Prabodhanm Weekly

Pages

Search

2019 ജൂലൈ 26

3111

1440 ദുല്‍ഖഅദ് 22

ഏതൊക്കെ സ്ഥാപനങ്ങള്‍ക്ക് സകാത്ത് നല്‍കണം?

മുശീര്‍

മുസ്‌ലിം മാനേജ്‌മെന്റുകള്‍, യതീംഖാന കമ്മിറ്റികള്‍, അറബിക് കോളേജുകള്‍ തുടങ്ങിയവക്കു കീഴില്‍ നടത്തപ്പെടുന്ന പ്രഫഷണല്‍ കോളേജുകള്‍, സ്‌കൂളുകള്‍, വികലാംഗ വിദ്യാലയങ്ങള്‍, മതപരവും ഭൗതികവുമായ വിഷയങ്ങള്‍ മിശ്രിതമായ കോഴ്‌സുകള്‍ എന്നിവക്ക് സകാത്ത് വിഹിതം ഉപയോഗിക്കാന്‍ പാടുണ്ടോ? ദീനീ വിദ്യാഭ്യാസത്തിന് സകാത്ത് വിഹിതം ഉപയോഗിക്കാവുന്ന രീതി എന്താണ്? 
ഖുര്‍ആന്‍ പഠനത്തിനുള്ള സംവിധാനങ്ങള്‍ക്ക് സകാത്ത് ഉപയോഗിക്കാമോ?

