Prabodhanm Weekly

Pages

Search

2019 ആഗസ്റ്റ് 23

3114

1440 ദുല്‍ഹജ്ജ് 21

പ്രളയ പുനരധിവാസം പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ മാതൃകയാവുന്നു

ബഷീര്‍ തൃപ്പനച്ചി

വീണ്ടുമൊരു പ്രളയത്തിന് കേരളം സാക്ഷ്യം വഹിച്ചു. 2019-ലെ ഈ പ്രളയക്കെടുതിയുടെ നഷ്ടങ്ങള്‍ കണക്കാക്കി വരുന്നേയുള്ളൂ. അത് മുന്നില്‍ വെച്ചുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഇനിയും സമയമെടുക്കും.
ഈ നൂറ്റാണ്ടില്‍ കേരളം അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രളയത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന സന്ദര്‍ഭത്തിലാണ് രണ്ടാമത്തെ പ്രളയമെത്തിയത്.

ഈ നൂറ്റാണ്ടില്‍ കേരളം അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രളയത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. 2018 ജൂലൈ - ആഗസ്റ്റ് മാസങ്ങളിലെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാലത്താണ് കേരളത്തിലെ 14 ജില്ലകളെയും ബാധിച്ച പ്രളയമുണ്ടായത്. മലയോര മേഖലകളിലെ ഉരുള്‍പൊട്ടലുകളും കേരളത്തിലെ 54 അണക്കെട്ടുകളില്‍ 35 എണ്ണവും തുറന്നിട്ടതു മൂലമുണ്ടായ വെള്ളത്തിന്റെ കുത്തൊഴുക്കും കൂടി ചേര്‍ന്നതോടെ കേരളം അക്ഷരാര്‍ഥത്തില്‍ വെള്ളത്തിനടിയിലാവുകയായിരുന്നു. കാലവര്‍ഷം ശക്തമായ 2018 ആഗസ്റ്റ് 21-ന് നാലുലക്ഷം കുടുംബങ്ങളില്‍നിന്നായി പതിനാലര ലക്ഷം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടേണ്ടിവന്നുവെന്നത് പ്രളയദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. 483 പേര്‍ മരിക്കുകയും ആയിരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത നൂറ്റാണ്ടിന്റെ പ്രളയത്തില്‍ 13362 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഒരു ലക്ഷത്തിലേറെ വീടുകള്‍ക്ക് വലിയ തോതില്‍ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. പ്രളയവും തല്‍ഫലമായുണ്ടായ കെടുതികളും കാരണം കേരളത്തിന് നാല്‍പ്പതിനായിരം കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇതിനെയെല്ലാം അതിജീവിച്ച് നവകേരളം കെട്ടിപ്പടുക്കാന്‍ കേരള സര്‍ക്കാര്‍ പൊതുജനങ്ങളോടും കൂട്ടായ്മകളോടും  സഹായമഭ്യര്‍ഥിക്കുകയുമുായി. ലോകമെമ്പാടുനിന്നും സഹായം ഒഴുകിയെത്തി. സര്‍ക്കാരിനൊപ്പം സന്നദ്ധ സംഘടനകളും രാഷ്ട്രീയ- മത- സാംസ്‌കാരിക കൂട്ടായ്മകളും പുനരധിവാസ പദ്ധതികള്‍ക്ക് സഹായം സ്വരൂപിക്കുന്നതില്‍ പങ്കാളികളായി. 
