെല്ലാം നിറങ്ങളിലുള്ള പര്‍വതങ്ങളും പാറകളുമുണ്ട്. ''വെളുപ്പും ചുവപ്പും കടും കറുപ്പുമായി ഭിന്ന നിറങ്ങളിലുള്ള പാറകള്‍ മലകളില്‍ കണ്ടുവരുന്നു'' (ഫാത്വിര്‍ 27). പല മലകള്‍ക്ക് മാത്രമല്ല പല നിറങ്ങള്‍. ഒരേ മലയുടെ വിവിധ ഭാഗങ്ങള്‍, വ്യത്യസ്ത അടരുകള്‍ ഭിന്ന നിറങ്ങളായിരിക്കും. ഇന്ത്യയിലെ വിവിധ മലകളെക്കുറിച്ച്, നാം ചവിട്ടിക്കയറുന്ന കുന്നുകളിലെ മണ്ണിന്റെയും കല്ലുകളുടെയും നിറഭേദങ്ങളെപ്പറ്റി ചെറുതായൊന്നു ചിന്തിച്ചാല്‍ മതി ഇത് ബോധ്യമാകാന്‍. പക്ഷേ, ഉയരത്തിലേക്ക് കയറുമ്പോള്‍ താഴോട്ടൊന്ന് നോക്കാന്‍, ചവിട്ടിമെതിച്ച് കടന്നുപോകുന്ന മണ്ണിന്റെ മണമൊന്ന് അറിയാന്‍ മനസ്സുവെക്കണമെന്നു മാത്രം.
ദൈവം പര്‍വതങ്ങളെ ദാവൂദ് നബിക്ക് വിധേയമാക്കിക്കൊടുത്തിരുന്നുവെന്നും രാവിലെയും വൈകുന്നേരവും അവ അദ്ദേഹത്തോടൊപ്പം സങ്കീര്‍ത്തനം ചെയ്യാറുണ്ടായിരുന്നുവെന്നും ഖുര്‍ആന്‍ പറയുന്നു (സ്വാദ് 17, 18). 'ദാവൂദിന് നമ്മില്‍നിന്ന് മഹത്തായ അനുഗ്രഹമരുളി. പര്‍വതങ്ങളേ, അദ്ദേഹത്തോടൊപ്പം സങ്കീര്‍ത്തനം ചെയ്യുവിന്‍ എന്ന് നാം ആജ്ഞാപിക്കുകയുണ്ടായി' എന്ന് മറ്റൊരിടത്ത് (സബഅ് 10) കാണാം. ലോകാവസാനവുമായി ബന്ധപ്പെടുത്തിയും മലകളെക്കുറിച്ച് ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട് (മര്‍യം 90-92).
ഭൂമിയെ ഉറപ്പിച്ചു നിര്‍ത്തുക എന്നതാണ് മലകളുടെ നിയോഗമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. കപ്പല്‍ നങ്കൂരമിടുന്നതിനെ കുറിക്കുന്ന 'റവാസീ', ആണി എന്ന് അര്‍ഥമുള്ള 'ഔതാദ്' എന്നീ പദങ്ങള്‍ മലകളെ വിശേഷിപ്പിക്കാന്‍ ഖുര്‍ആന്‍ ഉപയോഗിച്ചിട്ടുണ്ട്. ഭൂമി ചായാതെ, ഇളകാതെ നിലകൊള്ളാന്‍ എന്നും വേദഗ്രന്ഥം പറയുന്നു. ''അവന്‍ ഭൂമിയില്‍ മീതെ നിന്ന് പര്‍വതങ്ങള്‍ ഉറപ്പിച്ചു. അതില്‍ അനുഗ്രഹങ്ങള്‍ നിക്ഷേപിച്ചു. ചോദിക്കുന്നവര്‍ക്കൊക്കെയും അവരവരുടെ ആവശ്യത്തിന് അനുസൃതമായ  വിഭവങ്ങള്‍ അതിനകത്ത് ഒരുക്കി വെക്കുകയും ചെയ്തു'' (ഫുസ്സ്വിലത്ത് 10). മറ്റൊരു വചനമിങ്ങനെ:  'ഭൂമിയില്‍ നാം പര്‍വതങ്ങളെ ഉറപ്പിച്ചു