Prabodhanm Weekly

Pages

Search

2019 ആഗസ്റ്റ് 23

3114

1440 ദുല്‍ഹജ്ജ് 21

സന്നദ്ധ സംഘടനകള്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളിലും ഭാഗഭാക്കാകണം

മഹാ പ്രളയത്തിന് ഒരു വര്‍ഷം പിന്നിടുന്ന അതേ വേളയില്‍തന്നെ മറ്റൊരു പ്രളയദുരന്തം കൂടി ഏറ്റുവാങ്ങേണ്ടിവന്നിരിക്കുന്നു നമ്മുടെ സംസ്ഥാനത്തിന്. ഇത്തവണ പ്രളയം ഏറ്റവും കൂടുതല്‍ ദുരിതം വിതച്ചത് മധ്യ-ഉത്തര കേരളത്തില്‍. ആറ് ദിവസം നീണ്ട പ്രളയക്കെടുതിയില്‍ നൂറിലധികം പേര്‍ മരിച്ചു. ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മലപ്പുറം ജില്ലയില്‍നിന്ന്. ഇതെഴുതുമ്പോള്‍ ജില്ലയില്‍ മണ്ണിനടിയില്‍ പെട്ടുപോയ 33 പേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. അമ്പതില്‍ പരം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. നിലമ്പൂരിലെ പോത്തുകല്ല് കവളപ്പാറയിലും പാതാറിലും അമ്പിട്ടാംപൊട്ടിയിലും ഉണ്ടായ ഉരുള്‍പൊട്ടലാണ് മരണസംഖ്യ ഇത്രയും കൂടാനിടയാക്കിയത്. വയനാട് മേപ്പാടിയിലെ പുത്തുമലയിലും വന്‍ ഉരുള്‍ പൊട്ടല്‍ ഉണ്ടായെങ്കിലും അപകടം മുന്‍കൂട്ടി ക് താമസക്കാരെ ഒഴിപ്പിച്ചത് കൊണ്ട് വന്‍ ദുരന്തം ഒഴിവായി. കോഴിക്കോട് പതിനേഴ് പേര്‍ മരണപ്പെട്ടിട്ടുണ്ട്. കണ്ണൂരിലും കാസര്‍കോട്ടും ഇടുക്കിയിലും ആലപ്പുഴയിലുമൊക്കെ വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. തൃശൂരിലാണ് ഏറ്റവും കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ടിവന്നത്.
പരിസ്ഥിതിക്ക് മനുഷ്യനേല്‍പിക്കുന്ന കടുത്ത ആഘാതങ്ങളാണ് ദുരന്തത്തിന്റെ വ്യാപ്തി ഇത്രയധികം വര്‍ധിക്കാന്‍ കാരണമെന്ന് ഇന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്. കുറച്ച് മുമ്പ് വരെ അതായിരുന്നില്ല അവസ്ഥ. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങള്‍ നിര്‍ണയിക്കുകയും അവിടങ്ങളില്‍ നിര്‍മാണ പ്രവൃത്തികള്‍ പാടില്ലെന്ന് നിര്‍ദേശിക്കുകയും ചെയ്യുന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍, അതിനെതിരെ ഒളിയാക്രമണം നടത്തിയവരാണ് ഇവിടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും മത സാമുദായിക സംഘടനകളും. അതിനെ പുറങ്കാലുകൊണ്ട് ചവിട്ടാന്‍ ഇരു മുന്നണികളും മത്സരിക്കുകയായിരുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നിര്‍ബാധം നടക്കുന്ന കരിങ്കല്‍ ഖനനവും ഭൂമികൈയേറ്റങ്ങളും അനധികൃത നിര്‍മാണ പ്രവൃത്തികളുമൊക്കെയാണ് ഇത്രയേറെ ഉരുള്‍ പൊട്ടലുകള്‍ക്ക് കാരണമെന്ന് വിശദീകരിക്കപ്പെട്ടിരിക്കുന്നു. പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കി