Prabodhanm Weekly

Pages

Search

2019 ജൂലൈ 12

3109

1440 ദുല്‍ഖഅദ് 08

വി. അബ്ദുര്‍റശീദ്

പി. അബ്ദുസ്സത്താര്‍

കരുവാരകുണ്ടിലെ വാക്കയില്‍ മുഹമ്മദ്- ആഇശ ദമ്പതികളുടെ മൂത്ത പുത്രന്‍ വി. അബ്ദുര്‍റശീദ് സജീവ ഇസ്‌ലാമിക പ്രവര്‍ത്തകനായിരുന്നു. മരിക്കുമ്പോള്‍ 48 വയസ്സ് പ്രായം.
ഇലക്ട്രിക്കല്‍ മെയ്ന്റനന്‍സില്‍ ഡിപ്ലോമയെടുത്ത ശേഷം നാട്ടിലും ഗള്‍ഫിലും ജോലി ചെയ്തു. അല്‍പകാലം ശാന്തപുരം സ്‌കൂളില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചു. 9 വര്‍ഷം മുമ്പാണ് ഓമശ്ശേരി ശാന്തി ഹോസ്പിറ്റലില്‍ ഇലക്ട്രിക്കല്‍ മെയ്ന്റനന്‍സ് വിഭാഗം ചീഫായി ജോലിയില്‍ പ്രവേശിച്ചത്.
താമസിക്കാനും പ്രസ്ഥാന പ്രവര്‍ത്തനത്തിനും അദ്ദേഹം തെരഞ്ഞെടുത്തത് കൊടിയത്തൂര്‍ ഏരിയയിലെ ഗോതമ്പറോഡാണ്. ഭാര്യയും മൂന്ന് ആണ്‍മക്കളുമടങ്ങുന്ന കുടുബത്തിന്റെ ജീവിതം മാതൃകാപരമായിരുന്നു.
ശാന്തി ഹോസ്പിറ്റലിലെ ഭാരിച്ച ഉത്തരവാദിത്തത്തിനിടയിലും ഗോതമ്പറോഡ് അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയയില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. മൂന്ന് വര്‍ഷം കൊണ്ട് രക്ഷിതാക്കളുടെയും കുട്ടികളുടെയും പ്രി യപ്പെട്ട അധ്യാപകനായി അദ്ദേഹം മാറി.
ഗോതമ്പറോഡ് ജമാഅത്ത് ഘടകത്തിന്റെ സാരഥിയായിരുന്നു ഒരിക്കലദ്ദേഹം. ആത്മാര്‍ഥത  പ്രസ്ഥാനരംഗത്തും ജോലിയിലും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമിയുടെ ഖുര്‍ആന്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം ഗോതമ്പറോഡ് മദ്‌റസക്ക് ലഭിച്ചതില്‍ അദ്ദേഹത്തിന്റെ പങ്ക് പ്രധാനമാണ്. ശാന്തി ഹോസ്പിറ്റലിലെ സേവനത്തെ പറ്റി വിവരിക്കുമ്പോള്‍ ഓമശ്ശേരി വെല്‍ഫെയര്‍ ട്രസ്റ്റ് അംഗങ്ങള്‍ക്ക് പറയാന്‍ ഏറെയു്.
ദൃഢനിശ്ചയം, സത്യസന്ധത, ശുഭപ്രതീക്ഷ, സഹാനുഭൂതി, സംതൃപ്തി എന്നിവ അദ്ദേഹത്തിന്റെ സവിശേഷതകളാണ്. ഇല്ലായ്മയെ ഉള്ളത് കൊണ്ട് ആഘോഷിക്കുന്ന പ്രകൃതം. കിട്ടുന്ന മാസവരുമാനം കൊണ്ട് കടം വരുത്താതെ ജീവിച്ചു. രോഗവും പ്രായവും പ്രയാസപ്പെടുത്തുന്ന മാതാപിതാക്കളെ ശ്രദ്ധിക്കാന്‍ ഇടക്കിടെ നാട്ടില്‍ ഓടിച്ചെല്ലും.
ഭാര്യ സെയ്ഫുന്നിസ നല്ലൊരു ഗായികയാണ്. മൂത്ത മകന്‍ ശഫിന്‍ റഷാദ് പ്ലസ്ടു  കഴിഞ്ഞ്, ഉപരിപഠനത്തിന്ന് ശ്രമിക്കുന്നു. രണ്ടാമത്തെ ഇരട്ടക്കുട്ടികള്‍ ശാന്തപുരം ജാമിഅയില്‍ പഠിക്കുന്നു. രണ്ടു സഹോദരന്മാരും അഞ്ചു സഹോദരിമാരുമു്.