കേരള ജമാഅത്തെ ഇസ്‌ലാമി തുടക്കം മുതലേ പ്രളയ ദുരിതാശ്വാസ മേഖലയില്‍ സജീവമായിരുന്നു. സംഘടനയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ എന്ന എന്‍.ജി.ഒ പ്രളയ ദുരന്ത ദിനങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനും സഹായമെത്തിക്കാനും മുന്നിട്ടിറങ്ങി. വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും മൂലം ഒറ്റപ്പെട്ടവരെ അതിസാഹസികമായി രക്ഷപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളിലായിരുന്നു പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ തുടക്കത്തില്‍ ശ്രദ്ധപതിപ്പിച്ചത്. ഫൗണ്ടേഷനു കീഴിലുള്ള ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ വിദഗ്ധ പരിശീലനം ലഭിച്ച ഐ.ആര്‍.ഡബ്ലിയു (ഐഡിയല്‍ റിലീഫ് വിംഗ്) വളന്റിയര്‍മാരാണ് 70 ബോട്ടുകളിലായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. നിരവധിയിടങ്ങളില്‍ കുടുങ്ങിക്കിടന്ന പതിനായിരത്തിലധികം പേരെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കാന്‍ അവര്‍ക്ക് സാധിച്ചു. പിന്നീടാരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങളിലും കഞണ വളന്റിയര്‍മാരുടെ നേതൃത്വത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ മുഴുവന്‍ പോഷക വിഭാഗങ്ങളും സജീവമായി. 267 ക്യാമ്പുകള്‍ പൂര്‍ണമായും സംഘടനയുടെ മേല്‍നോട്ടത്തില്‍ പലയിടങ്ങളിലായി പ്രവര്‍ത്തിച്ചു. ഇതിനു പുറമെ 212 ക്യാമ്പുകളില്‍ സഹായങ്ങളെത്തിച്ചു. 15 പ്രളയ മേഖലകളില്‍ മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിച്ചു. അഞ്ഞൂറിലേറെ ക്യാമ്പുകളിലായി 124266 പേര്‍ക്ക് സഹായമെത്തിക്കാന്‍ പീപ്പ്ള്‍സ് ഫൗണ്ടേഷന് സാധിച്ചു. ഇന്ത്യയില്‍നിന്നും വിദേശത്തുനിന്നുമായി ടണ്‍കണക്കിന് ദുരിതാശ്വാസ സാധനങ്ങളാണ് പീപ്പ്ള്‍സ് ഫൗണ്ടേഷന് ലഭിച്ചത്. അവ അര്‍ഹരായ 64587 കുടുംബങ്ങളില്‍ വിതരണം ചെയ്തു. ശുദ്ധജല സ്രോതസ്സുകളില്‍ മാലിന്യങ്ങള്‍ കലര്‍ന്നതിനാല്‍ പ്രളയ ദുരന്തമേഖലകളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായപ്പോള്‍  അതിനുള്ള പദ്ധതികള്‍ ഉടനടി ഫൗണ്ടേഷന്‍ നടപ്പിലാക്കി. ഇതുവഴി 44000 കുടുംബങ്ങളില്‍ ശുദ്ധജലമെത്തിച്ചു.
രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ സഹായവിതരണത്തിനും ശേഷം ശുചീകരണ പ്രവര്‍ത്തനങ്ങളായിരുന്നു പ്രളയപ്രദേശങ്ങളില്‍ നടന്നത്. കഞണ വളന്റിയര്‍മാരുടെ നേതൃത്വത്തില്‍ ഇതിലും പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ മാതൃകയായി. കേരള ജമാഅത്തെ ഇസ്‌ലാമി അമീറിന്റെ ആഹ്വാനപ്രകാരം കേരളത്തിന്റെ പല ഭാഗങ്ങളില്‍നിന്നുമെത്തിയ നാല്‍പ്പതിനായിരത്തോളം വളന്റിയര്‍മാരാണ് ദിവസങ്ങളോളം പ്രളയമേഖലകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടത്. 1322 വിദ്യാഭ്യാസ സ്ഥാപനങ്ങളും 7912 വീടുകളും 1905 കിണറുകളും ഈ വളന്റിയര്‍മാരുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേഷന്‍ ചെയ്യുന്നതിനുള്ള സംവിധാനവും ഈ ടീമിനുണ്ടായിരുന്നു. പ്രളയത്തില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്ന മാലിന്യനിര്‍മാര്‍ജന പദ്ധതികളും ഇരുപതിടങ്ങളില്‍ നടപ്പാക്കി.
പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കാന്‍ കേരള സര്‍ക്കാര്‍ പൊതുജനസഹായം അഭ്യര്‍ഥിച്ച ഘട്ടത്തിലാണ് അതിന് കരുത്ത് പകരാന്‍ കേരള ജമാഅത്തെ ഇസ്‌ലാമിയും ജനകീയ ഫണ്ട് സ്വരൂപിച്ചത്. 25 കോടി രൂപയാണ് കേരളത്തിനകത്തും പുറത്തുമുള്ള മലയാളികളും മറ്റ് ഉദാരമതികളും പുനരധിവാസ പദ്ധതികള്‍ക്കായി കേരള ജമാഅത്തെ ഇസ്‌ലാമിയെ ഏല്‍പ്പിച്ചത്. ഈ 25 കോടി രൂപ കൊ് ആസൂത്രിതമായ പുനരധിവാസ പദ്ധതികള്‍ പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ ആവിഷ്‌കരിച്ചു. സര്‍ക്കാര്‍ പദ്ധതികളുമായി ഏറ്റുമുട്ടാതിരിക്കാന്‍ പുനര്‍നിര്‍മാണ പദ്ധതികളുടെ പ്രോജക്ട് മുഖ്യമന്ത്രിക്ക് കൈമാറിയ ശേഷമാണ് ഫൗണ്ടേഷന്‍ അതിന്റെ പ്രവര്‍ത്തനങ്ങളാരംഭിച്ചത്.
വീട്, കുടിവെള്ളം, തൊഴില്‍, ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലായിരുന്നു പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ പദ്ധതികള്‍. പ്രളയത്തില്‍ പൂര്‍ണമായും വീട് നഷ്ടപ്പെട്ട 500 പേര്‍ക്കുള്ള പുതിയ വീടുകളുടെ നിര്‍മാണവും ഭാഗികമായി തകര്‍ന്ന ആയിരം വീടുകളുടെ പുനര്‍നിര്‍മാണവും ഉള്‍പ്പെടുന്ന പീപ്പ്ള്‍സ് ഹോം പദ്ധതിയായിരുന്നു പാക്കേജിലെ മുഖ്യ പ്രോജക്ട്. ഇതില്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ 60 വീടുകള്‍ നിര്‍മിച്ചു താമസക്കാര്‍ക്ക് കൈമാറാന്‍ സാധിച്ചു. 200 വീടുകളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. ഭാഗികമായി തകര്‍ന്ന 875 വീടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തി വാസയോഗ്യമാക്കി.
ഭൂരഹിതരായ പ്രളയബാധിതര്‍ക്ക് വേണ്ടിയുള്ള ടൗണ്‍ഷിപ്പ് പദ്ധതി ഹോം പ്രൊജക്ടില്‍ ശ്രദ്ധേയമായതാണ്. വയനാട് ജില്ലയിലെ പനമരത്താണ് 25 വീടുകള്‍, പ്രീ സ്‌കൂള്‍, കമ്യൂണിറ്റി സെന്റര്‍, പ്രാഥമികാരോഗ്യകേന്ദ്രം, സൂപ്പര്‍ മാര്‍ക്കറ്റ്, ഗ്രൗണ്ട് എന്നിവ ഉള്‍ക്കൊള്ളുന്ന ടൗണ്‍ഷിപ്പ് പദ്ധതി. ഇതിന്റെ ജോലികള്‍ അവസാനഘട്ടത്തിലാണ്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് രണ്ടരയേക്കര്‍ സ്ഥലത്തുള്ള ഈ ടൗണ്‍ഷിപ്പ് പ്രോജക്ടിന് ശിലാസ്ഥാപനം നിര്‍വഹിച്ചത്. ഒരു ഏരിയയില്‍ 15 വീടുകള്‍ വരെ ഉള്‍ക്കൊള്ളുന്ന മറ്റൊരു ഭവന പദ്ധതിയാണ് പീപ്പ്ള്‍സ് വില്ലേജ്. പ്രളയബാധിതര്‍ക്കായി നിലമ്പൂര്‍, മീനങ്ങാടി, മാനന്തവാടി, കോട്ടയത്തെ ഇല്ലിക്കല്‍ പ്രദേശങ്ങളിലാണ് ഇവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട ഭൂരഹിതര്‍ക്കായി ചില ഉദാരമതികള്‍ തങ്ങളുടെ ഭൂമി പീപ്പ്ള്‍സ് ഫൗണ്ടേഷനെ  ഏല്‍പ്പിക്കുകയായിരുന്നു. തിരുവനന്തപുരം സ്വദേശി അബ്ദുല്‍ വാഹിദ് മൗലവി ഒരേക്കര്‍ ഭൂമിയാണ് നല്‍കിയത്. കോഴിക്കോട് സ്വദേശി സിസ്റ്റര്‍ മണിക്കുട്ടി എസ് പിള്ളൈ, മാനന്തവാടി സ്വദേശി മമ്മൂട്ടി വെള്ളിയാട്ട് എന്നിവര്‍ ഭവന പദ്ധതികള്‍ക്കായി  ഒരേക്കറോളം ഭൂമി കൈമാറിയവരാണ്.
