Prabodhanm Weekly

Pages

Search

2019 ആഗസ്റ്റ് 23

3114

1440 ദുല്‍ഹജ്ജ് 21

സ്‌നേഹമഴയില്‍ തളിര്‍ക്കുന്ന മനുഷ്യ ബന്ധങ്ങള്‍

ടി.ഇ.എം റാഫി വടുതല

ഗുരുവായൂര്‍ ഇരിങ്ങപ്പുറം ജി.എല്‍.പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് അനന്തു. പഠനത്തിന്റെ ഭാഗമായി തപാല്‍ ദിനത്തില്‍ മുത്തഛനൊരു കത്തെഴുതാനായിരുന്നു അധ്യാപകരുടെ നിര്‍ദേശം. അനന്തു ജനിക്കുന്നതിനു മുമ്പേ ദക്ഷിണ കേരളത്തിലെ കുടുംബ വീട് വിട്ടിറങ്ങിയ അവന്റെ മാതാപിതാക്കള്‍ ഗുരുവായൂരിലെ വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു. ഇണങ്ങാന്‍ അവസരങ്ങളൊന്നും ലഭിക്കാത്ത വിധം പിണക്കം അവര്‍ക്കിടയില്‍ നീണ്ടുപോയി. അതിനിടയില്‍ ഭൂമിയിലേക്ക് കടന്നുവന്ന അനന്തു മുത്തഛനെയോ മുത്തശ്ശിയെയോ കണ്ടിട്ടില്ല. ജീവിതത്തില്‍ ഒരു നോക്കുപോലും കാണാത്ത അവര്‍ക്ക് തപാല്‍ ദിനത്തില്‍ തന്നെ കത്തെഴുതാന്‍ അവന്‍ തീരുമാനിച്ചു. അഛനോടും അമ്മയോടും മുത്തഛന്റെ വിലാസം വാങ്ങി കത്തെഴുതാനിരുന്നു. ഹൃദയവികാരങ്ങള്‍ തൂലികത്തുമ്പിലൂടെ നിര്‍ഗളിച്ചപ്പോള്‍ വാക്കുകള്‍ സ്‌നേഹനദിയായൊഴുകി. നഗ്ന നേത്രങ്ങള്‍ക്കപ്പുറം അകക്കണ്ണില്‍ മുത്തഛനെ കണ്‍നിറയെ കാണാമെന്ന ശുഭപ്രതീക്ഷ ആ വരികളില്‍ നിറഞ്ഞുനിന്നു. വേനലവധിയില്‍ മാതാപിതാക്കള്‍ക്കും സഹോദരിക്കുമൊപ്പം മുത്തഛന്റെ വീട്ടിലെത്തുമെന്നായിരുന്നു കത്തിലെ രത്‌നച്ചുരുക്കം.
നാളിതുവരെ കാണാത്ത പേരക്കിടാവിന്റെ കത്ത് വായിച്ച് മുത്തഛന്റെ മനമുരുകി. ഓര്‍മകളൊരായിരം ഒരു വ്യാഴവട്ടമപ്പുറം പിന്നോട്ടൊഴുകി. കണ്‍കുഴികളില്‍ പൊടിഞ്ഞ കണ്ണുനീര്‍ തീരം തേടുന്ന തിരമാലയെപ്പോലെ പേരമകനെ തേടിക്കൊണ്ടിരുന്നു. വരുന്ന വേനലവധിക്കാലത്ത് എത്തുമെന്നറിയിച്ച ചെറുമകനെയും കാത്ത് കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന മുത്തഛന് നിരാശയുടെ കണ്ണീരു മാത്രം ബാക്കിയായി. ദിവസങ്ങളോരോന്നും എണ്ണി എണ്ണി ക്ഷമ നശിച്ചു. അതിനിടയില്‍ കത്തില്‍ പരാമര്‍ശിച്ച സ്‌കൂളിനെ കുറിച്ചുള്ള അന്വേഷണം ഗൂഗ്ള്‍ മാപ്പ് വഴി സഫലമായി. അനന്തുവിന്റെ പിതൃസഹോദരിയുടെ ഭര്‍ത്താവ് നേരില്‍ അന്വേഷണം ആരംഭിച്ചു. ഇരിങ്ങപ്പുറം ജി.