Prabodhanm Weekly

Pages

Search

2019 ജൂലൈ 05

3108

1440 ദുല്‍ഖഅദ് 01

ആത്മാവും ജീവന്‍-മരണ പ്രതിഭാസങ്ങളും

പ്രഫ. പി.എ വാഹിദ്

ബോധവും ബുദ്ധിയും  തീരുമാനസ്വാതന്ത്ര്യവുമുള്ള സൃഷ്ടിയാണ് മനുഷ്യന്‍. മനുഷ്യന് ഒന്നുകില്‍ അനുസരിക്കാം, അനുസരിക്കാതിരിക്കാം. അല്ലാഹുവിന്റെ അധികാരത്തെയും മഹത്വത്തെയും കഴിവുകളെയും മനസ്സിലാക്കി അവനാണ് സ്രഷ്ടാവെന്നും യജമാനനെന്നും അംഗീകരിച്ച് സ്വമേധയാ അവന്റെ കല്‍പനകള്‍ (ഇസ്‌ലാം) അനുസരിച്ച് അവന് കീഴ്‌പ്പെട്ട് ജീവിക്കുന്ന മനുഷ്യരെ തെരഞ്ഞെടുക്കാനുള്ള  പരീക്ഷണമാണ് ഈ ലോകത്ത് നടക്കുന്നത്. അതിനായി അല്ലാഹു സൃഷ്ടിച്ചതാണ് ഈ താല്‍ക്കാലിക പ്രപഞ്ചം (ഖുര്‍ആന്‍ 11:7). ഭൂമിയാണ് പരീക്ഷണശാല. പരീക്ഷണത്തില്‍ വിജയിക്കുന്നവരായിരിക്കും ഇനി സൃഷ്ടിക്കുന്ന ശാശ്വത പ്രപഞ്ചത്തില്‍ അല്ലാഹുവിന്റെ ദാസന്മാരായി നിയോഗിക്കപ്പെടുക (21:105). 

