Prabodhanm Weekly

Pages

Search

2019 ജൂലൈ 26

3111

1440 ദുല്‍ഖഅദ് 22

വിജ്ഞാന സമ്പാദനം ജീവിതചര്യയാക്കിയ ഡോ. സകരിയ്യാ സ്വലാഹി

അബ്ദുല്‍ അസീസ് അന്‍സാരി, പൊന്മുണ്ടം

ദീനീ വിജ്ഞാന മേഖലയില്‍ ആഴവും പരപ്പുമുള്ള വായനയും ഗവേഷണ പഠനങ്ങളും ദിനചര്യയാക്കിയ, അവയുടെ പ്രചാരണത്തിനും സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി വിശ്രമമില്ലാതെ ഓടിനടന്ന വ്യക്തിത്വമായിരുന്നു ഇക്കഴിഞ്ഞ ജൂലൈ പതിനാലിന് വിടപറഞ്ഞ ഡോ. കെ.കെ സകരിയ്യാ സ്വലാഹി. പണ്ഡിതനും പ്രഭാഷകനും ഗ്രന്ഥകാരനും ദീനീമേഖലയിലെ ഊര്‍ജസ്വലനായ പ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം. മരണപ്പെടുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പ് വരെ അദ്ദേഹം ആദര്‍ശ പ്രബോധന മാര്‍ഗത്തില്‍ തന്നെയായിരുന്നു. 'അല്‍ ഇസ്തിഖാമ' എന്ന വിഷയത്തില്‍, ദീനില്‍ അടിയുറച്ചു നിലകൊള്ളേണ്ടതിന്റെ അനിവാര്യതയെയും മരണത്തെയും മരണാനന്തര അവസ്ഥകളെയും കുറിച്ച് ക്ലാസ്സെടുത്ത് മടങ്ങവേ തന്റെ ബൈക്കില്‍ ബസ്സിടിച്ചായിരുന്നു അന്ത്യം.
ഇസ്ലാഹീ പ്രഭാഷകനും സംവാദകനുമായിട്ടായിരുന്നു സകരിയ്യാ സ്വലാഹിയെ കേരളക്കര പരിചയപ്പെട്ടത്. ഒരു ഘട്ടത്തില്‍ മുജാഹിദ് പ്രസ്ഥാനത്തില്‍  നിറഞ്ഞുനിന്ന വ്യക്തിത്വം. മുജാഹിദ് പണ്ഡിത സമിതിയിലും ഫത്വാ ബോര്‍ഡിലും ദീര്‍ഘകാല അംഗവും, സമസ്ത-മുജാഹിദ് സംവാദ വേദികളിലെ സജീവ സാന്നിധ്യവുമായിരുന്നു.
2012-ല്‍ മുജാഹിദ് പ്രസ്ഥാനത്തിലുണ്ടായ രണ്ടാം പിളര്‍പ്പിനെ തുടര്‍ന്ന് കെ.എന്‍.എമ്മില്‍നിന്ന് പുറത്തുപോയി. തുടര്‍ന്ന് വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ എന്ന പേരില്‍ സംഘടിച്ചവരുമായി കൂടുതല്‍ അടുക്കുകയും വൈകാതെ അകലുകയും ചെയ്ത സകരിയ്യാ സ്വലാഹിയുടെ ജീവിതം പിന്നീട് വ്യത്യസ്തമായ മറ്റൊരു വഴിയിലായി. ആധുനിക സുഊദി-യമനി സലഫി ചിന്താധാരകളെ അപ്പടി പകര്‍ത്തിക്കൊണ്ടുള്ളതായിരുന്നു അത്. പില്‍ക്കാലത്ത് മക്കയിലെ മസ്ജിദുല്‍ ഹറമില്‍ സലഫി പണ്ഡിതന്മാരുടെ ചുറ്റുവട്ടത്ത് വിജ്ഞാന സമ്പാദനവും ക്ലാസ്സുകളുമായി കുറേകാലം അദ്ദേഹം കഴിച്ചുകൂട്ടി. ഗള്‍ഫ് സലഫികളെപ്പോലെയോ അവരിലുപരിയോ ജിന്ന്, സിഹ്‌റ്, കണ്ണേറ് ബാധ, മ്യൂസിക്, ഫോട്ടോ, വീഡിയോ, സ്ത്രീ മുഖം മറയ്ക്കല്‍, മിശ്ര വിദ്യാഭ്യാസം,  വലാഅ്-ബറാഅ്... തുടങ്ങിയ വിഷയങ്ങളില്‍ ഒരു പരിധിവരെ ആത്യന്തികവും തീവ്രവുമായ നിലപാടുകളായിരുന്നു സ്വലാഹി സ്വീകരിച്ചത്.
