Prabodhanm Weekly

Pages

Search

2012 ഫെബ്രുവരി 25

വിജയത്തിന് വഴിയൊരുക്കുന്ന മാതാവ്‌

ഡോ. അംറ് ഖാലിദ്‌

മാതാവിന്റെ സ്ഥാനവും മഹത്വവും കഴിഞ്ഞ തവണ നാം സവിസ്തരം പ്രസ്താവിച്ചു. ഉമ്മമാരെക്കുറിച്ച് പോരിശ മാത്രം പറഞ്ഞാല്‍ പോരല്ലോ. മാതാവേ.. നീയുമായി ബന്ധപ്പെട്ട ചില സുപ്രധാനമായ നിര്‍ദേശങ്ങളാണിനി. നിനക്ക് ചെയ്യാവുന്ന ഒട്ടേറെ കാര്യങ്ങള്‍.. നിന്റെ പരിശ്രമം മൂലം സാധ്യമാകുന്ന ചില സത്യങ്ങള്‍..
നിന്നില്‍ നിന്ന് ഈ ലോകത്തിന് ഒരു നല്ല മകനെയോ മകളേയോ ലഭിക്കണം. നിന്റെ വ്യക്തമായ ആസൂത്രണം കൊണ്ടും വൈദഗ്ധ്യം കൊണ്ടും മാത്രം സാധ്യമാകുന്ന കാര്യമാണിത്. 'വിജയത്തിന് വഴിയൊരുക്കുന്ന മാതാവ്' എന്ന് നിന്നെ വിശേഷിപ്പിക്കാന്‍ പറ്റണം. ഇത്തരത്തില്‍ ആയിരമോ പതിനായിരമോ മാതാക്കള്‍ നമുക്കുണ്ടെങ്കില്‍ ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ...
നീ മാത്രമാണ് കരുണയും വാത്സല്യവും എന്ന് സൂചിപ്പിച്ചല്ലോ! നിന്റെ ഈ ഗുണങ്ങള്‍ മുഴച്ച് നിന്നുകൊണ്ട് തന്നെ വരും തലമുറയെ എങ്ങനെ സജ്ജമാക്കാം എന്നതിനെക്കുറിച്ചാണ് ഇനി ചിലത് കുറിക്കുന്നത്.
മക്കള്‍ പ്രധാനമായും നാല് ഘട്ടങ്ങളിലൂടെയാണ് നിന്നിലൂടെ കടന്നു പോകുന്നത്.
അവരുടെ ജനനം മുതല്‍ മൂന്ന് വയസ്സ് വരെയാണ് ആദ്യഘട്ടം. ഈ ഘട്ടത്തില്‍ വാരിക്കോരി സ്‌നേഹം നല്‍കുകയാണ് വേണ്ടത്... അന്ധമായ സ്‌നേഹം! നിന്റെ സ്‌നേഹവും വാത്സല്യവും കുഞ്ഞു മനസ്സില്‍ പതിയുമാറ് ആഴമേറിയ സ്‌നേഹപ്രകടനം. നിന്നില്‍ നിന്ന് നിന്റെ കുഞ്ഞ് അകന്നുനില്‍ക്കാനേ പാടില്ല. രാവും പകലും ഊണിലും ഉറക്കിലും നിന്റെ ചാരെ തന്നെയുണ്ടാവണം കുഞ്ഞ്.
ആഇശ(റ)യെ സമീപിച്ച് ഒരു സ്ത്രീ തന്റെ വിശപ്പിനെക്കുറിച്ച വേവലാതി ബോധിപ്പിച്ചു. രണ്ടു കുഞ്ഞു മക്കളും അവരുടെ കൂടെയുണ്ട്. ആഇശ(റ)ക്ക് അന്നേരം മൂന്ന് കാരക്കയല്ലാതെ ഒന്നും തെരഞ്ഞിട്ട് കിട്ടിയതുമില്ല. അവ ആ സ്ത്രീക്ക് നല്‍കുകയും തന്റെ കുട്ടികള്‍ക്കായി ഓരോ കാരക്ക വീതം അവര്‍ നല്‍കുകയും ചെയ്തു. കുട്ടികള്‍ ഉടനടി അത് വായിലിട്ട് ചവച്ചിറക്കി. പിന്നീട് അവരുടെ ശ്രദ്ധ മുഴുവന്‍ ഉമ്മയുടെ കൈയില്‍ അവശേഷിച്ച കാരക്കയിലായി. തന്റെ വിശപ്പ് അവഗണിച്ച് തന്റെ കുട്ടികള്‍ക്കായി ആ മാതാവ് ആ കാരക്ക പകുത്ത് നല്‍കി. ഈ രംഗം കണ്ട ആഇശ(റ) പിന്നീട് അത്ഭുതപൂര്‍വം പ്രവാചകനെ വിവരം അറിയിച്ചു. ''അവര്‍ തന്റെ കുട്ടികളോട് ചെയ്ത പ്രവൃത്തിയില്‍ അല്ലാഹു അവര്‍ക്ക് കരുണ വര്‍ഷിച്ചിരിക്കുന്നുവെന്ന് അവരെ അറിയിച്ചില്ലേ ആഇശാ'' എന്ന് പ്രവാചകന്‍ മറുപടി പറഞ്ഞു. ഈ സ്‌നേഹ പ്രകടനമാണ് ഈ ഘട്ടത്തില്‍ ഓരോ മാതാവില്‍ നിന്നും പ്രതീക്ഷിക്കപ്പെടുന്നത്.
ഇനി രണ്ടാം ഘട്ടം. മൂന്ന് വയസ്സ് മുതല്‍ ആറ് വയസ്സ് പ്രായം വരെ. ഈ ഘട്ടത്തില്‍ നിന്റെ മകന്‍ അവന്റെ പിതാവിനോട് അടുക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കും. പൗരുഷത്തിന്റെ ലോകത്തേക്ക് അനുകരണത്തോടെ കടന്നു വരാന്‍ അവന്‍ കൂടെക്കൂടെ ശ്രമിക്കും. ഇത് ചില മാതാക്കള്‍ക്ക് ഇഷ്ടപ്പെട്ടെന്ന് വരില്ല. കുട്ടിയുടെ സകല കാര്യങ്ങളും നിര്‍വഹിക്കുന്നത് താന്‍! എന്നാല്‍ കുട്ടിക്കോ പ്രിയം അവന്റെ പിതാവിനോട്! പൊല്ലാപ്പിന് അധികമൊന്നും വേണ്ടല്ലോ. കുട്ടിയോട് മാനസികമായി അകല്‍ച്ചയൊന്നുമില്ലെങ്കിലും ഇക്കാരണത്താല്‍ അവനോട് ചില മാതാക്കള്‍ കോപിക്കുകയും ചെയ്യും. എന്നാല്‍ ഇത് നിങ്ങളുടെ മാത്രം അവസ്ഥയല്ലെന്ന് മനസ്സിലാക്കുക. പിതാവുമായി അടുക്കുന്ന സന്ദര്‍ഭത്തില്‍ കൂടുതല്‍ ഇഷ്ടവും തമാശയും ആ വഴിക്ക് മാറിപ്പോകുന്നത് സ്വാഭാവികമാണ്. ബുദ്ധിപൂര്‍വം ഈ അവസരത്തെ മനസ്സിലാക്കുകയാണ് മാതാവ് ചെയ്യേണ്ടത്. ഹാജറ ഇപ്രകാരമല്ലേ പ്രവര്‍ത്തിച്ചത്!
മക്കാ മണലാരണ്യത്തില്‍ ഒറ്റപ്പെട്ട്, സംസം തേടി, സ്വഫാ മര്‍വയില്‍ ഓടി, തുല്യതയില്ലാത്ത യാതന സഹിച്ച് വളര്‍ത്തിയ മകന്‍ ഇസ്മാഈലിനെ പിതാവുമായി കൂടുതല്‍ അടുപ്പിക്കുകയാണ് അവര്‍. അല്ലാതെ, പിതാവിനെ കൂടുതല്‍ സ്‌നേഹിക്കുന്ന പുത്രനോട് അകല്‍ച്ച കാട്ടുകയല്ല. പിതാവിനെ പരിചയപ്പെടുത്തി കൊടുക്കേണ്ടതും ഊഷ്മളമായ പിതൃ-പുത്ര ബന്ധങ്ങള്‍ക്ക് വഴിയൊരുക്കേണ്ടതും മാതാവ് തന്നെയാണ്. ഈ ഘട്ടത്തില്‍ ഭാര്യ-ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധവും സ്‌നേഹവും സംഭാഷണവുമാണ് ആദ്യമായി കുഞ്ഞിന്റെ മനസ്സില്‍ അഭിപ്രായങ്ങള്‍ രൂപപ്പെടുത്തുന്നത്.
ഘട്ടം മൂന്ന്. ആറ് മുതല്‍ പത്ത് വയസ്സ് വരെയുള്ള ഈ പ്രായം മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കേണ്ട സമയമാണ്. കൂടെ നിന്ന് സല്‍ഗുണങ്ങള്‍ പഠിപ്പിക്കേണ്ട സന്ദര്‍ഭം. ദയ, കാരുണ്യം, സത്യസന്ധത, വിശ്വസ്തത, ആത്മാര്‍ഥത, മര്യാദകള്‍, ജനങ്ങളോടുള്ള പെരുമാറ്റം, നമസ്‌കാരം, ദൈവ സ്‌നേഹം.... ഇപ്രകാരം മരണം വരേക്കും മക്കളില്‍ നിലനില്‍ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന എന്തും കൊത്തിവെക്കേണ്ട, നട്ടുപിടിപ്പിക്കേണ്ട പ്രായം ഇതാണ്. ഈ ഘട്ടത്തില്‍ കാര്യമായ വെള്ളവും വളവും മക്കള്‍ക്ക് നല്‍കാന്‍ സാധിച്ചാല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വിളവ് നിങ്ങള്‍ക്ക് ലഭ്യമാവുക തന്നെ ചെയ്യും. ഒരു പക്ഷേ, ഭാവിയില്‍ തെല്ലൊന്ന് അപഥ സഞ്ചാരം നയിച്ചാല്‍ പോലും നന്മയിലേക്ക് തിരിഞ്ഞു നടക്കാന്‍ ഈ ബാലപാഠങ്ങള്‍ അവര്‍ക്കുപകരിക്കും.
കൗമാരത്തിലേക്ക് പ്രവേശിക്കുന്നതാണ് നാലാം ഘട്ടം. നിന്റെ സാമീപ്യം നിന്റെ മക്കള്‍ക്ക് ഏറ്റവും ആവശ്യമായി വരുന്ന സമയമാണിത്. കൗമാരത്തിലേക്ക് കടന്നാല്‍ മക്കള്‍ തന്റെ പിടിയിലൊതുങ്ങില്ലെന്ന് ധരിക്കുന്ന ഒരുപാട് മാതാക്കളുണ്ട്. എന്നാല്‍ ബുദ്ധിപൂര്‍വമായ ഒരു ഭേദഗതി അവരുടെ ഇടപെടലിലുണ്ടായാല്‍ നിഷ്പ്രയാസം മക്കളുമായി ചങ്ങാത്തം സാധ്യമാകുന്ന ഘട്ടമാണ് കൗമാരം. എല്ലാം പങ്കുവെക്കാവുന്ന, എല്ലാ ഭാരവും ഇറക്കിവെക്കാവുന്ന, ഒരാളെ തേടി നടക്കുന്ന ഒരു പ്രായത്തില്‍ മാതാക്കളേക്കാള്‍ അതിന് പ്രാപ്തിയുള്ളവരായി മറ്റാരുണ്ട്?
സര്‍വോപരി, എല്ലാം തുറന്ന് പറയുന്ന മാതാക്കള്‍... എല്ലാം തുറന്ന് പറയുന്ന മക്കള്‍... ഈ സ്‌പേയ്‌സ് എങ്കിലും നഷ്ടപ്പെടുത്താതെ സൂക്ഷിക്കാന്‍ തയാറാവണം. പരസ്പരം മനസ്സ് തുറക്കുന്ന മാതാവും മക്കളും ഒരു വീടിന്റെ മനോഹരമായ കാഴ്ചയാണ്. താന്‍ ഈ വീട്ടില്‍ പരിഗണിക്കപ്പടുന്നുവെന്ന തോന്നല്‍ കൂടിയാണ് ആ സംഭാഷണത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത്.
മക്കള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നവര്‍ തന്നെയാണ് മാതാപിതാക്കള്‍. വിശേഷിച്ച് നിങ്ങള്‍ മാതാക്കള്‍. എന്നാല്‍ ഈ പ്രാര്‍ഥന നിന്റെ മകന്റെ/ മകളുടെ ഏറ്റവും വലിയ ബലമായി മനസ്സിലാക്കി വേണം അത് വിനിയോഗിക്കാന്‍. നിന്റെ പ്രാര്‍ഥന ഉത്തരം ലഭിക്കാന്‍ മാത്രം പര്യാപ്തമാണ്. നിന്റെ റോള്‍ യഥാവിധം വിനിയോഗിച്ചുകൊണ്ട് നീ നടത്തുന്ന പ്രാര്‍ഥന ദൈവം എങ്ങനെ തട്ടിക്കളയും? നിന്നെ നിരാശയാക്കി മടക്കാന്‍ കഴിയില്ല ദൈവത്തിന്. മാതാവിന്റെ പ്രാര്‍ഥനയാണ് ഈ കാണുന്ന ഞാനെന്ന് ആഹ്ലാദ പൂര്‍വം പറയുന്ന മക്കളെക്കുറിച്ചൊന്ന് സങ്കല്‍പിച്ചു നോക്കൂ നിങ്ങള്‍!
മൂസാ-ഫിര്‍ഔന്‍ സംവാദ-സമരങ്ങളെ പരിചയപ്പെടുത്തുമ്പോഴും മൂസയുടെ ഉമ്മയുടെ ബേജാറിനെ പരാമര്‍ശിക്കാന്‍ അല്ലാഹു വിട്ടുകളഞ്ഞില്ല. കുഞ്ഞു പൈതലിനെ നൈലിലൊഴുക്കിയ മാതാവിന്റെ മനം നീറ്റിത്തുടങ്ങിയത് ദൈവം കണ്ടുവെന്നും തദടിസ്ഥാനത്തിലാണ് മുലകുടി തുടരാന്‍ സ്വന്തം ഉമ്മയുടെ അടുക്കല്‍ മടങ്ങിയെത്തിയതെന്നും സുന്ദരമായി വരച്ചു കാണിക്കുന്നുണ്ട് വിശുദ്ധ ഖുര്‍ആന്‍.
ആരു തന്നെയും നിന്റെ മക്കളെ തള്ളിപ്പറഞ്ഞാലും നിനക്കതിന് കഴിയില്ല. കാരണം നീ ആദ്യമായും അവസാനമായും ഒരു മാതാവാണ്. മക്കളുടെ നേര്‍വഴിക്ക് വേണ്ടി പ്രാര്‍ഥിക്കേണ്ടവള്‍ നീയാണ്. മറയില്ലാതെ വാനലോകത്തേക്കുയര്‍ത്തപ്പെടുന്ന പ്രാര്‍ഥനയും നിന്റേതാണ്.
ഇനി മക്കളോട് പറയട്ടെ. ഇപ്പറഞ്ഞതൊന്നും നിങ്ങളുടെ മാതാവിന് ചെയ്യാന്‍ സാധിച്ചില്ലെങ്കിലും നിങ്ങളുടെ പൂര്‍ണമായ സ്‌നേഹം അവര്‍ അര്‍ഹിക്കുന്നു. പകരം വീട്ടാവുന്ന ഒരു കടപ്പാടല്ല നിങ്ങള്‍ക്കുള്ളത്. യുഗങ്ങള്‍ നന്ദി പ്രകാശിപ്പിച്ചാലും തീരാത്ത കടപ്പാടിന്റെ പ്രതീകമത്രെ മാതാവ്. കുറ്റങ്ങളും കുറവുകളും ഉള്ളതോടൊപ്പം അവര്‍ നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവര്‍ തന്നെയാണ്. നിനക്കറിയാത്ത, നിനക്ക് ഭാവനയില്‍ കാണാന്‍ കഴിയാത്ത സ്‌നേഹം സമ്മാനിച്ചവര്‍ക്കായി നീയും പ്രാര്‍ഥിക്കുക! ''എപ്രകാരമാണോ നാഥാ അവര്‍ എന്നോട് കരുണ കാണിച്ചത് അപ്രകാരം അവരോടും നീ കരുണ കാണിക്കണമേ'' എന്ന്.
(വിവ: നഹാസ് മാള)

Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം