Prabodhanm Weekly

Pages

Search

2012 ഫെബ്രുവരി 25

നടന്നുതീരാത്ത വഴികളില്‍

ടി.കെ അബ്ദുല്ല / സദ്‌റുദ്ദീന്‍ വാഴക്കാട്‌

ത സാംസ്കാരിക വേദികളില്‍ എന്നും ആദരവോടെ അനുസ്മരിക്കപ്പെടുന്ന രണ്ട് പ്രമുഖ വ്യക്തിത്വങ്ങളാണ് വി. മുഹമ്മദ് സാഹിബും ടി.പി കുട്ടിയമ്മു സാഹിബും. ഫാറൂഖ് കോളേജ് പ്രിന്‍സിപ്പലായിരുന്ന വി.എമ്മിനു വലിയ ഒരു ശിഷ്യ സമ്പത്തുണ്ട്. ഗവ. റിട്ട. എഞ്ചിനീയറായ കുട്ടിയമ്മു സാഹിബ് മസ്ജിദ് നിര്‍മാണ രംഗത്തും സജീവ സാന്നിധ്യമായിരുന്നു. നമ്മെ പിരിഞ്ഞുപോയ ഈ മഹദ് വ്യക്തിത്വങ്ങള്‍ കേരള മുസ്ലിം സമൂഹത്തില്‍ കറപുരളാതെ കടന്നു പോയിട്ടുള്ളവരാണ്. ഏതെങ്കിലും തലത്തിലുള്ള അഭിപ്രായ വ്യത്യാസമോ, വീക്ഷണ വൈജാത്യമോ ഉള്ളവര്‍ക്കു പോലും അവരുടെ ആര്‍ജവത്തിലും ആത്മാര്‍ഥതയിലും കറകളഞ്ഞ വ്യക്തി മഹിമയിലും എതിരഭിപ്രായം ഉണ്ടാവുകയില്ല. അത്രമേല്‍ നിഷ്കപടമായിരുന്നു അവരുടെ ദീനീതല്‍പരതയും സമുദായ സ്നേഹവും. പൊതു കാര്യങ്ങളിലുള്ള താല്‍പര്യവും അങ്ങനെ തന്നെ.
ഈ രണ്ട് വ്യക്തിത്വങ്ങളെ ജമാഅത്തുമായോ മറ്റേതെങ്കിലും മുസ്ലിം സംഘടനകളുമായോ ബന്ധപ്പെടുത്തി പറയുന്നത് അവരെ കുറിച്ച ശരിയായ വിലയിരുത്തലായിരിക്കില്ല. സംഘടനാപരമായി പറഞ്ഞാല്‍ വി. മുഹമ്മദ് സാഹിബ് എം.എസ്.എസിന്റെ പണ്ഡിത നേതാവായിരുന്നു. കുട്ടിയമ്മു സാഹിബിന്റെ ബന്ധം ലീഗിനോടായിരുന്നുവെന്നാണ് ഞാന്‍ മനസിലാക്കുന്നത്. കുറച്ചുകാലം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ ചുമതല അദ്ദേഹം ഏറ്റെടുത്തിരുന്നു. ആ കാലത്താണ് കുട്ടിയമ്മു സാഹിബും ഒ. അബ്ദുര്‍റഹ്മാന്‍ സാഹിബും തമ്മില്‍ ചന്ദ്രികയിലും പ്രബോധനത്തിലുമായി പ്രമാദമായ ഒരു സംവാദം നടന്നത്. കുട്ടിയമ്മു സാഹിബ് ലീഗിനു വേണ്ടി ഒരു തിയറി സമര്‍പ്പിക്കുകയായിരുന്നു; ആളുകളെ സംസ്കരിക്കുന്നതിന് രണ്ട് രീതിയുണ്ട്. ഒന്ന്; സംസ്കരിച്ച് സംഘടിപ്പിക്കുക. കൊള്ളാം, ഈ രീതിയാണ് ജമാഅത്തെ ഇസ്ലാമി സ്വീകരിച്ചിരിക്കുന്നത്. രണ്ട്; സംഘടിപ്പിച്ചു സംസ്കരിക്കുക. മുസ്ലിം ലീഗിന്റെ രീതി ഇതാണെന്ന് കുട്ടിയമ്മു സാഹിബ് വാദിച്ചു.