സകാത്തിന്റെ അവകാശികള്‍ ആരൊക്കെയാണെന്നും ഏതെല്ലാം വകുപ്പിലാണ് സകാത്ത് വിനിയോഗിക്കേണ്ടതെന്നും അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. വകുപ്പ് മാറ്റാന്‍ പറ്റാത്ത വണ്ണം എട്ടു വിഭാഗങ്ങള്‍ക്ക് എന്ന് കൃത്യമായി നിര്‍ണയിച്ചുകൊണ്ടാണ് അല്ലാഹു അക്കാര്യം പറഞ്ഞിട്ടുള്ളത്: ''സകാത്ത് ദരിദ്രര്‍ക്കും അഗതികള്‍ക്കും അതിന്റെ ജോലിക്കാര്‍ക്കും മനസ്സിണങ്ങിയവര്‍ക്കും അടിമമോചനത്തിനും കടം കൊ് വലഞ്ഞവര്‍ക്കും ദൈവമാര്‍ഗത്തില്‍ വിനിയോഗിക്കാനും
വഴിപോക്കര്‍ക്കും മാത്രമുള്ളതാണ്. അല്ലാഹുവിന്റെ നിര്‍ണയമാണിത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്'' (9:60).
ഇതില്‍ ആദ്യം എണ്ണിപ്പറഞ്ഞ നാലു വിഭാഗങ്ങള്‍ക്ക് സകാത്ത് വിഹിതം ഉടമപ്പെടുത്തിക്കൊടുക്കണം. കാരണം ആദ്യത്തെ നാലു വിഭാഗത്തെ പറ്റി പറഞ്ഞപ്പോള്‍ ഉടമപ്പെടുത്തിക്കൊടുക്കുക എന്ന അര്‍ഥത്തിലുള്ള പ്രത്യയമാണ് ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുള്ളത്. ശേഷം പറഞ്ഞ നാല് വിഭാഗമാകട്ടെ ആ വകുപ്പില്‍ എന്ന അര്‍ഥം പറയാന്‍ പറ്റുന്ന രൂപത്തിലുള്ള പദഘടനയിലാണുള്ളത്. ആ അടിസ്ഥാനത്തില്‍ വേണം ഇത്തരം സ്ഥാപനങ്ങള്‍ക്ക് സകാത്ത് കൊടുക്കുന്നത് അനുവദനീയമാകുമോ ഇല്ലേ എന്നത് തീരുമാനിക്കാന്‍. ഇത് വേര്‍തിരിച്ചു തന്നെ മനസ്സിലാക്കണം. ഇത്തരം സ്ഥാപനങ്ങളില്‍ സകാത്തിന് അവകാശികളായ ദരിദ്രരോ അഗതികളോ ഉണ്ടെങ്കില്‍ തീര്‍ച്ചയായും അവര്‍ക്ക് സകാത്ത് നല്‍കാവുന്നതാണ്. 
പ്രായപൂര്‍ത്തി എത്തുന്നതിനു മുമ്പ് പിതാവ് നഷ്ടപ്പെട്ട കുട്ടികള്‍ക്കാണ് യതീം എന്ന് പറയുക. പിതാവ് നഷ്ടപ്പെട്ട കുട്ടികള്‍ മിക്കവാറും അഗതികളോ ദരിദ്രരോ ആയിരിക്കും എന്നത് ശരിയാണെങ്കിലും, എല്ലായ്‌പ്പോഴും അത് അങ്ങനെത്തന്നെ ആയിക്കൊള്ളണമെന്നില്ല. പ്രായപൂര്‍ത്തിയെത്താത്ത ഇത്തരം കുട്ടികള്‍ സാമ്പത്തിക വ്യവഹാരങ്ങള്‍ നടത്തുന്നത് ഇസ്‌ലാം അനുവദിച്ചിട്ടില്ല. അവരുടെ മേല്‍നോട്ടം വഹിക്കുന്ന ഉത്തരവാദപ്പെട്ട രക്ഷാകര്‍ത്താക്കള്‍ ആരാണോ, അവര്‍ക്ക് അത് സ്വീകരിക്കാനുള്ള അവകാശം ഉണ്ടായിരിക്കും.  ഈ അടിസ്ഥാനത്തില്‍ ദരിദ്രരും അഗതികളുമായ അനാഥകളെ സംരക്ഷിക്കുന്ന യതീംഖാനകള്‍ക്ക് സകാത്ത് സ്വീകരിക്കാവുന്നതാണ്. അതോടൊപ്പം, തങ്ങള്‍ സ്വീകരിക്കുന്ന സകാത്തിന്റെ ഗുണഭോക്താക്കള്‍ ദരിദ്രരും അഗതികളുമായ അനാഥകള്‍ തന്നെയാണ് എന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത ബന്ധപ്പെട്ടവര്‍ക്ക് ഉണ്ട്.
ദീനീ വിദ്യാഭ്യാസം, ഖുര്‍ആന്‍ പഠനം തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും മേല്‍പ്പറഞ്ഞ നിബന്ധനകള്‍ ബാധകമാണ്. ഇതിന്റെയൊക്കെ ഗുണഭോക്താക്കള്‍ നേരത്തേ പറഞ്ഞ ദരിദ്രരും അഗതികളുമായ പ്രായപൂര്‍ത്തിയെത്താത്ത അനാഥകളാണെങ്കില്‍ സ്വീകരിക്കുന്നതില്‍ വിരോധമില്ല.
എന്നാല്‍, മുസ്‌ലിംകള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ പള്ളി, മദ്‌റസ, ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ തുടങ്ങിയ ദീനീ സ്ഥാപനങ്ങള്‍ക്കു വേണ്ടി സകാത്തിന്റെ തുക വിനിയോഗിക്കുന്നത് സാധുവാകുകയില്ല. കാരണം അവയൊന്നും തന്നെ അല്ലാഹു നിര്‍ണയിച്ച എട്ടു വിഭാഗങ്ങളില്‍ ഉള്‍പ്പെടുകയില്ല. അതിന് പ്രദേശത്തെ മുസ്‌ലിംകള്‍ മറ്റു സാമ്പത്തിക സ്രോതസ്സുകള്‍ അവലംബിക്കുകയാണ് വേണ്ടത്.