 

 

പറമ്പാടന്‍ മുഹമ്മദ് കുട്ടി

പറമ്പാടന്‍ എന്ന് എല്ലാവരും സ്‌നേഹപൂര്‍വം വിളിക്കുന്ന കന്മനം-പാറക്കല്‍ സ്വദേശി പറമ്പാടന്‍ മുഹമ്മദ് കുട്ടി ഹാജി (85)  ബാല്യകാലം മുതലേ മദ്രാസിലും മലായ, യു.എ.ഇ എന്നീ വിദേശ നാടുകളിലും വ്യാപാര സ്ഥാപനങ്ങള്‍ നടത്തിയിരുന്നു. കന്മനം മമ്മി സാഹിബുമായുള്ള സഹവാസവും വ്യക്തിബന്ധവുമാണ് അദ്ദേഹത്തെ ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്ക് അടുപ്പിച്ചത്.
നാട്ടില്‍ സ്ഥിരതാമസമാക്കുകയും പുത്തനത്താണിയില്‍ പറമ്പാടന്‍ ഹാര്‍ഡ്‌വെയര്‍ തുടങ്ങുകയും ചെയ്തശേഷം പ്രസ്ഥാന പരിപാടികളില്‍ സജീവമായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ നിയന്ത്രണത്തിലുള്ള കന്മനം ലജ്‌നത്തുസ്സ്വാബിരീന്‍ മഹല്ല് രൂപീകരണത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നു.
പ്രസ്ഥാനത്തിന്റെ പൊതുപരിപാടികള്‍ക്കായി എവിടേക്ക് പോകാനും തയാറായി എപ്പോഴും പറമ്പാടന്റെ ഒരു ജീപ്പ് ഒരുങ്ങിനില്‍ക്കുന്നുണ്ടാവും. ഉദാരമായി സാമ്പത്തിക സഹായം നല്‍കുന്നതിലും മുന്‍പന്തിയിലുണ്ടായിരുന്നു. കന്മനം പാറക്കല്ലങ്ങാടിയിലെ പ്രാദേശിക ജമാഅത്തിന്റെ ആസ്ഥാനമായ 'ജമാഅത്ത് ഭവന്‍' നിര്‍മാണത്തിലും വലിയ പങ്ക് വഹിച്ചു. ആര് എന്ത് സാമ്പത്തിക സഹായം ആവശ്യപ്പെട്ടു വന്നാലും മൂന്നാമതൊരാളെയും അറിയിക്കാതെ സഹായിക്കും.
മരണം വരെ കന്മനം ഐഡിയല്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ്, ലജ്‌നത്തുസ്സ്വാബിരീന്‍ സകാത്ത് കമ്മറ്റി, ലജ്‌നത്തുസ്സ്വാബിരീന്‍ മഹല്ല് കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു. വ്യാപാരി, പ്രസ്ഥാന പ്രവര്‍ത്തകന്‍ എന്ന നിലകളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന വിശാലമായ സുഹൃദ് ബന്ധങ്ങളുടെ സാക്ഷ്യമായിരുന്നു ജനാസ നമസ്‌കാരത്തില്‍ പങ്കെടുത്ത വന്‍ജനാവലി.

അബ്ദുര്‍റശീദ് ഇബ്‌നു സാഹിബ്, കന്മനം

 

വെള്ളക്കാട്ട് അബ്ദുല്‍ വഹാബ്

കന്മനം സ്വദേശി മമ്മി (അബ്ദുല്‍ മുഹൈമിന്‍) സാഹിബിന്റെ മൂത്ത മകന്‍ വെള്ളക്കാട്ട് അബ്ദുല്‍ വഹാബ് അല്ലാഹുവിലേക്ക് യാത്രയായി. മക്കളെ ഇസ്‌ലാമിക ശിക്ഷണം നല്‍കി വളര്‍ത്തുന്നതില്‍ ശ്രദ്ധാലുവായിരുന്ന മമ്മി സാഹിബ് മകനെ ചേന്ദമംഗല്ലൂര്‍ ഹൈസ്‌കൂളില്‍ ചേര്‍ത്താണ് പഠിപ്പിച്ചത്. തുടര്‍ന്ന് ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ ചേര്‍ന്നെങ്കിലും പഠനം തുടരാന്‍ കഴിഞ്ഞില്ല. 1974-ല്‍ യു.എ.ഇയിലെത്തി. മനസ്സിനിണങ്ങാത്ത ജോലിയായതിനാല്‍ അവിടംവിട്ട് സുഊദി അറേബ്യയിലെ ദമ്മാമില്‍ ബുക്ക് ഷോപ്പില്‍ 20 വര്‍ഷം ജോലി ചെയ്തു. നാട്ടില്‍ തിരിച്ചെത്തിയ ശേഷം കന്മനം ലജ്‌നത്തുസ്സ്വാബിരീന്‍ മഹല്ല് കമ്മിറ്റിയുടെ പ്രസിഡന്റായും ജമാഅെത്ത ഇസ്‌ലാമി കന്മനം ഘടകത്തിന്റെ സാരഥിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അറബി, ഇംഗ്ലീഷ് ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യാനറിയാമായിരുന്നു. സ്വപ്രയത്‌നത്താല്‍ പൊതുവിജ്ഞാനവും ധാരാളമായി നേടിയെടുത്തു. പ്രത്യേകിച്ച് രോഗങ്ങളെയും മരുന്നുകളെയും സംബന്ധിച്ച വിവരങ്ങള്‍. എന്ത് വിഷയങ്ങള്‍ ചോദിച്ചാലും ആധികാരികമായി മറുപടി പറയാന്‍ കഴിവുണ്ടായിരുന്നു അബ്ദുല്‍ വഹാബ് സാഹിബിന്. മരിക്കുന്നതിന് എട്ട് മാസം മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യ സുഹ്‌റ ഇഹലോകവാസം വെടിഞ്ഞത്.

ടി. ഇബ്‌റാഹീം കുട്ടി, കന്മനം

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (22-25)

ഹദീസ്‌

സമ്പദ്‌സമൃദ്ധിയും ശരീരസൗന്ദര്യവും
കെ.പി ബഷീര്‍ ഈരാറ്റുപേട്ട