Prabodhanm Weekly

Pages

Search

2019 ആഗസ്റ്റ് 09

3113

1440 ദുല്‍ഹജ്ജ് 07

വെറുപ്പിനെ സ്‌നേഹം കൊണ്ട് അതിജയിക്കുക

എസ്. അമീനുല്‍ ഹസന്‍ (അസി. അമീര്‍ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്)

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരില്‍ കൊലയും കൊള്ളിവെപ്പും മറ്റു അതിക്രമങ്ങളും വര്‍ധിച്ചുവരികയാണെന്ന് പിഞ്ചുകുഞ്ഞുങ്ങള്‍ക്കു പോലും അറിയാം. ഇതിന് എന്ത് പരിഹാരം എന്ന ചോദ്യവും തൊട്ടുടനെ ഉയരുന്നുണ്ട്. ചിലര്‍ നല്ല അഭിപ്രായങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ടെങ്കില്‍, വേറെ ചിലര്‍ ഒട്ടും ബുദ്ധിപൂര്‍വകമല്ലാത്ത പരിഹാരങ്ങളാണ് സമര്‍പ്പിക്കുന്നത്. ഈ പ്രശ്‌നം വഷളാക്കുന്നതില്‍ സാമൂഹിക മാധ്യമങ്ങള്‍ക്കുമുണ്ട് വലിയ പങ്ക്. അത് പ്രചരിപ്പിക്കുന്നതില്‍ മുസ്‌ലിം യുവാക്കളും പങ്കുചേരുന്നു. അവരോട് പറയാനുള്ളത്, ശത്രുവിന്റെ ലക്ഷ്യം സാക്ഷാല്‍ക്കരിച്ചുകൊടുക്കുകയാണ് അതു മുഖേന നിങ്ങള്‍ ചെയ്യുന്നത് എന്നാണ്. അക്രമങ്ങളുണ്ടാക്കി അവ വീഡിയോയില്‍ പകര്‍ത്തി മുസ്‌ലിംകളെ ചകിതരാക്കാനാണ് ശത്രുക്കളുടെ ശ്രമം. അത് വീണ്ടും വീണ്ടും ഷെയര്‍ ചെയ്യപ്പെടുമ്പോള്‍ ആ ലക്ഷ്യം നേടാന്‍ സഹായിക്കുകയാണ് പ്രചരിപ്പിക്കുന്നവര്‍ ചെയ്യുന്നത്. അതില്‍നിന്ന് എല്ലാവരും വിട്ടുനില്‍ക്കണം. ഒരാള്‍ രോഗം ബാധിച്ച് ഡോക്ടറെ കാണാന്‍ വന്നാല്‍ വളരെ പെട്ടെന്ന് അയാള്‍ക്ക് മരുന്ന് കുറിച്ചുകൊടുക്കാറില്ല. മറിച്ച്, അയാളുടെ മുന്‍രോഗങ്ങളും മറ്റും പൂര്‍ണമായി പഠിച്ച ശേഷമാണ് ഡോക്ടര്‍ പ്രതിവിധി നിര്‍ദേശിക്കുക. അപ്രകാരം ഇന്ത്യനവസ്ഥകളെ വിശകലനം ചെയ്ത ശേഷമേ നമുക്ക് പരിഹാരം നിര്‍ദേശിക്കാനാവൂ.
ഇന്ത്യയില്‍ വര്‍ഗീയ കലാപങ്ങള്‍ സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവുമായി ധാരാളം ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഉണ്ടാകുന്നുമുണ്ട്. ജനങ്ങളെ ഭീകരവാദികളാക്കി മുദ്രകുത്തുന്നു, ചുട്ടുകൊല്ലുന്നു, സ്ത്രീകളുടെ വയറു കീറി അവരെയും ഗര്‍ഭസ്ഥ ശിശുക്കളെയും നശിപ്പിക്കുന്നു. ഇങ്ങനെ പലതും സംഭവിക്കുന്നു. 1984-ല്‍ സിക്കുകാര്‍ക്കെതിരെ ആക്രമണമുണ്ടായി. 2002-ല്‍ മറ്റൊരു വലിയ കലാപത്തിന് നാം സാക്ഷികളായി.
നിഷ്‌കളങ്കരും നിരപരാധികളുമായവര്‍ക്കു നേരെ ഇത്തരം ആള്‍ക്കൂട്ട അക്രമങ്ങള്‍ ചരിത്രത്തിലും അനവധി ഉണ്ടായിട്ടുണ്ട്. പ്രവാചകന്മാര്‍ പോലും അതില്‍നിന്ന് ഒഴിവാക്കപ്പെട്ടില്ല. 'ഈസാ(അ)യെ ഞങ്ങള്‍ കൊന്നിരിക്കുന്നു' എന്ന് ജൂതവിഭാഗം അവകാശപ്പെട്ടത് ഖുര്‍ആന്‍ ഉദ്ധരിച്ചിട്ടുണ്ട്. അദ്ദേഹത്തെ പിടികൂടി വസ്ത്രം വലിച്ചു ചീന്തി മദ്യം കുടിപ്പിച്ച് അതിക്രൂരമായി പീഡിപ്പിച്ചു എന്നാണ് ചില ചരിത്രകൃതികളില്‍ കാണുക. ഖുര്‍ആന്‍ ഇക്കാര്യം അംഗീകരിച്ചിട്ടില്ലെന്നത് മറ്റൊരു കാര്യം. ഈസായോട് സദൃശനായ മറ്റൊരാളെയായിരുന്നു അവര്‍ പീഡിപ്പിച്ചത് എന്നാണ് ഖുര്‍ആന്‍ പറയുന്നത്. സംസ്‌കാര സമ്പന്നരെന്ന് നാം കരുതുന്ന യൂറോപ്പും നൂറ്റാണ്ടുകള്‍ക്കു മുമ്പേ രാഷ്ട്രീയ പ്രതിയോഗികളുടെ മേല്‍ ആഭിചാരം ആരോപിച്ച് അവരെ കൂട്ടക്കൊല ചെയ്തിരുന്നു. ജര്‍മനിയില്‍ കഴിഞ്ഞ മൂന്ന് നൂറ്റാണ്ടിനിടെ അഞ്ച് മുതല്‍ പത്ത് ലക്ഷം വരെ പേര്‍ ഇങ്ങനെ കൊല്ലപ്പെടുകയുണ്ടായി. ബ്രിട്ടീഷുകാര്‍ ബിഹാറിലെ ചോട്ടാ നാഗ്പൂരില്‍ ആഭിചാരം ആരോപിച്ച് നിരവധി പേരെ കശാപ്പ് ചെയ്തിരുന്നു. ബ്രിട്ടീഷുകാരുടെ കൃഷിനാശത്തിനും പിതാക്കള്‍ രോഗിയാവുന്നതിനും കുട്ടികള്‍ മരിക്കുന്നതിനുമൊക്കെ കാരണം തദ്ദേശീയരാണെന്ന് ആരോപിച്ചായിരുന്നു കൂട്ടക്കുരുതി. ഇന്ത്യയില്‍ എന്തുകൊണ്ടാണ് ബുദ്ധമതക്കാര്‍ വംശനാശത്തിന്റെ വക്കോളമെത്തിയത് എന്നും ആലോചിക്കുക. ഗ്രാമങ്ങള്‍ ആക്രമിച്ച് അവരെ മതം മാറ്റാനും ശ്രമം നടന്നിട്ടുണ്ട്.
ഇസ്‌ലാമിലെ പ്രഥമ രക്തസാക്ഷി സുമയ്യ(റ)യെ പറ്റി ചിന്തിക്കുക. തുടക്കത്തില്‍ ചുട്ടുപൊള്ളുന്ന പൊരിവെയിലില്‍ നിര്‍ത്തിയാണ് അവരെ പീഡിപ്പിച്ചത്. പിന്നീട് അബൂജഹ്ല്‍ അവരെ കൊലചെയ്യുകയായിരുന്നു. ഇത്തരം ചരിത്രസംഭവങ്ങളില്‍നിന്ന് മൂന്ന് കാര്യങ്ങള്‍ നമുക്ക് വായിച്ചെടുക്കാം:
ഒന്ന്: തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ ശത്രുക്കള്‍ ആദ്യം ഒരു രാഷ്ട്രീയ എതിരാളിയെ സൃഷ്ടിക്കും. രണ്ട്: ആ എതിരാളിക്കെതിരെ മുഴുവന്‍ സംവിധാനങ്ങളും ഉപയോഗിച്ച് കള്ളവാര്‍ത്തകള്‍ (എമസല ചലം)െ പടച്ചുവിടും. മൂന്ന്; തങ്ങള്‍ ശത്രുക്കളായി കാണുന്നവര്‍ക്കെതിരില്‍ വെറുപ്പും പക്ഷപാതിത്വവും വെച്ചു പുലര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യും. ഈ അതിക്രമങ്ങളുടെയൊന്നും ഇരകള്‍ സമൂഹത്തിലെ ഉയര്‍ന്ന വിഭാഗക്കാരായിരിക്കില്ല എന്നും ഓര്‍ക്കുക. കര്‍ഷകര്‍ ഉള്‍െപ്പടെ താഴേതട്ടിലുള്ളവര്‍ക്കാണ് പീഡനമേല്‍ക്കേണ്ടിവരിക. മക്കയില്‍ പ്രവാചകന്റെ അനുചരന്മാരില്‍ പാവങ്ങളോടായിരുന്നല്ലോ ശത്രുക്കള്‍ കലിതീര്‍ത്തിരുന്നത്. ഖുര്‍ആന്‍ പറയുന്നു: ''ഈ തെമ്മാടികളുണ്ടല്ലോ അവര്‍ ഇഹലോകത്ത് വിശ്വാസികളെ പരിഹസിക്കുന്നവരായിരുന്നു. വിശ്വാസികള്‍ അവരുടെ ചാരെ കടന്നുപോകുമ്പോള്‍ അവര്‍ പരസ്പരം കണ്ണിറുക്കുമായിരുന്നു. അവര്‍ സ്വകുടുംബങ്ങളിലേക്ക് തിരിച്ചുപോകുന്നത് ഈ പരിഹാസത്തില്‍ രസം കൊള്ളുന്നവരായിട്ടായിരിക്കും. വിശ്വാസികളെ കാണുമ്പോള്‍ അവര്‍ പറഞ്ഞിരുന്നു: ഇക്കൂട്ടര്‍ പിഴച്ചുപോയല്ലോ'' (അല്‍ മുത്വഫ്ഫിഫീന്‍ 29-32). ആ പരിഹാസം തന്നെയാണ് കാര്‍ട്ടൂണുകള്‍ വരച്ചും തീവ്രവാദിയെന്ന് മുദ്രയടിച്ചും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. ഇന്ന് ഒരെണ്ണത്തിനെ വകവരുത്തിയല്ലോ എന്ന് ആനന്ദത്തോടെ ആക്രോശിച്ചാണ് ഇക്കൂട്ടര്‍ വീടകങ്ങളിലേക്ക് മടങ്ങുന്നത്. 'വഴിതെറ്റിയവന്‍' എന്ന ചാപ്പകുത്തിയാണ് ആക്രമണം. ഹിന്ദുമതം വിട്ടുപോയവര്‍ അവരുടെ കണക്കില്‍ വഴിതെറ്റിയവരാണ്. അതിലേക്ക് മടക്കിക്കൊണ്ടുവരാനാണ് മുദ്രാവാക്യം വിളിപ്പിക്കുന്നത്.
ഇനി പരിഹാരത്തിലേക്കു വരാം. അവ ഇത്തിരി ശ്രമകരവും സ്ഥൈര്യം ആവശ്യമുള്ളതുമാണ്. ദീര്‍ഘകാലം പണിയെടുത്താലേ ഫലം കാണൂ (താല്‍ക്കാലിക പരിഹാരങ്ങള്‍ ഇവിടെ ചര്‍ച്ചക്കെടുക്കുന്നില്ല). ഒന്ന്: അവര്‍ നമ്മെ രാഷ്ട്രീയ ശത്രുവാക്കിയിരിക്കുകയാണല്ലോ. അതിനുള്ള പ്രതിവിധി അവരെ രാഷ്ട്രീയ മിത്രമാക്കുക എന്നതാണ്. അടിസ്ഥാനപരമായി ഈ രാജ്യനിവാസികള്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തുക എന്നതായിരുന്നു നമ്മുടെ ദൗത്യം. അത് നാം വിസ്മരിച്ചു. നമ്മെ പിടിച്ചുവെച്ച് തെറ്റായ വചനം ചൊല്ലിക്കുന്ന ഈ സന്ദര്‍ഭത്തില്‍, സത്യത്തിന്റെ ശബ്ദം ഉയര്‍ത്തിനിര്‍ത്താന്‍ നാം കഠിനാധ്വാനം ചെയ്യണം. 1930-കളില്‍ ഈ ഒരു ഉത്തരവാദിത്തത്തെ സംബന്ധിച്ചാണ് സയ്യിദ് മൗദൂദി തന്റെ തര്‍ജുമാനുല്‍ ഖുര്‍ആനിലൂടെ മുസ്‌ലിംകളെ ഉണര്‍ത്തിയത്. പക്ഷേ മതത്തെ രാഷ്ട്രീയവത്കരിച്ചു എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ അദ്ദേഹത്തിനു മേല്‍ ചൊരിയുകയായിരുന്നു പലരും. ഇസ്‌ലാമിനെയും രാഷ്ട്രീയത്തെയും നമ്മള്‍ രണ്ടായും കണ്ടു. രാഷ്ട്രീയത്തെ അപ്രസക്തമെന്ന് പറഞ്ഞ് തള്ളിയവര്‍ തന്നെ ഇപ്പോള്‍ രാഷ്ട്രീയ സ്വാധീനത്തെ ഊന്നിപ്പറയുന്നു. പ്രബോധക സംഘമായ മുസ്‌ലിംകള്‍ പ്രബോധകരായാണ് ജീവിക്കേണ്ടതും മരിക്കേണ്ടതുമെന്നാണ് തന്റെ അല്‍ ജിഹാദു ഫില്‍ ഇസ്‌ലാം എന്ന ഗ്രന്ഥത്തിലൂടെയും മൗദൂദി സമര്‍ഥിച്ചത്. അതിനാല്‍ നാമൊന്നാകെ യഥാര്‍ഥ സംഘടിത പ്രബോധക സംഘമാവുക എന്നതാണ് ഒന്നാമത്തെ പരിഹാര നിര്‍ദേശം.
രണ്ട്: പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കള്ള വാര്‍ത്തകള്‍ക്കു പകരം ശരിയായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുക. അതിന് ധാരാളം വ്യക്തി ബന്ധങ്ങള്‍ ആവശ്യമാണ്. സെമിനാറുകള്‍, ഗവേഷണങ്ങള്‍, പ്രഭാഷണങ്ങള്‍, ചാനലുകള്‍, ദിനപത്രങ്ങള്‍, ആധുനിക സാമൂഹിക സങ്കേതങ്ങള്‍ എന്നിവ മുഖേന പ്രശ്‌നത്തിന്റെ ശരിയായ വശം പ്രചരിപ്പിക്കണം. കള്ളവാര്‍ത്ത പടക്കാനും പ്രചരിപ്പിക്കാനും മില്യന്‍ കണക്കിന് തുകയാണ് പ്രതിയോഗികള്‍ ചെലവിടുന്നത്. ആ കള്ളങ്ങളെ സത്യംകൊണ്ട് പ്രതിരോധിക്കാന്‍ നമുക്കെന്താണ് തടസ്സം? പ്രശ്‌നങ്ങള്‍ക്ക് ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ രൂപപ്പെടുന്ന പരിഹാരനിര്‍ദേശങ്ങളാണ് പ്രചരിപ്പിക്കേണ്ടത്.
മൂന്ന്: വെറുപ്പ് ഉല്‍പാദിപ്പിക്കുന്ന ലോകത്ത് നിരാശരായി കഴിയുന്നതിനു പകരം അതിനെ സ്‌നേഹം കൊണ്ട് പ്രതിരോധിക്കണം. അതിന് സൗഹൃദം വര്‍ധിപ്പിക്കണം. പൊതുസമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ നമ്മുടെ കൂടി പ്രശ്‌നങ്ങളായി ഏറ്റെടുക്കണം. പരസ്പര കൂടിക്കാഴ്ചകളിലൂടെ വെറുപ്പിനെ സ്‌നേഹംകൊണ്ട് മറികടക്കണം. ഖുര്‍ആന്‍ പറയുന്നു: ''തിന്മയെ നന്മകൊണ്ട് പ്രതിരോധിക്കുക. അതുമുഖേന നിങ്ങള്‍ക്കിടയിലുള്ള വിദ്വേഷം അലിഞ്ഞില്ലാതായി ശത്രു മിത്രമായി മാറും. പക്ഷേ സ്ഥൈര്യശാലികള്‍ക്കേ ഈ ലക്ഷ്യം നേടിയെടുക്കാനാവൂ'' (ഫുസ്സ്വിലത് 34-35). ശത്രുവിന് കീഴൊതുങ്ങല്‍ പരിഹാരമല്ല. ധൈര്യത്തോടും സ്ഥൈര്യത്തോടും കൂടി വെറുപ്പിനെ സ്‌നേഹം കൊണ്ട് അതിജയിക്കുന്നവരായി മാറുക. ഇവയാണ് ദീര്‍ഘ പദ്ധതികളായി നാം ഏറ്റെടുക്കേണ്ട ദൗത്യം. 
(ദല്‍ഹി ഓഖ്‌ലയിലെ ജമാഅത്തെ ഇസ്‌ലാമി ആസ്ഥാനത്തെ പള്ളിയില്‍ 24-07-2019-ന് നടത്തിയ ഖുത്വ്ബ)

വിവ: റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (5-6)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹജ്ജിനു ശേഷം പുതിയൊരു ജീവിതം
സുബൈര്‍ കുന്ദമംഗലം