Prabodhanm Weekly

Pages

Search

2019 ആഗസ്റ്റ് 23

3114

1440 ദുല്‍ഹജ്ജ് 21

വിദേശ പര്യടനവും പഠനവും

എം.വി മുഹമ്മദ് സലീം

(ജീവിതം-5 )

മര്‍ഹൂം യു.കെ ഇബ്‌റാഹീം മൗലവി മാപ്പിളപ്പാട്ട് രീതിയില്‍ ഇസ്‌ലാമിക ഗാനങ്ങള്‍ രചിക്കുന്നതില്‍ അഗ്രഗണ്യനായിരുന്നു. അദ്ദേഹത്തിന്റെ 'മൂസാ നബിയും ഫിര്‍ഔനും' എന്ന കഥാപ്രസംഗത്തില്‍നിന്ന് ആവേശം പൂണ്ട് ഞാന്‍ ഇബ്‌റാഹീം നബിയുടെ കഥ ഗാനങ്ങളാക്കി. കൊടുവള്ളി മദ്‌റസയില്‍ ആദ്യമായി കഥാപ്രസംഗം അരങ്ങേറി. 'ത്യാഗത്തിന്റെ തീച്ചൂളയില്‍' എന്നായിരുന്നു ഗാന സമാഹാരത്തിന്റെ പേര്. അടുത്ത വര്‍ഷം പ്രസ്തുത പരിപാടി സംക്ഷേപിച്ച് ആള്‍ ഇന്ത്യാ റേഡിയോ  കോഴിക്കോട് നിലയത്തില്‍നിന്ന് പ്രക്ഷേപണം ചെയ്തു. 
ഞാനും കൂട്ടുകാരും സംഗീതോപകരണങ്ങള്‍ ഇല്ലാതെയാണ് കഥാപ്രസംഗം അവതരിപ്പിച്ചിരുന്നത്. എന്നാല്‍ റേഡിയോയില്‍ നിലയവിദ്വാന്മാരുടെ സംഗീതത്തിന്റെ അകമ്പടിയില്‍ അവതരിപ്പിച്ച പരിപാടി അത്യന്തം ആകര്‍ഷകമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പെരുന്നാളിന് ചേന്ദമംഗല്ലൂര്‍ വയലില്‍ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ചരിത്രാഖ്യാനം ആകര്‍ഷകമായ ഗാനങ്ങളിലൂടെ സംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ചു. മുന്‍കൂര്‍ ജാമ്യമായി സംഗീതം ഇസ്‌ലാമില്‍ അനുവദനീയമാണെന്ന് സമര്‍ഥിക്കുന്ന ഒരു ഉദ്ഘാടന പ്രസംഗം ഒ. അബ്ദുല്ല സാഹിബ് നടത്തി. സദസ്സ് സാകൂതം ശ്രദ്ധിച്ചു. പരിപാടി ഗംഭീരമായി. എന്നാല്‍ എന്റെ കഥാപ്രസംഗ സംരംഭത്തിന്റെ അന്തകനായിത്തീര്‍ന്നു ആ പരിപാടി.  മര്‍ഹൂം കെ.സി അബ്ദുല്ല മൗലവി എന്റെ ഒരടുത്ത സുഹൃത്തായ മുഹമ്മദ് സഗീര്‍ മൗലവിയോട് എന്നെ കഥാപ്രസംഗത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ആവശ്യപ്പെട്ടു. മതപണ്ഡിതന്മാര്‍ക്ക് യോജിച്ചതല്ല ഇത്തരം പരിപാടികള്‍  എന്നതായിരുന്നു കെ.സിയുടെ ന്യായം. ആ ഗുണകാംക്ഷ മാനിച്ച് ഞാനാ കലയോട് വിട പറഞ്ഞു. അതോടെ ഗാനരചനയിലുള്ള എന്റെ താല്‍പര്യവും കുറഞ്ഞു. 
