Prabodhanm Weekly

Pages

Search

2019 ജൂലൈ 26

3111

1440 ദുല്‍ഖഅദ് 22

ഹജ്ജ് യാത്രകള്‍

ഹൈദറലി ശാന്തപുരം

പ്രവാസ സ്മരണകള്‍-3

സുഊദി അറേബ്യയിലെ ദാറുല്‍ ഇഫ്തായുടെ സജീവ സാന്നിധ്യം പ്രകടമാകുന്ന സന്ദര്‍ഭമാണ് ഹജ്ജ് കാലം. ഹജ്ജ് യാത്രക്ക് മുമ്പും ഹജ്ജ് യാത്രക്കിടയിലും ഹജ്ജ് കര്‍മങ്ങളുടെ അനുഷ്ഠാന വേളകളിലും ഹജ്ജ് യാത്രികരെ ബോധവത്കരിക്കുക എന്നതാണ് പ്രധാന ദൗത്യം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന പ്രബോധകന്മാര്‍ ഹജ്ജ് യാത്രക്ക് മുമ്പുതന്നെ ഹജ്ജ് കര്‍മങ്ങള്‍ വിശദമായി പഠിപ്പിക്കുകയും ചിലര്‍ യാത്രയിലുടനീളം ഹജ്ജ് യാത്രികരുടെ കൂടെ സഞ്ചരിച്ച് ശരിയായ രൂപത്തില്‍ കര്‍മങ്ങളനുഷ്ഠിക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്യും. പുണ്യഭൂമിയിലെത്തിയ ഹാജിമാരെ ബോധവത്കരിക്കുക എന്നതാണ് സുഊദി അറേബ്യക്കകത്തെ പണ്ഡിതന്മാരുടെ ഉത്തരവാദിത്തം. അതിനു വേണ്ടി ഹാജിമാര്‍ സഞ്ചരിക്കുന്ന സ്ഥലങ്ങളിലെല്ലാം സംവിധാനമേര്‍പ്പെടുത്തും. ആഫ്രിക്കന്‍ വന്‍കരയിലെ വിവിധ നാടുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ആദ്യകാല മലയാളി പ്രബോധകരാണ് കെ. അഹ്മദ്്മൗലവി (കുമരനെല്ലൂര്‍), ഇബ്‌റാഹീം മൗലവി (കാഞ്ഞാര്‍), ഫത്ഹുദ്ദീന്‍ തങ്ങള്‍ (ലക്ഷദ്വീപ്), ഡോ. ബശീര്‍ മുഹ്‌യിദ്ദീന്‍ (പറവണ്ണ) എന്നിവര്‍.  പുറം നാടുകളിലെ പ്രബോധന ചുമതലയുള്ള മുഹമ്മദുബ്‌നു ഖുഊദിന്റെ നേതൃത്വത്തിലായിരുന്നു ഹജ്ജ്കാല ബോധവത്കരണം. 1975-ല്‍ ദഅ്‌വാ വിഭാഗം രണ്ടായി വിഭജിക്കപ്പെട്ട ശേഷം ശൈഖ് അബ്ദുല്ലാഹ് അല്‍ഫന്‍തൂഖിനായി ഹജ്ജ്കാല ബോധവത്കരണത്തിന്റെ നേതൃത്വം. അദ്ദേഹത്തിന്റെ കാലത്ത് 'ഹൈഅതുത്തൗഇയ്യത്തില്‍ ഇസ്‌ലാമിയ്യ ഫില്‍ ഹജ്ജ്' (ഹജ്ജ്കാല ഇസ്‌ലാമിക ബോധവത്കരണ അതോറിറ്റി) എന്ന പേരില്‍ ഒരു സ്ഥാപനം നിലവില്‍ വന്നിരുന്നു. ഞാന്‍ ദുബൈയിലെത്തിയ വര്‍ഷത്തെ ഹജ്ജിനു മുമ്പ് ശൈഖ് ഫന്‍തൂഖിന്റെ ഒരു ടെലഗ്രാം എന്റെ പേരില്‍ വന്നു. താങ്കളെ ഹജ്ജ് ബോധവത്കരണ പരിപാടിയില്‍ പങ്കെടുക്കുന്നവരില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഞങ്ങളുടെ മുദീറിനെ ടെലഗ്രാം കാണിച്ച് വിസയും ടിക്കറ്റും ശരിപ്പെടുത്തി മക്കയിലേക്ക് പുറപ്പെട്ടു.
