Prabodhanm Weekly

Pages

Search

2019 ആഗസ്റ്റ് 09

3113

1440 ദുല്‍ഹജ്ജ് 07

ലേഖനമെഴുത്ത്, പത്രപ്രവര്‍ത്തനം

ഹൈദറലി ശാന്തപുരം

[പ്രവാസ സ്മരണകള്‍-5]

ശാന്തപുരം ഇസ്‌ലാമിയാ കോളേജിലെ വിദ്യാര്‍ഥി ജീവിതകാലത്തുതന്നെ എഴുത്തില്‍ താല്‍പര്യമുണ്ടായിരുന്നു. 'സന്ദേശം' കൈയെഴുത്ത് പത്രത്തിലൂടെയാണ് തുടക്കം. 1959-'60 കാലത്ത് കോഴിക്കോട് മൂഴിക്കലില്‍ സംഘടിപ്പിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി കേരള സമ്മേളനത്തോടനുബന്ധിച്ച് വി.കെ ഹംസയുടെ പത്രാധിപത്യത്തില്‍ തയാറാക്കിയ 'സന്ദേശം' വിശേഷാല്‍ പതിപ്പില്‍ ഈയുള്ളവന്റെ ഹിന്ദിയിലുള്ള ഒരു ലേഖനം ഉള്‍പ്പെടുത്തിയിരുന്നതായി ഓര്‍ക്കുന്നു. 'പ്രബോധനം' പ്രതിപക്ഷ പത്രം 1964-ല്‍ മാസികയും വാരികയുമായി വേര്‍പിരിഞ്ഞപ്പോള്‍ മാസികയുടെ ആദ്യ ലക്കത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട 'അയ്യൂബ് ഗവണ്‍മെന്റും പാക് ജമാഅത്തെ ഇസ്‌ലാമിയും' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകൃതമായ ലേഖനമാണ് അച്ചടിപുരണ്ട ആദ്യ ലേഖനം. പിന്നീട് 'ചന്ദ്രിക' ആഴ്ചപ്പതിപ്പ്, 'ചന്ദ്രിക' വാരാന്തപ്പതിപ്പ്, മാതൃഭൂമി യുവരശ്മി, കേരള ഡൈജസ്റ്റ് എന്നിവയില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. 'പ്രബോധനം' വൃത്താന്ത വാരികയുടെ ശാന്തപുരം ലേഖകനായിക്കൊണ്ടായിരുന്നു പത്രപ്രവര്‍ത്തനത്തിന്റെ തുടക്കം. അന്തമാന്‍ പ്രവാസ കാലത്ത് 'പ്രബോധന' ത്തിലേക്കും 'ചന്ദ്രിക' പത്രത്തിലേക്കും 'അന്തമാന്‍ കത്ത്' എന്ന പേരില്‍ വാര്‍ത്താകുറിപ്പുകളയച്ചിരുന്നു. 'ദഅ്‌വത്ത്' പത്രത്തിലേക്ക് ഉര്‍ദുവിലും വാര്‍ത്തകളയക്കാറുണ്ടായിരുന്നു. മദീനാ യൂനിവേഴ്‌സിറ്റിയിലെ പഠനകാലത്ത് 'പ്രബോധന'ത്തിന്റെ വിശേഷാല്‍ പതിപ്പുകളില്‍ 'ഖുര്‍ആന്റെ വശ്യത,' 'ദേശീയോദ്ഗ്രഥനം ചില സങ്കീര്‍ണ പ്രശ്‌നങ്ങള്‍' എന്നീ തലക്കെട്ടുകളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാട്ടില്‍ തിരിച്ചെത്തിയ ശേഷം 'പ്രബോധനം' പത്രാധിപസമിതിയംഗമായി ഒരു വര്‍ഷം പ്രവര്‍ത്തിച്ചതിലൂടെ പത്രപ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങള്‍ മനസ്സിലാക്കാനായി.
1987 ജൂണ്‍ ഒന്നിന് വെള്ളിമാടുകുന്നില്‍നിന്ന് മാധ്യമം എന്ന വെള്ളിനക്ഷത്രം ഉദയം ചെയ്തപ്പോള്‍ അതിന്റെ യു.എ.ഇയിലെ പ്രഥമ പ്രതിനിധി കാര്‍ഡ് എനിക്കാണ് ലഭിച്ചത്. അറബി പത്രമാസികകള്‍ അവലംബമാക്കി തയാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ക്കു പുറമെ അല്‍ഐനിലെ ജബല്‍ ഹഫീത്, റഅ്‌സുല്‍ ഖൈമയിലെ ഉഷ്ണജല നീരുറവ മുതലായ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സചിത്ര ഫീച്ചറുകളും തയാറാക്കിയിരുന്നു.
ഗള്‍ഫ് മാധ്യമം തുടങ്ങിയതിനുശേഷം അതില്‍ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. റമദാന്റെ പൊരുള്‍, റമദാന്‍ കര്‍മശാസ്ത്രം, കര്‍മപഥങ്ങളിലൂടെ എന്നീ തലക്കെട്ടുകളില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ലേഖന പരമ്പരകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. പെരുന്നാളുകള്‍, നബിദിനം, ഹജ്ജ്കാലം എന്നിവയോടനുബന്ധിച്ചും എന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടാറുണ്ടായിരുന്നു.
യുവസരണി ഹജ്ജ് സപ്ലിമെന്റ്, കെ.എം.സി.സി സുവനീര്‍, 'കാരക്ക' വിശേഷാല്‍ പതിപ്പ്, 'മാതൃഭൂമി' റമദാന്‍ ഗള്‍ഫ് സ്‌പെഷല്‍, 'ചന്ദ്രിക' റമദാന്‍ സപ്ലിമെന്റ്, 'ലീഗ് ടൈംസ്', അറേബ്യ മാസിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. 'പ്രബോധന'വുമായുള്ള ബന്ധത്തിന്റെ ചരിത്രം 'പ്രബോധനം' അറുപതാം വാര്‍ഷികപ്പതിപ്പില്‍ 'അഞ്ചു പതിറ്റാണ്ടിന്റെ ആത്മബന്ധം' എന്ന ശീര്‍ഷകത്തില്‍ എഴുതിയ കുറിപ്പില്‍ വിവരിച്ചിട്ടുണ്ട്. അല്‍ബയാന്‍, അല്‍മദീന, അര്‍രിയാദ്, അല്‍ വഹ്ദ എന്നീ അറബി ദിനപത്രങ്ങളിലും രിയാദിലെ അദ്ദഅ്‌വ മാസികയിലും ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.

