Prabodhanm Weekly

Pages

Search

2019 ജൂലൈ 19

3110

1440 ദുല്‍ഖഅദ് 15

ചെന്തുണിക്കെട്ടില്‍ പൊതിഞ്ഞ ബജറ്റ്

എ. റശീദുദ്ദീന്‍

വളര്‍ച്ചാ നിരക്ക് അപകടകരമാം വിധം താഴോട്ടു പോയ, പണപ്പെരുപ്പം വര്‍ധിച്ച, സാമ്പത്തിക മാന്ദ്യം പടിവാതില്‍ക്കലെത്തിയ ഇന്ത്യയുടെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള രക്ഷാമന്ത്രത്തെ നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റിലേക്കു കൊണ്ടുവന്ന ആ ചുവന്ന പട്ടുസഞ്ചിക്ക് ഭാരതത്തിലെ കുഞ്ചിപതി ബിസിനസുകാരുടെ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടായിരുന്നുവത്രെ.  മുംബൈയിലെ സിദ്ദി വിനായക ക്ഷേത്രത്തിലെ പൂജാരിയെ കൊണ്ട് അനുഗ്രഹം വാങ്ങിച്ച ഈ സഞ്ചി നിര്‍മലാ സീതാരാമന്റെ അമ്മായിയാണ് ദല്‍ഹിയിലേക്കു കൊടുത്തയച്ചത്. അങ്ങനെയാണ് ബ്രിട്ടീഷുകാരുടെ 'ബോഗറ്റെ' പെട്ടി ഉപേക്ഷിച്ച് 'ഭാരതീയ പാരമ്പര്യ'ത്തിന്റെ ഭാഗമായ ചെന്തുണിക്കെട്ടില്‍ പൊതിഞ്ഞ ബജറ്റുമായി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റിലെത്താന്‍ വഴിയൊരുങ്ങിയത്. സാമ്പത്തിക വിഷയങ്ങളില്‍ വലിയ പിടിപാടില്ലാത്ത സ്വന്തം പ്രധാനമന്ത്രി ആരുടെയോ തലതിരിഞ്ഞ ഉപദേശം സ്വീകരിച്ച് നോട്ടു നിരോധനം നടപ്പാക്കിയതിലൂടെ കുളംതോണ്ടിയ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പഴയ മട്ടിലാക്കാന്‍ ദൈവത്തിനല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്ന തിരിച്ചറിവിന് ഏതായാലും നൂറു മാര്‍ക്ക്. പക്ഷെ നിര്‍മല സീതാരാമന്റെ ബജറ്റില്‍ മനുഷ്യന്റെ ഭാഗത്തു നിന്നുണ്ടാകേണ്ട പരിശ്രമങ്ങളുടെ നൂറിലൊന്നു പോലുമുണ്ടായിരുന്നില്ല. തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി, വ്യവസായിക മാന്ദ്യം മുതലായവയൊന്നും ബജറ്റിന്റെ സജീവ പരിഗണനയില്‍ ഉണ്ടായിരുന്നില്ല. ഇന്നത്തെ ആഗോള സാമ്പത്തിക നില തുടര്‍ന്നാല്‍ ഒരുപക്ഷേ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന ഒരുതരം വരണ്ട പ്രതീക്ഷ മാത്രമായിരുന്നു ആ ചെമ്പട്ടിനകത്ത് പൊതിഞ്ഞു വെച്ചിട്ടുണ്ടായിരുന്നത്.  