ഇതിനെ കൈകാര്യം ചെയ്തുകൊണ്ടാണ് ഒ. അബ്ദുര്‍റഹ്മാന്‍ സാഹിബ് സംവാദത്തില്‍ ഇടപെട്ടത്. സംഘടിപ്പിച്ച് സംസ്കരിക്കുന്നത് കൊള്ളാം. എന്നാല്‍, അതെങ്കിലും നടക്കണ്ടേ എന്നായിരുന്നു എ.ആറിന്റെ മറുചോദ്യം. വിഷയം ചിലപ്പോള്‍ എന്റെ മുന്നിലും വരാറുണ്ട്. പക്ഷേ, ഞാന്‍ വഴങ്ങിക്കൊടുക്കാറില്ല. മുസ്ലിംലീഗ് സംഘടിപ്പിച്ച് സംസ്കരിക്കുന്ന സംഘടനയാണോ എന്ന കാര്യമല്ല അന്വേഷണത്തില്‍ വരാറുള്ളത്. അതിന്റെ മറുപടി ഏതാണ്ട് നമുക്കെല്ലാം അറിയാം. ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ച്, സംസ്കരിച്ച് സംഘടിപ്പിക്കുന്ന പ്രസ്ഥാനമാണ് എന്ന കുട്ടിയമ്മു സാഹിബിന്റെ നിലപാടിനോട് എന്താണ് എന്റെ അഭിപ്രായമെന്ന് ചിലര്‍ ചോദിക്കാറുണ്ട്. അതിനാണ് ഞാന്‍ വഴങ്ങാറില്ല എന്നു പറഞ്ഞത്. എന്റെ നിലപാട് ജമാഅത്തെ ഇസ്ലാമിയില്‍ രണ്ട് സമീപനവും ഉണ്ട് എന്നതാണ്. അംഗങ്ങളെ ചേര്‍ക്കുന്നത് പോലും ജമാഅത്തെ ഇസ്ലാമി ആഗ്രഹിക്കുന്ന തരത്തില്‍ എല്ലാം തികഞ്ഞുവെന്ന് ധരിച്ചുകൊണ്ടല്ല. അതിന്റെ ഭരണഘടന വായിച്ചാല്‍ അംഗമായതിനു ശേഷം അംഗത്വത്തിന്റെ ഉപാധിയെന്ന നിലക്ക് ഒഴിവാക്കേണ്ട പല സംഗതികളുണ്ട്. അതൊക്കെ ദീനുല്‍ ഇസ്ലാമുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. എന്നാല്‍ അവയെല്ലാം ആദ്യം തന്നെ ഒഴിവാക്കിയാലേ അംഗത്വം നല്‍കൂ എന്ന് വെച്ചിട്ടില്ല. അതിന്റെ അര്‍ഥം, പാതി സംസ്കരണം സംഘടനയില്‍ വരുന്നതിനു മുമ്പ്, വന്നശേഷവും സംസ്കരണം തുടരുന്നു എന്നാണ്. ഇസ്ലാമിന്റെ നിലപാടും ഇതുതന്നെ. സംസ്കരണമെന്നത് അവസാനിക്കുന്ന ഒരു അധ്യായമല്ല. അത് ജീവിതകാലം മുഴുവന്‍ തുടര്‍ന്നും വളര്‍ന്നും കൊണ്ടിരിക്കേണ്ട ഒരു അവസ്ഥയാണ്.
ഇസ്ലാമികമായി അതിനൊരു പരിസമാപ്തി ഇല്ല. അറ്റമില്ലാത്ത അവസ്ഥയാണ് സംസ്കരണം. എന്തായാലും സംസ്കരിച്ചു സംഘടിപ്പിക്കുകയെന്നത് ജമാഅത്തെ ഇസ്ലാമിയുടെ നിലപാടു തന്നെയാണ്. അതേസമയം ഒരു പരിധിവരെ സംസ്കരണമെത്തിയവരെ കാര്‍കുന്‍ ആക്കുകയും എന്നിട്ടു വളര്‍ത്തുകയുമാണ് ചെയ്യുന്നത്. അനുഭാവികളെ(മുത്തഫിഖ്) സംബന്ധിച്ചേടത്തോളം അത്തരം ഉപാധികളൊന്നുമില്ല. കേരളത്തില്‍ സ്വീകരിച്ചുവരുന്ന 'മുത്തഫിഖ്' വ്യവസ്ഥയെക്കാള്‍ വിശാലതയുള്ളതാണ് അഖിലേന്ത്യാ ജമാഅത്തിന്റേത്. പ്രസ്ഥാനത്തോട് സഹകരിക്കുന്ന ആരെയും മുത്തഫിഖാക്കും.
