Prabodhanm Weekly

Pages

Search

2019 ജൂലൈ 19

3110

1440 ദുല്‍ഖഅദ് 15

ദൈവത്തെ, അവന്റെ ഏകത്വത്തെ എങ്ങനെ അറിയാം?

ഇമാം ഇബ്‌നുതൈമിയ്യ

ദൈവം, അവന്റെ ഏകത്വം, അതു പോലുള്ള മറ്റു അടിസ്ഥാന തത്ത്വങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ അറിയാനുള്ള മാര്‍ഗമെന്ത് എന്നതിനെ സംബന്ധിച്ച് പല അഭിപ്രായങ്ങള്‍ വന്നിട്ടുണ്ട്. ശറഅ് (ഖുര്‍ആനും സുന്നത്തും) ആണ് ഇവയെ സംബന്ധിച്ച് അറിവ് നല്‍കുന്നത്. ഇതു സംബന്ധമായ നമ്മുടെ കടപ്പാടുകള്‍ വിശദീകരിച്ചുതരുന്നതും ശറഅ് തന്നെ. ഇതാണ് ഒരു അഭിപ്രായം. ഇത്തരം അടിസ്ഥാന വിഷയങ്ങളൊക്കെ നമുക്ക് യുക്തിയിലൂടെ കണ്ടെത്താം. പക്ഷേ അതു സംബന്ധമായ കടപ്പാടുകള്‍ വിവരിച്ചുതരാന്‍ ശറഅ് തന്നെ വേണം. ഇതാണ് രണ്ടാമത്തെ അഭിപ്രായം. ഇവയെക്കുറിച്ചറിയാനും ഇവ സംബന്ധിച്ച് നമുക്കുള്ള കടപ്പാടുകളും ഉത്തരവാദിത്തങ്ങളും മനസ്സിലാക്കാനും യുക്തി തന്നെ ധാരാളം എന്നതാണ് മൂന്നാമത്തെ അഭിപ്രായം. ഈ വിഷയത്തില്‍ വന്നിട്ടുള്ള പ്രധാന അഭിപ്രായങ്ങളാണിവ. നാല് ഫിഖ്ഹീ ചിന്താധാരകളില്‍ പെടുന്ന പല വിഭാഗങ്ങള്‍ ഇതിലേതെങ്കിലുമൊരു അഭിപ്രായം വെച്ചുപുലര്‍ത്തുന്നതായി കാണാന്‍ കഴിയും.
ഒരു വിഭാഗം പറയുന്നത്, അറിവിന്റെയും ചുമതലപ്പെടുത്തലിന്റെയും അടിസ്ഥാനം ശറഅ് അല്ലാതെ മറ്റൊന്നുമല്ല എന്നാണ്. സലീമിയ്യ1 വിഭാഗക്കാരും ശൈഖ് അബുല്‍ ഫറജ് മഖ്ദീസി2യെ പോലുള്ള പണ്ഡിതന്മാരും ഈ അഭിപ്രായക്കാരാണ്. ഇമാം അഹ്മദു ബ്‌നു ഹമ്പലിനും അനുയായികള്‍ക്കും ഇതേ വീക്ഷണമായിരുന്നു. അശ്അരി-ശാഫിഈ വിഭാഗത്തിലെ ഇബ്‌നു ദിര്‍ബാസിനും3 ഇബ്‌നു ശുക്‌റിനും4 മറിച്ചായിരുന്നില്ല അഭിപ്രായം. ഹദീസ്-ഫിഖ്ഹ് പണ്ഡിതന്മാരില്‍ വചനശാസ്ത്ര(ഇല്‍മുല്‍ കലാം) രീതിയെ തള്ളിപ്പറയുന്നവരെല്ലാം ഇതേ വീക്ഷണഗതിക്കാരായിരുന്നു എന്നു പറയാം. ഈ വീക്ഷണത്തെക്കുറിച്ചാണ് ഹമ്പലീ മദ്ഹബുകാരനായ സ്വദഖബ്‌നുല്‍ ഹുസൈന്റെ5 അനുയായികളും ഇമാം അഹ്മദിന്റെ അനുയായികളായ മറ്റൊരു വിഭാഗവും തമ്മിലും അബുല്‍ ഫറജുബ്‌നു ജൗസി6യും ഹമ്പലികളില്‍തന്നെ പെട്ട മറ്റൊരു വിഭാഗവും തമ്മിലും തര്‍ക്കങ്ങളും വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടത്. തര്‍ക്കത്തിലെ ആദ്യ ഗ്രൂപ്പുകളുടെ വാദം, അറിവിന്റെയും ചുമതലപ്പെടുത്തലിന്റെയും സ്രോതസ്സ് ശറഅ്, അഥവാ ഖുര്‍ആനും സുന്നത്തും മാത്രമാണ് എന്നായിരുന്നു. തര്‍ക്കത്തിലെ രണ്ടാം ഗ്രൂപ്പുകാരുടെ വാദമാകട്ടെ, അറിവിന്റെ സ്രോതസ്സ് യുക്തിയും ധിഷണയുമാണെന്നും എന്നാല്‍ അതുവഴി വന്നുചേരുന്ന ചുമതലകള്‍ മനസ്സിലാക്കാന്‍ ശറഇനെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ എന്നുമായിരുന്നു. ജ്ഞാനസ്രോതസ്സിനെക്കുറിച്ച് അല്‍ ആമിദി7 മൂന്ന് അഭിപ്രായങ്ങള്‍ എടുത്തു പറയുന്നുണ്ട്: ഒന്ന്; അറിവിന്റെ സ്രോതസ്സ് യുക്തിയും ധിഷണയും മാത്രമാണ്. അതിന് ദിവ്യവെളിപാടിനെ/വഹ്‌യിനെ ആശ്രയിക്കേണ്ടതില്ല. റാസി8 ഈ പക്ഷക്കാരനാണ്. രണ്ട്; വെളിപാട്, അഥവാ ഖുര്‍ആനും സുന്നത്തുമാണ് അറിവിന്റെ ഉറവിടം. മൂന്ന്; വെളിപാടും യുക്തിയും രണ്ടും അറിവിന്റെ സ്രോതസ്സുകളാണ്. ഇതില്‍ ഒടുവില്‍ പറഞ്ഞ അഭിപ്രായത്തെയാണ് അല്‍ ആമിദി പിന്തുണക്കുന്നത്; അതാണ് ശരിയും.
രണ്ടാമത്തെ പക്ഷത്തിന്റെ വാദം, കടപ്പാടുകള്‍ എന്തൊക്കെ എന്നറിയാന്‍ ശറഇനെ ആശ്രയിക്കുകയല്ലാതെ മാര്‍ഗമില്ല എന്നതാണ്. അതേസമയം വിവരസ്രോതസ്സായി യുക്തിയെയും ഉപയോഗപ്പെടുത്താം. അശ്അരി9യുടെയും അനുയായികളുടെയും ഖാദി അബൂയഅ്‌ല10യുടെയും ഇബ്‌നുസ്സഗൂനി11യുടെയും ഇബ്‌നു അഖീലി12ന്റെയും അഭിപ്രായം ഇതാണ്. അറിവ് ലഭിക്കാനും കടപ്പാടുകളറിയാനും യുക്തിയെ ആശ്രയിക്കുകയേ വഴിയുള്ളൂ എന്നതാണ് മൂന്നാമത്തെ അഭിപ്രായം. മുഅ്തസില, കര്‍റാമിയ്യ എന്നീ വിഭാഗക്കാരും അബുല്‍ ഹസന്‍ അല്‍ ആമിദി, അബുല്‍ ഖത്ത്വാബ്13 തുടങ്ങിയ പണ്ഡിതന്മാരുടെ അനുയായികളും ഈ അഭിപ്രായക്കാരാണ്. മാലികീ, ശാഫിഈ, ഹനഫീ ചിന്താധാരകളിലെ ചില വിഭാഗങ്ങള്‍ക്കും ഈ അഭിപ്രായമുണ്ട്. ഇമാം അബൂഹനീഫ14ക്കു വരെ ഈ അഭിപ്രായമുണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. മുഅ്തസിലികളും അബൂബക്കര്‍ റാസി15, അബുല്‍ ഖത്ത്വാബ് തുടങ്ങിയ പണ്ഡിതന്മാരും, പ്രവാചകന്മാര്‍ വന്നെത്തിയിട്ടില്ലാത്ത സമൂഹങ്ങള്‍ വരെ തങ്ങളുടെ യുക്തിയുടെ തേട്ടങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിക്കാത്തതിന്റെ പേരില്‍ ശിക്ഷിക്കപ്പെടുമെന്ന് വ്യക്തമായിത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ ചര്‍ച്ചകളില്‍നിന്ന് ഉരുത്തിരിച്ചെടുക്കാവുന്ന യുക്തിസഹമായ അഭിപ്രായം ഇതാണ്; ഒരു പ്രവൃത്തി നന്മയാണെന്നോ അത് ചെയ്യേണ്ടതാണെന്നോ, അല്ലെങ്കില്‍ തിന്മയാണെന്നോ ചെയ്യാന്‍ പാടില്ലാത്തതാണെന്നോ ഒക്കെ മനസ്സിലാക്കാന്‍ യുക്തി പ്രയോഗിച്ചാല്‍ കുറേയൊക്കെ സാധ്യമായെന്നിരിക്കും. പക്ഷേ, പ്രവാചക സന്ദേശം എത്തിയിട്ടില്ലാത്ത ഒരു വിഭാഗത്തെ അല്ലാഹു ശിക്ഷിക്കുകയില്ല. അത് ഖുര്‍ആന്‍ അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയതുമാണ്: ''ഒരു ദൂതനെ അയച്ച ശേഷമല്ലാതെ നാമൊരു ജനസമൂഹത്തെയും ശിക്ഷിക്കുകയില്ല''(17:15). ഇത് അല്ലാഹു നടത്തുന്ന ഒരു പൊതു പ്രഖ്യാപനമാണ്. ഏതെങ്കിലുമൊരു പ്രവൃത്തി ആ പ്രഖ്യാപനത്തിന്റെ പരിധിയില്‍ വരില്ലെന്ന് പ്രത്യേകം പറഞ്ഞിട്ടുമില്ലല്ലോ (കിതാബുന്നുബുവ്വ: 162-3).

ദിവ്യവെളിപാടിന്റെ സ്ഥാനം
അറിവ് പ്രകടിപ്പിക്കപ്പെടുന്ന ഒന്നാണ്. പ്രയോജനപ്പെടുന്ന അറിവുകളാണ് പ്രവാചകന്മാര്‍ പകര്‍ന്നു നല്‍കുക. നമ്മുടെ അറിവിന്റെ ഒരു ഭാഗം നാം മറ്റു സ്രോതസ്സുകളില്‍നിന്ന് ആര്‍ജിച്ചെടുക്കുന്നതാണ്. ഉദാഹരണത്തിന് ലോകവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍. വൈദ്യവും ഗണിതവും കൃഷിയും കച്ചവടവുമൊക്കെ നാം ഇങ്ങനെ പഠിച്ചെടുക്കുന്ന വിഷയങ്ങളാണ്. എന്നാല്‍ ആധ്യാത്മികവും മതകീയവുമായ കാര്യങ്ങളിലേക്ക് വരുമ്പോള്‍, അവയെ സംബന്ധിച്ച വിവരങ്ങളുടെ ഏക സ്രോതസ്സ് പ്രവാചകന്‍ മാത്രമായിത്തീരുന്നു. അവയെക്കുറിച്ചൊക്കെ നന്നായറിയുക പ്രവാചകന്നായിരിക്കും. അതൊക്കെ വളരെ മികച്ച നിലയില്‍ ജനസാമാന്യത്തിന് പകര്‍ന്നുനല്‍കാനും പ്രവാചകന് കഴിയും. അറിവിലും കഴിവിലും ഇഛാശക്തിയിലും അദ്ദേഹം മറ്റുള്ളവരേക്കാള്‍ മുകളിലായിരിക്കും. ദൂതനെന്ന നിലക്കുള്ള തന്റെ ദൗത്യം വിജയകരമായി നിര്‍വഹിക്കാന്‍ ഇതൊക്കെ അദ്ദേഹത്തിന് ആവശ്യമാണ്. പ്രവാചകനല്ലാത്ത മറ്റേതൊരാളുടെ അറിവിനും പോരായ്മകളുണ്ടാവും. അല്ലെങ്കില്‍ വിഷയങ്ങളെക്കുറിച്ച് വികലമായ ധാരണകളായിരിക്കും മറ്റു മനുഷ്യര്‍ക്കുണ്ടാവുക. താന്‍ അറിയുന്നത് പ്രബോധനം ചെയ്യാനും മറ്റുള്ളവര്‍ക്ക് കഴിയണമെന്നില്ല. ഒരുപക്ഷേ മറ്റെന്തോ ആയിരിക്കാം അവര്‍ യഥാര്‍ഥത്തില്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങളെ ബോധ്യപ്പെടുത്താന്‍ തക്കവിധം ശക്തമായി ആശയങ്ങള്‍ അവതരിപ്പിക്കാന്‍ മതിയായ ശേഷി അവര്‍ക്ക് ഉണ്ടായിക്കൊള്ളണമെന്നില്ല.
ചിലപ്പോള്‍ പ്രവാചകന്‍ താന്‍ പ്രബോധനം ചെയ്യുന്ന സത്യങ്ങള്‍ക്ക് പിന്‍ബലമായി യുക്തിപരമായ വാദമുഖങ്ങള്‍ മുന്നോട്ടു വെക്കും. ഖുര്‍ആനില്‍ നിറയെ യുക്തിബദ്ധമായ വാദമുഖങ്ങള്‍ കാണാം. ദിവ്യയാഥാര്‍ഥ്യങ്ങളെ സംബന്ധിച്ച് വ്യക്തമായ തെളിവുകളും അവതരിപ്പിച്ചിരിക്കും. പലപ്പോഴും പ്രവാചകന് അത്തരം കാര്യങ്ങള്‍ അറിയിക്കേണ്ട കാര്യമേ ഉണ്ടാവുകയുള്ളൂ. താന്‍ ദൈവത്താല്‍ നിയോഗിതനായ പ്രവാചകനാണ് എന്ന് ജനസമക്ഷം അദ്ദേഹം തെളിയിക്കുകയും അങ്ങനെയൊരു ദൗത്യമേല്‍ക്കാനുള്ള കഴിവും യോഗ്യതയും അദ്ദേഹത്തിനുണ്ടെന്ന് ജനം അംഗീകരിക്കുകയും ചെയ്തു കഴിഞ്ഞാല്‍ പിന്നെ അത്രയേ ആവശ്യമുള്ളൂ. ദൈവപ്രവാചകനാണ് എന്ന് സ്ഥാപിക്കാന്‍ ധാരാളം തെളിവുകള്‍ ഉണ്ട്. അവയില്‍ ചിലത് യുക്തിപരമാണ്, യുക്തികൊണ്ട് ശരിയെന്ന് തീര്‍ച്ചപ്പെടുത്താനുമാവും. മറ്റു തെളിവുകള്‍ മതപരമായിരിക്കും, അതിനാല്‍തന്നെ ദിവ്യവെളിപാടുകള്‍ വഴിയുള്ളതും. ഇതൊക്കെയും പ്രവാചകന്‍ ജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. കേവലം മതപരമായ കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ വരെ ഖുര്‍ആന്‍ യുക്തിപരമായ വാദമുഖങ്ങള്‍ മുന്നോട്ടു വെക്കുന്നുണ്ടെന്ന് പല ചിന്താധാരകളിലുംപെട്ട ദൈവശാസ്ത്രകാരന്മാര്‍ ഏകസ്വരത്തില്‍ പറഞ്ഞിട്ടുണ്ട്. ഒരാള്‍ ദൈവദൂതനാണെന്ന് വ്യക്തമായിക്കഴിഞ്ഞാല്‍ പിന്നെ അദ്ദേഹം പറയുന്നതെന്തും വിശ്വസിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
അറിവ് പലതരത്തിലുണ്ട്. അതിലൊന്ന്, യുക്തിപരമായ വാദമുഖങ്ങളിലൂടെ മാത്രം നേടിയെടുക്കാന്‍ പറ്റുന്നതാണ്. ഈ ഇനത്തില്‍പെടുന്ന ഏറ്റവും മികച്ച വാദമുഖങ്ങള്‍ അവതരിപ്പിക്കുന്നത് ഖുര്‍ആനും പ്രവാചകനുമാണെന്ന് മനസ്സിലാക്കണം. ഞാനിക്കാര്യം ആവര്‍ത്തിച്ചു പറയുന്നത്, പലര്‍ക്കും അതേക്കുറിച്ച് ധാരണയില്ല എന്നതുകൊണ്ടാണ്. ചിലരെ കാണാം, അവര്‍ യുക്തിബദ്ധമായ വാദമുഖങ്ങള്‍ സ്വീകരിക്കുകയേ ഇല്ല. അതൊക്കെ ദൈവശാസ്ത്രകാരന്മാര്‍ പടച്ചുണ്ടാക്കുന്നതല്ലേ എന്നതായിരിക്കും അവരതിന് പറയുന്ന ന്യായം. മറ്റു ചിലര്‍ ഖുര്‍ആനെ ഈ നിലയില്‍ വായിക്കുകയോ ചിന്തിക്കുകയോ ഒന്നും ചെയ്യുന്നുണ്ടാവില്ല. ഖുര്‍ആനില്‍ യുക്തിബദ്ധമായ വാദങ്ങള്‍ ആവശ്യമില്ലെന്നും അത് സത്യങ്ങള്‍ മാത്രം വെളിപ്പെടുത്തുന്ന ഗ്രന്ഥമാണെന്നും അവര്‍ കരുതുന്നു.
മറ്റൊരുതരം അറിവ് പ്രവാചകന്‍ വഴിയല്ലാതെ മറ്റൊരു നിലക്കും കിട്ടാന്‍ സാധ്യതയില്ലാത്തതാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ മാത്രമാണ് അതിനുള്ള അവലംബം. ദൈവം, മലക്കുകള്‍, ദൈവസിംഹാസനം, സ്വര്‍ഗനരകങ്ങള്‍ എന്നിവയെക്കുറിച്ച വിശദീകരണങ്ങള്‍ അറിയണമെങ്കില്‍ അതേക്കുറിച്ച് പ്രവാചകന്‍ എന്തു പറഞ്ഞു എന്ന് നോക്കുകയേ നിവൃത്തിയുള്ളൂ. പ്രവാചകന്‍ ഒരു കാര്യം കല്‍പ്പിക്കുകയോ നിരോധിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അതിനുള്ള വിശദീകരണങ്ങളും പ്രവാചക വചനങ്ങളില്‍ തന്നെ പരതണം. ദൈവാസ്തിക്യം, അവന്റെ ഏകത്വം, അറിവ്, ശക്തി, ഇഛ, കാരുണ്യം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് യുക്തിപരമായി ചിന്തിച്ചാല്‍ തന്നെ നമുക്കൊരുപാട് വെളിച്ചം കിട്ടും. പക്ഷേ ഈ വിഷയങ്ങളില്‍ ഏറ്റവും മികച്ച യുക്തിപരമായ വാദമുഖങ്ങളും അവക്കുള്ള സമ്പൂര്‍ണ തെളിവുകളും അവതരിപ്പിക്കുന്നത് പ്രവാചകന്‍ തന്നെയായിരിക്കും. ഒരാള്‍ ദൈവദൂതനാണെന്ന് ബോധ്യപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ അദ്ദേഹം പറയുന്നതു തന്നെയാവുമല്ലോ ഇക്കാര്യങ്ങളിലെല്ലാമുള്ള ആധികാരിക വിവരം.
പരലോകം, നന്മതിന്മകള്‍ എന്നിവയെക്കുറിച്ച അറിവ് എങ്ങനെ നേടാം എന്നതിനെക്കുറിച്ച് പല അഭിപ്രായങ്ങളുണ്ട്. യുക്തിചിന്ത പ്രയോഗിക്കണം, അതേസമയം ദിവ്യവെളിപാടുകളെയും ആശ്രയിക്കണം, എങ്കിലേ അവയെക്കുറിച്ച യഥാര്‍ഥ അറിവിലെത്തിച്ചേരാനാവൂ എന്നതാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. യുക്തിചിന്തകള്‍ കൊണ്ട് ഏറക്കുറെ നന്മതിന്മകളെ വേര്‍തിരിക്കാം എന്ന് പറയുന്നവര്‍ തന്നെ, പരലോകത്തെക്കുറിച്ച അറിവ് യുക്തിചിന്തയിലൂടെ നേടിയെടുക്കുക പ്രയാസകരമാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായമെന്ന് അബുല്‍ ഖത്ത്വാബ് രേഖപ്പെടുത്തുന്നു. പരലോകം, നന്മതിന്മകള്‍ എന്നിവയെക്കുറിച്ച് പ്രവാചകന്‍ വഴിയല്ലാതെ ഒരു വിവരവും ലഭിക്കില്ല എന്നതാണ് മറ്റൊരു വീക്ഷണം. അശ്അരിയുടെയും അനുയായികളുടെയും അഭിപ്രായം ഇതാണ്. ഖാദി അബൂയഅ്‌ല, അബുല്‍ മആലി ജുവൈനി,16 അബുല്‍ വലീദ് അല്‍ബാജി17 തുടങ്ങിയവര്‍ക്കും ഈ അഭിപ്രായമാണ്. മനുഷ്യ പ്രവൃത്തികള്‍ ദൈവത്തിന്റെ സൃഷ്ടിയാണോ അല്ലേ, പരലോകത്ത് വെച്ച് അല്ലാഹുവിനെ നേരില്‍ കാണാനാവുമോ തുടങ്ങിയ കാര്യങ്ങളില്‍ പ്രവാചകന്റെ വാക്കുകളില്‍ നിന്നെന്നപോലെ യുക്തിപ്രയോഗത്തിലൂടെയും ചില വിവരങ്ങള്‍ ലഭിക്കുമെന്ന കാര്യത്തില്‍ ഈ രണ്ട് വിഭാഗങ്ങളും ഒന്നിക്കുകയും ചെയ്യുന്നുണ്ട്.
ഞാന്‍ ഊന്നിപ്പറയാന്‍ ആഗ്രഹിക്കുന്ന കാര്യം, യുക്തിപരമാവട്ടെ വെളിപാടുപരമാവട്ടെ, ദിവ്യവും മതകീയവുമായ വിഷയങ്ങളില്‍ പ്രവാചകന്റെ വാക്കുകളെയാണ് നാം മുഖ്യാവലംബമാക്കേണ്ടത് എന്നതാണ്. കാരണം അദ്ദേഹം പറയുന്നതാണ് തത്ത്വത്തിലും വിശദാംശങ്ങളിലും സത്യമായിട്ടുള്ളത്. അദ്ദേഹത്തിന്റെ പ്രവാചകത്വത്തെ നാം സത്യപ്പെടുത്തുന്നതോടുകൂടി ഈ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ വാക്കുകളും തീര്‍ത്തും ആധികാരികമായിത്തീരുന്നു. എന്നു മാത്രമല്ല, ദൂതന്മാരും പ്രവാചകന്മാരും അയക്കപ്പെടുന്നതുതന്നെ ഇത്തരം വിവരങ്ങള്‍ നല്‍കുന്നതിനു വേണ്ടിയാണല്ലോ. അതിനാല്‍ അവര്‍ തന്നെയാവും അക്കാര്യങ്ങളില്‍ ഏറ്റവും വിവരമുള്ളവര്‍. ആ വിവരങ്ങള്‍ ഏറ്റവും സത്യസന്ധമായി, ഏറ്റവും മികച്ച രീതിയില്‍ കൈമാറ്റം ചെയ്യാന്‍ കഴിയുക അവര്‍ക്കു തന്നെയായിരിക്കും. ഇക്കാര്യങ്ങളില്‍ ദൈവദൂതന്മാര്‍ എന്തു പറഞ്ഞു, മറ്റുള്ളവര്‍ എന്തു പറഞ്ഞു എന്ന് പരിശോധിച്ചാലറിയാം, സത്യം പ്രവാചകന്മാര്‍ക്കൊപ്പമാണെന്നും മറ്റുള്ളവര്‍ക്ക് തെറ്റു പറ്റിയിട്ടുണ്ടെന്നും. പരമ്പരാഗതമായി കൈമാറി വരുന്ന വാദമുഖങ്ങള്‍ മനുഷ്യമനസ്സുകളെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ് എന്ന് വാദിക്കുന്ന റാസിയും ഇക്കാര്യം ഉറപ്പിച്ചു പറയുന്നുണ്ട്. അദ്ദേഹത്തേക്കാള്‍ തീവ്രമായി മറ്റൊരാളും അക്കാര്യം പറഞ്ഞിട്ടുമില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍: ''തത്ത്വശാസ്ത്രകാരന്മാരുടെയും ദൈവശാസ്ത്രകാരന്മാരുടെയും വാദമുഖങ്ങളെക്കുറിച്ച് ഞാന്‍ ഒരുപാട് ആലോചിച്ചു. ഒന്നും കൃത്യമായി പറയാന്‍ അവര്‍ക്ക് കഴിയുന്നില്ല എന്ന നിഗമനത്തിലാണ് ഞാന്‍ എത്തിച്ചേര്‍ന്നത്. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഖുര്‍ആന്റെ വാദമുഖങ്ങള്‍ ഏവര്‍ക്കും ബോധ്യമാവുന്നവയാണ്. ഉദാഹരണത്തിന്, 'വിശുദ്ധ വാക്യങ്ങളൊക്കെയും അവനിലേക്ക് ഉയര്‍ന്നു പോകുന്നു' (35:10), 'മഹത്വമുടയവന്‍ സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നു' (20:5) തുടങ്ങിയ വാക്യങ്ങളില്‍ ദൈവത്തെ ധനാത്മകമായാണ് പരിചയപ്പെടുത്തുന്നത്. 'അവനെപ്പോലെ മറ്റൊന്നുമില്ല' (42:11) എന്ന് പറയുമ്പോഴാകട്ടെ വാക്യത്തിന് നിഷേധാത്മക ഭാവം കൈവരുന്നു. ചുരുക്കത്തില്‍, ഞാന്‍ കടന്നുപോയ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ആരും ഞാനെത്തിച്ചേര്‍ന്ന നിഗമനത്തില്‍ തന്നെയാവും എത്തുക.''
പ്രവാചകന്മാരിലും അവരുടെ അധ്യാപനങ്ങളിലും വിശ്വാസമില്ലാത്തവരുടെ ജീവിതം നിങ്ങളൊന്ന് പരിശോധിച്ചുനോക്കുക. അവര്‍ സംശയവാദികളും ആശയക്കുഴപ്പത്തില്‍ പെട്ടവരും സത്യത്തെക്കുറിച്ച് അജ്ഞരും അഹങ്കാരികളുമായിരിക്കും. അവരെക്കുറിച്ചാണ് ഖുര്‍ആന്‍ പറഞ്ഞത്: ''സത്യത്തെ തള്ളിപ്പറഞ്ഞവരുടെ സ്ഥിതിയോ, അവരുടെ പ്രവര്‍ത്തനങ്ങള്‍ മരുപ്പറമ്പിലെ മരീചിക പോലെയാണ്. ദാഹിച്ചുവലഞ്ഞവന്‍ അത് വെള്ളമാണെന്നു കരുതുന്നു. അങ്ങനെ അവനതിന്റെ അടുത്തു ചെന്നാല്‍ അവിടെയൊന്നുംതന്നെ കാണുകയില്ല. എന്നാല്‍ അവനവിടെ കണ്ടെത്തുക അല്ലാഹുവെയാണ്. അല്ലാഹു അവന്ന് തന്റെ കണക്ക് തീര്‍ത്തുകൊടുക്കുന്നു. അല്ലാഹു അതിവേഗം കണക്കു തീര്‍ക്കുന്നവനാണ്.
അല്ലെങ്കില്‍ അവരുടെ ഉപമ ഇങ്ങനെയാണ്: ആഴക്കടലിലെ ഘനാന്ധകാരം; അതിനെ തിരമാല മൂടിയിരിക്കുന്നു. അതിനുമീതെ വേറെയും തിരമാല. അതിനു മീതെ കാര്‍മേഘവും. ഇരുളിനുമേല്‍ ഇരുള്‍-ഒട്ടേറെ ഇരുട്ടുകള്‍. സ്വന്തം കൈ പുറത്തേക്കു നീട്ടിയാല്‍ അതുപോലും കാണാനാവാത്ത കൂരിരുട്ട്! അല്ലാഹു വെളിച്ചം നല്‍കാത്തവര്‍ക്ക് പിന്നെ വെളിച്ചമേയില്ല'' (24:39-40).

 

കുറിപ്പുകള്‍

1.    അബൂഅബ്ദില്ല മുഹമ്മദ് സലീമിന്റെ (മ. 297/909)യും അദ്ദേഹത്തിന്റെ മകന്‍ അഹ്മദ് അബുല്‍ഹസന്റെ(മ.350/961)യും അനുയായികള്‍. ആദ്യത്തെയാള്‍ പ്രശസ്ത സ്വൂഫിപണ്ഡിതന്‍ സഹ്‌ലുബ്‌നു അബ്ദുല്ല തുസ്തരിയുടെ ശിഷ്യനാണ്. ഈ ചിന്താധാരയിലെ ഏറ്റവും പ്രമുഖനായ വ്യക്തി അബൂത്വാലിബ് അല്‍ മക്കി (മ. 386/996) ആണ്. സ്വൂഫിസത്തെക്കുറിച്ച് 'ഖൂത്തുല്‍ ഖുലൂബ്' എന്ന ഗ്രന്ഥം രചിച്ചത് അദ്ദേഹമാണ്. മുഅ്തസിലികളില്‍നിന്നും അഹ്‌ലുസ്സുന്നയില്‍നിന്നും സ്വൂഫികളില്‍നിന്നും പല ആശയങ്ങളും ഇവര്‍ തങ്ങളുടെ ദൈവശാസ്ത്ര ചിന്തയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
2.    മഖ്ദീസി എന്ന് അറിയപ്പെട്ട അബുല്‍ ഫറജ് അബ്ദുല്‍ വലീദ് (മ. 486/1093) ശാം മേഖലയില്‍ തന്റെ കാലത്തെ പ്രമുഖനായ ഹമ്പലി ഇമാമായിരുന്നു. ശീറാസിലാണ് ജനിച്ചത്. ബഗ്ദാദില്‍ വെച്ച് ഖാദി അബൂയഅ്‌ലയില്‍നിന്നാണ് ഫിഖ്ഹ് പഠിച്ചത്. അത്തബ്‌സ്വിറ ഫീ ഉസ്വൂലിദ്ദീന്‍, അല്‍ മന്‍ഹജ്, അല്‍ഈദാഹ് എന്നിവ പ്രധാന കൃതികള്‍.
3.    അബൂഉമര്‍ ദിയാഉദ്ദീന്‍ ദിര്‍ബാസ് (മ. 602/1206) തന്റെ കാലത്തെ പ്രമുഖ ശാഫിഈ പണ്ഡിതനാണ്. ജനനം ഇറാഖിലെ മൂസ്വിലിനടുത്തുള്ള അല്‍ മറൂജില്‍. പിന്നീട് ഈജിപ്തിലെത്തുകയും അവിടെ ഖാദിയാവുകയും ചെയ്തു. സ്വലാഹുദ്ദീന്‍ അയ്യൂബിയാണ് അദ്ദേഹത്തെ നിയമിച്ചത്. ഇരുപത് വാള്യങ്ങളുള്ള അല്‍ ഇസ്തിസ്ഖാഅ് ലി മദാഹിബില്‍ ഫുഖഹാഅ് ആണ് പ്രധാന കൃതി.
4.    അബ്ദുല്ലാഹിബ്‌നു അലിയ്യുബ്‌നുല്‍ ഹുസൈന്‍ സ്വഫീഉദ്ദീന്‍ അശ്ശൈബി (മ. 622/1225) ആണ് ഇബ്‌നു ശുക്ര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഈജിപ്തില്‍ ജനനം. ഫിഖ്ഹില്‍ പ്രാവീണ്യം. ആ വിഷയത്തില്‍ ഗ്രന്ഥരചനയും നടത്തി.
5.    അബുല്‍ ഫറജ് സ്വദഖ ബ്‌നു ഹുസൈന്‍ ബഖ്തിയാറുബ്‌നു ഹദ്ദാദ് അല്‍ ബഗ്ദാദി (മ. 573/1170). ചരിത്രകാരന്‍. പല തത്ത്വചിന്തകരാല്‍ സ്വാധീനിക്കപ്പെട്ടിരുന്നു.
6.    അബുല്‍ ഫറജ് അബ്ദിര്‍റഹ്മാനുബ്‌നു അല്‍ ജൗസി (മ. 597/1202) പ്രശസ്ത ഹമ്പലീ പണ്ഡിതനാണ്. ഖുര്‍ആന്‍, ഹദീസ്, ചരിത്രം, ജീവചരിത്രം എന്നീ മേഖലകളില്‍ ധാരാളമായെഴുതി. ആ രചനകള്‍ ചേര്‍ത്തു വെച്ചാല്‍ മുന്നൂറ് വാള്യങ്ങള്‍ കവിയും. ഇതില്‍ സാദുല്‍ മസ്വീര്‍ ഫീ ഇല്‍മിത്തഫ്‌സീര്‍ എന്ന ബൃഹദ് ഖുര്‍ആന്‍ വ്യാഖ്യാനവും പെടും. സ്വിഫാത്തുസ്സ്വഫ്‌വ (പുണ്യാത്മാക്കളുടെ ജീവചരിത്രം), അല്‍ മൗദൂആത്ത് (വ്യാജഹദീസുകളെക്കുറിച്ച്), തല്‍ബീസു ഇബ്‌ലീസ് തുടങ്ങിയവയാണ് മറ്റു പ്രധാന കൃതികള്‍.
7.    അബുല്‍ ഹസന്‍ അലി ബ്‌നു മുഹമ്മദ് സൈഫുദ്ദീന്‍ അല്‍ ആമിദി (മ. 631/1233) ഫിഖ്ഹില്‍ അല്‍ ഇഹ്കാമു ഫീ ഉസ്വൂലില്‍ അഹ്കാം എന്ന കൃതിയിലൂടെയും ദൈവശാസ്ത്രത്തില്‍ അബ്കാറുല്‍ അഫ്കാര്‍ ഫീ ഇല്‍മില്‍ കലാം എന്ന കൃതിയിലൂടെയും പ്രശസ്തനായി. ബഗ്ദാദില്‍ ജനിച്ചു, ഈജിപ്തില്‍ പഠിച്ചു, ദമസ്‌കസില്‍ മരിച്ചു.
8.    അബൂ അബ്ദില്ല മുഹമ്മദ് ഫഖ്‌റുദ്ദീന്‍ റാസി (മ. 606/1210). പ്രശസ്തനായ അശ്അരി ചിന്തകന്‍, തത്ത്വജ്ഞാനി, ശാഫിഈ പണ്ഡിതന്‍, ഖുര്‍ആന്‍ വ്യാഖ്യാതാവ്. റയ്യില്‍ ജനിച്ചു. ഖവാരിസ്മ്, മാവറാ അന്നഹ്ര്‍, ഖുറാസാന്‍ എന്നിവിടങ്ങളില്‍ ജീവിച്ചു; ഹിറാത്തില്‍ മരിച്ചു. അറബിയിലും പാര്‍സിയിലും രചനകള്‍ നടത്തി. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വ്യാഖ്യാനം മഫാതീഹുല്‍ ഗൈബ് വളരെ പ്രശസ്തമാണ്. അര്‍ബഈന്‍ ഫീ ഉസ്വൂലിദ്ദീന്‍, അസാസുത്തഖ്ദീസ് തുടങ്ങിയ വേറെയും കൃതികള്‍.
9.    അലി ഇബ്‌നു ഇസ്മാഈല്‍ ഇബ്‌നു ഇസ്ഹാഖ് അബുല്‍ ഹസന്‍ അല്‍ അശ്അരി (മ. 324/935) അശ്അരി ചിന്താധാരയുടെ സ്ഥാപകനാണ്. തന്റെ ആശയങ്ങള്‍ അദ്ദേഹം വിവരിക്കുന്നത് ഇബാന എന്ന ചെറു കൃതിയിലാണ്; കിതാബുല്ലുമഅ് എന്ന കൃതിയില്‍ ആ ആശയങ്ങള്‍ വിശദീകരിക്കുകയും ചെയ്തിരിക്കുന്നു. മഖാലാത്തുല്‍ ഇസ്‌ലാമിയ്യീന്‍ എന്ന കൃതി അദ്ദേഹത്തിന്റെ ദൈവശാസ്ത്ര ചിന്തകളുടെ സമാഹാരമാണ്.
10.    മുഹമ്മദു ബ്‌നു ഹുസൈനു ബ്‌നു മുഹമ്മദ് അബൂയഅ്‌ല (മ. 458/1060). ശ്രദ്ധേയനായ ഹനഫി പണ്ഡിതന്‍, ഗ്രന്ഥകര്‍ത്താവ്. ബഗ്ദാദിലും മറ്റും ഖാദിയായിരുന്നു. ഭരണതത്ത്വങ്ങളെക്കുറിച്ച് അദ്ദേഹമെഴുതിയ അല്‍ അഹ്കാമുസ്സുല്‍ത്ത്വാനിയ്യ പ്രശസ്തമാണ്. അല്‍ അദ്ല്‍, അല്‍കിഫായ എന്നീ കൃതികള്‍ ഫിഖ്ഹീ തത്ത്വങ്ങളെക്കുറിച്ചാണ്.
11.    അലി ബ്‌നു ഉബൈദില്ല അബുല്‍ ഹസനുബ്‌നു അസ്സഗൂനി (മ. 527/1132). ബഗ്ദാദിലെ ഹമ്പലി പണ്ഡിതനും ചരിത്രകാരനും. ഫിഖ്ഹീ തത്ത്വങ്ങളെക്കുറിച്ചും വിശദമായി എഴുതി.
12. അബുല്‍ വഫാ അലി ബ്‌നു അഖീലു ബ്‌നു മുഹമ്മദു ബ്‌നു അഖീല്‍ (മ. 513/1119). ബഗ്ദാദ് സ്വദേശി. ഹമ്പലീ പണ്ഡിതന്‍. ഫിഖ്ഹ്, ഉസ്വൂലുല്‍ ഫിഖ്ഹ്, കലാം എന്നിവയില്‍ അവഗാഹം. കിതാബുല്‍ ഫുനൂന്‍, അല്‍ ഫുസ്വൂല്‍, കിഫായതുല്‍ മുഫ്തി എന്നിവ പ്രശസ്ത രചനകള്‍.
13. അബുല്‍ ഖത്ത്വാബ് മഹ്ഫൂസു ബ്‌നു അഹ്മദ് അല്‍കലുദാനി (മ. 510/1116). തന്റെ കാലത്തെ പ്രമുഖ ഹനഫീ പണ്ഡിതന്‍. ജനിച്ചതും വളര്‍ന്നതും ബഗ്ദാദില്‍. ഫിഖ്ഹീ തത്ത്വങ്ങളെക്കുറിച്ച അദ്ദേഹത്തിന്റെ പുസ്തകമാണ് അത്തംഹീദ്.
14.    അബൂഹനീഫ അന്നുഅ്മാനു ബ്‌നു സാബിതു ബ്‌നു സുത്തി (മ. 150/767). ഹനഫി ചിന്താധാരയുടെ സ്ഥാപകന്‍. അഫ്ഗാനിസ്താനില്‍നിന്ന് ഇറാഖില്‍ കുടിയേറിയ ഒരു കുടുംബത്തില്‍ കൂഫയില്‍ ജനനം. അല്‍ഫിഖ്ഹുല്‍ അക്ബര്‍ അദ്ദേഹത്തിന്റെ കൃതിയാണെന്ന് പറയപ്പെടുന്നു.
15.    മുഹമ്മദു ബ്‌നു സകരിയ്യ അബൂബക്ര്‍ റാസി (മ. 311/923). വിദഗ്ധനായ ഭിഷഗ്വരന്‍, തത്ത്വചിന്തകന്‍. റയ്യില്‍ ജനനം, ബഗ്ദാദില്‍ പഠനം. ഇരുനൂറിലധികം കൃതികള്‍. അല്‍ഹാവി അദ്ദേഹത്തിന്റെ പ്രശസ്തമായ വൈദ്യശാസ്ത്ര കൃതിയാണ്.
16.    അബുല്‍ മആലി അബ്ദുല്‍ മാലികു ബ്‌നു അബ്ദുല്ല അല്‍ ജുവൈനി (മ. 478/1085). അദ്ദേഹം 'ഇമാമുല്‍ ഹറമൈന്‍' എന്ന പേരിലാണ് വിശ്രുതനായത്. ശാഫിഈ-അശ്അരി ദൈവശാസ്ത്രകാരന്‍. ഇറാനിലെ നിശാപൂരിലുള്ള ജുവൈന്‍ എന്ന ഗ്രാമത്തില്‍ ജനനം. അദ്ദേഹത്തിന്റെ കിതാബുല്‍ ഇര്‍ശാദ് അശ്അരി ചിന്താധാരയിലെ ക്ലാസിക് രചനയാണ്. അശ്ശാമിലു ഫീ ഉസ്വൂലിദ്ദീന്‍, അല്‍ അഖീദത്തുന്നിസാമിയ്യ എന്നിവയാണ് മറ്റു പ്രധാന കൃതികള്‍.
17.    സുലൈമാനുബ്‌നു ഖലഫു ബ്‌നു സഅ്ദ് അബുല്‍ വലീദ് അല്‍ ബാജി (മ. 474/1082). മാലികീ കര്‍മശാസ്ത്രകാരനും ഹദീസ് പണ്ഡിതനും. ജനനം ബായ(സ്‌പെയ്ന്‍)യില്‍. ഹിജാസ്, ബഗ്ദാദ്, മൂസ്വില്‍, ദമസ്‌കസ്, ഹലബ് തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സ്‌പെയ്‌നില്‍ തിരിച്ചെത്തി. ഇമാം മാലികിന്റെ മുവത്വക്ക് അദ്ദേഹം മുല്‍തഖ എന്ന പേരില്‍ വ്യാഖ്യാനമെഴുതിയിട്ടുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (26-30)
ടി.കെ ഉബൈദ്‌