ബജറ്റുകള്‍ പൊതുവെ ആരും ഓര്‍ത്തുവെക്കാത്തതാണ് ഗവണ്‍മെന്റുകളുടെ ഭാഗ്യം. ഇടക്കാല ബജറ്റ് എന്ന പേരില്‍ നേരത്തെ പീയൂഷ് ഗോയല്‍ അവതരിപ്പിച്ച പൂര്‍ണ ബജറ്റില്‍ നിന്നും കണക്കുകളും പദ്ധതി വിഹിതങ്ങളും സഭയില്‍ അവതരിപ്പിക്കാത്ത മറ്റൊരു 'സമ്പൂര്‍ണ' ബജറ്റിലേക്കെത്തുമ്പോള്‍ ഗ്രാമീണ മേഖലക്ക് ഫെബ്രുവരിയില്‍ ലഭിച്ച അസാധാരണമായ ആ പ്രാധാന്യം എവിടെയൊക്കെയോ ചോര്‍ന്നു പോയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പെ അവതരിപ്പിച്ച ആ ബജറ്റില്‍ ഗ്രാമീണ മേഖലയെ പരിഗണിച്ചെങ്കിലല്ലാതെ കോര്‍പറേറ്റ് ദാസ്യത്തിലധിഷ്ഠിതമായ മോദിയുടെ നഗരകേന്ദ്രീകൃത വികസന അജണ്ടക്ക് നിലനില്‍പ്പില്ലെന്ന തിരിച്ചറിവ് അങ്ങിങ്ങ് കാണാനുണ്ടായിരുന്നു. കര്‍ഷകര്‍ക്കു വേണ്ടി ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് സമ്പൂര്‍ണ ബജറ്റും ചെയ്തത്. വിലത്തകര്‍ച്ചയില്‍ നിന്നും കര്‍ഷകനെ രക്ഷിക്കാന്‍ ഉല്‍പ്പാദന ചെലവിന്റെ ഇരട്ടിയെങ്കിലും താങ്ങുവില പ്രഖ്യാപിക്കണമെന്നത് സ്വാമിനാഥന്‍ കമ്മീഷന്‍ എന്നോ നല്‍കിയ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തതാണ്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം സമ്പൂര്‍ണ ഭൂരിപക്ഷത്തോടെ നാടു ഭരിച്ചിട്ടും ഇക്കാര്യത്തില്‍ 2014-ലെ തെരഞ്ഞെടുപ്പു കാലത്തു നല്‍കിയ വാഗ്ദാനം ഇന്നും നടപ്പാക്കാനാവാത്ത സര്‍ക്കാറായിരുന്നല്ലോ മോദിയുടേത്. താങ്ങുവില പോയവാരം പുതുക്കി നിശ്ചയിച്ചു എന്നത് വസ്തുതയാണ്. എന്നാല്‍ ഉല്‍പ്പാദന ചെലവിന്റെ ഇരട്ടി പോയിട്ട് കാര്‍ഷികവൃത്തിയെ മിനിമം നിരക്കില്‍ ആകര്‍ഷകമാക്കാനുള്ള ശ്രമം പോലും സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ നിരക്കുകളിലുണ്ടായിരുന്നില്ല. സീറോ ബജറ്റ് ഫാര്‍മിംഗ് കൊണ്ടുവരും എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ കുളിര് തോന്നുമെങ്കിലും കര്‍ഷകന്‍ പശുവിനെ സംരക്ഷിച്ച് അതില്‍ നിന്നുള്ള ചാണകവും മൂത്രവും പാടത്തെത്തിച്ച് ഒരു ചെലവുമില്ലാതെ കൃഷി നടത്തുമെന്ന അബദ്ധ സിദ്ധാന്തത്തിനപ്പൂറം വേറെ പുതിയ ഒരു ഫോര്‍മുലയും ഇപ്പറഞ്ഞതിലില്ല. പിന്നെയുള്ളത് വായ്പകളാണ്. ജന്‍ധന്‍ അക്കൗണ്ടുകളുള്ള, അംഗീകൃത സ്വാശ്രയ സംഘങ്ങളുടെ ഭാഗമായ സ്ത്രീകള്‍ക്ക് 5000 രൂപ ഓവര്‍ഡ്രാഫ്റ്റ് നല്‍കുമെന്നും സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് ഒരു ലക്ഷം സഹായം നല്‍കുമെന്നും പറയുമ്പോള്‍ ഗ്രാമീണ മേഖലയില്‍ കൂടുതല്‍ ഋണബാധിതരെ സൃഷ്ടിക്കുക എന്നതിലപ്പുറം അടിസ്ഥാനപരമായ ഒരു മാറ്റവും ഈ പെറ്റിക്യാഷ് ലോണുകളിലൂടെ ഇന്നത്തെ ഇന്ത്യയില്‍ സാധ്യമാവുമായിരുന്നില്ല. 