എല്‍.പി സ്‌കൂളില്‍ അദ്ദേഹമെത്തുമ്പോള്‍ അനന്തു മറ്റൊരു സ്‌കൂളില്‍ അഞ്ചാം ക്ലാസ്സില്‍ തുടര്‍ പഠനത്തിനു ചേര്‍ന്നിരുന്നു. നാടകാന്ത്യം പോലെ കുടുംബം സ്‌കൂളില്‍ സംഗമിച്ചു. മുത്തഛനും പേരക്കുട്ടിയും മാത്രമല്ല, ഒരു കുടുംബമൊന്നിച്ചുള്ള മഹാ സംഗമം. വീടുവിട്ടിറങ്ങിയ പുത്രനും മക്കളും കുടുംബവും ഒത്തുചേരലിന്റെ കണ്ണീര്‍മഴ പെയ്യിച്ച അത്യപൂര്‍വ സ്‌നേഹസംഗമം. അടുത്ത ഓണത്തിന് ഗുരുവായൂരിലെ വാടകവീട് തെക്കന്‍ കേരളത്തിലെ തറവാട്ടിലേക്ക് വീണ്ടും കൂടണയുമെന്ന ദൃഢപ്രതിജ്ഞക്കു പിന്നില്‍ പ്രചോദനമായി അനന്തുവിന്റെ കത്ത് അനേകായിരം സുമനസ്സുകളുടെ ഹൃദയത്തിലും നന്മയുടെ ദീപം തെളിച്ചു.
സ്‌നേഹം പച്ചപുതച്ച ഹരിതഭൂമിയില്‍ ഇടതൂര്‍ന്നു നില്‍ക്കുന്ന വൃക്ഷച്ചില്ലകളെ പിണക്കങ്ങളുടെ കാറ്റുകള്‍ ഒടിച്ചുകളയും. ഹൃദ്യമായ തളിരിലകള്‍ വാടിക്കരിഞ്ഞ് കൊഴിഞ്ഞുവീഴും. രക്തബന്ധത്തിന്റെ കുളിര്‍മയുള്ള പച്ചിലക്കൊമ്പുകള്‍ സഹാനുഭൂതി വറ്റിയുണങ്ങിയ ചുള്ളിക്കമ്പുകളായി അവശേഷിക്കും. അപ്പോഴും കാലം കീറിമുറിച്ച ചാലുകള്‍ക്കിടയിലൂടെ വൃക്ഷങ്ങളുടെ വേരുകള്‍ സൗഹൃദത്തിന്റെ ഇഴയടുപ്പങ്ങളില്‍ നാമറിയാതെ കൈകോര്‍ത്തു പിടിക്കും. മണ്ണിനടിയില്‍ നാമ്പെടുക്കാന്‍ കാത്തിരുന്ന വിത്തിനു മുകളില്‍ പെയ്തിറങ്ങുന്ന പുതുമഴയുടെ നനവില്‍ ഒരുവേള അത് നവോന്മേഷത്തോടെ പൊട്ടിമുളക്കും. 
നമ്മുടെ കഥാനായകനായ അനന്തു വിളക്കിച്ചേര്‍ത്തത് അക്ഷരങ്ങളല്ല. പ്രത്യുത പതിറ്റാണ്ടുകള്‍ വേര്‍പെട്ടുനിന്ന രക്തബന്ധമാണ്. തപാല്‍ ദിനത്തില്‍ അധ്യാപകരുടെ പ്രേരണയാല്‍ അനന്തു കത്തെഴുതിയത് മുത്തഛന്റെ വിലാസത്തിലാണെങ്കിലും അത് എത്തിയിരിക്കുന്നത് കരയും കടലും കടന്ന്  ജനലക്ഷങ്ങളുടെ ഹൃദയങ്ങളിലേക്കാണ്. രക്തബന്ധങ്ങള്‍ ഉറുമ്പരിക്കുന്ന ഇരുണ്ട കാലത്ത് ഒളിമങ്ങാത്ത കൈത്തിരിയായി ആ കത്ത് കാലത്തിനു മേല്‍ പ്രകാശിക്കും. ദുര്‍വിധികളുടെ ഏതോ കറുത്ത നാളുകളില്‍ ഞെട്ടറ്റു വീഴുന്ന ഇലകളെ പോലും മരങ്ങള്‍ അതിന്റെ വേരുകള്‍ കൊണ്ട് നെഞ്ചോട് ചേര്‍ത്തുവെക്കും. വളര്‍ച്ചയുടെ ആകാശനീലിമയിലേക്കുയരാനുള്ള അല്‍പം വളമായിട്ടെങ്കിലും അത് കരുതിവെക്കും.