എന്റെ ആറാമത്തെ ഹജ്ജായിരുന്നു അത്. 1968-1971 കാലത്ത് മദീനയില്‍ പഠിക്കുമ്പോള്‍ വര്‍ഷം തോറും ഹജ്ജ് നിര്‍വഹിക്കാറുണ്ടായിരുന്നു. ആദ്യത്തെയും അവസാനത്തെയും ഹജ്ജ് തനിച്ചും രണ്ടാമത്തെ ഹജ്ജ് ഭാര്യാസമേതവും മൂന്നാമത്തെ ഹജ്ജ് ഭാര്യയെയും പത്തു മാസം മാത്രം പ്രായമായിരുന്ന ആദ്യ മകള്‍ ത്വയ്യിബയെയും കൂടെ കൂട്ടിയുമായിരുന്നു. ജമാഅത്ത് നിരോധിക്കപ്പെട്ട ശേഷം പുണ്യഭൂമിയിലെത്തി നിര്‍വഹിച്ച ഹജ്ജാണ് അഞ്ചാമത്തേത്.
1977-ലെ ഹജ്ജ് കാലത്തിന് മുമ്പായി 'അല്‍ അമാനതുല്‍ ആമ്മ ലിത്തൗഇയ്യതില്‍ ഇസ്‌ലാമിയാ ഫില്‍ ഹജ്ജ്' (ഹജ്ജ് കാലത്തെ ഇസ്‌ലാമിക ബോധവത്കരണത്തിനുള്ള ജനറല്‍ സെക്രട്ടേറിയറ്റ്) എന്ന പേരില്‍ മക്കയിലെ 'ശിശ്ശ'യില്‍ ഒരു പുതിയ സ്ഥാപനം നിലവില്‍ വന്നിരുന്നു. ശൈഖ് അബ്ദുല്ലാഹ് അല്‍ ഫന്‍തൂഖ് അതിന്റെ ചെയര്‍മാനും ശൈഖ് ജാബിര്‍ മദ്‌വലി സെക്രട്ടറിയുമായിരുന്നു. ആ വര്‍ഷത്തെ ഹജ്ജ്കാലത്ത് ശൈഖ് ജാബിറിന്റെ ഒരു കത്ത് എനിക്ക് കിട്ടി. താങ്കളെ ഹജ്ജ് കാല ബോധവത്കരണത്തിനുള്ള സമിതിയില്‍ അംഗമായി തെരഞ്ഞെടുത്തിരിക്കുന്നുവെന്നും ദുല്‍ഖഅദ് 20 മുതല്‍ ദുല്‍ഹജ്ജ് 20 വരെയായിരിക്കും പ്രവര്‍ത്തനകാലമെന്നും അതില്‍ എഴുതിയിരുന്നു. ഞാന്‍ നിശ്ചിത സമയത്തുതന്നെ മക്കയിലെത്തി. എന്നെ കണ്ടമാത്രയില്‍ ശൈഖ് ഫന്‍തൂഖ് തന്റെ ഓഫീസിലെ ഒരു കസേര കാണിച്ചുകൊണ്ട് പറഞ്ഞു: ''ഇവിടെയാണ് താങ്കള്‍ക്ക് ഡ്യൂട്ടി. ഇവിടെ വരുന്നവരെ നല്ലനിലയില്‍ സ്വീകരിക്കുക, അവരുടെ സംശയങ്ങള്‍ ദൂരീകരിച്ചുകൊടുക്കുക, നിര്‍ദിഷ്ട പുസ്തകങ്ങള്‍ പാരിതോഷികമായി നല്‍കുക എന്നീ കാര്യങ്ങളാണ് താങ്കള്‍ ചെയ്യേത്.'' ശൈഖ് ഫന്‍തൂഖ് എന്നെ അദ്ദേഹത്തിന്റെ പി.എ ആയി തെരഞ്ഞെടുത്തതില്‍ എനിക്ക് അഭിമാനം തോന്നി. ദല്‍ഹിയില്‍ 1974-ല്‍ നടന്ന ജമാഅത്തിന്റെ അഖിലേന്ത്യാ സമ്മേളനത്തില്‍ സംബന്ധിച്ച അനുഭവവും എന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകളുമാവാം ഈ തെരഞ്ഞെടുപ്പിന് കാരണമെന്ന് ഞാന്‍ മനസ്സിലാക്കി. ഹജ്ജ് ദിനങ്ങളില്‍ മിനായിലെയും അറഫയിലെയും മുഖ്യ ക്യാമ്പില്‍ തന്നെയായിരുന്നു ഡ്യൂട്ടി. പിന്നീട് തുടര്‍ച്ചയായി പത്തു വര്‍ഷങ്ങളില്‍ കൂടി ഹജ്ജിന് സേവനമനുഷ്ഠിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. മര്‍കസിലെ ദശക്കണക്കില്‍ പ്രബോധകരില്‍ എനിക്ക് മാത്രം ലഭിച്ച ഭാഗ്യമായിരുന്നു ഹജ്ജ്കാല സേവനത്തിനുള്ള ഔദ്യോഗിക ക്ഷണം.