സമീപകാല തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയില്‍ നിന്നും അകലാന്‍ തുടങ്ങിയ വ്യാവസായിക, കാര്‍ഷിക, ഗ്രാമീണ, ഇടത്തട്ട്, സൈനിക മേഖലകളിലെ അസംതൃപ്തി മാറ്റിയെടുക്കുന്നതോടൊപ്പം അടിസ്ഥാനപരമായ ഹിന്ദുത്വ വിഷയങ്ങളില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് സ്വന്തം അണികളെ ബോധ്യപ്പെടുത്താനും കൂടിയായിരുന്നു ഇടക്കാല ബജറ്റിലെ ശ്രമം. തെരഞ്ഞെടുപ്പ് ജയിച്ചതിനു ശേഷം ഈ മേഖലകളിലൊന്നും ജനങ്ങള്‍ക്ക് ഒരു പ്രതിസന്ധിയുമില്ലെന്നും സര്‍ക്കാറിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ സംതൃപ്തരാണെന്നുമുള്ള വ്യാഖ്യാനമാണ് പിന്നീട് കേള്‍ക്കാനുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പില്‍ ജയിച്ചു കയറാന്‍ ഉപയോഗിച്ച കുറുക്കുവഴികളെ പൊതുജനത്തിന്റെ ചെലവില്‍ എഴുതിത്തള്ളുന്ന ധാര്‍ഷ്ട്യം മൊത്തത്തില്‍ വിലയിരുത്തുമ്പോള്‍ ബജറ്റിലുടനീളമുണ്ട്. തൊഴിലില്ലായ്മയെ കുറിച്ച നിലപാട് ശ്രദ്ധിക്കുക. ഇതു സംബന്ധിച്ച ദേശീയ സാമ്പിള്‍ സര്‍വെ അതോറിറ്റിയുടെ റിപ്പോര്‍ട്ട് 2019 ജനുവരിയില്‍ പുറത്തുവന്നപ്പോള്‍ അതിനെ നിരാകരിക്കുകയും ഈ റിപ്പോര്‍ട്ട് താല്‍ക്കാലികമാണെന്ന് തള്ളിപ്പറയുകയുമായിരുന്നു മോദി സര്‍ക്കാര്‍. രാജ്യത്ത് നിലവിലുള്ള തൊഴില്‍ നഷ്ടം 40 വര്‍ഷം മുമ്പുണ്ടായിരുന്ന കണക്കിന് തുല്യമാണെന്ന ഈ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് ജയിച്ചതിനു ശേഷം സര്‍ക്കാര്‍ അംഗീകരിക്കുകയും ഔദ്യോഗികമായി പുറത്തു വിടുകയും ചെയ്തു. അതായത് തൊഴിലില്ലാത്ത യുവാക്കളും മോദിക്ക് തന്നെ വോട്ടു നല്‍കിയ സാഹചര്യത്തില്‍ പിന്നെ ഇത് മൂടിവെക്കേണ്ട കാര്യമെന്തുണ്ട്? മാത്രവുമല്ല ജനം എന്നിട്ടും മോദിയെ തെരഞ്ഞെടുത്തുവെങ്കില്‍ പിന്നെന്തിന് രാജ്യത്ത് പൊതുമേഖലയില്‍ ഒഴിഞ്ഞു കിടക്കുന്ന വിവിധ തസ്തികകള്‍ അടിയന്തര പ്രാധാന്യത്തോടെ നികത്തണം? കേന്ദ്രസര്‍ക്കാറിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മാത്രം രണ്ടരലക്ഷം ഒഴിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 
സൈനിക ബജറ്റില്‍ ഇത്തവണ 6.87 ശതമാനത്തിന്റെ വര്‍ധനയുണ്ട്. അതേസമയം മൊത്തം ആഭ്യന്തര ഉല്‍പ്പാദന സൂചികയുടെ 1.58 ശതമാനം മാത്രമാണിത്. മറുഭാഗത്ത് ഇന്ത്യന്‍ സൈന്യത്തിന്റെ ഉപയോഗത്തിലുള്ള ആയുധങ്ങളും വാഹനങ്ങളുമൊക്കെ 68 ശതമാനവും കാലഹരണപ്പെട്ടവയാണെന്നാണ് ഒടുവില്‍ പുറത്തുവന്ന ഒരു റിപ്പോര്‍ട്ടിലുള്ളത്. ബി.ജെ.പിയുടെ രണോത്സുക രാഷ്ട്രീയം മറുപടി പറയേണ്ടുന്ന വിഷയമാണിത്. മുസ്ലിംകളും ദലിതരുമടക്കം സ്ത്രീവോട്ടമാര്‍ മുന്നോട്ട് തള്ളിക്കേറി ബി.ജെ.പിയെ ജയിപ്പിച്ചുവെന്ന് അവകാശപ്പെടുന്നതു കൊണ്ടാവണം, ഗ്രാമീണ ആരോഗ്യ മേഖലയിലോ വിദ്യാഭ്യാസ മേഖലയിലോ കാര്യമായ വര്‍ധനവിന്റെ ആവശ്യം സര്‍ക്കാറിന് ബോധ്യപ്പെട്ടിരുന്നില്ല. പ്രതിരോധ ആവശ്യത്തിന് അനുവദിച്ചതിന്റെ ആറിലൊന്നു മാത്രമാണ് ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ വകയിരുത്തിയത്.  