Prabodhanm Weekly

Pages

Search

2019 ജൂലൈ 26

3111

1440 ദുല്‍ഖഅദ് 22

സേവനസന്നദ്ധരായി തനിമ ഹജ്ജ് വളന്റിയര്‍മാര്‍

അസ്ഹര്‍ പുള്ളിയില്‍ 

163 രാജ്യങ്ങളില്‍നിന്ന് 25 ലക്ഷത്തിലധികം തീര്‍ഥാടകര്‍. ഭൂരിപക്ഷത്തിനും മാതൃഭാഷ മാത്രമാണ് വശമുള്ളത്. ഇതര ഭാഷ അറിയുന്നവരിലും അറബി വശമുള്ളവര്‍ വളരെ വിരളം. യുവത്വം പിന്നിട്ട പ്രായത്തിന്റെ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരാണ് ഇവരില്‍ അധികപേരും. പലരും ജീവിത ശൈലീ രോഗങ്ങള്‍ക്ക് അടിപ്പെട്ടവര്‍. മക്ക മുതല്‍ അറഫ വരെ നീണ്ടുകിടക്കുന്ന 20 കിലോമീറ്ററിലധികം ദൂരം ചുട്ടുപൊള്ളുന്ന സൂര്യന് താഴെ 43 ഡിഗ്രി ചൂടില്‍ നടക്കാന്‍ വരെ പുണ്യനഗരിയിലെ ജനത്തിരക്ക് ഇവരെ നിര്‍ബന്ധിച്ചേക്കാം. ടെന്റുകളിലേക്കും താമസസ്ഥലത്തേക്കുമുള്ള വഴിതെറ്റല്‍ ഇവിടെ നിത്യ സംഭവമാണ്. ഇത്തരം സാഹചര്യത്തിലാണ് ഹജ്ജ് വളന്റിയര്‍മാരുടെ സേവനം അനിവാര്യമായിത്തീരുന്നത്. ഈ വര്‍ഷവും 500-ഓളം വളന്റിയര്‍മാരെ തനിമ സേവന രംഗത്തിറക്കുന്നുണ്ട്. ആദ്യത്തെ ഹാജി പുണ്യനഗരിയില്‍ കാല്‍കുത്തിയതു മുതല്‍ അവസാനത്തെ ഹാജി സുഊദി വിടുന്നതു വരെ തനിമ വളന്റിയര്‍മാരുടെ സേവനം നിര്‍ബാധം തുടരും.
ഇന്ത്യന്‍ എംബസിയുടെ ഹജ്ജ് മിഷനു കീഴിലുള്ള ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിന്റെ ഔദ്യോഗിക അംഗീകാരത്തോടെയാണ് തനിമ വളന്റിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ സുഊദിയിലെ വിദേശികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന 'ജാലിയാത്ത്', ഹാജിമാര്‍ക്ക് വേണ്ടതൊക്കെ സമ്മാനമായി നല്‍കുന്ന ഗിഫ്റ്റ് ഓര്‍ഗനൈസഷന്‍ എന്നീ ഔദ്യോഗിക വേദികളുടെ അംഗീകാരവും തനിമ വളന്റിയര്‍മാര്‍ക്ക് ലഭിക്കാറുണ്ട്.
ഹാജിമാര്‍ക്ക് സുഊദി സര്‍ക്കാര്‍ ഒരുക്കുന്ന സജ്ജീകരണങ്ങളും സേവനങ്ങളും സ്തുത്യര്‍ഹവും സമാനതകളില്ലാത്തതുമാണ്. എന്നാല്‍ ദശലക്ഷങ്ങളുടെ ഒത്തുകൂടലില്‍ സേവനത്തിന്റെ മേഖല ഇനിയും വളരെ വിശാലമാണ്. തീര്‍ഥാടകരെ സേവിക്കുന്നത്  ഇസ്ലാമിന് മുമ്പുള്ള 'ജാഹിലിയ്യ' കാലത്തുപോലും അറബികള്‍ വളരെ അഭിമാനകരമായി കണ്ടിരുന്നു. ഹാജിമാര്‍ക്ക് വെള്ളം കുടിപ്പിക്കാനും, പുണ്യ ഭവനത്തിന്റെ സംരക്ഷണത്തിനുമുള്ള 'സിഖായ', 'രിഫാദ', 'സിദാന' പോലുള്ള വകുപ്പുകള്‍ ചരിത്രത്തില്‍ സ്ഥാനം പിടിച്ചത് ഇതിന്റെ ഭാഗമായാണ്. ഭൗതിക താല്‍പര്യങ്ങളില്ലാതെ, അല്ലാഹുവില്‍നിന്നുള്ള പ്രതിഫലം മാത്രം കാംക്ഷിച്ച് തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യാന്‍ തനിമയെ പ്രചോദിപ്പിക്കുന്നതും അല്ലാഹുവിന്റെ അതിഥികളോടുള്ള ആദരവ് തന്നെയാണ്.