ഹാജിമാരുടെ സഞ്ചാരപഥങ്ങള്‍ പരിഗണിച്ച് 'തൗഇയ്യ'യുടെ കേന്ദ്രങ്ങളും കാബിനുകളും വിവിധ സ്ഥലങ്ങളിലുണ്ടാവും. മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടവര്‍ക്കായിരിക്കും ഓരോ സ്ഥലത്തെയും ഡ്യൂട്ടി. മസ്ജിദുല്‍ ഹറാമിനകത്തായിരിക്കും ചിലര്‍ക്ക് ഡ്യൂട്ടി. ചിലര്‍ മസ്ജിദുല്‍ ഹറാമില്‍ ക്ലാസ്സെടുക്കുമ്പോള്‍ മറ്റു ചിലര്‍ മസ്ജിദുല്‍ ഹറാമിന്റെ ഒന്നാം നിലയിലുണ്ടായിരുന്ന സെന്ററില്‍ ഹാജിമാരുടെ അന്വേഷണങ്ങള്‍ക്ക് മറുപടി പറയുകയും വിവിധ ഭാഷകളിലുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്യുകയുമായിരിക്കും. രണ്ടു വര്‍ഷം എന്റെ ഉത്തരവാദിത്തം മസ്ജിദുല്‍ ഹറാമിനകത്തെ ക്ലാസ്സും സെന്ററിലെ പ്രവര്‍ത്തനങ്ങളുമായിരുന്നു. ജിദ്ദ എയര്‍പോര്‍ട്ടിലെ ഹജ്ജ് ടെര്‍മിനല്‍, ജിദ്ദാ സീപോര്‍ട്ടിനോടനുബന്ധിച്ചുള്ള മദീനത്തുല്‍ ഹുജ്ജാജ്, തന്‍ഈമിലെ മസ്ജിദു ആഇശ, ജബലുന്നൂറിനും ജബലുസ്സൗറിനും താഴെയുണ്ടായിരുന്ന ടെന്റുകള്‍ എന്നിവിടങ്ങളിലെല്ലാം ഞാന്‍ ഹജ്ജ്കാല ബോധവത്കരണത്തില്‍ പങ്കെടുത്തിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പണ്ഡിതന്മാര്‍ ഹജ്ജ്കാല ബോധവത്കരണത്തിനു വേണ്ടി ക്ഷണിക്കപ്പെട്ടിരുന്നു. ഈജിപ്തിലെയും സുഡാനിലെയും സലഫി സംഘടനയായ ജംഇയ്യത്തു അന്‍സാരിസ്സുന്നയുമായും ഇന്ത്യയിലെയും പാകിസ്താനിലെയും സലഫി സംഘടനകളുമായും ബന്ധമുള്ള പണ്ഡിതന്മാര്‍ക്കു പുറമെ ഇസ്‌ലാമിക പ്രസ്ഥാനവുമായി ബന്ധമുള്ള പണ്ഡിതന്മാരും ക്ഷണിതാക്കളില്‍ പെട്ടിരുന്നു. ലണ്ടനിലെ ഇസ്‌ലാമിക പ്രസ്ഥാന നേതാവും സുഡാന്‍ വംശജനുമായ ഡോ. ജഅ്ഫര്‍ ശൈഖ് ഇദ്‌രീസ്, മൗലാനാ മൗദൂദിയുടെ സെക്രട്ടറിയായിരുന്ന മൗലാനാ ഖലീല്‍ ഹാമിദി എന്നിവര്‍ സ്ഥിരം ക്ഷണിതാക്കളായിരുന്നു. മൗലാനാ ഖലീല്‍ ഹാമിദി മസ്ജിദുല്‍ ഹറാമിനകത്തുതന്നെ ക്ലാസ്സുകള്‍ നടത്തിയിരുന്നു.
1987 വരെ ഈ നില തുടര്‍ന്നു. പിന്നീട് ചില കാരണങ്ങളാല്‍ സുഊദി അറേബ്യക്കു പുറത്തുള്ള പണ്ഡിതന്മാരെ ക്ഷണിക്കുന്ന പതിവ് അവസാനിപ്പിക്കുകയും ഹജ്ജ്കാലത്തെ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സുഊദി പണ്ഡിതന്മാരില്‍ പരിമിതപ്പെടുത്തുകയും ചെയ്തു. മദീനാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, രിയാദിലെ ഇമാം മുഹമ്മദു ബ്‌നു സുഊദ് യൂനിവേഴ്‌സിറ്റി, മക്കയിലെ ഉമ്മുല്‍ ഖുറാ യൂനിവേഴ്‌സിറ്റി എന്നീ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിവിധ ഭാഷക്കാരായ വിദ്യാര്‍ഥികളെ ദ്വിഭാഷികളായി നിശ്ചയിക്കുകയും ചെയ്തു.