ആത്മാവും ജീവന്‍-മരണ പ്രതിഭാസങ്ങളും 
സ്വയം പ്രവര്‍ത്തിക്കുന്ന വ്യവസ്ഥയായാണ് പ്രപഞ്ചത്തെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്. മനുഷ്യനടക്കമുള്ള പ്രപഞ്ചഘടകങ്ങളെ കമ്പ്യൂട്ടര്‍ മാതൃകയുടെ അടിസ്ഥാനത്തില്‍ ശാസ്ത്രീയമായി വിശദീകരിക്കാവുന്നതാണ്. ജീവനില്ലാത്ത കളിമണ്‍രൂപത്തിലേക്ക് അല്ലാഹു അവന്റെ റൂഹില്‍നിന്ന് ഊതിയപ്പോഴാണ് അത് ജീവനുള്ള മനുഷ്യന്‍ (ആദം) ആയി മാറിയത് (ഖുര്‍ആന്‍ 15:28-29). അതായത് നിര്‍ജീവ വസ്തുവായ കളിമണ്ണ് കൊണ്ടുണ്ടാക്കിയ മനുഷ്യപ്രതിമയില്‍ 'റൂഹ്' സ്ഥാപിക്കപ്പെട്ടപ്പോള്‍ ജീവനുള്ള മനുഷ്യനായി  അത് രൂപാന്തരപ്പെട്ടുവെന്നാണ്. ജീവന്റെ അസ്തിത്വം അദൃശ്യമായ റൂഹ്, അഥവാ ആത്മാവ് ആണെന്നാണ് ഈ ഖുര്‍ആന്‍ സന്ദേശം വ്യക്തമാക്കുന്നത്. ഒരു കമ്പ്യൂട്ടറിന്റെ ആത്മാവ് അദൃശ്യനിലയില്‍ അതില്‍ നിലകൊള്ളുന്ന അതിന്റെ സോഫ്റ്റ്‌വെയറാണെന്നു പറയാം. കമ്പ്യൂട്ടര്‍ മാതൃകയുടെ വെളിച്ചത്തില്‍ അദൃശ്യമായ റൂഹ് (ആത്മാവ്) മനുഷ്യ ജൈവവ്യവസ്ഥയുടെ ബയോസോഫ്റ്റ്‌വെയറാണെന്നു മനസ്സിലാക്കാം. ഖുര്‍ആനിലെ 15:28-29 ആയത്തുകള്‍ സൂചിപ്പിക്കുന്നത് ഒരു കമ്പ്യൂട്ടറില്‍ സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കുമ്പോള്‍ അതിനു 'ജീവന്‍' വരുന്നതുപോലെ കളിമണ്ണ്‌കൊണ്ടുള്ള മനുഷ്യപ്രതിമയില്‍ അല്ലാഹു റൂഹ് (ബയോസോഫ്റ്റ്‌വെയര്‍) സ്ഥാപിച്ചപ്പോള്‍ (Install)  അത് ജീവനുള്ള മനുഷ്യന്‍ (ആദം) ആയി മാറിയെന്നാണ്. 
റൂഹിന്റെ അര്‍ഥത്തില്‍ 'നഫ്‌സ്' എന്ന പദവും ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുണ്ട്. (4:1, 6:93). നഫ്‌സിനെ (അതായത് ബയോസോഫ്റ്റ്‌വെയറിനെ) ശരീരത്തില്‍നിന്ന് നീക്കം ചെയ്യുമ്പോള്‍ (കമ്പ്യൂട്ടര്‍ ഭാഷയില്‍ പറഞ്ഞാല്‍ Deletion) മരണം സംഭവിക്കുന്നുവെന്നും ഖുര്‍ആന്‍ വെളിപ്പെടുത്തുന്നു (6:93). അതായത് ഒരു മൃതശരീരം സോഫ്റ്റ്‌വെയര്‍ ഇല്ലാത്ത കമ്പ്യൂട്ടര്‍ പോലെയാണെന്നു സാരം. അത് നിര്‍ജീവ വസ്തുവെപോലെ പെരുമാറുന്നു. ഈ ഖുര്‍ആന്‍ വെളിപാടുകളുടെ വെളിച്ചത്തില്‍ ജീവപ്രതിഭാസത്തെ ശരീരത്തിലെ ദൈവിക ബയോസോഫ്റ്റ്‌വെയര്‍ നിര്‍വഹണത്തിന്റെ പ്രത്യക്ഷ സാക്ഷാല്‍ക്കാരമായും, മരണത്തെ  ശരീരത്തില്‍നിന്ന് ദൈവിക ബയോസോഫ്റ്റ്‌വെയര്‍ നീക്കം ചെയ്യപ്പെട്ട അവസ്ഥയായും നിര്‍വചിക്കാവുന്നതാണ്.   
അഭൗതിക കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ സൂക്ഷിക്കാന്‍ ഒരു ഭൗതിക മാധ്യമം (ഉദാ. ഹാര്‍ഡ് ഡിസ്‌ക്) ആവശ്യമാണെന്നപോലെ ജീവിയിലെ അഭൗതിക ബയോസോഫ്റ്റ്‌വെയര്‍ സൂക്ഷിക്കാനും ഒരു ഭൗതിക മാധ്യമം ആവശ്യമാണ്. കോശത്തിലെ ക്രോമൊസോമുകളാണ് ബയോസോഫ്റ്റ്‌വെയര്‍ സൂക്ഷിക്കുന്ന മെമ്മറി; അതായത് ജൈവ കമ്പ്യൂട്ടറിന്റെ (ജീവിയുടെ) ഹാര്‍ഡ് ഡിസ്‌ക്. 