വളരാന്‍ വെമ്പല്‍ കൊള്ളുന്ന മുന്തിരിവള്ളികളാണ് ബാല്യം. മുത്തഛനും മുത്തശ്ശിയുമാകുന്ന വന്‍ മരങ്ങളിലേക്ക് പടര്‍ന്നുകയറാന്‍ അവരുടെ മനസ്സു കൊതിക്കും. മാനത്ത് നക്ഷത്രങ്ങള്‍ തിരിതെളിക്കുന്ന സന്ധ്യാസമയങ്ങളില്‍ മുത്തശ്ശിയുടെ മടിയില്‍ തലചായ്ച്ചു കിടന്ന് അമ്പിളി അമ്മാവനെ നോക്കി കഥ കേള്‍ക്കാന്‍ കൊതിക്കാത്ത ഏതു ബാല്യമാണുള്ളത്! കാലം കാത്തുവെച്ച തിളക്കം മങ്ങാത്ത കഥകള്‍ ഓര്‍മകളുടെ ചെപ്പുകളില്‍ ഒളിപ്പിച്ചുവെച്ചവരാണല്ലോ മുത്തഛന്മാരും മുത്തശ്ശിമാരും. കട്ടിയുള്ള മോതിരമണിഞ്ഞ, ചുളുക്കുവീണ കൈവിരലുകള്‍ തലമുടികള്‍ക്കിടയിലൂടെ ഒഴുകിപ്പരന്ന്, കഥ ഏഴു കടലിനക്കരെയുള്ള രാജകുമാരിയെയും തേടി പോകുമ്പോള്‍ ആ കുഞ്ഞിളം കവിള്‍ മുത്തശ്ശിയുടെ ഹൃദയത്തില്‍ തലചായ്ച്ച് ഉറങ്ങിയിട്ടുണ്ടാകും. പറഞ്ഞുതീരാത്ത കഥകള്‍ കേട്ടുറങ്ങി കുട്ടി കണ്ണും തിരുമ്മി രാവിലെ എഴുന്നേറ്റുവരുമ്പോള്‍ അമ്മൂമ്മയുടെയും പേരക്കിടാവിന്റെയും മുഖത്തിന് സന്തോഷത്തിന്റെ നിലാവഴക്. കാര്‍ട്ടൂണ്‍ സിനിമകളിലും വീഡിയോ ഗെയിമുകളിലും ഇലക്‌ട്രോണിക് കളിക്കോപ്പുകളിലുമായി തടവിലാക്കപ്പെട്ട ആധുനിക ബാല്യങ്ങള്‍ മുത്തഛന്റെ തണലും മുത്തശ്ശിയുടെ കുളിരും അനുഭവിക്കുന്നില്ല. ഇലക്‌ട്രോണിക് തരംഗങ്ങള്‍ക്ക് തുടിക്കുന്ന ഹൃദയത്തിന്റെ സ്‌നേഹരാഗം ഇടനെഞ്ചിലേക്ക് പകരാന്‍ സാധിക്കുകയില്ലല്ലോ. സഹപാഠികളൊക്കെയും മുത്തഛനൊരു കത്തെഴുതിയപ്പോള്‍ അനന്തുവിന് കിട്ടാതെ പോയ മുത്തഛനെ തേടി പോയതും അതുകൊണ്ടാകാം. കുരുവി കൂടണയുമ്പോള്‍ മനുഷ്യന്‍ വീടണയുന്നു.
സ്‌നേഹത്തിന്റെ കുളിര്‍മഴ നഷ്ടപ്പെട്ട് ഉണങ്ങിപ്പോയ ചില്ലകളിലാണല്ലോ പകയുടെ കാട്ടുതീ പെട്ടെന്ന് പടര്‍ന്നു പിടിക്കുന്നത്. അവിചാരിതമായി പെയ്യുന്ന മഴയാണല്ലോ വെണ്ണീറാകുമായിരുന്ന വനങ്ങളില്‍ വീണ്ടും സജീവതയുടെ തളിരില വിരിയിക്കുന്നത്. ആയുസ്സിന്റെ കുരുന്നുപടവുകളില്‍ അനന്തു കുറിച്ചുവെച്ചത് മായ്ക്കാന്‍ കഴിയാത്ത സ്‌നേഹത്തിന്റെ ജീവിതാക്ഷരങ്ങളാണ്. മാതാവും പിതാവും വര്‍ഷങ്ങളായി പേറിക്കൊണ്ടിരുന്ന അകല്‍ച്ചയുടെ പാപഭാരങ്ങളെയാണ് കുഞ്ഞിളംമനസ്സില്‍ ഉദിച്ച കത്തിലൂടെ ഇറക്കിവെച്ചത്. കുരുന്നുഹൃദയത്തിന്റെ മൃദുലഭാവം അകല്‍ച്ചകളുടെ ദൂരങ്ങളെ ഇല്ലാതാക്കുന്നു. നൂല് എത്ര വര്‍ണമനോഹരമാണെങ്കിലും അത് ഒറ്റക്ക് നില്‍ക്കുമ്പോള്‍ ദുര്‍ബലമായിരിക്കും. വൈവിധ്യ വര്‍ണങ്ങളുള്ള നൂലിഴകളില്‍ ഇഴുകിച്ചേരുമ്പോള്‍ അത് കമനീയ വസ്ത്രമായി മാറും.
തറവാട്ടുവീട് വിട്ടിറങ്ങി ഒറ്റപ്പെട്ട് പരിഭവങ്ങളുടെ കനലുകളുമായി ഏകാന്തതയുടെ തുരുത്തുകളില്‍ കഴിയുമ്പോള്‍ ഒരുവേള ഏതൊരു മനസ്സും വേഴാമ്പലിനെ പോലെ സ്‌നേഹത്തിന്റെ കുളിര്‍മഴ കൊതിക്കും. അനന്തു ആഗ്രഹിച്ചതും അഭിലഷിച്ചതും ആ പേമാരി തന്നെ. ആ കുഞ്ഞു ഹൃദയത്തില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കലാലയമുറ്റത്ത് കൂട്ടുകുടുംബങ്ങളുടെ സമാഗമത്തിന്റെ കണ്ണീര്‍മഴയായി പെയ്തിറങ്ങിയപ്പോള്‍ അത് സുമനസ്സുള്ളവരുടെ കവിളിണകളെയും ആഹ്ലാദത്തിന്റെ കണ്ണീരണിയിച്ചു.
ഗുരുവായിരൂലെ വാടകവീട്ടില്‍നിന്നും ഉടനെ തന്നെ തറവാട്ടിലേക്ക് മടങ്ങിപ്പോകുമെന്ന ദൃഢപ്രതിജ്ഞയുമായിട്ടാണ് കുടുംബം പിരിഞ്ഞുപോയത്. ഒരു വ്യാഴവട്ടക്കാലം അകന്നുനിന്ന തറവാട്ടിലേക്കു അനന്തുവും സഹോദരിയും മാതാപിതാക്കളും കയറിച്ചെല്ലുമ്പോള്‍ സന്തോഷത്തിന്റെ ആത്മഹര്‍ഷം മുഴക്കുന്നത് ഈ കുടുംബം മാത്രമായിരിക്കുകയില്ല, തപാല്‍ ദിനത്തില്‍ കത്തെഴുതാന്‍ പ്രേരിപ്പിച്ച അധ്യാപകരും സംഗമത്തിനു വഴിവെട്ടിത്തെളിച്ച നന്മമനസ്സുകളും കൂടിയായിരിക്കും.

Comments

Other Post

ഹദീസ്‌

ജീവിതം ചിട്ടപ്പെടുത്തുന്നത് എങ്ങനെ?
മൂസ ഉമരി, പാലക്കാട്

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (7-11)
ടി.കെ ഉബൈദ്‌