വി. മുഹമ്മദ് സാഹിബിനെയും ടി.പി കുട്ടിയമ്മു സാഹിബിനെയും സംഘടനയെന്ന തലക്കെട്ടില്‍ ചേര്‍ത്തുപറയേണ്ടതുണ്ടെങ്കില്‍ മാത്രമാണ് എം.എസ്.എസിനോടും ലീഗിനോടും ചേര്‍ത്തു പറയുന്നത്. പക്ഷേ, ഇവര്‍ രണ്ടു പേരും സമുദായത്തിന്റെ പൊതുസ്വത്തായിരുന്നു. പുരോഗമന ആശയക്കാരായിരുന്നു. മുജാഹിദ് പ്രസ്ഥാനവും ജമാഅത്തെ ഇസ്ലാമിയും കൈകാര്യം ചെയ്യുന്ന വിഷയങ്ങളില്‍ ഏറക്കുറെ അവരോടു ചേര്‍ന്നുള്ള പുരോഗമന നിലപാടാണ് രണ്ടുപേര്‍ക്കും ഉണ്ടായിട്ടുള്ളത്. എന്നാല്‍ വിഭാഗീയത ഇഷ്ടപ്പെട്ടവരായിരുന്നില്ല അവര്‍. ഏതു പള്ളിക്കും വളരെ താല്‍പര്യപൂര്‍വം പ്ളാന്‍ വരച്ചു നല്‍കുക, തറക്കല്ലിടല്‍കര്‍മം നിര്‍വഹിക്കുക എന്നതിലെല്ലാം കുട്ടിയമ്മു സാഹിബ് സ്ഥിര തല്‍പരനായിരുന്നു. അത് കേവലമൊരു എന്‍ജിനീയര്‍ എന്ന നിലക്കുള്ള താല്‍പര്യമായിരുന്നില്ല, മറിച്ച് സമുദായമെന്ന നിലക്കുള്ള വികാരമായിരുന്നു.
വി. മുഹമ്മദ് സാഹിബാകട്ടെ ഖുര്‍ആനും സുന്നത്തും നന്നായി അറിയുന്ന പണ്ഡിതനായിരുന്നു. അദ്ദേഹത്തിന് പല കാര്യങ്ങളിലും സ്വന്തം നിലപാടുള്ളതോടൊപ്പം തന്നെ ജമാഅത്തെ ഇസ്ലാമിയോട് അഗാധമായ സ്നേഹവും അടുപ്പവും ഉണ്ടായിരുന്നു. അഭിപ്രായ വ്യത്യാസം അദ്ദേഹത്തെ സംബന്ധിച്ചേടത്തോളം ജമാഅത്തെ ഇസ്ലാമിയില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. വിശ്വാസത്തിന്റെയും ആദര്‍ശത്തിന്റെയും ഭിന്നതകളില്‍ വളരെ കെട്ടുറപ്പുള്ള സംഘടനകള്‍ സമുദായത്തില്‍ ഉണ്ടാകുന്നത് നല്ലതല്ല, അത് ദോഷം ചെയ്യും, ഐക്യം തകര്‍ക്കും എന്നായിരുന്നു വി. മുഹമ്മദ് സാഹിബിന്റെ നിലപാട്. നമ്മുടെ സംഘടനകളുടെ അവസ്ഥ കാണുമ്പോള്‍ ഇങ്ങനെ ഒരു നിലപാടില്‍ ആത്മാര്‍ഥതയുള്ള ഒരു പണ്ഡിതന്‍ എത്തിച്ചേരുന്നതില്‍ അപാകതയുമില്ല. അങ്ങനെ തോന്നാവുന്ന എല്ലാ സാഹചര്യവും നമ്മുടെ മത-സമുദായ സംഘടനകള്‍ ഒരുക്കിക്കൊടുത്തിട്ടുണ്ട്. വി. മുഹമ്മദ് സാഹിബ് പറയുന്ന തരത്തിലുള്ളത്രയും കെട്ടുറപ്പൊന്നും വേണ്ട പക്ഷപാതം ഉണ്ടാക്കാനെന്നതിനും