Prabodhanm Weekly

Pages

Search

2019 ജൂലൈ 19

3110

1440 ദുല്‍ഖഅദ് 15

ഹജ്ജ് വേളയിലെ ആരോഗ്യ പരിപാലനം

ഡോ. ടി.കെ സബീര്‍ കണ്ണൂര്‍

രണ്ട് കാരണങ്ങളാല്‍ ഹജ്ജ് കാലത്തെ ആരോഗ്യ സംരക്ഷണം പ്രാധാന്യമര്‍ഹിക്കുന്നു. ഒന്നാമതായി ഹജ്ജിലെ കര്‍മങ്ങള്‍ പൂര്‍ണ സംതൃപ്തിയോടെ ചെയ്യാന്‍ നല്ല ആരോഗ്യം അനിവാര്യമാണ്.  രണ്ടാമതായി ഹജ്ജ് കഴിഞ്ഞ് തിരിച്ച് നാട്ടിലേക്ക് വരുമ്പോള്‍ പകര്‍ച്ചവ്യാധികള്‍ പിടിപെടാതിരിക്കാന്‍. പല കാരണങ്ങളാല്‍ ഹജ്ജ് വേളയില്‍ അസുഖം ബാധിക്കാന്‍ സാധ്യതയുണ്ട്.  കനത്ത ഉഷ്ണ കാലാവസ്ഥ, ജനത്തിരക്ക്, പൊടിപടലം നിറഞ്ഞ അന്തരീക്ഷം, കുറഞ്ഞ ശുചിത്വ നിലവാരം, സാധാരണയില്‍ കവിഞ്ഞ കായികാധ്വാനം എന്നീ കാരണങ്ങളാല്‍ ഹാജിമാര്‍ക്ക് അസുഖം പിടിപെടാം.

ഹജ്ജ് വേളയില്‍ പകരാന്‍ സാധ്യതയുള്ള (Communicable‑) അസുഖങ്ങളെ മൂന്നായി തിരിക്കാം.
1.    വായുവില്‍നിന്ന് പകരാന്‍ സാധ്യതയുള്ളത് (Airborne). ശ്വസനേന്ദ്രിയങ്ങള്‍ വഴി പകരാന്‍ സാധ്യതയുള്ള, Influenza,  Pneumococcal Pneumonna, Meningitis, Common flu, corona Virus (MERS) പോലുള്ള വൈറസ് അണുബാധകള്‍.
2.    ഭക്ഷണം, വെള്ളം എന്നിവയിലൂടെ പകരാന്‍ സാധ്യതയുള്ളത് (Gastro Omtestinal route).അതിസാരം (travellor’s diarrhea), ഭക്ഷ്യവിഷബാധ (dysentry) തുടങ്ങിയവ.
3. രക്തത്തിലൂടെ പകരാന്‍ സാധ്യതയുള്ളത് (Blood borne‑). HIV, Hepatitis B, Hepatits C, Ebola Virus  തുടങ്ങിയവ.
ഹജ്ജ് വേളയിലെ പകര്‍ച്ച വ്യാധികളല്ലാത്ത (Non Communicable)  അസുഖങ്ങള്‍: നിര്‍ജലീകരണം (Dehydration), സൂര്യാതപം (Heat Stroke), പാദങ്ങള്‍ക്ക് വരാവുന്ന പൊക്കിളകള്‍, മാനസികാസ്വസ്ഥത, തിക്കും തിരക്കും കാരണം വിരണ്ടോടുമ്പോഴുണ്ടാകുന്ന അപകടങ്ങള്‍ മുതലായവ.