തനിക്ക് വിയോജിപ്പുള്ള കാര്യങ്ങള്‍ ശക്തവും തീവ്രവുമായ ശൈലിയില്‍ അവതരിപ്പിക്കുന്നതോടൊപ്പം തന്നെ വിമര്‍ശകരുമായി പോലും ഊഷ്മളമായ വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നു സകരിയ്യാ സ്വലാഹി എന്ന് സഹപ്രവര്‍ത്തകരും പരിചയക്കാരും പറയുന്നു. 
സ്വന്തത്തിനോ സംഘടനാ നിലപാടുകള്‍ക്കോ എതിരായിരുന്നാല്‍പോലും തനിക്ക് ബോധ്യപ്പെട്ട വസ്തുതകള്‍ തുറന്നുപറയാനും, തന്റെ മുന്‍ നിലപാട് തെറ്റായിരുന്നു എന്ന് വ്യക്തമായാല്‍ പരസ്യമായി തിരുത്താനും അദ്ദേഹം സന്നദ്ധനായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാനത്തെ ഏതാനും വര്‍ഷങ്ങളില്‍ ഇത് തെളിഞ്ഞുകാണാം. ഒരുകാലത്ത് കേരളത്തിലെ സമസ്ത-മുജാഹിദ് തര്‍ക്കങ്ങളില്‍ ധാരാളം സമയം അപഹരിച്ചിരുന്ന തഖ്‌ലീദ്, തറാവീഹിന്റെ റക്അത്തുകള്‍, വിത്‌റിലെ ഖുനൂത്ത് തുടങ്ങിയ വിഷയങ്ങളില്‍ കര്‍ക്കശ നിലപാട് സ്വീകരിക്കുക മാത്രമല്ല, ഇത്തരം വിഷയങ്ങളില്‍ സമസ്തക്കാരോട് സംവാദങ്ങള്‍ നടത്തുക കൂടി ചെയ്തിരുന്ന സ്വലാഹി. പക്ഷേ തന്റെ അവസാന കാലത്ത് തഖ്‌ലീദ് ആകാവുന്നതാണ്, തറാവീഹിന്റെ റക്അത്തുകള്‍ നിര്‍ണിതമല്ല, അത് എത്രയുമാകാം, വിത്‌റിലെ ഖുനൂത്ത് തെറ്റല്ല, അതിനു സലഫുകളുടെ മാതൃകയുണ്ട് എന്നൊക്കെ നിരവധി പണ്ഡിതന്മാരെ ഉദ്ധരിച്ച് വിശദീകരിക്കുകയും തന്റെ മുന്‍ നിലപാട് തിരുത്തിയതായി പ്രഖ്യാപിക്കുകയും ചെയ്യുകയുണ്ടായി.
ജമാഅത്തെ ഇസ്‌ലാമിയുമായും സകരിയ്യാ സ്വലാഹിക്ക് ശക്തമായ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. തന്റെ ആദ്യകാലങ്ങളില്‍ തീവ്രമായ ശൈലിയില്‍ തന്നെ അത് പ്രകടിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ മുജാഹിദുകള്‍ക്ക് സലഫിയ്യത്ത് പോരാ എന്നു പറഞ്ഞ് രംഗത്തിറങ്ങിയതില്‍ പിന്നെ ഇക്കാര്യത്തിലും അദ്ദേഹം ചില തുറന്നുപറച്ചിലുകള്‍ നടത്തുകയുണ്ടായി. ഹാകിമിയ്യത്തിന്റെയും ജനാധിപത്യത്തിന്റെയും വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിക്കവെ നാം വല്ലാതെ കടന്ന് പറഞ്ഞുപോയിട്ടുണ്ട്, അത് തെറ്റായിരുന്നു, ഇത്തരം വിഷയങ്ങളില്‍ ജമാഅത്തുകാരുടെ അതേ നിലപാട് ചില സലഫി പണ്ഡിതന്മാര്‍ക്കുമുണ്ട്, നാം ഇനിയും പഠിക്കേണ്ട വിഷയമാണിത്... എന്നിങ്ങനെ പോകുന്നു പ്രസ്തുത വിശദീകരണം. 
