Prabodhanm Weekly

Pages

Search

2019 ജൂലൈ 26

3111

1440 ദുല്‍ഖഅദ് 22

അസമിലെ പൗരത്വ നിഷേധം വംശവെറിയാല്‍ വിസ്മരിക്കപ്പെടുന്ന ചരിത്ര സത്യങ്ങളും വര്‍ത്തമാന ദുരന്തവും

സി.എ അഫ്‌സല്‍ റഹ്മാന്‍

വംശവിദ്വേഷത്താല്‍ പ്രേരിതരായി, 'അസംകാരല്ലാത്തവര്‍ അസം വിടുക' എന്ന കുടില പ്രചാരണങ്ങള്‍ക്കൊടുവില്‍ ചുട്ടെടുത്ത സുതാര്യമല്ലാത്ത നിയമങ്ങള്‍ 40 ലക്ഷത്തിലേറെ പേരുടെ ഭാവിയെയാണ് അനിശ്ചിതത്വത്തിലാഴ്ത്തിയിരിക്കുന്നത്. ഔദ്യോഗികവും അനൗദ്യോഗികവുമായ നടപടികള്‍ മൂലം സര്‍വസ്വവും നഷ്ടപ്പെട്ട് വാസ്തുഹാരകളായി മാറിയ ഈ ജനസഞ്ചയത്തിന്റെ അവകാശങ്ങളുടെയും പൗരത്വത്തിന്റെയും വീണ്ടെടുപ്പിനുള്ള ശ്രമങ്ങള്‍ നടത്തുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധവേദികളും പരാജയപ്പെട്ടുകഴിഞ്ഞു. അസം പ്രതിസന്ധിയുടെ ചരിത്ര പശ്ചാത്തലവും സമകാലിക സംഭവ വികാസങ്ങളും വിശകലനം ചെയ്യുന്ന പഠനം ഈ ലക്കം മുതല്‍.


സര്‍ക്കാര്‍ ആവശ്യപ്പെട്ട രേഖകള്‍ മുഴുവന്‍ ഹാജരാക്കിയ ശേഷവും നിസ്സാരമായ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പൗരന്മാരെ വിദേശികളായി മുദ്രയടിക്കുന്ന സുതാര്യമല്ലാത്ത നിയമപ്രക്രിയകളുടെ ദേശമാണിന്ന് അസം. ഒമ്പതു നൂറ്റാണ്ടുകള്‍ക്കു മുമ്പായിരുന്നു അസമിലെ മുസ്‌ലിം ആഗമനമെങ്കിലും പിന്നീട് എത്തിയ സമുദായങ്ങളുടെ പിന്‍ഗാമികളാണ് ഇപ്പോള്‍ മുസ്‌ലിംകളുടെ പൗരത്വത്തിനെതിരെ പ്രചാരവേലകള്‍ സംഘടിപ്പിക്കുന്നത്. അപരവിദ്വേഷം മൂലം ചരിത്ര യാഥാര്‍ഥ്യങ്ങള്‍ വിസ്മരിക്കുന്ന അസം ഇതിനകം നിരവധി വര്‍ഗീയ ലഹളകളിലൂടെ കടന്നുപോവുകയുണ്ടായി. കലാപങ്ങളില്‍ ഇരകളാക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരമോ പ്രതികള്‍ക്ക് ശിക്ഷയോ നല്‍കാന്‍ തയാറാകാത്ത ഔദ്യോഗിക വ്യവസ്ഥിതിയുടെ പുതിയ നീതിനിഷേധ രീതികള്‍ സംസ്ഥാനത്ത് വീണ്ടും കലാപങ്ങള്‍ക്ക് വഴിവെച്ചേക്കാം എന്ന ആശങ്ക ശക്തമാണ്.