സംസ്ഥാനത്തൊട്ടാകെ കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ച സംസ്ഥാന ഭരണകൂടത്തിന്റെ നീക്കം സ്വാഗതാര്‍ഹമാണ്. ഇതൊരു താല്‍ക്കാലിക നടപടി മാത്രമാണ്. അത്തരം നടപടികളില്‍ ഒതുങ്ങിപ്പോകരുത് പരിസ്ഥിതി സംരക്ഷണം. മണ്ണിനെയും മനുഷ്യനെയും മുറിവേല്‍പിക്കാത്ത ഒരു വികസന സംസ്‌കാരമായി അതിനെ വളര്‍ത്തി കൊണ്ടുവരാന്‍ കഴിയണം.
പ്രളയബാധിതരുടെ പുനരധിവാസമാണ് ഇനി ഏറ്റവും വലിയ കടമ്പ. ഈ പ്രളയത്തില്‍ മാത്രം ആയിരത്തിലധികം വീടുകള്‍ പൂര്‍ണമായി തകര്‍ന്നിരിക്കുന്നു. പതിനൊന്നായിരത്തിലധികം വീടുകള്‍ ഭാഗികമായി തകര്‍ന്നു. തകരാത്ത വീടുകള്‍ തന്നെ വാസയോഗ്യമാക്കാന്‍ ആഴ്ചകള്‍ വേണ്ടിവരും. ഈയൊരു പ്രതിസന്ധി ഘട്ടത്തില്‍ നമ്മുടെ കണ്ണ് നിറക്കുന്ന ഒരു കാഴ്ചയുണ്ട്. കേരളത്തിന്റെ നാനാ ഭാഗങ്ങളില്‍നിന്ന് സഹായഹസ്തം നീട്ടി ദുരന്തഭൂമികളില്‍ ഓടിയെത്തിയ പതിനായിരങ്ങള്‍. ഈ ത്യാഗവും അര്‍പ്പണബോധവുമാണ് നമ്മുടെ ശക്തി. മുഖ്യമന്ത്രി പറഞ്ഞതുപോലെ, ഈ കരുത്തുകൊണ്ട് ഈ പ്രളത്തെയും നാം അതിജീവിക്കുക തന്നെ ചെയ്യും. കഴിഞ്ഞ വര്‍ഷത്തെ പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പാതി വഴിപോലും എത്തിയില്ലെന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നതും ഇതേ സമയത്താണ്. അതിന്റെ കാരണങ്ങള്‍ കണ്ടെത്തി പുനരധിവാസ പ്രക്രിയ ത്വരിതപ്പെടുത്താന്‍ ഗവണ്‍മെന്റിന് കഴിഞ്ഞില്ലെങ്കില്‍ പുതിയ പുനരധിവാസ പാക്കേജുകളെ അത് പ്രതികൂലമായി ബാധിക്കും.
പുനരധിവാസമെന്നത് ഭരണകൂടത്തിന്റെ മാത്രം ബാധ്യതയല്ല. ഒരു ഭരണകൂടത്തിനും അത് പൂര്‍ണാര്‍ഥത്തില്‍ ഏറ്റെടുക്കാനുള്ള ത്രാണിയുണ്ടാവില്ല. സമാന്തരമായി സന്നദ്ധ സംഘടനകളും പുനരധിവാസ പ്രോജക്ടുകള്‍ ഏറ്റെടുക്കുകയും ഗവണ്‍മെന്റുമായി സഹകരിച്ച് മുന്നോട്ടുപോവുകയും ചെയ്യണം. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും വീടുകള്‍ വൃത്തിയാക്കാനുമൊക്കെ കര്‍മഭൂമിയില്‍ ഓടിയെത്തിയ വിവിധ സംഘടനകളും ക്ലബ്ബുകളും പുനരധിവാസ പ്രോജക്ടുകളിലും ഭാഗഭാക്കാവുമെന്നാണ് നാം പ്രതീക്ഷിക്കുന്നത്. എങ്ങനെ ഒരു പുനരധിവാസ പാക്കേജ് നടപ്പാക്കാമെന്നതിന് മാതൃകയായി, ഒരു വര്‍ഷമായി പീപ്പ്ള്‍സ് ഫൗണ്ടേഷന്റെ കീഴില്‍ നടന്നുവരുന്ന പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഒരു സമഗ്ര റിപ്പോര്‍ട്ടും ഈ ലക്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Comments

Other Post

ഹദീസ്‌

ജീവിതം ചിട്ടപ്പെടുത്തുന്നത് എങ്ങനെ?
മൂസ ഉമരി, പാലക്കാട്

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (7-11)
ടി.കെ ഉബൈദ്‌