നിര്‍ത്തി. അത് അവരെയും കൊണ്ട് ഉലഞ്ഞ് പോകാതിരിക്കാന്‍'' (അല്‍ അമ്പിയാഅ് 31). ഭൂതലത്തില്‍ പര്‍വതങ്ങള്‍ സ്ഥാപിച്ചതിന്റെ സാക്ഷാല്‍ ഉദ്ദേശ്യം ഭൂമിയുടെ ചലനത്തിലും ചംക്രമണത്തിലും സന്തുലനം സാധിക്കാനാണെന്ന് ഈ വചനം വ്യക്തമാക്കുന്നു. ഉലയാതെ സംരക്ഷിക്കാന്‍ - അന്‍ തമീദ ബികും - എന്ന പ്രയോഗം ചിന്തനീയമാണ്. ഇനിയും കാണുക; ''ഭൂമിയില്‍ നാം മലകളുടെ കുറ്റികള്‍ സ്ഥാപിച്ചിരിക്കുന്നു. അത് നിങ്ങളോടുകൂടി ഉലയാതിരിക്കേണ്ടതിന്. അവന്‍ നദികള്‍ ഒഴുക്കി. പ്രകൃതിപരമായ ഗതാഗത മാര്‍ഗങ്ങളുണ്ടാക്കി'' (അന്നഹ്ല്‍ 15). പ്രപഞ്ചത്തിലെ ദൈവിക അനുഗ്രഹങ്ങള്‍ സൂചിപ്പിക്കുന്ന വചനങ്ങള്‍ക്കിടയില്‍ വന്ന ഈ സൂക്തം മലകളെയും നദികളെയും തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്നു. ഇതേ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സൂക്തങ്ങള്‍ വേറെയും ധാരാളമുണ്ട് (അര്‍റഅ്ദ് 3, അല്‍ ഹിജ്ര്‍ 19, അന്നംല് 61, ഖാഫ് 7, അന്നാസിആത്ത് 32 ). ഭൂമിയിലെ ജീവജാലങ്ങളുടെ വ്യാപനവും നിലനില്‍പ്പും മലകളുമായി ബന്ധപ്പെട്ടതാണെന്ന് വ്യക്തമാക്കാനാകണം, 'മലകളെ ഉറപ്പിച്ചു നിര്‍ത്തി' എന്ന് പറഞ്ഞയുടന്‍ 'ഭൂമിയില്‍ സകലയിനം ജീവജാലങ്ങളെയും പരത്തി, മാനത്ത് നിന്ന് മഴ വര്‍ഷിപ്പിച്ചു' എന്നൊക്കെ കൂട്ടിച്ചേര്‍ത്തത് (ലുഖ്മാന്‍ 10). 
തികച്ചും പരസ്പരബന്ധിതമായ ഒരു വ്യവസ്ഥയാണ് പ്രപഞ്ചത്തിനുള്ളത്. ഓരോന്നും അതിന്റേതായ അളവില്‍ അതതിന്റെ ദൗത്യം നിര്‍വഹിക്കണം. ഏതെങ്കിലുമൊന്ന് താളം തെറ്റിയാല്‍, മൊത്തം വ്യവസ്ഥ തകിടം മറിയാം. കാലാവസ്ഥാ വ്യതിയാനം സൂക്ഷ്മമായി പഠിച്ചാല്‍ ഇത് ബോധ്യപ്പെടാന്‍ പ്രയാസമുണ്ടാകില്ല. 'ഭൂമിയുടെ സംസ്‌കരണം കഴിഞ്ഞിരിക്കെ ഇനിയതില്‍ നാശമുണ്ടാക്കാതിരിക്കുവിന്‍' എന്ന താക്കീത് (അല്‍ അഅ്‌റാഫ് 56) പ്രകൃതിയെ സന്തുലിതമായി പരിപാലിച്ചില്ലെങ്കില്‍ സംഭവിക്കാവുന്ന ദുരന്തങ്ങളെക്കുറിച്ച മുന്നറിയിപ്പാണ്. മലകള്‍ തുരന്നവരെ പിടികൂടിയ ഭയാനക വിസ്‌ഫോടനത്തെക്കുറിച്ച പാഠവും (അല്‍ ഹിജ്ര്‍ 82,83) ഇതോട് ചേര്‍ത്തുവെക്കണം.