അസമിന്റെ രൂപീകരണം

ബര്‍മക്കാരുമായി ഒപ്പുവെച്ച യാന്‍ദാബു കരാര്‍ പ്രകാരം 1826-ലാണ് അസം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നിയന്ത്രണത്തില്‍ വന്നു ചേര്‍ന്നത്. ഭരണനിര്‍വഹണ സൗകര്യാര്‍ഥം അസമിനെ അവര്‍ ബ്രഹ്മപുത്ര താഴ്‌വര, സുരാമ താഴ്‌വര എന്നീ രണ്ട് മേഖലകളായി വിഭജിച്ചിരുന്നു. അന്ന് കിഴക്കന്‍ ബംഗാളിലെ (ഇപ്പോഴത്തെ ബംഗ്ലാദേശ്) ധാക്ക, രാജ് ഷാഹി, ചിറ്റഗോങ്, മാള്‍ഡ എന്നിവ അസമിന്റെ ഭാഗമായിരുന്നു. പിന്നീട് ബ്രഹ്മപുത്ര താഴ്‌വരയെ കിഴക്കന്‍ ബംഗാളില്‍നിന്ന് വേര്‍പ്പെടുത്തുകയും 1912-ല്‍ അതിനെ അസം പ്രവിശ്യയായി പ്രഖ്യാപിക്കുകയും ചെയ്തു. 
ബ്രിട്ടീഷ് ഭരണത്തിനു മുമ്പ് ഗോല്‍പാറ ജില്ല(ഇന്നത്തെ ഗോല്‍പാറ, ധുബ്‌റി, ബൊന്‍ഗൈഗോണ്‍, കോക്രജാര്‍ ജില്ലകള്‍)യും ഗാരോ കുന്നുകളും അസമിന്റെ ഭാഗമായിരുന്നില്ല. അതിന് മാറ്റമുാവുന്നത് 1912-ല്‍ ആണ്. കൂടുതല്‍ പേര്‍ ബംഗാളി സംസാരിക്കുന്നു എന്നതിനാല്‍ അത് കിഴക്കന്‍ ബംഗാളിന്റെ ഭാഗമായിരുന്നു. അതിനാല്‍ നാഗാഓന്‍, ധാരംഗ് എന്നീ ജില്ലകളിലെ ബംഗാളി അല്ലെങ്കില്‍ 'മിയാ' മുസ്‌ലിംകള്‍ ഇവിടത്തെ ആദിമ നിവാസികളില്‍ പെടുന്ന ഒരു വിഭാഗമാണ്. 1826-ല്‍ യാന്‍ദാബു കരാര്‍ പ്രകാരം ത്രിപുര, മണിപ്പൂര്‍, ബംഗാള്‍ എന്നിവയുടെ അതിര്‍ത്തിക്കു സമീപത്തെ നിരവധി പ്രദേശങ്ങളും അസമിനോട് കൂട്ടിച്ചേര്‍ക്കപ്പെടുകയുണ്ടായി. അസം-ബംഗാ എന്ന പേരിലായിരുന്നു പ്രവിശ്യ അക്കാലത്ത് അറിയപ്പെട്ടിരുന്നത്.
അതിനും മുമ്പേ മേഖല പ്രശസ്ത ഭരണകൂടങ്ങളായും വിഭജിക്കപ്പെട്ടിരുന്നു. അക്കാലത്ത് ദ്രാവിഡര്‍, ആസ്ട്രിയര്‍, മംഗോളിയര്‍, വോഡ്‌സിയന്മാര്‍ തുടങ്ങിയ വിഭാഗങ്ങളായിരുന്നു അസമിലെ പ്രമുഖ ജനവിഭാഗങ്ങള്‍. ബംഗാളി മുസ്‌ലിംകളും ബംഗാളി ഹിന്ദുക്കളും ദ്രാവിഡ വിഭാഗക്കാരായിരുന്നു. ഇപ്പോഴത്തെ പ്രബല വിഭാഗങ്ങളായ ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, കായസ്ത ജാതിക്കാര്‍ പതിനാലാം നൂറ്റാണ്ടില്‍ മാത്രമാണ് അസമില്‍ എത്തിച്ചേര്‍ന്നത്. ആ അര്‍ഥത്തില്‍ വീക്ഷിക്കുമ്പോള്‍ അസമിലെ അവസാന കുടിയേറ്റക്കാര്‍ ഈ വിഭാഗങ്ങളാണെന്നു കാണാം. ബംഗാളി മുസ്‌ലിംകളും ബംഗാളി ഹിന്ദുക്കളും ദ്രാവിഡ വിഭാഗങ്ങള്‍ ആയതിനാല്‍ അവര്‍ക്ക് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടാന്‍ സാധിക്കും. മുസ്‌ലിംകളെയും ദലിത് ഹിന്ദുക്കളെയും വിദേശികളായി മുദ്രകുത്തി പുറത്താക്കാന്‍ പരാതി നല്‍കുന്ന മേല്‍ജാതിക്കാരേക്കാള്‍ 'അസമികള്‍' ഈ ഇരകളാണെന്ന് ഇതില്‍നിന്ന് അര്‍ഥശങ്കക്കിടയില്ലാതെ വ്യക്തമാകും. വ്യാജ പ്രചാരണങ്ങളിലൂടെ നിഷേധിക്കാന്‍ കഴിയാത്ത ചരിത്ര സത്യമാണിത്.
 