ആത്മീയവും വൈജ്ഞാനികവും പ്രാസ്ഥാനികവും സാമ്പത്തികവുമായ സദ്ഫലങ്ങള്‍ നല്‍കുന്നതായിരുന്നു ഔദ്യോഗിക ഹജ്ജ് യാത്രകള്‍. ഏതൊരു വിശ്വാസിയും തന്റെ ആയുഷ്‌കാല അഭിലാഷമായി കൊണ്ടുനടക്കുന്ന ഹജ്ജ് കര്‍മാനുഷ്ഠാനം എന്ന ആഗ്രഹം പൂവണിയുമ്പോള്‍ അനുഭവപ്പെടുന്ന ആത്മീയാനുഭൂതിയും ഈമാനികാവേശവും പറഞ്ഞറിയിക്കാനാ
വാത്തതാണ്. ഹജ്ജുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലെല്ലാം കൂടുതല്‍ അറിവും പരിചയവും സിദ്ധിക്കുന്നു എന്നതാണ് നമുക്കുണ്ടാകുന്ന വൈജ്ഞാനിക നേട്ടം. സുഊദി അറേബ്യയിലെ ഉന്നത പണ്ഡിതന്മാരുമായുള്ള സഹവാസവും അവരൊന്നിച്ചുള്ള പ്രവര്‍ത്തനവുമാണ് അതിന് കളമൊരുക്കിയത്. ശൈഖ് ഇബ്‌നുബാസ്, ശൈഖ് അബ്ദുല്ലത്വീഫ് അഫീഫി, ശൈഖ് മുഹമ്മദുബ്‌നു സ്വാലിഹ് അല്‍ ഉസൈമീന്‍, ശൈഖ് സ്വാലിഹ് ഫൗസാന്‍, ശൈഖ് സ്വാലിഹ് അസ്സദ്‌ലാന്‍, ശൈഖ് അബ്ദുല്ലത്തുവൈജിരി തുടങ്ങിയവര്‍ ദീനീ വിജ്ഞാനീയങ്ങളില്‍ മികവുറ്റവരാകുന്നു. ദീര്‍ഘകാല പഠനത്തിന്റെയും പരിചയത്തിന്റെയും അടിസ്ഥാനത്തില്‍ ഹജ്ജ് വിഷയത്തില്‍ അവര്‍ അഗ്രഗണ്യരാണ്.
പല പ്രമുഖരുമായും പരിചയപ്പെടാനും വിവരങ്ങള്‍ കൈമാറാനും അവസരം ലഭിക്കുന്നുവെന്നത് ഈ യാത്രകളുടെ പ്രാസ്ഥാനിക ഗുണവശമാണ്. ഈജിപ്തിലെ പ്രമുഖ പണ്ഡിതന്‍ ശൈഖ് മന്നാഉല്‍ ഖത്താന്‍ ഹജ്ജ്കാല ബോധവത്കരണത്തിലെ സ്ഥിര സാന്നിധ്യമായിരുന്നു. നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന മൗലാനാ ഖലീല്‍ ഹാമിദിയുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ അവസരം ലഭിച്ചിരുന്നു. ഒരിക്കലദ്ദേഹം പാരിതോഷികമായി നല്‍കിയ അദ്ദേഹത്തിന്റെ തഹ്‌രീകെ ഇസ്‌ലാമി -ആലമി അസറാത്ത് എന്ന കൃതി സംഗ്രഹ വിവര്‍ത്തനം ചെയ്ത് പ്രബോധനത്തിന്റെ 'ജമാഅത്തെ ഇസ്‌ലാമി അമ്പത് വര്‍ഷങ്ങള്‍' വിശേഷാല്‍ പതിപ്പില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. യു.എ.ഇയില്‍ 'മദാരിസുല്‍ ഈമാന്‍' എന്ന പേരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിയിരുന്ന ശൈഖ് അബ്ദുല്‍ബദീഅ് സഖറും ചില വര്‍ഷങ്ങളില്‍ ഹജ്ജ്കാല സേവനത്തിന് ക്ഷണിക്കപ്പെട്ടിരുന്നു.
1994-ല്‍ ആണ് 18-ാമത്തേതും അവസാനത്തേതുമായ ഹജ്ജ് നിര്‍വഹിച്ചത്. പത്‌നീസമേതമായിരുന്നു ആ  യാത്ര.