'ഭൂമിയെ നാം വിരിപ്പും പര്‍വതങ്ങളെ ആണികളുമാക്കിയില്ലേ?' എന്ന് ഖുര്‍ആന്‍ (അന്നബഅ് 6,7) ചോദിക്കുന്നുണ്ട്.  ആണി, കുറ്റി, ആപ്പ് എന്നൊക്കെയാണ് ഔതാദിന്റെ അര്‍ഥം. ടെന്റുകള്‍ വലിച്ചു കെട്ടുന്ന കുറ്റികള്‍ക്കും  ഈ വാക്ക് ഉപയോഗിക്കുന്നു. മലകള്‍ ആണികളാകുമ്പോള്‍ ഭൗമോപരിതലത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന പര്‍വത ഭാഗങ്ങളേക്കാള്‍ കൂടുതല്‍ ഭൂമിക്കടിയിലുണ്ടാകണമല്ലോ. ഒരു പ്രതലത്തില്‍ അടിച്ചുതാഴ്ത്തിയ ആണിയുടെ സ്വഭാവമതാണ്. മലകള്‍ ഭൗമോപരിതലത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നതിന്റെ അഞ്ചോ ആറോ ഇരട്ടി ഭൂമിക്കടിയിലുണ്ടാകാം എന്നാണ് ഭൂമിശാസ്ത്ര പഠനങ്ങള്‍ തെളിയിക്കുന്നത്. ഭൂമിശാസ്ത്രത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ വിശദീകരിക്കുന്ന പ്രസിദ്ധമായൊരു കൃതിയുണ്ട്, എര്‍ത്ത്. ഫ്രാങ്ക് പ്രസ്സും റയ്മ് സീവെറും ചേര്‍ന്നെഴുതിയത്. മുന്‍ യു.എസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടറിന്റെ ശാസ്ത്ര ഉപദേഷ്ടാവും  പന്ത്രണ്ട്  വര്‍ഷത്തോളം സയന്‍സ് അക്കാദമിയുടെ സാരഥിയുമായി സേവനമനുഷ്ഠിച്ചിട്ടു് ഫ്രാങ്ക് പ്രസ്.  പ്രമുഖ ജിയോഫിസിസ്റ്റാണ് അദ്ദേഹം. മലകള്‍ ആകാരത്തില്‍ ആണികള്‍ക്ക് സമാനമാണെന്നും അത് ഭൂമിയില്‍ ആഴത്തില്‍ പിടിച്ചുനില്‍ക്കുന്നുവെന്നും  പുസ്തകം പറയുന്നു. ഭൂമിയുടെ പുറംതോടിനെ ഉറപ്പിച്ച് നിര്‍ത്തുന്നതില്‍ പര്‍വതങ്ങളുടെ പങ്ക് വളരെ വലുതാണെന്ന് പുസ്തകം സമര്‍ഥിക്കുന്നു.
വല്ലപ്പോഴും സംഭവിക്കുന്ന, ഭൂകമ്പം എന്ന് വിളിക്കപ്പെടുന്ന ഭൂമിയുടെ ചെറു ചലനങ്ങള്‍ പോലും എന്തുമാത്രം അപകടങ്ങളാണ് സൃഷ്ടിക്കാറുള്ളത്. എങ്കില്‍, ഭൂമിയെ ഉറപ്പിച്ചു നിര്‍ത്തുന്ന മലകള്‍ തച്ചുടക്കപ്പെടുമ്പോള്‍ എന്തെല്ലാം അപകടങ്ങള്‍ പ്രകൃതിയില്‍ സംഭവിക്കാം! പലപ്പോഴും പ്രവചനാതീതമാണ് അതിന്റെ പ്രത്യാഘാതങ്ങള്‍. അതു കൊണ്ടൊക്കെയാണ്, 'മലകള്‍ കൊണ്ട് ഭൂമിയെ നങ്കൂരമിട്ടു' എന്ന, കാവ്യാത്മകം കൂടിയായ ഖുര്‍ആനിക പ്രഖ്യാപനത്തിന്റെ ആഴം തേടി പോകാന്‍ നാം പ്രേരിതരാകുന്നത്.