മുസ്‌ലിം ചരിത്രം

മുസ്‌ലിംകള്‍ 1206-ല്‍ തന്നെ ബംഗാളില്‍നിന്ന് അസമിലെ കാംരൂപ് മേഖലയില്‍ എത്തിച്ചേര്‍ന്നിരുന്നു. സുല്‍ത്താന്‍ മുഹമ്മദ് ഗോറിയുടെ സൈനിക ജനറലായിരുന്ന മുഹമ്മദ് ബിന്‍ ബക്തിയാര്‍ ഖില്‍ജിയുടെ നേതൃത്വത്തിലായിരുന്നു മുസ്‌ലിംകളുടെ ആഗമനം. അസം പൂര്‍ണമായി നിയന്ത്രണത്തില്‍ വരുത്താന്‍ 1206-ല്‍ ഖില്‍ജി നടത്തിയ ശ്രമങ്ങള്‍ ലക്ഷ്യം കണ്ടില്ല. അഹോം വംശജര്‍ (അവീാ)െ അസമില്‍ ചേക്കേറുന്നതിനും എത്രയോ പതിറ്റാണ്ടുകള്‍ക്കു മുമ്പായിരുന്നു ഖില്‍ജിയുടെ നീക്കങ്ങള്‍. സുല്‍ത്താന്‍ ഗിയാസുദ്ദീന്റെ ഖബ്‌റിടം ഇപ്പോഴും അസമിലു്. ജനങ്ങള്‍ 'പുവമക്ക' എന്ന് വിളിച്ചുവരുന്ന സ്ഥലത്താണ് പ്രസ്തുത ശ്മശാനം (പുവ എന്നാല്‍ അസമീസ് ഭാഷയില്‍ കാല്‍ഭാഗം എന്നാണ് അര്‍ഥം). സുല്‍ത്താന്മാരുടെ കാലത്ത് മുസ്‌ലിംകള്‍ പ്രദേശവാസികളുമായി വിവാഹം പോലുള്ള ഉറ്റ ബന്ധങ്ങള്‍ സ്ഥാപിച്ചതായി ചരിത്ര രേഖകള്‍ വ്യക്തമാക്കുന്നു. അസമിലെ മുസ്‌ലിം ജനസംഖ്യയുടെ ബാഹുല്യത്തിന് ഇത് കാരണമായിത്തീര്‍ന്നു. അപ്പോള്‍ ചരിത്രപരമായി പരിശോധിക്കുമ്പോള്‍ ബോഡോ, കാവാരി, ചുട്ടില, ദിമാസ എന്നീ വിഭാഗങ്ങള്‍ക്കു ശേഷം അസമിലെ ആദിമ നിവാസികളില്‍ രണ്ടാംസ്ഥാനം മുസ്‌ലിംകള്‍ക്കാണെന്ന് വ്യക്തമാകുന്നു. അഹോമുകള്‍ 13-ാം നൂറ്റാണ്ടിലായിരുന്നു അസമിലേക്ക് കുടിയേറിയത്. മംഗോളിയന്‍ വംശജരായ ഇവര്‍ ബര്‍മയില്‍നിന്ന് പത്കല്‍ മലനിരകളിലൂടെയായിരുന്നു അസമില്‍ പ്രവേശിച്ചത്.
ഔറംഗസീബിന്റെ സൈനിക ജനറല്‍ മീര്‍ ജുംല 1662-ല്‍ അസമില്‍ അധിനിവേശം നടത്തുകയുണ്ടായി. 1663-ല്‍ അഹോം രാജാവ് ജയോദ്ധാജ് സിന്‍ഹ മുഗളരുമായി സമാധാന സന്ധിയില്‍ ഒപ്പുവെച്ചു. ഈ കരാര്‍ പ്രകാരം വിശാലമായ ഏറെ ഭൂപ്രദേശങ്ങള്‍ മുഗളര്‍ക്ക് വിട്ടുകൊടുക്കാന്‍ രാജാവ്  തയാറാവുകയുണ്ടായി. അസമിലെ മുസ്‌ലിം കുടിയേറ്റത്തിന് 12-ാം നൂറ്റാണ്ടില്‍ തുടക്കം കുറിച്ചിരുന്നു. എന്നാല്‍ അസമിലെ എല്ലാ മുസ്‌ലിംകളും കുടിയേറി വന്നവരായിരുന്നില്ല. മുസ്‌ലിം സ്വൂഫികളുടെയും പീറുമാരുടെയും മറ്റും സ്വാധീന ഫലമായും മുസ്‌ലിംകള്‍ക്കിടയിലെ സ്‌നേഹസാഹോദര്യങ്ങളില്‍ ആകൃഷ്ടരായും തദ്ദേശീയരില്‍ പലരും ഇസ്‌ലാം ആശ്ലേഷിക്കുകയും മുസ്‌ലിംകളുമായി വിവാഹബന്ധത്തിലേര്‍പ്പെടുകയും ചെയ്തു.