അതേസമയം മുസ്‌ലിംകള്‍ തീരെ ന്യൂനപക്ഷവും മുസ്‌ലിംകള്‍ അല്ലാത്തവര്‍ ബഹുഭൂരിപക്ഷവും ആയിട്ടുള്ള പ്രദേശങ്ങളില്‍, ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താന്‍ വേണ്ടി ഒരു സ്ഥാപനം ഉണ്ടാക്കുകയാണെങ്കില്‍ ആ സംരംഭത്തെ അല്ലാഹുവിന്റെ മാര്‍ഗം എന്ന വകുപ്പില്‍ പെടുത്തി അതിന് സകാത്ത് നല്‍കാമെന്ന് ആധുനിക പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ  നമ്മുടെ നാട്ടിലെ മഹല്ല് പള്ളികളും മദ്‌റസകളുമൊന്നും  ഈ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്നതല്ല എന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്വര്‍ണാഭരണം അണിയുന്നതില്‍ കുട്ടികള്‍ക്ക് ഇളവുണ്ടോ?
പുരുഷന്മാര്‍ സ്വര്‍ണം ധരിക്കല്‍ ഹറാമാണ്, അതിനു പ്രത്യേക കാരണം പറയപ്പെടുന്നില്ലെങ്കിലും പുരുഷന്മാര്‍ സ്ത്രീകളെ പോലെ ആടയാഭരണങ്ങള്‍ ധരിക്കേണ്ടരവല്ല എന്ന അര്‍ഥത്തില്‍ അത് ഉള്‍ക്കൊള്ളാന്‍ കഴിയും. എന്നാല്‍ ചെറിയ ആണ്‍ കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണം അണിയിച്ചുകൊടുക്കുന്നതുകൊണ്ട് എന്താണ് ദോഷം? ആണ്‍കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണം അണിയിക്കുന്നത് ഹറാമാണെന്ന് കര്‍ക്കശമായി വാദിക്കുന്നവര്‍ നിരത്തുന്നത്, മദ്യം ഹറാമാക്കിയത് ചെറിയ കുഞ്ഞുങ്ങള്‍ക്ക് കൊടുത്താല്‍ ഹറാം അല്ലാതാകുമോ എന്ന തീര്‍ത്തും അയുക്തികമായ ഒരു ന്യായമാണ്. ഈ വിഷയത്തില്‍ എന്താണ് നിലപാട്?
ഇത്തരം വിഷയങ്ങളില്‍ അല്ലാഹുവോ റസൂലോ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ, ഇല്ലേ എന്ന് സ്ഥിരപ്പെടുത്തുകയാണ് പ്രധാനം. അതിന്റെ യുക്തി നമുക്ക് പിടികിട്ടട്ടെ, കിട്ടാതിരിക്കട്ടെ. അല്ലാഹു അവന്റെ അപാരമായ യുക്തിയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഏതൊരു കാര്യവും കല്‍പ്പിക്കുകയോ വിലക്കുകയോ ചെയ്യുകയുള്ളൂ എന്നതാണ് ഒരു സത്യവിശ്വാസിയുടെ അടിയുറച്ച വിശ്വാസം. അതുകൊണ്ടുതന്നെ അല്ലാഹുവിന്റെയും റസൂലിന്റെയും വിധിവിലക്കുകളെ പൂര്‍ണ മനസ്സോടെ അംഗീകരിക്കുക എന്നതാണ് യഥാര്‍ഥ വിശ്വാസിയുടെ നിലപാട്. അല്ലാഹു പറയുന്നു: ''അല്ലാഹുവും അവന്റെ ദൂതനും ഏതെങ്കിലും കാര്യത്തില്‍ വിധി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ സത്യവിശ്വാസിക്കോ വിശ്വാസിനിക്കോ അക്കാര്യത്തില്‍ മറിച്ചൊരു തീരുമാനമെടുക്കാന്‍ അവകാശമില്ല. ആരെങ്കിലും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുകയാണെങ്കില്‍ അവന്‍ വ്യക്തമായ വഴികേടിലകപ്പെട്ടതുതന്നെ'' (അല്‍അഹ്‌സാബ് 36).
ആണുങ്ങള്‍ സ്വര്‍ണം ധരിക്കുന്നതു സംബന്ധിച്ച് റസൂല്‍ (സ) പഠിപ്പിച്ചതെന്തെന്ന് പരിശോധിക്കാം. 
