Prabodhanm Weekly

Pages

Search

2019 ആഗസ്റ്റ് 02

3112

1440 ദുല്‍ഖഅദ് 29

തുപ്പിലിക്കാട്ട് സാദിഖ് മാസ്റ്റര്‍

ഡോ. മുഹമ്മദ് മുസ്തഫ

ശാന്തപുരം ഇസ്‌ലാമിയ  കോളേജ് പൂര്‍വ വിദ്യാര്‍ഥിയും (1992-98) മലപ്പുറം ജില്ലയിലെ തോട്ടശ്ശേരിയറ തുപ്പിലിക്കാട്ട് മൊയ്തീന്‍കുട്ടി-ജമീല ദമ്പതികളുടെ മകനുമായ സാദിഖ് മാസ്റ്റര്‍ (42) വീടിനടുത്തു വെച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് അല്ലാഹുവിലേക്ക് യാത്രയായി. പെരുവള്ളൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനായിരുന്നു. വര്‍ഷങ്ങളോളം സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ജില്ലാ പരിശീലകനായിരുന്ന സാദിഖ് മാസ്റ്റര്‍, ഈ വര്‍ഷം ഉമ്മ, സഹോദരി, ഭാര്യ എന്നിവരോടൊപ്പം പരിശുദ്ധ ഹജ്ജിനു പോകാന്‍ തെരഞ്ഞെടുക്കപ്പെടുകയും യാത്രക്കുള്ള എല്ലാ തയാറെടുപ്പുകളും നടത്തുകയും ചെയ്തിരുന്നു. അതിനിടയിലാണ് അപകടം സംഭവിച്ചത്. ശാന്തപുരം അല്‍ ജാമിഅയില്‍ നടന്ന ഹജ്ജ് ക്യാമ്പില്‍ കുടുംബസമേതം പങ്കെടുത്തിരുന്നു.
ശാന്തപുരം കോളേജിലെ പഠനവും സഹപാഠികളും ജീവിതത്തില്‍ ഒരിക്കലും മാറ്റിനിര്‍ത്താന്‍ പറ്റാത്തതായിരുന്നു അദ്ദേഹത്തിന്. പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയെങ്കിലും അവസരം കിട്ടുമ്പോഴെല്ലാം അവിടം സന്ദര്‍ശിക്കുകയും അധ്യാപകരുമായും സഹപാഠികളുമായും നിരന്തരം ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു. വര്‍ഷത്തില്‍ ഒന്നില്‍ കൂടുതല്‍ തവണ, കുടുംബസമേതവും അല്ലാതെയും, ശാന്തപുരം സഹപാഠികളുടെ ഒത്തുകൂടല്‍ സംഘടിപ്പിക്കാന്‍ മുന്‍കൈ എടുത്തിരുന്നത് സാദിഖ് മാസ്റ്റര്‍ ആയിരുന്നു. ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട് ജൂണ്‍ 23-ന് അദ്ദേഹത്തിന്റെ വീട്ടില്‍ ഒത്തുകൂടാന്‍ സുഹൃത്തുക്കളെയും അടുത്ത ബന്ധുക്കളെയും ക്ഷണിച്ചിരുന്നു. ജൂണ്‍ 19-ന് രാത്രി സംഗമവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂട്ടുകാര്‍ക്ക് വോയ്സ് മെസേജ് ചെയ്ത് വീട്ടിലേക്കു മടങ്ങവെയാണ് അപകടം. ജൂണ്‍ 23-ന് പുലര്‍ച്ചെ കോഴിക്കോട് മെഡിക്കല്‍ കോേളജില്‍ മരണപ്പെടുകയും ചെയ്തു. 
കണിശക്കാരനായ അധ്യാപകനായിരിക്കെ ത്തന്നെ തന്റെ വിദ്യാര്‍ഥികള്‍ക്ക് അദ്ദേഹം സുഹൃത്തുമായിരുന്നു. പാഠ്യേതര വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ക്രിയാത്മക നേതൃത്വം നല്‍കാന്‍ എന്നും മുന്നില്‍ നിന്നു. എന്‍.എസ്.എസ്., സ്‌കൗട്ട്‌സ്, സ് കൂള്‍ കലോത്സവം, അറബിക് കലോത്സവം തുടങ്ങിയ വേദികളിലും സജീവമായിരുന്നു. ജലസംരക്ഷണം, സാമൂഹിക വനവത്കരണം തുടങ്ങിയ വിഷയങ്ങളില്‍ പ്രത്യേകം താല്‍പര്യം പ്രകടിപ്പിക്കുകയും തന്റെ വിദ്യാര്‍ഥികളെയും സുഹൃത്തുക്കളെയും അതിനു പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. പേരുപോലെ, സത്യസന്ധതയും കാപട്യമില്ലായ്മയുമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. ഏവരെയും ആത്മാര്‍ഥമായി സ്‌നേഹിച്ചു. ഇഷ്ടമാണെങ്കിലും കോപമാണെങ്കിലും അതു പ്രകടിപ്പിക്കാനുള്ള സത്യസന്ധത അദ്ദേഹത്തിനുണ്ടായിരുന്നു. ഓരോ ബന്ധവും കാത്തു സൂക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ ജനാസയില്‍ പങ്കെടുക്കാന്‍ പല നാടുകളില്‍നി ന്നായി വലിയ ജനാവലി എത്തിച്ചേര്‍ന്നിരുന്നു. ജനാസ കഴിഞ്ഞയുടന്‍, തൊട്ടടുത്ത മദ്‌റസയുടെ അകത്തും പുറത്തുമായി മൂന്നു അനുസ്മരണങ്ങളാണ് അദ്ദേഹത്തിനു വേണ്ടി ഒരേ സമയത്ത് നടന്നത്.   
ഭാര്യ ജസ്ല കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സ്റ്റാഫ് നഴ്‌സ് ആണ്. മക്കള്‍, ഷാഹില്‍ സാദിഖ് (13), സിനാന്‍ സാദിഖ് (7).