1965 ജൂലൈ മാസത്തില്‍ ശാന്തപുരം കോളേജില്‍  അവസാനത്തെ പരീക്ഷ കഴിഞ്ഞു. ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കു വേണ്ടി ജമാഅത്ത് അമീര്‍ ഒരു പ്രത്യേക യോഗം വിളിച്ചു. മനസ്സില്‍ തട്ടുന്ന  ഒരു ഉദ്‌ബോധനം. അതിനുശേഷം അദ്ദേഹം ഓരോരുത്തരുടെയും ഭാവി പരിപാടികളെക്കുറിച്ച് ചോദിച്ചു. കേരളത്തിലെ ഇസ്‌ലാമിക പ്രബോധന രംഗത്ത്  തങ്ങള്‍ക്ക് നിര്‍വഹിക്കാനാവുന്ന സേവനങ്ങളെ കുറിച്ചാണ് മിക്കവരും മറുപടി പറഞ്ഞത്. എന്റെ പ്രതികരണം വ്യത്യസ്തമായിരുന്നു. ഇസ്‌ലാമിക വിജ്ഞാനങ്ങളില്‍ ആഴത്തില്‍ അവഗാഹം നേടണം, അതിനായി വിദേശത്ത് പോയി പഠിക്കാന്‍ അവസരം ലഭിക്കണം. ഇതായിരുന്നു എന്റെ ആഗ്രഹം. പ്രബോധകരെ വാര്‍ത്തെടുക്കുക എന്ന ഇസ്‌ലാമിയാ കോളേജിന്റെ  ലക്ഷ്യത്തിന് നിരക്കുന്നതായിരുന്നില്ല എന്റെ ചിന്ത എന്നു പറയേണ്ടതില്ല. അതിനാല്‍ അമീര്‍ കെ.സി അബ്ദുല്ല മൗലവി സ്വതഃസിദ്ധമായ ശൈലിയില്‍ എന്റെ ആശയത്തെ  നഖശിഖാന്തം എതിര്‍ത്തു. വിദേശത്ത് പോയി സുഖിക്കുന്നത് സ്വപ്‌നം കാണുകയാണ്  ഞാന്‍ എന്ന് കളിയാക്കി. 
എന്നാല്‍ ഒരു കളിയാക്കലില്‍ മാറുന്നതായിരുന്നില്ല എന്റെ മനസ്സ്. മര്‍ഹും കെ.എം മൗലവിയുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹവുമായി ഞാന്‍ ഈ ആശയം പങ്കുവെച്ചിരുന്നു. അദ്ദേഹമത്  വളരെ അനുഭാവപൂര്‍വം പരിഗണിച്ചു. എനിക്കുവേണ്ടി മദീന ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലേക്ക്  വീണ്ടും വീണ്ടും കത്തെഴുതി. എന്നാല്‍ അല്ലാഹു നിശ്ചയിച്ച സമയമാകാത്തതിനാല്‍ ആ കത്തുകള്‍ക്കെല്ലാം ഇപ്പോള്‍ അവസരമില്ല എന്ന മറുപടിയായിരുന്നു ലഭിച്ചത്. വിദേശബന്ധമുള്ള വ്യക്തികളില്‍ എനിക്ക് അടുത്ത് പരിചയമുള്ള  പണ്ഡിതന്‍ കെ.എം മൗലവി മാത്രമായിരുന്നു.
വര്‍ഷങ്ങള്‍ കടന്നുപോയി. പണ്ഡിതന്മാരുടെ കാര്യത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനം പുനര്‍വായന നടത്തി. അങ്ങനെയാണ് മദീനയില്‍ ഉന്നത വിദ്യാഭ്യാസം നേടാന്‍ ശാന്തപുരത്ത് പഠിച്ച വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിച്ചത്. ടി.കെ ഇബ്‌റാഹീം, ഹൈദറലി ശാന്തപുരം, വി.പി അഹ്മദ് കുട്ടി തുടങ്ങിയവര്‍ക്കാണ്  ഇതിനായി സെലക്ഷന്‍ ലഭിച്ചത്. 