ഇബ്നു അബ്ബാസ് (റ) പറയുന്നു: ''അല്ലാഹുവിന്റെ റസൂല്‍ (സ) ഒരാളുടെ കൈയില്‍ ഒരു സ്വര്‍ണ മോതിരം കണ്ടു. ഉടനെ നബി അത് ഊരിക്കളഞ്ഞു. എന്നിട്ട് നബി (സ) ചോദിച്ചു: 'ബോധപൂര്‍വം നിങ്ങളാരെങ്കിലും ഒരു തീക്കനല്‍ കട്ടയെടുത്ത് സ്വന്തം കൈയില്‍ വെക്കുമോ?' നബി പോയിക്കഴിഞ്ഞപ്പോള്‍ ചിലര്‍ അദ്ദേഹത്തോട് പറഞ്ഞു: 'അതെടുത്തു വെച്ചോ, എന്നിട്ടേതെങ്കിലും തരത്തില്‍ പ്രയോജനപ്പെടുത്തിക്കോളൂ.' അദ്ദേഹം പറഞ്ഞു: അല്ലാഹുവാണ, റസൂലുല്ലാഹി (സ) എറിഞ്ഞുകളഞ്ഞ സ്ഥിതിക്ക് ഞാനതെടുക്കുകയില്ല'' (മുസ്ലിം 5593).
ഈ ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഇമാം നവവി പറയുന്നു: ''ഇവിടെ അദ്ദേഹത്തിനത് എടുത്തു വില്‍ക്കുന്നതിനോ ദാനം ചെയ്യുന്നതിനോ മറ്റേതെങ്കിലും തരത്തില്‍ ഉപയോഗപ്പെടുത്തുന്നതിനോ  വിലക്കൊന്നുമുണ്ടായിരുന്നില്ല. സ്വയം അണിയുന്നതേ നബി(സ) വിലക്കിയിട്ടുള്ളൂ. എങ്കില്‍ പോലും അതീവ സൂക്ഷ്മാലുവായ ആ സ്വഹാബി അതെടുക്കാന്‍ പോലും കൂട്ടാക്കിയില്ല'' (ശറഹു മുസ്ലിം). ദീനീനിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ അവര്‍ കാണിച്ച ശുഷ്‌കാന്തിയാണിത് കാണിക്കുന്നത്. 
അലി (റ) പറഞ്ഞു: നബി (സ) പട്ടെടുത്ത് തന്റെ വലതു കൈയിലും സ്വര്‍ണമെടുത്ത് ഇടതു കൈയിലും വെച്ചുകൊണ്ട് പറഞ്ഞു: ''ഇത് രണ്ടും എന്റെ ഉമ്മത്തിലെ ആണുങ്ങള്‍ക്ക് നിഷിദ്ധമാകുന്നു'' (അബൂദാവൂദ് 4059).
അബ്ദുല്ലാഹിബ്നു അംറുബ്നുല്‍ ആസ്വില്‍നിന്ന്.  നബി (സ) പറഞ്ഞു: ''എന്റെ ഉമ്മത്തില്‍പെട്ട വല്ലവനും സ്വര്‍ണമണിയുകയും, അതണിഞ്ഞുകൊണ്ട് മരണപ്പെടുകയും ചെയ്താല്‍ അല്ലാഹു അവന് സ്വര്‍ഗത്തിലെ സ്വര്‍ണം ഹറാമാക്കിയിരിക്കുന്നു'' (അഹ്മദ് 6556).
ആണ്‍വിഭാഗം (ദുകൂര്‍) എന്നാണ് നബി (സ) പ്രയോഗിച്ചത്. പുരുഷന്മാര്‍ (രിജാല്‍) എന്നായിരുന്നുവെങ്കില്‍ കുട്ടികളെ ഒഴിവാക്കാമായിരുന്നു. എന്നാല്‍ 'ദുകൂര്‍' അഥവാ ആണായി പിറന്നവന്‍ (ഇംഗ്ലീഷില്‍ 'ാമഹല') എന്ന വാക്കാണ് ഉപയോഗിച്ചിട്ടുള്ളത്. എന്നുവെച്ചാല്‍ എന്റെ ഉമ്മത്തില്‍ ആണായി പിറന്നവര്‍ക്ക് ഇവ നിഷിദ്ധമാണ് എന്നര്‍ഥം.
പ്രായപൂര്‍ത്തിയെത്താത്ത കുട്ടികള്‍ ചെയ്യുന്ന തെറ്റുകള്‍ക്കും അബദ്ധങ്ങള്‍ക്കും  അവരെ ചോദ്യം ചെയ്യുകയോ അതിന്റെ പേരില്‍ അല്ലാഹു അവരെ ശിക്ഷിക്കുകയോ ഇല്ല. നബി(സ) പഠിപ്പിച്ചു: ''മൂന്ന് കൂട്ടര്‍ തെറ്റുകുറ്റങ്ങള്‍ ചെയ്യുന്നത് രേഖപ്പെടുത്തപ്പെടുകയില്ല; ഉറങ്ങുന്നവന്‍ ഉണരുവോളം, കുട്ടികള്‍ പ്രായപൂര്‍ത്തി എത്തുവോളം, ബുദ്ധിമാന്ദ്യമുള്ളവന്‍ ബുദ്ധിയുദിക്കുവോളം'' (നസാഈ 3445).
ഈയടിസ്ഥാനത്തില്‍ കുഞ്ഞുങ്ങള്‍ കുറ്റക്കാരാവുകയില്ല. എന്നാല്‍ അവരുടെ രക്ഷിതാക്കളും അവരെ അതണിയിച്ചുകൊടുക്കുന്നവരും അത് അവര്‍ക്കണിയാന്‍ സമ്മാനിക്കുന്നവരുമെല്ലാം അല്ലാഹുവിനോട് ഉത്തരം പറയേണ്ടിവരും.
കുട്ടികളുടെ വിഷയത്തില്‍ ഇളവുണ്ടെന്ന് ചില കര്‍മശാസ്ത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതുപക്ഷേ പ്രമാണങ്ങളുടെ അടിസ്ഥാനത്തിലല്ല. അങ്ങനെയാണെങ്കില്‍ പല ഹറാമുകളെയും അനുവദനീയമാക്കാന്‍ കഴിയും. യഥാര്‍ഥത്തില്‍ അല്ലാഹുവോ റസൂലോ ഒരു കാര്യം നിഷിദ്ധമാക്കിയാല്‍ പിന്നെ അതിനെ മറികടക്കാനുള്ള പഴുതന്വേഷിക്കുകയില്ല യഥാര്‍ഥ വിശ്വാസി. മറിച്ച് എത്രകണ്ട് അത് പാലിക്കാനും അനുസരിക്കാനും തനിക്കാവും എന്നായിരിക്കും അവന്റെ ചിന്ത. 