 

റുഖിയ്യാബി

തൃശൂര്‍ ജില്ലയിലെ ചേലക്കരയില്‍നിന്ന് പ്രസ്ഥാനത്തിന്റെ തണലില്‍ ജീവിക്കാന്‍ ശാന്തപുരത്ത് താമസമാക്കുകയായിരുന്നു റുഖിയ്യാബിത്ത. ഒട്ടേറെ മാതൃകകള്‍ പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് അവരില്‍നിന്ന് ഉള്‍ക്കൊള്ളാനുണ്ട്. തികച്ചും യാഥാസ്ഥിതിക ചുറ്റുപാടില്‍ വളര്‍ന്ന അവര്‍ ജീവിതാന്ത്യം വരെ യാഥാസ്ഥിതിക കാഴ്ചപ്പാടുകളോടും അന്ധവിശ്വാസങ്ങളോടും കലഹിച്ചു. മുസ്‌ലിം പെണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസം നേടുന്നതും ജോലി ചെയ്യുന്നതുമെല്ലാം മോശമായി കിരുന്ന ഒരു കാലഘട്ടത്തില്‍ അവര്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു കീഴിലുള്ള ലിറ്റില്‍ ഫഌവര്‍ കോണ്‍വെന്റിലാണ് പഠിച്ചത്. എല്‍.ഡി ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ച അവര്‍ ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫ് സ്റ്റേഷനറി ഡിപ്പാര്‍ട്ട്‌മെന്റ് ജോലിയില്‍നിന്ന് വിരമിക്കുന്നതു വരെയും ഇസ്‌ലാമിക മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ചും അഴിമതി പുരളാതെയും വിശുദ്ധമായ ജീവിതം നയിച്ചു. തട്ടമുപേക്ഷിക്കല്‍ ഫാഷനായ കാലത്ത് തട്ടമിട്ട ഏക പെണ്‍കുട്ടി എന്ന പേര് പഠനകാലത്തും ജോലിസ്ഥലത്തും നിലനിര്‍ത്തി.
 ഇസ്‌ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെടുന്നത് വിവാഹത്തിനു ശേഷമാണ്. ഭര്‍ത്താവ് അഹ്മദ് സാഹിബില്‍നിന്ന് പ്രസ്ഥാനത്തെ മനസ്സിലാക്കിയ അവര്‍ ഭര്‍ത്താവും മക്കളുമൊത്ത് പ്രസ്ഥാനത്തിന്റെ മാതൃകാ മഹല്ലില്‍ തന്നെ താമസിക്കാന്‍ തീരുമാനിച്ചുറച്ച് സഹോദരന്‍ മുഹമ്മദ് കോയയുമായി ശാന്തപുരത്തേക്ക് വരികയായിരുന്നു. ശാന്തപുരത്തെ പ്രസ്ഥാന കുടുംബത്തില്‍നിന്ന് സഹോദരനെക്കൊണ്ട്  വിവാഹം കഴിപ്പിച്ച അവര്‍ ആ കുടുംബത്തില്‍ തന്നെയുള്ള ഇസ്ഹാഖലി മാസ്റ്ററെ സ്വന്തം മകള്‍ക്ക് വരനായും സ്വീകരിച്ചു. അതോടെ പ്രസ്ഥാനത്തോടുള്ള ബന്ധം ഒന്നുകൂടി ശക്തമായി.
പ്രസ്ഥാനത്തിന്റെ പ്രകൃതവും സംസ്‌കാരവും പൂര്‍ണമായും സ്വാംശീകരിച്ച അവര്‍ കണിശവും വിട്ടുവീഴ്ചയില്ലാത്തതുമായ നയനിലപാടുകളില്‍ ഉറച്ചു നിന്നു. പ്രസ്ഥാന പ്രവര്‍ത്തകര്‍ മിതത്വം പാലിക്കണമെന്ന വാശി അവര്‍ക്കുണ്ടായിരുന്നു. പ്രവര്‍ത്തകരില്‍ പ്രസ്ഥാന നയനിലപാടുകള്‍ക്ക് വിരുദ്ധമായ എന്തെങ്കിലും കണ്ടാല്‍ അവര്‍ ധീരമായി പ്രതികരിക്കും.
ശാന്തപുരം വനിതാ കാര്‍കുന്‍ ഹല്‍ഖയുടെ നാസിമത്തായി പത്തു വര്‍ഷത്തിലേറെ സേവനമനുഷ്ഠിച്ചു. നല്ല വായനാശീലമുള്ള അവര്‍ക്ക് അത്യാവശ്യം എഴുതാനുള്ള കഴിവുമുണ്ടായിരുന്നു. ആരാമത്തിന്റെ ആദ്യകാല ലക്കങ്ങളില്‍ അവരുടെ ചില ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.     

കെ.കെ സുഹ്‌റ ടീച്ചര്‍

Comments

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (2-4)
ടി.കെ ഉബൈദ്‌

ഹദീസ്‌

മരിച്ചവരെ അപമാനിക്കരുത്
സുബൈര്‍ കുന്ദമംഗലം