വിദേശത്തു പോയി കൂടുതല്‍ വിജ്ഞാനം നേടാനുള്ള ആഗ്രഹം മനസ്സില്‍ മായാതെ കിടന്നു. അങ്ങനെയിരിക്കെ മര്‍ഹൂം അബുല്‍ ജലാല്‍ മൗലവി ഒരു ഗള്‍ഫ് യാത്ര നടത്തി. ശാന്തപുരം പൂര്‍വ വിദ്യാര്‍ഥിയായിരുന്ന  മര്‍ഹൂം പി. കെ മുഹമ്മദലിയാണ് ഇതിനു വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയത്. അദ്ദേഹം ഖത്തറില്‍ ജോലി ചെയ്യുകയായിരുന്നു. വിദേശത്തായിരിക്കെ ശാന്തപുരം കോളേജിന്റെ കാര്യത്തില്‍ അതീവ തല്‍പരനായിരുന്നു  അദ്ദേഹം. വിദ്യാര്‍ഥികള്‍ക്കുള്ള പ്രോത്സാഹന സമ്മാനങ്ങളടക്കം അദ്ദേഹത്തിന്റെ സംഭാവനകള്‍ ധാരാളമായി കോളേജിനു ലഭിച്ചുകൊണ്ടിരുന്നു. 
മൗലവിയുടെ യാത്ര ശാന്തപുരം കോളേജിന് ഫണ്ട് കണ്ടെത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു. കൂട്ടത്തില്‍ ശാന്തപുരത്ത് പഠിച്ചിറങ്ങിയ അഞ്ചു പേര്‍ക്ക് ഖത്തറില്‍ പഠിക്കാനുള്ള അംഗീകാരവുമായാണ് അദ്ദേഹം തിരിച്ചുവന്നത്. അഞ്ചില്‍ ഒരാള്‍ മുഹമ്മദ് സലീം ആകട്ടെ എന്ന് മൗലവി നിര്‍ദേശിച്ചു. അങ്ങനെയാണ് ഖത്തറിലേക്ക് പോകാന്‍ അവസരം ഒരുങ്ങിയത്. ബാക്കി നാലു പേര്‍ പി.എ സ്വാലിഹ് പൊന്നാനി, ഒ.പി ഹംസ മൗലവി ഒലിപ്പുഴ, എ. മുഹമ്മദലി ആലത്തൂര്‍, ചേന്ദമംഗല്ലൂരില്‍നിന്ന് പഠിച്ചിറങ്ങിയ  സി.ടി അബ്ദുര്‍റഹീം. 
ഞങ്ങളുടെ കൂട്ടത്തില്‍ പാസ്പോര്‍ട്ടുള്ളത് മൂന്ന് പേര്‍ക്കു മാത്രം. ഒ.പി ഹംസ,  എ. മുഹമ്മദലി എന്നിവര്‍ക്ക് പാസ്പോര്‍ട്ട് ഇല്ല. ഇന്നത്തെ പോലെ അന്ന് എല്ലാവരും പാസ്പോര്‍ട്ട് എടുത്ത് വെക്കാറില്ല. വിദേശത്ത് പഠിക്കല്‍ എന്റെ സ്വപ്നമായിരുന്നതുകൊണ്ട് നേരത്തേ തന്നെ ഞാന്‍ പാസ്പോര്‍ട്ട് എടുത്തിരുന്നു. ബന്ധുക്കള്‍ മുഖേന വിസ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സ്വാലിഹ് പൊന്നാനിയും സി.ടി അബ്ദുര്‍റഹീമും പാസ്‌പോര്‍ട്ട് എടുത്ത് വെച്ചിരുന്നത്. 
അന്ന് ഖത്തര്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനു കീഴിലുള്ള ഉടമ്പടി രാഷ്ട്രമായിരുന്നു (TRUCIAL STATE). ഇന്ത്യയില്‍ വിസ അടിച്ചു നല്‍കുക ബ്രിട്ടീഷ് ഹൈകമീഷണര്‍. വിസ ശരിയാക്കാന്‍ ഞങ്ങള്‍ മൂന്നു പേരും ബോംബെയില്‍ പോയി. ബ്രിട്ടീഷ് ഹൈകമീഷനില്‍നിന്ന് വിസ അടിച്ചു വാങ്ങി. ഞങ്ങള്‍ക്ക് വിമാന ടിക്കറ്റയച്ചത് സിറിയന്‍ എയര്‍ ലൈസന്‍സിന്റെ ബോംബെ ഓഫീസിലേക്കാണ്. ഞങ്ങള്‍ മന്ത്രാലയത്തിന്റെ കത്തും വിസയടിച്ച പാസ്‌പോര്‍ട്ടുമായി എയര്‍ലൈന്‍സിനെ സമീപിച്ചു. അപ്പോഴാണ് ഞെട്ടിക്കുന്ന ഒരു പുതിയ വിവരം. വിമാന ടിക്കറ്റ് ഇഷ്യൂ ചെയ്യണമെങ്കില്‍ പി. ഫോം നിര്‍ബന്ധം. വിദേശ യാത്ര നടത്താന്‍ ഒരാള്‍ക്ക് സാമ്പത്തിക സൗകര്യമുണ്ട് എന്ന് റിസര്‍വ് ബാങ്ക് സാക്ഷ്യപ്പെടുത്തുന്നതാണ് പി. ഫോം. അത് ലഭിക്കണമെങ്കില്‍ രണ്ടു മാസത്തോളം അതിന്റെ പിറകെ നടക്കണം. കാരണം ഞങ്ങള്‍ ഇന്‍കം ടാക്സ് അടക്കുന്നവരല്ല. ടാക്‌സ് അടക്കുന്ന വ്യക്തികള്‍ക്ക് കാര്യം എളുപ്പമാണ്. ഇന്‍കം ടാക്സ് നമ്പര്‍ കാണിച്ചാല്‍ പി. ഫോം കിട്ടും.
കാര്യമറിഞ്ഞപ്പോള്‍ ബോംബെയിലെ എന്റെ ഒരു സുഹൃത്ത് പറഞ്ഞു: 'അടുത്ത ആഴ്ച കപ്പല്‍ പോകുന്നുണ്ട്. കപ്പല്‍ യാത്രയില്‍ ഈ വക സങ്കീര്‍ണതകള്‍ ഒന്നുമില്ല.' അത് നല്ല നിര്‍ദേശമായി തോന്നി. പിന്നീട് ഒട്ടും വൈകിച്ചില്ല. സുഹൃത്തുക്കളുടെ സഹകരണത്തോടെ കപ്പലിന് ടിക്കറ്റ് എടുത്തു. ഒരാഴ്ചക്കു ശേഷം യാത്ര.  അന്നുവരെ കപ്പലില്‍ യാത്ര ചെയ്തിട്ടില്ല. അങ്ങനെ ചിന്തിച്ചിട്ടുമില്ല. കപ്പല്‍ യാത്ര എന്താണെന്നു പോലും അറിയില്ല.
1971 ഫെബ്രുവരി അന്ത്യവാരത്തില്‍ അതിരാവിലെ  ഞങ്ങള്‍ ബോംബെ തുറമുഖത്തെത്തി. പാസ്‌പോര്‍ട്ട് പരിശോധനയും മറ്റും പെട്ടെന്ന് കഴിഞ്ഞു. ദുംറ, ദ്വാരക എന്നീ കപ്പലുകളാണ് ഗള്‍ഫിലേക്ക് സര്‍വീസ് നടത്തിയിരുന്നത്. ദുംറയിലാണ് ഞങ്ങളുടെ യാത്ര. കടലിന്റെ ഗന്ധം സുഖകരമായിരുന്നില്ല. അലകള്‍ക്കൊപ്പം ആടിക്കൊണ്ടിരിക്കുന്ന കപ്പലില്‍ ഒരു വിധത്തില്‍ ഞങ്ങളും കയറിപ്പറ്റി. വെള്ളത്തിനടിയിലുള്ള ഭാഗത്താണ് ഞങ്ങള്‍ക്കിടം കിട്ടിയത്. മുകളില്‍ ഡക്കിലായിരുന്നെങ്കില്‍ നല്ല കാറ്റു ലഭിക്കുമായിരുന്നു. സൈ്വരമായി ഒരു മൂലയില്‍ ഞങ്ങള്‍ സ്ഥലം പിടിച്ചു. കപ്പലില്‍ നിര്‍ണിത സീറ്റുകളില്ലായിരുന്നു. നമ്മുടെ പെട്ടിയും വിരിപ്പും വെക്കുന്ന സ്ഥലമാണ് നമ്മുടേത്. ഒരാഴ്ചക്കാലം ഞങ്ങള്‍ക്ക് താമസിക്കാനുള്ള ഇടമാണത്. 