സമുദായത്തില്‍ അനുഭവ സാക്ഷ്യങ്ങള്‍ ധാരാളം. ഭദ്രതയുള്ള പ്രസ്ഥാനങ്ങളാകുമ്പോള്‍ അണികളെ അതിരുകളില്‍ തളച്ചിടേണ്ടതായിവരും. അതിര്‍ത്തികള്‍ കടന്ന് പരിധിക്ക് പുറത്തായി പോകരുതല്ലോ കുഞ്ഞാടുകള്‍! അതുകൊണ്ട് എപ്പോഴും അവരെ പിടിച്ചു നിര്‍ത്താന്‍ ആദര്‍ശപരമായ അടിത്തറ മാത്രം ചിലപ്പോള്‍ മതിയാവുകയില്ല. അങ്ങോട്ട് അടുക്കാന്‍ പറ്റില്ല എന്ന് തോന്നിക്കും വിധമുള്ള പക്ഷപാതപരമായ സംഘടനാ ധ്രുവീകരണം സൃഷ്ടിക്കണം. ഇതാണ് ഇന്ന് പല സംഘടനകളുടെയും കൈമുതല്‍.
ജീവിച്ചിരിക്കുന്ന, ഒരു പ്രമുഖ മതസംഘടനാ നേതാവ്, ഞാനുമായി അടുത്ത വ്യക്തിബന്ധമുള്ളയാള്‍. ഒരിക്കല്‍ അദ്ദേഹത്തോട് വളരെ സൌഹാര്‍ദമായൊരു അന്തരീക്ഷത്തില്‍ കുറച്ചു വര്‍ത്തമാനം പറയാന്‍ അവസരം ഒത്തുവന്നപ്പോള്‍ ഈ പക്ഷപാത വിഷയം ഞാന്‍ എടുത്തിട്ടു. അദ്ദേഹം രസകരമായി അതിനു മറുപടി പറഞ്ഞു: 'ടി.കെ, നിങ്ങള്‍ക്ക് അണികളെ പിടിച്ചുനിര്‍ത്താന്‍ ഒരു 'ഹുകൂമത്തെ ഇലാഹി'യെങ്കിലുമുണ്ട്; അതു വരികയൊന്നുമില്ലെങ്കിലും! ഇന്നല്ലെങ്കില്‍ നാളെ, ഇവിടെയല്ലെങ്കില്‍ അവിടെ എന്നൊക്കെ നിങ്ങള്‍ പ്രസംഗിച്ചാല്‍ ആളുകള്‍ വിശ്വസിച്ചുപോകുമല്ലോ. അപ്പോള്‍ നിങ്ങള്‍ക്കതുമതി. പക്ഷേ, ഞങ്ങള്‍ എന്തുപേരിലാണ് അണികളെ പിടിച്ചുനിര്‍ത്തുക?! ഒരു പഞ്ചായത്തുപോലും മതസംഘടനകള്‍ക്ക് വാഗ്ദാനം ചെയ്യാനില്ലല്ലോ? അപ്പോള്‍ കുറച്ചു കട്ടിയുള്ള പക്ഷപാതം തന്നെ സൃഷ്ടിക്കേണ്ടിവരും' - അദ്ദേഹം എന്നോട് ഹൃദയം തുറന്നു പറഞ്ഞതാണിത്. അതിനാലാണ് എനിക്ക് അദ്ദേഹത്തിന്റെ പേരുപറയാന്‍ സാധിക്കാത്തത്. ഇതിനെയാണ് വി. മുഹമ്മദ് സാഹിബ് കലശലായി വെറുക്കുന്നതും ഭയക്കുന്നതും. അടിസ്ഥാനപരമായി, സംഘടന പാടുണ്ടോ ഇല്ലയോ എന്നൊരു വൈജ്ഞാനിക ചര്‍ച്ച ഞങ്ങള്‍ക്കിടയില്‍ നടന്നിട്ടില്ല. അങ്ങോട്ട് പോകാതെ ഞാന്‍ മറ്റൊരു തലത്തിലാണ് അദ്ദേഹവുമായി സംവദിക്കാറുള്ളത്. സംഘടനാ പക്ഷപാതിത്വത്തിനെതിരായാണ് വി. മുഹമ്മദ് സാഹിബ് പറയുന്നതെങ്കില്‍ എന്റെയും അഭിപ്രായം മറിച്ചല്ല. ആ സംഘടനാ പക്ഷപാതിത്വം ജമാഅത്തെ ഇസ്ലാമിയെയും പിടികൂടിയാല്‍ അതിനെ എതിര്‍ക്കേണ്ടത് എന്റെയും ബാധ്യതയാകും. മൂര്‍ത്തമായ മാറ്റങ്ങളും വിപ്ളവങ്ങളും സംഭവിക്കണമെങ്കില്‍ ശക്തമായ ഒരടിത്തറയില്‍ നിന്നുകൊണ്ടേ സാധ്യമാകൂ. സാംസ്കാരിക നായകര്‍ക്കാകട്ടെ ലഭിക്കുന്ന വേദികളില്‍ പ്രസംഗിച്ചു പോയാല്‍ മതി. അതിനപ്പുറം ഒരു വലിയ ലക്ഷ്യത്തിലേക്ക് ജനങ്ങളെ സംഘടിപ്പിച്ചു നിര്‍ത്തണമെങ്കില്‍ ഭദ്രതയുള്ള പ്രസ്ഥാനം വേണ്ടിവരും. അത് പക്ഷപാതത്തിലേക്ക് നീങ്ങുന്നിടത്താണ് അപകടം. എനിക്കറിയാവുന്നിടത്തോളം, വാട്ടര്‍ ടൈറ്റായ, വാര്‍പ്പ് പ്രസ്ഥാനങ്ങള്‍ക്ക് വി. മുഹമ്മദ് സാഹിബ് അനുകൂലമായിരുന്നില്ല എന്നതാണ് ശരി.
അതേസമയത്ത്, ജമാഅത്തെ ഇസ്ലാമി വളരെ കെട്ടുറപ്പുള്ള, ആത്മാര്‍ഥതയുള്ള ഇസ്ലാമിക പ്രസ്ഥാനമാണെന്നും അവര്‍ വിലപ്പെട്ട സംഭാവനകളും സേവനങ്ങളും നല്‍കുന്നുണ്ടെന്നും അവരുടെ എല്ലാ നല്ല സംരംഭങ്ങളിലും സഹകരിക്കേണ്ടതുണ്ടെന്നും വി. മുഹമ്മദ് സാഹിബ് ആത്മാര്‍ഥമായി വിശ്വസിച്ചിരുന്നു. കഴിവിനൊത്ത് അദ്ദേഹം അത് നടപ്പില്‍ വരുത്തുകയും ചെയ്തിരുന്നു. ജമാഅത്തിനോട് അദ്ദേഹത്തിന് സ്നേഹമുണ്ടന്ന് ഞാന്‍ മനസ്സിലാക്കുന്നത് പ്രധാനമായി ഒരു നെഗറ്റീവ് പോയിന്റില്‍നിന്നുകൊണ്ടാണ്. പ്രസ്ഥാനത്തില്‍ അരുതാത്തത് വല്ലതും കാണുമ്പോള്‍ അദ്ദേഹം ശക്തിയായി ചൂണ്ടികാണിക്കുമായിരുന്നു. ഇന്നകാര്യം ശരിയല്ല, നിങ്ങള്‍ അത്ര പോകേണ്ടതില്ലായിരുന്നു, അവര്‍ കുറച്ചു പറഞ്ഞോട്ടെ, നിങ്ങളെന്തിനാണ് അത് ഗൌനിക്കുന്നത് എന്നിങ്ങനെ അദ്ദേഹം ഗുണദോഷിക്കുമായിരുന്നു. പ്രസ്ഥാനം നിലനില്‍ക്കണം, അതിരുകവിഞ്ഞുപോകരുത് എന്ന ആഗ്രഹത്തില്‍നിന്നാണ് വി. മുഹമ്മദ് സാഹിബ് അത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാറ്. അദ്ദേഹത്തിന്റെ നല്ല മനസ് വെളിവാക്കുന്ന ഒരു ചെറിയ ഉദാഹരണം:
ഞാന്‍ ഒരിക്കല്‍ വീട്ടില്‍ അദ്ദേഹത്തെ കാണാന്‍ ചെന്നപ്പോള്‍ ഒരു ഖുര്‍ആന്‍ പരിഭാഷ മേശപ്പുറത്തു കണ്ടു. ഒരു സുന്നിപണ്ഡിതന്‍ രചിച്ച പദാനുപദ തര്‍ജമയാണത്. അതേസമയം, ഇത്തരം ഒരു ഖുര്‍ആന്‍ പരിഭാഷ വി. മുഹമ്മദ് സാഹിബും രചിച്ചിട്ടുണ്ട്. അതിന്റെ കോപ്പി എനിക്കു തന്നിട്ടുണ്ട്. തഫ്ഹീമുല്‍ ഖുര്‍ആന്‍ പോലെയല്ലാത്ത, വാക്കര്‍ഥം വേറിട്ട് ഗ്രഹിക്കാനുതകുന്ന തര്‍ജമ. ഞാന്‍ ചോദിച്ചു: 'നിങ്ങളുടെ സ്വന്തം തര്‍ജമയുണ്ടല്ലോ, 'പിന്നെ എന്തിനാണു ഇത്?' കുറച്ചുകൂടി നല്ലത് ഇതാണ്; പെട്ടെന്നു ഓതി പോകുമ്പോള്‍ സംശയം വന്നാല്‍ ഇതാണ് പരിശോധിക്കാന്‍ എളുപ്പം - അദ്ദേഹം പറഞ്ഞു. തന്റെ തന്നെ പുസ്തകമുള്ളപ്പോള്‍ അതേ വിഷയത്തില്‍ മറ്റൊരാളുടെ പുസ്തകം പരതുന്നവര്‍ ഇന്നു അപൂര്‍വമാണ്.
കെ.സി അബ്ദുല്ല മൌലവിയുടെ 'പരലോകം ഖുര്‍ആനില്‍' എന്ന പുസ്തകം വി. മുഹമ്മദ് സാഹിബിനെ വല്ലാതെ ആകര്‍ഷിച്ചു. അതിനെക്കുറിച്ച് അദ്ദേഹം പ്രശംസിച്ചെഴുതിയിട്ടുണ്ടെന്നാണ് ഓര്‍മ. ആരോഗ്യം അനുവദിച്ച കാലത്തോളം വി.എം കോഴിക്കോട് എം.എസ്.എസ് പള്ളിയില്‍ ഖത്വീബ് ആയിരുന്നു. ജനങ്ങളെ ശ്രദ്ധിപ്പിക്കുന്ന, ആകര്‍ഷിക്കുന്ന, വിജ്ഞാനം പകര്‍ന്ന് നല്‍കുന്ന ഖുത്വ്ബകളായിരുന്നു അദ്ദേഹത്തിന്റേത്. ദൂരദിക്കുകളില്‍ നിന്നുപോലും ആ ഖുത്വ്ബ ശ്രവിക്കാന്‍ ജനങ്ങള്‍ എത്തുമായിരുന്നു.
ചിലപ്പോള്‍ അദ്ദേഹം എന്നെ കാണണമെന്ന് പറഞ്ഞ് ആളെ അയക്കും. അങ്ങനെ ഞാന്‍ ഫാറൂഖ് കോളേജില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോകും. അല്ലെങ്കില്‍ സുഹൃത്ത് മുഖേന കോഴിക്കോട്ട് സൌകര്യമൊരുക്കും (മിക്കപ്പോഴും ബത്തേരിയിലെ പി.സി ഫൈസല്‍ ആയിരിക്കും ഞങ്ങള്‍ക്കിടയിലെ മധ്യവര്‍ത്തി. ഫൈസല്‍ എന്റെ സുഹൃത്തും വിയെമ്മിന്റെ 'ഭക്തനു'മാണ്). അപ്പോഴെല്ലാം അദ്ദേഹം പൊതുവായി ചൂണ്ടിക്കാണിക്കാറുള്ള കാര്യം സമുദായത്തിലെ 'സംഘടനാ പക്ഷപാതിത്വം' തന്നെ. ഞങ്ങള്‍ കൂടുതല്‍ ഒത്തുകൂടാറുള്ളത് 'മുസ്ലിം ഐക്യവേദി'യിലാണ്. ഗള്‍ഫാര്‍ മുഹമ്മദലി സാഹിബും ലീഗിലെ കുഞ്ഞാലികുട്ടി സാഹിബും നേതൃത്വം നല്‍കിയ 'മുസ്ലിം സൌഹൃദ വേദി'യില്‍ വി. മുഹമ്മദ് സാഹിബും അംഗമായിരുന്നു.
മരിക്കുന്നതിന് കുറച്ചുമുമ്പ് ഞാന്‍ അങ്ങോട്ട് താല്‍പര്യമെടുത്ത് ഒരു ആഗ്രഹവുമായി അദ്ദേഹത്തെ ചെന്ന് കാണുകയുണ്ടായി. ഞാന്‍ പറഞ്ഞു: 'ഇവരുടെ ഈ ചടങ്ങ് പരിപാടി അങ്ങനെ നടക്കട്ടെ. നമ്മള്‍ ആത്മാര്‍ഥമായിതന്നെ മുസ്ലിം സംഘടനകളെ മാനസികമായി അല്‍പം അടുപ്പിച്ചുകൊണ്ടുവരാന്‍ ഒരു ശ്രമം നടത്തിനോക്കാം; നമുക്കതിന് മുന്‍കൈ എടുത്താല്‍ എന്താണ്? നിങ്ങള്‍ക്ക് സമ്മതമാണെങ്കില്‍ നമുക്ക് പരിചയമുള്ള ഏതാനും ആത്മാര്‍ഥതയുള്ള വ്യക്തികളെ കൂടി ഇതിലേക്ക് ക്ഷണിക്കുകയുമാവാം.' ശ്രദ്ധിച്ചു കേട്ടു കഴിഞ്ഞശേഷം അതു നടപ്പില്ലായെന്ന് വി.എം തീര്‍ത്തു പറഞ്ഞു. അദ്ദേഹം തുടര്‍ന്നു: 'പ്രത്യേകിച്ച് നിങ്ങള്‍ അതിനു പറ്റുകയേ ഇല്ല.'
ഞാന്‍ ചോദിച്ചു; 'അതെന്താ അങ്ങനെ?'
അദ്ദേഹം പറഞ്ഞു: 'അതെന്താണെന്നോ, ടി.കെയെ മുന്നില്‍ നിര്‍ത്തി സൌഹാര്‍ദത്തിന്റെ മറവില്‍ ജമാഅത്തെ ഇസ്ലാമി പുതിയ വേഷം കെട്ടി ഇറങ്ങിയിരിക്കുകയാണെന്നേ മറ്റു സംഘടനകള്‍ വ്യാഖ്യാനിക്കൂ. നിങ്ങള്‍ വലിയ ആത്മാര്‍ഥതയോടു കൂടിയാണ് അതിനിറങ്ങുക, അതൊന്നും ഞങ്ങളുടെ സമുദായത്തില്‍ ചിലവാകുകയില്ല. വിശ്വസിക്കുകയുമില്ല. അതുകൊണ്ട് നിങ്ങളെ അതിന് പറ്റുകയേ ഇല്ല.'