ഇദ്ദയും അത്യാചാരങ്ങളും

ഇദ്ദയില്‍ ഇരിക്കുമ്പോള്‍ എന്റെ കൂട്ടുകാരി  15 ദിവസം കഴിഞ്ഞ് ഓഫീസില്‍ വരാന്‍ തുടങ്ങി. ഞാന്‍ പലതവണ ഉപദേശിച്ചിട്ടും അവള്‍ അനുസരിച്ചില്ല. ഇത് പാടുണ്ടോ? ഇദ്ദാ വേളയില്‍ മകളുടെ ഭര്‍ത്താവിനെ കാണുന്നതിനും സംസാരിക്കുന്നതിനും വിരോധമുണ്ടോ?  ഭര്‍ത്താവിന്റെ സഹോദരീപുത്രന്മാര്‍ അന്യരല്ലേ? ഇദ്ദയില്‍ ഇരിക്കുന്ന ഒരു സ്ത്രീയുടെ റൂമില്‍ ഒന്നുരണ്ടു പേര്‍ ഇരുന്നു സംസാരിക്കുന്നത് കാണാനിടയായി. അത് പാടില്ലെന്ന് ഞാന്‍ പറഞ്ഞപ്പോള്‍, നാമെല്ലാവരും ഒരേ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണെന്നും നാമൊരു കുടുംബമാണെന്നും ചെയ്തതില്‍ തെറ്റില്ലെന്നും അവര്‍ പറഞ്ഞു. ഇത് ശരിയാണോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പ്രതീക്ഷിക്കുന്നു. 