ജീവശാസ്ത്രത്തില്‍ ജനിതക പ്രോഗ്രാമാണ് ജീവന്റെ ചാലകശക്തിയായി അറിയപ്പെടുന്നത്. കോശത്തിലെ ക്രോമൊസോമുകളിലെ ഡിഓക്‌സി റിബോ ന്യൂക്ലിക് ആസിഡ് (DNA) എന്ന രാസഘടന കോഡ് ചെയ്യുന്ന വിവരമായാണ് ജനിതകപ്രോഗ്രാമിനെ ജീവശാസ്ത്രജ്ഞന്മാര്‍ കാണുന്നത്. ഇതു സംബന്ധമായ സിദ്ധാന്തമാണ് തന്മാത്രാ ജീന്‍ (ജീനോം) സിദ്ധാന്തം. ഖുര്‍ആന്‍ വെളിപ്പെടുത്തുന്ന അഭൗതിക റൂഹിന് വിരുദ്ധമായ ആശയമാണിത്. ജീവികളുടെ സ്വഭാവങ്ങളും പിന്തുടര്‍ച്ചാരീതികളും വിശദീകരിക്കുന്നതിനായി ഡാനിഷ് സസ്യശാസ്ത്രജ്ഞനായ വില്‍ഹെം ജൊഹാന്‍സെനാണ് 1909-ല്‍  അഭൗതിക ജീന്‍ സിദ്ധാന്തം അവതരിപ്പിച്ചത്. ഇത് ഖുര്‍ആന്‍ വെളിപ്പെടുത്തുന്ന റൂഹിനോട് യോജിക്കുന്നതാണ്. 'ജീനിനെ പദാര്‍ഥമായി കാണരുത്' എന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിരുന്നുവെന്നതും ഇവിടെ പ്രത്യേകം ശ്രദ്ധേയമാണ്. പക്ഷേ, ജീന്‍  പദാര്‍ഥമാണെന്ന് വിശ്വസിക്കുന്നവരായിരുന്നു മിക്ക ശാസ്ത്രജ്ഞന്മാരും. ജീനിനെ അഭൗതിക പ്രതിഭാസമായികാണുന്നത് ശാസ്ത്രസമൂഹത്തിലെ നിരീശ്വരലോബിക്ക് പ്രയാസമേറിയ കാര്യമായിരിക്കാം. കാരണം അഭൗതിക ജീന്‍ ദിവ്യപ്രതിഭാസത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. കൂടുതല്‍ പരീക്ഷണങ്ങള്‍ പിന്നിട്ടതോടെ ജീന്‍ വേറിട്ട അസ്തിത്വമുള്ള പദാര്‍ഥം തന്നെയാണെന്ന വിശ്വാസത്തിനു ബലമേറുകയായിരുന്നു. ഫ്രാന്‍സിസ് ക്രിക്കും, ജെയിംസ് വാട്ട്‌സനും 1953-ല്‍ DNA യുടെ രാസഘടന  കണ്ടുപിടിച്ചതോടെ തന്മാത്ര ജീന്‍ (Molecular Gene) സിദ്ധാന്തം ശാസ്ത്രത്തില്‍ വേരുറക്കുകയായിരുന്നു. 
ജീവശാസ്ത്രം ജീവന്റെ ശാസ്ത്രമാണെങ്കിലും ജീവന്‍-മരണ പ്രതിഭാസങ്ങളെ നിര്‍വചിക്കാനോ വിശദീകരിക്കാനോ ജീവശാസ്ത്രത്തിന് ഇന്നുവരെ സാധിച്ചിട്ടില്ല. ശാസ്ത്രസമൂഹം സമ്മതിക്കില്ലെങ്കിലും, ദിവ്യപ്രതിഭാസത്തെ  പ്രതിഫലിപ്പിക്കുന്നതും ഖുര്‍ആന്‍ വെളിപ്പെടുത്തുന്ന റൂഹിനോട് യോജിക്കുന്നുമായ വില്‍ഹെം ജൊഹാന്‍സെന്‍ അവതരിപ്പിച്ച അഭൗതിക ജീന്‍ സിദ്ധാന്തത്തെ തള്ളി ജീനിനെ പദാര്‍ഥവല്‍ക്കരിച്ചതാണ് ഇതിന്റെ കാരണമായി പറയാനാവുക (കൂടുതല്‍ വിശദീകരണത്തിനായി ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച വിശുദ്ധ ഖുര്‍ആന്‍: ശാസ്ത്ര വ്യാഖ്യാനം എന്ന എന്റെ പുസ്തകം കാണുക). ഖുര്‍ആന്‍ വെളിപ്പെടുത്തുന്ന അദൃശ്യ റൂഹിന്റെ അടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ മാതൃകയിലൂടെ ജീവന്‍-മരണ പ്രതിഭാസങ്ങളെ വിശദീകരിക്കാനാവും. 

