Prabodhanm Weekly

Pages

Search

2019 ജൂലൈ 12

3109

1440 ദുല്‍ഖഅദ് 08

സ്പൂണിലെ എണ്ണ  ഒരു ജീവിത പാഠം

ഡോ. ജാസിമുല്‍ മുത്വവ്വ

പഴയ കഥയാണ്. ഒരു കച്ചവടക്കാരന്റെ മകന്‍. അവനെപ്പോഴും തന്റെ നിര്‍ഭാഗ്യങ്ങളെക്കുറിച്ച പരാതിയാണ്. സൗഭാഗ്യമെന്തെന്ന് മകനെ പഠിപ്പിക്കാന്‍ അക്കാലത്തെ പ്രസിദ്ധനായ ഗുരുവര്യന്റെ സന്നിധിയിലേക്ക് മകനെ അയക്കാന്‍ കച്ചവടക്കാരന്‍ തീരുമാനിച്ചു. ഗുരുവര്യന്റെ വസതിയിലെത്തിയ യുവാവിന്റെ കണ്ണഞ്ചിപ്പോയി. പുറമെ നിന്ന് കണ്ടപ്പോള്‍ തന്നെ ആ കെട്ടിടത്തിന്റെ തലയെടുപ്പും വര്‍ണഭംഗിയും മനോഹാരിതയും യുവാവിന് നന്നേ ബോധിച്ചു. ഗുരുവര്യന്‍ യുവാവിനെ സ്വീകരിച്ചിരുത്തി: 'എന്തു വേണം?'
യുവാവ്: 'സൗഭാഗ്യത്തിന്റെ രഹസ്യമെന്തെന്ന് എനിക്ക് പറഞ്ഞുതരുമോ?'
ഗുരു: 'രഹസ്യം പഠിപ്പിച്ചുതരാന്‍ എനിക്ക് നേരമില്ല. നീ ഒന്ന് ചെയ്യുക. എന്റെ ഈ വസതിക്കുള്ളിലും അതിന്റെ ചുറ്റും നടന്ന് രണ്ട് മണിക്കൂര്‍ കഴിഞ്ഞ് വരിക.' സ്പൂണില്‍ അല്‍പം എണ്ണയൊഴിച്ച് യുവാവിന്റെ കൈയില്‍ നല്‍കി ഗുരു: 'ഈ സ്പൂണുമായി നീ തിരിച്ചുവരിക. അതില്‍നിന്ന് ഒരു തുള്ളി എണ്ണയും താഴെ പോകാതെ ശ്രദ്ധിക്കണം.'
അങ്ങനെ യുവാവ് പുറത്തിറങ്ങി. വസതിയുടെ ഓരോ മുക്കും മൂലയും പരിസരവും ചുറ്റിക്കറങ്ങി ഗുരുസന്നിധിയില്‍ തിരിച്ചെത്തി. 
ഗുരു: 'നിറയെ പൂക്കളുള്ള പൂന്തോട്ടമുണ്ടല്ലോ വസതിയുടെ ഒരു ഭാഗത്ത്? അത് നീ കാണുകയുണ്ടായോ?'
യുവാവ്: 'കണ്ടില്ല.'
ഗുരു: 'എന്റെ വീടിനുള്ളിലെ പുസ്തകാലയം നീ കണ്ടോ? അവിടെ നിരവധി അമൂല്യ ഗ്രന്ഥങ്ങളുടെ ശേഖരമുണ്ട്.'
യുവാവ്: 'ഇല്ല, കണ്ടില്ല.'
ഗുരു: 'വസതിക്കു ചുറ്റും അലങ്കരിച്ചുവെച്ച നിരവധി കൗതുകവസ്തുക്കള്‍ നീ കണ്ടുവോ?'
യുവാവ്: 'കണ്ടില്ല.'
ഗുരു: 'അതെന്താണ് അവയൊന്നും നീ കാണാതിരുന്നത്?'
യുവാവ്: 'സ്പൂണില്‍നിന്ന് എണ്ണ താഴെ ചിന്തുമോ എന്ന് ഭയന്ന് എന്റെ ശ്രദ്ധ മുഴുവന്‍ കൈയിലുള്ള ഈ സ്പൂണിലായിരുന്നു. അതിനാലാണ് ഈ കാഴ്ചകളൊന്നും എനിക്ക് കാണാന്‍ കഴിയാഞ്ഞത്.'
ഗുരു വീണ്ടും: 'നീ തിരിച്ചുപോയി ഞാന്‍ പറഞ്ഞതൊക്കെ കണ്ട് മടങ്ങിവരിക.'