മലകള്‍ ജലസംഭരണികള്‍
തെളിഞ്ഞ വെള്ളത്തിന്റെ മഹാസ്രോതസ്സാണ് മലകള്‍. ഓരോ മലയും അതിന്റെ സ്വഭാവവും പ്രകൃതവും അതിലെ വനസമ്പത്തും മറ്റുമനുസരിച്ച് ജലം സംഭരിച്ച് സൂക്ഷിക്കുന്നു. പ്രകൃതിപരമായ രീതിയില്‍ നിശ്ചിത ക്രമത്തിലും തോതിലും അത് പുറത്തേക്ക് ലഭ്യമാക്കുന്നു. നദികളുടെ ഉത്ഭവ സ്ഥാനങ്ങള്‍ പരിശോധിച്ചാലറിയാം, ഭൂരിപക്ഷത്തിന്റെയും ഉത്ഭവവും ജലസ്രോതസ്സും മലകളാണ്. മഹാനദികളധികവും  പര്‍വതങ്ങളില്‍നിന്നാണ്  പിറക്കുന്നത്. ജലസംഭരണികളുടെ ജലസമൃദ്ധി മലകളിലെ മഴയെയും ജലലഭ്യതയെയും ആശ്രയിച്ചാണിരിക്കുന്നത്. ലോക ജനസംഖ്യയുടെ പകുതിയിലധികം വെള്ളത്തിന് വേണ്ടി ആശ്രയിക്കുന്നത് മലകളെയാണ്. വടക്കേ അമേരിക്കയിലെ മഹാനദിയായ കോളറാഡോയിലെയും റിയോ ഗ്രാന്‍ഡിലെയും മുഴുവന്‍ ജലവും റോക്കി പര്‍വതനിരകളില്‍നിന്നാണെന്നു പറയാം. ഭൂമുഖത്തെ ജനസംഖ്യയില്‍ ഏകദേശം പകുതിയും അധിവസിക്കുന്നത് ദക്ഷിണ-പൂര്‍വ ഏഷ്യയിലാണ്. ഈ ജനതതിയുടെ ഭൂരിഭാഗവും ആശ്രയിക്കുന്നത്, ഹിമാലയം, കാറക്കോറം, പാമിര്‍സ്, ടിബറ്റന്‍ പര്‍വതനിരകളില്‍ പെയ്യുന്ന മഴയെയാണ്. 'ഭൂമിയുടെ ജലഭരങ്ങളായ പര്‍വതങ്ങള്‍, ഭൂമുഖത്തെ സമസ്ത ജീവജാലങ്ങളുടെയും നിലനില്‍പ്പിനും ജനവര്‍ഗങ്ങളുടെ ക്ഷേമത്തിനും അനുപേക്ഷണീയമാണ്. ഒരു ഉത്തുംഗ പര്‍വതത്തിന്റെ നെറുകയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ താഴെ സമതലത്തിലെയും, ശുദ്ധജലപ്രവാഹങ്ങളിലെയും സമുദ്രങ്ങളിലെതന്നെയും ജീവനെ ബാധിക്കുന്നു' എന്ന് ഭൗമശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നു. ലോക നാഗരികതയുടെ ചരിത്രം പരിശോധിക്കുക; നദീതടങ്ങളിലും മലയടിവാരങ്ങളിലുമാണ് മഹത്തായ സംസ്‌കാരങ്ങള്‍ പിറവികൊണ്ട് പുഷ്‌കലമായിട്ടുള്ളത്. ജലസമൃദ്ധി ഇതിലെ പ്രധാന ഘടകമത്രെ.
ഈ ചരിത്ര യാഥാര്‍ഥ്യങ്ങളുടെയും ജീവിതാനുഭവങ്ങളുടെയും പശ്ചാത്തലത്തില്‍ മലകള്‍ ജലസംഭരണികളാണെന്ന ഖുര്‍ആനിക പ്രഖ്യാപനം എത്രമേല്‍ അത്ഭുതാവഹവും പഠനാര്‍ഹവുമാണ്. 'ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും ഒന്നിച്ചുള്‍ക്കൊളളുന്നതാക്കി ഭൂമിയെ നാം മാറ്റിയില്ലയോ' എന്ന ചോദ്യം (അല്‍മുര്‍സലാത്ത് 25, 26) പ്രളയാനന്തര കാലത്ത് ഏറെ വായനാ സാധ്യതയുള്ളതാണ്. തുടര്‍ന്നുള്ള ചോദ്യമിങ്ങനെ: ''ഭൂമിയില്‍ നാം ഉയര്‍ന്ന പര്‍വതങ്ങള്‍ ഉറപ്പിക്കുകയും നിങ്ങളെ ശുദ്ധമായ വെള്ളം കുടിപ്പിക്കുകയും ചെയ്തില്ലയോ?'' (അല്‍മുര്‍സലാത്ത് 27). ഈ ഒരൊറ്റ വചനം മതി ചിന്തയുടെ കൊടുമുടികളിലേക്ക് നമ്മെ ഉയര്‍ത്താന്‍, ഗവേഷണങ്ങളുടെ ആഴപ്പരപ്പുകളിലേക്ക് നമ്മെ ആനയിക്കാന്‍, പ്രപഞ്ചസ്രഷ്ടാവിനു  മുമ്പില്‍ ആയിരം വട്ടം സാഷ്ടാംഗം വീഴാന്‍. 