പ്രവാചക സുന്നത്തുകളോടും ക്ലാസിക്കല്‍ ദീനീ പഠന രീതികളോടുമുള്ള അഭിനിവേശം, അവയുടെ പുനരുജ്ജീവനത്തിനു വേണ്ടിയുള്ള കഠിനാധ്വാനം, ചില അഭ്യസ്തവിദ്യരായ മുസ്ലിം ചെറുപ്പക്കാരില്‍ പ്രകടമാകുന്ന ഹദീസ് നിഷേധ പ്രവണതകളുടെയും സുന്നത്തുകളോടുള്ള അവജ്ഞയുടെയും കാര്യത്തിലുള്ള ജാഗ്രത, പ്രഭാഷണങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും അവതരിപ്പിക്കുന്ന വിഷയങ്ങള്‍ സലഫിലും ഖലഫിലും പെട്ട പണ്ഡിതന്മാരെ നിര്‍ബാധം ഉദ്ധരിച്ച് ആധികാരികമായി സ്ഥാപിക്കുന്ന രീതി, കിതാബുകളുടെ തോഴനായി തഹ്ഖീഖോടെയുള്ള അധ്യയനവും അധ്യാപനവും, ഒരൊറ്റയിരുപ്പില്‍ തന്നെ ധാരാളം പണ്ഡിതന്മാരെയും അവരുടെ കിതാബുകളെയും നിലപാടുകളെയും പരിചയപ്പെടുത്തുന്ന പഠനാര്‍ഹമായ ദര്‍സുകള്‍, സര്‍ക്കാര്‍ ജോലി ലഭിച്ചിട്ടും അത് വേണ്ടെന്നു വെച്ച് ദീനീ പ്രചാരണത്തിനായുള്ള ഇറങ്ങിത്തിരിക്കല്‍, ജാടകളില്ലാത്തതും തീര്‍ത്തും ലളിതവുമായ ജീവിതം തുടങ്ങിയവയാണ് സകരിയ്യാ സ്വലാഹിയില്‍ കാണാനായ അനുകരണീയ കാര്യങ്ങള്‍. 
കോളേജ് പഠനകാലം മുതലേ  കിതാബുകളോടായിരുന്നു സകരിയ്യാ സ്വലാഹിയുടെ കൂട്ട് എന്ന് സഹപാഠികളും സഹപ്രവര്‍ത്തകരും ഓര്‍ക്കുന്നു. ജാമിഅ നദ്വിയ്യയില്‍നിന്ന് റാങ്കോടു കൂടിയ ഡിഗ്രി പഠനത്തിനു ശേഷം അലീഗഢ് യൂനിവേഴ്സിറ്റിയില്‍നിന്ന് ബിരുദാനന്തര ബിരുദവും കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കുകയുണ്ടായി. ലൈബ്രറികളിലായിരുന്നു ഒഴിവുസമയമേറെയും ചെലവഴിച്ചത്. ആധുനിക ഇലക്‌ട്രോണിക് സംവിധാനങ്ങളെ ദീനീ പഠനമാര്‍ഗത്തില്‍ നിര്‍മാണാത്മകമായി ഉപയോഗപ്പെടുത്തുന്നതിലും മുന്‍പന്തിയില്‍ തന്നെ. കിതാബുകളുടെ ഹാര്‍ഡ്-സോഫ്റ്റ് കോപ്പികള്‍ കൈയില്‍ കരുതാതെ അദ്ദേഹം യാത്ര ചെയ്യാറില്ലായിരുന്നു. താന്‍ വായിച്ച കിതാബുകള്‍ സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തലും അവ വായിക്കാന്‍ ഉപദേശിക്കലും അവരുടെ അടുത്ത് പുതിയ വല്ല കിതാബും കണ്ടാല്‍ അത് വാങ്ങി വായിക്കലും, പണ്ഡിതന്മാരുമായി പുതുമയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യലുമൊക്കെ അദ്ദേഹത്തിന്റെ രീതികളായിരുന്നു. 
അദ്ദേഹത്തിന്റെ ഖബ്‌റിടം അല്ലാഹു വിശാലമാക്കുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യുമാറാകട്ടെ - ആമീന്‍ 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (01)
ടി.കെ ഉബൈദ്‌

ഹദീസ്‌

പക വെടിയല്‍ സുന്നത്താണ്
നൗഷാദ് ചേനപ്പാടി