ഗുരു നിര്‍ദേശിച്ചതനുസരിച്ച് നേരത്തേ പറഞ്ഞ കാഴ്ചകളെല്ലാം കണ്‍നിറയെ കണ്ട് യുവാവ് തിരിച്ചുവന്നു.
ഗുരു: 'എന്തൊക്കെയാണ് നീ കണ്ടത്?'
യുവാവ് തന്നെ വിസ്മയിപ്പിച്ച മനോഹര കാഴ്ചകളെല്ലാം ഗുരുവിന് വിശദീകരിച്ചുകൊടുത്തു. യുവാവ് ഏറെ സന്തോഷവാനായി കാണപ്പെട്ടു. യുവാവിന്റെ കൈയിലുള്ള സ്പൂണ്‍ ശ്രദ്ധിച്ച ഗുരുവിന് ഒരു കാര്യം ബോധ്യപ്പെട്ടു. സ്പൂണിലെ എണ്ണയൊക്കെ നിലത്ത് ചിന്തിപ്പോയിരിക്കുന്നു.
ഗുരു തുടര്‍ന്നു: 'മകനേ, ഇതാണ് സൗഭാഗ്യ രഹസ്യം.'
ഒന്നും മനസ്സിലാകാത്ത യുവാവ്: 'എന്നുവെച്ചാല്‍?'
ഗുരു: 'മകനേ, ഈ ഭൂലോകത്ത് ജീവിക്കുമ്പോള്‍ നമുക്കു ചുറ്റുമുള്ള ദൈവത്തിന്റെ നിരവധി അനുഗ്രഹങ്ങളുടെ നടുവിലാണ് നാം. പക്ഷേ നാം അത് ശ്രദ്ധിക്കുന്നില്ല. നാം അത് കാണുകയോ വിലമതിക്കുകയോ ചെയ്യുന്നില്ല. ജീവിതത്തിലെ തിരക്കുകളിലും കൊച്ചു കൊച്ചു മോഹങ്ങളിലും വ്യാപൃതരാണ് നാം. സൗഭാഗ്യമെന്നാല്‍ മകനേ, അനുഗ്രഹങ്ങളെ വിലമതിക്കലാണ്, അവയെ സസന്തോഷം കൊണ്ടാടലാണ്, അവ ആസ്വദിക്കലാണ്, ആനന്ദം അനുഭവിക്കലാണ്. നിന്നെ അലട്ടുന്ന കൊച്ചു കൊച്ചു ദുഃഖങ്ങളെയും പ്രശ്‌നങ്ങളെയും മറക്കലാണ്. സ്പൂണ്‍ പിടിച്ചുകൊണ്ടുതന്നെ വസതിയിലെയും പ്രകൃതിയിലെയും സൗന്ദര്യം നീ ആസ്വദിച്ച പോലെത്തന്നെ. പ്രകൃതിസൗന്ദര്യം ആസ്വദിക്കാനുള്ള വെമ്പലില്‍ എണ്ണനിറച്ച സ്പൂണ്‍ മറക്കലല്ല സൗഭാഗ്യം. അപ്പോള്‍ നിനക്ക് നിന്റെ ലക്ഷ്യം നേടാന്‍ കഴിയില്ല. സന്തുലനം പാലിക്കുന്നതിലാണ് സൗഭാഗ്യം.' സൗഭാഗ്യത്തെക്കുറിച്ച വലിയ പാഠങ്ങള്‍ പഠിക്കുകയായിരുന്നു യുവാവ്.
പലരും ധരിച്ചുവെച്ചിരിക്കുന്നത്, സമ്പത്തിലും ബന്ധങ്ങളിലും സൗഹൃദങ്ങളിലും പദവികളിലും ഉയര്‍ന്ന ജോലിയിലും ഒക്കെയാണ് സൗഭാഗ്യം എന്നാണ്. എന്നാല്‍ ഇവയൊന്നും ശാശ്വതമല്ല. മാറിമറഞ്ഞുകൊണ്ടിരിക്കും. ഇവയൊക്കെ സൗഭാഗ്യം നേടിത്തരുന്നതില്‍ പങ്കുവഹിക്കുന്നുമുണ്ട്. എന്നാല്‍ അവ മാത്രമല്ല സന്തോഷവും സൗഭാഗ്യവും. അവ കുടികൊള്ളുന്നത് ഒറ്റ കാര്യത്തില്‍ മാത്രം. ജീവിത സാഹചര്യങ്ങള്‍ എന്തായാലും നിങ്ങള്‍ സംതൃപ്തനും മനഃസമാധാനം ഉള്ളവനും ആയിരിക്കണം. സംതൃപ്തിയും മനഃസമാധാനവും സന്തുലിതത്വം കൊണ്ടേ കൈവരിക്കുകയുള്ളൂ. സന്തുലനം കൊണ്ട് നാം ഉദ്ദേശിക്കുന്നത് വ്യക്തിയെന്ന നിലയിലുള്ള നിങ്ങളുടെ ആവശ്യങ്ങള്‍ക്കും സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കുമിടയിലെ സന്തുലനമാണ്. മറ്റുള്ളവരുമായുള്ള ബന്ധം അറുത്തെറിഞ്ഞ് അന്തര്‍മുഖനായി ഒരു മൂലയില്‍ ഒതുങ്ങുക. മുഴുനേരവും സമൂഹവുമായി ഇടപെട്ട് സ്വന്തം കാര്യങ്ങള്‍ക്ക് സമയം കണ്ടെത്താതിരിക്കുക- ഇത് സന്തുലിത കാഴ്ചപ്പാടല്ല.
അതുപോലെ ശരീരത്തിന്റെ ആവശ്യങ്ങളുണ്ട്. ഭക്ഷണം, വിശ്രമം, വിനോദം, വൃത്തി, വ്യായാമം... എന്നിങ്ങനെ. ആത്മാവിനുമുണ്ട് ആവശ്യങ്ങള്‍. നമസ്‌കാരം, ദൈവസ്മരണ, ആരാധന, സങ്കീര്‍ത്തനം എന്നിങ്ങനെ. ഈ ആവശ്യങ്ങള്‍ക്കിടയിലും സന്തുലനം വേണം. ഇഹലോകത്തിനും പരലോകത്തിനുമിടയിലും വേണം സന്തുലനം. പരലോകത്തെ ബലികഴിച്ച് മുഴുവന്‍ സമയവും ഇഹലോകത്തിനു വേണ്ടി നീക്കിവെക്കരുത്. പരലോകം മാത്രം മുന്നില്‍ കണ്ട് ഇഹലോകത്ത് പരിവ്രാജകനായി ജീവിക്കുകയും അരുത്. സന്തുലിതത്വമാണ് സന്തോഷ -സൗഭാഗ്യങ്ങളുടെ പൊരുള്‍. അതിനാലാണ് രോഗികളായാലും ദരിദ്രരായാലും ചിലരെ, ബുദ്ധിമുട്ടുകളും ജീവിത ക്ലേശങ്ങളും ഏറെയുണ്ടെങ്കിലും സന്തോഷത്തിലും സംതൃപ്തിയിലും മനഃസമാധാനത്തിലും കഴിയുന്നതായി കാണുന്നത്. ജീവിതത്തിലെ സന്തുലിതത്വം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞു എന്നതാണ് അവരുടെ സന്തോഷരഹസ്യം. ഈ സന്തുലിത കാഴ്ചപ്പാടിനോടൊപ്പം ചേര്‍ത്തുവെക്കേണ്ടതാണ് വിധി വിശ്വാസവും. അല്ലാഹു തനിക്ക് നിശ്ചയിച്ചതെല്ലാം തന്റെ നന്മക്കായി ഭവിക്കുമെന്ന ബോധവും. അതാണ് സൗഭാഗ്യത്തിന്റെ പാരമ്യം. സ്പൂണില്‍ നിറച്ച എണ്ണയുടെ കഥ പോലെ. സ്പൂണിലെ എണ്ണ നിലത്ത് ചിന്താതെത്തന്നെ ഗുരുവസതിയിലെ കാഴ്ചകള്‍ ആസ്വദിക്കാന്‍ കഴിയുക എന്നതാണ് സന്തുലിത സമീപനം. 

വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (22-25)

ഹദീസ്‌

സമ്പദ്‌സമൃദ്ധിയും ശരീരസൗന്ദര്യവും
കെ.പി ബഷീര്‍ ഈരാറ്റുപേട്ട