ഇദ്ദയുമായി ബന്ധപ്പെട്ട്, ഇസ്ലാം പഠിപ്പിക്കാത്ത ധാരാളം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇസ്‌ലാം നിഷ്‌കര്‍ഷിച്ചിട്ടില്ലാത്ത പലതരം നിബന്ധനകളും വിലക്കുകളും നമ്മുടെ നാട്ടില്‍ കാണപ്പെടുന്നുണ്ട്. ഇദ്ദ ഒരു ആരാധനയായതുകൊണ്ടുതന്നെ ഇസ്ലാം പഠിപ്പിക്കാത്ത ഒരു കാര്യവും ഇദ്ദയുമായി കൂട്ടിച്ചേര്‍ക്കാന്‍ പാടുള്ളതല്ല. അത് ബിദ്അത്തായി (പുത്തനാചാരം) ഗണിക്കപ്പെടും.
ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീകള്‍ മരണവിവരം അറിഞ്ഞതുമുതല്‍ അലങ്കാരങ്ങളും ബാഹ്യമായ സൗന്ദര്യപ്രകടനങ്ങളും ഒഴിവാക്കി നാല് മാസവും പത്ത് ദിവസവും കാത്തിരിക്കേണ്ടതാണ് എന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് ശരീഅത്ത് നല്‍കുന്ന സാങ്കേതിക പദമാണ് 'ഹിദാദ്' അഥവാ ദുഃഖാചരണം. ഈ കാലയളവില്‍ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് നിരവധി ഹദീസുകളിലൂടെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അവയില്‍ ചിലത് താഴെ:
ഒന്ന്: ''ഭര്‍ത്താവിന്റെ മരണം നിമിത്തമല്ലാതെ, മൂന്ന് ദിവസത്തിലേറെ ഹിദാദ് സ്വീകരിക്കുന്നത് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു സ്ത്രീക്കും അനുവദനീയമല്ല. ഭര്‍ത്താവ് മരിച്ചാല്‍ അത് നാല് മാസവും പത്ത് ദിവസവും വേണം''  (ബുഖാരി 1280, മുസ്‌ലിം 3798).
രണ്ട്: ഒരു സ്ത്രീ നബി(സ)യോട് ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, എന്റെ പുത്രിയുടെ ഭര്‍ത്താവ് മരിച്ചു. അവള്‍ക്കാണെങ്കില്‍ കണ്ണിന് അസുഖം. അവള്‍ക്ക് സുറുമയിട്ടുകൂടേ?' 'പാടില്ല' - നബി(സ) പറഞ്ഞു. സ്ത്രീ മൂന്നു പ്രാവശ്യം ചോദിച്ചപ്പോഴും അതു തന്നെയായിരുന്നു മറുപടി. തുടര്‍ന്ന് അവിടുന്ന് പറഞ്ഞു: 'അതു നാലു മാസവും പത്തു ദിവസവുമാണ്. ജാഹിലിയ്യാ കാലത്ത് നിങ്ങള്‍ ഒരു വര്‍ഷം വരെ കാത്തിരിക്കേണ്ടിവന്നിരുന്നില്ലേ?' (ബുഖാരി 5338, മുസ്‌ലിം 3800). 
മൂന്ന്: ''ഭര്‍ത്താവിന് വേണ്ടിയല്ലാതെ ഒരു സ്ത്രീയും മൂന്ന് ദിവസത്തിലേറെ ഹിദാദ് ആചരിക്കരുത്. ഭര്‍ത്താവ് മരിച്ചാല്‍ നാല് മാസവും പത്ത് ദിവസവും അത് ആചരിക്കുകയും വേണം. 'ഉസ്ബി'(അക്കാലത്ത് സ്ത്രീകള്‍ സാധാരണയായി ധരിച്ചിരുന്ന അലങ്കാരങ്ങളില്ലാത്ത ഒരു തരം യമനി വസ്ത്രം)ന്റെ വസ്ത്രങ്ങളല്ലാതെ നിറം കൊടുത്ത വസ്ത്രങ്ങളൊന്നും ആ കാലയളവില്‍ ധരിക്കരുത്. സുറുമയെഴുതരുത്. സുഗന്ധം പൂശുകയും അരുത്'' (ബുഖാരി 313). 
നാല്: ''സുഗന്ധം പുരട്ടി മുടി ചീകരുത്. മൈലാഞ്ചിയും അരുത്. കാരണം അതൊരു ചായമിടലാണ്.''  ഞാന്‍ ചോദിച്ചു: 'പിന്നെന്തുപയോഗിച്ചാണ് മുടി ചീകേണ്ടത്?' പ്രവാചകന്‍ പറഞ്ഞു: 'സിദ്ര്‍ കൊണ്ട് തലമുടി ചീകുക' (അബൂദാവൂദ് 2305). 
അഞ്ച്: ഭര്‍ത്താവ് മരണപ്പെട്ട ഒരു സ്ത്രീയോട് തിരുദൂതര്‍ ഇപ്രകാരം പറയുകയുണ്ടായി: ''ചുവന്ന നിറമുള്ളതും ചിത്രപ്പണിയുള്ളതുമായ വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കരുത്. മൈലാഞ്ചി അണിയരുത്. സുറുമയിടരുത്'' (അബൂദാവൂദ് 2304).
ഇവയുടെ വെളിച്ചത്തില്‍ പണ്ഡിതന്മാര്‍ ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീയുടെ ഇദ്ദയുമായി ബന്ധപ്പെട്ട  വിധികള്‍ ഇങ്ങനെ സംഗ്രഹിച്ചിരിക്കുന്നു:
ഒന്ന്: വീട്ടില്‍നിന്ന് ആവശ്യമില്ലാതെ പുറത്തിറങ്ങാതിരിക്കുക. രോഗ സന്ദര്‍ശനം, മരണവീട് സന്ദര്‍ശനം, ജുമുഅ-ജമാഅത്ത്, കല്യാണ ചടങ്ങുകള്‍ എന്നിവക്കൊന്നും പുറത്തു പോകാന്‍ പാടില്ല.
രണ്ട്: വര്‍ണപ്പകിട്ടാര്‍ന്ന ഉടയാടകള്‍ വര്‍ജിക്കണം. എന്നാല്‍ കറുപ്പോ വെളുപ്പോ തന്നെ വേണമെന്നില്ല. സൗന്ദര്യം പൊലിപ്പിച്ചുകാട്ടുന്ന വസ്ത്രമാകരുതെന്നേയുള്ളൂ.
മൂന്ന്: ആഭരണങ്ങള്‍ (സ്വര്‍ണമാകട്ടെ അല്ലാത്തവ കൊണ്ടുള്ളതാവട്ടെ) അണിയാന്‍ പാടില്ല.
നാല്: സുഗന്ധങ്ങളും വര്‍ജിക്കേണ്ടതാണ്.  അത്തറുകള്‍, സ്‌പ്രേകള്‍, കുന്തിരിക്കം, കസ്തൂരി, ഊദ് തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക. സോപ്പും ഷാംപുവും ഉപയോഗിക്കാം.
അഞ്ച്: സുറുമ, കണ്‍മഷി, മൈലാഞ്ചി തുടങ്ങിയ സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഒഴിവാക്കുക.
 