മക്കയില്‍നിന്നുള്ള വളന്റിയര്‍മാര്‍, തീര്‍ഥാടകര്‍ പുണ്യനഗരിയില്‍ എത്തിത്തുടങ്ങുന്ന ദിവസം മുതല്‍ അവരുടെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. ഹജ്ജ് അനുഷ്ഠാനങ്ങളുടെ തിരക്ക് തുടങ്ങുന്ന ദിവസങ്ങളില്‍ സുഊദിയുടെ വിവിധ നഗരങ്ങളില്‍നിന്നുള്ളവരും സേവന സംഘത്തോടൊപ്പം ചേരും. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഈ സംരംഭത്തില്‍ പങ്കാളികളാകും. സ്വന്തം വീട്ടില്‍ പാകം ചെയ്ത ഭക്ഷണവുമായാണ് മക്കയിലെ തനിമ വളന്റിയര്‍മാരായ മലയാളി സ്ത്രീകള്‍ ഹാജിമാരെ സേവിക്കാനെത്തുന്നത്. ഹാജിമാര്‍ക്ക് തനിമ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നല്‍കിവരുന്ന കഞ്ഞി, രോഗവും ക്ഷീണവും പ്രായവും കാരണം അവശത അനുഭവിക്കുന്നവര്‍ക്ക് ഏറെ ആശ്വാസം പകര്‍ന്നിട്ടുണ്ട്. തങ്ങളുടെ താമസ സ്ഥലത്തും ടെന്റുകളിലും ലഭിക്കുന്ന വിഭവസമൃദ്ധമായ ഭക്ഷണത്തേക്കാള്‍ കൂടുതലായി മലയാളി ഹാജിമാര്‍ ഈ കഞ്ഞിക്ക് വേണ്ടിയാവും കാത്തിരിക്കുന്നത്. ജോലി കഴിഞ്ഞുള്ള സമയവും ബലിപെരുന്നാള്‍ അവധി ദിനങ്ങളും തീര്‍ഥാടകര്‍ക്ക് സേവനം ചെയ്താണ് തനിമ വളന്റിയര്‍മാര്‍ ആഘോഷിക്കാറുള്ളത്. വളന്റിയര്‍ സേവനമനുഷ്ഠിക്കുന്നവരില്‍ ഭൂരിഭാഗവും തനിമ യൂത്ത് വിംഗിന്റെ പ്രവര്‍ത്തകരാണ്. അറഫ നോമ്പെടുത്തുപോലും സേവന രംഗത്ത് വ്യാപൃതരായ വളന്റിയര്‍മാര്‍ക്ക് തിരിച്ചുനല്‍കാന്‍ തീര്‍ഥാടകര്‍ കരുതിവെക്കുന്നത് കണ്ണീരില്‍ ചാലിച്ച ആത്മാര്‍ഥമായ പ്രാര്‍ഥനയാണ്.
മിന, അറഫ, മുസ്ദലിഫ എന്നീ നഗരങ്ങളിലെ മാപ്പ് നോക്കി സ്ഥലം മനസ്സിലാക്കാനും കല്ലേറിന്റെ ജംറകള്‍, മശാഇര്‍ മെട്രോ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ കൂട്ടം തെറ്റിയവരെ കണ്ടെത്തി സഹായിക്കാനും മക്കയിലെയും അസീസിയയിലെയും താമസ സ്ഥലങ്ങള്‍ കണ്ടെത്താനുമുള്ള പരിശീലനവും ബഹുഭാഷാ പരിജ്ഞാനവും നല്‍കിയാണ് തനിമ വളന്റിയര്‍മാരെ രംഗത്തിറക്കുന്നത്. വീല്‍ചെയര്‍, വാഹന സേവനം, ആശുപത്രി പരിചരണം ആവശ്യമുള്ളവര്‍ക്ക് അത് ലഭ്യമാക്കല്‍ എന്നിവയും പരിശീലനത്തിന്റെ ഭാഗമാണ്. ഹാജിമാര്‍ നാട്ടില്‍നിന്ന് പുറപ്പെടുന്നതിനു മുമ്പേ അറിഞ്ഞിരിക്കേണ്ടതും പുണ്യനഗരിയില്‍ അവര്‍ക്ക് ലഭ്യമാകുന്നതുമായ സജ്ജീകരണങ്ങള്‍, സേവനങ്ങള്‍, സുഊദി സര്‍ക്കാര്‍ മുത്വവ്വഫ് അഥവാ ഹജ്ജ് ഏജന്റ്, ഇന്ത്യന്‍ എംബസിക്കു കീഴിലെ ഹജ്ജ് മിഷന്‍, അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട വിവരണം എന്നിവ പരിചയപ്പെടുത്തുന്ന ലഘുവീഡിയോകളും സേവനത്തിന്റെ ഭാഗമായി തനിമ വളന്റിയര്‍മാര്‍ ഇതിനകം തയാറാക്കി സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയുണ്ടായി. തീര്‍ഥാടകരെ ബോധവത്കരിക്കുക, അവര്‍ക്ക് ലഭ്യമായ സേവനസൗകര്യങ്ങള്‍ പരിചയപ്പെടുത്തുക, ഏകാഗ്രതയോടെ ആരാധനാ അനുഷ്ഠാനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അവസരം ഒരുക്കുക എന്നതാണ് തനിമ ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (01)
ടി.കെ ഉബൈദ്‌

ഹദീസ്‌

പക വെടിയല്‍ സുന്നത്താണ്
നൗഷാദ് ചേനപ്പാടി