പ്രളയം ഏറെ ദുരിതം വിതച്ച വയനാട്, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഭവന പദ്ധതികള്‍ ഏറെ നടന്നതെങ്കിലും മറ്റു പ്രളയബാധിത ജില്ലകളിലും വീടുനിര്‍മാണങ്ങള്‍ നടക്കുന്നുണ്ട്. തിരുവനന്തപുരം (ഭവനനിര്‍മാണം-3, ഭാഗിക ഭവനപുനര്‍നിര്‍മാണം-2), ആലപ്പുഴ (ഭവനനിര്‍മാണം-40, ഭാഗിക പുനര്‍നിര്‍മാണം-122), പത്തനംതിട്ട (ഭവന നിര്‍മ്മാണം-6, ഭാഗിക പുനര്‍നിര്‍മാണം-47), കോട്ടയം (ഭവനനിര്‍മാണം-21, ഭാഗിക പുനര്‍നിര്‍മാണം-34), ഇടുക്കി (ഭവനനിര്‍മാണം-12, ഭാഗിക പുനര്‍നിര്‍മാണം-1), എറണാകുളം (ഭവനനിര്‍മാണം -27 ഭാഗിക പുനര്‍നിര്‍മാണം-548), തൃശൂര്‍ (ഭവനനിര്‍മാണം-14, ഭാഗിക പുനര്‍നിര്‍മാണം-6), പാലക്കാട് (ഭവനനിര്‍മാണം- 47, ഭാഗിക പുനര്‍നിര്‍മാണം- 32), മലപ്പുറം (ഭവനനിര്‍മാണം - 22, ഭാഗിക പുനര്‍നിര്‍മാണം-23), കോഴിക്കോട് (ഭവനനിര്‍മാണം-24, ഭാഗിക പുനര്‍നിര്‍മാണം-35), വയനാട് (ഭവനനിര്‍മാണം-44, ഭാഗിക പുനര്‍നിര്‍മാണം-18), കണ്ണൂര്‍ (ഭവനനിര്‍മാണം-1, ഭാഗിക പുനര്‍നിര്‍മാണം-1) എന്നിങ്ങനെയാണ് പീപ്പ്ള്‍സ് ഫൗണ്ടേഷനു കീഴിലുള്ള ഭവനനിര്‍മാണ പദ്ധതികളുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.
പ്രളയത്തില്‍ അനേകായിരം പേരുടെ ഉപജീവനമാര്‍ഗങ്ങള്‍ നശിച്ചുപോയിരുന്നു. സാധ്യമാകുന്നവര്‍ക്ക് അവരുടെ  തൊഴിലിലേക്ക് തിരിച്ചുവരാനുള്ള സംവിധാനം ഒരുക്കാനുള്ള പദ്ധതികളും പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ ആസൂത്രണം ചെയ്തിരുന്നു. കര്‍ഷക കുടുംബങ്ങള്‍ക്ക് അവര്‍ക്കാശ്യമായ കന്നുകാലികളും വിത്തുകളും നല്‍കിയും കൃഷിയിറക്കാന്‍  സഹായങ്ങള്‍ നല്‍കിയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കൈത്താങ്ങ് നല്‍കി. ചെറുകിട വ്യവസായസംരംഭങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് അത് പുനരാരംഭിക്കാനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിക്കൊടുത്തു. തയ്യല്‍ മെഷീന്‍, പുല്ലുവെട്ടു മെഷീന്‍ തുടങ്ങിയ സ്വയംതൊഴില്‍ ഉപകരണങ്ങളും വ്യാപകമായി വിതരണം ചെയ്തു. ഇങ്ങനെ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 728 പ്രളയബാധിതര്‍ക്ക് തൊഴില്‍ സംവിധാനമൊരുക്കി. കുടിവെള്ള സ്രോതസ്സുകളില്‍മാലിന്യം കലര്‍ന്നതിനാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ശുദ്ധജലക്ഷാമം പലയിടത്തും രൂക്ഷമായിരുന്നു. ഇത് പരിഹരിക്കുംവിധം, ഒരു പദ്ധതിക്ക് ഏകദേശം ഒരു ലക്ഷം രൂപ ചെലവ് വരുന്ന 50 കുടിവെള്ള പ്രോജക്ടുകളാണ് പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അത് പൂര്‍ണമായും നടപ്പിലാക്കി.