ഇദ്ദ ആചരിക്കുന്നവര്‍ക്ക് വീടുവിട്ട് വെളിയില്‍ പോകാമോ?

ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീയോട് അദ്ദേഹത്തിന്റെ വീട്ടില്‍തന്നെ താമസിക്കണം എന്ന് ഇസ്‌ലാം ആവശ്യപ്പെടുന്നു. ഇദ്ദയുടെ കാലാവധി തീരുവോളം അവള്‍ വീടുവിട്ടു പോകരുത്. ഇമാം തിര്‍മിദിയുള്‍പ്പെടെയുളളവര്‍ അബൂസഈദില്‍ ഖുദ്‌രിയുടെ സഹോദരി ഫരീഅഃയില്‍നിന്ന് ഇപ്രകാരം ഉദ്ധരിക്കുന്നു:  അവര്‍ നബിയെ സമീപിച്ച്,  തന്റെ ഭര്‍ത്താവ് കൊല്ലപ്പെട്ട വിവരം അറിയിക്കുകയും സ്വഭവനത്തിലേക്ക് തിരിച്ചുപോകാന്‍ അനുമതി ചോദിക്കുകയുമുണ്ടായി. അവരുടെ ഭര്‍ത്താവ് ഓടിപ്പോയ അടിമകളെയും തേടി പുറപ്പട്ടതായിരുന്നു.
'എന്റെ ഭര്‍ത്താവ് ജീവിതച്ചെലവോ മറ്റോ എനിക്കുവേണ്ടി വിട്ടേച്ചുപോയിട്ടില്ല' - അവര്‍ ബോധിപ്പിച്ചു. പക്ഷേ, നബി (സ) അനുവദിച്ചില്ല. അദ്ദേഹം പറഞ്ഞു: 'ഇദ്ദയുടെ കാലാവധി എത്തുന്നതുവരെ നീ ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുക'. അങ്ങനെ അവര്‍ നാലു മാസവും പത്തു ദിവസവും ഭര്‍തൃഗൃഹത്തില്‍ തന്നെ താമസിച്ചു (സ്വഹീഹുത്തിര്‍മിദി 1204).
നിര്‍ബന്ധമായും ആചരിക്കേണ്ട ഹിദാദിന്റെ കാലാവധി കഴിച്ചുകൂട്ടാന്‍ ഏറ്റവും യോജിച്ച ഇടം ഭര്‍ത്തൃഗൃഹമാണ് എന്നതാണ് ഇതിനു കാരണം. ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്ക് ആശ്വാസം പകരാനും തെറ്റിദ്ധാരണകള്‍ ഉണ്ടാകാതിരിക്കാനും അതാണ് ഉചിതം.   

പുറത്തു പോകാവുന്നത് എപ്പോള്‍? 