'പാകിസ്താന്‍' എന്ന രാഷ്ട്രസങ്കല്‍പം ആവിര്‍ഭവിക്കുന്നതിനു മുമ്പേ തന്നെ യഥാര്‍ഥത്തില്‍ കിഴക്കന്‍ ബംഗാളില്‍നിന്ന് അസമിലേക്കുള്ള കുടിയേറ്റങ്ങള്‍ ആരംഭിക്കുകയുണ്ടായി. എന്നാല്‍ സ്വാഭീഷ്ടപ്രകാരമായിരുന്നില്ല പല കുടിയേറ്റങ്ങളും. ഭരണപരമായ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി ബ്രിട്ടീഷ് രാജ് അവര്‍ക്ക് മേല്‍ കുടിയേറ്റത്തിനു സമ്മര്‍ദം നടത്തിക്കൊണ്ടിരുന്നു. കഠിനാധ്വാനം ശീലമാക്കിയവരായിരുന്നു കിഴക്കന്‍ ബംഗാളിലെ മുസ്‌ലിംകള്‍. ബ്രഹ്മപുത്ര താഴ്‌വരയിലെ ഫലഭൂയിഷ്ടമായ മണ്ണും അവ പ്രയോജനപ്പെടുത്തി കൃഷി നടത്തുന്നതില്‍ തദ്ദേശവാസികള്‍ക്കുണ്ടായിരുന്ന കഴിവുകേടും കുടിയേറ്റത്തെ ത്വരിതപ്പെടുത്തിയ ഘടകങ്ങളായിരുന്നു. ധാക്കയില്‍നിന്ന് സൗജന്യ യാത്രാ ടിക്കറ്റ് നല്‍കി നിരവധി കുടുംബങ്ങളെ ബ്രിട്ടീഷുകാര്‍ കൃഷിത്തോട്ടങ്ങളിലേക്കാനയിച്ചു. കാടിനോടും വന്യജീവികളോടും പടവെട്ടി ഈ കുടിയേറ്റക്കാര്‍ അസമിന് കാര്‍ഷിക സമൃദ്ധി സമ്മാനിച്ചു.
കിഴക്കന്‍ ബംഗാളില്‍നിന്നുള്ള കര്‍ഷക കുടിയേറ്റം 1947-ലെ ഇന്ത്യ വിഭജനം വരെ തുടര്‍ന്നു. സ്വാതന്ത്ര്യലബ്ധിയോടെ അതിര്‍ത്തികളില്‍ കനത്ത സൈനിക കാവല്‍ നിലനില്‍ക്കെ കൂട്ടത്തോടെയുള്ള കുടിയേറ്റം തീര്‍ത്തും അസാധ്യമായിരുന്നു.
ബ്രഹ്മപുത്രയുടെയും പോഷകനദികളുടെയും തീരങ്ങളിലായിരുന്നു ഭൂരിപക്ഷം കുടിയേറ്റക്കാരുടെയും പാര്‍പ്പിടങ്ങള്‍. അടിക്കടി ആവര്‍ത്തിക്കുന്ന പ്രളയങ്ങളിലും മണ്ണിടിച്ചിലിലും ഈ കൂരകള്‍ നിലംപൊത്തി. ഇത്തരം പ്രതിസന്ധികള്‍ അവരുടെ ജീവിതത്തില്‍ അരക്ഷിതാവസ്ഥ വിതച്ചു. ബംഗാളി ഭാഷക്ക് പ്രാമുഖ്യം നല്‍കുന്ന പദ്ധതി അസമില്‍ ആവിഷ്‌കരിക്കപ്പെട്ടത് ബ്രിട്ടന്‍ നടത്തിയ കൗശലമായിരുന്നു. പ്രളയ സാഹചര്യങ്ങളില്‍ തൊഴില്‍ തേടി നഗരഭാഗങ്ങളിലേക്ക് നീങ്ങിയ ബംഗാളികളെ പലരും ബംഗ്ലാദേശികള്‍ എന്ന് മുദ്രണം ചെയ്തു തുടങ്ങിയത് പിന്നീടായിരുന്നു. ബംഗ്ലാദേശ് രൂപീകരണം 1971-ല്‍ ആയിരുന്നു എന്നുകൂടി ഓര്‍ക്കുക.