രചനകള്‍, വിവര്‍ത്തന കൃതികള്‍
സ്വന്തം രചനകളും വിവര്‍ത്തന കൃതികളുമടക്കം ഒരു ഡസനോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. എല്ലാം സാധിച്ചത് യു.എ.ഇ ജീവിതകാലത്ത്.
'ഹറമിന്റെ സന്ദേശം' എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെടാന്‍ ഒരു പശ്ചാത്തലമുണ്ട്. ഞാന്‍ ദുബൈയിലായിരുന്ന കാലത്ത് മൗലാനാ മൗദൂദിയുടെ 'ഖുതുബാതെ ഹറം' എന്ന പുസ്തകം ശ്രദ്ധയില്‍ പെട്ടു. ഞാനതു വരെ ആ പുസ്തകം കണ്ടിട്ടുണ്ടായിരുന്നില്ല. മൗദൂദി സാഹിബ് 1963-ല്‍ മസ്ജിദുല്‍ ഹറാമില്‍ ഹാജിമാരെ അഭിമുഖീകരിച്ച് ചെയ്ത മൂന്ന് പ്രസംഗങ്ങളുടെ സമാഹാരമാണിത്. ഹറമിലെ ദൈവിക ദൃഷ്ടാന്തങ്ങള്‍, ഹജ്ജ് കര്‍മങ്ങളുടെ ആത്മാവ്, ഹജ്ജിന്റെ സദ്ഫലങ്ങള്‍ എന്നീ തലക്കെട്ടുകളിലായിരുന്നു പ്രസംഗങ്ങള്‍. ഹജ്ജ് നിര്‍വഹണത്തിന് ഏറെ സഹായകമാണ് അതെന്ന് തോന്നി. ഉടനെ പരിഭാഷപ്പെടുത്തി, 'ഹാജിമാരോട്' എന്ന പേരു നല്‍കി ഐ.പി.എച്ചിന്റെ ചുമതല വഹിച്ചിരുന്ന കെ.എം അബ്ദുല്‍ അഹദ് തങ്ങള്‍ക്ക് അയച്ചുകൊടുത്തു. മാസങ്ങള്‍ കഴിഞ്ഞ് 'ഹറമിന്റെ സന്ദേശം' എന്ന പേരില്‍ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് അത് പ്രസിദ്ധീകരിച്ചു. എന്റെ അച്ചടിച്ചുവന്ന ആദ്യകൃതി. 1980-ല്‍ ആദ്യപതിപ്പ് പുറത്തിറങ്ങിയ പുസ്തകത്തിന്റെ നിരവധി എഡിഷനുകള്‍ ഇതിനകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
ശൈഖ് ഇബ്‌നുബാസിന്റെ 'ദലീലുല്‍ ഹജ്ജി വല്‍ മുഅ്തമിരി വ സാഇരി മസ്ജിദി റസൂലില്ലാഹി (സ)' എന്ന കൃതിയുടെ വിവര്‍ത്തനമാണ് 'ഹജ്ജ്, ഉംറ, സിയാറത്ത് ഗൈഡ്.' മര്‍കസുദ്ദഅ്‌വ മുദീറായിരുന്ന ശൈഖ് ഉമറുബ്‌നു അബ്ദില്‍ അസീസ് ആലു ഉസ്മാന്റെ ആമുഖക്കുറിപ്പോടെ അദ്ദേഹത്തിന്റെ ചെലവിലായിരുന്നു അതിന്റെ പ്രസിദ്ധീകരണം. യു.എ.ഇയില്‍നിന്ന് ഹജ്ജിന് പോകുന്ന മലയാളി ഹാജിമാര്‍ക്ക് സൗജന്യമായി വിതരണം ചെയ്യുകയായിരുന്നു ആദ്യ പതിപ്പായി അച്ചടിച്ച 2000 കോപ്പികള്‍. ഹജ്ജ് വിഷയകമായി വേറെയും പുസ്തകങ്ങളുള്ളതിനാല്‍ അത് പിന്നീട് പുനഃപ്രസിദ്ധീകരിക്കുകയുണ്ടായില്ല.