രോഗപ്രതിരോധത്തിനായി എടുക്കാവുന്ന മുന്‍കരുതലുകള്‍:
1.    കഠിനമായ ചൂട് കാരണം ദിവസേന 2-3 ലിറ്റര്‍ വെള്ളം വിയര്‍പ്പായി മാത്രം നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കുക (Hydration). ചിലയാളുകള്‍ക്ക്  5-6 ലിറ്റര്‍ വെളളം കുടിക്കേണ്ടതായി വരും. പൈപ്പ് വെള്ളം കുടിക്കാതിരിക്കുക. 'സംസം' വെള്ളം കുടിക്കുമ്പോള്‍ ഉപയോഗിച്ച കപ്പുകളും ഉപയോഗിക്കാത്ത കപ്പുകളും വെള്ളം വെച്ച പാത്രത്തിന്റെ ഇരുവശങ്ങളിലും കാണാം. അവ തമ്മില്‍ മാറിപ്പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഐസ് ക്യൂബ് ഉപയോഗിക്കാതിരിക്കുക.
2.    കൈകള്‍ എപ്പോഴും ശുദ്ധിയായി വെക്കുക. ഭക്ഷണത്തിന് മുമ്പും ശേഷവും മലമൂത്രവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പോ അണുനാശിനിയോ ഉപയോഗിച്ച് വൃത്തിയാക്കുക. തോര്‍ത്തുമുണ്ട്, സോപ്പ് എന്നിവ പങ്കുവെക്കാതിരിക്കുക. 
3.    ചുമക്കുമ്പോഴും തുമ്മുമ്പോഴും ഒരു ടിഷ്യൂ പേപ്പര്‍ വെച്ച് പൊത്തിപിടിക്കുക. അല്ലെങ്കില്‍ ചുമലിന്റെ  ഭാഗത്തോ, കുപ്പായത്തിലേക്കോ തുമ്മുകയോ ചുമക്കുകയോ ചെയ്യുക.
4.    ഭക്ഷണ മര്യാദകള്‍ പാലിക്കുക. ഒരിക്കലും വയറ് നിറച്ച് കഴിക്കാതിരിക്കുക. അല്‍പാല്‍പമായി കൂടുതല്‍ പ്രാവശ്യം കഴിക്കുക.  പാകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക, ചൂടോടെ കഴിക്കുക. 2-3 മണിക്കൂറില്‍ കൂടുതല്‍ ഭക്ഷണം സൂക്ഷിച്ച് വെക്കാതിരിക്കുക. തെരുവുകളില്‍ കിട്ടുന്ന തുറന്ന് വെച്ച ഭക്ഷണം കഴിക്കാതിരിക്കുക. ഒട്ടകത്തിന്റെ പാല്‍ കുടിക്കുമ്പോള്‍ ചൂടാക്കി മാത്രം കഴിക്കുക  (Corona virus )രോഗബാധക്ക് സാധ്യത കൂടുതലുണ്ട്). മിനായിലും അറഫയിലും മുസ്ദലിഫയിലും ഭക്ഷണത്തിന്റെ അളവ് കുറക്കുക.
5.    തെരുവുകളില്‍ നിന്ന് തലമുടി വടിക്കാതെ, അംഗീകൃത ബാര്‍ബര്‍ഷോപ്പില്‍ കയറി ഒരു തവണ ഉപയോഗിച്ച ശേഷം കളയാറുള്ള  Razor കൊണ്ട് മാത്രം ചെയ്യുക. 
6.    സൂര്യപ്രകാശം നേരിട്ട് കൊള്ളാതിരിക്കാന്‍ ശ്രദ്ധിക്കുക. കഴിവതും തണലില്‍ നില്‍ക്കുക. കുട കരുതുക, Sunglass (Branded  ആയിട്ടുള്ളത് മാത്രം), Sunscreen (SPF 50  അടങ്ങിയത്) ഉപയോഗിക്കുക.        
7.    കറുത്ത വസ്ത്രം ഒഴിവാക്കുക. സ്ത്രീകള്‍ വെള്ള പര്‍ദയും പുരുഷന്മാര്‍ നേരിയ കോട്ടണ്‍ തുണിയും ഉപയോഗിക്കുക. സൂര്യാതപത്തിന്റെ ലക്ഷണങ്ങളായ തലവേദന, തലകറക്കം, ദേഷ്യം വരല്‍, മസില്‍ കയറല്‍ തുടങ്ങിയവ കണ്ടാല്‍ വെള്ളം കുടിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
8.     നേരത്തെ ഉപയോഗിച്ച ചെരുപ്പും ഷൂസും ധരിക്കലാണ് ഉത്തമം. പുതിയ പാദരക്ഷകള്‍ ധരിച്ച് കൂടുതല്‍ നടക്കുമ്പോഴുണ്ടായേക്കാവുന്ന മുറിവുകള്‍ ഹജ്ജില്‍ ബുദ്ധിമുട്ടുണ്ടാക്കും. കാലിന് പൊക്കിള, തഴമ്പ് പൊട്ടല്‍ എന്നിവയുണ്ടായാല്‍ വിശ്രമിക്കുക, വൈദ്യസഹായം തേടുക. പള്ളിയില്‍ കയറുമ്പോള്‍ ചെരുപ്പുകള്‍ സൂക്ഷിക്കാനായി ചെറിയ തുണിസഞ്ചി കരുതുക.
9.     യാത്രയില്‍ അത്യാവശ്യം വേണ്ടുന്ന ലഗ്വേജ് മാത്രം എടുക്കുക.  ട്രോളിയുള്ള ബാഗുകളായാല്‍ ഉത്തമം. നടക്കുമ്പോള്‍ അമിതഭാരം വഹിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
10. എല്ലായിടത്തും എമര്‍ജന്‍സി എക്‌സിറ്റ് നോക്കി വെക്കുക. ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിക്കുക. ജംറയില്‍ നിശ്ചയിക്കപ്പെട്ട സമയത്ത് മാത്രം പോവുക. തിരക്ക് കൂട്ടാതിരിക്കാന്‍ ശ്രദ്ധിക്കുക.  ആരോഗ്യപ്രശ്‌നമുള്ള ആളുകള്‍ വീല്‍ ചെയര്‍ സംവിധാനം ഉപയോഗപ്പെടുത്തുകയോ, മറ്റൊരാളെ കര്‍മങ്ങള്‍ക്ക് ചുമതലപ്പെടുത്തുകയോ ചെയ്യുക. എല്ലായിടത്തും  വളണ്ടിയര്‍മാര്‍ ഉണ്ടാകും. അവരുടെ സഹായം തേടുക. കായിക ക്ഷമത കൂട്ടാന്‍ ഹജ്ജിന് പോവുന്നതിന് മുമ്പ് തന്നെ അത്യാവശ്യം വ്യായാമങ്ങള്‍ ചെയ്യുന്നത് ഗുണം ചെയ്യും.
11.    മാനസിക പിരിമുറുക്കം അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്. സ്ഥലം മാറിക്കൊണ്ടിരിക്കുന്നതും തിരക്കും മറ്റും കാരണം ദേഷ്യം, സങ്കടം, ഉറക്കമില്ലായ്മ ഇതൊക്കെ സ്വാഭാവികമാണ്. വെള്ളം കുടിക്കുക, ഉറങ്ങാന്‍ ശ്രമിക്കുക, മരുന്ന് മുടങ്ങാതെ കഴിക്കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണം. മാനസിക പ്രശ്‌നങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ ഡോക്ടറുടെ കുറിപ്പ് നിര്‍ബന്ധമായും കരുതണം.
12. Meningitis Vaccine സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയ കുത്തിവെപ്പില്‍ പെടുന്നതാണ്. പ്രമേഹരോഗികള്‍, പ്രായം ചെന്നവര്‍, പ്രതിരോധ ശക്തി കുറഞ്ഞവര്‍ എന്നിവര്‍ക്ക് Influenza Vaccine, Pneumococcal Vaccine, Hepatitis Vaccine എന്നിവ കുത്തിവെക്കുന്നത് നന്നായിരിക്കും.
13. പ്രമേഹരോഗികള്‍, പ്രഷറിനും ഹൃദ്‌രോഗത്തിനും മരുന്ന് കഴിക്കുന്നവര്‍, ആസ്ത്മ-അപസ്മാര രോഗികള്‍ തുടങ്ങി സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ ഡോക്ടറെ കണ്ട് മരുന്നിന്റെ കുറുപ്പടിയും രോഗവിവരങ്ങളും എഴുതിവാങ്ങിക്കുകയും തിരിച്ച് വരുന്നത് വരെ കഴിക്കാനാവശ്യമായ മരുന്നുകള്‍ കൂടെ കരുതുകയും വേണം. പനി, ജലദോഷം, ഛര്‍ദി, വയറിളക്കം, തലവേദന, അലര്‍ജി എന്നീ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ കൈയില്‍ കരുതുന്നത് നന്നായിരിക്കും. ആന്റിബയോട്ടിക് മരുന്നുകള്‍ ആവശ്യമാണെങ്കില്‍  ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം കഴിക്കുക. കൃത്യമായി കോഴ്‌സ് കഴിയുന്നത് വരെ കഴിക്കുകയും വേണം. പ്രമേഹ രോഗികള്‍ അത്യാഹിത ഘട്ടത്തില്‍ ഉപയോഗിക്കാനാവശ്യമായ ഗ്ലൂക്കോസ് പൊടി, ഗ്ലൂക്കോമീറ്റര്‍, ഇന്‍സുലിന്‍ എന്നിവ മറക്കരുത്.
14.     നിസ്സാര പ്രശ്‌നങ്ങള്‍ക്ക് മെഡിക്കല്‍ ക്യാമ്പുകളില്‍ പോയി ബുദ്ധിമുട്ടിക്കാതെ, നിര്‍ദേശങ്ങള്‍ പാലിക്കുക. എല്ലാവരും സ്വയം ഉത്തരവാദിത്ത ബോധമുള്ളവരായി പെരുമാറുക. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (26-30)
ടി.കെ ഉബൈദ്‌