അസം പ്രക്ഷോഭം

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേതു പോലെ 1951, 1957, 1962, 1977-78 വര്‍ഷങ്ങളില്‍ അസമില്‍ തെരഞ്ഞെടുപ്പുകള്‍ നടക്കുകയുണ്ടായി. അവയുമായി ബന്ധപ്പെട്ട് പല പരാതികളും ഹൈക്കോടതിയില്‍ എത്തിയിരുന്നു. ചില പരാതികള്‍ സുപ്രീം കോടതിയിലുമെത്തി. എന്നാല്‍ അസമിലെ വോട്ടര്‍പട്ടികയില്‍ വിദേശികള്‍ കയറിക്കൂടിയെന്ന ഒരു പരാതിയും ഒരാള്‍ പോലും കോടതിയില്‍ ഉന്നയിച്ചിരുന്നില്ല. അതേസമയം 1962-'70 കാലയളവില്‍ മുസ്‌ലിം ന്യൂനപക്ഷ ഭവനങ്ങളില്‍ രാത്രിയുടെ ഇരുളില്‍ ഇരച്ചുകയറി ഏതാനും പേരെ പിടികൂടി 'പാകിസ്താനികളെ കണ്ടെത്തി' എന്ന നിലയില്‍ പോലീസ് ഓഫീസര്‍മാര്‍ പ്രചാരണം നടത്തി ('ബംഗ്ലാദേശികളെ' പിടികൂടി എന്നാണ് ഇപ്പോള്‍ നിയമപാലകര്‍ നല്‍കുന്ന ഭാഷ്യം). യഥാര്‍ഥ ഇന്ത്യന്‍ പൗരന്മാരെ പിടികൂടി അക്കാലത്ത് കിഴക്കന്‍ പാകിസ്താനിലേക്ക് കൂട്ടത്തോടെ തള്ളിവിടുകയായിരുന്നു സൈനികാധികൃതര്‍. സ്വന്തം നിരപരാധിത്വം തെളിയിക്കാനോ രേഖകള്‍ ഹാജരാക്കാനോ സാവകാശം നല്‍കാതെയായിരുന്നു ഈ നാടുകടത്തല്‍. നിരവധി ലക്ഷം മുസ്‌ലിംകളെയാണ് രാജ്യം ഈ രീതിയില്‍ ആട്ടിപ്പുറത്താക്കിയത്.
അസമിലെ മാംഗോദോയി നിയോജകമണ്ഡലത്തിലെ എം.പി ഹിര്‍ലാല്‍ പഡോവരി 1978-ല്‍ മരണമടഞ്ഞു. മണ്ഡലത്തിലെ അടുത്ത സ്ഥാനാര്‍ഥി ഇന്ദിരാഗാന്ധി ആയിരിക്കുമെന്ന കിംവദന്തി അസമില്‍ വ്യാപകമായി അലയൊലികള്‍ സൃഷ്ടിച്ചു. ഈ സന്ദര്‍ഭത്തിലായിരുന്നു അസമിലെ വോട്ടര്‍മാര്‍ക്കിടയില്‍ വിദേശികളെന്ന ആരോപണം ചരിത്രത്തില്‍ ആദ്യമായി ഉന്നയിക്കപ്പെട്ടത്. ഹിര്‍ലാലിന്റെ മണ്ഡലത്തില്‍ 1979-ല്‍ ഉപതെരഞ്ഞെടുപ്പ് നടന്നു. വോട്ടേഴ്‌സ് ലിസ്റ്റ് പുതുക്കുന്നതിനിടയില്‍ ആയിരക്കണക്കിന് മുസ്‌ലിംകളുടെ പേരുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടു. അസം പ്രക്ഷോഭങ്ങളുടെ തുടക്കമായിരുന്നു അത്. ഓള്‍ ആസാം സ്റ്റുഡന്റ്‌സ് യൂനിയന്‍, ഓള്‍ അസം ഗണ സന്‍ഗ്രം പരിഷത് എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രക്ഷോഭം. പുറത്തുനിന്ന് വന്നവര്‍ക്കെതിരെ എന്ന ലേബലില്‍ തുടക്കം കുറിച്ച സമരപരിപാടികള്‍ പിന്നീട് വിദേശികള്‍ക്കെതിരായ സമരമായും തുടര്‍ന്ന് ബംഗ്ലാദേശികള്‍ക്കെതിരായ സമരമായും മാറി. ദിനേന അതിര്‍ത്തി മുറിച്ചുകടന്ന് ലക്ഷക്കണക്കിന് വിദേശപൗരന്മാര്‍ അസമിലേക്ക് ചേക്കേറുകയാണെന്ന തെറ്റായ സന്ദേശം പ്രചരിപ്പിച്ച് പ്രക്ഷോഭ നേതാക്കള്‍ ജനങ്ങളെ വികാരം കൊള്ളിച്ചു. അസമിലെ ജനങ്ങള്‍ ന്യൂനപക്ഷമായിത്തീരുമെന്നും സ്വന്തം സംസ്‌കാരവും ഭാഷയും അവര്‍ക്ക് നഷ്ടപ്പെടാനിടയുണ്ടെന്നും ഈ നേതാക്കള്‍ പ്രചരിപ്പിച്ചു. വികാരങ്ങള്‍ക്ക് തീ പിടിച്ചു നില്‍ക്കുന്ന ഇത്തരമൊരു അന്തരീക്ഷം പ്രയോജനപ്പെടുത്തി അവര്‍ നെല്ലിയിലും ഇതര സ്ഥലങ്ങളിലും ആയിരക്കണക്കിന് ന്യൂനപക്ഷ വംശജരെ കശാപ്പ് ചെയ്യാനും തുടങ്ങി. വംശീയ വിദ്വേഷമായിരുന്നു പ്രക്ഷോഭ സംഘടനകളുടെ കൈമുതലെന്ന് ഇത്തരം ഓരോ കൂട്ടക്കൊലയും വെളിപ്പെടുത്തുന്നു.