ഞങ്ങളുടെ കൂടെ പലതരത്തിലുള്ള യാത്രക്കാരുണ്ടായിരുന്നു. കപ്പല്‍യാത്ര ഉല്ലസിക്കാനും ആസ്വദിക്കാനുമുള്ള അവസരമായി  ഉപയോഗപ്പെടുത്തുന്നവരായിരുന്നു ഭൂരിപക്ഷം. ഞങ്ങള്‍ മൂന്നു പേരും വ്യത്യസ്തരായിരുന്നു. കപ്പലില്‍ ഞങ്ങള്‍ നമസ്‌കാരം നിര്‍വഹിക്കുന്നത് പലരും കൗതുകത്തോടെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. വിനോദത്തിനു വേണ്ടി ശീട്ടു കളിക്കുന്നവരും മദ്യപാനത്തില്‍ ആനന്ദം കണ്ടെത്തുന്നവരും ധാരാളം. അനാശാസ്യമായ പലതും നടക്കുന്ന സ്ഥലമാണ് കപ്പലെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. എന്നാല്‍ ഞങ്ങളുടെ ചിട്ടയും വ്യവസ്ഥയും മറ്റുള്ളവരുടെ ആദരവിനു കാരണമായി. തങ്ങള്‍ ചെയ്യുന്നില്ലെങ്കിലും നല്ല കാര്യങ്ങളോട് അവര്‍ക്കെല്ലാം ബഹുമാനമായിരുന്നു.
കപ്പല്‍ ആദ്യം ബോംബെയില്‍നിന്ന് കറാച്ചിയിലേക്ക് തിരിച്ചു.  കപ്പലിന്റെയും കടലിന്റെയും സുഖകരമല്ലാത്ത ഗന്ധമല്ലാതെ ദൈര്‍ഘ്യം കുറഞ്ഞ ആ യാത്രയില്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ല. കറാച്ചിയില്‍ ഒരു ദിവസം കപ്പല്‍ നിര്‍ത്തിയിട്ടു. ഗള്‍ഫിലേക്കുള്ള ചരക്കുകള്‍ കയറ്റാനുണ്ടായിരുന്നു. പിന്നെ കറാച്ചിയില്‍നിന്ന് ബലൂചിസ്താനിലെ ഗോദര്‍ തുറമുഖത്തേക്ക് നീങ്ങി. ഗോദറില്‍ കപ്പല്‍ നങ്കൂരമിട്ടു. ബോട്ടുകളിലാണ് യാത്രക്കാര്‍ കപ്പലില്‍ എത്തിയത്. അവിടെ ഏതാനും മണിക്കൂറുകളേ കപ്പല്‍ തങ്ങിയുള്ളൂ. ഗോദറില്‍നിന്ന് നേരെ അറബിക്കടല്‍ മുറിച്ചുകടന്ന് മസ്‌കത്തിലേക്ക്. 
ഗോദര്‍ മുതല്‍ മസ്‌കത്ത് വരെയുള്ള യാത്ര അത്യന്തം ആനന്ദകരമായിരുന്നു. അറബിക്കടലിന്റെ ചലനമടങ്ങാത്ത അലകളുടെ പ്രകൃതി മാറി. തെളിഞ്ഞ നിശ്ചലമായ നീലക്കടല്‍.  നല്ല അന്തരീക്ഷം, കുളിര്‍കാറ്റ്. പുലര്‍ച്ചെ ഞങ്ങള്‍ പുറത്തിറങ്ങി ഡെക്കില്‍ കയറി കടല്‍ഭംഗി ആസ്വദിച്ചു. കപ്പല്‍ നീങ്ങുന്നതിനൊപ്പം മത്സരിച്ച് നീന്തുന്ന ഡോള്‍ഫിനുകള്‍ ഒരസാധാരണ കാഴ്ചയായിരുന്നു. ഞങ്ങളുടെ സംരക്ഷണച്ചുമതല ഏറ്റെടുത്ത പോലെയായിരുന്നു കപ്പലിന്റെ കൂടെ അവയുടെ നീന്തല്‍.  അതിലേറെ കൗതുകകരമായിരുന്നു പറക്കുന്ന മത്സ്യങ്ങള്‍! കപ്പല്‍ അടുത്തെത്തുമ്പോള്‍ അവ കൂട്ടം കൂട്ടമായി മുന്നോട്ട് പറന്ന് പത്തു മുപ്പത് മീറ്ററിനപ്പുറം വെള്ളത്തില്‍ പോയി വീഴും, വീണ്ടും പറക്കും.