ശൈഖ് ഇബ്‌നുബാസിന്റെ 'അത്തഹ്ഖീഖു വല്‍ ഈദാഹ്' എന്ന പ്രസിദ്ധ ഹജ്ജ് കൃതിയെ അവലംബിച്ച് ചോദ്യോത്തര രൂപത്തില്‍ ഹജ്ജ്കര്‍മവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തയാറാക്കി റേഡിയോ ഏഷ്യയില്‍ ഖണ്ഡശ്ശഃ പ്രക്ഷേപണം ചെയ്ത 'ഹജ്ജ് എന്ത്? എങ്ങനെ?' എന്ന പരമ്പര പിന്നീട് പുസ്തക രൂപത്തില്‍ പുറത്തിറങ്ങി. 1987-ല്‍ ഐ.പി.എച്ച് അതിന്റെ ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ചു.
ഹജ്ജ് യാത്രികര്‍ തങ്ങളുടെ യാത്രാ ഗൈഡായി ഉപയോഗിക്കുന്ന മറ്റൊരു പുസ്തകമാണ് 'ഹജ്ജ് യാത്ര.' ഏറെക്കാലത്തെ പരിശ്രമമുണ്ട് ഇതിനു പിന്നില്‍. പരിശുദ്ധ ഭൂമിയുമായും ഹജ്ജ് കര്‍മവുമായുമുള്ള ദീര്‍ഘകാലത്തെ പരിചയം ഇത് തയാറാക്കുന്നതില്‍ ഏറെ സഹായകമായിട്ടുണ്ട്. ഹജ്ജ് മന്ത്രാലയം, ഹറം കാര്യ ഡിപ്പാര്‍ട്ട്‌മെന്റ്, ഹറം വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച ബിന്‍ലാദിന്‍ കമ്പനിയുടെ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവയെല്ലാം അവലംബമാക്കി പല വിവരങ്ങളും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. 1995 ഫെബ്രുവരിയിലാണ് ആദ്യ പതിപ്പ് പുറത്തിറങ്ങിയത്. പുണ്യഭൂമിയില്‍ നടക്കുന്ന പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ച് പുസ്തകത്തിന്റെ പുതിയ പതിപ്പുകളില്‍ കാലോചിതമായ പരിഷ്‌കരണങ്ങള്‍ വരുത്തിക്കൊണ്ടിരുന്നു. 1994-നു ശേഷം പുണ്യഭൂമിയിലേക്കുള്ള യാത്രക്ക് സൗകര്യം ലഭിക്കാതിരുന്നതിനാല്‍ അതിനു ശേഷമുള്ള പല പുതിയ വിവരങ്ങളും പുതിയ പതിപ്പുകളില്‍ ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിന് പരിഹാരമായി, പുണ്യഭൂമിയിലേക്ക് ഇടക്കിടെ യാത്ര ചെയ്യാറുള്ള കേരള ഹജ്ജ് ഗ്രൂപ്പ് സെക്രട്ടറി റഫീഖുര്‍റഹ്മാന്‍ മൂഴിക്കലിനെ പുസ്തകത്തിന്റെ ഏറ്റവും പുതിയ എഡിഷന്‍ പരിശോധിച്ച് ഹജ്ജിന്റെ സ്ഥലങ്ങളില്‍ വന്ന മാറ്റമനുസരിച്ച് പുസ്തകത്തില്‍ പരിഷ്‌കരണം വരുത്താന്‍ ചുമതലപ്പെടുത്തി. അതനുസരിച്ച് അദ്ദേഹം വരുത്തിയ പരിഷ്‌കരണത്തോടെയാണ് 'ഹജ്ജ്-ഉംറ യാത്ര' എന്ന പേരില്‍ പുതിയ പതിപ്പുകള്‍ ഇറങ്ങിയിട്ടുള്ളത്.
ഇസ്‌ലാമിക സമൂഹത്തിന്റെ ബഹുമുഖമായ സംസ്‌കരണം (ഇസ്വ്‌ലാഹ്) ലക്ഷ്യമാക്കി 'പ്രബോധന'ത്തില്‍ എഴുതിയ ഏതാനും ലേഖനങ്ങളുടെ സമാഹാരമാണ് 'സംസ്‌കരണ ചിന്തകള്‍' എന്ന കൃതി. 1998-ല്‍ ആദ്യ പതിപ്പ് പുറത്തിറങ്ങി. പലരും ഈ കൃതി ജുമുഅ ഖുത്വ്ബക്ക് അവലംബമാക്കാറുണ്ട്.