നെല്ലി കൂട്ടക്കുരുതി

അസമിന്റെ ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായമായിരുന്നു നെല്ലി കൂട്ടക്കുരുതി. ന്യൂനപക്ഷ വിഭാഗത്തില്‍  പെടുന്ന 1819 പേര്‍ നെല്ലിയില്‍ അതിക്രൂരമായി കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ രേഖകള്‍ തന്നെ വ്യക്തമാക്കുന്നു. 1983 ഫെബ്രുവരി 18-ന് പകല്‍ ആറുമണിക്കൂര്‍ നേരം നടന്ന അഴിഞ്ഞാട്ടം 14 ഗ്രാമങ്ങളെയാണ് ബാധിച്ചത്. നെല്ലി, അലിസിംഗ, ഖുലാപത്തര്‍, ബുഗ്ദുബ തുടങ്ങിയവയായിരുന്നു ദാരുണമായി ആക്രമിക്കപ്പെട്ടത്. 688 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും 310 കേസുകളില്‍ മാത്രമായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്. മറ്റ് കേസുകള്‍ തെളിവു ലഭിച്ചില്ലെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തള്ളപ്പെടുകയായിരുന്നു. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസുകളാകട്ടെ പിന്നീട് അധികാരമേറിയ സര്‍ക്കാര്‍ റദ്ദാക്കുകയും ചെയ്തു.
അസം സമാധാനക്കരാറിന്റെ ഭാഗമായാണ് കുറ്റപത്രം റദ്ദാക്കപ്പെട്ടത്. അതിനാല്‍ ഹീനമായ കുരുതികളുടെ പേരില്‍ ഒറ്റ വ്യക്തിപോലും വിചാരണ ചെയ്യപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ഉണ്ടായില്ല. ഇതോടെ വര്‍ഗീയ ശക്തികള്‍ കൂടുതല്‍ തടിച്ചു കൊഴുക്കാന്‍ തുടങ്ങി. വിദേശികള്‍ക്കും കുടിയേറ്റക്കാര്‍ക്കുമെതിരെ അവര്‍ മാര്‍ച്ചുകള്‍ സംഘടിപ്പിച്ചു. പുതിയ കൈയേറ്റങ്ങളില്‍ അര്‍ധസൈനിക വിഭാഗങ്ങളും പങ്കുചേര്‍ന്നതായി ആധികാരിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു. 1983-ല്‍ നെല്ലിയിലും ഇതര ഗ്രാമങ്ങളിലും നടന്നത് ഹോളോകോസ്റ്റ് മാതൃകയിലുള്ള വംശഹത്യ തന്നെ ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കായി തിവാരി കമീഷന്‍ നിയോഗിക്കപ്പെട്ടു. തുടര്‍ച്ചയായ അന്വേഷണങ്ങള്‍ക്കൊടുവില്‍ കമീഷന്‍ തയാറാക്കിയ വിശദമായ റിപ്പോര്‍ട്ട് ഭരണാധികാരികള്‍ക്കു മുമ്പാകെ സമര്‍പ്പിക്കപ്പെട്ടെങ്കിലും അത് പുറത്തുവിടാന്‍ എന്തുകൊണ്ടോ സര്‍ക്കാര്‍ തയാറായില്ല.

അസം സമാധാന കരാര്‍

അസം പ്രക്ഷോഭകാരികളും കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളും 1985 ആഗസ്റ്റ് 15-ന് ഒപ്പുവെച്ച സമാധാനക്കരാര്‍ സംസ്ഥാനത്ത് നിര്‍ണായക മാറ്റങ്ങള്‍ക്ക് നിമിത്തമാവുകയുണ്ടായി. അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു കരാര്‍ ഒപ്പിട്ടത്. കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് തിരിച്ചയക്കാന്‍ കരാര്‍ വ്യവസ്ഥ ചെയ്തിരുന്നു. ഇതുപ്രകാരം 1971 മാര്‍ച്ച് 25-നു ശേഷം സംസ്ഥാനത്തേക്കു വന്ന ഇതര ദേശക്കാരെ പിടികൂടാമെന്ന നിബന്ധന സര്‍ക്കാറും പ്രക്ഷോഭകാരികളും അംഗീകരിച്ചു. കരാറിനു ശേഷം പ്രക്ഷോഭകാരികളുടെ വിവിധ ഗ്രൂപ്പുകള്‍ ലയിച്ച് അസം ഗണ പരിഷത് (AGP) എന്ന പേരില്‍ ഒറ്റ സംഘടനക്ക് രൂപം നല്‍കി. 1985-ലെ തെരഞ്ഞെടുപ്പില്‍ എ.ജി.പിക്ക് സംസ്ഥാന ഭരണം ലഭ്യമായി. വിദേശികളെ കണ്ടെത്തി പുറത്താക്കുക എന്ന സുപ്രധാന അജണ്ട നടപ്പിലാക്കുന്നതിന് എ.ജി.പി ഭരണം പോലീസിന് പ്രത്യേക നിര്‍ദേശം നല്‍കി. സംസ്ഥാനവ്യാപകമായി തിരച്ചില്‍ നടത്താന്‍ അവര്‍ പോലീസിനു നിര്‍ദേശം നല്‍കി. പിടികൂടപ്പെടുന്നവരെ പരിശോധനക്കുശേഷം പൗരത്വമില്ലാത്തവരായി പ്രഖ്യാപിക്കാന്‍ പ്രത്യേക ട്രൈബ്യൂണലുകള്‍ സ്ഥാപിക്കപ്പെടുകയുണ്ടായി. ഇതുവഴി 2,87,625 പേര്‍ പിടിയിലായി. വിശദമായ പരിശോധനകള്‍ക്കു ശേഷം ട്രൈബ്യൂണല്‍ 8694 പേരെ വിദേശികളായി പ്രഖ്യാപിച്ചു. എന്നാല്‍ ദാരിദ്ര്യം മൂലവും യഥാസമയം അറിയിപ്പ് കിട്ടാത്തതുമൂലവും ട്രൈബ്യൂണല്‍ മുമ്പാകെ ഹാജരാകാന്‍ സാധിക്കാതെ വന്നതുകൊണ്ടായിരുന്നു ഇവരില്‍ പലരും പരദേശികളായി പ്രഖ്യാപിക്കപ്പെട്ടത് എന്ന യാഥാര്‍ഥ്യം ബാക്കിനില്‍ക്കുന്നു.

