Prabodhanm Weekly

Pages

Search

2019 ആഗസ്റ്റ് 02

3112

1440 ദുല്‍ഖഅദ് 29

ആളെ കൊല്ലുന്ന കള്ളങ്ങള്‍

മെഹദ് മഖ്ബൂല്‍

നുണകള്‍ മനോഹരമായി സമര്‍ഥിച്ച് അത് സത്യമെന്ന് തോന്നിപ്പിക്കുന്ന പ്രോപ്പഗണ്ട രീതിയെ 'ബിഗ് ലൈ' (Big Lie) എന്നാണ് പറയാറ്. മെയിന്‍കാംഫില്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ അതേപ്പറ്റി പറയുന്നുണ്ട്; നുണകളെ അവതരിപ്പിക്കേണ്ട വിധം അവതരിപ്പിച്ചാല്‍ അതിനെ ചോദ്യം ചെയ്യാനല്ല, വിശ്വസിക്കാനായിരിക്കും ആളുകള്‍ക്ക് താല്‍പര്യം എന്ന്.
ചെറിയ നുണകളെ പോലെയല്ല വലിയ നുണകള്‍. അതുണ്ടാക്കുന്ന പരിക്കുകള്‍ ഭീകരമായിരിക്കും. ഒരു വിഭാഗത്തെ തന്നെ ഉന്മൂലനം ചെയ്യാന്‍ മാത്രം ആണവശേഷി അവക്കുണ്ട്. വളരെ ആസൂത്രിതമായി പടച്ചുവിടുന്ന പെരുംനുണകളുടെ ഉറവിടങ്ങള്‍ അന്വേഷിക്കുകയാണ് 'ഇന്ത്യ മിസിന്‍ഫോംഡ്' എന്ന പുസ്തകം. പ്രതിക് സിന്‍ഹ, സുമയ്യ ശൈഖ്, അര്‍ജുന്‍ സിദ്ധാര്‍ഥ് എന്നിവര്‍ ചേര്‍ന്നെഴുതിയ ഈ പുസ്തകം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി രാജ്യത്ത് പ്രചരിപ്പിക്കപ്പെടുന്ന കള്ളവാര്‍ത്തകളെ വിശകലനം ചെയ്യുകയാണ്.
ന്യൂനപക്ഷ സമുദായാംഗങ്ങള്‍ ചേര്‍ന്ന് ഒരു ഭൂരിപക്ഷ സമുദായാംഗത്തെ കൊലപ്പെടുത്തുന്നു എന്നും പറഞ്ഞ് നാടെങ്ങും പ്രചരിപ്പിച്ച ഒരു വീഡിയോയെ തുടര്‍ന്നായിരുന്നു രാജസ്ഥാനില്‍ പെഹ്‌ലുഖാന്‍ എന്ന സാധു മനുഷ്യന്‍ പശുക്കടത്ത് ആരോപിക്കപ്പെട്ട് കൊല ചെയ്യപ്പെട്ടത്. ഇന്ത്യയില്‍ നടന്നത് എന്ന രീതിയില്‍ പ്രചരിച്ച ആ സംഭവം യഥാര്‍ഥത്തില്‍ ബംഗ്ലാദേശില്‍നിന്നുള്ള ദൃശ്യമായിരുന്നു. അതാകട്ടെ സാമുദായിക സംഘര്‍ഷമേ ആയിരുന്നില്ല എന്നെഴുതുന്നു പ്രതിക് സിന്‍ഹ. 
ജീവനെടുക്കുന്നവ, ഭിന്നിപ്പുണ്ടാക്കുന്നവ, അന്യവല്‍ക്കരിക്കുന്നവ തുടങ്ങി പലവിധ കള്ളങ്ങളെ തുറന്നുകാട്ടുകയാണ് പുസ്തകം.
2012-'13 കാലം മുതലാണ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമായി കൃത്യമായ ചില സോഴ്‌സുകളില്‍നിന്ന് നിരന്തരം ഫേക്ക് ന്യൂസുകള്‍ വരാന്‍ തുടങ്ങിയത്. കള്ളങ്ങളുടെ സ്വഭാവമനുസരിച്ച് പാര്‍ട്ടുകളായി തിരിച്ചാണ് പുസ്തകം അവയെ വിശകലനം ചെയ്യുന്നത്.
വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകയും അത് പ്രചരിപ്പിക്കുകയും ചെയ്ത ശേഷം പിന്നീട് ഡിലീറ്റ് ചെയ്യുകയാണ് ഈ നുണനിര്‍മാതാക്കള്‍ ചെയ്യുന്നത്. സത്യമാണോ, നുണയാണോ എന്നൊന്നും ആലോചിക്കാന്‍ പോലും മിനക്കെടാത്ത ഒരു സമൂഹം രൂപപ്പെട്ടുവന്നത് അവരുടെ ദൗത്യം എളുപ്പമാക്കുന്നു. ചിലര്‍ മനപ്പൂര്‍വം പ്രചരിപ്പിക്കുമ്പോള്‍ ചിലര്‍ സത്യമാണെന്ന് ധരിച്ച് ഷെയര്‍ ചെയ്യുന്നു.
2018-ല്‍ അമൃത്‌സറില്‍ നടന്ന അറുപതു പേരുടെ മരണത്തിനിടയാക്കിയ ട്രെയ്ന്‍ അപകടത്തെ 'ട്രെയ്ന്‍ ജിഹാദാ'ണെന്ന് പ്രചരിപ്പിച്ചു ഒരു കൂട്ടര്‍. ഇംതിയാസ് അലി എന്നയാളാണ് ട്രെയ്‌നോടിച്ചിരുന്നതെന്നും അതൊരു ആക്‌സിഡന്റ് അല്ല എന്നുമായിരുന്നു പ്രചാരണം. എന്നാല്‍ യഥാര്‍ഥത്തില്‍ അന്ന് ട്രെയ്ന്‍ ഓടിച്ചത് അരവിന്ദ് കുമാര്‍ എന്നയാളായിരുന്നു. അന്തരീക്ഷം കലക്കാന്‍ കൃത്യമായി പ്ലാന്‍ ചെയ്ത വ്യാജ വാര്‍ത്തയായിരുന്നു അത്. 
സിനിമയിലെ രംഗങ്ങളെടുത്ത് ഹിന്ദു സ്ത്രീ  പീഡിപ്പിക്കപ്പെടുകയാണെന്ന് പ്രചരിപ്പിക്കുക, ലക്ഷക്കണക്കിന് റോഹിങ്ക്യന്‍ അഭയാര്‍ഥികളു് ഇന്ത്യയിലെന്ന് വ്യാജ കണക്കുകള്‍ അവതരിപ്പിക്കുക തുടങ്ങി അനവധി കള്ളങ്ങളാണ് പുസ്തകം തുറന്നു കാണിക്കുന്നത്. വായിക്കുക, ഷെയര്‍ ചെയ്യുക എന്നതിനുപരി ആലോചിക്കാനൊന്നും 'സമയമില്ലാത്തവര്‍' ഈ കള്ളങ്ങളുടെ ഏജന്റുമാരായി മാറും.
ഈ കള്ളങ്ങളുടെയെല്ലാം വാഹനമായി മാറുന്നതും അതിനെ അതിവേഗം പ്രസരിപ്പിക്കുന്നതും  സോഷ്യല്‍ മീഡിയയാണ്. സോഷ്യല്‍ മീഡിയ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന സാക്ഷരതയില്ലാത്തതിന്റെ പ്രശ്‌നങ്ങളും വരികള്‍ക്കിടയില്‍  വായിക്കാനാകും. 
പ്രസാധനം: ഹാര്‍പ്പര്‍ കൊളിന്‍സ്
വില: 399 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (2-4)
ടി.കെ ഉബൈദ്‌

ഹദീസ്‌

മരിച്ചവരെ അപമാനിക്കരുത്
സുബൈര്‍ കുന്ദമംഗലം