മസ്‌കത്തില്‍ അന്ന് പോര്‍ട്ടുണ്ടായിരുന്നില്ല. കപ്പല്‍ കരയോടടുത്ത് കടലില്‍ നങ്കൂരമിട്ടു. ബോട്ടില്‍ ചരക്കുകളും യാത്രക്കാരും കരയിലെത്തി. കറാച്ചിയിലെ തൊഴിലാളികള്‍ നല്ല പൊക്കമുള്ള ആജാനുബാഹുക്കള്‍. മസ്‌കത്തിലെ തൊഴിലാളികള്‍ വളരെ കുറിയവരും. ചരക്കിറക്കാന്‍ വലിയ ക്രെയിനില്ലാത്തതിനാല്‍  ധാരാളം സമയമെടുത്തു. അവിടെനിന്ന് യാത്ര ദുബൈ പോര്‍ട്ടിലേക്കായിരുന്നു. ബോംബെയും കറാച്ചിയും വിട്ട ശേഷം സര്‍വ സജ്ജീകരണങ്ങളുമുള്ള തുറമുഖം കണ്ടത് ദുബൈയിലാണ്. അവിടെ ധാരാളം പേര്‍ ഇറങ്ങി. ഏറ്റവുമധികം ചരക്കുകള്‍ ഇറക്കിയതും അവിടെത്തന്നെ. സി.ടി അബ്ദുര്‍റഹീമിന്റെ അളിയന്‍ കപ്പലിനടുത്ത് വന്ന് ഞങ്ങളോട് കുശലം പറഞ്ഞു. ഖത്തറിലും ദുബൈയിലും അന്ന് ഒരേ കറന്‍സിയാണെന്ന് അദ്ദേഹം പറഞ്ഞു. വൈകുന്നേരം നാലു മണിക്ക് കപ്പല്‍ ഖത്തറിലേക്ക് യാത്ര തിരിച്ചു. 
സൂര്യാസ്തമയത്തോടെ അലമാലകള്‍ക്ക് ശക്തി കൂടി. ഇത് കടല്‍ ക്ഷോഭിക്കുന്നതിന്റെ ലക്ഷണമാണെന്ന് ആരോ പറഞ്ഞു. താമസിയാതെ അലമാലകള്‍ കപ്പലിനെ ഉയരത്തില്‍ പൊക്കി താഴെയിട്ടുകൊണ്ടിരുന്നു. അതിഭീകരം! യാത്രക്കാര്‍ ചകിതരായി.  തലകറക്കവും ഛര്‍ദിയുമാണ് അധിക പേരെയും ഉടനെ ബാധിച്ചത്. പെട്ടെന്ന് എല്ലാവരും അവശരായി. ഞാന്‍ കൈയില്‍ കരുതിയിരുന്ന ഹോമിയോ മരുന്ന് കഴിച്ചു; കൂട്ടുകാര്‍ക്കും നല്‍കി. ഏറെ നേരം അവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. എന്തോ, ഞാനൊരു വിധം തളരാതെ  നിന്നു. പലേടത്തും നടന്നു യാത്രക്കാരെ നിരീക്ഷിച്ചു. സ്ഥിരമായി യാത്ര ചെയ്യുന്ന കപ്പല്‍ പണിക്കാര്‍ മാത്രമേ അവശതക്ക് വഴങ്ങാതുള്ളൂ. മറ്റുള്ളവര്‍ അവശരായി കിടക്കുന്നു. ചിലര്‍ വാവിട്ടു കരയുന്നു. രാത്രിഭക്ഷണത്തിന് കപ്പല്‍ പണിക്കാര്‍ വന്ന് വിളിച്ചപ്പോള്‍  പ്രതിഷേധമായിരുന്നു പലരുടെയും പ്രതികരണം. 