പ്രളയത്തിലും ശേഷമുണ്ടായ കെടുതികളിലും പരിക്കേല്‍ക്കുകയോ അസുഖബാധിതരാവുകയോ ചെയ്തവര്‍ക്ക് മികച്ച ഹോസ്പിറ്റലുകളില്‍ സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പുവരുത്തുന്ന പദ്ധതിയാണ് ആരോഗ്യരംഗത്ത് പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ നടപ്പിലാക്കിയത്. കേരളത്തിലെ ചില പ്രമുഖ ഹോസ്പിറ്റലുകളുമായി ഈ വിഷയത്തില്‍ ധാരണയിലെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ സംവിധാനം ഒരുക്കിയത്. പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ വളന്റിയര്‍മാര്‍ കണ്ടെത്തുന്ന അര്‍ഹരായ രോഗികള്‍ക്ക്  വിതരണം ചെയ്യുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് വഴിയായിരുന്നു ഈ സൗജന്യ ചികിത്സ. ഇതുവഴി 3100 പേര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണം ചെയ്തു. പ്രളയത്തില്‍ പുസ്തകങ്ങളും ലാപ്‌ടോപ്പടക്കമുള്ള പഠനോപകരണങ്ങളും നശിച്ച സ്‌കൂള്‍ - കോളേജ് വിദ്യാര്‍ഥികള്‍ക്ക് അവ ഉള്‍പ്പെടുന്ന കിറ്റുകളും സാമ്പത്തിക സഹായം ആവശ്യമുള്ളവര്‍ക്ക്  സ്‌കോളര്‍ഷിപ്പുകളും നല്‍കുന്ന പദ്ധതിയായിരുന്നു വിദ്യാഭ്യാസരംഗത്ത് നടപ്പാക്കിയത്. പ്രളയത്തെ തുടര്‍ന്ന് ആഴ്ചകളോളം സ്‌കൂള്‍ അടഞ്ഞു കിടന്നിരുന്ന പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിംഗ് - മോട്ടിവേഷന്‍ ക്ലാസുകള്‍ക്കും ഫൗണ്ടേഷന്‍ നേതൃത്വം നല്‍കി.  
പ്രളയ കെടുതികള്‍ നേരിട്ടവരുടെ സര്‍ക്കാര്‍ രേഖകള്‍ പരിശോധിച്ച് അതില്‍നിന്ന് ഏറ്റവും അര്‍ഹരെന്ന്  പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ വളന്റിയര്‍മാര്‍ കണ്ടെത്തിയവരെയാണ് ഓരോ പദ്ധതിയിലും ഉള്‍പ്പെടുത്തിയത്. ആവശ്യമായ ഐഡന്റിറ്റി രേഖകളോ സ്വന്തമായി ഭൂമിയോ ഇല്ലാത്തതുകാരണം സര്‍ക്കാര്‍ സഹായം ലഭിക്കാന്‍ തടസ്സങ്ങള്‍ നേരിടുന്നവര്‍ക്കും സ്ത്രീഗൃഹനാഥയായുള്ള കുടുംബങ്ങള്‍ക്കും വിധവകളടക്കമുള്ള മറ്റു നിരാലംബര്‍ക്കുമായിരുന്നു പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ പദ്ധതികളില്‍ മുന്‍ഗണന. മൂന്ന് ഘട്ടങ്ങളിലായി രണ്ടുവര്‍ഷമെടുത്ത് പൂര്‍ത്തിയാക്കുന്ന പുനര്‍നിര്‍മാണ പാക്കേജാണ് പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തിനകം തന്നെ അതില്‍ 70 ശതമാനം പ്രൊജക്ടുകളും പൂര്‍ത്തീകരിച്ചിരിക്കുന്നു. പല പദ്ധതികളും അതിന്റെ അവസാനഘട്ടത്തിലാണുള്ളത്. ഒരു വര്‍ഷത്തിനകം അവ മുഴുവന്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

Other Post

ഹദീസ്‌

ജീവിതം ചിട്ടപ്പെടുത്തുന്നത് എങ്ങനെ?
മൂസ ഉമരി, പാലക്കാട്

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (7-11)
ടി.കെ ഉബൈദ്‌