ഹജ്ജ് ക്ലാസുകള്‍, വീഡിയോകള്‍

ഹജ്ജ് കാലത്ത് ദുബൈയില്‍ നടത്തിയിരുന്ന ഒരു പ്രധാന പരിപാടിയായിരുന്നു ഹജ്ജ് യാത്രികരെ ഉദ്ദേശിച്ച് ദേരാ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ നടത്തിയിരുന്ന ഹജ്ജ് പഠനക്ലാസ്സുകള്‍. ആ ക്ലാസ്സുകളില്‍ ധാരാളം സ്ത്രീപുരുഷന്മാര്‍ സംബന്ധിച്ചിരുന്നു. ഹജ്ജിന്റെ പ്രാധാന്യം, ഉംറയുടെ രൂപം, ഹജ്ജിന്റെ രൂപം, ഹജ്ജിന്റെ സല്‍ഫലങ്ങള്‍, മദീനാ സന്ദര്‍ശനം, സ്ത്രീകളും ഹജ്ജും, ഹജ്ജ് യാത്രികര്‍ അഭിമുഖീകരിക്കാവുന്ന പ്രശ്‌നങ്ങളും പ്രതിവിധികളും, ഹജ്ജ്: സംശയങ്ങളും മറുപടിയും എന്നിങ്ങനെ വിഷയങ്ങള്‍ ക്രമീകരിച്ചിരുന്നു. ക്ലാസ്സുകള്‍ ഓഡിയോ കാസറ്റുകളില്‍ റെക്കോര്‍ഡ് ചെയ്ത് മര്‍കസുദ്ദഅ്‌വ വഴിയും ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ ശാഖകള്‍ വഴിയും പ്രചരിപ്പിച്ചിരുന്നു. ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദ്യോത്തര രൂപത്തില്‍ തയാറാക്കി റെക്കോര്‍ഡ് ചെയ്ത് 'ഹജ്ജ്: 100 ചോദ്യവും മറുപടിയും' എന്ന പേരില്‍ ഓഡിയോ കാസറ്റും പുറത്തിറക്കി.
ഒരു ഹജ്ജ്കാലത്ത് 'സമസ്ത' നേതാവായിരുന്ന ബി. കുട്ടി ഹസന്‍ ഹാജിയുടെ സഹോദരീപുത്രന്‍ അന്‍വര്‍ (മാഹി) എന്നെ സമീപിച്ചു. ഓസ്‌കാര്‍ വീഡിയോ എന്ന പേരില്‍ വീഡിയോ ഷോപ്പ് നടത്തിയിരുന്ന അദ്ദേഹം എന്നോട് പറഞ്ഞു: ''ഞാന്‍ ധാരാളം വീഡിയോ കാസറ്റുകള്‍ വില്‍പന നടത്തുന്ന ആളാണ്. പക്ഷേ, ഹജ്ജിനെ സംബന്ധിച്ചുള്ള ഒരു വീഡിയോ കാസറ്റും കടയിലില്ല. പലരും അത്തരമൊന്ന് അന്വേഷിച്ചു വരുന്നുണ്ട്. നിങ്ങള്‍ സഹകരിക്കുകയാണെങ്കില്‍ നമുക്കങ്ങനെയൊന്ന് നിര്‍മിക്കാന്‍ സാധിക്കും. സ്‌ക്രിപ്റ്റ് നിങ്ങള്‍ തയാറാക്കുകയാണെങ്കില്‍ റെക്കോര്‍ഡിംഗിന്റെ ചുമതല ഞാന്‍ ഏല്‍ക്കാം.'' മുന്‍പരിചയമില്ലെങ്കിലും ശ്രമിച്ചുനോക്കാമെന്ന് മറുപടി പറഞ്ഞു. ഒരു ടി.