ഞങ്ങളുടെ തൊട്ടുള്ള തട്ടില്‍ തിമിര്‍ത്ത് കളിച്ചിരുന്നവര്‍ ഞങ്ങള്‍ക്ക് ചുറ്റും വന്നു നിന്ന് പ്രാര്‍ഥിക്കാന്‍ താണുകേണപേക്ഷിച്ചു. അപ്പോള്‍ ഞാനോര്‍ത്തത് വിശുദ്ധ ഖുര്‍ആനില്‍ സൂറഃ യൂനുസിലെ ഇരുപത്തി രണ്ടാം വചനമായിരുന്നു: ''അവനാകുന്നു കരയിലും കടലിലും നിങ്ങള്‍ക്ക് സഞ്ചാരസൗകര്യം നല്‍കുന്നത്. അങ്ങനെ നിങ്ങള്‍ കപ്പലുകളിലായിരിക്കുകയും നല്ല ഒരു കാറ്റ് നിമിത്തം യാത്രക്കാരെയും കൊണ്ട് അവ സഞ്ചരിക്കുകയും അവരതില്‍ സന്തുഷ്ടരാവുകയും ചെയ്തപ്പോള്‍, ഒരു കൊടുങ്കാറ്റ് വീശി. എല്ലായിടത്തുനിന്നും അലമാലകള്‍ അവരുടെ നേര്‍ക്കു വന്നു. അവര്‍ വിചാരിച്ചു; തങ്ങള്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നുവെന്ന്. അപ്പോള്‍ വിധേയത്വം അല്ലാഹുവിന് മാത്രമാക്കി അവര്‍ പ്രാര്‍ഥിച്ചു: ഞങ്ങളെ നീ ഇതില്‍നിന്ന് രക്ഷപ്പെടുത്തിയാല്‍ തീര്‍ച്ചയായും ഞങ്ങള്‍ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കും'' (10:22).
ആര്‍ക്കും ഭക്ഷണം വേണ്ട. യാത്രക്കാരില്‍ എണ്‍പതു  ശതമാനവും ഛര്‍ദിച്ചവശരായി. രാത്രി മുഴുവന്‍ ഈ ദുഃസ്ഥിതി തുടര്‍ന്നു. ക്ഷോഭിച്ച കടല്‍ കപ്പലിനെ എടുത്തെറിയുകയാണ്. അടുത്ത ദിവസം ഉച്ചയാകാറായി. അപ്പോള്‍ കടല്‍ അല്‍പം ശാന്തമായിരുന്നു. വൈകുന്നേരത്തോടെ കപ്പല്‍ ഖത്തറിന്റെ കടലിലെത്തി. ഖത്തറില്‍ അന്ന് പോര്‍ട്ടില്ല. തീരത്തോടടുത്ത് കടലില്‍ കപ്പല്‍ നങ്കൂരമിടും. അപ്പോള്‍ ബോട്ട് വന്ന് യാത്രക്കാരെ കൊണ്ടുപോകും. അന്ന് കാലാവസ്ഥ അനുകൂലമായിരുന്നില്ല. കപ്പല്‍ നങ്കൂരമിടുന്ന സ്ഥലത്തേക്ക് അടുപ്പിക്കാന്‍ കഴിയില്ലെന്ന് ഖത്തറിലെ നാവിക ഉദ്യോഗസ്ഥന്‍ കപ്പിത്താനെ അറിയിച്ചു. ഞങ്ങള്‍ കടലിന്റെ നടുവില്‍. എല്ലാവരും അസ്വസ്ഥര്‍. ആശങ്കയുടെ മുള്‍മുനയില്‍ നിന്ന നിമിഷങ്ങള്‍. ഒടുവില്‍ കപ്പിത്താന്‍ സാഹസികമായി സ്വന്തം ഉത്തരവാദിത്തത്തില്‍ കപ്പല്‍ അടുപ്പിച്ചു. 
ഒരു കയറിന്റെ കോണിയിലൂടെ വേണം പെട്ടികള്‍ ബോട്ടിലിറക്കാന്‍. ആളുകള്‍ ഇറങ്ങുന്നതും അതിലൂടെ സാഹസികമായിത്തന്നെ. കപ്പല്‍ ജീവനക്കാര്‍ ഒരു വിധം ഞങ്ങളെ കരക്കെത്തിച്ചു. അവസാനം ഞങ്ങള്‍ ഖത്തറില്‍ ഇറങ്ങി. അല്ലാഹുവിന് സ്തുതി! ഒരുപാട് നാള്‍ കൂടെ കൊണ്ടുനടന്ന സ്വപ്നം യാഥാര്‍ഥ്യമായതിലുള്ള സന്തോഷം. എമിഗ്രേഷന്‍ പരിശോധന പൂര്‍ത്തിയായി. ഞങ്ങളെ സ്വീകരിക്കാന്‍ പ്രസ്ഥാന ബന്ധുക്കളായ ചില മലയാളി സഹോദരന്മാര്‍  കാത്തുനില്‍പ്പുണ്ടായിരുന്നു.  