മലകളില്‍നിന്ന് എങ്ങനെയാണ് ദൈവം സമൃദ്ധമായ വെള്ളം തരുന്നത്? അതിന് പല വഴികളുണ്ട്. മേഘ ചലനങ്ങളെ നിയന്ത്രിച്ച് മഴ പെയ്യിക്കുന്നതില്‍ പര്‍വതങ്ങള്‍ പങ്കു വഹിക്കുന്നു. നിബിഢ വനങ്ങള്‍ മഴവെള്ളത്തിന്റെ വലിയൊരു ഭാഗവും സ്‌പോഞ്ചു പോലെ വലിച്ചെടുത്ത് സൂക്ഷിക്കുന്നു. പ്രളയത്തിന് ഇടവരുത്താത്ത വിധം ഈ ജലം സാവകാശം ഒഴുകുന്നു, ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നു, പതിയെ നദികളില്‍ എത്തിച്ചേരുന്നു. മലകള്‍ ശീതകാലമഞ്ഞ് സംഭരിച്ചുവെക്കുകയും വസന്തത്തിലും വേനലിലും ജീവസന്ധായകമായ ഈര്‍പ്പം കുറേശ്ശേയായി പുറത്തുവിടുകയും ചെയ്യുന്നു. വിദൂരസ്ഥമായ മലകളില്‍നിന്ന് മഞ്ഞുരുകി ലഭ്യമാകുന്ന വെള്ളത്തെ ആശ്രയിച്ചാണ് പലപ്പോഴും വരള്‍ച്ചബാധിത പ്രദേശങ്ങളില്‍ ജലസേചനം നടക്കുന്നത്. കരിങ്കല്‍ മലകളിലെ ഉറവകള്‍ വഴി  നിലക്കാത്ത തെളിനീര്‍ ലഭ്യമാകുന്നതു കാണാം. ചെങ്കല്‍ മലകളും വലിയ ജല സംഭരണികളാണത്രെ. ഇങ്ങനെയെല്ലാം വെള്ളം സൂക്ഷിച്ച്, ജീവജാലങ്ങള്‍ക്ക് ക്രമാനുഗതമായി ലഭ്യമാക്കുകയെന്ന ദൗത്യം മലകള്‍ നിര്‍വഹിക്കുന്നുവെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. എന്നാല്‍, മലകളും മരങ്ങളും മണ്ണും അവയുടെ സ്വാഭാവിക പ്രകൃതത്തില്‍ നിന്ന് മാറ്റിമറിച്ച് ഉപയോഗിക്കുമ്പോള്‍ പ്രകൃതി വ്യവസ്ഥയുടെ താളം തെറ്റുന്നു. ഭൂമി, മലകള്‍, നദികള്‍ എന്നിവയുടെ പരസ്പര ബന്ധത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന മറ്റൊരു വചനം കൂടി കാണുക: ''ഭൂമിയെ വാസയോഗ്യമാക്കിയതും അതില്‍ അങ്ങിങ്ങ് നദികള്‍ ഒഴുക്കിയതും പര്‍വതങ്ങളാല്‍ അതിന് നങ്കൂരമുറപ്പിച്ചതും രണ്ട് ജലശേഖരങ്ങള്‍ക്കിടയില്‍ മറയുണ്ടാക്കിയതും ആരാകുന്നു? അല്ലാഹുവോടൊപ്പം മറ്റേതെങ്കിലും ദൈവം ഇതിലുണ്ടോ? ഇല്ല. പക്ഷേ, അവരില്‍ അധികപേരും അജ്ഞാനികളാകുന്നു'' (അന്നംല് 61). മലകളും നദികളും ഉള്ളതുകൊണ്ടാണ് ഭൂമി വാസയോഗ്യമാകുന്നത്. അവ ഇല്ലാതായാല്‍ പിന്നെ ഭൂമിയില്‍ ജീവ സ്പന്ദം നിലക്കും. അതിനാല്‍ നമുക്ക് അതിജീവിക്കണമെങ്കില്‍ ദുരിതാശ്വാസം മാത്രം പോരാ, പ്രകൃതിയെ സംരക്ഷിച്ച് പ്രയോജനപ്പെടുത്തുക തന്നെ വേണം.

Comments

Other Post

ഹദീസ്‌

ചികിത്സയും രോഗി സന്ദര്‍ശനവും
അബ്ദുര്‍റശീദ് നദ്‌വി

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (12-14)
ടി.കെ ഉബൈദ്‌