Prabodhanm Weekly

Pages

Search

2019 ജൂലൈ 19

3110

1440 ദുല്‍ഖഅദ് 15

കര്‍മഭൂമിയില്‍

ഹൈദറലി ശാന്തപുരം

[പ്രവാസ സ്മരണകള്‍-2 ]


1976 ഫെബ്രുവരി 4-ന് ജിദ്ദയില്‍നിന്ന് സുഊദി എയര്‍ലൈന്‍സ് വിമാനത്തില്‍ ദുബൈയിലെത്തി. മുന്‍കൂട്ടി വിവരമറിയിച്ചതനുസരിച്ച് ദുബൈ ഓഫീസിലെ ഡ്രൈവര്‍ എയര്‍പോര്‍ട്ടില്‍ കാത്തുനിന്നിരുന്നു. ദേരയിലെ ജമാല്‍ അബ്ദുന്നാസിര്‍ സ്‌ക്വയറിലെ അഞ്ചു റൂമുകളുള്ള ഒരു ഫഌറ്റായിരുന്നു ഓഫീസ്. മുദീര്‍ ശൈഖ് സഅ്ദുബ്‌നു ഇബ്‌റാഹീം അല്‍ ഖര്‍ആന്‍, ക്ലര്‍ക്ക് സഅ്ദ് അബൂ നാഇഫ്, സുഊദി പ്രബോധകരായ ശൈഖ് ബഖീതു ബ്‌നു സഅ്ദ് അല്‍ മുദര്‍റഅ്, ശൈഖ് അലി അദ്ദുസൈമാനി, പാകിസ്താനീ ഡ്രൈവര്‍ ഖാന്‍, ബലൂചി ഓഫീസ് ബോയ് അഹ്മദ് എന്നിവരടങ്ങുന്നവരായിരുന്നു സ്റ്റാഫ്. 'മക്തബുല്‍ ബിഅ്‌സത്തിസ്സുഊദിയ്യ ലിത്തൗഇയത്തില്‍ ഇസ്‌ലാമിയ്യ' (ഇസ്‌ലാമിക ബോധവത്കരണത്തിനുള്ള സുഊദി ഡെലിഗേഷന്‍) എന്നായിരുന്നു ഓഫീസിന്റെ പേര്. ആദ്യമായി എത്തുന്ന വിദേശിയായ പ്രബോധകന്‍ എന്ന നിലയില്‍ എല്ലാവരും എന്നെ സസന്തോഷം സ്വാഗതം ചെയ്തു. തല്‍ക്കാലം ഓഫീസില്‍ തന്നെ താമസിക്കാമെന്നും പുറത്തൊരു താമസസ്ഥലം കണ്ടെത്തുന്നത് നന്നായിരിക്കുമെന്നും മുദീര്‍ പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക രൂപമോ രീതിയോ അവരുടെ വശമുണ്ടായിരുന്നില്ല. നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്കു ശേഷം എഴുന്നേറ്റു നിന്ന് ഒരു ചെറിയ ഉപദേശം നല്‍കുക എന്നതു മാത്രമായിരുന്നു അവരുടെ പതിവുരീതി. അനറബികളായ ആളുകള്‍ നമസ്‌കാരത്തിനെത്തുന്ന ധാരാളം പള്ളികള്‍ ഇവിടെയുണ്ടെന്നും അവ കണ്ടെത്തി വേണ്ട സ്ഥലങ്ങളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്നും അവര്‍ നിര്‍ദേശിച്ചു. അതു പ്രകാരം ദേരാ ദുബൈയിലെ പള്ളികള്‍ മുഴുവന്‍ ചുറ്റിക്കറങ്ങി മലയാളികള്‍ കൂടുതലുള്ള പള്ളി കണ്ടെത്തി. നാഇഫ് റോഡിലെ പോലീസ് സ്റ്റേഷനു മുന്‍വശത്തുള്ള സര്‍ഊനീ മസ്ജിദാണ് മലയാളികളുടെ കേന്ദ്രമെന്ന് മനസ്സിലായി. അവിടെ കേന്ദ്രീകരിച്ച് സ്ഥിരമായ ഖുര്‍ആന്‍-ഹദീസ് ക്ലാസ്സുകളും ജുമുആനന്തര പ്രസംഗങ്ങളും നടത്താന്‍ തീരുമാനിച്ചു. താമസത്തിന് മദീനാ ജീവിതകാലത്ത് പരിചയപ്പെട്ട അല്‍ മദീന ഗ്രൂപ്പ് ബിസിനസ്സുകാരായ വി.എന്‍.കെ അഹ്മദ് ഹാജി, സി. മമ്മു ഹാജി, പി. കുഞ്ഞബ്ദുല്ല ഹാജി, വെല്‍കം അബൂബക്കര്‍ ഹാജി എന്നിവരുടെ കൂടെ താമസിക്കാന്‍ സൗകര്യം ലഭിച്ചു. മൂന്നു മാസത്തിനു ശേഷം മുദീറിന്റെ നിര്‍ദേശമനുസരിച്ച് ഓഫീസിലേക്കു തന്നെ താമസം മാറ്റി. 1988-ല്‍ കുടുംബം വരുന്നതുവരെ അത് തുടര്‍ന്നു. ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മഗ്‌രിബിനു ശേഷം ഹദീസ് ക്ലാസ്സും ഇശാഇനു ശേഷം ഖുര്‍ആന്‍ ക്ലാസ്സും സര്‍ഊനീ മസ്ജിദില്‍ ആരംഭിച്ചു. ജുമുഅ നമസ്‌കാരാനന്തരം ഖുത്വ്ബയിലെ വിഷയം അടിസ്ഥാനമാക്കിയുള്ള പ്രഭാഷണങ്ങളും തുടങ്ങി. ബുധനാഴ്ചകളില്‍ ദുബൈയിലെ ഇതര പള്ളികളില്‍ ലഘുവായ ബോധവത്കരണ പ്രസംഗങ്ങള്‍ നടത്തി.
ശ്രോതാക്കളില്‍ വ്യത്യസ്ത ഭാഷക്കാരുണ്ടായിരുന്നതിനാല്‍ ആദ്യം അറബിയിലും പിന്നീട് ഉര്‍ദുവിലും അവസാനം മലയാളത്തിലുമായിരുന്നു പ്രസംഗങ്ങള്‍. എല്ലാ പരിപാടികളിലും ധാരാളം ആളുകള്‍ താല്‍പര്യപൂര്‍വം പങ്കെടുത്തു. ഒരു തരത്തിലുമുള്ള നിയന്ത്രണങ്ങളോ വിഭാഗീയതകളോ ഇല്ലാത്ത കാലമായിരുന്നതിനാല്‍ ഒരു ഭാഗത്തുനിന്നും വിമര്‍ശനങ്ങളോ എതിര്‍പ്പുകളോ ഉയര്‍ന്നുവന്നില്ല. വ്യാഴാഴ്ചകള്‍ ദുബൈക്കു പുറത്തുള്ള വിവിധ എമിറേറ്റുകളിലെ പര്യടനത്തിന് നീക്കിവെച്ചു. ഓരോ സ്ഥലത്തും ചില വ്യക്തികളെ കണ്ടെത്തി അവരുടെ സഹകരണത്തോടെ മുന്‍ നിശ്ചയമനുസരിച്ച് പരിപാടികള്‍ സംഘടിപ്പിക്കുകയാണ് ചെയ്തിരുന്നത്. ഈ യാത്രകളിലെല്ലാം കൂടെയുണ്ടായിരുന്നത് കെ. അബ്ദുര്‍റഹ്മാന്‍ (എടച്ചേരി) ആയിരിക്കും. ചിലപ്പോള്‍ എ.ബി അബ്ദുല്‍ ഗനി(വാടാനപ്പള്ളി)യുമുണ്ടാവും. ഷാര്‍ജയിലെ ഖോര്‍ഫുക്കാനില്‍ ബിസിനസ്സ് നടത്തിയിരുന്ന കെ.പി ഉസ്മാന്റെ (ശാന്തപുരം) നേതൃത്വത്തില്‍ ആളുകളെ സംഘടിപ്പിച്ച് പള്ളിയിലും കോമ്പൗണ്ടിലും ക്ലാസ്സുകള്‍ നടത്തിയത് ഓര്‍ക്കുന്നു.
പകല്‍സമയങ്ങളില്‍ ഓഫീസിലിരിക്കുന്നതിനു പുറമെ, വഖ്ഫ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസ് തുടങ്ങിയ സ്ഥലങ്ങളില്‍ മുദീറിനോടൊപ്പം സന്ദര്‍
ശിക്കും. ദുബൈയിലെ ബിസിനസ്സുകാരായ പ്രമുഖ അറബികളുടെ ഓഫീസുകള്‍ സന്ദര്‍ശിച്ച് അവരെ പരിചയപ്പെടുകയും ചെയ്തിരുന്നു. ഹമദ് അല്‍ഫുത്വയിം, സൈഫുല്‍ ഗുറൈര്‍, ഇബ്‌റാഹീം അശ്ശംസി, അബ്ദുര്‍റഹീം അശ്ശംസി, അലിബ്‌നു സാലിമു ബ്‌നു ജാസിം എന്നിവര്‍ അവരില്‍ ചിലരാണ്.
ഞാന്‍ ദുബൈയിലെത്തിയതിന്റെ രണ്ടാം മാസത്തില്‍ ഖാലിദുബ്‌നു അബ്ദില്‍ അസീസ് രാജാവ് ദുബൈ സന്ദര്‍ശിക്കുകയുണ്ടായി. അദ്ദേഹത്തെ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കുന്നവരുടെ കൂട്ടത്തില്‍ ഈയുള്ളവനുമുണ്ടായിരുന്നു. ഖാലിദ് രാജാവിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് സുഊദി ഗവണ്‍മെന്റിന്റെ കീഴില്‍ യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ഒരു മാസത്തെ അടിസ്ഥാന ശമ്പളം  പാരിതോഷികമായി നല്‍കിയിരുന്നു. എനിക്ക് ഓഫീസില്‍നിന്ന് ആദ്യമായി ലഭിച്ചത് രാജാവിന്റെ പാരിതോഷികമാണ്.
ഞാന്‍ യു.എ.ഇയില്‍ എത്തുന്ന കാലത്ത് അവിടെ വലിയ കെട്ടിടങ്ങളോ മികച്ച വ്യാപാര സ്ഥാപനങ്ങളോ വിശാലമായ റോഡുകളോ ഉണ്ടായിരുന്നില്ല. താമസിയാതെ എല്ലാ മേഖലകളിലും ക്രമാനുഗതമായ വളര്‍ച്ചയുണ്ടായി. അതൊരു കുതിച്ചുചാട്ടമായിരുന്നു. ഒരു നാടിന്റെ ബഹുമുഖമായ വളര്‍ച്ച മൂന്ന് പതിറ്റാണ്ട് കാലം നേരില്‍ കാണാനുള്ള അവസരമുണ്ടായി. 
കാലക്രമത്തില്‍ ഞങ്ങളുടെ ഓഫീസില്‍ വിവിധ ഭാഷക്കാരും നാട്ടുകാരുമായ ധാരാളം ദാഇകള്‍ (പ്രബോധകര്‍) എത്തി. മലയാളികളില്‍ എനിക്കു ശേഷം ആദ്യമായി എത്തിയത് പി.കുഞ്ഞിമുഹമ്മദ് വളാഞ്ചേരിയായിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാല പ്രവര്‍ത്തന മേഖല അല്‍ഐന്‍ ആയിരുന്നു. ഞങ്ങളുടെ ഓഫീസിന്റെ പഴയ പേര്‍ മാറ്റി 'മര്‍കസുദ്ദഅ്‌വത്തില്‍ ഇസ്‌ലാമിയ്യ വല്‍ ഇര്‍ശാദ്' (ഇസ്‌ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ്) എന്നാക്കുകയും കൂടുതല്‍ സൗകര്യമുള്ള സ്ഥലത്തേക്ക് (ഹംരിയ്യയിലെ അലിബ്‌നു സാലിം മസ്ജിദിനടുത്ത ഒരു വില്ലയിലേക്ക്) മാറ്റുകയും ചെയ്തു. മുപ്പത് വര്‍ഷത്തിനിടയില്‍ അഞ്ച് സ്ഥലങ്ങളിലേക്ക് ഇങ്ങനെ മാറിയിട്ടുണ്ട്.
വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വിദേശികളുടെ ജനസംഖ്യ വര്‍ധിച്ചു, ഒപ്പം ഭിന്ന വീക്ഷാഗതിക്കാരുടെ സാന്നിധ്യമുണ്ടായി. വര്‍ഷങ്ങള്‍ നീണ്ട എന്റെ സര്‍ഊനീ മസ്ജിദ് കേന്ദ്രമാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനത്തിന് ഇമാം മൊയ്തീന്‍ കുട്ടി മുസ്‌ലിയാരുടെയും സഹപ്രവര്‍ത്തകരുടെയും നല്ല സഹകരണമുണ്ടായിരുന്നു. അതിനിടയിലാണ് മറ്റൊരു വിഭാഗത്തിന്റെ നേതാവ് ഗള്‍ഫില്‍ തനിക്കൊരിടം തേടി ദുബൈയിലെത്തുന്നത്. തനിക്കൊരു കേന്ദ്രമായി അദ്ദേഹവും കണ്ടെത്തിയത് സര്‍ഊനീ മസ്ജിദിനെയാണ്. അദ്ദേഹം വന്ന് കണ്ടപ്പോള്‍ ബോധ്യപ്പെട്ടു, പള്ളിയിലെ മുഴുവന്‍ ദീനീ പരിപാടികളും ഈയുള്ളവന്റെ നേതൃത്വത്തിലാണ് നടക്കുന്നതെന്ന്. അത് അവസാനിപ്പിക്കാനുള്ള വഴി എന്റെ സ്ഥാനത്ത് ക്ലാസ്സെടുക്കാന്‍ പറ്റിയ ഒരാളെ കൊണ്ടുവന്ന് സമാന്തര ക്ലാസ്സുകള്‍ സംഘടിപ്പിക്കുകയായിരിക്കുമെന്നും അദ്ദേഹം കണക്കുകൂട്ടി. അങ്ങനെ ഒരു തങ്ങളെ കൊണ്ടുവന്ന് എന്റെ ക്ലാസ്സ് നടക്കുന്ന സ്ഥലത്തിന് അധികം ദൂരമില്ലാത്ത സ്ഥലത്ത് ക്ലാസ്സുകള്‍ ആരംഭിച്ചു. എന്റെ ക്ലാസ്സില്‍ പങ്കെടുത്തിരുന്ന പലരും തങ്ങളുടെ ക്ലാസ്സിലേക്ക് മാറി. പള്ളിയുടെ ഭരണം കൈയാളിയിരുന്ന ഒരു സ്വദേശിയുടെ അറിവോടെയാണ് തങ്ങളെ കൊണ്ടുവന്ന് ക്ലാസ്സുകള്‍ ആരംഭിച്ചത്. ആശയപരമായി കേരളത്തിലെ യാഥാസ്ഥിതിക വിഭാഗത്തോടൊപ്പം നില്‍ക്കുകയും ടെലിവിഷനില്‍ ദഫ് മുട്ടി പ്രവാചക കീര്‍ത്തനങ്ങള്‍ ആലപിക്കുകയും ചെയ്യുന്ന ആളായിരുന്നു പള്ളിയുടെ മുതവല്ലി. സുഊദീ പ്രബോധകനായ ഞാന്‍ വഹാബിയാണെന്ന് ഒരു വിഭാഗം അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിരുന്നു. ആ ധാരണക്ക് ആക്കം കൂട്ടുന്ന ഒരു സംഭവവുമുണ്ടായി.
മര്‍കസുദ്ദഅ്‌വയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇയിലെ പള്ളികളില്‍ ക്ലാസ്സുകളും പ്രഭാഷണങ്ങളും നടത്തുന്നതിന് സന്ദര്‍ശകരായ പണ്ഡിതന്മാരെ കൊണ്ടുവരുന്ന പതിവുണ്ടായിരുന്നു. അതനുസരിച്ച് ഒരിക്കല്‍ ഒരു ജോര്‍ദാനിയന്‍ പണ്ഡിതന്‍ മര്‍കസില്‍ അതിഥിയായി വന്നു. അദ്ദേഹത്തിന് നിശ്ചയിച്ച പരിപാടികളില്‍ സര്‍ഊനീ മസ്ജിദിലെ ഒരു ജുമുഅ ഖുത്വ്ബയുമുണ്ടായിരുന്നു. സര്‍ഊനീ മസ്ജിദില്‍ ക്ലാസ്സെടുക്കുന്ന ആളെന്ന നിലയില്‍ അദ്ദേഹത്തെ പള്ളിയിലെത്തിക്കുന്ന ചുമതല എനിക്കായിരുന്നു. അദ്ദേഹത്തിന്റെ നാട്ടുകാരനും ജനപ്രിയ ഖത്വീബുമായ ശൈഖ് ഇബ്‌റാഹീം മുദ്ദീകിനെ ആദ്യമേ വിവരമറിയിച്ചിരുന്നു. അതിഥിയായ പണ്ഡിതന്‍ ഖുത്വ്ബ ആരംഭിച്ച ശേഷമാണ് അദ്ദേഹം പള്ളിയില്‍ വന്നത്. റബീഉല്‍ അവ്വല്‍ മാസമായിരുന്നതിനാല്‍ നബിദിനാഘോഷമായിരുന്നു ഖുത്വ്ബയുടെ വിഷയം. നബിദിനാഘോഷം അനിസ്‌ലാമികമാണെന്ന് അതിനിശിതമായ ഭാഷയില്‍ സമര്‍ഥിക്കലായിരുന്നു ഖുത്വ്ബയുടെ ഉള്ളടക്കം. മോശമായ പ്രതികരണമാണ് ഖുത്വ്ബ ശ്രോതാക്കളില്‍ സൃഷ്ടിച്ചത്. ഞാനാണ് ഖത്വീബിനെ കൊണ്ടുവന്നതെന്നും ഞാനും അദ്ദേഹത്തിന്റെ ആശയക്കാരനാണെന്നും തല്‍പരകക്ഷികള്‍ പ്രചരിപ്പിച്ചു. അതുവരെ ഞാനെന്റെ ക്ലാസ്സുകളിലും പ്രസംഗങ്ങളിലും അഭിപ്രായഭിന്നതയുള്ള വിഷയങ്ങള്‍ പരാമര്‍ശിക്കുകയോ ആരെയെങ്കിലും വിമര്‍ശിക്കുകയോ ചെയ്യാറുണ്ടായിരുന്നില്ല. അതിനാല്‍ എല്ലാ വിഭാഗം ആളുകളും എന്റെ ക്ലാസ്സുകളിലും മറ്റു പരിപാടികളിലും പങ്കെടുത്തിരുന്നു. ഖുത്വ്ബയുടെ വിഷയം പള്ളി മുതവല്ലിയുടെ ശ്രദ്ധയില്‍ കൊണ്ടുവരപ്പെട്ടു. ഞാന്‍ ക്ലാസ്സ് നടത്തുന്ന ഒരു ദിവസം പള്ളിയില്‍നിന്ന് അദ്ദേഹം എന്നോട് പറഞ്ഞു: ''നിങ്ങളിനി ഇവിടെ ക്ലാസ് നടത്തേണ്ട. ഞങ്ങള്‍ മറ്റൊരാളെ കൊണ്ടുവന്നിരിക്കുന്നു.'' ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ക്ലാസ് നടത്താന്‍ അനുവാദം ചോദിച്ചപ്പോള്‍ അതിരൂക്ഷമായ ശൈലിയില്‍ അദ്ദേഹം പ്രതികരിച്ചതിങ്ങനെ: 'ലാ നസ്മഹു ലകല്‍ മസ്ജിദ്, അന്‍ത വഹാബി' (ഞാന്‍ നിങ്ങള്‍ക്ക് പള്ളിയില്‍ ക്ലാസ് നടത്താന്‍ അനുവാദം തരില്ല. നിങ്ങള്‍ വഹാബിയാണ്).
ദീര്‍ഘമായ വര്‍ഷങ്ങളില്‍ ഖുര്‍ആന്‍ ആദ്യാവസാനം വിശദീകരിക്കുകയും രിയാദുസ്സ്വാലിഹീന്‍, ബുലുഗുല്‍ മറാം, മുഖ്തസ്വ്ര്‍ സ്വഹീഹു മുസ്‌ലിം, അല്‍ ഉസ്വൂലു ഫീ അഹാദീസിര്‍റസൂല്‍ മുതലായ ഹദീസ് ഗ്രന്ഥങ്ങള്‍ പഠനവിധേയമാക്കുകയും റമദാന്‍ രാവുകളില്‍ തറാവീഹ് നമസ്‌കാരാനന്തരം നൂറുകണക്കിന് വിശ്വാസികളെ അഭിസംബോധന ചെയ്യുകയും ചെയ്ത പള്ളിയോട് വിടപറയുക എളുപ്പമായിരുന്നില്ല. സര്‍ഊനീ മസ്ജിദ് വഖ്ഫ് കാര്യാലയത്തിന് അധികാരമില്ലാത്ത സ്വകാര്യ പള്ളിയായിരുന്നതിനാല്‍ മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ല. പ്രവര്‍ത്തന മാര്‍ഗത്തില്‍ പ്രതിബന്ധങ്ങള്‍ സ്വാഭാവികമാണെന്ന് സമാധാനിച്ച് പുതിയ മേച്ചില്‍സ്ഥലങ്ങള്‍ തേടുകയാണുണ്ടായത്. പരിപാടികളില്‍ അധികവും സമീപത്തുള്ള പള്ളികളിലേക്ക് മാറ്റി. ഖുര്‍ആന്‍, ഹദീസ് ക്ലാസ്സുകള്‍ ഏറ്റവും അടുത്ത ഖാലിദ് മസ്ജിദില്‍ ആരംഭിച്ചു. ജുമുആനന്തര പ്രഭാഷണങ്ങള്‍ അതേ റോഡില്‍ തന്നെയുള്ള അല്‍ഫുത്വയിം മസ്ജിദില്‍ തുടങ്ങി. രണ്ട് പള്ളികളും ദുബൈ വഖ്ഫ് കാര്യാലയത്തിന്റെ നിയന്ത്രണത്തിലാണ്. ഒരു വെള്ളിയാഴ്ച അല്‍ഫുത്വയിം പള്ളിയിലെ സ്ഥിരം ഖത്വീബ് ലീവില്‍ പോയിരുന്നതിനാല്‍ ഖുത്വ്ബ നിര്‍വഹിക്കാന്‍ ആരുമുണ്ടായിരുന്നില്ല. പള്ളിയിലെത്തിയവര്‍ എന്നെ നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ മിമ്പറില്‍ കയറി ഖുത്വ്ബ നടത്തി. അടുത്ത ആഴ്ചയും അതുതന്നെ ആവര്‍ത്തിച്ചപ്പോള്‍ ഖുത്വ്ബയില്‍ ജുമുഅയുടെ പ്രാധാന്യവും ഉത്തരവാദപ്പെട്ടവര്‍ അതിന്റെ കാര്യത്തില്‍ അലംഭാവം കാണിക്കുന്നത് കുറ്റകരമാണെന്നും ഞാന്‍ പറഞ്ഞു. പിന്നീട് ജുമുഅക്ക് ഖത്വീബില്ലാത്ത പ്രശ്‌നമുണ്ടായില്ല.
റമദാന്‍ രാവുകളിലെ തറാവീഹ് നമസ്‌കാരവും ശേഷമുള്ള ഉദ്‌ബോധന ക്ലാസ്സുകളും ദേര ഫിഷ് റൗണ്ടിനടുത്ത പള്ളിയിലാക്കി. ഖാലിദ് മസ്ജിദിലെ ക്ലാസ്സുകളുടെ എണ്ണം കുറക്കുകയും പുതിയ സ്ഥലങ്ങളില്‍ ക്ലാസ്സുകള്‍ക്ക് തുടക്കമിടുകയും ചെയ്തു. ഹോദല്‍ അന്‍സ് ജുമാ മസ്ജിദ്, ബര്‍ ദുബൈ അര്‍രിഫാഅ മസ്ജിദ്, ഖുസൈനിലെ ശൈഖ ലത്വീഫ മസ്ജിദ് എന്നിവിടങ്ങളില്‍ വാരാന്ത ക്ലാസ്സുകള്‍ ആരംഭിച്ചു. ഹോദല്‍ അന്‍സിലെ ക്ലാസ്സില്‍ അഭ്യസ്തവിദ്യരായ ധാരാളം പ്രമുഖ വ്യക്തികള്‍ വിദൂര സ്ഥലങ്ങളില്‍നിന്ന് വന്നെത്തുമായിരുന്നു. ദേര ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേരളയുടെ സിലബസ് അനുസരിച്ചു തന്നെ ഖുര്‍ആന്‍ പഠന ക്ലാസ്സുകളും അല്‍ കറാമ സെന്ററിലും ദേര ലിറ്റില്‍ ഫഌവര്‍ സ്‌കൂളിലും വാരാന്ത വനിതാ ക്ലാസ്സുകളും  സ്ഥിര സ്വഭാവത്തില്‍ തുടങ്ങി. വെള്ളിയാഴ്ചകളില്‍ മഗ്‌രിബ് നമസ്‌കാരാനന്തരം ദേര ഐ.സി.സിയില്‍ വിഷയാധിഷ്ഠിത പൊതു ക്ലാസ്സുകള്‍ നടത്തിയിരുന്നതും അധികവും ഈയുള്ളവനാണ്.
സര്‍ഊനീ മസ്ജിദിലെ ക്ലാസ്സുകള്‍ നിര്‍ത്തിവെച്ചുവെങ്കിലും അവിടത്തെ ഇമാം മൊയ്തീന്‍ കുട്ടി മുസ്‌ലിയാരോടും മുഅദ്ദിന്‍ അബ്ദുല്ല മുസ്‌ലിയാരോടും അദ്ദേഹത്തിന്റെ മരുമകനും പില്‍ക്കാല ഇമാമുമായ മുഹമ്മദ് മുസ്‌ലിയാരോടും എന്റെ ക്ലാസ്സിന് സമാന്തരമായി ക്ലാസ്സെടുക്കാന്‍ കൊണ്ടുവന്ന സയ്യിദ് ഹാമിദ് കോയമ്മ തങ്ങളോടുമുള്ള  സൗഹൃദം തുടര്‍ന്നുപോന്നു. മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ രോഗബാധിതനായി റാശിദ് ഹോസ്പിറ്റലില്‍ കിടക്കവേ ഞാനദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ചെന്നത് അദ്ദേഹം പലരോടും എടുത്തുപറയുകയുണ്ടായി.
ഒരു ഭാഗത്ത് നേതൃസ്ഥാനത്തുള്ളവര്‍ ഇങ്ങനെയുള്ള സൗഹാര്‍ദപരമായ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ തന്നെ മറ്റൊരു ഭാഗത്ത് തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കാനാണ് ചിലര്‍ ശ്രമിച്ചിരുന്നത്. അത്തരക്കാര്‍ ഓരോ പ്രദേശത്തും സമാന ചിന്താഗതിക്കാരെ സംഘടിപ്പിച്ച് കേരള മാതൃകയിലുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തു. യു.എ.ഇയിലെ തദ്ദേശീയര്‍ മതകാര്യങ്ങളില്‍ ഭിന്ന വീക്ഷണങ്ങള്‍ വെച്ചു പുലര്‍ത്തുന്നവരായതിനാല്‍ എല്ലാ വീക്ഷണഗതിക്കാര്‍ക്കും വളക്കൂറുള്ള മണ്ണ് ഇവിടെ കണ്ടെത്താന്‍ സാധിക്കും.

 (തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (26-30)
ടി.കെ ഉബൈദ്‌