മനുഷ്യവര്‍ഗത്തിലെ ജൈവവൈവിധ്യം 

ഒരു വ്യക്തി രൂപപ്പെടുന്നത് പുരുഷബീജവും സ്ത്രീഅണ്ഡവും കൂടിച്ചേര്‍ന്നുണ്ടാകുന്ന സിക്താണ്ഡത്തില്‍ (Zygote) നിക്ഷിപ്തമായിരിക്കുന്ന ദൈവിക ബയോസോഫ്റ്റ്‌വെയറിലെ നിര്‍ദേശങ്ങളനുസരിച്ചാണ്. ഓരോ വ്യക്തിയും മറ്റു വ്യക്തികളില്‍നിന്ന് ശാരീരികമായും മാനസികമായും വ്യത്യസ്തമാണ്. അഭിന്ന ഇരട്ടക്കുട്ടികള്‍ (Identical Twins) എന്ന് വിളിക്കപ്പെടുന്നവര്‍പോലും വ്യത്യാസമുള്ളവരാണ്. മനുഷ്യരെല്ലാം ഒരുപോലെയാണെങ്കില്‍ ഒരാളെ മാത്രം പരീക്ഷിച്ചാല്‍ മതിയായിരുന്നല്ലോ. അല്ലാഹു കോടാനുകോടി വ്യത്യസ്തമായ മനുഷ്യരെയാണ് പരീക്ഷിക്കാനായി സൃഷ്ടിക്കുന്നത്. അവരെയെല്ലാം ഒരു ബയോസോഫ്റ്റ്‌വെയറില്‍നിന്നാണ് സൃഷ്ടിക്കുന്നത്. അതാണ് ആദമിന്റെ നഫ്‌സ്. മനുഷ്യവര്‍ഗത്തില്‍ ജൈവവൈവിധ്യം സൃഷ്ടിക്കുന്നതിന് ജൈവവിവരത്തിന്റെ സ്രോതസ്സായി വര്‍ത്തിക്കുന്നത് ആദമിന്റെ ബയോസോഫ്റ്റ്‌വെയറാണെന്ന് (നഫ്‌സ്) അല്ലാഹു വെളിപ്പെടുത്തുന്നു. മനുഷ്യ ജൈവവൈവിധ്യം സൃഷ്ടിക്കുന്ന ജൈവവിവരത്തിന്റെ സ്രോതസ്സ് ഏതാണെന്ന് ശാസ്ത്രത്തിലില്ല. മാത്രമല്ല, അത് കണ്ടുപിടിക്കാനും സാധ്യമല്ല. അല്ലാഹു ഖുര്‍ആനിലൂടെയാണ് ആ വിവരം തരുന്നത്: ''മനുഷ്യരേ, നിങ്ങളെ ഒരു ആത്മാവില്‍നിന്ന് സൃഷ്ടിക്കുകയും അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍...'' (4:1).
മനുഷ്യ ശരീരകോശത്തിലെ 23 ജോടി ക്രോമസോമുകളിലായാണ് ബയോസോഫ്റ്റ്‌വെയര്‍ സൂക്ഷിച്ചുവെക്കപ്പെട്ടിരിക്കുന്നത് (Memory Storage). അവയില്‍ 22 ജോടി ഓട്ടൊസോമുകളും (Autosome) ഒരു ജോടി ലിംഗ (Sex) ക്രോമൊസോമുകളുമാണ്. പുരുഷന്റെ ഒരു ജോടി ലിംഗ ക്രോമൊസോമുകള്‍ XY-ഉം സ്ത്രീയുടേത് XX - മാണ്. ആദമിന്റെ ബയോസോഫ്റ്റ്‌വെയറില്‍നിന്നാണ് ഹവ്വയെ സൃഷ്ടിച്ചതെന്ന് പറയുമ്പോള്‍ അതിലെ വിവക്ഷ ആദമിന്റെ ഓട്ടൊസോമുകളും ആദമിന്റെ X ക്രോമൊസോം ഇരട്ടിപ്പിച്ചുള്ള ലിംഗ ക്രോമൊസോമുകളുമാണ് ഹവ്വയുടെ ശരീരകോശത്തിലെ ക്രോമൊസോമുകളെന്നും, അവ ഉള്‍ക്കൊള്ളുന്ന ബയോസോഫ്റ്റ്‌വെയറില്‍നിന്നാണ് ഹവ്വ സൃഷ്ടിക്കപ്പെട്ടതെന്നുമാണ്. ആദം-ഹവ്വാ ദമ്പതിമാരില്‍നിന്ന് തുടങ്ങി തലമുറകളായി ലേകാവസാനംവരെ സൃഷ്ടിക്കപ്പെടുന്ന ശാരീരികമായും മാനസികമായും വ്യത്യസ്തമായ മനുഷ്യരെയാണ് അല്ലാഹു പരീക്ഷിക്കുന്നത്. ഇത് സൂചിപ്പിക്കുന്നത് മനുഷ്യവര്‍ഗത്തിന്റെ ജൈവവിവരസ്രോതസ്സായ ആദമിന്റെ നഫ്‌സില്‍ തലമുറകളിലൂടെ ജൈവവിവരം മാറിവരാനുമുള്ള നിര്‍ദേശങ്ങളുമുണ്ടെന്നാണ്. ഈ നിര്‍ദേശങ്ങള്‍ക്കനുസൃതമായാണ് ജൈവവിവരത്തിന് മാറ്റം സംഭവിക്കാനുതകുന്ന ചില പ്രക്രിയകള്‍ (Natural Biosoftware Engineering Processes)  ക്രോമൊസോമുകളില്‍ നടക്കുന്നത്. ക്രോമൊസോമില്‍ പല സെക്ടറുകളിലായി ജൈവവിവരം സൂക്ഷിക്കപ്പെട്ടിരിക്കുന്നതിനാല്‍ ക്രോമൊസോം ഭാഗങ്ങള്‍ക്ക് സ്ഥലമാറ്റം സംഭവിക്കുമ്പോള്‍ പ്രോഗ്രാമിനും മാറ്റം സംഭവിക്കുന്നു. ഉദാഹരണത്തിന് ബീജോല്‍പാദന സമയത്ത് നടക്കുന്ന ഊനഭംഗം (Meiosis) എന്ന പേരിലറിയപ്പെടുന്ന ഒരു പ്രത്യേക കോശവിഭജനത്തില്‍ കോശത്തിലെ ക്രോമൊസോം ജോടികള്‍ തമ്മിലുള്ള ഭുജഭാഗങ്ങളുടെ കൈമാറ്റം (Crossing Over) സംഭവിക്കുന്നു (ചിത്രം 1). തദ്വാരാ ഇതില്‍നിന്നുണ്ടാകുന്ന ബീജകോശങ്ങളിലെ ജൈവവിവരത്തിന് മാറ്റമുണ്ടാകുന്നു. ഇതുപോലെയുള്ള മറ്റു പ്രക്രിയകളും കോശങ്ങളില്‍ നടക്കുന്നുണ്ട്. ജീവശാസ്ത്രജ്ഞന്മാര്‍ ഈ പ്രതിഭാസങ്ങളെ കാണുന്നത് കോശത്തിന്റെ കൃത്യനിര്‍വഹണങ്ങളിലുണ്ടാകുന്ന തെറ്റുകളായും അബദ്ധങ്ങളായുമൊക്കെയാണ്. ഒരു കോശത്തിന് അബദ്ധം സംഭവിക്കില്ല; അതിലുള്ള ജൈവപ്രോഗ്രാം അനുസരിച്ചു മാത്രമേ അതിന് പ്രവര്‍ത്തിക്കാനാകൂ. ഖുര്‍ആനിക വെളിപാടുകളുടെ അടിസ്ഥാനത്തില്‍ പറയാവുന്നത് ഇവയെല്ലാം കോശങ്ങളില്‍  നിക്ഷിപ്തമായ അല്ലാഹുവിന്റെ പ്രോഗ്രാം അനുസരിച്ച്  ബയോസോഫ്റ്റ്‌വെയറില്‍ മാറ്റങ്ങളുണ്ടാക്കാനും തദ്വാരാ ജൈവവൈവിധ്യം സൃഷ്ടിക്കാനുള്ള സംവിധാനമാണെന്നാണ്.