എങ്കിലും ഞാനെന്റെ ആശയം മാറ്റിയില്ല, അദ്ദേഹത്തോട് തര്‍ക്കിക്കുകയും ചെയ്തില്ല. മുസ്ലിം സൌഹൃദ വേദിയില്‍ വളരെ ആത്മാര്‍ഥമായി പണിയെടുക്കുന്ന രണ്ടു പേരുണ്ടായിരുന്നു. തൃശൂരിലെ കെ.പി മുഹമ്മദ് സക്കീര്‍ സാഹിബും, ഇപ്പോള്‍ ഗള്‍ഫിലുള്ള കാസര്‍കോട്ടെ സി.എച്ച് അബ്ദുര്‍റഹീം സാഹിബും. സക്കീര്‍ സാഹിബിനോട് ഒരിക്കല്‍ സമുദായ ഐക്യത്തിന്റെ കാര്യം ഉള്ളില്‍ തട്ടി പറഞ്ഞപ്പോള്‍ പ്രത്യക്ഷത്തില്‍ നിരാശാജനകമായിരുന്നു അദ്ദേഹത്തിന്റെയും മറുപടി. 'മതപണ്ഡിതന്മാരെ കാണുന്ന കാര്യമേ എന്നോട് പറയേണ്ട. അത് സമയം കൊല്ലലാണ്. പ്രാദേശിക തലത്തില്‍ ചില കാര്യങ്ങളൊക്കെ നടക്കും' എന്നുപറഞ്ഞുകൊണ്ട് അദ്ദേഹവുമായി ബന്ധപ്പെട്ട മേഖലകളില്‍ നടക്കുന്ന ചില കാര്യങ്ങള്‍ വിശദീകരിച്ചു. പ്രാദേശിക തലത്തില്‍ അതിനൊക്കെ നല്ല ഫലങ്ങളുമുണ്ടായിട്ടുണ്ട്. ഉല്‍പതിഷ്ണുക്കള്‍ എന്നൊക്കെ വിചാരിക്കുന്ന വിഭാഗങ്ങളെ കുറിച്ചാണദ്ദേഹത്തിനു കടുത്ത നിരാശയുള്ളത്. അവര്‍ തീരെ വിശാലത കാണിക്കുകയില്ല. മത്സരിച്ച് ജയിക്കുകയെന്നത് സംഘടനാ നയമായി സ്വീകരിച്ചൊരു വിഭാഗത്തിന് എങ്ങനെ മറ്റുള്ളവരുമായി സൌഹാര്‍ദം ഉണ്ടാക്കാന്‍ കഴിയും? എതിരാളിയെ മലര്‍ത്തിയടിച്ച് ജനങ്ങളുടെ മുന്നില്‍ ജയിക്കുക എന്നത് നയമായി സ്വീകരിച്ച പ്രസ്ഥാനങ്ങളെ ഇതിനൊന്നും നോക്കണ്ടയെന്നാണ് സക്കീര്‍ സാഹിബിന്റെ നിലപാട്.
കുട്ടിയമ്മു സാഹിബ് ചിലപ്പോഴൊക്കെ ജമാഅത്തിനെ സ്നേഹബുദ്ധ്യാ വിമര്‍ശിക്കാറുണ്ടായിരുന്നു. അതുതന്നെയാണ് ജമാഅത്തിന് അദ്ദേഹം നല്‍കിയ മഹത്തായ സംഭാവനയും.
ജമാഅത്ത് പരിപാടികളില്‍ കാഴ്ചക്കാരനായി മാത്രമല്ല കാര്‍മികനായിതന്നെ അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞിരുന്നു. എന്നെ സംബന്ധിച്ചേടത്തോളം പ്രത്യേകം ഓര്‍മിക്കാനുള്ളത്, എല്ലാ നോമ്പ് പെരുന്നാളിനും മുറതെറ്റാതെ അദ്ദേഹം തലശ്ശേരി സ്റേഡിയം ഗ്രൌണ്ടില്‍ എന്റെ പെരുന്നാള്‍ പ്രഭാഷണ പരിപാടി സംഘടിപ്പിക്കാറുണ്ടായിരുന്നു. ആയിരങ്ങള്‍ പങ്കെടുത്തിരുന്ന ആ പതിവ് പരിപാടി ദീര്‍ഘകാലം തുടര്‍ന്ന് പോന്നു. ഓരോ വര്‍ഷവും കുട്ടിയമ്മു സാഹിബാണ് അതിനു നേതൃത്വം നല്‍കാറുള്ളത്. തിരുവനന്തപുരത്ത് അദ്ദേഹമുള്ള കാലത്തു ഞാന്‍ ചെന്നാല്‍ അവിടെയും ചില പരിപാടികളില്‍ എന്നെ പങ്കെടുപ്പിക്കാന്‍ ശ്രദ്ധിക്കുമായിരുന്നു.
മൌലാനാ അബുല്ലൈസ് ഉള്‍പ്പെടെ ജമാഅത്തിന്റെ അഖിലേന്ത്യാ നേതാക്കള്‍ തലശ്ശേരി സന്ദര്‍ശിച്ചപ്പോള്‍ കുട്ടിയമ്മു സാഹിബിന്റെ തറവാട്ടു വീട്ടില്‍ നേതാക്കളെ സല്‍കരിച്ചത് ഓര്‍ക്കുന്നു.
(തുടരും)
sadarvzkd@gmail.com

Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം