Prabodhanm Weekly

Pages

Search

2019 ആഗസ്റ്റ് 02

3112

1440 ദുല്‍ഖഅദ് 29

സ്‌കോളര്‍ഷിപ്പുകള്‍

റഹീം ചേന്ദമംഗല്ലൂര്‍

കേന്ദ്ര - സംസ്ഥാന ഗവണ്‍മെന്റുകളും അര്‍ധസര്‍ക്കാര്‍-സര്‍ക്കാറേതര ഏജന്‍സികളും വിവിധ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്ന സമയമാണിത്. ഏതാനും സ്‌കോളര്‍ഷിപ്പുകളെക്കുറിച്ച്.

 

പ്രീ-മെട്രിക്, പോസ്റ്റ്-മെട്രിക് സ്‌കോളര്‍ഷിപ്പ് 

ന്യൂനപക്ഷ വിഭാഗക്കാരായ ഒന്ന് മുതല്‍ പത്ത് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതാണ് പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ്. +1, +2, +1, +2, ITI, Polytechnic, മറ്റ് ടെക്നിക്കല്‍, വൊക്കേഷണല്‍, ഡിഗ്രി, പി.ജി വിദ്യാര്‍ഥികള്‍ക്ക്  കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നല്‍കുന്ന സ്‌കോളര്‍ഷിപ്പാണ് പോസ്റ്റ്- മെട്രിക്  സ്‌കോളര്‍ഷിപ്പുകള്‍. മുന്‍വര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയ, വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള രക്ഷിതാക്കളുടെ മക്കള്‍ക്ക്  പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിനും, രണ്ട് ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് പോസ്റ്റ് - മെട്രിക്  സ്‌കോളര്‍ഷിപ്പിനും അപേക്ഷിക്കാം. www.scholarships.gov.in  എന്ന നാഷ്‌നല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വരുമാന സര്‍ട്ടിഫിക്കറ്റും രക്ഷിതാക്കള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റും (18 വയസ്സ് പൂര്‍ത്തിയായവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയത്) അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ക്ക് പുതുക്കാന്‍ 50 ശതമാനം മാര്‍ക്ക് ലഭിച്ചതായി തെളിയിക്കുന്ന രേഖ സമര്‍പ്പിച്ചാല്‍ മതി. ഒരു കുടുംബത്തില്‍നിന്നും രണ്ടിലധികം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കില്ല. പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് 2019 ഒക്‌ടോബര്‍ 15 വരെയും, പോസ്റ്റ്-മെട്രിക് സ്‌കോളര്‍ഷിപ്പിന് 2019 ഒക്‌ടോബര്‍ 31 വരെയുമാണ് അപേക്ഷ നല്‍കാനുള്ള സമയം.

 

ഇന്ദിരാ ഗാന്ധി ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ്

ഒറ്റപ്പെണ്‍കുട്ടികള്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് (പി.ജി) പഠനത്തിനായി യു.ജി.സി നല്‍കുന്നതാണ് ഇന്ദിരാഗാന്ധി സ്‌കോളര്‍ഷിപ്പ്. അപേക്ഷക കുടുംബത്തിലെ ഒറ്റപ്പെണ്‍കുട്ടിയും, പി.ജി ഒന്നാം വര്‍ഷ റെഗുലര്‍ വിദ്യാര്‍ഥിയും ആയിരിക്കണം. നാഷ്‌നല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ www.scholarships.gov.in ഓണ്‍ലൈനായിട്ടാണ് അപേക്ഷ നല്‍കേണ്ടത്. ഒറ്റപ്പെണ്‍കുട്ടിയാണെന്ന സാക്ഷ്യപത്രവും, പി.ജി പ്രവേശന റിപ്പോര്‍ട്ടും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷകക്ക് പ്രവേശന സമയത്ത് 30 വയസ്സ് തികയാന്‍ പാടില്ല. ഇരട്ടപ്പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. 2019-'20 അധ്യയന വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ഒക്‌ടോബര്‍ 31 വരെ നല്‍കാം.

 

കെ.വി.പി.വൈ സ്‌കോളര്‍ഷിപ്പ്

കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് സയന്‍സ് വിഷയങ്ങളില്‍ പ്രീ-പി.എച്ച്.ഡി തലം വരെ സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിയാണ് കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന (കെ.വി.പി.വൈ) ഫെലോഷിപ്പ്. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് നടപ്പാക്കുന്ന പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ മാസാന്ത ഫെലോഷിപ്പും പ്രതിവര്‍ഷം കണ്ടിജന്‍സി ഗ്രാന്റും നല്‍കുന്നു. +1 മുതല്‍ ഡിഗ്രി ആദ്യവര്‍ഷ വിദ്യാര്‍ഥികള്‍ വരെയുള്ള ശാസ്ത്ര വിഷയത്തില്‍ പഠനം നടത്തുന്നവരില്‍നിന്നാണ് അപേക്ഷ സ്വീകരിക്കുക. ബിരുദത്തിന് ബി.എസ്.സി/ബി.എസ്/ബി.സ്റ്റാറ്റ്/ബി.മത്ത്/ഇന്റഗ്രേറ്റഡ് എം.എസ്.സി/ഇന്റഗ്രേറ്റഡ് എം.എസ് എന്നീ ഏതെങ്കിലുമൊരു കോഴ്‌സിലായിരിക്കണം പഠനം. 
പ്രവേശന പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. പ്രധാനമായും സ്ട്രീം എസ്.എ, സ്ട്രീം എസ്.എക്സ്, സ്ട്രീം എസ്.ബി എന്നീ മൂന്ന് സ്ട്രീമിലാണ് ഫെലോഷിപ്പ് നല്‍കുന്നത്. ഇതു സംബന്ധിച്ച വിശദവിവരങ്ങള്‍ http://kvpy.iisc.ernet.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫെലോഷിപ്പ് തുടര്‍ന്നും ലഭിക്കാന്‍ 60 ശതമാനം മാര്‍ക്കോടെ വാര്‍ഷിക/ സെമസ്റ്റര്‍ പരീക്ഷകള്‍ പാസ്സാകണം. http://kvpy.iisc.ernet.in/main/fellowship.htm എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി 2019 ആഗസ്റ്റ് 20 വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാ ഫീസ് 1000 രൂപ. നവംബര്‍ 3-നാണ് പ്രവേശന പരീക്ഷ. കേരളത്തില്‍ വയനാട് ഒഴികെ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കമ്പ്യൂട്ടര്‍ പരീക്ഷാ രീതി പരിചയപ്പെടുത്താന്‍ മോക് ടെസ്റ്റും, മുന്‍ വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പറുകളും ഉത്തരസൂചികകളും വെബ്‌സൈറ്റില്‍ ലഭ്യമാണ്

 

സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ്

അക്കാദമിക മികവ് പുലര്‍ത്തുന്ന മിടുക്കരായ, നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന സ്‌കോളര്‍ഷിപ്പാണ് സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ്. അംഗീകൃത കോളേജ്/യൂനിവേഴ്‌സിറ്റിയില്‍ റെഗുലര്‍ ഡിഗ്രി, പി.ജി ചെയ്യുന്നവര്‍ക്കും മെഡിക്കല്‍, എഞ്ചിനീയറിംഗ് ഉള്‍പ്പെടെയുള്ള പ്രഫഷനല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. +2 പരീക്ഷയില്‍ 80 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. വരുമാന സര്‍ട്ടിഫിക്കറ്റും +2 മാര്‍ക്ക്ഷീറ്റും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. എട്ടു ലക്ഷം രൂപയാണ് വരുമാനപരിധി. 50 ശതമാനം സ്‌കോളര്‍ഷിപ്പുകളും പെണ്‍കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ടതാണ്. നാഷ്‌നല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ബിരുദ പഠനത്തിന് 10000 രൂപയും പി.ജി പഠനത്തിന് 20000 രൂപവരെയുമാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. എസ്.സി/എസ്.ടി/ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സംവരണവും ഉണ്ട്. മുന്‍ വര്‍ഷങ്ങളില്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ ഓണ്‍ലൈന്‍ ആയിത്തന്നെ പുതുക്കാനുള്ള അപേക്ഷ നല്‍കണം. അഞ്ചു വര്‍ഷം വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കും. 2019 ഒക്‌ടോബര്‍ 31 വരെയാണ് ഈ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള സമയം. വിവരങ്ങള്‍ക്ക്: www.scholarships.gov.in, ഫോണ്‍: 01126172917, 72491,65238

 

മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ്

ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്കായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ഏര്‍പ്പെടുത്തിയതാണ് മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ്. പ്രഫഷനല്‍, ടെക്നിക്കല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന, മുന്‍ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം 2.50 ലക്ഷം രൂപയില്‍ കവിയരുത്. കോഴ്‌സ് ഫീ ഇനത്തില്‍ 20000 രൂപ വരെയും, പുറമെ മെയ്ന്റനന്‍സ് അലവന്‍സായി പതിനായിരം രൂപവരെയും പദ്ധതിയിലൂടെ ലഭിക്കും. ലിസ്റ്റ് ചെയ്യപ്പെട്ട 85-ഓളം മുന്‍നിര സ്ഥാപനങ്ങളിലെ മുഴുവന്‍ കോഴ്‌സ് ഫീസും പദ്ധതി വഹിക്കും. ഇത്തരം സ്ഥാപനങ്ങള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍  വെബ്‌സൈറ്റില്‍ ലഭ്യമാണ്: www.scholarships.gov.in. ഓണ്‍ലൈനായി നല്‍കുന്ന അപേക്ഷയോടൊപ്പം വരുമാന സര്‍ട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ (18 വയസ്സ് ആയിട്ടില്ലെങ്കില്‍ രക്ഷിതാവ് സാക്ഷ്യപ്പെടുത്തിയ) കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം. ഈ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ 2019 ഒക്‌ടോബര്‍ 31-നു മുമ്പ് നല്‍കണം.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (2-4)
ടി.കെ ഉബൈദ്‌

ഹദീസ്‌

മരിച്ചവരെ അപമാനിക്കരുത്
സുബൈര്‍ കുന്ദമംഗലം