നിലവിലുള്ള പണപ്പെരുപ്പത്തിന്റെ നിരക്കിനെ മറികടക്കാന്‍ പോലും കഴിയാത്ത വിധം വെറും 1026 കോടിയാണ് ദേശീയ ഹെല്‍ത്ത് മിഷന് കൂടുതലായി അനുവദിച്ചത്. ദേശീയ ഹെല്‍ത്ത് മിഷന്‍ പദ്ധതിക്ക് 2014-ല്‍ മോദി സര്‍ക്കാര്‍ അനുവദിച്ചത് ആരോഗ്യ ബജറ്റിന്റെ 61 ശതമാനമായിരുന്നുവെങ്കില്‍ ഇക്കൊല്ലം അത് 49 ശതമാനമായി ചുരുങ്ങി.  പ്രധാനമന്ത്രി ഫസല്‍ ഭീമാ യോജന, ആയുഷ്മന്‍ ഭാരത് തുടങ്ങി ഗ്രാമീണ മേഖലയിലെ മിക്ക പദ്ധതികളും വാചകക്കസര്‍ത്തുകളിലൊതുങ്ങുന്നതാണ് ഇത്തവണ കാണാനുണ്ടായിരുന്നത്. 
മോദി സര്‍ക്കാര്‍ കാലത്തെ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് എളുപ്പത്തിലുള്ള പോംവഴികള്‍ സാധ്യമല്ലെന്ന് അടിവരയിടുന്നതാണ് നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്. തൊഴില്‍, കാര്‍ഷിക, വ്യവസായ മേഖലകളില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് കാര്യക്ഷമമായ നിര്‍ദ്ദേശങ്ങള്‍ ബജറ്റിലില്ല. പതിവുപോലെ കോര്‍പറേറ്റുകളെ സന്തോഷിപ്പിക്കാനുള്ള ശ്രമങ്ങളാണ് ബജറ്റില്‍ കൂടുതല്‍. വിപണിയില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ ബജറ്റിനു കഴിഞ്ഞിട്ടില്ല. ഓഹരിസൂചികകള്‍ താഴേക്കാണ് പോയത്. രണ്ടു ദിവസം കൊണ്ടു മാത്രം നിക്ഷേപകരുടെ ആറ് ലക്ഷം കോടിയിലേറെ രൂപ ഓഹരി വിപണിയില്‍ നിന്ന് ഒലിച്ചു പോയി. രാജ്യവും ലോകവും സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്ക നിലനില്‍ക്കെ ഇന്ത്യയെ കൂടുതല്‍ താഴേക്ക് പോകാതെ പിടിച്ചു നില്‍ക്കാന്‍ ബജറ്റ് സഹായിക്കുമായിരിക്കാം. പക്ഷേ ഈ സാമ്പത്തിക വര്‍ഷം തന്നെ ഇന്ത്യ 3 ട്രില്യന്‍ സാമ്പത്തിക ക്ലബ്ബില്‍ അംഗമാവുമെന്ന നിര്‍മലാ സീതാരാമന്റെ പ്രത്യാശ എവിടെയെത്തുമെന്ന് കണ്ടറിയണം. ഇറാനുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ തന്നെ സാമ്പത്തിക മാന്ദ്യം ഉണ്ടാവുമെന്ന ആശങ്കകള്‍ക്കിടയിലാണ് ഇന്ത്യ മോദിയുടെ ഭരണ മികവില്‍ സാമ്പത്തിക കുതിച്ചു ചാട്ടത്തെ കുറിച്ച് സ്വപ്നം കാണുന്നത്. ഒരു ഭാഗത്ത് ഇത്തരം പടുകൂറ്റന്‍ അവകാശവാദങ്ങള്‍ ഉയര്‍ത്തുന്നതിനിടെ തന്നെയാണ് ഭരണ ചെലവിലേക്കായി ഖജനാവില്‍ പണമില്ലെന്ന് സമ്മതിക്കുന്നതും എയര്‍ ഇന്ത്യ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന ശക്തമാക്കാനുള്ള നീക്കം നടത്തുന്നതും. പ്രത്യേകിച്ചും അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഏറ്റ തിരിച്ചടി പുറമെ പറഞ്ഞു നടക്കുന്നതു പോലെ അത്ര ലളിതമായ ഒന്നല്ല. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട കയറ്റുമതി ഉല്‍പ്പന്നങ്ങളായ ഇരുമ്പ്, അലൂമിനിയം മുതലായവക്കാണ് അമേരിക്ക നികുതി ചുമത്താന്‍ തരുമാനിച്ചതെങ്കില്‍ അവിടെ നിന്നും ഇറക്കുതി ചെയ്യുന്ന പരിപ്പിനും ആപ്പിളിനും കൂറപ്പൊടിക്കും മറ്റും തിരികെ ചുങ്കം ചുമത്തിയത് നമുക്കുാവുന്ന നഷ്ടം നികത്തുന്നതിന്റെ നാലയലത്ത് പോലുമെത്തില്ല. 