ശൈഖ് ഇബ്‌നുബാസിന്റെ ഒരു ഫത്‌വാ സമാഹാരവും പ്രസിദ്ധീകരിക്കുകയുണ്ടായി. 2001 ആഗസ്റ്റിലാണ് അതിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്.
സുഗമമായ ഹജ്ജ് നിര്‍വഹിക്കുന്നതിന് സഹായകമായ നിര്‍ദേശങ്ങളടങ്ങിയ ലഘു കൃതിയാണ് 'ഹജ്ജ് യാത്രികര്‍ക്ക് ചില നിര്‍ദേശങ്ങള്‍.' 2010-ല്‍ ഐ.പി.എച്ച് പുറത്തിറക്കിയ ഇതിന്റെ ആയിരക്കണക്കിന് കോപ്പികള്‍ ഹജ്ജ് യാത്രക്കാര്‍ക്കിടയില്‍ സൗജന്യമായി വിതരണം ചെയ്യുകയുണ്ടായി.
ഉംറ മാത്രം നിര്‍വഹിക്കുന്നവര്‍ക്കുള്ള കൈപ്പുസ്തകമാണ് 'ഉംറ ഗൈഡ്.' 2002 നവംബറിലാണ് ആദ്യ പതിപ്പ് പുറത്തിറങ്ങിയത്. ഉംറ യാത്രക്കാര്‍ ധാരാളമായി ഉപയോഗപ്പെടുത്തുന്ന ഈ ഉംറ ഗൈഡിന്റെ ആയിരക്കണക്കിന് പ്രതികള്‍ നിരവധി പതിപ്പുകളിലായി ഐ.പി.എച്ച് ഇതിനകം പുറത്തിറക്കിയിട്ടുണ്ട്.
വിശുദ്ധ ഖുര്‍ആന്‍ അവതരണവും ക്രോഡീകരണവും, ഖുര്‍ആന്‍ ഒരസാധാരണ ഗ്രന്ഥം, ഖുര്‍ആന്റെ വശ്യശക്തി, ഖുര്‍ആന്‍ ശാശ്വത ദിവ്യദൃഷ്ടാന്തം, ഖുര്‍ആനും ശാസ്ത്ര സത്യങ്ങളും എന്നീ ശീര്‍ഷകങ്ങളിലായി ഖുര്‍ആനെ പരിചയപ്പെടുത്തുന്ന കൃതിയാണ് 'വിശുദ്ധ ഖുര്‍ആന്‍ അമാനുഷിക ഗ്രന്ഥം.' 'വചനം' ബുക്‌സാണ് പ്രസിദ്ധീകരിച്ചത്, 2010-ല്‍.
ഇസ്‌ലാമിക പ്രബോധനം വ്യക്തിതലത്തില്‍, വ്രതാനുഷ്ഠാനം സംശയങ്ങള്‍ക്ക് മറുപടി, പര്‍ദയണിഞ്ഞ കലാകാരികള്‍ എന്നീ പുസ്തകങ്ങളും വചനം ബുക്‌സ് പ്രസിദ്ധീകരിക്കുകയുണ്ടായി.
പുസ്തകരൂപത്തില്‍ പ്രസിദ്ധീകൃതമായ മേല്‍പറഞ്ഞ കൃതികള്‍ക്കു പുറമെ ഡോ. യൂസുഫുല്‍ ഖറദാവിയുടെ 'അന്നാസു വല്‍ ഹഖ്' എന്ന ഗ്രന്ഥം ഈയുള്ളവന്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അത് വര്‍ഷങ്ങള്‍ക്കു മുമ്പ് 'യുവസരണി'യില്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചുവെങ്കിലും ഗ്രന്ഥരൂപത്തില്‍ പുറത്തിറങ്ങിയിട്ടില്ല.
 

(തുടരും)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (5-6)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹജ്ജിനു ശേഷം പുതിയൊരു ജീവിതം
സുബൈര്‍ കുന്ദമംഗലം