അവര്‍ ഞങ്ങളെ റെസ്റ്റോറന്റില്‍ കൊണ്ടുപോയി സല്‍ക്കരിച്ചു. ആ സല്‍ക്കാരം എടുത്തുപറയേണ്ടതാണ്. കപ്പലില്‍ കയറിയ ശേഷം രുചിയുള്ള ആഹാരമൊന്നും കിട്ടിയിരുന്നില്ല.  ഞങ്ങളെ ഹോസ്റ്റലില്‍ കൊണ്ടുവിട്ട ശേഷമാണ് അവര്‍ പിരിഞ്ഞത്. ഞങ്ങള്‍ വരുമെന്ന് സുഹൃത്തുക്കള്‍ മന്ത്രാലയത്തില്‍ അറിയിച്ചിരുന്നു. അതുകൊണ്ട് ഞങ്ങള്‍ക്ക് വേണ്ട സൗകര്യമെല്ലാം ഹോസ്റ്റലില്‍ ഒരുക്കിയിരുന്നു. 
ഹോസ്റ്റല്‍ സംവിധാനം വളരെ  ആകര്‍ഷകമായി തോന്നി. ആഫ്രിക്ക, ഫിലിപ്പൈന്‍സ്, യമന്‍, യു.എ.ഇ തുടങ്ങി പല രാജ്യങ്ങളില്‍നിന്നുമുള്ള വിദ്യാര്‍ഥികള്‍ ഹോസ്റ്റലിലുണ്ടായിരുന്നു. സ്നേഹവും സൗഹൃദവും നിറഞ്ഞ അന്തരീക്ഷം. ഹോസ്റ്റല്‍ കോമ്പൗണ്ടില്‍ തന്നെ പള്ളി. വിനോദ പരിപാടികള്‍ക്ക് ഒരു ഹാള്‍. അതില്‍ ടി.വിയുണ്ട്. വാര്‍ത്ത വിശദമായി കേള്‍ക്കാം. ഒഴിവുദിനങ്ങളില്‍ ചില അറബി ചലച്ചിത്രങ്ങളും കാണാം. ടെലിവിഷന്‍ ഞങ്ങള്‍ക്ക് പുതുമയായിരുന്നു. ചിത്രങ്ങള്‍ക്ക് പല വര്‍ണങ്ങള്‍ വന്നുതുടങ്ങിയിട്ടില്ല. വെളുപ്പും കറുപ്പും മാത്രം.
ഖത്തറിലെ മതകാര്യ വിദ്യാലയത്തിലാണ് ഞങ്ങള്‍ക്ക് പഠനസൗകര്യമൊരുക്കിയിരുന്നത്. അതിരാവിലെ ഞങ്ങളെ അവിടെ എത്തിച്ചു. അല്‍ മഅ്ഹദുദ്ദീനി (മത വിദ്യാലയം) എന്നാണ് സ്ഥാപനത്തിന്റെ പേര്‍. ഡയറക്ടര്‍ ശൈഖ് യൂസുഫുല്‍ ഖറദാവി. അധ്യാപകരില്‍ ഭൂരിഭാഗവും അസ്ഹര്‍ യൂനിവേഴ്സിറ്റി ബിരുദധാരികള്‍. 
സെക്രട്ടറി വിവരം നല്‍കിയപ്പോള്‍ ശൈഖ് ഖറദാവി ഞങ്ങളെ വിളിപ്പിച്ചു. ഞങ്ങളുടെ സര്‍ട്ടിഫിക്കറ്റും പഠിച്ച സിലബസും പരിശോധിച്ചു. അദ്ദേഹം പറഞ്ഞു: 'ഞങ്ങള്‍ ഇവിടെ പഠിപ്പിക്കുന്ന സിലബസ് നിങ്ങള്‍ പഠിച്ചതിനേക്കാള്‍ താഴെയുള്ളതാണ്.' അപ്പോള്‍ ഞാന്‍ പറഞ്ഞു: 'ഞങ്ങള്‍ പണ്ഡിതന്മാരുടെ ശിഷ്യത്വം സ്വീകരിക്കാന്‍ വന്നതാണ്. ഇവിടെ മുസ്ലിം ലോകത്തെ ഉന്നത പണ്ഡിതന്മാരുണ്ട്. അവരുടെ ശിഷ്യരാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.' ഈ മറുപടി ശൈഖിന് ഇഷ്ടമായി. 

(തുടരും)

Comments

Other Post

ഹദീസ്‌

ജീവിതം ചിട്ടപ്പെടുത്തുന്നത് എങ്ങനെ?
മൂസ ഉമരി, പാലക്കാട്

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (7-11)
ടി.കെ ഉബൈദ്‌