രാജ്യത്ത് തൊഴില്‍ സൃഷ്ടിക്കാന്‍ തൊഴില്‍ നയം പുതുക്കുക എന്ന ചെപ്പടിവിദ്യയാണ് സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്നത്. അതായത് നിലവിലുള്ള നിയമങ്ങളില്‍  തൊഴിലാളികള്‍ക്ക് നല്‍കി വരുന്ന ആനുകൂല്യങ്ങളുടെ ഭാരമാണ് രാജ്യത്ത് പുതിയ തൊഴിലാളികളെ നിയമിക്കുന്നതിന് നിക്ഷേപകര്‍ക്ക് തടസ്സമാകുന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ട് അത്തരം നിയമങ്ങള്‍ എടുത്തുകളഞ്ഞാല്‍ രാജ്യത്ത് കൂടുതല്‍ നിയമനങ്ങള്‍ ഉണ്ടാവുമത്രെ. ഒരു ഭാഗത്ത് രാജ്യത്തെ കൂടുതല്‍ യന്ത്രവല്‍ക്കരിക്കാനും ഡിജിറ്റലൈസ് ചെയ്യാനുമുള്ള പലതരം പദ്ധതികള്‍ കൊണ്ടുവരികയും ഒപ്പം ഉള്ള ആനുകൂല്യങ്ങള്‍ കൂടി നിര്‍ത്തലാക്കുകയും ചെയ്താല്‍ എങ്ങനെയാണാവോ തൊഴിലില്ലായ്മ പരിഹരിക്കാനാവുക? നാണഷല്‍ സാമ്പിള്‍ സര്‍വെ, സി.എ.സി പോലുള്ള സര്‍ക്കാറിനെ മുകളില്‍ നിന്നും വിലയിരുത്തുന്ന ഭരണഘടനാ സ്ഥാപനങ്ങളുടെ കണക്കില്‍ കൃത്രിമം കാണിച്ചാല്‍ കഴിയുമായിരിക്കും. ജോലിയില്ലാതെ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കപ്പുറം വീട്ടിലിരിക്കാന്‍ പോലുമാവാത്ത വിധം കടുത്ത ദാരിദ്ര്യമുള്ള രാജ്യത്താണ് ഈ മാതിരി ഉഡായിപ്പുകളുമായി ഒരു സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ആകെ കൂടി ഒറ്റ ആശ്വാസമേയുള്ളൂ. ഇതൊന്നും തുറന്നു പറയാന്‍ ധൈര്യമുള്ള ഒറ്റ മാധ്യമസ്ഥാപനവും രാജ്യത്തില്ല. ഉള്ളവരുടെ കട്ടയും പടവും മടക്കി വീട്ടിലേക്കു  പറഞ്ഞയക്കാനുള്ള പദ്ധതിയും ഇത്തവണത്തെ ബജറ്റില്‍ ഉണ്ടായിരുന്നു. അച്ചടിക്കടലാസിന് 10 ശതമാനം നികുതി. ഗ്രാഫിക്സ്, ആനിമേഷന്‍ മേഖലകളെ ചേര്‍ത്തുകെട്ടി ഒറ്റത്താപ്പിലിട്ട് മീഡിയാ രംഗത്ത് വിദേശനിക്ഷേപം കൊണ്ടുവരാനുള്ള തീരുമാനത്തെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതായും ബജറ്റിലുണ്ട്. അടുത്ത ബജറ്റോടെ കാര്യങ്ങള്‍ക്ക് കൂടുതല്‍ കൃത്യത വരുമായിരിക്കും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (26-30)
ടി.കെ ഉബൈദ്‌