ഓരോ വ്യക്തിയും  അല്ലാഹു ഉദ്ദേശിക്കുന്ന വിധത്തിലാണ് ഗര്‍ഭാശയത്തില്‍ രൂപപ്പെടുന്നതെന്ന് അല്ലാഹു വെളിപ്പെടുത്തുന്നു: ''ഗര്‍ഭാശയങ്ങളില്‍ താന്‍ ഉദ്ദേശിക്കുന്ന വിധത്തില്‍ നിങ്ങളെ രൂപപ്പെടുത്തുന്നത് അവനത്രെ. അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍ പ്രതാപിയും യുക്തിമാനുമാണ്'' (ഖുര്‍ആന്‍ 3:6). ഇതില്‍നിന്ന് മനസ്സിലാകുന്നത് സത്രീ-പുരുഷ ബീജസങ്കലനം (Fertilization) ഒരു ആകസ്മിക  പ്രതിഭാസമല്ലെന്നും അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം, അഥവാ പ്രോഗ്രാം പ്രകാരം നടക്കുന്ന പ്രതിഭാസമാണെന്നുമാണ്. അതായത് ഒരു അണ്ഡം ഏത് പുരുഷബീജവുമായാണ് സങ്കലനം നടക്കേണ്ടതെന്ന് നിര്‍ണയിക്കപ്പെട്ടുകഴിഞ്ഞതാണ്. സ്ത്രീ-പുരുഷ ബീജസങ്കലന പ്രക്രിയയില്‍ ഇത് പ്രതിഫലിക്കുന്നുമുണ്ട്. പുരുഷ ശുക്ലത്തില്‍ കോടിക്കണക്കിന് ബീജങ്ങളുണ്ടെങ്കിലും ഒരു ബീജത്തിനു മാത്രമേ അണ്ഡവുമായി ചേരാന്‍ യോഗ്യതയുണ്ടായിരിക്കുകയുള്ളു (ചിത്രം 2). ആ ബീജവുമായി അണ്ഡം കൂടിച്ചേരുന്നതോടെ മറ്റൊരു ബീജത്തിനും അതില്‍ പ്രവേശിക്കാന്‍ സാധ്യമല്ല. എന്നന്നേക്കുമായി അതടഞ്ഞിരിക്കും. 
സ്ത്രീ-പുരുഷ ബീജസങ്കലനം ഒരു നിശ്ചയപ്രകാരമാണ് നടക്കുന്നതെന്ന വസ്തുത സ്ഥിരീകരിക്കുന്നത് പുരുഷബീജത്തിലും അണ്ഡത്തിലുമുള്ള ദൈവിക പ്രോഗ്രാമുകളനുസരിച്ചാണ് ഒരു അണ്ഡം ഏതു പുരുഷബീജവുമായാണ് സങ്കലനം നടക്കേണ്ടതെന്ന് തീരുമാനിക്കപ്പെടുന്നതെന്നാണ്. ആ പുരുഷബീജത്തിലും അണ്ഡത്തിലുമുള്ള പ്രോഗ്രാമുകള്‍ കൂടിച്ചേര്‍ന്നുണ്ടായ ജൈവവിവര (ബയോസോഫ്റ്റ്‌വെയര്‍)മാണ് സിക്താണ്ഡത്തില്‍ നിക്ഷിപ്തമാകുന്നതും, ആ ബയോസോഫ്റ്റ്‌വെയറാണ് സിക്താണ്ഡത്തില്‍നിന്നുണ്ടാകുന്ന വ്യക്തിയെ രൂപപ്പെടുത്തുന്നതും. അല്ലാഹു ഉദ്ദേശിക്കുന്ന വിധത്തിലാണ് ഓരോ വ്യക്തിയും രൂപപ്പെടുന്നതെന്ന ഖുര്‍ആന്‍ സൂക്തം 3:6 -ലെ വെളിപ്പെടുത്തല്‍ ഈ വിധത്തില്‍ ശാസ്ത്രീയമായി വിശദീകരിക്കാം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (16-21)
ടി.കെ ഉബൈദ്‌