ഡി-വോട്ടര്‍മാര്‍ അഥവാ വിവേചനത്തിന്റെ ഔദ്യോഗിക മുദ്ര

അസമില്‍ 1950-ല്‍ അരങ്ങേറിയ ലഹള അതിഭീമമായിരുന്നു. ലഹളയെ തുടര്‍ന്ന് 53000 മുസ്‌ലിം കുടുംബങ്ങള്‍ സ്വന്തം ഗ്രാമങ്ങളില്‍നിന്ന് പലായനം ചെയ്തതായി ഔദ്യോഗിക കണക്കുകള്‍ പോലും സമ്മതിക്കുന്നു. തൊട്ടടുത്ത വര്‍ഷമായിരുന്നു സംസ്ഥാനത്തെ സെന്‍സസ്. മേല്‍പറഞ്ഞ കുടുംബങ്ങളിലെ ബഹുഭൂരിപക്ഷം അംഗങ്ങളും സെന്‍സസ് കണക്കുകളുടെ പരിധിയില്‍ ഉള്‍പ്പെടുകയുണ്ടായില്ല. കാരണം കിടപ്പാടവും സ്വത്തും രേഖകളുമെല്ലാം ഉപേക്ഷിച്ച് പ്രാണനും കൊണ്ടോടിപ്പോയ ആ കുടുംബങ്ങളൊന്നും പൂര്‍വസ്ഥലങ്ങളിലേക്കു തിരിച്ചെത്തിയില്ല. 1979-ലെ മംഗള്‍ദോയ് സംഭവവികാസവും അനേകരെ ശിഥിലമാക്കി. ഇതോടെയാണ് ഡി-വോട്ടര്‍മാര്‍ എന്ന വിഭാവന ഇലക്ഷന്‍ കമീഷന്റെ ശിരസ്സിലുദിച്ചത്. അസമിലെ 126 അസംബ്ലി നിയോജക മണ്ഡലങ്ങളിലെയും വോട്ടര്‍ പട്ടിക പുതുക്കാന്‍ 1996-ല്‍ ഇലക്ഷന്‍ കമീഷന്‍ ഉത്തരവിട്ടു. വിശദമായ തിരിച്ചറിയല്‍ രേഖകളില്ലാത്തതുമായി ബന്ധപ്പെട്ട് ട്രൈബ്യൂണലില്‍ പേര്‍ നല്‍കിയ വോട്ടര്‍മാരെയും ഐഡന്റിറ്റിയില്‍ തര്‍ക്കമോ സംശയമോ ഉള്ള വോട്ടര്‍മാരുടെയും പേരുകള്‍ക്കു മുമ്പില്‍ 'ഡി' എന്നു ചേര്‍ത്താകണം പുതിയ ഇലക്ടറല്‍ റോള്‍ പ്രസിദ്ധീകരിക്കേത്.
(സംശയാസ്പദ (Doubtful) വോട്ടര്‍, തര്‍ക്കത്തിലുള്ള വ്യക്തി (Disputed)  എന്നിവ സൂചിപ്പിക്കുന്ന അക്ഷരമായാണ് 'D' പേരുകള്‍ക്കു നേരെ ചേര്‍ക്കപ്പെട്ടത്)
ഡി-വോര്‍ട്ടര്‍മാരെ ചേര്‍ത്ത വോട്ടര്‍പട്ടിക ഇലക്ഷന്‍ കമീഷന്‍ 1997-ലാണ് ആദ്യമായി പ്രസിദ്ധപ്പെടുത്തിയത്. തുടക്കത്തില്‍ 'ഡി' വോട്ടര്‍മാര്‍ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അനുമതി ലഭിച്ചു. എന്നാല്‍ ക്രമേണ ആ വോട്ടവകാശം റദ്ദാക്കപ്പെട്ടു. ഡി-വോട്ടര്‍മാര്‍ക്ക് ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ യോഗ്യത ഉണ്ടായിരിക്കില്ലെന്നും ഇലക്ഷന്‍ കമീഷന്‍ ഉത്തരവിലൂടെ വ്യക്തമാക്കി. ഡി-വോട്ടര്‍മാരുടെ പൗരത്വ നിര്‍ണയ പ്രശ്‌നത്തില്‍ ട്രൈബ്യൂണലുകള്‍ തീര്‍പ്പു കല്‍പിക്കുന്നതുവരെ ഈ നിയമം പ്രാബല്യത്തില്‍ തുടരുമെന്നും കമീഷന്‍ വിശദീകരിച്ചു. താന്‍ എപ്രകാരമാണ് 'ഡി' വോട്ടര്‍ ആയിത്തീര്‍ന്നത് എന്നറിയാനുള്ള ന്യായമായ അവകാശം ഓരോ പൗരനുമുണ്ട്. അഥവാ തന്നെ സംബന്ധിച്ച് പ്രാദേശിക വെരിഫിക്കേഷന്‍ ഓഫീസര്‍ ഇലക്ഷന്‍ കമീഷന് നല്‍കിയ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ അവന് അവസരം ലഭിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം അത് പൗരന്റെ സിവില്‍ അവകാശങ്ങളുടെ ലംഘനമാകും. എന്നാല്‍ അസമിലെ ഡി-വോട്ടര്‍മാര്‍ക്ക് അത്തരം അവസരം ലഭ്യമായിരുന്നില്ല. തങ്ങള്‍ ഡി-വോട്ടറായ വിവരം വോട്ടര്‍ പട്ടികയില്‍ മാര്‍ക്ക് ചെയ്യപ്പെട്ട ശേഷം മാത്രമായിരുന്നു ഇരകള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഈ സാഹചര്യത്തില്‍ വിവരാവകാശ നിയമപ്രകാരം ഇലക്ഷന്‍ കമീഷനെ സമീപിക്കുകയാണ് ഇരകള്‍ക്കു മുമ്പാകെയുള്ള പോംവഴി. തങ്ങളെ ഡി-വോട്ടര്‍മാരായി പ്രഖ്യാപിക്കാന്‍ ആധാരമാക്കുന്ന പ്രാദേശിക ഉദ്യോഗസ്ഥ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അവര്‍ക്ക് ആരായാം. അന്വേഷണങ്ങള്‍ നടത്തിയ ശേഷമാണോ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടുകള്‍ നല്‍കിയത് എന്ന കാര്യവും അന്വേഷിക്കാം. അന്വേഷണങ്ങള്‍ക്കു മുമ്പ് നോട്ടീസ് നല്‍കിയിരിക്കണമെന്ന നിയമം ലംഘിക്കപ്പെട്ടതിനാല്‍ ആ വിഷയവും ചോദ്യം ചെയ്യാം. എന്നാല്‍ നിരക്ഷരരും നിര്‍ധനരുമായ സാധാരണക്കാര്‍ക്ക് എങ്ങനെ അവ സാധ്യമാകും? അവരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്ന സന്നദ്ധ സംഘടനകളോ വേദികളോ ഇല്ല എന്നതും ഇത്തരം പ്രശ്‌നങ്ങളെ സങ്കീര്‍ണമാക്കിക്കൊണ്ടിരിക്കുകയാണ്.
എ.ജി.പി ഗവണ്‍മെന്റ് 1986-ല്‍ വോട്ടര്‍പട്ടിക പുതുക്കിയിരുന്നു. അന്നത്തെ അന്വേഷണങ്ങളും പരിശോധനകളും ഏറക്കുറെ കാര്യക്ഷമമായിരുന്നു എന്ന് പറയാം. എന്നാല്‍ 1996-ലെ ഇലക്ഷന്‍ കമീഷന്‍ ഉത്തരവുപ്രകാരം നടന്ന വോട്ടര്‍ പട്ടിക പുതുക്കല്‍ അസമിലെ മത-ഭാഷാ ന്യൂനപക്ഷങ്ങളോട് കാണിച്ചത് കടുത്ത ദ്രോഹവും വഞ്ചനയുമാണെന്ന് പറയാതെ വയ്യ. 

(തുടരും)

തൃശൂര്‍ ജില്ലയിലെ വാളൂര്‍ സ്വദേശിയായ ലേഖകന്‍ ദല്‍ഹിയില്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനാണ്. കമ്പാനിയന്‍ മാഗസിന്‍ മുന്‍ അസിസ്റ്റന്റ് എഡിറ്റര്‍.

വിവ: വി.പി.എ അസീസ്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (01)
ടി.കെ ഉബൈദ്‌

ഹദീസ്‌

പക വെടിയല്‍ സുന്നത്താണ്
നൗഷാദ് ചേനപ്പാടി