എന്നാല്‍ ഒരാവശ്യത്തിനുവേണ്ടി വീടു വിട്ടു പോകാം. ചികിത്സ സ്വീകരിക്കുക, അത്യാവശ്യ സാധനങ്ങള്‍ വാങ്ങുക - വാങ്ങിക്കൊടുക്കാന്‍ മറ്റാരുമില്ലെങ്കില്‍ - അധ്യാപിക, ഡോക്ടര്‍, നഴ്‌സ് തുടങ്ങിയ ജോലിക്കാരായ സ്ത്രീകള്‍ ജോലിക്ക് ഹാജരാകാന്‍ നിര്‍ബന്ധിതരാവുക ആദിയായവ ഉദാഹരണം. ഒരാവശ്യത്തിനു വേണ്ടി പകല്‍സമയത്ത് പുറത്തു പോകാമെങ്കിലും രാത്രി വീടുവിട്ടു പോകാന്‍ പാടുള്ളതല്ല. 
മുജാഹിദ് റിപ്പോര്‍ട്ട് ചെയ്യുന്നു: ഉഹുദില്‍ കുറേ യോദ്ധാക്കള്‍ രക്തസാക്ഷികളായി. അവരുടെ ഭാര്യമാര്‍ നബി (സ)യെ സമീപിച്ച് പറഞ്ഞു: 'ഞങ്ങള്‍ക്ക് രാത്രി ഏകാന്തത അനുഭവപ്പെടുന്നു. ഞങ്ങളെല്ലാവരും ഞങ്ങളില്‍ ഒരാളുടെ വീട്ടില്‍ അന്തിയുറങ്ങിക്കൊള്ളട്ടെയോ? നേരം പുലര്‍ന്നാല്‍ ഞങ്ങള്‍ വേഗം സ്വഭവനങ്ങളിലേക്ക് പോയ്‌ക്കൊള്ളാം.' നബി(സ) പറഞ്ഞു: 'നിങ്ങളെല്ലാവരും ഒരാളുടെ വീട്ടില്‍ വേണ്ടുവോളം സംസാരിച്ചിരുന്നുകൊള്‍ക. ഉറങ്ങാറായാല്‍ എല്ലാവരും അവരവരുടെ വീടുകളിലേക്ക് പോയിക്കൊള്ളണം' (അല്‍ മുഗ്‌നി 8/130).
രാത്രികാലത്ത് പുറത്തു പോകുന്നത് തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ഇടയുള്ളതിനാല്‍ നിര്‍ബന്ധിത സാഹചര്യത്തിലല്ലാതെ അത് അനുവദിക്കപ്പെട്ടിട്ടില്ല. നമസ്‌കാരത്തിനായി പള്ളിയില്‍ പോകാനോ, ഹജ്ജിനോ ഉംറക്കോ മറ്റു വല്ല കാര്യങ്ങള്‍ക്കോ വേണ്ടി യാത്ര ചെയ്യാനോ പാടുള്ളതല്ല. കാരണം ഹജ്ജ് നഷ്ടപ്പെട്ടുപോവുകയില്ല. ഇദ്ദാകാലം നഷ്ടപ്പെട്ടു പോകുന്നതാണ്. എന്തെന്നാല്‍ അത് സമയബന്ധിതമാണ്.      
അതുപോലെ ഇദ്ദയാചരിക്കുന്ന വിധവക്ക് പകല്‍സമയത്ത് തന്റെ ആവശ്യങ്ങള്‍ക്കു വേി  പുറത്തുപോകാം. അതേ തലക്കെട്ടില്‍  ഒരധ്യായം തന്നെ സ്വഹീഹ് മുസ്‌ലിമില്‍ കാണാം. ശേഷം, ജാബിര്‍ (റ) ഉദ്ധരിച്ച പ്രസ്തുത ഹദീസിനെ വ്യാഖ്യാനിച്ചുകൊണ്ട് ഇമാം നവവി (റ) എഴുതുന്നു: ''പരിപൂര്‍ണമായി വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ക്ക് പകല്‍സമയത്ത് അവരുടെ ആവശ്യങ്ങള്‍ക്ക്  വേണ്ടി പുറത്തുപോകാം എന്നതിനു ഈ ഹദീസ് രേഖയാണ്. ഇതാണ് ഇമാം മാലിക്, സൗരി, ലൈസ്, ശാഫിഈ, അഹ്മദ് മുതലായവരുടെ അഭിപ്രായം. അതുപോലെ ഭര്‍ത്താവിന്റെ വിയോഗം മൂലം ഇദ്ദയിരിക്കുന്ന അവസരത്തിലും സ്ത്രീകള്‍ക്ക്   പകല്‍വേളയില്‍ പുറത്തുപോകാമെന്ന് ഇവര്‍ പറയുന്നു. അബൂഹനീഫയും ഇവരോട് ഈ കാര്യത്തില്‍ യോജിക്കുന്നു'' (ശറഹു മുസ്ലിം 5/366).
നാലു മദ്ഹബിന്റെ ഇമാമുകളും ഭര്‍ത്താവ് മരണപ്പെട്ട കാരണത്താല്‍ ഇദ്ദയിലിരിക്കുന്ന സ്ത്രീക്ക്  പകല്‍സമയത്ത് അവളുടെ ആവശ്യങ്ങള്‍ക്കു വേണ്ടി പുറത്തുപോകാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇമാം നവവി (റ) മിന്‍ഹാജില്‍ എഴുതുന്നു: ''ഭര്‍ത്താവ് മരിച്ച കാരണം ഇദ്ദയിലിരിക്കുന്ന സ്ത്രീകള്‍ക്ക്  പകല്‍സമയത്ത് ഭക്ഷണം വാങ്ങുക, നൂല്‍ നൂല്‍ക്കുക പോലുള്ള കാര്യങ്ങള്‍ക്ക് പുറത്തുപോകാം'' (മിന്‍ഹാജ്).
ഫത്ഹുല്‍ മുഈനില്‍ ഇങ്ങനെ കാണാം: ''ഭക്ഷണസാധനങ്ങള്‍ വാങ്ങുക, നൂല്‍ വില്‍ക്കുക, വിറകു ശേഖരിക്കുക മുതലായ ആവശ്യങ്ങള്‍ക്ക്  പകല്‍ പുറത്തു പോകാം'' (ഫത്ഹുല്‍ മുഈന്‍ 484).
അന്യപുരുഷന്മാരുമായുള്ള സംസാരം?
ഇദ്ദയും ഹിദാദും ആചരിക്കുന്ന സ്ത്രീകള്‍ ഇരുട്ടു മുറിയില്‍ ഏകാന്ത തടവറയിലെന്ന പോലെ കഴിയണം, അമുസ്‌ലിം സ്ത്രീകളുമായി സംസാരിക്കരുത്, മറയ്ക്കു പിന്നിലായിക്കൊണ്ടല്ലാതെ പുരുഷന്മാരുമായി സംസാരിക്കരുത് തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ക്ക് ഖുര്‍ആനിലോ സുന്നത്തിലോ യാതൊരടിസ്ഥാനവുമില്ല. ഇത്തരം വിധികള്‍ വിശദീകരിക്കുന്ന മദ്ഹബിന്റെ ഇമാമുകള്‍ രചിച്ച ഫിഖ്ഹ് ഗ്രന്ഥങ്ങളിലും ഇല്ല. പുരുഷന്മാരോട് മര്യാദ പ്രകാരം സംസാരിക്കാം. പുരുഷന്മാര്‍ക്ക് അങ്ങോട്ടുമാകാം. വിവാഹം നിഷിദ്ധമായവരും അല്ലാത്തവരുമായ വിശ്വസ്തരായ പുരുഷന്മാര്‍ക്ക് അവളെ സന്ദര്‍ശിക്കാം. തനിച്ചാവുന്ന അവസ്ഥ ഉണ്ടാവരുത്. ഇതൊക്കെ ഇതര മതസ്ഥരില്‍നിന്ന് പകര്‍ന്നതാവാനേ തരമുള്ളൂ. ദീനില്‍ അവക്ക് ഒരു തെളിവുമില്ല. ഒരൊറ്റ പണ്ഡിതനും ഒരൊറ്റ മദ്ഹബും അതൊന്നും പറഞ്ഞിട്ടുമില്ല. തന്നിമിത്തം ഒരു മുസ്‌ലിം നാട്ടിലും ഇതൊന്നും പരിചിതമല്ല. അവര്‍ അതൊന്നും കേട്ടിട്ടുപോലുമില്ല. 'നമ്മുടെ നിര്‍ദേശമില്ലാത്ത ഒരു കൃത്യം ഒരാള്‍ ചെയ്താല്‍ അത് തള്ളപ്പെടേണ്ടതാണ്' (ബുഖാരി: 2697) എന്നത്രെ തിരുമൊഴി.
ജാഹിലിയ്യാ കാലത്ത് ഇദ്ദാ വേളയില്‍ ഇത്തരം പലതരം അത്യാചാരങ്ങളുണ്ടായിരുന്നു. അവയില്‍ പലതും വളരെ വിചിത്രമായിരുന്നു. അക്കാലത്തെ ഇദ്ദയെക്കുറിച്ച് ഇമാം ഖാദി (റ) പറയുന്നത് കാണുക: ''ജാഹിലിയ്യാ കാലത്ത് വിധവ ആചരിച്ചിരുന്ന ഇദ്ദ ഇപ്രകാരമാണ്: അവള്‍ ഇടുങ്ങിയ ഒരു കുടിലില്‍ പ്രവേശിക്കും. ഏറ്റവും മോശമായ വസ്ത്രം ധരിക്കും. സുഗന്ധമോ അലങ്കാരമുള്ള വസ്തുക്കളോ സ്പര്‍ശിക്കുകയില്ല. ഇങ്ങനെ ഒരു വര്‍ഷം കഴിഞ്ഞ ശേഷം കഴുത, ആട് എന്നിവയോ പക്ഷിയോ അവളുടെ നഗ്നത സ്പര്‍ശിച്ച് ഇദ്ദ അവസാനിപ്പിക്കും. ശേഷം ആ കുടിലില്‍നിന്ന് പുറത്തു വരുമ്പോള്‍ അവള്‍ക്ക് അല്‍പം ഉണങ്ങിയ കാഷ്ഠം കൊടുക്കും. അവളത് തല ചുഴറ്റിയെറിയും. അതോടെ ഇദ്ദ അവസാനിക്കും'' (മിര്‍ഖാത്ത്: 5/513, ഫത്ഹുല്‍ ബാരി: 9/489). 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (01)
ടി.കെ ഉബൈദ്‌

ഹദീസ്‌

പക വെടിയല്‍ സുന്നത്താണ്
നൗഷാദ് ചേനപ്പാടി