വി പോലും കൈവശമില്ലാതിരുന്ന ഞാന്‍ ആദ്യമായി ചെയ്തത് ഒരു ടി.വിയും വി.സി.ആറും വാങ്ങുകയാണ്. പിന്നീട് ഇസ്‌ലാമികവും വൈജ്ഞാനികവുമായ വീഡിയോ കാസറ്റുകള്‍ മാത്രം വില്‍പന നടത്തുന്ന വീഡിയോ ഷോപ്പില്‍ ചെന്ന് എന്റെ ഉദ്ദേശ്യം നിറവേറ്റാന്‍ സഹായകമാവുന്ന കാസറ്റുകള്‍ വാങ്ങി പരിശോധിച്ചു. ആ വര്‍ഷത്തെ ഹജ്ജ് യാത്രയില്‍ മക്കയില്‍നിന്ന് കിട്ടാവുന്ന കാസറ്റുകളും ഫോട്ടോകളും പുണ്യഭൂമിയെ ചിത്രസഹിതം പരിചയപ്പെടുത്തുന്ന പുസ്തകങ്ങളും ശേഖരിച്ചു. തിരിച്ചുവന്ന് മൂന്ന് മണിക്കൂറിലെ റെക്കോര്‍ഡിംഗിന് ആവശ്യമായ സ്‌ക്രിപ്റ്റ് തയാറാക്കി. കൈവശമുള്ള ചലിക്കുന്നതും അല്ലാത്തതുമായ ഫോട്ടോകള്‍ എവിടെയെല്ലാം ഫിറ്റ് ചെയ്യാം എന്ന് തീരുമാനിച്ചു. എല്ലാം പൂര്‍ത്തിയായ ശേഷം ഞാന്‍ അന്‍വറിനോട് പറഞ്ഞു: ''ഇനി നമുക്ക് റെക്കോര്‍ഡ് ചെയ്യാം.'' അദ്ദേഹം ദേരയിലെ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററിലേക്ക് വീഡിയോ കാമറയുമായി വന്നു. അങ്ങനെയാണ് A Guide for Hajj എന്ന പേരില്‍ പ്രഥമ മലയാള ഹജ്ജ് വീഡിയോ പുറത്തുവന്നത്. അതിന് നല്ല സ്വീകാര്യത ലഭിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം കൂടുതല്‍ വീഡിയോ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി 'ഹജ്ജ് യാത്ര' എന്ന പേരില്‍ പുതിയ കാസറ്റ് പുറത്തിറക്കി. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഏറെ പരിഷ്‌കരണങ്ങളോടെ 'ഹജ്ജ് ഗൈഡ്' എന്ന പേരില്‍ മൂന്നാമത്തെ വീഡിയോ കാസറ്റും തയാറാക്കി. വര്‍ഷങ്ങള്‍ക്കു ശേഷം അത് വീഡിയോ സീഡിയിലേക്ക് മാറ്റി. കേരളത്തില്‍ നടന്ന ഹജ്ജ് ക്യാമ്പുകളില്‍ അത് ധാരാളമായി പ്രദര്‍ശിപ്പിക്കപ്പെട്ടു.

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (01)
ടി.കെ ഉബൈദ്‌

ഹദീസ്‌

പക വെടിയല്‍ സുന്നത്താണ്
നൗഷാദ് ചേനപ്പാടി